Sunday 1 March 2020

101. പലായനം

ബൈബിൾക്കഥകൾ 101

ദാവീദിനെ പിടികൂടാനെത്തിയ ഭടന്മാർ, റാമാപട്ടണത്തിലെ നയോത്തിൽ, സാമുവേൽപ്രവാചകന്റെ ഭവനത്തിലെത്തി. സാമുവൽ അവർക്കായി പ്രാർത്ഥിച്ചു. അവരിൽ ദൈവാത്മാവു നിറഞ്ഞപ്പോൾ അവർക്കു രാജശാസനത്തെ അവഗണിക്കാനുള്ള ധൈര്യമുണ്ടായി. അവർ പ്രവാചകനോടൊപ്പം താമസിച്ചു.

ആദ്യസംഘം തിരികെയെത്താതായപ്പോൾ, സാവൂൾ വീണ്ടും ഭടന്മാരുടെ ഒരു സംഘത്തെക്കൂടെ അയച്ചു. അവരും ദാവീദിനെ ബന്ധിക്കുകയോ സാമുവൽപ്രവാചകന്റെയടുത്തുനിന്നു മടങ്ങിപ്പോകുകയോ ചെയ്തില്ല.

മൂന്നാമത്തെ സംഘവും ആദ്യരണ്ടു സംഘങ്ങളെപ്പോലെതന്നെ തിരികെയെത്താതായപ്പോൾ, മറ്റൊരു സംഘത്തെ നയിച്ചുകൊണ്ട്, സാവൂൾനേരിട്ട് നയോത്തിലേക്കു തിരിച്ചു.

സാവൂൾ നയോത്തിലേക്കുതിരിച്ചെന്നറിഞ്ഞപ്പോൾ, ദാവീദ്, മറ്റൊരു വഴിയിലൂടെ ബത്ലഹേമിലെത്തി, ജോനാഥനെക്കണ്ടു.

ജോനാഥാനും ദാവീദും പരസ്‌പരം ആലിംഗനംചെയ്തു. ദാവീദിനു പരിസരബോധംവരുന്നതുവരെ അവര്‍ കരഞ്ഞു.

ജോനാഥാന്‍ അവനോടു പറഞ്ഞു:  "എന്റെ പിതാവു നിന്നോടു ശത്രുതകാട്ടുന്നതെന്തിനാണെന്നെനിക്കറിയില്ല. രാജസിംഹാസനം എന്നെ ഭ്രമിപ്പിക്കുന്നുമില്ല. എന്റെ പിതാവിനുശേഷം ഇസ്രായേലിന്റെ സിംഹാസനാവകാശിയായി കർത്താവു നിന്നെയാണു നിശ്ചയിച്ചിരിക്കുന്നതെങ്കിൽ അതു തടയാൻ ഞാനാരാണ്? കര്‍ത്താവ്‌ ദാവീദിന്റെ ശത്രുക്കളെയെല്ലാം ഭൂമുഖത്തുനിന്ന്‌ ഉന്മൂലനംചെയ്യുമ്പോള്‍ ജോനാഥാന്റെയും സാവൂളിന്റെയും നാമങ്ങൾ ഇസ്രായേലിൽനിന്നു വിച്ഛേദിക്കപ്പെടാതിരിക്കട്ടെയെന്നുമാത്രം ഞാൻ പ്രാർത്ഥിക്കുന്നു! 

നീ സമാധാനത്തോടെ പോവുക; കര്‍ത്താവ്‌, എനിക്കും നിനക്കും എന്റെ സന്തതികള്‍ക്കും നിന്റെ സന്തതികള്‍ക്കുംമദ്ധ്യേ എന്നും സാക്ഷിയായിരിക്കട്ടെയെന്ന്, കര്‍ത്താവിന്റെ നാമത്തില്‍ നമ്മൾ സത്യംചെയ്‌തിട്ടുള്ളതല്ലേ? എന്റെ ഹൃദയം എപ്പോഴും നിന്നോടൊപ്പമുണ്ടായിരിക്കും."

ഒരിക്കൽക്കൂടെ ദാവീദിനെ ആലിംഗനംചെയ്തശേഷം ജോനാഥാന്‍ ജറുസലേമിലേക്കു മടങ്ങിപ്പോയി.

തന്റെ സൈനികദളത്തിൽപ്പെട്ട വിശ്വസ്തരായ ചില സൈനികരോട് ഗത്ത് രാജ്യവുമായുള്ള ഇസ്രയേലിന്റെ അതിർത്തിയായ നോബ് ഗ്രാമത്തിലെത്താൻ ഏർപ്പാടുചെയ്തശേഷം ദാവീദ് ബത്ലഹേമിൽനിന്നു യാത്രയായി.

അന്നുതന്നെ ദാവീദ്, ഗത്ത് അതിർത്തിയിലെത്തി. എന്നാലവിടെ മറ്റൊരു ദുർവിധി അവനെക്കാത്തിരിക്കുന്നുണ്ടായിരുന്നു. ഗത്ത്‌ രാജാവായ അക്കീഷിന്റെ ഭടന്മാരുടെ കൈകളിൽ അവനകപ്പെട്ടു.

അക്കീഷിന്റെ ഭടന്മാര്‍തമ്മിൽ പറഞ്ഞു: "ഇവൻ ദാവീദല്ലേ? '.'സാവൂള്‍ ആയിരങ്ങളെക്കൊന്നു; ദാവീദോ, പതിനായിരങ്ങളെയു'മെന്ന്‌ ഇസ്രായേൽക്കാർ പാടി  നൃത്തംചെയ്‌തത്‌ ഇവനെക്കുറിച്ചല്ലേ?"

അവരവനെ ബന്ധിച്ച്, ഗത്തിലെ രാജാവായ അക്കീഷിന്റെ കൊട്ടാരത്തിലെത്തിച്ചു. രാജസന്നിധിയിലെത്തിയപ്പോൾ, ദാവീദ് താടിയിലൂടെ തുപ്പലൊലിപ്പിച്ചു. പരസ്പരബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കുകയും ഭ്രാന്തനെപ്പോലെ ചിരിക്കുകയുംചെയ്തു. 

അക്കീഷിന്റെ ചോദ്യങ്ങൾക്ക്, ഭ്രാന്തമായ മറുപടികളാണു ദാവീദ് നല്കിയത്. അവൻ രാജാവിനുമുമ്പിൽ ചിരിക്കുകയും കരയുകയുംചെയ്തു. തറയിൽക്കിടന്നുരുണ്ടു.

അക്കീഷ്‌ ഭൃത്യന്മാരോടു ചോദിച്ചു: "ഇവന്‍ ഭ്രാന്തനാണെന്നു നിങ്ങള്‍ കാണുന്നില്ലേ? എന്റെ മുമ്പിൽ ഭ്രാന്തുകളിപ്പിക്കാന്‍ ഇവനെയെന്തിനിവിടെ കൊണ്ടുവന്നു? ഗത്തിൽ ഭ്രാന്തന്മാർക്കു കുറവുണ്ടോ?"

അക്കീഷിന്റെ കല്പനപ്രകാരം ഭടന്മാരവനെ അതിർത്തിയിലേക്കു തിരികെക്കൊണ്ടുപോയി. ഗത്തിന്റെ അതിർത്തിയിൽനിന്നു നോബിലേക്കോടിച്ചു.

അവൻ നോബില്‍, പുരോഹിതനായ അഹിമലെക്കിന്റെയടുത്തെത്തി. 

ദാവീദിനെക്കണ്ടപ്പോൾ അഹിമലെക്ക്‌ അവനെയെതിരേറ്റു 

"അങ്ങെന്താണു തനിച്ചു.വന്നിരിക്കുന്നത്? എന്തെങ്കിലും രഹസ്യദൗത്യമുണ്ടോ?"

ദാവീദ്‌ പറഞ്ഞു: "അതേ. മറ്റാരുമറിയാതെ ചെയ്യേണ്ട ഒരു ദൗത്യം രാജാവ് എന്നെയേല്പിച്ചിരിക്കുന്നു. എന്റെ ഭടന്മാരോട് ഇവിടെയടുത്തൊരു സ്ഥലത്തു കാത്തുനില്ക്കാൻ ഞാൻ കല്പിച്ചിട്ടുണ്ട്. 

രഹസ്യമായ യാത്രയായതിനാൽ ഒരിടത്തുനിന്നും ഭക്ഷണംകഴിക്കാൻ സാധിച്ചില്ല. അങ്ങയുടെ കൈവശമുണ്ടെങ്കിൽ അഞ്ചപ്പം എനിക്കുതരിക; ഇല്ലെങ്കില്‍, ഉള്ളതു തരിക."

അഹിമലേക്ക് പറഞ്ഞു: "കർത്താവിനർപ്പിച്ച വിശുദ്ധയപ്പമല്ലാതെ സാധാരണയപ്പമൊന്നും എന്റെ കൈവശമില്ല. അതുകൊണ്ട്, ഞാൻ പറയുന്നതു ക്ഷമിക്കണം, അങ്ങയും ഭൃത്യന്മാരും സ്‌ത്രീകളില്‍നിന്നകന്നുനിന്നവരാണെങ്കില്‍മാത്രമേ അതു തരാനാകൂ."

"സത്യമായും യാത്രപോകുമ്പോഴൊക്കെ ഞങ്ങള്‍ സ്‌ത്രീകളില്‍നിന്നകന്നിരിക്കും. സാധാരണയാത്രയില്‍പ്പോലും ഞാനുമെന്റെ ഭടന്മാരും ശുദ്ധിയുള്ളവയായിരിക്കും. ഈ യാത്രയാകട്ടെ അത്യന്തം പ്രധാനപ്പെട്ടതാണ്" ദാവീദ് മറുപടി നല്കി.
പുരോഹിതന്‍ ദാവീദിനു വിശുദ്ധയപ്പം കൊടുത്തു. 

സാവൂളിന്റെ വിശ്വസ്തനും കൊട്ടാരത്തിലെ ആടുമാടുകളുടെ പരിപാലനച്ചുമതലയുള്ളവനുമായ ദോയഗ് അപ്പോൾ അവിടെയെത്തി. സാവൂൾ ദാവീദിനെ വധിക്കാനായി അന്വേഷിക്കുന്നത് അവനറിയാമായിരുന്നു. 

പുരോഹിതനായ അഹിമലേക്ക് ദാവീദുമായി സംസാരിക്കുന്നതുകണ്ടപ്പോൾ, അയാൾ ദാവീദിനെ രഹസ്യമായി സഹായിക്കുന്നുണ്ടെന്നു ദോയഗിനുതോന്നി. അയാൾ മറഞ്ഞുനിന്ന് അഹിമലേക്കിനേയും ദാവീദിനേയും നിരീക്ഷിച്ചു.

ദാവീദ് അഹിമലേക്കിനോടു പറഞ്ഞു: "അങ്ങെനിക്ക് ഒരു സഹായംകൂടെ ചെയ്യണം അങ്ങയുടെ കൈവശം ആയുധങ്ങളെന്തെങ്കിലുമുണ്ടോ?  തിടുക്കത്തില്‍ പുറപ്പെട്ടപ്പോൾ എന്റെ ആയുധങ്ങളെടുക്കാൻ മറന്നുപോയി."

 "ഏലാതാഴ്‌വരയില്‍വച്ചുണ്ടായ യുദ്ധത്തിൽ അങ്ങു വധിച്ച ഗോലിയാത്തിന്റെ വാള്‍ ഇവിടെയുണ്ട്. അതു വേണമെങ്കില്‍ അങ്ങേയ്ക്കെടുക്കാം. മറ്റായുധങ്ങളൊന്നും ഇവിടെയില്ല."

ഞാൻ ആദ്യം വധിച്ച ശത്രുവിന്റെ വാൾ.. അതുപയോഗിച്ചുതന്നെയാണു ഞാനാ മല്ലന്റെ കഴുത്തരിഞ്ഞത്. അതിനേക്കാൾ നല്ലൊരായുധം എനിക്കു കിട്ടാനുണ്ടോ?"

ആ വാൾ ദാവീദ് ഏറ്റുവാങ്ങി. അവിടെനിന്നു തന്റെ സൈനികർ കാത്തുനില്ക്കുന്നിടത്തേക്കു യാത്രയായി. 

ദാവീദും അഹിമലെക്കുംതമ്മിൽ സംസാരിച്ചതെന്തെന്നു മനസ്സിലായില്ലെങ്കിലും പുരോഹിതൻ ദാവീദിനു ഭക്ഷണവും വാളും നല്കുന്നതു ദോയെഗ്‌ കണ്ടു. 

സാവൂളിനെ വിവരമറിയിക്കാൻ അവൻ അപ്പോൾത്തന്നെ അവിടെനിന്നു പുറപ്പെട്ടു.

No comments:

Post a Comment