Sunday, 11 June 2017

വഴികാട്ടുന്ന സ്വപ്നങ്ങള്‍

ഈജിപ്തിലെ ഭരണാധികാരിയായ ഫറവോയുടെ കാവല്‍പ്പടയുടെ നായകനായിരുന്നു പോത്തിഫര്‍. തന്റെ വീട്ടുജോലികള്‍ചെയ്യുന്നതിനായി ഒരടിമയെ വാങ്ങാന്‍ ചന്തയിലെത്തിയ പോത്തിഫര്‍  വടിവൊത്ത ശരീരമുള്ള, സുമുഖനായ ജോസഫിനെ വില്പനയ്ക്കായി നിറുത്തിയിരിക്കുന്നതു കണ്ടു. അയാളവനെ വിലയ്ക്കുവാങ്ങി.

ജോസഫുമായി പോത്തിഫര്‍ ഭവനത്തിലെത്തിയ നിമിഷത്തില്‍തന്നെ ഫറവോയുടെ കാവല്പടയുടെ നായകന്മാരില്‍ പ്രധാനിയായി പോത്തിഫറിനെ നിയമിച്ചകൊണ്ടുള്ള, ഉത്തരവുമായി ഫറവോയുടെ ഒരു ദൂതനും അവിടെയെത്തി. ജോസഫാണു തനിക്ക് ഈ ഐശ്വര്യംകൊണ്ടുവന്നതെന്നു പോത്തിഫര്‍ കരുതി. അതിനാല്‍ തന്റെ പാനപാത്രവാഹകനും ശുശ്രൂഷകനുമായി ജോസഫിനെ നിറുത്താന്‍ പോത്തിഫര്‍ തീരുമാനിച്ചു.

കര്‍ത്താവു ജോസഫിനോടൊപ്പമുണ്ടായിരുന്നു. എല്ലാകാര്യങ്ങളിലും അവന്‍ തന്റെ യജമാനന്റെ പ്രീതിക്കുപാത്രമായി. ജോസഫിന് അയാള്‍ കൂടുതല്‍ ചുമതലകള്‍ നല്കി. ജോസഫിനു ഭരമേല്പ്പിക്കപ്പെട്ട എല്ലാക്കാര്യങ്ങളിലും കര്‍ത്താവു പോത്തിഫറിനെ സമൃദ്ധമായി അനുഗ്രഹിച്ചു. അധികംവൈകാതെ യജമാനന്റെ ഭവനത്തിന്റെയും എല്ലാസ്വത്തുവകകളുടെയും മേല്‍നോട്ടക്കാരനായീ ജോസഫ്. വീട്ടിലും വയലിലും എല്ലാക്കാര്യങ്ങളിലും ജോസഫ് ഓടിയെത്തി. പിതൃഭവനത്തെക്കുറിച്ചും ജ്യേഷ്ടന്മാര്‍ തന്നോടുചെയ്ത അപരാധത്തെക്കുറിച്ചും ചിന്തിക്കാന്‍പോലും അവനു സമയമില്ലാതെയായി.

എന്നാല്‍ പോത്തിഫറിന്റെ ഭാര്യയുടെ രൂപത്തില്‍ ദൌര്‍ഭാഗ്യം ജോസഫിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവള്‍ ജോസഫില്‍ അനുരക്തയായി. അവന്‍ പോകുന്നിടത്തെല്ലാം അവളുടെ കണ്ണുകള്‍ അവനെ പിന്തുടര്‍ന്നു.

“അദ്ദേഹത്തിനു നിന്നെ വലിയ വിശ്വാസമാണ്. നമ്മളെ ഒരിക്കലും സംശയിക്കില്ല.” അവള്‍ ജോസഫിനോടു പറഞ്ഞു.

“നിങ്ങള്‍ പറഞ്ഞതു സത്യമാണ്. ഞാനുള്ളതുകൊണ്ടു യജമാനന്‍ വീട്ടുകാര്യങ്ങളില്‍ ഒന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല. എന്നെ പൂര്‍ണ്ണമായും വിശ്വസിക്കുന്നതിനാല്‍ എല്ലാക്കാര്യങ്ങളും അദ്ദേഹം എന്റെ മേല്‍നോട്ടത്തില്‍ വിട്ടിരിക്കുന്നു. നിങ്ങളെയൊഴികെ. കാരണം നിങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യയാണ്‌.”

“എന്റെമേല്‍ നിനക്കു ഞാന്‍ അധികാരം തരുന്നു. ഈ വീട്ടിലെ എല്ലാക്കാര്യങ്ങളുമെന്നപോലെ എന്നെയും നീ ഏറ്റെടുത്തുകൊള്ളൂ.”

“നിങ്ങള്‍ക്കെങ്ങനെയിതു പറയാനാകുന്നു? നിങ്ങള്‍ എന്റെ യജമാനന്റെ ഭാര്യയാണ്‌. കര്‍ത്താവിനും യജമാനനുമെതിരായി തിന്മചെയ്യാന്‍ എനിക്കാവില്ല.”

താന്‍ അപമാനിതയായതായി അവള്‍ക്കുതോന്നി. എങ്ങനെയും അവനെ തന്റെ ഇംഗിതത്തിനു വശപ്പെടുത്തണമെന്ന്‍ അവള്‍ നിശ്ചയിച്ചു.

കഴിയുന്നതും അവളുടെ കണ്മുമ്പില്‍ ചെല്ലാതിരിക്കാന്‍ ജോസഫ് ശ്രദ്ധിച്ചു.

ഒരുദിവസം ജോസഫ് വീട്ടിനുള്ളില്‍ ജോലിചെയ്യുമ്പോള്‍ അവള്‍ അവനറിയാതെ അവന്റെ പിന്നിലെത്തി അവനെ തന്റെ നെഞ്ചോടുചേര്‍ത്തു പുണര്‍ന്നു.

“നമ്മള്‍ രണ്ടാളുമല്ലാതെ മറ്റൊരാളും ഇതറിയില്ല.” അവള്‍ പറഞ്ഞു.

“കര്‍ത്താവിന്റെ കണ്ണില്‍ ഒന്നുംപെടാതെ പോകുന്നില്ല.” ജോസഫ് കുതറിയോടി. അവന്റെ മേലങ്കി അവളുടെ കൈകളില്‍ക്കിട്ടി.

അവള്‍ ഉറക്കെ അലറിക്കരഞ്ഞുകൊണ്ടു വിളിച്ചുപറഞ്ഞു:
“എല്ലാവരും കേള്‍ക്കിന്‍ ... എന്നെയും ഈ കുടുംബത്തെയും അപമാനിക്കാനായി ഒരു ഹെബ്രായന്‍ ഈ വീട്ടിലെന്തിന്? അവന്‍ എന്നെ കടന്നുപിടിച്ചു.”

പോത്തിഫര്‍ വീട്ടിലെത്തിയപ്പോള്‍ അവള്‍ പറഞ്ഞു: “നിങ്ങള്‍ കൊണ്ടുവന്ന ഹെബ്രായന്‍ എന്നെ അപമാനിക്കാന്‍ ശ്രമിച്ചു. അവന്‍ എന്നെ കടന്നുപിടിച്ചു. ഞാന്‍ അലറിക്കരഞ്ഞപ്പോള്‍ പുറങ്കുപ്പായമുപേക്ഷിച്ച് അവന്‍ വീടിനു പുറത്തേക്കോടി.”

അപ്രതീക്ഷിതമായ വാര്‍ത്തകേട്ടപ്പോള്‍ പോത്തിഫര്‍ ദേഷ്യംകൊണ്ടു വിറച്ചു. അയാള്‍ അവനെ പിടികൂടി. പോത്തിഫറിന്റെ ചോദ്യങ്ങള്‍ക്ക് അവനുത്തരം പറഞ്ഞില്ല. അവന്റെ മൌനം അയാളുടെ കോപത്തെ വീണ്ടും ജ്വലിപ്പിച്ചു. കഠിനമായി പ്രഹരിച്ചതിനുശേഷം അവനെ കാരാഗൃഹത്തിലടയ്ക്കാന്‍ അയാള്‍ സേവകരോടാജ്ഞാപിച്ചു.

കാരാഗൃഹത്തിന്റെ തറയില്‍ ജോസഫ് മുട്ടുകുത്തി. പിതൃഭവനത്തെക്കുറിച്ച് അവനോര്‍ത്തു . കുഞ്ഞനുജനായ ബഞ്ചമിനെ ഒന്നു കാണണമെന്ന് അവന്‍ തീവ്രമായി ആഗ്രഹിച്ചു. അവന്‍ കര്‍ത്താവിനുമുന്നില്‍ കണ്ണുനീര്‍ ചൊരിഞ്ഞു.

ജോസഫിന്റെ വിശ്വസ്തതയില്‍ കര്‍ത്താവു പ്രീതനായി. കാരാഗൃഹത്തിന്റെ മേലധികാരിയുടെ മനസ്സില്‍ ജോസഫിനോട് അവിടുന്നു പ്രീതി ജനിപ്പിച്ചു. എല്പിച്ച ജോലികളെല്ലാം ജോസഫ് നന്നായിചെയ്യുന്നുവെന്നു മനസ്സിലാക്കിയപ്പോള്‍ കാരാഗൃഹമേലധികാരി തടവുകാരുടെ മേല്‍നോട്ടം ജോസഫിനെയേല്പിച്ചു. ജോസഫ് ചെയ്തിരുന്ന എല്ലാക്കാര്യങ്ങളിലും കര്താവവനെ അനുഗ്രഹിച്ചു. അതിനാല്‍ അവനെയേല്പിച്ച കാര്യങ്ങളിലൊന്നും കാരാഗൃഹമേലധികാരിക്ക് ഇടപെടേണ്ടി വന്നില്ല.

അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി രണ്ടുപേര്‍ കാരാഗൃഹത്തിലെത്തി. ഫറവോയുടെ പ്രധാനപാചകക്കാരനും പാനപാത്രവാഹകനുമായിരുന്നു അവര്‍. ഫറവോയുടെ അപ്രീതിക്കുപാത്രമായ അവരിരുവരെയും ജോസഫ് കഴിഞ്ഞിരുന്ന കാരാഗൃഹത്തിലേക്കാണയച്ചത്..

കാരാഗൃഹമേധാവി അവരെ ജോസഫിന്റെ മേല്‍നോട്ടത്തിലേല്പിച്ചു.

ഒരുദിവസം രാവിലെ, ജോസഫ് പതിവുപോലെ തടവുകാരുടെ മുറികളില്‍ സന്ദര്‍ശനത്തിനായിറങ്ങി. ജോസഫെത്തുമ്പോള്‍ രാജാവിന്റെ പാചകനും പാനപാത്രവാഹകനും വിഷാദത്തോടെ എന്തോ സംസാരിച്ചുകൊണ്ടിരിക്കുന്നതു കണ്ടു.

“എന്താണു രണ്ടാളുടെയും മുഖത്തൊരു വിഷാദം?” ജോസഫ് ചോദിച്ചു.

"കഴിഞ്ഞരാത്രിയില്‍ ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്തങ്ങളായ രണ്ടു സ്വപ്നങ്ങള്‍ കണ്ടു. അതിന്റെ അര്‍ത്ഥമെന്താണെന്നു ഞങ്ങള്‍ക്കു മനസ്സിലാകുന്നില്ല.”

“സ്വപ്നങ്ങളും അവയുടെ വ്യാഖ്യാനങ്ങളും കര്‍ത്താവില്‍നിിന്നല്ലേ വരുന്നത്? സ്വപ്നമെന്താണെന്നു പറയൂ, കേള്‍ക്കട്ടെ.”

പാനപാത്രവാഹകന്‍ പറഞ്ഞു: മൂന്നു ശാഖകളുള്ള ഒരു മുന്തിരിവള്ളിയാണു ഞാന്‍ സ്വപ്നത്തില്‍  കണ്ടത്.  അതു മൊട്ടിട്ടയുടന്‍തന്നെ പുഷ്പിക്കുകയും കുലകളില്‍ മുന്തിരിപ്പഴങ്ങള്‍ പാകമാവുകയും ചെയ്തു.  അപ്പോള്‍ ഫറവോയുടെ പാനപാത്രം എന്റെ കൈയിലുണ്ടായിരുന്നു. ഞാന്‍ മുന്തിരിപ്പഴങ്ങള്‍ എടുത്തുപിഴിഞ്ഞു പാനപാത്രത്തില്‍ ഒഴിച്ചു ഫറവോയ്ക്കു നല്കി.

അല്പനേരം മൌനമായി പ്രാര്‍ത്ഥിച്ചതിനുശേഷം ജോസഫ് അവനോടു പറഞ്ഞു: “മൂന്നു ശാഖകള്‍
മൂന്നു ദിവസങ്ങളാണ്. മൂന്നു ദിവസത്തിനകം ഫറവോ താങ്കളെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കും. സന്തോഷപൂര്‍വ്വം  താങ്കള്‍ ഫറവോയുടെ പാനപാത്രവാഹകനായി ജോലിചെയ്യും.

എനിക്കങ്ങയോട് ഒരഭ്യര്‍ത്ഥനയുണ്ട്. നല്ലകാലം വരുമ്പോള്‍ എന്നെയുമോര്‍ക്കണം, എന്നോടു കാരുണ്യം കാണിക്കണം. എന്റെ കാര്യം ഫറവോയുടെമുമ്പില്‍ ഉണര്‍ത്തിച്ച് ഈ തടവറയില്‍നിന്നെന്നെ മോചിപ്പിക്കണം.  കാനാന്‍ദേശത്തുനിന്നും എന്നെ ബലമായി പിടികൂടി അടിമയാക്കിയതാണ്. ഇവിടെയും കാരാഗൃഹത്തിലടയ്ക്കാന്‍തക്ക തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല.”

പാനപാത്രവാഹകന്‍ സന്തോഷത്തോടെ പറഞ്ഞു. “നിങ്ങള്‍ പറഞ്ഞതുപോലെ സംഭവിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും നിങ്ങളെയോര്‍ക്കും. ഫറവോയോടു പറഞ്ഞു നിങ്ങളെ ഞാന്‍ മോചിപ്പിക്കും.”

പാചകക്കാരനും തന്റെ സ്വപ്നത്തെക്കുറിച്ചു ജോസഫിനോടു വിവരിച്ചു. “ഞാന്‍കണ്ട സ്വപ്നമിതാണ്. എന്റെ തലയില്‍ മൂന്നു കുട്ട നിറയെ അപ്പമുണ്ടായിരുന്നു. ഏറ്റവും മുകളിലെ കുട്ടയില്‍ ഫറവോയ്ക്കുവേണ്ടി പാകംചെയ്ത പലതരം അപ്പങ്ങളാണുണ്ടായിരുന്നത്. പക്ഷികള്‍വന്ന് എന്റെ തലയിലെ കുട്ടയില്‍നിന്ന് അവ കൊത്തിത്തിന്നു കൊണ്ടിരുന്നു.”

ജോസഫ് പറഞ്ഞു: “ഇതു ശുഭകരമായ സ്വപ്നമല്ല. മൂന്നു കുട്ടകള്‍ മൂന്നു ദിവസങ്ങളാണു്. മൂന്നു ദിവസത്തിനകം ഫറവോ താങ്കളെ  കഴുമരത്തിലേറ്റും. പക്ഷികള്‍ താങ്കളുടെ മാംസം തിന്നുകയുംചെയ്യും.” പാചകക്കാരന്‍ ദുഃഖം സഹിക്കാനാകാതെ കരഞ്ഞു. "അങ്ങനെയൊരിക്കലും സംഭാവിക്കാതിരിക്കട്ടെ!"

മൂന്നാംദിവസം ഫറവോയുടെ പിറന്നാളായിരുന്നു. കൊട്ടാരംപരിചാരകര്‍ക്കായി അവനൊരു വിരുന്നൊരുക്കി. പാനപാത്രവാഹകനെയും പാചകപ്രമാണിയെയും കുറിച്ചുള്ള അന്തിമവിധി പുറപ്പെടുവിക്കുകയുംചെയ്തു.

ജോസഫ് പറഞ്ഞതുപോലെതന്നെ പാനപാത്രവാഹകനെ ഉദ്യോഗത്തില്‍ തിരികെ നിയമിച്ചു; പാചകപ്രമാണിയെ തൂക്കിലിടാന്‍ വിധിച്ചു.

ഫറവോയുടെ അരികില്‍നിന്ന്‍, അവനെ പരിചരിക്കുമ്പോള്‍ പാനപാത്രവാഹകന്‍ ജോസഫിനെ ഓര്‍മ്മിച്ചതേയില്ല; അവനെ അയാള്‍ മറന്നുകളഞ്ഞു.

Tuesday, 6 June 2017

ഈജിപ്തിലേക്കുള്ള യാത്ര

ബഞ്ചമിന്‍ അമ്മയുടെ അഭാവം അറിഞ്ഞതേയില്ല. ലെയയും ബില്ഹയും മാതൃതുല്യമായ വാത്സല്യത്തോടെ റാഹേലിന്റെു മകനെ പരിചരിച്ചു. ദീനയും പതിനൊന്നു സഹോദരന്മാരും തങ്ങളുടെ കുഞ്ഞനിയനെ ഹൃദയത്തോടു ചേര്‍ത്തു  സ്നേഹിച്ചു.

എന്നാല്‍ അവര്‍ക്കാര്‍ക്കും ബഞ്ചമിനോടുള്ള സ്നേഹത്തിന്റെ ചെറിയോരളവുപോലും റാഹേലിന്റെു മൂത്തപുത്രനായ ജോസഫിനോടുണ്ടായിരുന്നില്ല. പിതാവായ ഇസ്രായേല്‍മാത്രം അവനെ അകമഴിഞ്ഞു സ്നേഹിച്ചു. യാക്കോബിനു റാഹേലിനോടുണ്ടായിരുന്ന സ്നേഹത്തിന്റെ തീവ്രത, അവളുടെ കടിഞ്ഞൂല്‍പ്പുത്രനോടുള്ള വാത്സല്യമായി. തങ്ങളിലാരെയുംകാള്‍ അധികമായി പിതാവു ജോസഫിനെ സ്നേഹിക്കുന്നതിനാലാകാം, സഹോദരങ്ങള്‍ അവനെ അത്യധികം വെറുത്തു. ജോസഫിനോടു സൗമ്യമായി സംസാരിക്കാന്‍പോലും അവര്‍ താല്പര്യം കാണിച്ചില്ല.

ജോസഫ് അതികോമളനായ ഒരു യുവാവായിരുന്നു. സുന്ദരമായ മുഖവും ബലിഷ്ഠമായ ശരീരവും എല്ലായ്പോഴും ചുണ്ടുകളില്‍ വിടര്‍ന്നു നിന്നിരുന്ന പുഞ്ചിരിയും അവനെ ആകര്‍ഷണീയനാക്കി. സഹോദരന്മാര്‍ കോപിച്ചാലും അവന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞിരുന്നില്ല. കര്‍ത്താവിന്റെ ആത്മാവു ജോസഫിനോടൊത്തുണ്ടായിരുന്നു. സ്വപ്നങ്ങളിലൂടെ കര്‍ത്താവ് അവനു വെളിപ്പെടുത്തലുകള്‍ നല്കി.

ജോസഫിനു പതിനേഴുവയസ്സുള്ളപ്പോള്‍, ഒരു രാത്രിയില്‍ ജോസഫിന് ഒരു സ്വപ്നദര്‍ശനമുണ്ടായി. പിറ്റേന്നു രാവിലെ പ്രഭാതഭക്ഷണത്തിനിരിക്കുമ്പോള്‍, താന്‍കണ്ട സ്വപ്നത്തെപ്പറ്റി ജോസഫ് സഹോദരന്മാരോടു പറഞ്ഞു.

“നമ്മളെല്ലാവരും വയലില്‍ കോതമ്പു കൊയ്യുകയായിരുന്നു. കൊയ്ത്തുകഴിഞ്ഞു കറ്റകള്‍ കെട്ടിവച്ചു. പെട്ടെന്ന്‍, എന്റെ കറ്റ എഴുന്നേറ്റുനിന്നു. നിങ്ങളുടെ കറ്റകളെല്ലാം എന്റെ കറ്റയുടെ ചുറ്റുംവന്ന്, അതിനെ താണുവണങ്ങി.”

“നിന്റെ ആഗ്രഹം കൊള്ളാല്ലോ, നീ ഞങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കുമെന്നു പറയാന്‍ ശ്രമിക്കുന്നോ?” റൂബന്‍ അവനോടു കയര്‍ത്തു.

“അല്ലെങ്കില്‍ത്തന്നെ അബ്ബയെ വശത്താക്കി കാര്യംനേടാന്‍ അവന്‍ കേമനാണ്. ഇനിയിപ്പോള്‍ നമ്മളെല്ലാം അവനെ താണുവണങ്ങാത്തതിന്റെ കുഴപ്പംമാത്രമേ ബാക്കിയുള്ളൂ.” യൂദായും ലേവിയും സെബുലൂണും ഗാദും റൂബനോടുചേര്‍ന്നു ജോസഫിനോടു ദേഷ്യപ്പെട്ടു.

പ്രാതലിനിടയില്‍ മക്കളുടെ ബഹളംകേട്ട് ഇസ്രായേല്‍ അവിടേക്കുവന്നു.

“അബ്ബാ, ഞാന്‍ ഇന്നലെക്കണ്ട ഒരു സ്വപ്നത്തെക്കുറിച്ചു പറഞ്ഞതിനാണ് ഇവര്‍ എന്നോടു ദേഷ്യപ്പെടുന്നത്.”

ജോസഫ് പിതാവിന്റെ  സംരക്ഷണംതേടി.

"ഒരുസ്വപ്നംകൂടെ ഞാന്‍ കണ്ടു. ആ സ്വപ്നത്തില്‍ സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്റെുമുമ്പില്‍വന്ന്‍ എന്നെ താണുവണങ്ങി.”

“എന്ത്? നിന്റെ സ്വപ്നത്തിന്റെ അര്‍ത്ഥമെന്താണ്? ഞാനും നിന്റെ‍ അമ്മയും സഹോദരങ്ങളും നിന്നെ താണുവണങ്ങുമെന്നോ?” ഇസ്രായേലും ജോസഫിനോടു ദേഷ്യപ്പെട്ടു.

അബ്ബയും തനിക്കെതിരാണെന്നു തോന്നിയതിനാല്‍ ജോസഫ് കരഞ്ഞു. അവന്‍ ഒറ്റയ്ക്ക് ആടുകളുടെ ആലയ്ക്കടുത്തേക്കു പോയിരുന്നു.

ജോസഫിന്റെ സഹോദരങ്ങള്‍ക്ക്  അവനോടുള്ള ദേഷ്യംകൂടി. ഇസ്രായേലാകട്ടെ, മകന്‍കണ്ട സ്വപ്നങ്ങളെക്കുറിച്ചു ധ്യാനിച്ചു. കര്‍ത്താവിന്റെ ഹിതം എന്തുതന്നെയായാലും അതുനിറവേറട്ടെയെന്ന് അയാള്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.

ഗ്രീഷ്മസൂര്യന്റെ കിരണങ്ങള്‍ക്കു കാഠിന്യമേറി. കാനാന്‍ദേശത്തെ പുല്‍മേടുകള്‍ കരിഞ്ഞുതുടങ്ങി.

ആടുകള്‍ക്കു തീറ്റകിട്ടാന്‍ പ്രയാസമായപ്പോള്‍ റൂബന്‍ പിതാവിനോടു പറഞ്ഞു: “അബ്ബാ, ഞങ്ങള്‍ ആടുകളെയുംകൊണ്ടു ഷെക്കമിലേക്കു പോകട്ടേ? അവിടെയിപ്പൊഴും പച്ചയായ മേച്ചില്‍പ്പുറങ്ങളുണ്ടാകാന്‍ സാദ്ധ്യതയുണ്ട്.”

പിതാവിന്റെ അനുമതിയോടെ റൂബനും സഹോദരന്മാരും ഷെക്കമിലേക്കു തിരിച്ചു. ജോസഫിനെ അവര്‍ കൂടെക്കൂട്ടിയില്ല. ബഞ്ചമിന്‍ ബാലനായിരുന്നതിനാല്‍ അവനും ഭവനത്തില്‍ത്തന്നെ നിന്നു.

കുറച്ചുദിവസങ്ങള്‍ക്കുശേഷം ഇസ്രായേല്‍ ജോസഫിനോടു പറഞ്ഞു. “ഷെക്കമില്‍ പോയി നിന്റെ സഹോദരന്മാരുടെ ക്ഷേമമന്വേഷിച്ചു വരൂ.”

ജോസഫ് ഷെക്കമിലെത്തി. വേനലിന്റെ കാഠിന്യത്തിനു കുറവൊന്നുമില്ല. ഷെക്കമിലെ പുല്‍മേടുകളും സൂര്യാംശുക്കളുടെ താഢനമേറ്റു തളര്‍ന്നുകഴിഞ്ഞു. പൊള്ളുന്ന വെയിലത്ത് പലയിടത്തുമന്വേഷിച്ചലഞ്ഞെങ്കിലും ഷെക്കെമിലൊരിടത്തും സഹോദരന്മാരെ കണ്ടെത്താന്‍ ജോസഫിനായില്ല.

ഒടുവില്‍ ഒരാള്‍ അവനോടു പറഞ്ഞു;”ഒരുമിച്ച് ആടുമേയിച്ചിരുന്ന പത്തു സഹോദരന്മാരേയാണോ നീയന്വേഷിക്കുന്നത്? അവര്‍ ഇവിടെനിന്നു പോകുന്നതു ഞാന്‍ കണ്ടല്ലോ. ഞാന്‍ അവരുമായി സംസാരിച്ചിരുന്നു. ദോത്താനിലേക്കു പോകുന്നുവെന്നാണവര്‍ പറഞ്ഞത്.”

ജോസഫ് ഷെക്കമില്‍നിന്നു ദോത്താനിലേക്കു നടന്നു.

താഴ്വരയിലൂടെ ജോസഫ് നടന്നുവരുന്നത്, അകലെനിന്നുതന്നെ സഹോദരന്മാര്‍ കണ്ടു. ദൂരെവച്ചുതന്നെ അവര്‍ അവനെ തിരിച്ചറിഞ്ഞു.

“നോക്കൂ, സ്വപ്നക്കാരന്‍ വരുന്നുണ്ട്.”

“അവനെന്തിനിപ്പോള്‍ എന്തിനിങ്ങോട്ടു വരുന്നു?”

“എന്തായാലും ഇതു നമുക്കു കിട്ടിയ നല്ലോരവസരമാണ്. അവനെ നമുക്കീ ഭൂമുഖത്തുനിന്നും ഇല്ലാതാക്കാം.”

“അതുശരിയാണ്. അവന്റെ സ്വപ്നങ്ങള്‍ക്കിനി എന്തുസംഭവിക്കുമെന്നു നമുക്കുകാണാമല്ലോ!”

ജോസഫിനെ കൊല്ലാന്‍തന്നെ അവന്റെ ജ്യേഷ്ഠന്മാര്‍ തീരുമാനിച്ചു. മൂത്തവനായ റൂബന്‍മാത്രം അതിനെ എതിര്‍ത്തു്. ജോസഫിനെ രക്ഷിച്ചു പിതാവിന്റെപക്കല്‍ തിരിച്ചെത്തിക്കണമെന്ന്‌ അവന്‍ കരുതി.

“നിങ്ങള്‍ എന്താണീ പറയുന്നത്? എന്തൊക്കെയായാലും അവന്‍ നമ്മുടെ അനുജനല്ലേ? അവന്റെ രക്തംചിന്തണമെന്നു ചിന്തിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? അവനെ ദേഹോപദ്രവമേല്പിക്കരുത്.”

അപ്പോള്‍ ജോസഫ് അവരുടെയടുത്തെത്തി. ഒരുപാടു ദിവസങ്ങളിലെ അലച്ചിലിനൊടുവില്‍ സഹോദരന്മാരെ കണ്ടെത്താനായതില്‍ അവന്‍ വളരെയേറെ സന്തോഷിച്ചു.

ജോസഫ് അടുത്തെത്തിയപ്പോള്‍ റൂബനൊഴികെയുള്ള ഒമ്പതുപേരുംചേര്‍ന്ന് അവന്റെ മേലങ്കി അഴിച്ചെടുത്തതിനുശേഷം, അടുത്തുണ്ടായിരുന്ന വെള്ളമില്ലാത്തൊരു പൊട്ടക്കിണറിനുള്ളിലേക്ക് അവനെ തള്ളിയിട്ടു. എന്താണു സംഭവിക്കുന്നതെന്നു ജോസഫിനു മനസ്സിലായില്ല. അവന്റെ വിലാപമാത്രയും ബധിരകര്‍ണ്ണങ്ങളിലാണു പതിച്ചത്.

“ഈ പ്രദേശത്തു കൂടുതല്‍ പുല്ലുള്ള സ്ഥലങ്ങളുണ്ടോയെന്നു ഞാന്‍ അന്വേഷിച്ചു വരാം. വൈകുന്നേരമാകുമ്പോള്‍ അതാ അങ്ങകലെ കാണുന്ന കുന്നിന്‍മുകളിലേക്കു നിങ്ങള്‍ വന്നോളൂ, ഞാന്‍ അവിടെയുണ്ടാകും.” റൂബന്‍ അവിടെനിന്നു പോയി. സഹോദരന്മാര്‍ തന്നെത്തേടിവരുമ്പോള്‍ മറുവഴിയിലൂടെവന്നു ജോസഫിനെ രക്ഷിക്കാമെന്ന് അവന്‍ കരുതി.

റൂബന്‍പോയി കുറച്ചിടകഴിഞ്ഞപ്പോള്‍  മിദിയാനില്‍നി‍ന്നും ഈജിപ്തിലേക്കു കച്ചവടത്തിനായിപ്പോകുന്ന വണിക്കുകളുടെ ഒരുസംഘം അകലെനിന്നു വരുന്നതുകണ്ട് യൂദാ സഹോദരന്മാരോടു പറഞ്ഞു. “അവന്‍ ആ പൊട്ടക്കിണറ്റില്‍ക്കിനടന്നു മരിച്ചിട്ടു നമുക്കെന്തു പ്രയോജനം? നമുക്ക് അവനെയാ കച്ചവടക്കാര്‍ക്ക് അടിമയായി വില്ക്കാം.”

അവര്‍ ജോസഫിനെ കുഴിയില്‍നിന്നു കയറ്റി ഇരുപതുവെള്ളിക്കാശിനു വിറ്റു. പിന്നെ റൂബന്‍പറഞ്ഞ കുന്നിന്‍പ്രോദേശത്തേക്കുപോയി. ജോസഫിനെവാങ്ങിയ കച്ചവടക്കാര്‍, അവനെ ബന്ധിച്ച്, ഈജിപ്തിലേക്കു യാത്രതുടര്‍ന്നു. അവന്റെ ചുണ്ടുകളിലെ മായാത്ത പുഞ്ചിരി മാഞ്ഞുപോയി. കരഞ്ഞുകരഞ്ഞ് അവന്റെ കണ്ണീര്‍ വറ്റിയതല്ലാതെ ജോസഫിനെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കര്‍ത്താവുപോലും തന്നെ കൈവെടിഞ്ഞെന്ന്‍ അവനുതോന്നി. എങ്കിലും അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു: "ദൈവമേ, എന്നെ കൈവെടിയരുതേ, അങ്ങു ചെയ്യുന്നതെല്ലാം എന്റെ നന്മയ്ക്കുവേണ്ടി മാത്രമാകുമെന്നു ഞാന്‍ വിശ്വസിക്കുന്നു."

റൂബന്‍ മടങ്ങിയെത്തിയപ്പോള്‍ കിണറിനുള്ളില്‍ ജോസഫിനെ കണ്ടില്ല. അവന്‍ ഉറക്കെക്കരഞ്ഞുകൊണ്ടു തന്റെ വസ്ത്രംകീറി. അവന്‍ സഹോദരന്മാരുടെയടുത്തു പാഞ്ഞെത്തി.

“കുട്ടിയെ അവിടെ കാണുന്നില്ല. ഞാനിനി എന്തുചെയ്യും? അബ്ബയോടെന്തു പറയും?”

ശിമയോന്‍ പറഞ്ഞു: “ഇതാ അവനു ബാബകൊടുത്ത പുതിയ മേല്‍വസ്ത്രം ഇവിടെയുണ്ട്. നമുക്ക് ഇപ്പോള്‍ത്തന്നെ നാട്ടിലേക്കു മടങ്ങാം. ഒരാടിനെക്കൊന്ന്‍ അതിന്റെ രക്തം ജോസഫിന്റെ മേല്‍വസ്ത്രത്തില്‍പ്പുരട്ടി അബ്ബയ്ക്കു കൊടുക്കാം.”

അവര്‍ വീട്ടില്‍ത്തിരിച്ചെത്തി.

“അബ്ബാ, ഞങ്ങള്‍ക്കു വഴിയില്‍നിന്നു ചോരയില്‍പ്പുരണ്ട ഈ മേല്‍വസ്ത്രം കിട്ടി. ഇതു ജോസഫിന്റേതുപോലെ തോന്നിയതിനാല്‍ ഞങ്ങള്‍ എടുത്തുകൊണ്ടുപോന്നു."

ഇസ്രായേല്‍ മേലങ്കി തിരച്ചറിഞ്ഞു.

“ഏതെങ്കിലും കാട്ടുമൃഗം അവനെ കൊന്നു തിന്നുകാണും. ഈ മേലങ്കിയല്ലാതെ അവന്റെ ശരീരമോ അസ്ഥികൂടമോ ഞങ്ങള്‍ കണ്ടില്ല.”

ഇസ്രായേല്‍ മകനെയോര്‍ത്തു  വിലപിച്ചു. ചാക്കുവസ്ത്രമുടുത്ത് ഉപവാസത്തോടെ അയാള്‍ മകനുവേണ്ടി പ്രാര്‍ത്ഥിച്ചു. മറ്റു പുത്രന്മാര്ക്കോ  പുത്രിക്കോ അയാളെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല.

വണിക്കുകള്‍ ഈജിപ്തിലെത്തി. ജോസഫിനെ അവര്‍ ഈജിപ്തിലെ അടിമച്ചന്തയില്‍ വില്പനയ്ക്കായി നിറുത്തി.