Sunday 29 July 2018

72. തിമ്നായിലെ കന്യക

ബൈബിൾക്കഥകൾ 72


സാംസണ്‍ കോമളനായ ഒരു യുവാവായി വളര്‍ന്നുവന്നു. ആറടിയിലധികം ഉയരവും അതിനൊത്ത, ബലിഷ്ഠശരീരവും! കരുത്തു വിളിച്ചറിയിക്കുന്ന ഉറച്ച മാംസപേശികള്‍, ഗോതമ്പുനിറമുള്ള അവന്റെ ശരീരത്തെ കൂടുതലാകര്‍ഷകമാക്കി. നീണ്ടുവളര്‍ന്ന, ഇടതൂര്‍ന്ന മുടി, നന്നായി ചീകിയൊതുക്കി, തുകല്‍നാടകൊണ്ടു കെട്ടിവച്ചിരുന്നു.

അവന്‍റെ മാതാപിതാക്കള്‍ ജനനംമുതലേ *നാസീര്‍വ്രതക്കാരനായി അവനെ വളര്‍ത്തി. അവന്‍റെ ശിരസ്സില്‍ ഒരിക്കല്‍പോലും ക്ഷൌരക്കത്തി സ്പര്‍ശിച്ചില്ല. വീഞ്ഞോ, ലഹരിപാനീയങ്ങളോ അവനുപയോഗിച്ചിരുന്നില്ല. മുന്തിരിയോ മുന്തിരിചേര്‍ത്ത ഭക്ഷണമോ അവന്‍ കഴിച്ചിരുന്നുമില്ല.

നവയൌവനത്തിലെത്തിയപ്പോള്‍, ദേശമെല്ലാമൊന്നു ചുറ്റിക്കാണുവാന്‍ സാംസണ്‍ ആഗ്രഹിച്ചു. മാതാപിതാക്കളുടെ അനുമതിയോടെ അവന്‍ നാടുകാണാനിറങ്ങി. വയലുകളും മുന്തിരിത്തോട്ടങ്ങളും കുന്നുകളും താഴ്വാരങ്ങളും കളകളാരവത്തോടെയൊഴുകുന്ന ജോര്‍ദ്ദാന്‍നദിയുമെല്ലാം അടയാഭരണങ്ങളൊരുക്കിയ കനാന്‍ദേശത്തിന്‍റെ സൗന്ദര്യമാസ്വദിച്ച്, ആഴ്ചകളോളം അവന്‍ സഞ്ചരിച്ചു.

യാത്രയ്ക്കിടെ, ഫിലിസ്ത്യരുടെ ഗ്രാമമായ തിമ്നായില്‍ അവനെത്തി. ഉയരംകുറഞ്ഞ മലയുടെ താഴ്വരയില്‍, വിശാലമായ ഗോതമ്പുവയല്‍ കതിരണിഞ്ഞുനില്ക്കുന്നു. അതിനപ്പുറത്ത് മുന്തിരിത്തോട്ടങ്ങളും ഉരുളക്കിഴങ്ങു പാടങ്ങളും. അവിടവിടെയായി തണല്‍വിരിച്ചു നില്‍ക്കുന്ന അത്തിമരങ്ങള്‍... മലയുടെ ചരിവില്‍ വിശാലമായ പുല്‍ത്തകിടി. ഗോതമ്പുവയലിനും മുന്തിരിത്തോട്ടത്തിനും നടുവിലായി ഒരറ്റയടിപ്പാത. വിളഞ്ഞുപാകമാകാറായ ഗോതമ്പുപാടത്തുനിന്ന് ഒരു കതിര്‍പറിച്ചെടുത്ത്, അതില്‍നിന്ന് ഓരോ കതിര്‍മണികള്‍ ഉതിര്‍ത്തു വായിലിട്ട്, മന്ദമാരുതന്റെ തലോടലേറ്റ്, ആ ഒറ്റയടിപ്പാതയിലൂടെ സാംസണ്‍ നടന്നു.

പെട്ടെന്നാണതു സംഭവിച്ചത് – വഴിയോരത്തെ ഒരത്തിമരത്തിന്‍റെ മറവില്‍നിന്ന്, ഭീമാകാരനായ ഒരു സിംഹം സാംസണുനേരേ ചാടിവീണു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ സാംസണ്‍ പിന്നിലേക്കു മറിഞ്ഞുവീണു. അവന്‍റെമേല്‍ സിംഹം തന്‍റെ മുന്‍കാലുകളമര്‍ത്തി. വായ പിളര്‍ന്ന്, നീണ്ട ദൃംഷ്ടകള്‍ കഴുത്തിനുനേരേ അടുപ്പിക്കുന്ന ആ ജന്തുവിന്‍റെ കീഴ്ത്താടിക്കുതാഴെ സാംസണ്‍ കടന്നുപിടിച്ചു. ജടവലിച്ചു പറിച്ചെടുത്തു. ഒപ്പം മുട്ടുകാലുയര്‍ത്തി, അതിന്‍റെ വയറില്‍ കനത്ത പ്രഹരമേല്പിച്ചു. മല്പിടുത്തത്തിനൊടുവില്‍ സാംസണ്‍ ആ സിംഹത്തെ എടുത്തുയര്‍ത്തി നിലത്തടിച്ചു. പിന്നെ അതിന്‍റെ പിന്‍കാലുകളിലൊന്നില്‍ച്ചവിട്ടി, മറ്റേക്കാല്‍ കൈകൊണ്ടുവലിച്ചുയര്‍ത്തി. സിംഹത്തിന്റെ ശരീരം രണ്ടായി വലിച്ചുകീറി, കുറച്ചകലെയുണ്ടായിരുന്ന പാറക്കൂട്ടത്തിനിടയിലേക്കു വലിച്ചെറിഞ്ഞു.

ഗോതമ്പുവയലിന്‍റെ വശത്തുകൂടെ ഒഴുകിയിരുന്ന അരുവിയിലിറങ്ങി ദേഹശുദ്ധിവരുത്തി. നേരം ഉച്ചയോടടുത്തതിനാല്‍ അത്തിമരത്തില്‍നിന്ന് ഏതാനും പഴങ്ങള്‍ പറിച്ചുതിന്നു. അല്പനേരം അതിനുകീഴില്‍ക്കിടന്നു വിശ്രമിച്ചിട്ടു യാത്രതുടരാമെന്ന് അയാള്‍ കരുതി.

എന്തോ ശബ്ദംകേട്ടാണു സാംസണ്‍ ഉറക്കമുണര്‍ന്നത്. സൂര്യന്‍ പടിഞ്ഞാറേയ്ക്കു താഴ്ന്നുതുടങ്ങിയിരുന്നു. മലഞ്ചരിവിലെ പുല്‍മേട്ടില്‍ തന്‍റെ ആട്ടിന്‍കൂട്ടത്തെ മേയ്ക്കാനെത്തിയ ഒരു ഫിലിസ്ത്യപ്പെണ്‍കുട്ടി അവനെ ശ്രദ്ധിച്ചുകൊണ്ട് അവിടെ നിന്നിരുന്നു.

“നിങ്ങളാരാണ്? മുമ്പിവിടെയൊന്നും കണ്ടിട്ടില്ലല്ലോ! ഒരു ഹെബ്രായനാണെന്നു തോന്നുന്നല്ലോ.” അവളവനോടു ചോദിച്ചു.

സാംസണ്‍ അവളെ സൂക്ഷിച്ചുനോക്കി. വിടര്‍ന്ന വെള്ളാരംകണ്ണുകളുള്ള, കൃശഗാത്രയായ ഒരു ഫിലിസ്ത്യന്‍ സുന്ദരി. ഒറ്റനോട്ടത്തില്‍ത്തന്നെ സാംസണ് അവളെയിഷ്ടപ്പെട്ടു.

“ഞാനൊരു ഹെബ്രായന്‍തന്നെ. ഇവിടെനിന്ന് ഒരുപാടകലെയുള്ള, സോറാ എന്ന ഗ്രാമത്തില്‍നിന്നു വരുന്നു. ദേശങ്ങള്‍ കാണാനായിറങ്ങിയതാണ്. ആഴ്ചകളായി പല ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും സഞ്ചരിച്ചു. എന്നാല്‍ ഇന്നെന്‍റെ യാത്രയിലെ ഏറ്റവും നല്ല ദിവസമാണെന്നുതോന്നുന്നു. ഇതുവരെ ഒരിടത്തും കാണാന്‍കഴിയാത്ത, ഏറ്റവും സുന്ദരമായ ഒന്നു ഞാനിന്നു കണ്ടെത്തി. ഒറ്റനോട്ടത്തില്‍ത്തന്നെ എനിക്കു നിന്നെ ഇഷ്ടമായി. എന്‍റെ വധുവായി, എന്നോടൊപ്പംപോരാന്‍ നിനക്കു സമ്മതമാണോ?”

“ഞാന്‍ ആരുടെ ഭാര്യയാകണമെന്നു തീരുമാനിക്കേണ്ടത് എന്‍റെ പിതാവാണ്. ദാ, അവിടെ മുന്തിരിത്തോട്ടങ്ങള്‍ക്കുമപ്പുറത്താണു ഞങ്ങള്‍ താമസിക്കുന്നത്. വന്ന് എന്‍റെ പിതാവിനോടു ചോദിക്കൂ.”

“ഞാന്‍ പോയി എന്‍റെ മാതാപിതാക്കളെക്കൂട്ടി വരാം. എന്‍റെ പിതാവുതന്നെ നിന്‍റെ പിതാവിനോടു സംസാരിക്കട്ടെ. അതുവരെയും എനിക്കായി നീ കാത്തിരിക്കുക.”

സഞ്ചാരമവസാനിപ്പിച്ച്, അവനന്നുതന്നെ സേറായിലേയ്ക്കുള്ള മടക്കയാത്ര തുടങ്ങി. വീട്ടില്‍ തിരിച്ചെത്തി, മാതാപിതാക്കളെ തന്‍റെ ഇംഗിതമറിയിച്ചു.

“നമ്മുടെ ജനങ്ങളിലോ ബന്ധുക്കളിലോ കന്യകമാരില്ലാഞ്ഞിട്ടാണോ അപരിച്ഛേദിതരായ ഫിലിസ്ത്യരുടെയിടയില്‍ നീ ഭാര്യയെയന്വേഷിക്കുന്നത്?” മാതാപിതാക്കള്‍ അവനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

പക്ഷേ, അവരുടെ വാക്കുകള്‍ സാംസണെ പിന്തിരിപ്പിച്ചില്ല. ആ പെണ്‍കുട്ടിയുടെ ലാവണ്യം അത്രമേല്‍ അവന്‍റെ ഹൃദയം കീഴടക്കിയിരുന്നു.

മാതാപിതാക്കള്‍ പലവിധത്തില്‍ പിന്തിരിപ്പിക്കാന്‍ശ്രമിച്ചെങ്കിലും സാംസണ്‍ തന്റെ തീരുമാനത്തിലുറച്ചുനിന്നു. 

ഒടുവില്‍, തന്‍റെ ഹൃദയംകീഴടക്കിയ തിമ്നക്കാരിയായ പെണ്‍കുട്ടിയെ ജീവിതസഖിയാക്കാന്‍ സാംസണ്‍ന്‍റെ മാതാപിതാക്കള്‍ അവനെയനുവദിച്ചു. തിമ്നായിലെത്തി, തങ്ങളുടെ പുത്രനുവേണ്ടി, അവന്‍റെ പ്രണയിനിയുടെ മാതാപിതാക്കളോടു വിവാഹകാര്യം സംസാരിക്കാനും അവര്‍ തീരുമാനിച്ചു.

മാതാപിതാക്കള്‍ക്കൊപ്പം അവന്‍ വീണ്ടും തിമ്നായിലേക്കു പുറപ്പെട്ടു. താന്‍ സിംഹത്തോട് എതിരിട്ടുജയിച്ച സ്ഥലത്തെത്തിയപ്പോള്‍ സാംസണ്‍ മാതാപിതാക്കളെ വയല്‍വരമ്പില്‍ നിറുത്തിയിട്ടു സിംഹത്തിന്‍റെ ഉടല്‍വലിച്ചെറിഞ്ഞ പാറക്കെട്ടുകള്‍ക്കരികിലേക്കു പോയി. മാംസംമുഴുവന്‍ അഴുകിത്തീര്‍ന്ന, സിംഹത്തിന്‍റെ ഉണങ്ങിയ അസ്ഥികൂടം അപ്പോഴും അവിടെക്കിടന്നിരുന്നു. ആ അസ്ഥികൂടത്തില്‍ ഒരു വലിയ തേനീച്ചക്കൂടുണ്ടായിരുന്നു. അവന്‍ ശ്രദ്ധാപൂര്‍വ്വം അതടര്‍ത്തിയെടുത്തു. പിന്നെ മാതാപിതാക്കള്‍ക്കരികിലെത്തി, അതില്‍നിന്നു തേന്‍പിഴിഞ്ഞ് അവര്‍ക്കു നല്കി. അവനും ഭക്ഷിച്ചു. എന്നാല്‍, താന്‍ സിംഹവുമായി പോരാടി അതിനെ കൊന്നുവെന്നതോ ആ സിംഹത്തിന്‍റെ അസ്ഥകൂടത്തില്‍നിന്നാണു തേനെടുത്തതെന്നോ മാതാപിതാക്കളോടു പറഞ്ഞില്ല.

സാംസണ്‍ മാതാപിതാക്കള്‍ക്കൊപ്പം യുവതിയുടെ വീട്ടിലെത്തി. ഇരുകുടുംബങ്ങളിലെയും മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ സാംസണ്‍ന്‍റെ പ്രണയസാഫല്യത്തിനു വഴിയൊരുങ്ങി.

വധുവിന്‍റെ പിതാവിന്‍റെ ക്ഷണപ്രകാരം, തിമ്നാക്കാരായ മുപ്പതുചെറുപ്പക്കാര്‍ മണവാളനു തോഴന്മാരായി. തിമ്നായിലെ പതിവനുസരിച്ച്, വിവാഹശേഷം സാംസണ്‍ അവിടെയൊരു വിരുന്നുനടത്തി.

വിരുന്നിനിടെ സാംസണ്‍ മണവാളത്തോഴന്മാരോടു പറഞ്ഞു: “ഞാന്‍ നിങ്ങളോടൊരു കടംകഥ പറയാം. ഏഴുദിവസത്തിനകം ഉത്തരംപറഞ്ഞാല്‍ ഓരോരുത്തര്‍ക്കും ഓരോ ചണവസ്ത്രവും വിശേഷവസ്ത്രവും ഞാന്‍ തരാം. ഉത്തരംപറയാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങളോരോരുത്തരും ഒന്നുവീതം, മുപ്പതു ചണവസ്ത്രങ്ങളും അത്രയുംതന്നെ വിശേഷവസ്ത്രങ്ങളും എനിക്കുതരണം.”

“എന്താണു നിന്‍റെ കടംകഥ? കേള്‍ക്കട്ടെ...” മണവാളത്തോഴന്മാര്‍ സാംസണ്‍ന്‍റെ നിബന്ധന സമ്മതിച്ചുകൊണ്ടു ചോദിച്ചു..

താന്‍ കൊലപ്പെടുത്തിയ സിംഹത്തിന്‍റെ അസ്ഥികൂടത്തില്‍നിന്നു തേന്‍ ലഭിച്ചതോര്‍മ്മിച്ചുകൊണ്ടു സാംസണ്‍ ചോദിച്ചു. "ഭോക്താവില്‍നിന്നു ഭോജനവും മല്ലനില്‍നിന്നു മാധുര്യവും പുറപ്പെട്ടു. എന്താണിതെന്നു നിങ്ങളിലാരു പറയും? ആരുത്തരംപറഞ്ഞാലും സമ്മാനം എല്ലാവര്‍ക്കുമുള്ളതാണ്.”

മൂന്നുദിവസമാലോചിച്ചിട്ടും അവര്‍ക്കാര്‍ക്കും സാംസണ്‍ പറഞ്ഞതിന്‍റെ പൊരുളെന്തെന്നു മനസ്സിലായില്ല. നാലാംദിവസം പുലര്‍ച്ചെ, അവര്‍ സാംസണ്‍ന്‍റെ ഭാര്യയെ സമീപിച്ചു പറഞ്ഞു.

“ഒരു പരദേശിയുടെമുമ്പില്‍ ഞങ്ങളെ അപമാനിതരാക്കാനും ദരിദ്രരാക്കാനുമാണോ നിന്‍റെ പിതാവു ഞങ്ങളെ ക്ഷണിച്ചുവരുത്തി, അവന്‍റെ മണവാളത്തോഴന്മാരാക്കിയത്? നിന്‍റെ ഭര്‍ത്താവില്‍നിന്നു കടംകഥയുടെ പൊരുളറിഞ്ഞു ഞങ്ങളോടു പറഞ്ഞില്ലെങ്കില്‍, ഞങ്ങള്‍ നിന്നെ കുടുംബത്തോടെ ചുട്ടെരിക്കും.”

സാംസണ്‍ന്‍റെ ഭാര്യ ഭയന്നുപോയി. എന്നാല്‍ സംഭവിച്ചതെന്തെന്ന് അവളവനോടു പറഞ്ഞില്ല. പകരം കടംകഥയുടെ പൊരുളെന്തെന്നു പറയാന്‍ സാംസണെ നിര്‍ബ്ബന്ധിച്ചു.

അവന്‍റെ മുമ്പില്‍കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു: “നിനക്കെന്നോടു സ്‌നേഹമില്ല. നിന്‍റെ മണവാളത്തോഴന്മാരോടു നീ ഒരു കടംകഥ പറഞ്ഞു. എന്നാല്‍, അതിന്‍റെ പൊരുളെന്തെന്നു നീ എന്നോടിതുവരെ പറഞ്ഞില്ലല്ലോ...”

“എന്‍റെ മാതാപിതാക്കളോടുപോലും ഞാനതു പറഞ്ഞിട്ടില്ല. നിന്നോടും ഞാനതു പറയുന്നില്ല.”

എന്നാല്‍ അവന്‍റെ ഭാര്യ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. സാംസണ്‍ അടുത്തെത്തുമ്പോഴെല്ലാം അവള്‍ കണ്ണീരൊഴുക്കി. കടംകഥയുടെ അര്‍ത്ഥമെന്തെന്നുപറയാന്‍ അവനെ നിര്‍ബ്ബന്ധിച്ചുകൊണ്ടിരുന്നു. ഏഴാംദിവസം പുലരുംമുമ്പേ അവളതില്‍ വിജയിക്കുകയുംചെയ്തു.

അന്നു സൂര്യനസ്തമിക്കുന്നതിനുമുമ്പ്, മണവാളത്തോഴന്മാര്‍ കടംകഥയുടെ പൊരുളെന്തെന്നു സാംസണോടു പറഞ്ഞു.

എവിടെനിന്നാണ് അവര്‍ക്കീ ഉത്തരം ലഭിച്ചതെന്നു സാംസണു മനസ്സിലായി. അവന്‍ കോപിഷ്ഠനായി. അഷ്‌കലോണ്‍ എന്ന പട്ടണത്തില്‍ച്ചെന്നു മുപ്പതുപേരെക്കൊന്നു കൊള്ളയടിച്ച്, കടംകഥയുടെ സാരംപറഞ്ഞവര്‍ക്കു വാഗ്ദാനംചെയ്ത സമ്മാനങ്ങള്‍ നല്കി. കോപാക്രാന്തനായ അവന്‍, ഭാര്യയോടു കയര്‍ത്തുസംസാരിച്ചതിനുശേഷം, അവളെവിട്ടു തന്‍റെ പിതൃഭവനത്തിലേക്കു പോയി.

സാംസണ്‍ എന്തുകൊണ്ടിങ്ങനെചെയ്തുവെന്ന് അയാളുടെ ഭാര്യാപിതാവറിഞ്ഞിരുന്നില്ല. പുത്രിയോടു വഴക്കടിച്ചും അവളെ കൂടെക്കൂട്ടാതെയും തന്‍റെ നാട്ടിലേക്കു മടങ്ങിയ സാംസണ്‍, മാസങ്ങള്‍കഴിഞ്ഞിട്ടും തിരികെ വരാതായപ്പോള്‍ അവന്‍ തന്‍റെ മകളെ ഉപേക്ഷിച്ചുപോയതാകാമെന്ന് അയാള്‍ കരുതി. തങ്ങൾക്കിടയിൽ സംഭവിച്ചതെന്തെന്ന് സാംസൺൻ്റെ ഭാര്യ തൻ്റെ മാതാപിതാക്കളോടു പറഞ്ഞതുമില്ല.

അതിനാലവർ, സാംസണു മണവാളത്തോഴരായി നല്കിയ യുവാക്കളിലൊരുവനുമായി പുത്രിയുടെ പുനര്‍വിവാഹംനടത്തി.

വീണ്ടും ചില മാസങ്ങള്‍ കടന്നുപോയി. സാംസണ്‍ന്‍റെ കോപം പൂര്‍ണ്ണമായടങ്ങി. പ്രിയതമയെയെക്കുറിച്ചുള്ള ചിന്തകളാല്‍ സാംസണ്‍ന്‍റെ ഹൃദയം വീണ്ടും തരളിതമായി. ഭാര്യയ്ക്കായി നല്ലൊരു സമ്മാനവും കരുതിവച്ച് സാംസണ്‍ വീണ്ടും തിമ്നായിലെത്തി...

------------------------------------------------------------------------------
*കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തോടു പറയുക, കര്‍ത്താവിനു സ്വയംസമര്‍പ്പിക്കുന്നതിനു നാസീര്‍വ്രതമെടുക്കുന്നയാള്‍ സ്ത്രീയായാലും പുരുഷനായാലും, ഇപ്രകാരം ചെയ്യണം: വീഞ്ഞും ശക്തിയുള്ള ലഹരിപാനീയങ്ങളും വര്‍ജ്ജിക്കണം. അവയില്‍നിന്നുണ്ടാക്കിയ വിനാഗിരി കുടിക്കരുത്; മുന്തിരിയില്‍നിന്നുണ്ടാക്കിയ ഏതെങ്കിലും പാനീയം കുടിക്കുകയോ പഴുത്തതോ ഉണങ്ങിയതോആയ മുന്തിരിങ്ങ തിന്നുകയോ അരുത്. വ്രതകാലംമുഴുവന്‍ മുന്തിരിയില്‍നിന്നുള്ള ഒന്നും - കുരുവോ തൊലിപോലുമോ – തിന്നരുത്. ക്ഷൗരക്കത്തി വ്രതകാലത്ത് അവന്റെ തലയില്‍ സ്പര്‍ശിക്കരുത്. കര്‍ത്താവിന്റെമുമ്പില്‍ വ്രതമനുഷ്ഠിക്കുന്നകാലമത്രയും വിശുദ്ധി പാലിക്കണം; മുടി വളര്‍ത്തണം. വ്രതകാലം തീരുവോളം ശവശരീരത്തെ സമീപിക്കരുത്. പിതാവോ മാതാവോ സഹോദരനോ സഹോദരിയോ മരിച്ചാല്‍പ്പോലും അവരെ സ്പര്‍ശിച്ച് അവന്‍ സ്വയമശുദ്ധനാകരുത്. എന്തെന്നാല്‍, ദൈവത്തിന്റെ മുമ്പിലെടുത്ത വ്രതത്തിന്റെ ചിഹ്നം അവന്റെ ശിരസ്സിലുണ്ട്. വ്രതകാലംമുഴുവന്‍ അവന്‍ കര്‍ത്താവിനു വിശുദ്ധനാണ്. – സംഖ്യാ പുസ്തകം അദ്ധ്യായം 6, ഒന്നുമുതല്‍ എട്ടുവരെയുള്ള വാക്യങ്ങള്‍

Sunday 22 July 2018

71. സാംസൺ

ബൈബിൾക്കഥകൾ 71


ജഫ്തയ്ക്കുശേഷം ഇബ്സാന്‍, ഏലോന്‍, അബ്ദോന്‍ എന്നിവരേയും ഇസ്രായേലിൻ്റെ ന്യായപാലകരായി കര്‍ത്താവുയര്‍ത്തി. എങ്കിലും നന്മകള്‍ക്കായി ദൈവത്തെ വിളിക്കുകയും സമൃദ്ധിയില്‍ അവിടുത്തെ മറക്കുകയുംചെയ്തിരുന്ന തങ്ങളുടെ പൂര്‍വ്വികരുടെ വഴിയിലൂടെതന്നെ ഇസ്രായേലിൻ്റെ പിന്‍തലമുറകളും സഞ്ചരിച്ചു.

അബ്ദോൻ്റെ മരണശേഷം കര്‍ത്താവിനെ മറന്നുജീവിച്ച ഇസ്രയേല്‍ജനതയെ അവിടുന്നു ഫിലിസ്ത്യര്‍ക്ക് ഏല്പിച്ചുകൊടുത്തു. ഫിലിസ്ത്യരുടെകീഴില്‍ ഇസ്രയേല്‍ വലഞ്ഞിരുന്ന നാളുകളില്‍ ഇസ്രയേലുകാര്‍ വീണ്ടും കര്‍ത്താവിനെവിളിച്ചു പ്രാര്‍ത്ഥിച്ചുതുടങ്ങി.

സോറാ എന്ന ഗ്രാമത്തില്‍ ജീവിച്ചിരുന്ന ദാന്‍ഗോത്രജനായ മനോവയും ഭാര്യയും എല്ലായ്പോഴും കര്‍ത്താവിനെമാത്രം ആരാധിച്ചുജീവിച്ചവരായിരുന്നു. മനോവയുടെ ഭാര്യ വന്ധ്യയായിരുന്നതിനാല്‍ അവര്‍ക്കു മക്കളുണ്ടായിരുന്നില്ല.

അനപത്യതാദുഃഖവും അയല്‍ക്കാരുടെയും ബന്ധുക്കളുടെയും *പരിഹാസവും ഏറെ മനോവിഷമങ്ങളുണ്ടാക്കിയിരുന്നെങ്കിലും പരസ്പരസ്നേഹത്തിലും ദൈവവിശ്വാസത്തിലും മനോവയും ഭാര്യയും മറ്റാരെയുംകാള്‍ മുമ്പിലായിരുന്നു.

അങ്ങനെയിരിക്കേ, ഒരുദിവസം, വീടിനുമുന്നില്‍, വിറകുണക്കിക്കൊണ്ടിരിക്കുപ്പോള്‍, ഒരു മനുഷ്യന്‍ തൻ്റെനേരേ നടന്നുവരുന്നതു മനോവയുടെ ഭാര്യ കണ്ടു.

സാധാരണമനുഷ്യര്‍ക്കില്ലാത്ത ഒരഭൗമതേജസ് ആ മനുഷ്യൻ്റെ മുഖത്തു ദൃശ്യമായിരുന്നു. ദൈവപുരുഷനായ ഒരു പ്രവാചകനാകാം തൻ്റെനേരെ നടന്നുവരുന്നതെന്ന് അവൾ കരുതി. അവൾക്കു ഭയംതോന്നി.

അവന്‍, അവളുടെ മുമ്പിലെത്തി, അവളോടുപറഞ്ഞു: "നിന്നെ വന്ധ്യയെന്നു പരിഹസിക്കുന്നവര്‍ക്കുമുമ്പില്‍ കര്‍ത്താവു നിന്നെ അനുഗൃഹീതയാക്കും.

നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അതുകൊണ്ട്, നീ സൂക്ഷിക്കണം. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. നിനക്കു ജനിക്കുന്ന പുത്രൻ്റെ തലയില്‍ ക്ഷൗരക്കത്തി തൊടരുത്. അവന്‍ ആജീവനാന്തം ദൈവത്തിനു *നാസീര്‍വ്രതക്കാരനായിരിക്കണം. അവന്‍ ഫിലിസ്ത്യരുടെ കൈയില്‍നിന്ന് ഇസ്രായേലിനു മോചനംനല്കും."

മുഖവുരകൂടാതെയുള്ള അവൻ്റെ വാക്കുകൾ സന്തോഷമേകുന്നവയായിരുന്നെങ്കിലും അവൻ്റെ മുഖത്തിൻ്റെ അഭൗമതേജസ്സും സ്വർഗ്ഗീയസംഗീതംപൊഴിയുന്നതുപോലുള്ള ശബ്ദവും എന്തുചെയ്യണമെന്നും പറയണമെന്നുമറിയാത്ത സന്നിഗ്ദ്ധാവസ്ഥയിൽ അവളെയെത്തിച്ചു. അവള്‍ പെട്ടെന്നു പിന്തിരിഞ്ഞ്, വീട്ടിനുള്ളിലായിരുന്ന ഭര്‍ത്താവിനടുത്തേക്കോടി.

അവള്‍ ഭർത്താവിനടുത്തു ചെന്നുനിന്നു കിതച്ചു. അവൾ പറഞ്ഞു: "ഒരു ദൈവപുരുഷന്‍ എൻ്റെയടുത്തുവന്നു. അവൻ്റെ മുഖം ദൈവദൂതന്റേതുപോലെയാണു്."

അവന്‍ തന്നോടുപറഞ്ഞെതെല്ലാം അവള്‍ മനോവയോടു പറഞ്ഞു.

"അവനാരാണ്? അവൻ്റെ പേരെന്താണ്? എവിടെനിന്നു വരുന്നു?" മനോവ ചോദിച്ചു.

"ഞാനാകെ ഭയന്നുപോയിരുന്നു. എവിടെനിന്നു വരുന്നുവെന്ന് അവനോടു ഞാന്‍ ചോദിച്ചില്ല; അവന്‍ പേരു പറഞ്ഞതുമില്ല."

മനോവ ഭാര്യയോടൊപ്പം വീടിനു പുറത്തേക്കു വന്നു. എന്നാല്‍ അവിടെയാരെയും കണ്ടില്ല. ചുറ്റുവട്ടത്തെല്ലാം തിരഞ്ഞുവെങ്കിലും ആ മനുഷ്യന്‍ എങ്ങോട്ടുപോയെന്നു കണ്ടെത്താനായില്ല.

തൻ്റെ ഭാര്യ പറഞ്ഞതുപോലെ ഒരുപക്ഷേ, അതൊരു ദൈവപുരുഷനാകാമെന്നു മനോവയ്ക്കു തോന്നി. അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. "കര്‍ത്താവേ, അങ്ങയച്ച ദൈവപുരുഷന്‍, വീണ്ടും ഞങ്ങളുടെയടുക്കല്‍വന്ന്, ജനിക്കാനിരിക്കുന്ന ശിശുവിനുവേണ്ടി ഞങ്ങളെന്താണു ചെയ്യേണ്ടതെന്നറിയിക്കാനിടയാക്കണമേ! "

കുറച്ചുദിവസങ്ങള്‍ക്കുശേഷം വയലിലായിരിക്കുമ്പോള്‍ ദൈവദൂതന്‍ വീണ്ടും ആ സ്ത്രീയുടെ അടുത്തുവന്നു. ഭര്‍ത്താവായ മനോവ അപ്പോഴും അവളോടുകൂടെയുണ്ടായിരുന്നില്ല.

അവള്‍ പറഞ്ഞു. "ദൈവപുരുഷാ, അല്പനേരം അങ്ങെനിക്കായി ഇവിടെ നില്‍ക്കണേ, ഞാനോടിപ്പോയി എൻ്റെ ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുവരാം."

അവളോടിച്ചെന്ന്, ഗോതമ്പുവയലിൻ്റെ മറ്റൊരു‍ഭാഗത്തായിരുന്ന ഭര്‍ത്താവിനോടു പറഞ്ഞു: "കഴിഞ്ഞദിവസം എൻ്റെയടുത്തുവന്നയാള്‍ വീണ്ടും വന്നിരിക്കുന്നു."

മനോവ ഭാര്യയോടൊപ്പംചെന്ന് അവനോടു ചോദിച്ചു: "ഞങ്ങള്‍ക്കൊരു പുത്രനുണ്ടാകുമെന്ന് ഇവളോടു പറഞ്ഞതു താങ്കളാണോ?

"അതേ, അതു ഞാന്‍തന്നെ!"

"അങ്ങയുടെ വാക്കുകള്‍ ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ മാനക്കേടു കര്‍ത്താവു നീക്കിക്കളയട്ടെ!

അങ്ങ് പറഞ്ഞതെല്ലാം ഇവളെന്നോടു പറഞ്ഞിരുന്നു. അങ്ങയുടെ വാക്കുകള്‍ നിറവേറുമ്പോള്‍, ബാലൻ്റെ ജീവിതചര്യ എങ്ങനെയായിരിക്കണം? അവനെന്താണു ചെയ്യേണ്ടത്? "

"ഞാന്‍ നിൻ്റെ ഭാര്യയോടു പറഞ്ഞതെല്ലാം അവള്‍പാലിക്കട്ടെ. മുന്തിരിയില്‍നിന്നുള്ളതൊന്നും അവള്‍ ഭക്ഷിക്കരുത്. വീഞ്ഞോ ലഹരിവസ്തുക്കളോ ഉപയോഗിക്കരുത്. അശുദ്ധമായതൊന്നും തിന്നുകയുമരുത്. നിങ്ങള്‍ക്കുണ്ടാകുന്ന പുത്രന്‍ ആജീവനാന്തം *നാസീര്‍വ്രതക്കാരനായിരിക്കണം. "

മനോവ ആ മനുഷ്യനെ താണുവണങ്ങി. "ഞങ്ങള്‍ നിനക്കായി ഭക്ഷണമൊരുക്കാം. ഒരാട്ടിന്‍കുട്ടിയെ പാകംചെയ്യുന്നതുവരെ അങ്ങു കാത്തുനില്‍ക്കണമേ!"

"നിനക്കുവേണ്ടി ഞാന്‍ കാത്തുനില്ക്കാം, എന്നാല്‍ നിൻ്റെ ഭക്ഷണം ഞാന്‍ കഴിക്കുകയില്ല. ആട്ടിന്‍കുട്ടിയെ നീ പാകംചെയ്യുന്നെങ്കില്‍ അതു കര്‍ത്താവിനു ദഹനബലിയായര്‍പ്പിക്കുക"

"അങ്ങു കല്പിക്കുന്നതുപോലെ ഞാന്‍ ചെയ്യാം. അങ്ങയുടെ പേരെന്താണെന്ന് എന്നോടു പറയാമോ?"

"എൻ്റെ പേര് ഒരദ്ഭുതമാണ്. അതു നീയറിയേണ്ടതില്ല."

മനോവ പിന്നീടൊന്നും ചോദിച്ചില്ല.
അവന്‍ ഒരാട്ടിന്‍കുട്ടിയെ കൊന്നു. ധാന്യബലിയോടൊപ്പം ഒരു ദഹനബലിയായി അവനതിനെ കര്‍ത്താവിനര്‍പ്പിച്ചു. ബലിപീഠത്തില്‍നിന്ന് അഗ്നിജ്വാല ആകാശത്തിലേക്കുയര്‍ന്നു. മനോവയും ഭാര്യയും നോക്കിനില്‍ക്കേ, അവരോടു സംസാരിച്ച മനുഷ്യന്‍ ബലിപീഠത്തിലെ അഗ്നിജ്വാലയിലൂടെ ഉയര്‍ന്നുപോയി. അതു കര്‍ത്താവിൻ്റെ ദൂതനായിരുന്നെന്നു മനോവയ്ക്കു മനസ്സിലായി. അവന്‍ ഭാര്യയോടൊപ്പം നിലത്തു കമിഴ്ന്നുവീണു സാഷ്ടാംഗം നമസ്ക്കരിച്ചു.

അധികംനാളുകള്‍ കഴിയുംമുമ്പേ, അവളുടെ ഉദരത്തിലെ ജീവൻ്റെ തുടിപ്പുകള്‍ അവര്‍ തിരിച്ചറിഞ്ഞു. കാലത്തികവില്‍ അവര്‍ക്കൊരു പുത്രന്‍ ജനിച്ചു. അവരവന് സാംസണ്‍ എന്നു പേരിട്ടു.

അവൻ്റെ അമ്മയോടു കല്പിച്ചിരുന്നതുപോലെ ജീവിതാരംഭംമുതല്‍തന്നെ അവന്‍ നാസീര്‍വ്രതത്തില്‍ പരിശീലിപ്പിക്കപ്പെട്ടു. കര്‍ത്താവിൻ്റെയാത്മാവ് ശൈശവത്തിൽത്തന്നെ അവൻ്റെമേലുണ്ടായിരുന്നു.
--------------------------------------------------------------------------------------------------------------------------

  1. അനപത്യത ദൈവശാപമാണെന്ന വിശ്വാസം ഇസ്രായേലിലുണ്ട്.
  2. ഒരു വ്യക്തി, തന്നെത്തന്നെ കര്‍ത്താവിനു സമര്‍പ്പിക്കുന്നതിനായി എടുക്കുന്ന വ്രതം. നാസീർ വ്രതമനുഷ്ഠിക്കുന്നയാൾ വ്രതകാലത്ത്, മുന്തിരിയോ ലഹരിപദാർത്ഥങ്ങളോ ഉപയോഗിക്കുകയില്ല. തലമുടി മുറിക്കുകയുമില്ല.

Sunday 15 July 2018

70. ജഫ്താ


ബൈബിള്‍ക്കഥകള്‍ - 70

ഇസ്രായേൽ വീണ്ടും കർത്താവിനെ പരിത്യജിച്ചു്, അന്യദേവന്മാർക്കു പൂജാഗിരികളൊരുക്കി. ബാൽദേവനും അസ്താർത്തെദേവതകൾക്കുംമുമ്പിൽ ബലിവസ്തുക്കളർപ്പിച്ചു. 

കർത്താവിന്റെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടുന്നവരെ അന്യജനതകൾക്കു വിട്ടുകൊടുത്തു. ഫിലിസ്ത്യരും അമോന്യരും ഇസ്രായേലിനുമേൽ ആധിപത്യംനേടി. അവർ ഇടയ്ക്കിടെ ഇസ്രായേലിനെ ആക്രമിക്കുകയും കൊള്ളയടിക്കുകയുംചെയ്തു. പതിനെട്ടുവർഷം അന്യജനതകൾ ഇസ്രായേലിനെ ഞെരുക്കി. വയലൊരുക്കി വിത്തുവിതയ്ക്കാൻ ഇസ്രായേൽക്കാർ. എന്നാൽ വിളകൊയ്യാൻകാലമാകുമ്പോൾ അന്യജനതകളെത്തും.... 

വിളസമൃദ്ധികണ്ട് ആനന്ദിക്കാനല്ലാതെ അതിന്റെ ഫലമനുഭവിക്കാൻ ഇസ്രായേലുകാർക്കായില്ല. കൊയ്ത്തുകാലമാകുമ്പോൾ ഫിലിസ്ത്യരും അമോന്യരും ആയുധധാരികളായെത്തി, ഇസ്രായേലിലെ വയലുകളെല്ലാം കൊയ്തെടുത്തുകൊണ്ടുപോയി. എതിർക്കാൻ ശ്രമിച്ചവർ വധിക്കപ്പെട്ടു. നിലമുഴുതൊരുക്കി, കട്ടയുടച്ച്, വിത്തുവിതച്ച്, വിതകാത്തുകിടന്നവർ കാലാപെറുക്കി ഉപജീവനംകഴിക്കേണ്ട ഗതികേടിലായി.

തങ്ങൾ കർത്താവിൽനിന്നു മുഖംതിരിച്ചതിനാലാണ്, ഈ അനർത്ഥങ്ങളൊക്കെ വന്നുഭവിച്ചതെന്നു തിരിച്ചറിഞ്ഞപ്പോൾ,
ഇസ്രായേൽ കർത്താവിനുമുമ്പിലേക്കു വീണ്ടുംതിരിഞ്ഞു. 

"ഈജിപ്തിൽനിന്നു ഞങ്ങളുടെ പിതാക്കന്മാരെ മോചിപ്പിച്ചുകൊണ്ടുവന്ന ഞങ്ങളുടെ ദൈവത്തെമറന്ന്, ബാലിനെ സേവിച്ചതിനാൽ, കർത്താവേ അങ്ങേയ്ക്കെതിരായി ഞങ്ങൾ പാപംചെയ്തു. ഞങ്ങളോടു കരുണതോന്നി, ഞങ്ങളുടെ ശത്രുക്കളിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ!" 

ഇസ്രായേല്യർ കർത്താവിനുമുമ്പിൽ വീണ്ടും മുട്ടുമടക്കി.

എന്നാൽ കർത്താവു് അവരുടെ പ്രാർത്ഥന കേട്ടില്ല. അവിടുന്നു പറഞ്ഞു. "നിങ്ങൾ തിരഞ്ഞെടുത്ത ദേവന്മാരുടെ മുമ്പിൽപ്പോയിക്കരയുക. അവർ നിങ്ങളെ മോചിപ്പിക്കട്ടെ."

"കർത്താവേ, ഞങ്ങൾ പാപംചെയ്തുപോയി. അങ്ങേയ്ക്കിഷ്ടമുള്ളതു ഞങ്ങളോടു ചെയ്തുകൊള്ളുക."

ഇസ്രായേൽജനം ബാലിന്റേയും അഷേറയുടേയും അസ്താർത്താദേവതകളുടേയും വിഗ്രഹങ്ങളെല്ലാം നീക്കംചെയ്തു. വീണ്ടും കർത്താവിനെമാത്രമാരാധിച്ചുതുടങ്ങി.

അപ്പോൾ, ഗിലയാദിന്റെ പുത്രനും ഒരു കൊള്ളസംഘത്തിന്റെ തലവനും വലിയ പോരാളിയുമായിരുന്ന ജഫ്തയുടെ ഹൃദയത്തിൽ കർത്താവു ചില പരിവർത്തനങ്ങൾ വരുത്തിത്തുടങ്ങി....

ഗിലയാദിനു് ഒരു വേശ്യയിൽ ജനിച്ച പുത്രനായിരുന്നു ജഫ്ത. അവൻ്റെ അമ്മയ്ക്കവനെ വേണ്ടായിരുന്നു. എന്നാൽ പിതാവ്, അവനെത്തള്ളിക്കളഞ്ഞില്ല.

ഗിലയാദ് അവനെ തന്റെ ഭവനത്തിലേക്കു കൊണ്ടുവന്നു. തന്റെ ഭാര്യയിൽജനിച്ച പുത്രന്മാർക്കൊപ്പം അവനെയും വളർത്തി. എന്നാൽ ഗിലയാദിന്റെ ഭാര്യയും അവളുടെ മക്കളും ജഫ്തയെ വെറുത്തു.
ഗിലയാദ് മരിച്ചപ്പോൾ ജഫ്ത ഒറ്റപ്പെട്ടു. കുടുംബത്തിൽനിന്നും അവൻ പുറംതള്ളപ്പെട്ടു. തന്റെ സഹോദരന്മാരിൽനിന്നു രക്ഷപ്പെടാനായി, തോബ് എന്ന സ്ഥലത്തേക്കു് അവൻ ഓടിപ്പോയി.

അവനെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. തോബിലൂടെ കടന്നുപോകുന്ന വഴിപോക്കരായ പലരുടേയുംമുമ്പിൽ അവൻ കൈനീട്ടിയെങ്കിലും എല്ലാവരുമവനെ ആട്ടിയോടിച്ചു...

ദിവസങ്ങളോളം അവനു പട്ടിണി കിടക്കേണ്ടതായി വന്നു. അപ്പോളവൻ വഴിപോക്കരെക്കൊള്ളയടിച്ചുതുടങ്ങി

മികച്ച കായികാഭ്യാസിയായിരുന്ന ജഫ്തയോടൊത്ത്,  തെമ്മാടികളായ കുറേ ചെറുപ്പക്കാർ കൂട്ടുകൂടിത്തുടങ്ങി.
കാലക്രമത്തിൽ, നീചത്തം കൈമുതലാക്കിയ ഒരു കൊള്ളസംഘമായി അവർ വളർന്നുവന്നു. 

വസന്തവൃഷ്ടിക്കുശേഷം കൊയ്ത്തിനുസമയമായപ്പോൾ അമ്മോന്യർ യുദ്ധത്തിനു തയ്യാറായി വന്നു.

അക്കാലത്ത്, കർത്താവിന്റെ ആത്മാവു് ജഫ്തയിൽവന്നുനിറഞ്ഞു. ജഫ്തയ്ക്കു തന്റെ ജീവിതരീതികൾ മടുത്തുതുടങ്ങി. അവൻ, തന്റെ വീഴ്ചകളേറ്റുപറഞ്ഞ്, കർത്താവിലേക്കു മനസ്സുതിരിച്ചുതുടങ്ങി. 

അമ്മോന്യർ യുദ്ധത്തിനുവരുന്നതറിഞ്ഞ ഇസ്രായേൽക്കാർ കർത്താവിന്റെ സന്നിധിയിൽ ഒന്നിച്ചുചേർന്നു പ്രാർത്ഥിച്ചു.

"ഗിലയാദിന്റെ പുത്രനായ ജഫ്തയെച്ചെന്നു കാണുക. എന്റെ ആത്മാവിനാൽ ഞാനവനെ ശക്തിപ്പെടുത്തും. അവൻ നിങ്ങളെ സംരക്ഷിക്കും."

വലിയ അഭ്യാസിയായ ജഫ്ത്തയ്ക്ക് തങ്ങളെ സംരക്ഷിക്കാനാകുമെന്ന് ഇസ്രായേൽക്കാർക്കുതോന്നി.
കർത്താവിന്റെ കല്പനയനുസരിച്ചു ജഫ്തയെ കൂട്ടിക്കൊണ്ടുവരാനായി, അവർ തോബിലേക്കു പോയി. ജഫ്തയുടെ സഹോദരന്മാരും അവർക്കൊപ്പമുണ്ടായിരുന്നു.

"അമ്മോന്യരുമായുള്ള യുദ്ധത്തിൽ നീ ഞങ്ങളെ നയിക്കണം." ഇസ്രായേലുകാർ ജഫ്തയോടാവശ്യപ്പെട്ടു.

"ഞാൻ വേശ്യാപുത്രനല്ലേ? നിങ്ങളെന്നെ വെറുക്കുകയും എന്റെ പിതാവിന്റെ ഭവനത്തിൽനിന്ന് അടിച്ചിറക്കുകയുംചെയ്തില്ലേ? എന്റെ കഷ്ടതകളിൽ ആരെന്നെ സഹായിച്ചു? ഇപ്പോൾ നിങ്ങളപകടത്തിൽപ്പെട്ടപ്പോൾ എന്നെത്തേടി വന്നതെന്തിനു്?"

"ഞങ്ങളുടെ തെറ്റുകൾ നീ ഞങ്ങളോടു പൊറുക്കണം. ശത്രുക്കൾക്കെതിരായ പോരാട്ടത്തിൽ, നീ മുമ്പിൽനിന്ന് ഇസ്രായേലിനെ നയിക്കണമെന്നാണു ഞങ്ങളാഗ്രഹിക്കുന്നതു്. നിന്നോടു ഞങ്ങൾചെയ്ത തെറ്റുകൾക്കു പരിഹാരമായി നിന്നെ ഞങ്ങളുടെ നേതാവായി ഞങ്ങളംഗീകരിക്കുന്നു.. കർത്താവു നിന്നെ ശക്തിപ്പെടുത്തും. നീ അമ്മോന്യരെ പരാജയപ്പെടുത്തി ഇസ്രായേലിനെ രക്ഷിക്കും."

തന്റെ പാപകരമായ ജീവിതശൈലിയിൽനിന്നു പിന്തിരിയാനാഗ്രഹിച്ചിരുന്ന ജഫ്തയ്ക്ക്, നിനയ്ക്കാതെ കൈവന്ന ഒരവസരമായിരുന്നു അത്.

ജഫ്‌താ ചോദിച്ചു: "കര്‍ത്താവ്‌ അമ്മോന്യരെ എനിക്കേല്പിച്ചുതന്നാല്‍, ഞാന്‍ നിങ്ങളുടെ നേതാവാകുമെന്നതുറപ്പല്ലേ?"

"കര്‍ത്താവു നമുക്കിടയിൽ സാക്ഷിയായിരിക്കട്ടെ; നീ അമ്മോന്യരെക്കീഴടക്കിയാൽ നീ പറയുന്നതുപോലെ ഞങ്ങള്‍ ചെയ്യും, തീര്‍ച്ച."ഇസ്രായേൽക്കാർ ജഫ്തായോടു് ഉടമ്പടിചെയ്തു.

ജഫ്‌താ, അമ്മോന്യരാജാവിന്റെയടുത്തേക്കു തന്റെ സന്ദേശവുമായി ദൂതന്മാരെയയച്ചു ചോദിച്ചു: "ഇസ്രായേൽ, എൻ്റെ രാജ്യമാണ്. എന്റെ ദേശത്തോടു യുദ്ധംചെയ്യാന്‍ നിനക്കെന്നോടെന്താണു വിരോധം?"

അമ്മോന്യരാജാവു ദൂതന്മാർക്കു മറുപടി നല്കി: "ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു വന്നപ്പോള്‍ അര്‍നോണ്‍മുതല്‍ ജാബോക്കും ജോര്‍ദ്ദാനുംവരെയുള്ള എന്റെ സ്‌ഥലം കൈവശപ്പെടുത്തി. അതിപ്പോൾ എനിക്കു തിരികെകിട്ടണം. യുദ്ധമൊഴിവാക്കാൻ ദേശമെനിക്കു വിട്ടുനല്കുക."

ജഫ്ത വീണ്ടും ദൂതന്മാരെയയച്ചു. "ഞാന്‍ നിന്നോട്‌ ഒരപരാധവും ചെയ്‌തിട്ടില്ല. ഇസ്രായേല്‍ജനം, ഹെഷ്‌ബോണിലും അതിന്റെ ഗ്രാമങ്ങളിലും അരോവറിലും അതിന്റെ ഗ്രാമങ്ങളിലും അര്‍നോണ്‍തീരത്തുള്ള എല്ലാപ്പട്ടണങ്ങളിലും മുന്നൂറുവര്‍ഷമായി താമസിക്കുന്നു. എന്തുകൊണ്ടവ നീ നേരത്തേ വീണ്ടെടുത്തില്ല? മോവാബ്യരുടെയോ അമ്മോന്യരുടെയോ ദേശം ഞാൻ കൈയടക്കിയില്ല. പല തലമുറകളായി എൻ്റെ പിതാക്കന്മാർ താമസിച്ചിരുന്ന ദേശത്താണു ഞാൻ താമസിക്കുന്നത് അതിനാൽ, എന്നോടു യുദ്ധംചെയ്യുന്നതു തെറ്റാണ്‌. 

അന്യായമായി നീ യുദ്ധത്തിനുവന്നാൽ, എന്റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവ്‌ ഇസ്രായേല്യര്‍ക്കും അമ്മോന്യര്‍ക്കുമിടയിൽ ഇന്നു ന്യായവിധിനടത്തും."

ജഫ്തയുടെ സന്ദേശത്തിന് അമ്മോന്യരാജാവു മറുപടി നല്കിയില്ല. പകരം, ഇസ്രായേലിനെതിരെ അവൻ തന്റെ സൈന്യത്തെയയച്ചു.

ജഫ്താ കർത്താവിനു ദഹനബലിയർപ്പിച്ചു പ്രാർത്ഥിച്ചു. അവൻ കര്‍ത്താവിനൊരു നേര്‍ച്ചനേര്‍ന്നു. "കർത്താവേ, അങ്ങ്,‌ അമ്മോന്യരെ എന്റെ കൈയിലേല്പിക്കുമെങ്കില്‍ ഞാനവരെത്തോല്പിച്ചു തിരികെവരുമ്പോള്‍ എന്നെയെതിരേല്‍ക്കാന്‍ പട്ടണവാതില്‍ക്കലേക്ക്‌ ആദ്യം വരുന്നതാരായിരുന്നാലും അവന്‍ കര്‍ത്താവിന്റെതായിരിക്കും. ഞാനവനെ ദഹനബലിയായി അവിടുത്തേയ്ക്കര്‍പ്പിക്കും."

കർത്താവു മനുഷ്യരിൽനിന്ന് ഒരു നേർച്ചയും നിർബ്ബന്ധപൂർവ്വമാവശ്യപ്പെടുന്നില്ല. അതിനാൽ നേർച്ചനേർന്നതു വിവേകശൂന്യമായൊരു പ്രവൃത്തിയാണെന്ന് അവനപ്പോൾ ചിന്തിച്ചില്ല.

കർത്താവിന്റെയാത്മാവ് ജഫ്തയിൽ നിറഞ്ഞു. ജഫ്‌താ അമ്മോന്യരുടെ അതിര്‍ത്തികടന്നു; അമ്മോന്യസൈനികരെ കര്‍ത്താവ്,‌ അവന്റെ കൈകളിലേല്പിച്ചു. അരോവര്‍മുതല്‍ മിന്നിത്തിനു സമീപംവരെയും ആബേല്‍കെരാമിംവരെയും ഒന്നിനുപിന്നാലെ ഒന്നായി, അമ്മോന്യരുടെ ഇരുപതു പട്ടണങ്ങളില്‍ ജഫ്തായും സംഘവും ആധിപത്യംസ്ഥാപിച്ചു. അമ്മോന്യസേന പൂർണ്ണമായുമില്ലാതെയായി.

വിജയശ്രീലാളിതനായ ജഫ്താ, തന്റെ നാടായ മിസ്പായിലലേക്കു മടങ്ങിയെത്തി. അവനെ സ്വീകരിക്കാൻ വലിയൊരു ജനക്കൂട്ടം പട്ടണവാതിൽക്കലുണ്ടായിരുന്നു.

അവനെ അകലെക്കണ്ടപ്പോൾത്തന്നെ
ഒരു പെൺകുട്ടി, തപ്പുകൊട്ടി നൃത്തംവച്ചുകൊണ്ട് അവനെയെതിരേല്‍ക്കാന്‍ ആദ്യമോടിയെത്തി. 

തനിക്കുനേരെ ഓടിയെത്തുന്ന പെൺകുട്ടിയെക്കണ്ടപ്പോൾ ജഫ്താ തളർന്നുപോയി. അതുവരെയുണ്ടായിരുന്ന സന്തോഷമെല്ലാമില്ലാതായി...

അവള്‍ ജഫ്തായുടെ ഏകസന്താനമായിരുന്നു. വേറെമകനോ മകളോ അവനില്ലായിരുന്നു. 

കർത്താവിനുനേർന്ന നേർച്ചയെക്കുറിച്ചോർത്ത് അവൻ കരഞ്ഞു. തന്റെ മേലങ്കി കീറി!
കർത്താവിന്റെ നിയമമറിയുന്ന ലേവ്യരോടു് ജഫ്താ തന്റെ നേർച്ചയെക്കുറിച്ചു പറഞ്ഞു.

ലേവ്യർ അവനോടു പറഞ്ഞു: "മോശയുടെ നിയമത്തിൽ ഇങ്ങനെ പറയുന്നു. -നേര്‍ച്ചനേരാതിരുന്നാല്‍ പാപമാകുകയില്ല. എന്നാൽ, നിന്റെ ദൈവമായ കര്‍ത്താവിനുനേരുന്ന നേര്‍ച്ചകള്‍ നിറവേറ്റാന്‍ വൈകരുത്‌; അവിടുന്നു നിശ്‌ചയമായും അതു നിന്നോടാവശ്യപ്പെടും; നീ കുറ്റക്കാരനാവുകയും ചെയ്യും."

ജഫ്താ ഉറക്കെക്കരഞ്ഞു. "അയ്യോ! മകളേ, നീയെന്നെ ദുഃഖത്തിലാഴ്‌ത്തിയല്ലോ. ഞാന്‍ കര്‍ത്താവിനു വാക്കു കൊടുത്തുപോയി. നേര്‍ച്ചയില്‍നിന്നു പിന്മാറാന്‍ എനിക്കു കഴിയില്ലല്ലോ!"


"ആബാ, ധീരനായ ജഫ്തയുടെ മകളാണു ഞാൻ. അങ്ങു കർത്താവിനോടുനേർന്ന നേർച്ച നിറവേറ്റാൻ മടിക്കേണ്ട. നമ്മുടെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരംചെയ്യാൻ അങ്ങയെ കർത്താവു സഹായിച്ചല്ലോ! ഒന്നുമാത്രം അങ്ങെനിക്കു ചെയ്‌തുതരണം. എന്റെ സഖിമാരോടൊത്തു പര്‍വ്വതത്തിന്റെ ശാന്തതയിൽ ധ്യാനിക്കുവാനും എന്റെ കന്യാത്വത്തെപ്രതി വിലപിക്കാനും എനിക്കു രണ്ടുമാസത്തെ സമയംതരണം!"

ജഫ്താ അവളുടെ ആവശ്യമംഗീകരിച്ചു. രണ്ടുമാസങ്ങൾക്കുശേഷം അവൻ തന്റെ നേർച്ച നിറവേറ്റി.

"എന്റെ കൈകളാൽ എന്റെ ഏകപുത്രിയെ ബലിനല്കേണ്ടിവന്നതു് എനിക്കുള്ള ശിക്ഷയായി ഞാൻ സ്വീകരിക്കുന്നു... കൊള്ളസംഘത്തെ നയിച്ചുകൊണ്ടു ഞാൻചെയ്ത പാപങ്ങൾക്കുള്ള ശിക്ഷയാണിത് ..." ജഫ്താ കരഞ്ഞു.

അന്നുമുതൽ എല്ലാവർഷവും നാലുദിവസം ഇസ്രായേലിലെ കന്യകകൾ ജഫ്തയുടെ മകളെയോർത്തു വിലാപദിനങ്ങളാചരിച്ചു തുടങ്ങി.

ആറുവർഷങ്ങൾമാത്രമാണ് 
ജഫ്താ ഇസ്രായേലിൽ ന്യായപാലനം നടത്തിയത്. പുത്രീദുഃഖത്താൽ അവൻ അകാലവാർദ്ധക്യംബാധിച്ചു മരിച്ചു.  

ജഫ്താ മരിക്കുന്നതുവരെ കർത്താവിനെയല്ലാതെ മറ്റൊരു ദൈവത്തേയും ഇസ്രായേൽ ആരാധിച്ചിരുന്നില്ല.

Sunday 8 July 2018

69. മിദിയാന്‍ യുദ്ധം

ബൈബിള്‍ക്കഥകള്‍ - 69

ഗിദയോൻ്റെ സൈനികര്‍ നൂറുപേര്‍വീതം, ഹരോദ് അരുവിയുടെ തീരത്തോടുചേര്‍ന്ന, താഴ്‌വരയുടെ ഭാഗമൊഴികെയുള്ള, മിദിയാന്‍താവളത്തിൻ്റെ മൂന്നുവശങ്ങളിലായി നിരന്നു. മിദിയാന്‍കാവല്‍ഭടന്മാര്‍ ഊഴംമാറി, പുതിയ ആളുകള്‍ നിലയുറപ്പിച്ചുകഴിയുംമുമ്പേ,  ഗിദയോനും ഭൃത്യന്മാരും കാഹളങ്ങള്‍മുഴക്കി. ഗിദയോൻ്റെ സൈനികര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന മണ്‍ഭരണികളുടച്ചു. ആ ശബ്ദം, രാത്രിയുടെ നിശബ്ദതയില്‍ ശന്തമായുറങ്ങിയിരുന്ന ഹരോദ് താഴ്വരയിലെങ്ങും പ്രതിദ്ധ്വനിച്ചു. അതിനൊപ്പം മുന്നൂറുപന്തങ്ങള്‍ ഒന്നിച്ചുതെളിയുകയും മുന്നൂറു കാഹളങ്ങള്‍ ഒന്നിച്ചു മുഴങ്ങുകയുംചെയ്തു. 


മിദിയാന്‍താവളം വിറകൊണ്ടു. 

മിദിയാന്‍സൈനികരെല്ലാവരും ഞെട്ടിയുണര്‍ന്നു. തങ്ങളുടെ താവളത്തിനു ചുറ്റുമുയര്‍ന്ന മുന്നൂറു പന്തങ്ങളില്‍ ഒരോന്നിനുപിന്നിലും ഓരോ സൈനികവൃന്ദങ്ങളുണ്ടാകുമെന്നു മിദിയാന്‍കാര്‍ തെറ്റിദ്ധരിച്ചു. 

മിദിയാന്‍ സൈനികത്താവളത്തിനുനേരേ ഉരുണ്ടുവരുന്ന ഭീമാകാരമായ ബാര്‍ലിയപ്പം സ്വപ്നംകാണുകയും ഗിദയോൻ്റെ വാള്‍  മിദിയാനെ തകര്‍ക്കുമെന്നതിൻ്റെ സൂചനയായി സ്വപ്നവ്യാഖ്യാനംനല്കുകയുംചെയ്ത കാവല്‍ഭടന്മാരുടെ വാക്കുകള്‍ കാവല്‍ക്കാരില്‍ പലരെയും ചകിതരാക്കിയിരുന്നു. 

തടാകതീരമൊഴികെ, മിദിയാന്‍താവളത്തിൻ്റെ  മൂന്നുവശങ്ങളിലും തെളിഞ്ഞുകത്തുന്ന പന്തങ്ങള്‍ക്കുപിന്നില്‍ എണ്ണമറ്റ സൈനികര്‍ അണിനിരന്നിട്ടുണ്ടാകാമെന്നു ഭയന്നവര്‍ തടാകതീരത്തിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചു. 

ഗിദയോൻ്റെ യുദ്ധകാഹളംശ്രവിച്ച്, കൈയില്‍കിട്ടിയ ആയുധങ്ങളുമായി, ഉറക്കച്ചടവോടെ കൂടാരങ്ങളില്‍നിന്നു പുറത്തുവന്ന സൈനികര്‍, ആളറിയാതെ, ഒളിച്ചോടുന്ന കാവല്‍ക്കാര്‍ക്കുനേരേ ആയുധങ്ങളുയര്‍ത്തി. 
മിദിയാന്‍സൈന്യം പരസ്പരം ഏറ്റുമുട്ടി.  ഗിദയോൻ്റെകൂടെയുണ്ടായിരുന്ന മുന്നൂറുപേരും തങ്ങളുടെ പന്തങ്ങള്‍ മിദിയാന്‍ കൂടാരങ്ങള്‍ക്കുനേരേ വലിച്ചെറിഞ്ഞു. 

കൂടാരങ്ങളില്‍ പടര്‍ന്നുകത്തിയ അഗ്നിപ്രഭയില്‍ പരസ്പരം പോരടിക്കുകയും കൊന്നുവീഴ്ത്തുകയുംചെയ്യുന്ന ശത്രുക്കളെ ഗിദയോനുംകൂട്ടരും നിശബ്ദരായി കണ്ടുനിന്നു. എണ്ണിയാലൊടുങ്ങാത്തത്ര സൈനികരുണ്ടായിരുന്ന മിദിയാന്‍താവളം മൃതദേഹങ്ങളാല്‍ നിറഞ്ഞു. 

നേരംപുലര്‍ന്നുതുടങ്ങിയപ്പോള്‍ വിരലിലെണ്ണാവുന്നവര്‍മാത്രം ജീവനോടെ ശേഷിച്ചു. പ്രാണരക്ഷാര്‍ത്ഥം അവര്‍ താവളംവിട്ടോടി. ജലത്തിനുപകരം, അന്നു ഹാരോദ് നീരുറവയില്‍നിന്ന് അരുവിയിലെക്കൊഴുകിയെത്തിയതു മനുഷ്യരക്തമായിരുന്നു. ഗിദയോൻ്റെയുംകൂട്ടരുടെയും വാളുകള്‍ ശത്രുപക്ഷത്തിലെ ഒരാളെപ്പോലും സ്പര്‍ശിച്ചിരുന്നതേയില്ല! എങ്കിലും ഒരുലക്ഷത്തിഇരുപതിനായിരത്തിലേറെ ശവശരീരങ്ങള്‍ അവിടെ വീണുകഴിഞ്ഞിരുന്നു.

ഗിദയോന്‍, മുന്നൂറുപേരുമായി മിദിയാൻ്റെ വമ്പന്‍സൈന്യത്തെ മരണഗര്‍ത്തങ്ങളിലേക്കയച്ചെന്ന വാര്‍ത്ത, ഇസ്രായേല്‍സമൂഹങ്ങളില്‍ ആവേശമായി പടര്‍ന്നു. തങ്ങളുടെ ചുറ്റുവട്ടങ്ങളിലുണ്ടായിരുന്ന മിദിയാന്‍വംശജര്‍ക്കെതിരെ അവര്‍ കലാപമുണ്ടാക്കി. ബെത്ത്ബാറയും ജോര്‍ദ്ദാനുംവരെയുള്ള പ്രദേശങ്ങള്‍ അവര്‍ പിടിച്ചടക്കി. മിദിയാന്‍പ്രഭുക്കന്മാരായ ഓറെബ്, സേബ് എന്നിവരെ ജനക്കൂട്ടം ശിരശ്ചേദംചെയ്തു. ഛേദിച്ചെടുത്ത തലകളുമായി അവര്‍ ഗിദയോനെ ചെന്നുകണ്ടു. 

“ഞങ്ങളെക്കൂടാതെ, നീ മിദിയാന്‍സൈന്യത്തിനെതിരെ പോരാടിയതു തെറ്റായിപ്പോയി.” ജനക്കൂട്ടം കോപത്തോടെ ഗിദയോനെ കുറ്റപ്പെടുത്തി.

“ഞാന്‍ ചെയ്തതിനേക്കാള്‍ എത്രയോ വലിയകാര്യമാണു നിങ്ങള്‍ ചെയ്തത്? മിദിയാന്‍പ്രഭുക്കന്മാരായ ഓറെബിനേയും സേബിനേയും കര്‍ത്താവു നിങ്ങളുടെ കരങ്ങളില്‍ ഏല്പിച്ചുതന്നില്ലേ? നിങ്ങളുടെ നേട്ടത്തിനുമുമ്പില്‍ എന്റെ പ്രവൃത്തി എത്രനിസ്സാരം!” 

ഗിദയോൻ്റെ വാക്കുകള്‍ അവരുടെ കോപംശമിപ്പിച്ചു. 

മിദിയാന്‍രാജാവായ സേബായേയും അവൻ്റെ സൈന്യാധിപനായ സല്‍മുന്നയേയും മിദിയാന്‍സൈനികരുടെ മൃതദേഹങ്ങള്‍ക്കിടയില്‍ തിരഞ്ഞെങ്കിലും അവരെ കണ്ടെത്താനായില്ല. അതിനാല്‍ ഗിദയോന്‍ തൻ്റെ മുന്നൂറുപേരോടൊപ്പം അവരെത്തേടി പുറപ്പെട്ടു. 

സേബായും സല്‍മുന്നയും തങ്ങളോടൊപ്പം ജീവനോടെയവശേഷിച്ച പതിനയ്യായിരത്തോളം സൈനികരുമായി കാര്‍ക്കോറില്‍ താവളമടിച്ചിരിക്കുകയായിരുന്നു. സുരക്ഷിതരെന്നു വിചാരിച്ചിരുന്ന അവരെ, ഗിദയോനുംകൂട്ടരും ആക്രമിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ മിദിയാന്‍കാര്‍ സംഭ്രമിച്ചു. സേബായേയും സല്‍മുന്നയേയും ഗിദയോന്‍ പിടികൂടിയതോടെ സൈനികര്‍ പരിഭ്രാന്തിയോടെ നാലുപാടും ചിതറി.

ഗിദയോന്‍, സേബായേയും സല്‍മുന്നയേയും ബന്ധനസ്ഥരാക്കി, ഇസ്രയേല്‍ജനതയുടെ മുമ്പില്‍ കൊണ്ടുവന്നു. ഗിദയോന്‍ സേബായോടും സല്‍മുന്നയോടുമായിപ്പറഞ്ഞു: “താബോറില്‍, നിങ്ങളെൻ്റെ സഹോദരന്മാരെ നിഗ്രഹിച്ചു. കര്‍ത്താവിനെ സാക്ഷിയാക്കി ഞാന്‍ പറയുന്നു, നിങ്ങളവരുടെ ജീവന്‍ രക്ഷിച്ചിരുന്നെങ്കില്‍, നിങ്ങളേയും ഞാന്‍ ജീവനോടെ വിടുമായിരുന്നു.” 

ജനക്കൂട്ടത്തോടൊപ്പമുണ്ടായിരുന്ന, തൻ്റെ ന്മാരിലൊരുവനെ വിളിച്ച്, ഗിദയോനാജ്ഞാപിച്ചു: “നീ ഇവരെ രണ്ടുപേരേയും വധിക്കുക.”

എന്നാല്‍ നന്നേ ചെറുപ്പമായിരുന്നതിനാല്‍, അവന്‍ വാള്‍ കൈയിലെടുക്കാന്‍പോലും ഭയന്നു. അപ്പോള്‍ സേബായും സല്‍മുന്നയും പറഞ്ഞു. “നീതന്നെ ഞങ്ങളെ വധിക്കുക. ആത്മധൈര്യമില്ലാത്തവരുടെ കൈകളാല്‍ വധിക്കപ്പെടുന്നതുപോലും അപമാനകരമാണ്‌.” ഗിദയോന്‍ അവരെ വധിച്ചു. 

ഇസ്രായേല്‍ക്കാര്‍ ഗിദയോനോടു പറഞ്ഞു: “നീ ഞങ്ങളെ മിദിയാന്‍കാരില്‍നിന്നു രക്ഷിച്ചു. നീയും നിൻ്റെ തലമുറകളും ഞങ്ങളെ ഭരിക്കുക. ശത്രുഭയംകൂടാതെ ഞങ്ങള്‍ ഇനിയുള്ളകാലം ജീവിക്കട്ടെ!”

“ഞാനോ എൻ്റെ മക്കളോ അല്ല, കര്‍ത്താവു നിങ്ങളെ ഭരിക്കും. കര്‍ത്താവിനോടു  ചേര്‍ന്നുനില്ക്കുക. അവിടുന്നു നിങ്ങളെ എല്ലാ ശത്രുക്കളില്‍നിന്നും രക്ഷിക്കും.”

മിദിയാന്‍കാര്‍ ഇസ്മയേല്‍വംശജരായിരുന്നതിനാല്‍, അവരെല്ലാവരും സ്വര്‍ണ്ണത്തില്‍ത്തീര്‍ത്ത കര്‍ണ്ണകുണ്ഡലങ്ങളണിഞ്ഞിരുന്നു. യുദ്ധത്തില്‍ മരിച്ചവരില്‍നിന്നെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ ഗിദയോന്‍ ഉരുക്കി. അതുകൊണ്ട്, ഒരു എഫോദ് നിര്‍മ്മിച്ച്, തൻ്റെ പട്ടണമായ ഓഫ്രായില്‍ സ്ഥാപിച്ചു. പില്‍ക്കാലത്ത്, ഇസ്രായേലില്‍ ചിലര്‍ കര്‍ത്താവിൻ്റെ സ്ഥാനത്ത് അതിനെ ആരാധിച്ചതിനാല്‍ അതു ഗിദയോനുംകുടുംബത്തിനും ഒരു കെണിയായിത്തീര്‍ന്നു.

ഗിദയോന്‍ നാല്പതു വര്‍ഷക്കാലം ഇസ്രായേലില്‍ ന്യായപാലനംനടത്തി. അവന് അനേകം ഭാര്യമാരുണ്ടായിരുന്നു. അവരില്‍ എഴുപത്തിരണ്ട് പുത്രന്മാരും! അവരിലൊരാളായ അബിമലെക്ക് തൻ്റെ അമ്മയുടെ നാടായ ഷെക്കംനിവാസികളുടെ സഹായത്തോടെ ചില ചട്ടമ്പികളെ തനിക്കൊപ്പം കൂട്ടി, തൻ്റെ സഹോദരന്മാരെയെല്ലാം വധിച്ചു. ഏറ്റവും ഇളയവനായ യോത്താംമാത്രം ജീവനോടെ രക്ഷപ്പെട്ടു. 

ഷെക്കംനിവാസികള്‍ അബിമലെക്കിനെ രാജാവായി വാഴിച്ചു.

ജറുബ്ബാല്‍  ഇസ്രായേലിനുചെയ്ത നന്മകള്‍ ആരുമോര്‍മ്മിച്ചില്ല. കൊലയാളിയായ അബിമലെക്ക് ആദരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അധികംവൈകാതെ അബിമലെക്ക് ചിന്തിയ രക്തത്തിനു കര്‍ത്താവു പ്രതികാരംചെയ്തു. അബിമലെക്കിനെ രാജാവായി വാഴിച്ച ഷെക്കം നിവാസികള്‍തന്നെ അവനെതിരായിതത്തീർന്നു. അബിമലിക്കിനെതിരായി ഷെക്കേംവാസികൾ കലാപമുണ്ടാക്കി. കലാപത്തിനിടയില്‍ ഒരു സ്ത്രീ, അവനെ തിരികല്ലിൻ്റെ  പിള്ളക്കല്ലുകൊണ്ടെറിഞ്ഞു വീഴ്ത്തി.
അബിമലെക്ക് കൊല്ലപ്പെട്ടു.

ഗിദയോന്‍ ഇസ്രായേലില്‍ ന്യായപാലനംനടത്തിയ കാലമത്രയും കര്‍ത്താവിനെയല്ലാതെ മറ്റൊരു ദൈവത്തെയും ഇസ്രയേല്‍ക്കാര്‍ ആരാധിച്ചിരുന്നില്ല. എന്നാല്‍ അവൻ്റെ മരണത്തോടെ ഇസ്രയേല്‍ വീണ്ടും ബാലിൻ്റെയും അഷേറായുടെയും വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ ബലിവസ്തുക്കളുമായി പോയിത്തുടങ്ങി.

നയിക്കാന്‍ ആളില്ലാത്തപ്പോഴെല്ലാം ഇസ്രയേല്‍, കര്‍ത്താവിനെതിരായി തിന്മപ്രവര്‍ത്തിച്ചു. അവര്‍ ബാലിനും അഷേറയ്ക്കും പൂജാഗൃഹങ്ങളും ബലിപീഠങ്ങളുമുണ്ടാക്കി. അപ്പോഴെല്ലാം കര്‍ത്താവവരെ അന്യജനതകളുടെ കരങ്ങളിലേല്പിച്ചു, തങ്ങളുടെ തെറ്റുതിരിച്ചറിഞ്ഞു കര്‍ത്താവിലേക്കു മടങ്ങിയപ്പോഴെല്ലാം അവര്‍ക്കിടയില്‍നിന്നുതന്നെ ന്യായാധിപന്മാരെ ഉയര്‍ത്തി, കര്‍ത്താവവരെ വീണ്ടെടുത്തു. 

Sunday 1 July 2018

68. ഗിദയോൻ്റെ യുദ്ധകാഹളം

ബൈബിള്‍ക്കഥകള്‍ 68

ഹാരോദ്‌ നീരുറവയ്ക്കുസമീപം താവളമടിച്ച ഇസ്രായേലുകാര്‍, താഴെ, മോറിയാമലയുടെ താഴ്വരയില്‍ക്കൂടാരമടിച്ച മിദിയാന്‍കാരുടെയും അമലേക്യരുടെയും പൌരസ്ത്യരുടേയും സംയുക്തസൈന്യത്തെ വീക്ഷിച്ചു. അവരുടെ എണ്ണം കടല്‍ത്തീരത്തെ മണല്‍ത്തരികള്‍പോലെ അസംഖ്യമായിരുന്നു. ജെറുബ്ബാലിനൊപ്പം യുദ്ധത്തിനിറങ്ങിയ ഇസ്രായേല്‍ചെറുപ്പക്കാരുടെ എണ്ണമാകട്ടെ വെറും മുപ്പത്തിരണ്ടായിരംമാത്രമായിരുന്നു. താഴ്വരയില്‍ തങ്ങള്‍ക്കെതിരായി യുദ്ധസന്നദ്ധരായിനില്ക്കുന്ന, എണ്ണമറ്റ ശത്രുക്കളെ കണ്ടപ്പോള്‍ അവരില്‍പ്പലരും നഷ്ടധൈര്യരായിത്തീർന്നു.

തന്നോടൊപ്പമുള്ളവരിൽച്ചിലരുടെ ഭയത്തെക്കുറിച്ചറിഞ്ഞപ്പോൾ ഗിദെയോൻ കർത്താവിനുമുമ്പിൽ പ്രാർത്ഥനയോടെ നിന്നു.

അപ്പോള്‍ കര്‍ത്താവു ഗിദയോനോടു സംസാരിച്ചു: “ശത്രുസൈന്യത്തിൻ്റെ എണ്ണം കണ്ടു നീ പരിഭ്രമിക്കേണ്ടാ. നിങ്ങൾ മുപ്പത്തിരണ്ടായിരംപേരുണ്ട്. അതു വളരെയധികമാണ്. അതിനാല്‍ മിദിയാന്‍കാരെ ഞാന്‍ നിങ്ങളുടെ കൈകളിലേല്പിക്കുകയില്ല. ഇപ്പോള്‍ നിങ്ങളവരെ പരാജയപ്പെടുത്തിയാല്‍, സ്വന്തംകരബലംകൊണ്ടാണു ഞങ്ങള്‍ രക്ഷപ്രാപിച്ചതെന്നു നിങ്ങള്‍ വീമ്പടിക്കും. അതുകൊണ്ട്, നിന്നോടൊപ്പമുള്ളവരില്‍, ഈ യുദ്ധത്തില്‍ പരാജയപ്പെടുമെന്നു ഭയമുള്ളവര്‍ തങ്ങളുടെ കുടുംബങ്ങളിലേക്കു മടങ്ങിപ്പോകാന്‍ നീ ആവശ്യപ്പെടണം.”

ഗിദയോനെന്ന ജെറുബ്ബാല്‍ അപ്രകാരംചെയ്തു. മിദിയാന്‍സൈന്യത്തെക്കണ്ടുഭയന്ന ഇരുപത്തിരണ്ടായിരംപേര്‍ തങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി. 

കര്‍ത്താവു ഗിദയോനോടു പറഞ്ഞു: “ഇനിയും പതിനായിരംപേര്‍ നിനക്കൊപ്പമുണ്ട്. ഈ യുദ്ധത്തില്‍ നിനക്കിത്രയും ആള്‍ബലമാവശ്യമില്ല. ഹാരോദ്‌ നീരുറവയ്ക്കുസമീപമുള്ള ജലാശയത്തിലെത്തി, അവിടെനിന്നു വെള്ളംകുടിക്കുവാന്‍ നിൻ്റെ കൂടെയുള്ളവരോട് ആവശ്യപ്പെടുക. കൈകളില്‍ വെള്ളമെടുത്തു വായോടടുപ്പിച്ചു നക്കിക്കുടിക്കുന്നവരെ നീ മാറ്റിനിറുത്തണം. മുട്ടുകുത്തി ജലാശയത്തില്‍നിന്നു നേരിട്ടുകുടിക്കുന്നവരെയും വേര്‍തിരിക്കണം.”

കര്‍ത്താവു പറഞ്ഞതുപോലെ ഗിദയോന്‍ ചെയ്തു. കൈകളില്‍ വെള്ളമെടുത്തു വായോടടുപ്പിച്ചു നക്കിക്കുടിച്ചവര്‍ മുന്നൂറുപേരുണ്ടായിരുന്നു. 

കര്‍ത്താവു വീണ്ടും ഗിദയോനോടു സംസാരിച്ചു. “ഈ മുന്നൂറുപേര്‍ ഒഴികെയുള്ളവരെ അവരുടെ ഭവനങ്ങളിലേക്കു മടക്കിയയയ്ക്കുക. ഈ മുന്നൂറുപേരിലൂടെ, മിദിയാന്‍കാരെ പരാജിതരാക്കി, ദേശംവീണ്ടെടുക്കാന്‍ നിങ്ങളെ ഞാന്‍ സഹായിക്കും.”

കര്‍ത്താവു തിരഞ്ഞെടുത്ത മുന്നൂറുപേരൊഴികെ മറ്റെല്ലാവരെയും താന്താങ്ങളുടെ ഭവനങ്ങളിലേക്കു ഗിദയോന്‍ തിരികെയയച്ചു. എന്നാല്‍ അവരുടെ കൈകളിലുണ്ടായിരുന്ന കാഹളങ്ങളും ഭരണികളും ആയുധങ്ങളും ശേഖരിച്ചു താവളത്തില്‍ വച്ചു. 

എണ്ണിയാലൊടുങ്ങാത്ത മിദിയാന്‍സൈനികരെ നേരിടാന്‍ മുന്നൂറുപേരുമായി പോകുന്ന ഗിദയോൻ്റെ വിഡ്ഢിത്തത്തെ പരിഹസിച്ചുകൊണ്ടാണു് പലരും അവിടെനിന്നു മടങ്ങിയത്. എന്നാൽ ഗിദയോനോടൊപ്പമവശേഷിച്ച മുന്നൂറുപേരും ഇസ്രായേലിൻ്റെ ദൈവമായ കർത്താവിൽ ഉറച്ചുവിശ്വസിക്കുന്നവരും  ഇസ്രായേലിനുവേണ്ടി തങ്ങളുടെ ജീവൻബലി നല്കാൻ തയാറുള്ളവരുമായിരുന്നു.

അന്നുരാത്രിയില്‍ കര്‍ത്താവു ഗിദയോനോടു പറഞ്ഞു: “നീയെഴുന്നേറ്റ്, മിദിയാന്‍കാരുടെ താവളത്തിനടുത്തേക്കു ചെല്ലുക. ഒറ്റയ്ക്കുപോകാന്‍ നിനക്കു ഭയമാണെങ്കില്‍, നിൻ്റെ ഭൃത്യന്മാരിലൊരുവനായ പൂരയെ നിന്നോടൊപ്പം കൂട്ടുക.”

രാത്രിയില്‍, എല്ലാവരും നിദ്രാലസ്യത്തിലേക്കു വഴുതിയപ്പോള്‍, ഭൃത്യനായ പൂരയോടൊപ്പം ഗിദയോന്‍ ശത്രുതാവളത്തിനു സമീപത്തേക്കു നീങ്ങി. പാദപതനത്തിൻ്റെ ശബ്ദംപോലും കേള്‍പ്പിക്കാതെ, ഗിദയോനും പൂരയും മിദിയാന്‍കാരുടെ പുറംതാവളത്തിനടുത്ത്, കാവല്‍ഭടന്മാരുടെ കൂടാരത്തിനടുത്തെത്തി. 

അപ്പോള്‍ കാവല്‍ക്കാരിലൊരുവാന്‍, തൻ്റെ സ്നേഹിതരോടു തനിക്കുണ്ടായ ഒരു സ്വപ്നം വിവരിക്കുകയായിരുന്നു.

 “ഞാനൊരു സ്വപ്നംകണ്ടു. നമ്മുടെ താവളത്തിനുനേരേ, ഭീമാകാരമായ ഒരു ബാര്‍ലിയപ്പം ഉരുണ്ടുവന്നു. അതു നമ്മുടെ താവളത്തിലെ കൂടാരത്തില്‍ വന്നുതട്ടി. അപ്പോള്‍ കൂടാരം കീഴ്മേല്‍മറിഞ്ഞ്, തകര്‍ന്നുപോയി.”

അപ്പോള്‍ മറ്റൊരുവന്‍ ആ  സ്വപ്നത്തിനു വിശദീകരണവുമായെത്തി: “നീ കണ്ട സ്വപ്നത്തിലെ ബാര്‍ലിയപ്പം, ഇസ്രയേല്‍ക്കാരനായ യോവാഷിൻ്റെ പുത്രന്‍ ഗിദയോന്‍തന്നെ! മിദിയാന്‍കാരായ നമ്മളെ ദൈവം അവൻ്റെ കരങ്ങളിലേല്പിച്ചുകൊടുത്തുകഴിഞ്ഞു. അതിനാലാണ് ഇങ്ങനെയൊരു സ്വപ്നദര്‍ശനമുണ്ടായത്. ഗിദയോൻ്റെ വാളില്‍നിന്നു ജീവന്‍ രക്ഷിക്കേണ്ടവര്‍ എത്രയുംവേഗം ഇവിടെനിന്നോടിയോളിക്കണം.”

സ്വപ്നത്തെയും അതിൻ്റെ വ്യാഖ്യാനത്തെയുംകുറിച്ചു മിദിയാന്‍കാരുടെ ചർച്ചകേട്ടപ്പോള്‍, ഗിദയോന്‍ കര്‍ത്താവിനെ താണുവണങ്ങി. വര്‍ദ്ധിതവീര്യത്തോടെ, അവന്‍ പൂരയോടോപ്പം താവളത്തിലേക്കു മടങ്ങി. 

തന്നോടൊപ്പമുള്ള മുന്നൂറുപേരെയും അപ്പോൾത്തന്നെ അവൻ വിളിച്ചുണര്‍ത്തി. അവരെ മൂന്നു ഗണങ്ങളായിത്തിരിച്ചു. മുന്നൂറുപേര്‍ക്കും കാഹളങ്ങളും മണ്‍ഭരണികളും പന്തങ്ങളും  നല്കി.

ശബ്ദമുണ്ടാക്കാതെ നമ്മളെല്ലാവരും മിദിയാന്‍ സൈനികത്താവളത്തിൻ്റെ അതിര്‍ത്തിയിലെത്തണം. ഞാനും എൻ്റെ ഭൃത്യന്മാരും കാഹളംമുഴക്കുന്നതു കേള്‍ക്കുമ്പോള്‍ നിങ്ങളെല്ലാവരും കാഹളങ്ങള്‍മുഴക്കുകയും മണ്‍ഭരണികളുടയ്ക്കുകയുംചെയ്യണം. എൻ്റെ നിര്‍ദ്ദേശം ലഭിക്കാതെ ആരും ശത്രുക്കളുടെ താവളത്തില്‍ക്കടക്കരുത്.”

ഗിദയോനും സൈനികരും മിദിയാന്‍കാരുടെ പാളയത്തിനടുത്തെത്തുമ്പോള്‍ കാവല്‍ഭടന്മാര്‍ ഊഴംമാറുന്ന സമയമായിരുന്നു. മിദിയാന്‍സൈനികരില്‍ ഒരുവന്‍കണ്ട സ്വപ്നവും അതിനു മറ്റൊരു സൈനികന്‍ നല്കിയ വ്യാഖ്യാനവും അതിനിടയില്‍,  കാവല്‍ഭടന്മാര്‍ക്കിടയില്‍ പരന്നുകഴിഞ്ഞിരുന്നു. ഗിദയോൻ്റെ വാള്‍ത്തല, ഇരുളിലെവിടെയോ തങ്ങള്‍ക്കായി പതിയിരിക്കുന്നുവെന്ന ഭീതി, കാവല്‍ഭടന്മാരുടെയെല്ലാം ഹൃദയങ്ങളെ കീഴടക്കി.


ഗിദയോൻ്റെ സൈനികര്‍ നൂറുപേര്‍വീതം,  ഹരോദ് അരുവിയുടെ തീരത്തോടുചേര്‍ന്ന, താഴ്‌വരയുടെ ഭാഗമൊഴികെയുള്ള,  മിദിയാന്‍ താവളത്തിൻ്റെ മൂന്നുവശങ്ങളിലായി നിരന്നു. മിദിയാന്‍ കാവല്‍ഭടന്മാരുടെ ഊഴംമാറി, പുതിയ ആളുകള്‍ നിലയുറപ്പിച്ചുകഴിയുംമുമ്പേ,  ഗിദയോനും ഭൃത്യന്മാരും കാഹളങ്ങള്‍ മുഴക്കി. ഗിദയോന്റെ സൈനികര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന മണ്‍ഭരണികളുടച്ചു. രാത്രിയുടെ നിശബ്ദതയില്‍ ശന്തമായുറങ്ങിയിരുന്ന ഹരോദ് താഴ്വരയിലെങ്ങും ആ ശബ്ദം പ്രതിദ്ധ്വനിച്ചു. അതിനൊപ്പം മുന്നൂറു പന്തങ്ങള്‍ ഒന്നിച്ചുതെളിയുകയും മുന്നൂറു കാഹളങ്ങള്‍ ഒന്നിച്ചു മുഴങ്ങുകയുംചെയ്തു.