Saturday 15 February 2020

100. പ്രവാചകസന്നിധിയിൽ

ബൈബിൾക്കഥകൾ 100

ദാവീദും മിഖാലുംതമ്മിലുള്ള വിവാഹം സമംഗളംനടന്നു. ഇസ്രയേലിലെ മറ്റെല്ലാ സ്ത്രീകളേയുംകാൾ ഭാഗ്യവതിയാണുതാനെന്നു മിഖാൽ സ്വയംകരുതി. എന്നാൽ അവളുടെ സന്തോഷങ്ങൾക്കു് അധികമായുസ്സില്ലെന്ന് അപ്പോൾ അവളറിഞ്ഞിരുന്നില്ല.

സാവൂളേല്പിച്ച കാര്യങ്ങളെല്ലാം ദാവീദ് നന്നായി നടത്തിപ്പോന്നു. ഫിലിസ്‌ത്യര്‍ യുദ്ധത്തിനുവന്നപ്പോളെല്ലാം ദാവീദ്‌ വിജയശ്രീലാളിതനായി. അവന്റെ നാമം, കൂടുതൽ വിശ്രുതമായിത്തീര്‍ന്നു. 

കര്‍ത്താവു ദാവീദിനോടുകൂടെയുണ്ടെന്നും മിഖാല്‍ അവനെ അത്യധികമായി സ്നേഹിക്കുന്നെന്നുംകണ്ടപ്പോള്‍, സാവൂള്‍ അവനെ കൂടുതല്‍ ഭയപ്പെട്ടു. തന്റെ സിംഹാസനം, ഏറെവൈകാതെ ദാവീദ് തട്ടിയെടുക്കുമെന്നു സാവൂൾ ഭയന്നു.

സാവൂൾ ജോനാഥനെ വിളിച്ചുപറഞ്ഞു: "എനിക്കുശേഷം ഇസ്രായേലിന്റെ സിംഹാസനത്തിലുപവിഷ്ടനാകേണ്ടതു നീയാണ്. എന്നാലിപ്പോൾ നമ്മുടെ ജനങ്ങളെല്ലാം ദാവീദിനുപിന്നാലെയാണ്. ഒന്നിനുപിന്നാലെ ഒന്നായി അവൻനേടുന്ന വിജയങ്ങളും ജനങ്ങളുടെ പിന്തുണയും രാജസിംഹാസനത്തെ ലക്ഷ്യംവയ്ക്കാൻ അവനെ പ്രേരിപ്പിക്കും. എന്നെയും നിന്നെയും വധിച്ച്, അധികാരം പിടിച്ചെടുക്കുംമുമ്പ്, അവൻ വധിക്കപ്പെടണം."

''ആബാ, അങ്ങെന്താണീ പറയുന്നത്? ദാവീദ് വിശ്വസ്തനാണ്. അവനൊരിക്കലും നമുക്കെതിരായി കരമുയർത്തില്ല. ഇപ്പോളാകട്ടെ അവൻ മിഖാലിന്റെ ഭർത്താവുകൂടെയാണ്. ആബയുടെ കാലശേഷം, അവൻ അധികാരമാഗ്രഹിക്കുന്നെങ്കിൽ അതു വിട്ടുകൊടുക്കാൻ എനിക്കു മടിയുമില്ല."

ജോനാഥന്റെ വാക്കുകളൊന്നും സാവൂൾ ചെവിക്കൊണ്ടില്ല. ദാവീദിനെ കൊന്നുകളയണമെന്ന് അവൻ ജോനാഥാനോടു കല്പിച്ചു. 

"അങ്ങയുടെ ആജ്ഞയെന്തായാലും ഞാനതു ശിരസ്സാവഹിക്കും. എന്നാലിക്കാര്യത്തിൽ എന്തെങ്കിലുംചെയ്യുന്നതിനുമുമ്പ് എനിക്കൊരുദിവസത്തെ സമയംതരണം. നാളെ പ്രഭാതത്തിൽ ഞാനങ്ങയെ മുഖംകാണിക്കാം. ഒന്നുമാത്രം ഞാനാവശ്യപ്പെടുന്നു. ഞാനറിയാതെ ദാവീദ് വധിക്കപ്പെടരുത്..." ജോനാഥൻ സാവൂളിനോടപേക്ഷിച്ചു.

ജോനാഥൻ രഹസ്യമായി ദാവീദിനെക്കണ്ടു. "അപ്രതീക്ഷിതമായ ചിലതു സംഭവിക്കുന്നുണ്ട് ആബാ നിന്നെ വധിക്കാൻ പദ്ധതിയിടുന്നു. അതിനാല്‍ നീ എവിടെയെങ്കിലുംപോയി കരുതലോടെ ഒളിച്ചിരിക്കുക. അപായസൂചനയുണ്ടെങ്കിൽ ഞാൻ നിന്നെയറിയിക്കാം, സുരക്ഷിതമായി രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയുംചെയ്യാം."

ജോനാഥൻ സുരക്ഷിതമായ ഒരൊളിയിടം ദാവീദിനൊരുക്കിക്കൊടുത്തു. പിതാവിന്റെ നീക്കങ്ങളെക്കുറിച്ച് മിഖാലിനും മുന്നറിയിപ്പു നല്കി. 

പിറ്റേന്നു പ്രഭാതത്തിൽ ജോനാഥൻ സാവൂളിനെ മുഖംകാണിച്ചു. തലേദിവസത്തേതിൽനിന്നു വ്യത്യസ്തമായി, സാവൂൾ സൗമ്യനും ശാന്തനുമായിരുന്നു..

ജോനാഥാന്‍ സാവൂളിനോടു പറഞ്ഞു: "അങ്ങയുടെ ദാസനും ജാമാതാവുമായ ദാവീദിനോട്‌ രാജാവു തിന്മ പ്രവര്‍ത്തിക്കരുതെന്ന്  ഒരിക്കൽക്കൂടെ ഞാനപേക്ഷിക്കുന്നു! അവന്‍ അങ്ങയോടോ രാജ്യത്തോടോ തിന്മ പ്രവര്‍ത്തിച്ചിട്ടില്ല. അവന്റെ പ്രവൃത്തികള്‍ എല്ലായ്പോഴും അങ്ങേയ്ക്കും രാജ്യത്തിനും ഗുണകരമായിരുന്നു.

സ്വജീവനെ തൃണവൽഗണിച്ചാണ് അവൻ ഗോലിയാത്തിനെ വധിച്ചത്; ശത്രുക്കൾ നമ്മളെ ആക്രമിച്ചപ്പോളെല്ലാം മഹത്തായ വിജയങ്ങളാണ്, അവനിലൂടെ കര്‍ത്താവ്‌ ഇസ്രായേല്യര്‍ക്കു നല്കിയത്. അകാരണമായി ദാവീദിനെ വധിക്കാനും നിഷ്‌കളങ്കരക്തംചൊരിഞ്ഞ്‌, പാപംചെയ്യാനും അങ്ങയെ പ്രേരിപ്പിക്കുന്നതെന്താണ്?"

സാവൂള്‍ ജോനാഥാന്റെ വാക്കുകേട്ടു; 

"നീ പറയുന്നതാണു ശരി. അകാരണമായ ഭയം, അതുണ്ടാക്കുന്ന ചില അസ്വസ്ഥതകൾ... ചില നേരങ്ങളിൽ ഞാൻ എന്തുകൊണ്ടിങ്ങനെ പെരുമാറുന്നെന്ന് എനിക്കുതന്നെ മനസ്സിലാകുന്നില്ല. ഇതാ ഇപ്പോൾ കര്‍ത്താവിന്റെ നാമത്തില്‍ ഞാൻ ശപഥചെയ്യുന്നു: ദാവീദിനെതിരായി ഒരു പ്രവൃത്തിയും ഇനിയെന്നിൽനിന്നുണ്ടാകില്ല."

ജോനാഥാന്‍ ദാവീദിനെ സാവൂളിന്റെയടുത്തു കൊണ്ടുവന്നു. മുമ്പെന്നപോലെ ദാവീദ് വീണ്ടും രാജസേവനങ്ങളിൽ വ്യാപൃതനായി.
****    ****    ****    ****    ****    ****

ഇരുൾ പരന്നുതുടങ്ങി. ചന്ദ്രോദയമായിട്ടില്ല. കൊട്ടാരത്തിനുചുറ്റും കത്തിനിന്ന പന്തങ്ങളുടെ ദീപ്തിയിൽ കൊട്ടാരവും പരിസരവും അരുണാഭപൂണ്ടു തിളങ്ങി. രാജസദസ്സിനോടു ചേർന്നുള്ള വിശ്രമമുറിയുടെ പുറത്ത്, ഉദ്യാനത്തിലെ സരളവൃക്ഷച്ചുവട്ടിൽ മിഖാലിരുന്നു. അവൾക്കുമുമ്പിൽ, വിശ്രമമുറിയുടെ ചുമരിൽച്ചാരിനിന്ന്, ദാവീദ്‌ കിന്നരംവായിച്ചുകൊണ്ടിരുന്നു. 

സാവൂൾ വിശ്രമമന്ദിരത്തിലുണ്ടായിരുന്നു. സാവൂളിലെ ദുരാത്മാവ് അവനോടു പറഞ്ഞു: "ഇതാ നിന്റെ ശത്രു! അവൻ കൂടുതൽ ശക്തനായിരിക്കുന്നു. നിന്റെ പുത്രിയുടെ ഹൃദയം അവന്റെ ഹൃദയത്തോടു ചേർന്നിരിക്കുന്നു. സിംഹാസനാവകാശിയായ നിന്റെ കടിഞ്ഞൂൽപ്പുത്രൻ അവനുവേണ്ടി അധികാരമൊഴിഞ്ഞുകൊടുക്കാൻ സന്നദ്ധനാകുന്നു. ഒന്നൊന്നായി അവൻ ഓരോന്നും കൈപ്പിടിയിലൊതുക്കുകയാണ്. അവനിനിയും ജീവിച്ചിരുന്നാൽ, നീയും നിന്റെ പിതൃഭവനമായ *ബഞ്ചമിൻ ഗോത്രവും ഇസ്രായേലിന്റെ ചരിത്രത്തിൽനിന്നുതന്നെ നിഷ്കാസിതരാകും. ദാവീദും അവന്റെ പിതൃഭവനമായ യൂദാഗോത്രവും ഇസ്രായേലിൽ പ്രബലരാകും... പോകൂ. ഇപ്പോൾ ഈ നിമിഷം അവൻ വധിക്കപ്പടണം..."

ജോനാഥനു നല്കിയ വാഗ്ദാനം സാവൂൾ മറന്നു. ചുമരിൽത്തൂക്കിയിരുന്ന ഒരു കുന്തമൂരിയെടുത്ത്, അയാൾ ദാവീദിനടുത്തേക്കു കുതിച്ചു. സാവൂളവനെ കുന്തംകൊണ്ട്‌, ചുമരോടുചേര്‍ത്തു തറയ്‌ക്കാന്‍ ശ്രമിച്ചു. ദാവീദ് ഒഴിഞ്ഞുമാറി. കുന്തം ചുമരില്‍ തറഞ്ഞുകയറി. ദാവീദ്‌ ഓടി രക്ഷപെട്ടു. സാവൂളിനു് കുന്തം തിരികെ ഊരിയെടുക്കാൻ കഴിഞ്ഞില്ല. ദാവീദിന്നു പിന്നാലെ  ഓടാൻശ്രമിച്ച സാവൂൾ നിലത്തുവീണുപോയി.

ദാവീദ്, കൊട്ടാരത്തിന്റെ മുകൾനിലയിലെ തന്റെ കിടപ്പുമുറിയിലേക്കോടിക്കയറി. മിഖാലും അവന്റെ പിന്നാലെയോടിയെത്തി.

മിഖാല്‍ പറഞ്ഞു: "ഈ രാത്രി രക്ഷപെട്ടില്ലെങ്കില്‍ നാളെ അങ്ങു വധിക്കപ്പെടും. വേഗം, ഇപ്പോൾത്തന്നെ രക്ഷപ്പെടൂ... "

ശബ്ദവും ബഹളവുംകേട്ട് ഓടിയെത്തിയ രാജസേവകരോടു് സാവൂൾ പറഞ്ഞു.

"വേഗം, ദാവീദിനെ പിടികൂടി എന്റെ മുമ്പിൽ ഹാജരാക്കൂ.. അവൻ എന്നെ വധിക്കുന്നതിനുമുമ്പ്, അവൻ വധിക്കപ്പെടണം..."

ജനല്‍വഴി, മുറിയിൽനിന്നിറങ്ങിപ്പോകാന്‍ മിഖാല്‍ ദാവീദിനെ സഹായിച്ചു; അവന്‍ ഓടി രക്ഷപെട്ടെന്നുറപ്പായപ്പോൾ, മിഖാല്‍ ആട്ടിന്‍രോമംകൊണ്ടുള്ള തലയണകൾ കിടക്കയിൽവച്ച്‌, തുണികൊണ്ട്‌ പുതപ്പിച്ചു.

ദാവീദിനെ പിടിക്കാനായി സാവൂളയച്ച ഭടന്മാരെത്തിയപ്പോള്‍ അവന്‍ സുഖമില്ലാതെ കിടക്കുകയാണെന്ന്‌ അവളവരോടു പറഞ്ഞു.

ഭടന്മാർ മുറിക്കകത്തുകടക്കാതെ തിരികെപ്പോയി സാവൂളിനെ വിവരമറിയിച്ചു.

"കിടക്കയോടെ അവനെ എന്റെയടുത്തു കൊണ്ടുവരൂ " സാവൂള്‍ അലറി.

ഭടന്മാര്‍ മുറിക്കകത്തുകടന്നപ്പോള്‍ കട്ടിലില്‍ ആട്ടിന്‍രോമംകൊണ്ടുള്ള തലയണയും പുതപ്പുമാമാണ്‌ കണ്ടത്‌.

വിവരമറിഞ്ഞ സാവൂൾ കോപാക്രാന്തനായി മിഖാലിനു മുമ്പിലെത്തി. 

"എന്റെ ശത്രു രക്ഷപെടാന്‍ അനുവദിച്ചുകൊണ്ട്‌, നീ എന്തിനാണെന്നെ വഞ്ചിച്ചത്‌? 

മിഖാല്‍ ഭയത്തോടെ പറഞ്ഞു: "നിന്നെ ഞാന്‍ കൊല്ലാതിരിക്കണമെങ്കില്‍ രക്ഷപ്പെടാൻ എന്നെ സഹായിക്കണമെന്ന്
അദ്ദേഹമെന്നോടു പറഞ്ഞു.
അദ്ദേഹം ജനൽവഴിയിറങ്ങി ഓടിരക്ഷപെട്ടു." 

സാവൂൾ ദേഷ്യത്തോടെ അവിടെനിന്നിറങ്ങിപ്പോയി.

ദാവീദ്‌, റാമായില്‍ സാമുവൽപ്രവാചകന്റെയടുത്തെത്തി. സാവൂള്‍ തന്നോടു പ്രവര്‍ത്തിച്ചതെല്ലാം അവൻ സാമുവലിനോടു പറഞ്ഞു. 

"കർത്താവു നിന്നോടുകൂടെയുണ്ട്. അവിടുന്നു നിന്നെ കൈവിടില്ല. കുറച്ചുനാൾ നിനക്കെന്നോടൊപ്പം താമസിക്കാം."

ദാവീദ്, സാമുവലിനോടൊപ്പം റാമായിലെ നായോത്ത് എന്ന പട്ടണത്തിൽ താമസിച്ചു. 

ദാവീദ്‌, റാമായിലെ നായോത്തിലുണ്ടെന്ന്‌ സാവൂളിനറിവുകിട്ടി.
ദാവീദിനെ പിടികൂടാനായി ഒരു സംഘം സൈനികരെ അവന്‍ റാമായിലേക്കയച്ചു.

- - - - - - -- - - - - - -- - - - - - -- - - - - - -

*സാവൂൾ ബഞ്ചമിൻഗോത്രജനാണ്. ദാവീദ് യൂദാഗോത്രത്തിലാണു പിറന്നത്.

No comments:

Post a Comment