Sunday 29 April 2018

60. നിശ്ചലരായ സൂര്യചന്ദ്രന്മാര്‍

ബൈബിള്‍ക്കഥകള്‍ - 60

"ഗിബയോന്‍കാരില്‍ ഒരുവന്‍പോലും ജീവനോടെ അവശേഷിക്കാനിടയകരുത്. അവര്‍ കളവുപറഞ്ഞു നമ്മളെ വഞ്ചിച്ചതിനാല്‍ നമുക്കവരെ ഉന്മൂലനംചെയ്യാം." ഇസ്രായേല്‍ശ്രേഷ്ഠന്മാര്‍ കോപത്തോടെ പറഞ്ഞു. 

എന്നാല്‍ ജോഷ്വാ അവരോടു യോജിച്ചില്ല. "തെറ്റു നമ്മുടെ ഭാഗത്തും സംഭവിച്ചിട്ടുണ്ട്. അവര്‍ ആരെന്നോ എന്തെന്നോ കൂടുതലായി അന്വേഷിച്ചറിയാന്‍ശ്രമിക്കാതെ കര്‍ത്താവിൻ്റെ നാമത്തില്‍ അവരെ രക്ഷിക്കാമെന്നു നമ്മള്‍ ശപഥംചെയ്തു. കര്‍ത്താവിൻ്റെ ഹിതമെന്തെന്നറിയാന്‍ നമ്മള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരുന്നതുമില്ല. കര്‍ത്താവിൻ്റെ നാമത്തില്‍ചെയ്ത ശപഥം നമ്മള്‍ പാലിക്കുന്നില്ലെങ്കില്‍ നമ്മള്‍ അവഹേളിക്കുന്നതു നമ്മുടെ ദൈവമായ കര്‍ത്താവിനെത്തന്നെയാണ്. അതിനാല്‍ നമ്മുടെ ജീവന്‍ നഷ്ടപ്പെടുത്തിയും അവരുടെ ജീവന്‍ രക്ഷിക്കാന്‍ തയ്യാറെടുക്കുക. അവരുടെ ശത്രുക്കളെ നമ്മള്‍ നേരിടും."

ജോഷ്വായുടെ വാക്കുകള്‍കേട്ടു ഗിബയോന്‍കാര്‍ ആശ്വാസംകൊണ്ടു. അപ്പോള്‍ ജോഷ്വാ അവരോടു ചോദിച്ചു: "നിങ്ങളെന്തിനാണു ഞങ്ങളോടു കളവുപറഞ്ഞു ഞങ്ങളെ വഞ്ചിക്കാന്‍ ശ്രമിച്ചത്?"

"നിങ്ങളുടെ ദൈവമായ കര്‍ത്താവ്, കാനാന്‍ദേശം മുഴുവന്‍ നിങ്ങള്‍ക്കവകാശമായി നല്കിയെന്നും തദ്ദേശവാസികളെയെല്ലാം വകവരുത്തി ദേശം പിടിച്ചടക്കാന്‍ ദൈവപുരുഷനായ മോശ നിങ്ങളോടു കല്പിച്ചിട്ടുണ്ടെന്നും ഞങ്ങള്‍ കേട്ടിരുന്നു. ജെറീക്കോയിലും ആയ് പട്ടണത്തിലും നിങ്ങള്‍നടത്തിയ സൈനികനീക്കങ്ങളേയും നിങ്ങളുടെ മുന്നേറ്റത്തെയുംകുറിച്ചറിഞ്ഞപ്പോള്‍, ജീവന്‍ രക്ഷിക്കാനായി ഞങ്ങളങ്ങനെ ചെയ്തുപോയതാണ്. അതല്ലാതെ നിങ്ങളെയോ, ഇപ്പോള്‍ ഞങ്ങളെ ആക്രമിക്കാനെത്തുന്ന അഞ്ചുരാജാക്കന്മാരെയോ വഞ്ചിക്കണമെന്നു ഞങ്ങള്‍ ചിന്തിച്ചിട്ടേയില്ല."

"എന്തുതന്നെയായാലും കര്‍ത്താവിൻ്റെ നാമത്തില്‍ചെയ്ത ശപഥം ഞങ്ങള്‍ പാലിക്കും. ഞങ്ങള്‍ക്കു ജീവനുള്ളിടത്തോളം കാലം, നിങ്ങളുടെ ജീവന്‍ സുരക്ഷിതമായിരിക്കും. എന്നാല്‍ ഞങ്ങളെ വഞ്ചിച്ചതിനാല്‍ നിങ്ങള്‍ ശപിക്കപ്പെട്ടവരാണ്. ജീവിതകാലംമുഴുവന്‍ നിങ്ങള്‍ ഞങ്ങളുടെ അടിമകളായിരിക്കും. ഇസ്രയേല്പാളയത്തില്‍ വെള്ളംകോരുകയും വിറകുവെട്ടുകയുംചെയ്യുന്ന അടിമകള്‍..."

"ജീവന്‍ നിലനിര്‍ത്തുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ല; ജീവിതകാലമത്രയും ഞങ്ങള്‍ നിങ്ങള്‍ക്കു വിധേയരായിരുന്നുകൊള്ളാം" ഗിബയൊന്‍കാര്‍ ജോഷ്വയുടെ മുമ്പില്‍ താണുവണങ്ങി.

ജോഷ്വാ ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിൻ്റെമുമ്പില്‍ പ്രാര്‍ത്ഥനാപൂര്‍വ്വമിരുന്നു. കര്‍ത്താവ് അവനോടു സംസാരിച്ചു. "നീയവരെ ഭയപ്പെടേണ്ട, അവരെ ഞാന്‍ നിൻ്റെ കൈകളില്‍ ഏല്പിച്ചുകഴിഞ്ഞിരിക്കുന്നു."

യുദ്ധനിപുണരും ധീരന്മാരുമായ തൻ്റെ പടയാളികളെ നയിച്ചുകൊണ്ട്, ജോഷ്വാ ഗില്‍ഗാലില്‍നിന്നു പുറപ്പെടാന്‍ തയ്യാറായി. അപ്പോള്‍ സൂര്യന്‍ അസ്തമയത്തിനായി ഒരുങ്ങുകയായിരുന്നു. ആകാശത്തിൻ്റെ മറ്റേക്കോണില്‍ ചന്ദ്രബിംബവും തെളിഞ്ഞുതുടങ്ങിയിരുന്നു. ഇസ്രയേല്യരും ഗിബയോനിലെ പ്രമുഖരുംകേള്‍ക്കേ ജോഷ്വാ ഉറക്കെ വിളിച്ചുപറഞ്ഞു: "സൂര്യാ, നീ ഗിബയോനില്‍ നിശ്ചലമാകുക. ഞങ്ങള്‍ വിജയശ്രീലാളിതരായി എത്തുന്നതുവരെ, ചന്ദ്രാ നീയുമനങ്ങരുത്."

 

ജെറുസലേം, ഹെബ്രോണ്‍, യാര്‍മുത്, ലാഖിഷ്, എബ്രോണ്‍ എന്നീ അഞ്ചുരാജ്യങ്ങള്‍ ഭരിച്ചിരുന്ന അമോര്യവംശജരായ അഞ്ചുരാജാക്കന്മാര്‍, ഗിബയോന്‍കാര്‍ക്കെതിരേ സംയുക്തമായി തങ്ങളുടെ സൈനികരെ നയിച്ചു. അസ്തമയത്തോടടുത്തപ്പോള്‍ അവര്‍ ഗിബയോണിന്റെ അതിര്‍ത്തികളില്‍ താവളമടിച്ചു. പുലര്‍ച്ചെ, നാലതിരുകളിലുംനിന്ന്, ഗിബയോനിലേക്കു കടന്നുകയറി ആക്രമിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഗിബയോന്‍കാരെ സംരക്ഷിക്കാന്‍ ഇസ്രയേല്‍ തയ്യാറാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നതേയില്ല.

യാമങ്ങള്‍ മുന്നോട്ടുപോയെങ്കിലും സൂര്യനസ്തമിക്കുകയോ ചന്ദ്രന്‍ അതിൻ്റെ അയനത്തിലേക്കു കടക്കുകയോ ചെയ്തില്ല. എന്താണു സംഭവിക്കുന്നതെന്നറിയാതെ അമോര്യസൈനികര്‍ അദ്ഭുതപ്പെട്ടു. അന്നുവരെ കേട്ടുകേള്‍വിപോലുമില്ലാതിരുന്ന പ്രകൃതിയുടെ ഭാവമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അവർ മുഴുകി. രാത്രിയുടെ നാലാംയാമമായപ്പോഴും സൂര്യൻ അസ്തമിക്കാതെ നിന്നു. അമോര്യസൈനികർ ഉറക്കത്തിലേക്കു വഴുതിത്തുടങ്ങി..

രാത്രിയുടെ നാലാംയാമത്തില്‍ ഇസ്രയേല്‍സൈനികര്‍ അമോര്യസൈനികത്താവളങ്ങളില്‍ മിന്നലാക്രമണം നടത്തി. ഉറക്കത്തിലേക്കു വഴുതിത്തുടങ്ങിയിരുന്ന അമോര്യ സൈനികര്‍, എന്താണു സംഭവിക്കുന്നതെന്നു തിരിച്ചറിയുന്നതിനുമുമ്പേ, നിരവധിപേര്‍ വധിക്കപ്പെട്ടു. മറ്റുള്ളവര്‍ പ്രാണരക്ഷാര്‍ത്ഥം ഓടി. ബെത്ഹേറോണ്‍ ചുരത്തിലൂടെ ഓടിയ അമോര്യരെ ഇസ്രായേല്‍സൈന്യം പിന്തുടര്‍ന്നു.

അപ്പോള്‍ ആകാശത്തു മിന്നല്‍പ്പിണരുകള്‍ പാഞ്ഞുതുടങ്ങി ഒപ്പം വലിയ കാറ്റും. ബെത്ഹേറോണ്‍ ചുരത്തില്‍നിന്നുള്ള ഇറക്കത്തില്‍ കന്മഴ പെയ്തുതുടങ്ങി. തീജ്വാലകളുടെ അകമ്പടിയോടെ വലിയ കല്ലുകള്‍ ആകാശത്തുനിന്നു ഭൂമിയിലേക്കു പെയ്തിറങ്ങി. ഇസ്രയേലിനെ ഭയന്നോടിയ അമോര്യ സൈനികര്‍ ചുരമിറങ്ങിച്ചെന്നതു കന്മഴയിലെക്കാണ്. ഇസ്രായേലിന്റെ വാളുകള്‍ വധിച്ചതിലുമധികംപേര്‍ കന്മഴയില്‍പ്പെട്ടു മരിച്ചു. ഇസ്രായേലുകാര്‍ ചുരമിറങ്ങിയില്ല.

നേരംപുലരേണ്ടനേരമായപ്പോൾ അമോര്യസൈനികരില്‍ ഒരാള്‍പോലും ജീവനോടെ അവശേഷിച്ചിരുന്നില്ല. ഇസ്രായേലിലോ ഗിബയോനിലോ ഒരാള്‍ക്കുപോലും ജീവന്‍ നഷ്ടപ്പെട്ടതുമില്ല. ഗിബയോനെതിരെ യുദ്ധത്തിനുവന്ന രാജാക്കന്മാര്‍ അഞ്ചുപേരും ഗിബയോന്‍ അതിര്‍ത്തിയില്‍, ഒരു ഗുഹയിലൊളിച്ചിരുന്നു.

പുലര്‍ച്ചേ നടത്തിയ തെരച്ചിലില്‍ ഇസ്രയേല്‍സൈനികര്‍ അവരെപ്പിടികൂടി ജോഷ്വായുടെ മുമ്പില്‍ ഹാജരാക്കി. ജോഷ്വാ അഞ്ചുപേരെയും വധിച്ചു. അന്നു വൈകുന്നേരംവരെ അവരുടെ മൃതദേഹങ്ങള്‍ മരച്ചില്ലകളില്‍ കെട്ടിത്തൂക്കി. സന്ധ്യമയങ്ങിയപ്പോള്‍, എല്ലാമൃതദേഹങ്ങളും മരത്തില്‍നിന്നിറക്കി ഒരു ഗുഹയില്‍ സംസ്കരിച്ചു. ഗുഹാകവാടം വലിയ ഒരു കല്ലിനാല്‍ അടച്ചു. അതിനുമുകളില്‍ വലിയൊരു കല്‍ക്കൂമ്പരവുമുണ്ടാക്കി
ഒരു ദിവസംമുഴുവന്‍ ആകാശത്തു നിശ്ചലമായിനിന്ന സൂര്യന്‍ അപ്പോള്‍ അസ്തമിച്ചു. ചന്ദ്രന്‍ മേഘങ്ങള്‍ക്കിടയിലൂടെ തൻ്റെ യാത്ര പുനരാരംഭിച്ചു.

Sunday 22 April 2018

59. ഗിബയോന്‍കാരുടെ നയതന്ത്രം

ബൈബിള്‍ക്കഥകള്‍ - 59

ജോര്‍ദ്ദാൻ്റെ മറുകരയില്‍ മലകളിലും താഴ്‌വരകളിലും ലബനോന്‍വരെ നീണ്ടുകിടക്കുന്ന വലിയ കടല്‍ത്തീരത്തും വസിച്ചിരുന്ന ഹിത്യരും അമോര്യരും കാനാന്യരും പെരീസ്യരും ഹിവ്യരും ജബൂസ്യരുമായ രാജാക്കന്മാരെല്ലാവരും ഇസ്രായേലിനുമെതിരേ യുദ്ധംചെയ്യാന്‍ ഒരുമിച്ചുകൂടി. എന്നാല്‍ അവര്‍ക്കിടയിലുണ്ടായിരുന്ന ഗിബയോന്‍ദേശക്കാര്‍മാത്രം അവരോടുചേര്‍ന്നില്ല.

ആയ് പട്ടണത്തെക്കാള്‍ വലുതും സൈന്യബലത്താല്‍ ശക്തവുമായിരുന്നു ഗിബെയോൻ. എങ്കിലും ഇസ്രായേലിനെതിരായി ഒരു യുദ്ധം വിജയിക്കാന്‍ എളുപ്പമാകില്ലെന്ന് ഗിബയോന്‍രാജാവു മനസ്സിലാക്കി.

ഇസ്രായേലിനോടു സ്വീകരിക്കേണ്ട നയമെന്തെന്നു ചര്‍ച്ചചെയ്യാന്‍ ഗിബയോനിലെ പ്രമുഖര്‍ ഒന്നിച്ചുകൂടി.

"ജെറീക്കോയ്ക്കും ആയിലും സംഭവിച്ചതെന്തെന്നു നാം അറിഞ്ഞതല്ലേ? നമ്മുടെ ചുറ്റുവട്ടത്തുള്ള രാജാക്കന്മാര്‍ക്കൊപ്പം നമ്മളും ഇസ്രായേലിനെനേരിട്ടാല്‍ അനുഭവം മറ്റൊന്നാകാനിടയില്ല. അതിനാല്‍ ഇസ്രായേലുമായി നമ്മള്‍ സന്ധിയിലാകണം."

"അതെങ്ങനെ സാധിക്കും? കാനാന്‍ദേശത്തുള്ള രാജ്യങ്ങളെല്ലാം പിടിച്ചടക്കാനാണ് അവരുടെ ഉദ്ദ്യേശമെന്നല്ലേ അറിഞ്ഞത്? അങ്ങനെയെങ്കില്‍ അവര്‍ നമ്മളുമായി സന്ധിക്കു തയ്യാറാകുമോ? ജെറീക്കോയിലും ആയിലും ചെയ്തതുപോലെ നമ്മളെയും വധിച്ചു നമ്മുടെ ദേശം പിടിച്ചെടുക്കാനേ അവര്‍ ശ്രമിക്കുകയുള്ളൂ. അറിഞ്ഞുകൊണ്ട് അവരുടെ വാൾ‌ത്തലയ്ക്കുമുമ്പില്‍ നമ്മള്‍ തലവയ്ക്കണോ?"

"അവര്‍ ഇങ്ങോട്ട് ആക്രമണത്തിനെത്തിയാലും നമ്മള്‍ നമുക്കു ചുറ്റുമുള്ള ജനതകളോടുചേര്‍ന്ന് അങ്ങോട്ടാക്രമിച്ചാലും നമുക്കു നമ്മുടെ രാജ്യവും ജീവനും നഷ്ടമാകുമെന്നുറപ്പാണ്. അവരുമായി സന്ധിചെയ്‌താല്‍ നമ്മുടെയും നമ്മുടെ കുഞ്ഞുങ്ങളുടെയും ജീവനെങ്കിലും രക്ഷിക്കാനാകും."

"പക്ഷേ എങ്ങനെ? നമ്മള്‍ ഇന്നാട്ടുകാരാണ് എന്നറിഞ്ഞാല്‍ രാജ്യംപിടിച്ചടക്കുന്നതിനുവേണ്ടി അവര്‍ നമ്മളെ ഉന്മൂലനംചെയ്യില്ലേ?"

"വിദൂരത്തുനിന്നു വരുന്ന നാടോടികള്‍ എന്ന വ്യാജേന നമുക്കവരെ സമീപിക്കാം. അവരുടെ ദൈവമായ കര്‍ത്താവിൻ്റെ നാമത്തില്‍ നമുക്കു സഹായമഭ്യര്‍ത്ഥിക്കാം"

അത് എല്ലാവര്‍ക്കും സ്വീകാര്യമായ അഭിപ്രായമായിരുന്നു. ചെറിയൊരു സംഘത്തെ ഇസ്രായേല്‍ത്താവളത്തിലേക്കയച്ച്, അവരുമായി ഒരുടമ്പടിയുണ്ടാക്കാന്‍ ഗിബയോന്‍കാര്‍ തീരുമാനിച്ചു.

പഴകി വൃത്തിഹീനമായ വസ്ത്രങ്ങളും കീറിത്തുന്നിയ പാദരക്ഷകളുമണിഞ്ഞ്‌, ഇസ്രായേല്‍ താവളമടിച്ചിരിക്കുന്ന ഗില്‍ഗാലിലേക്ക്, ഗിബയോന്‍ ദൂതന്മാരുടെ സംഘം പുറപ്പെട്ടു.

ഭക്ഷണസാധനങ്ങള്‍ പഴകിയ ചാക്കുകളിലും വീഞ്ഞ്, കീറിത്തുന്നിയ തോല്‍ക്കുടങ്ങളിലും നിറച്ചാണ് അവര്‍ ഗില്‍ഗാലിലേക്കു നീങ്ങിയത്. മൂന്നുദിവസത്തെ യാത്ര അവരെ ഇസ്രായേല്‍ പാളയത്തിലെത്തിച്ചു. ജോഷ്വായുടെ മുമ്പില്‍ താണുവണങ്ങി, ഗിബയോന്‍കാര്‍ ഇസ്രായേലിന്റെ സഹായമഭ്യര്‍ത്ഥിച്ചു.

"ഞങ്ങള്‍ വിദൂരദേശത്തുനിന്നു വരുകയാണ്. ഞങ്ങളുമായി നിങ്ങളൊരു സമാധാനയുടമ്പടിചെയ്യണം."

"നിങ്ങള്‍ ഞങ്ങള്‍ക്കു സമീപസ്ഥരായ ദേശക്കാരാണോയെന്നു ഞങ്ങളെങ്ങനെയറിയും? കാനാന്‍ദേശത്തിൻ്റെ പരിധിയില്‍വരുന്ന ഒരു ജനതയുമായും ഒരുടമ്പടിക്കും ഞങ്ങള്‍ തയ്യാറല്ല."

"നോക്കൂ, നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ നാമംകേട്ട്, വിദൂരദേശത്തുനിന്നു വന്നിട്ടുള്ളവരാണു. ഞങ്ങള്‍. കര്‍ത്താവിനെക്കുറിച്ചും അവിടുന്ന് ഈജിപ്തില്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ചും ഞങ്ങളറിഞ്ഞു. ജോര്‍ദ്ദാൻ്റെ മറുകരയില്‍, ഹെഷ്‌ബോനിലെ സീഹോന്‍രാജാവിനോടും അഷ്ത്താറോത്തിലെ ബാഷാന്‍രാജാവായ ഓഗിനോടും നിങ്ങള്‍ പ്രവര്‍ത്തിച്ചതെന്തെന്നും ഞങ്ങളറിഞ്ഞു. ഏറ്റവുമൊടുവിലായി ജെറീക്കൊയ്ക്കും ആയ് രാജ്യത്തിനും സംഭവിച്ചതെന്തെന്നും ഞങ്ങള്‍ക്കറിയാം. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെപ്പോലെ മറ്റൊരു ദൈവമില്ലെന്നു ഞങ്ങള്‍ക്കിന്നറിയാം.

ഇതാ ഞങ്ങളുടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണങ്ങിപ്പൂത്തിരിക്കുന്നു. ഞങ്ങള്‍ വീഞ്ഞുനിറയ്ക്കുമ്പോള്‍ ഈ തോല്‍ക്കുടങ്ങള്‍ പുതിയവയായിരുന്നു. ഇപ്പോള്‍ അവ കീറിയിരിക്കുന്നു. സുദീര്‍ഘമായ യാത്രയില്‍ ഞങ്ങളുടെ വസ്ത്രങ്ങളും ചെരിപ്പുകളും കീറി നശിച്ചിരിക്കുന്നു. ഞങ്ങളുമായി ഒരുടമ്പടിക്കു നിങ്ങള്‍ തയ്യാറായാല്‍ നിങ്ങളോടും നിങ്ങളുടെ കര്‍ത്താവിനോടും ഞങ്ങളെന്നും കടപ്പെട്ടവരായിരിക്കും."

അവര്‍ കാണിച്ച തെളിവുകള്‍, പഴകിയ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും പാദരക്ഷകളും, കണ്ടപ്പോള്‍ ഇസ്രായേല്‍ശ്രേഷ്ഠന്മാര്‍ അവരെ വിശ്വസിച്ചു. എന്നാല്‍ ജോഷ്വായോ ഇസ്രയേല്‍പ്രമുഖന്മാരോ കര്‍ത്താവിൻ്റെ ഹിതമെന്തെന്നറിയാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നില്ല.
എക്കാലവും അവരുടെ ജീവന്‍ ശത്രുക്കളില്‍നിന്നു സംരക്ഷിക്കാമെന്ന്, ഇസ്രായേല്‍പ്രമുഖരും ജോഷ്വായും കര്‍ത്താവിൻ്റെ നാമത്തില്‍ ഗിബയോന്‍കാര്‍ക്കു വാക്കുകൊടുക്കുകയുംചെയ്തു.


ഗിബയോനിലെ ജനങ്ങള്‍ ഇസ്രായേല്‍ക്കാരുമായി ഒരു സമാധാനസന്ധിയുണ്ടാക്കിയെന്ന്, ജറുസലെംരാജാവായ അദോനിസെദേക്ക് കേട്ടു. ജെറുസലേമിനുസമീപമുള്ള ഹെബ്രോണ്‍, യാര്‍മുത്, ലാഖീഷ്, എഗ്‌ലോണ്‍ എന്നിവിടങ്ങളിലെ രാജാക്കന്മാരുമായി അവൻ സന്ധിയുണ്ടാക്കി. അവര്‍ ഗിബയോനെതിരായി സംയുക്തസൈന്യത്തെയണിനിരത്തി.

ഗിബയോനിലെ ദൂതന്മാര്‍ ഗില്‍ഗാലില്‍ പാളയമടിച്ചിരുന്ന ജോഷ്വയെ വിവരമറിയിച്ചു: "ഞങ്ങളെ സഹായിക്കാനായി നിങ്ങള്‍ വേഗമെത്തണം. മലമ്പ്രദേശത്തു വസിക്കുന്ന അമോര്യരാജാക്കന്മാര്‍ ഞങ്ങള്‍ക്കെതിരായി സംഘടിച്ചിരിക്കുന്നു."

ഗിബയോന്‍കാര്‍ തങ്ങളുടെ സമീപസ്ഥമായ ദേശനിവാസികളാണെന്ന് ഇസ്രായേൽക്കാർ അപ്പോൾമാത്രമാണറിഞ്ഞത്.

അതറിഞ്ഞപ്പോള്‍ ഇസ്രായേല്‍ശ്രേഷ്ഠന്മാര്‍ കോപിഷ്ഠരായി. അവര്‍ ജോഷ്വായ്ക്കു മുമ്പില്‍ സമ്മേളിച്ചു.

Sunday 15 April 2018

58. ആയ് രാജാവിന്റെ പതനം

ബൈബിള്‍ക്കഥകള്‍ - 58

ജോഷ്വാ കര്‍ത്താവായ യാഹ്‌വെയ്ക്കുമുമ്പില്‍ ഉപവസിച്ചുപ്രാര്‍ത്ഥിച്ചു. കര്‍ത്താവ് അവനുത്തരം നല്കി.

"എല്ലാ യോദ്ധാക്കളെയുംകൂട്ടി ആയ് രാജ്യത്തേക്കു പോകുക. ഇതാ, ഞാന്‍ ആയ് രാജാവിനെയും അവന്റെ രാജ്യത്തെയും പ്രജകളെയും നിന്റെ കൈകളിലേല്പിച്ചിരിക്കുന്നു. ജറീക്കോയോടും അവിടത്തെ രാജാവിനോടും നീ പ്രവര്‍ത്തിച്ചതു പോലെതന്നെ ആയ് രാജ്യത്തോടും അവിടത്തെ രാജാവിനോടും പ്രവര്‍ത്തിക്കുക. എന്നാല്‍ ജെറീക്കോയില്‍നിന്നു വ്യത്യസ്തമായി അവിടെയുള്ള കന്നുകാലികളെയും കൊള്ളവസ്തുക്കളെയും നിങ്ങള്‍ക്കെടുക്കാം."

ധീരരും ശക്തരുമായ മുപ്പതിനായിരം സൈനികരെ അന്നുരാത്രിയില്‍ ജോഷ്വാ തിരഞ്ഞെടുത്തു. "ഈ രാത്രിയില്‍ത്തന്നെ നിങ്ങള്‍ ആയ് രാജ്യത്തിലേക്കു നീങ്ങണം. നിങ്ങള്‍ രാജ്യാതിര്‍ത്തിക്കു പിന്നിലായി ഒളിച്ചിരിക്കണം. എന്നാല്‍ അധികമകലെയാകരുത്. ഞാന്‍ കുറച്ചു സൈനികരോടൊപ്പം പട്ടണകവാടത്തിനു മുമ്പിലൂടെ ആയ് രാജ്യം ആക്രമിക്കുന്നതായി നടിക്കും. അവരുടെ സൈനികര്‍ ഞങ്ങള്‍ക്കെതിരേ വന്നാല്‍, ഞങ്ങള്‍ തോറ്റൊടുന്നതുപോലെ നടിക്കും. മുമ്പെന്നതുപോലെ അവര്‍ ഞങ്ങളെ തുരത്താനായി പിന്തുടരുമ്പോള്‍, നിങ്ങള്‍ പിന്നില്‍നിന്നാക്രമിച്ചു രാജ്യംകീഴടക്കണം. കര്‍ത്താവു നിങ്ങളോടുകൂടെയുണ്ടാകട്ടെ!"

ജോഷ്വയുടെ നിര്‍ദ്ദേശമനുസരിച്ച്, മുപ്പതിനായിരം ഇസ്രായേല്‍സൈനികര്‍, രാജ്യകവാടത്തിന്റെ വടക്കായി, ആയ് രാജ്യത്തിനും ബഥേലിനുംമദ്ധ്യേ ഒളിച്ചിരുന്നു. അയ്യായിരത്തോളം വരുന്ന മറ്റൊരുഗണം സൈനികരെ രാജ്യകവാടത്തിനു പടിഞ്ഞാറായും ജോഷ്വാ ഒളിപ്പിച്ചു.

പിറ്റേന്ന് അതിരാവിലെതന്നെ ജോഷ്വായും ഇസ്രായേല്‍ശ്രേഷ്ഠരും മൂവായിരത്തോളംവരുന്ന സൈനികരുമായി രാജ്യത്തിന്റെ പ്രധാനകവാടത്തിനുനേരേ നീങ്ങി. ആയ് പട്ടണം ഉയര്‍ന്നസ്ഥലത്തായിരുന്നതിനാല്‍ അകലെവച്ചുതന്നെ തങ്ങളുടെനേരേ വരുന്ന ഇസ്രായേല്‍സൈന്യത്തെ അവര്‍ കണ്ടു. ആയ് രാജ്യത്തിലെ രണ്ടായിരം സൈനികരുമായി രാജാവ് ഇസ്രായേല്‍സൈന്യത്തിനുനേരേ പുറപ്പെട്ടു.

ഇസ്രായേലുമായുള്ള ആദ്യത്തെ യുദ്ധത്തിലെ വിജയംനല്കിയ ആത്മവിശ്വാസവുമായി ആയ് രാജ്യത്തിലെ പുരുഷന്മാരെല്ലാവരും കൈയില്‍ക്കിട്ടിയ ആയുധങ്ങളുമായി തങ്ങളുടെ രാജാവിനും സൈനികര്‍ക്കുംപിന്നാലെ ഇസ്രായേലിനെ നേരിടാന്‍ പുറപ്പെട്ടു.

അവര്‍ തങ്ങളുടെ അടുത്തെത്തുന്നുവെന്നു കണ്ടപ്പോള്‍ ജോഷ്വായും സൈനികരും പരാജിതരെപ്പോലെ പിന്തിരിഞ്ഞോടി. തങ്ങളെ പിന്തുടരുന്ന ആയ് രാജാവും സൈനികരും അവരുടെ പിന്നാലെയുള്ള ജനങ്ങളും രാജ്യകവാടത്തുനിന്നും താന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നത്രയും അകലെയെത്തിയെന്നുകണ്ടപ്പോള്‍ ജോഷ്വാ തിരിഞ്ഞുനിന്നു. ജോഷ്വായോടൊപ്പമുണ്ടായിരുന്ന ഇസ്രായേല്‍ശ്രേഷ്ഠന്മാരും സൈനികരും അയാള്‍ക്കൊപ്പം തങ്ങളെ ഓടിച്ചവര്‍ക്കുനേരേ തിരിഞ്ഞു.

ജോഷ്വാ തന്റെ കൈവശമുണ്ടായിരുന്ന കുന്തമുയര്‍ത്തി ആയ് രാജ്യത്തിനുനേരേ നീട്ടി. ഉയര്‍ന്ന കുന്തം കണ്ടപ്പോള്‍ രാജ്യകവാടത്തിനുപിന്നില്‍ ഒളിച്ചിരുന്ന ഇസ്രായേല്‍സൈന്യം ആ രാജ്യത്തെ വീടുകള്‍ അഗ്നിക്കിരയാക്കിക്കൊണ്ട് ആക്രമണമാരംഭിച്ചു. ജോഷ്വയുടെ ഒപ്പമുണ്ടായിരുന്ന സൈന്യവും ആയ് രാജാവിന്റെ സൈനികര്‍ക്കിടയിലേക്കു കുതിച്ചുകയറി ആക്രമണമാരംഭിച്ചു. തങ്ങളുടെ രാജ്യത്തുനിന്നും തീയും പുകയും ഉയരുന്നതുകാണുകയും സ്ത്രീകളും കുട്ടികളും ആര്‍ത്തുകരയുന്നതു കേള്‍ക്കുകയുംചെയ്തെങ്കിലും ആയ് രാജാവിനോ സൈന്യത്തിനോ മുമ്പോട്ടോ പിമ്പോട്ടോ ഓടാന്‍ സാധിച്ചില്ല.

ആയ് രാജാവിനെ ഇസ്രായേല്‍ ജീവനോടെ പിടികൂടി. സൈനികരും ജനങ്ങളുമായി ആയ് രാജ്യത്ത് ആകെയുണ്ടായിരുന്ന പന്തീരായിരത്തോളംപേര്‍ അന്നു വധിക്കപ്പെട്ടു. ആയ്‌നിവാസികള്‍ പൂര്‍ണ്ണമായി നിഗ്രഹിക്കപ്പെടുന്നതുവരെ കുന്തം നീട്ടിപ്പിടിച്ചിരുന്ന തന്റെ കരങ്ങള്‍, ജോഷ്വ പിന്‍വലിച്ചില്ല. രാജ്യത്ത് ഇനിയാരും ജീവനോടെയവശേഷിക്കുന്നില്ലെന്നു മനസ്സിലാക്കിയശേഷം, ആയ് രാജാവിനെ ഇസ്രായേല്‍ ഒരു വൃക്ഷശാഖയില്‍ തൂക്കിലേറ്റി. പിന്നെ അവന്റെ ശരീരം മരത്തില്‍നിന്നിറക്കി സംസ്കരിക്കുകയും അതിനുമുകളില്‍ ഒരു കല്‍ക്കൂമ്പാരംതീര്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ ആയ് രാജ്യം കൊള്ളയടിച്ചു. അവിടെയുണ്ടായിരുന്ന സമ്പത്തും കന്നുകാലികളും അവര്‍ സ്വന്തമാക്കി. പിന്നെ ആ രാജ്യത്തെ പൂര്‍ണ്ണമായും അഗ്നിയിലെരിച്ചു.

അവിടെ ഏബാല്‍മലയില്‍, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനു ജോഷ്വ ഒരു ബലിപീഠം നിര്‍മ്മിച്ചു. മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരുന്നതുപോലെ, ചെത്തിമിനുക്കാത്ത കല്ലുകള്‍കൊണ്ട്, ഇരുമ്പായുധം സ്പര്‍ശിക്കാതെയാണ്‌ ആ ബലിപീഠം നിര്‍മ്മിച്ചത്. മോശയെഴുതിയ നിയമങ്ങളുടെ ഒരു പകര്‍പ്പ്, ജോഷ്വാ അവിടെ കല്ലുകളില്‍ കൊത്തിവച്ചു. ബലിപീഠത്തില്‍ ഇസ്രായേല്‍ കര്‍ത്താവിനു ബലികളര്‍പ്പിച്ചു.

പിന്നെ ഇസ്രായേല്‍ജനവും അവര്‍ക്കിടയില്‍ വസിക്കുന്ന മറ്റുജനതകളില്‍പ്പെട്ടവരും കേള്‍ക്കുവാനായി ജോഷ്വാ നിയമഗ്രന്ഥം പൂര്‍ണ്ണമായും ഉറക്കെ വായിച്ചു. വായനയവസാനിച്ചപ്പോള്‍ ജനങ്ങള്‍ ഉറക്കെ ദൈവസ്തുതികളാലപിച്ചു.

ഇസ്രായേലിന്റെ ചെയ്തികള്‍ കേട്ടറിഞ്ഞപ്പോള്‍, ജോര്‍ദ്ദാന്റെ മറുകരയില്‍ മലകളിലും താഴ്‌വരകളിലും ലബനോന്‍വരെ നീണ്ടുകിടക്കുന്ന വലിയ കടല്‍ത്തീരത്തും വസിച്ചിരുന്ന ഹിത്യരും അമോര്യരും കാനാന്യരും പെരീസ്യരും ഹിവ്യരും ജബൂസ്യരുമായ രാജാക്കന്മാരെല്ലാവരുംതമ്മിൽ കൂടിയാലോചിച്ചു. എവിടെനിന്നോ കടന്നുവന്ന്, തദ്ദേശീയരെയെല്ലാം കൊന്നൊടുക്കുന്ന നാടോടിക്കൂട്ടത്തെ ഉന്മൂലനംചെയ്യാൻ സംയുക്തമായി മുന്നേറണമെന്നു തീരുമാനിച്ചു.

ജോഷ്വയ്ക്കും ഇസ്രായേലിനുമെതിരേ യുദ്ധംചെയ്യാന്‍ അവരുടെ സൈന്യങ്ങൾ സജ്ജമായി..

Sunday 8 April 2018

57. ആഖാന്‍ നല്കിയ ആഘാതം

ബൈബിള്‍ക്കഥകള്‍ - 58

ജറീക്കോപ്പട്ടണത്തിലുള്ള, വെള്ളിയും സ്വര്‍ണ്ണവും പിച്ചളയും ഇരുമ്പുംകൊണ്ടു നിര്‍മ്മിതമായ പാത്രങ്ങള്‍ കര്‍ത്താവിന്റെ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നതിനായി, നിങ്ങള്‍ക്കെടുക്കാം. അതല്ലാതെ മറ്റൊന്നും അവിടെനിന്നു കൈവശപ്പെടുത്തരുതെന്ന കര്‍ത്താവിന്റെ കല്പന ഇസ്രായേലില്‍ ഒരാള്‍ ലംഘിച്ചു. യൂദാ ഗോത്രത്തില്‍പ്പെട്ട കാര്‍മിയുടെ പുത്രനായ ആഖാന്‍, സ്വര്‍ണ്ണക്കട്ടികളും വെള്ളിയും മനോഹരമായ തുന്നല്‍പ്പണികള്‍ചെയ്ത ചില മേലങ്കികളും കവര്‍ന്നെടുത്തു. എന്നാല്‍ മറ്റൊരാളും അക്കാര്യമറിഞ്ഞതേയില്ല.

ജെറീക്കോ കീഴടക്കിയതിനുശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ബഥേലിനു കിഴക്ക് ബേഥാവനു സമീപത്തുള്ള ആയ് എന്ന നാട്ടുരാജ്യം നിരീക്ഷിക്കുന്നതിനായി ജോഷ്വ ചില ചാരന്മാരെയയച്ചു. കുറച്ചുദിവസങ്ങള്‍ക്കുശേഷം അവര്‍ തിരിച്ചെത്തി. 

"തീരെ ദുര്‍ബ്ബലമായൊരു രാജ്യമാണത്. രണ്ടായിരത്തിലധികം സൈനികര്‍പോലും അവര്‍ക്കില്ല. വളരെയെളുപ്പത്തില്‍ നമുക്കവരെ കീഴടക്കാം." ആയ് ദേശത്തു നിരീക്ഷണത്തിനുപോയ ചാരന്മാര്‍ക്കെല്ലാം ഒരേ അഭിപ്രായമായിരുന്നു. 

മൂവായിരം സൈനികരെ ജോഷ്വാ ആയ് രാജ്യത്തിലേക്കയച്ചു. എന്നാല്‍ ഇസ്രായേലിന്റെ പ്രതീക്ഷകള്‍പോലെയല്ലായിരുന്നു ആയ് യുദ്ധത്തിന്റെ അന്ത്യം. 

നഗരകവാടത്തില്‍വച്ച് ആയ് സൈനികര്‍ ഇസ്രായേലിനെ തടഞ്ഞു. ഇസ്രായേല്‍സൈനികര്‍ക്ക്, പ്രതികരിക്കാന്‍ അവസരംനല്കാതെ വളരെ ചടുലമായ ആക്രമണമാണ് ആയ് സൈനികര്‍ നടത്തിയത്. ഇസ്രായേല്‍സേന പിന്തിരിഞ്ഞോടി. നഗരകവാടംമുതല്‍ ഷബാറിം എന്ന സ്ഥലംവരെ ആയ് സൈന്യം അവരെ പിന്തുടര്‍ന്നു. ഇസ്രായേല്‍ സൈനികരില്‍ മുപ്പത്തിയാറുപേര്‍ വധിക്കപ്പെട്ടു. 

തോറ്റോടിയെത്തിയ സൈനികരെക്കണ്ട്, ജോഷ്വ തന്റെ മേല്‍വസ്ത്രം കീറി. ഇസ്രായേല്‍ജനം ഭയാകുലരായി. ജോഷ്വയും ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരും ചണവസ്ത്രമണിഞ്ഞു, ശിരസ്സില്‍ ചാരംപൂശി. 

രണ്ടായിരംപേർമാത്രമുള്ള ചെറിയൊരു സൈന്യത്തിനുമുമ്പിൽനിന്ന് ഇസ്രായേലിൻ്റെ മൂവായിരം പടയാളികൾ തോറ്റോടാനിടയായത് കർത്താവു കൈവിട്ടതിനാലാണെന്നു ജോഷ്വായ്ക്കു മനസ്സിലായി. അതിനാലവൻ, ആയ്പട്ടണത്തിലേക്കു കൂടുതൽ സൈനികരെയയച്ചില്ല. ജോഷ്വായും ഇസ്രായേൽശ്രേഷ്ഠന്മാരും
കര്‍ത്താവിന്റെ വാഗ്ദാനപേടകത്തിനു മുമ്പില്‍ സാഷ്ടാംഗംവീണു പ്രാര്‍ത്ഥിച്ചു. 

"കര്‍ത്താവേ, ഇസ്രായേല്‍ക്കാര്‍ ശത്രുക്കളോടു തോറ്റുപിന്‍വാങ്ങിയിരിക്കുന്നു. അമോര്യരുടെ കരങ്ങളിലേല്പിച്ചു നശിപ്പിക്കുന്നതിന് ഈ ജനത്തെയെന്തിനു ജോര്‍ദ്ദാനിക്കരെക്കൊണ്ടുവന്നു? " 

കര്‍ത്താവു ജോഷ്വായ്ക്കുത്തരംനല്കി."നീയെന്തിനിങ്ങനെ സാഷ്ടാംഗംവീണു കിടക്കുന്നു? ഇസ്രായേല്‍ പാപംചെയ്തിരിക്കുന്നു; എന്റെ കല്പന നിങ്ങള്‍ ലംഘിച്ചു. എടുക്കരുതെന്നു ഞാന്‍ വിലക്കിയ ചില വസ്തുക്കള്‍ നിങ്ങള്‍ കൈവശപ്പെടുത്തിയിരിക്കുന്നു. അതു നിങ്ങള്‍ കവര്‍ന്നെടുത്തതാണ്. നശിപ്പിക്കണമെന്നു ഞാനാവശ്യപ്പെട്ടവ കൂടാരങ്ങളിലൊളിച്ചുവച്ചിട്ടു നിങ്ങള്‍ വ്യാജം പറയുന്നു. നിഷിദ്ധവസ്തുക്കള്‍ നിങ്ങളുടെയിടയിലുണ്ട്. അതു നിങ്ങളില്‍നിന്നു നീക്കിക്കളയുക. അതെടുത്തുമാറ്റുന്നതുവരെ നിങ്ങളുടെ ശത്രുക്കളെജയിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല." 

ജോഷ്വാ പിറ്റേന്നു പുലര്‍ച്ചേ എഴുന്നേറ്റു. ഇസ്രായേലിലെ സകലരും ഗോത്രക്രമത്തില്‍ ഒന്നിച്ചുകൂടാന്‍ അവന്‍ കല്പന പുറപ്പെടുവിച്ചു. 

"ഗോത്രക്രമമനുസരിച്ച്, നിങ്ങള്‍ സംഘങ്ങളായി നില്‍ക്കുവിന്‍. കര്‍ത്താവു ചൂണ്ടിക്കാണിക്കുന്ന ഗോത്രംമാത്രം തങ്ങളുടെ കുലമനുസരിച്ചു വേര്‍തിരിയണം. അതില്‍നിന്നു കര്‍ത്താവു വേര്‍തിരിക്കുന്ന കുലം, കുടുംബക്രമത്തില്‍ പിരിയണം. ആ കുടുംബങ്ങളില്‍നിന്നു കര്‍ത്താവ് ചൂണ്ടിക്കാണിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഓരോരുത്തരായി എന്റെ മുമ്പിലേക്കുവരണം. നിഷിദ്ധവസ്തുക്കളോടുകൂടെ പിടിക്കപ്പെടുന്നവനെ അവന്റെ സകലവസ്തുക്കളോടുംകൂടെ അഗ്നിക്കിരയാക്കണമെന്നു ഞാന്‍ കല്പിക്കുന്നു. എന്തെന്നാല്‍, അവന്‍ കര്‍ത്താവിന്റെ ഉടമ്പടി ലംഘിച്ച്, ഇസ്രായേലില്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചിരിക്കുന്നു."

ജോഷ്വായുടെ കല്പനപ്രകാരം ജനങ്ങള്‍ ഗോത്രങ്ങളായി അണിനിരന്നു. അതില്‍ യൂദാഗോത്രം വേര്‍തിരിയാനും മറ്റുള്ളവര്‍ ഒന്നിച്ചുനില്‍ക്കാനും ജോഷാ ആവശ്യപ്പെട്ടു. 

"യൂദാഗോത്രത്തിലെ സേരാകുലത്തില്‍പ്പെട്ടവരൊഴികെയുള്ളവര്‍ മറ്റുള്ളവര്‍ക്കൊപ്പംചേരട്ടെ." 

സേരാകുലംമാത്രം ജോഷ്വയുടെ മുമ്പില്‍ നിന്നു. 

"സേരാകുലത്തിലെ സബ്ദി കുടുംബത്തില്‍പ്പെട്ടവര്‍മാത്രം എന്റെ മുമ്പില്‍ നില്‍ക്കുക." 

സബ്ദി കുടുംബംമാത്രമായപ്പോള്‍ അവരില്‍നിന്നു കാര്‍മ്മിയുടെ പുത്രനായ ആഖാനെ പേരുചൊല്ലിവിളിച്ച്, ജോഷ്വാ ചോദിച്ചു. "മകനേ, ആഖാനേ, പറയുക. നീയെന്താണു ചെയ്തത്?"
 

ആഖാന്‍ അടിമുടി വിയര്‍ത്തു. അവന്റെ ശരീരം വിറച്ചു. വാക്കുകള്‍ പുറത്തേക്കു വന്നില്ല.
 
"നിനക്കിനി ഒന്നും മറച്ചുവയ്ക്കാനാകില്ല. പറയുക, കര്‍ത്താവിന്റെ കല്പനയ്ക്കെതിരായി നീയെന്തു ചെയ്തു?" 

ജോഷ്വയുടെ ശബ്ദം ഒരു പെരുമ്പറമുഴക്കംപോലെ ആഖാന്‍ കേട്ടു. അവന്‍ കൈകള്‍കൂപ്പി, ജോഷ്വായെയും ഇസ്രായേല്‍സമൂഹത്തെയും താണുവണങ്ങി. 

"ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെതിരേ ഞാന്‍ പാപം ചെയ്തിരിക്കുന്നു. ജെറീക്കോ നമുക്കു കീഴടങ്ങിയപ്പോള്‍, അവിടെയൊരു വീട്ടില്‍, അതിവിശിഷ്ടമായൊരു മേലങ്കിയും ഇരുനൂറു ഷെക്കല്‍ വെള്ളിയും അമ്പതു ഷെക്കല്‍ തൂക്കംവരുന്ന സ്വര്‍ണ്ണക്കട്ടിയും ഞാന്‍ കണ്ടു. മോഹംതോന്നിയാതിനാല്‍ ഞാനതെടുത്തു. അവയെല്ലാം എന്റെ കൂടാരത്തിനുള്ളില്‍ കുഴിച്ചിട്ടുണ്ട്"
ജോഷ്വാ അയച്ച ദൂതന്മാര്‍ ആഖാന്റെ കൂടാരത്തില്‍ പരിശോധനനടത്തി. വെള്ളിയും സ്വര്‍ണ്ണവും മേലങ്കിയും അവര്‍ ആ കൂടാരത്തില്‍നിന്നു കണ്ടെത്തി, ജോഷ്വയുടെ മുമ്പില്‍ കൊണ്ടുവന്നു. 

ജോഷ്വ പറഞ്ഞു: "നീ എന്തിനിതുചെയ്തു? എന്തുകൊണ്ടാണു നീ ഞങ്ങളുടെമേല്‍ കഷ്ടതകള്‍ വരുത്തിവച്ചത്? നിൻ്റെ പ്രവൃത്തിമൂലം നിന്റെമേലും ഇന്നു കഷ്ടതകള്‍ വന്നിരിക്കുന്നു." 

ജോഷ്വയുടെ കല്പനപ്രകാരം ആഖാനെയും അവന്റെ പുത്രീപുത്രന്മാരെയും ജനങ്ങള്‍ ആഖോര്‍താഴ്വരയിലേക്കു കൊണ്ടുപോയി, കല്ലെറിഞ്ഞുകൊന്നു. അവരുടെ മൃതദേഹങ്ങള്‍ക്കുമുകളില്‍ അവന്‍ മോഷ്ടിച്ചവയുള്‍പ്പെടെ അവന്റെ എല്ലാ വസ്തുവകകളും കൂട്ടിയിട്ട്, അഗ്നിയിലെരിച്ചു. എല്ലാമെരിഞ്ഞടങ്ങിയ ചാരത്തിനുമുകളില്‍ ഇസ്രായേല്‍ക്കാര്‍ വലിയൊരു കല്‍ക്കൂമ്പാരമുണ്ടാക്കി. ആഖാന്റെ ദുരന്തത്തിന്റെ സ്മരണകളുംപേറി, ആ കല്‍ക്കൂമ്പാരംമാത്രം എന്നേയ്ക്കുമായി അവിടെ ബാക്കിയായി.

Sunday 1 April 2018

56. ജെറീക്കോയിലെ വിജയകാഹളം

ബൈബിള്‍ക്കഥകള്‍ - 56

"ഇത്രവലിയൊരു സൈന്യത്തിനുമുമ്പിൽ ഊരിയവാളുമായി ഒറ്റയ്ക്കുനില്ക്കുന്ന നീ അസാമാന്യധീരൻതന്നെ! ഒന്നുമാത്രം എന്നോടുപറയുക, നീ ഞങ്ങളുടെ പക്ഷത്തോ, അതോ ശത്രുപക്ഷത്തോ?" 

ജോഷ്വയുടെ ചോദ്യം ആ മനുഷ്യന്റെ മുഖത്തെ നിര്‍വ്വികാരഭാവത്തിന് ഒരുമാറ്റവും വരുത്തിയില്ല. ജോഷ്വായുടെ കണ്ണുകളിലേക്കു നോക്കി അയാള്‍ മറുപടി പറഞ്ഞു: "ഞാന്‍ ദൈവത്തിന്റെ പക്ഷത്താണ്. സൈന്യങ്ങളുടെ കര്‍ത്താവിന്റെ സൈന്യാധിപനാണു ഞാന്‍" 

ജോഷ്വാ അവന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു

കര്‍ത്താവിന്റെ സൈന്യാധിപന്‍ പറഞ്ഞു: നിന്റെ പാദരക്ഷകള്‍ അഴിച്ചു മാറ്റുക. നീ നില്‍ക്കുന്ന ഈ സ്ഥലം വിശുദ്ധമാണ്." ജോഷ്വാ അവനെയനുസരിച്ചു.

അപ്പോൾ കര്‍ത്താവിന്റെ സൈന്യാധിപന്‍ കണ്മുമ്പില്‍നിന്നപ്രത്യക്ഷനായി. അവന്റെ ശബ്ദംമാത്രം ജോഷ്വാ കേട്ടു. " ഇസ്രായേല്‍ജനത്തെ ഭയന്നു ജറീക്കോപ്പട്ടണം അടച്ചുഭദ്രമാക്കിയിരുന്നു. ആരും പുറത്തേക്കുപോവുകയോ അകത്തേക്കുവരുകയോ ചെയ്യുന്നില്ല. എന്നാല്‍ ജറീക്കോപ്പട്ടണത്തെ അതിന്റെ രാജാവിനോടും യുദ്ധവീരന്മാരോടുംകൂടെ കര്‍ത്താവു നിന്റെ കരങ്ങളിലേല്പിച്ചിരിക്കുന്നു. ഇന്നുമുതല്‍ നിങ്ങളുടെ യോദ്ധാക്കള്‍ ദിവസത്തിലൊരിക്കല്‍ പട്ടണത്തിനുചുറ്റും നടക്കണം. യോദ്ധാക്കളുടെമുമ്പില്‍ കര്‍ത്താവിന്റെ വാഗ്ദാനപേടകംവഹിക്കുന്ന ലേവ്യര്‍ പോകണം. ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളവും പിടിച്ച്, ഏഴു പുരോഹിതന്മാര്‍ വാഗ്ദാനപേടകത്തിന്റെ മുമ്പില്‍ നടക്കണം. പുരോഹിതന്മാര്‍ കാഹളംമുഴക്കുന്നതു കേള്‍ക്കുമ്പോള്‍ യോദ്ധാക്കള്‍  ആര്‍ത്തട്ടഹസിക്കണം. തുടര്‍ച്ചയായ ആറുദിവസം ഇങ്ങനെ ചെയ്യണം. ഏഴാംദിവസം, ഇതാവര്‍ത്തിച്ചുകൊണ്ട്, ഏഴു പ്രാവശ്യം നിങ്ങള്‍ പട്ടണത്തിനുചുറ്റും നടക്കണം. പുരോഹിതന്മാരുടെ കാഹളധ്വനികള്‍ക്കു പിന്നാലെ,  യോദ്ധാക്കളും ജനംമുഴുവനും ആര്‍ത്തട്ടഹസിക്കണം. അപ്പോള്‍, ആ ശബ്ദത്തിന്റെ പ്രകമ്പനത്തിൽ പട്ടണത്തിന്റെ മതില്‍ നിലംപതിക്കും. നിങ്ങള്‍, നേരേ ഇരച്ചുകയറി ആക്രമിക്കുക."

കര്‍ത്താവിന്റെ സൈന്യാധിപന്‍ നല്കിയ നിര്‍ദ്ദേശമനുസരിച്ചു ജോഷ്വാ പ്രവര്‍ത്തിച്ചു. കല്പനകിട്ടുന്നതുവരെ അട്ടഹസിക്കുകയോ ശബ്ദിക്കുകയോ അരുതെന്നും കല്പിക്കുമ്പോള്‍ അട്ടഹസിക്കണമെന്നും ജോഷ്വാ  യോദ്ധാക്കളോടു പറഞ്ഞു.

ഒരുദിവസത്തില്‍ ഒരു തവണവീതം ആറുദിവസം, കാഹളധ്വനിമുഴക്കുന്ന പുരോഹിതന്മാര്‍ക്കും കര്‍ത്താവിന്റെ വാഗ്ദാനപേടകത്തിനും പിന്നാലെ, ഇസ്രായേല്‍സൈന്യം ജെറീക്കോകോട്ട വലംവച്ചു. കാഹളധ്വനികള്‍ക്കു പിന്നാലെ, ജോഷ്വയുടെ നിര്‍ദ്ദേശമനുസരിച്ച് അവര്‍ ആര്‍ത്തട്ടഹസിച്ചു.

ഏഴാംദിവസം അതിരാവിലെ ഉണര്‍ന്ന്, ജോഷ്വാ തന്റെ സൈനികര്‍ക്കു നിര്‍ദ്ദേശം നല്കി. "ഇന്നു നിങ്ങള്‍ ഏഴുപ്രാവശ്യം കോട്ടയ്ക്കു പ്രദക്ഷിണംവയ്ക്കുകയും പുരോഹിതന്മാരുടെ കാഹളധ്വനികള്‍ക്കുപിന്നാലെ ആര്‍ത്തട്ടഹസിക്കുകയും ചെയ്യണം. ഏഴാമത്തെ പ്രദക്ഷിണംപൂര്‍ത്തിയാക്കി, നിങ്ങളുടെ അട്ടഹാസം മുഴങ്ങുമ്പോള്‍ ആ പ്രകമ്പനത്തില്‍, ഈ കോട്ട തകര്‍ന്നടിയും. ഈ പട്ടണം കര്‍ത്താവു നിങ്ങള്‍ക്കു നല്‍കിക്കഴിഞ്ഞിരിക്കുന്നു.

ഈ പട്ടണത്തിലുള്ള, വെള്ളിയും സ്വര്‍ണ്ണവും പിച്ചളയും ഇരുമ്പുംകൊണ്ടു നിര്‍മ്മിതമായ പാത്രങ്ങള്‍ കര്‍ത്താവിന്റെ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നതിനായി, നിങ്ങള്‍ക്കെടുക്കാം. മറ്റെല്ലാം നിശ്ശേഷം നശിപ്പിക്കണം. ഈ ദേശം നിരീക്ഷിക്കാനെത്തിയ നമ്മുടെ ദൂതന്മാരെ ഒളിപ്പിച്ചതിനാല്‍ റാഹാബും അവളുടെ കുടുംബത്തിലുള്ളവരും ജീവനോടെയിരിക്കട്ടെ. ഇപ്പറഞ്ഞവയൊഴികെ, മനുഷ്യരും മൃഗങ്ങളും സ്വത്തുവകകളുമായി, ജെറീക്കോയില്‍ ഒന്നുമവശേഷിക്കരുത്. നിങ്ങള്‍ ഒന്നും കവര്‍ന്നെടുക്കുകയുംചെയ്യരുത്. അങ്ങനെചെയ്താല്‍ ഇസ്രായേല്‍പാളയത്തിനു വലിയ നാശവും അനര്‍ത്ഥവും സംഭവിക്കും."

ഇസ്രായേല്‍ക്കാര്‍ ഏഴുവട്ടം ജെറീക്കോക്കോട്ടയെ പ്രദക്ഷിണംചെയ്തു. പലവട്ടം കാഹളം മുഴങ്ങി. ഓരോ കാഹളശബ്ദത്തിനുംപിന്നാലെ അട്ടഹാസശബ്ദമുയര്‍ന്നു. കാഹളധ്വനികളും അട്ടഹാസവുംകേട്ടു ജെറീക്കോനിവാസികള്‍ ഭയന്നുവിറച്ചു. ഏഴാമത്തെ പ്രദക്ഷിണം പൂര്‍ത്തിയായപ്പോള്‍ അത്യുച്ചത്തില്‍മുഴങ്ങിയ കാഹളശബ്ദത്തിന്റെയും അട്ടഹാസത്തിന്റെയും പ്രകമ്പനങ്ങളില്‍ കോട്ടമതിലുകള്‍ തകര്‍ന്നു.

ദേശനിരീക്ഷണത്തിനുപോയ യുവാക്കളോടു ജോഷ്വ പറഞ്ഞു: "നിങ്ങള്‍ റാഹാബിന്റെ വീട്ടില്‍ച്ചെന്ന്, അവളോടു സത്യംചെയ്തിരുന്നതുപോലെ അവളെയും കുടുംബാംഗങ്ങളെയും പുറത്തുകൊണ്ടുവരുവിന്‍. അവളുടെ വീട്ടില്‍ അഭയംതേടിയവരിലൊരാള്‍ക്കുപോലും അപകടമുണ്ടാകാതെ കാക്കേണ്ടതു നിങ്ങളുടെ ചുമതലയാണ്."

 ആ യുവാക്കള്‍ റാഹാബിനെയും അവളുടെ മാതാപിതാക്കളെയും സഹോദരരെയും ബന്ധുജനങ്ങളെയും സുരക്ഷിതരായി കൊണ്ടുവന്ന്, ഇസ്രായേല്‍പാളയത്തിനു സമീപത്തു താമസിപ്പിച്ചു.

ഭീരുവിന്റെ കൈവശമുള്ള ആയുധങ്ങള്‍പോലും സഹായിക്കുന്നതു ശത്രുവിനെയാണ്. ഇസ്രായേലിനെക്കുറിച്ചുള്ള ഭയത്താല്‍ ചകിതരായിരൂന്ന ജെറീക്കോസൈന്യത്തിന് ചെറിയൊരു പ്രതിരോധത്തിനുപോലും കരുത്തുണ്ടായില്ല. ജെറീക്കോസൈന്യത്തിന്റെ ആയുധങ്ങളുപയോഗിച്ചുതന്നെ, ഇസ്രായേല്‍ക്കാർ അവരെ വധിച്ചു. അവര്‍ പൂര്‍ണ്ണമായും ഇസ്രായേലിന്റെ മുമ്പില്‍ അടിയറവു പറഞ്ഞു. ജെറീക്കോരാജാവു വാളിനിരയായി. പട്ടണംമുഴുവന്‍ ഇസ്രായേല്‍ക്കാര്‍ അഗ്നിയിലെരിച്ചു. റാഹാബിന്റെ ഭവനത്തിലുണ്ടായിരുന്നവരൊഴികെ, മനുഷ്യരായോ മൃഗങ്ങളായോ ഒരാള്‍പോലും ജെറീക്കോയില്‍ ജീവനോടെയവശേഷിച്ചില്ല.

കര്‍ത്താവു ജോഷ്വയോടുകൂടെയുണ്ടായിരുന്നു. അവന്റെ കീര്‍ത്തി സമീപനാടുകളിലെങ്ങും വ്യാപിച്ചു. എങ്കിലും പിശാചിന്റെ ദൂതന്‍ ഇസ്രായേലിലൊരുവനെ തനിക്കായി കണ്ടെത്തി. അവനിലൂടെ ഒരു ദുരന്തം ഇസ്രായേലിനെ കാത്തിരിക്കുന്നുണ്ടായിരുന്നു.