Sunday 12 January 2020

97. ദാവീദും ഗോലിയാത്തും

ബൈബിൾക്കഥകൾ 97


ദാവീദ് സാവൂളിനുമുമ്പിൽ ഹാജരാക്കപ്പെട്ടു.

"മഹാരാജാവേ, ആ ഫിലിസ്ത്യനെയോര്‍ത്ത്‌ ഇസ്രായേലിലാർക്കും ഭയംവേണ്ടാ. അങ്ങയുടെ അനുവാദമുണ്ടെങ്കിൽ ഈ ദാസന്‍ അവനെ കീഴ്പെടുത്താം.".

''കുഞ്ഞേ, നീ ചെറുപ്പമല്ലേ? ഗോലിയാത്തിനെ നേരിടാനുള്ള കരുത്തുനിനക്കില്ല. യുദ്ധപരിചയമോ പരിശീലനമോയില്ല. അവനാകട്ടെ ബാല്യംമുതല്‍ പരിശീലനംനേടിയ കരുത്തനായ യോദ്ധാവാണ്‌." സാവൂൾ ദാവീദിനെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു.

എന്നാൽ ദാവീദ്‌ പിന്മാറാൻ തയ്യാറായിരുന്നില്ല: 

"അങ്ങയുടെ ഈ ദാസന്‍ ഒരാട്ടിടയനാണ്. സിംഹമോ കരടിയോ വന്ന്‌, ഒരാട്ടിന്‍കുട്ടിയെ തട്ടിയെടുത്താല്‍, അതിനെ പിന്തുടര്‍ന്ന്‌ ആട്ടിന്‍കുട്ടിയെ രക്ഷിക്കുന്നവനാണു ഞാൻ. അങ്ങയുടെ ഈ ദാസന്‍ സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്‌. ജീവിക്കുന്ന ദൈവത്തിന്റെ സൈന്യത്തെയും രാജാവിനേയുമപമാനിക്കുന്ന ഈ ഫിലിസ്‌ത്യനും അവയിലൊന്നിനെപ്പോലെയാകും. സിംഹത്തിന്റെയും കരടിയുടെയും കൈയില്‍നിന്ന്‌ എന്നെ രക്ഷിച്ച കര്‍ത്താവ്‌, ഇവന്റെ കൈയില്‍നിന്നും എന്നെ രക്ഷിക്കും. "

സാവൂള്‍ പിന്നീടവനെത്തടഞ്ഞില്ല. "പോവുക; കര്‍ത്താവു നിന്നോടുകൂടെയുണ്ടായിരിക്കട്ടെ!"

ഗോലിയാത്തിനെ നേരിടാൻ  ദാവീദിനു സാവൂളനുവാദംനല്കി. അവൻ, ദാവീദിനെ പോര്‍ച്ചട്ടയും പടത്തൊപ്പിയും കവചവുമണിയിച്ചു. ദാവീദിന്റെ കരങ്ങളിലേക്കു് ഒരു വാൾ നല്കി.

എന്നാൽ, പോര്‍ച്ചട്ടയും വാളുംധരിച്ച്, ഒന്നുനേരേനടക്കാന്‍പോലും  ദാവീദിനു സാധിച്ചില്ല. 

''മഹാരാജാവേ, ഇതൊന്നുമെനിക്കു വേണ്ടാ.. പരിചയിച്ചിട്ടില്ലാത്തതിനാല്‍, ഇവധരിച്ചു നടക്കാന്‍പോലുമെനിക്കാവില്ല."
അവന്‍ അതെല്ലാമഴിച്ചുമാറ്റി. 

ദാവീദിന്റെ കൈയിൽ ഒരു കവിണയുണ്ടായിരുന്നു. ആടുകളെ മേയ്ക്കാൻപോകുമ്പോൾ അവന്റെ സഹചാരിയായ ഒരു വടിയുമുണ്ടായിരുന്നു അവൻ തന്റെ കവിണയും വടിയും സാവൂളിനെക്കാണിച്ചു.

"ആ ഫിലിസ്ത്യനെ നേരിടാൻ, ഇതിനേക്കാൾ വലിയ ആയുധങ്ങളൊന്നുമാവശ്യമില്ല..."

ദാവീദ്, ഗോലിയാത്തിനെ നേരിടാനായിപ്പുറപ്പെട്ടു.
തോട്ടില്‍നിന്ന് മിനുസമുള്ള അഞ്ചു കല്ലുകൾ തിരഞ്ഞെടുത്ത്‌, അവൻ കൈയിൽക്കരുതി.

ദാവീദിന്റെ ധൈര്യവുമാത്മവിശ്വാസവുംകണ്ടപ്പോൾ, സാവൂൾ തന്റെ സൈന്യാധിപനായ അബ്നേറിനോടു ചോദിച്ചു: "ഇവനാരാണ്? ആരാണിവന്റെ പിതാവ്?"

"എനിക്കറിയില്ലാ. പക്ഷേ... അവനല്ലേ അങ്ങേയ്ക്കുവേണ്ടി കിന്നരംവായിക്കുന്നത്? അങ്ങേയ്ക്കവനെയറിയില്ലേ?"

ഇസ്രായേൽപ്പാളയത്തിൽനിന്നു മുമ്പോട്ടിറങ്ങിയ ദാവീദ്, ഗോലിയാത്തിനെ വെല്ലുവിളിച്ചു. തന്റെ ഇടയവടി, അവൻ അന്തരീക്ഷത്തിൽ ചുഴറ്റിക്കൊണ്ടിരുന്നു.

ഗോലിയാത്ത് പാളയത്തിൽനിന്നിറങ്ങിവന്നു. തുടുത്തുകോമളനായ ഒരു കൗമാരക്കാരൻ ഒരു വടിയുമായി തന്റെനേരെ വരുന്നതുകണ്ടപ്പോള്‍ അവനു പുച്ഛംതോന്നി.  

"എന്റെനേരേ വടിയുമായിവരാന്‍ ഞാനൊരു പട്ടിയാണെന്നു നീ കരുതിയോ?" ഗോലിയാത്ത്, ഫിലിസ്ത്യരുടെ ദേവന്മാരുടെ പേരുചൊല്ലി ദാവീദിനെ ശപിച്ചു. "എന്നെ നേരിടാൻവരാൻ നിനക്കെങ്ങനെ ധൈര്യം വന്നൂ? നിന്റെയീ തുടുത്ത ശരീരം ഇന്നു കുറുക്കന്മാരുടെയും കഴുകന്മാരുടേയും ആഹാരമായിത്തീരും!"

ദാവീദ് ഗോലിയാത്തിനടുത്തേക്കു വേഗത്തിലോടിയടുത്തു. അവൻ വിളിച്ചുപറഞ്ഞു.

"വാളും കുന്തവും ചാട്ടുളിയുമായി നീയൊരു ബാലനെ നേരിടാന്‍വരുന്നു. ഞാനാകട്ടെ നീ നിന്ദിച്ച ദൈവമായ കര്‍ത്താവിന്റെ നാമത്തിലാണു വരുന്നത്‌. കര്‍ത്താവു നിന്നെ എന്റെ കൈയിലേല്പിച്ചുകഴിഞ്ഞു. നിന്റെ തല, ഞാൻ കൊയ്തെടുക്കും. ഫിലിസ്‌ത്യരുടെ ശവശരീരങ്ങള്‍ പറവകള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും ഇരയാകുമ്പോൾ ഇസ്രായേലിലൊരു ദൈവമുണ്ടെന്നു ലോകമെല്ലാമറിയും.. . കര്‍ത്താവു വാളുംകുന്തവുംകൊണ്ടല്ല രക്ഷിക്കുന്നതെന്ന്‌ ഈ ജനതതികളെല്ലാം മനസ്സിലാക്കും."

ദാവീദിന്റെ വാക്കുകൾ ഗോലിയാത്തിനെ ക്രുദ്ധനാക്കി. അവൻ അലറിക്കൊണ്ടു ദാവീദിനോടടുത്തു.

തന്റെ കവിണയിൽനിന്നു പായുന്ന കല്ലിന്റെ പരിധിക്കുള്ളിൽ ഗോലിയാത്ത് എത്തിയെന്നുകണ്ടപ്പോൾ, ദാവീദ് നിന്നു. വടി താഴെയിട്ടശേഷം കുപ്പായക്കീശയിൽനിന്ന് ഒരു കല്ലെടുത്തു കവിണയിൽത്തൊടുത്തു. ഒരു നിമിഷാർദ്ധത്തിൽ കല്ലുപാഞ്ഞു. അണുവിട ലക്ഷ്യംതെറ്റാതെ അതു ഗോലിയാത്തിന്റെ മൂക്കിനുമുകളിൽ, നെറ്റിയുടെ മദ്ധ്യത്തിലൂടെ തലയോട്ടിയിലേക്കു തുളച്ചുകയറി.

എന്താണു സംഭവിച്ചതെന്നു തിരിച്ചറിയുംമുമ്പേ, ഗോലിയാത്ത് നിലംപതിച്ചു. അവന്റെ ആയുധവാഹകൻ പിന്തിരിഞ്ഞോടി. 

ദാവീദ്‌ ഓടിച്ചെന്നു ഗോലിയാത്തിന്റെമേല്‍ക്കയറി നിന്നു. ഗോലിയാത്തിന്റെ വാൾ ഉറയില്‍നിന്നു വലിച്ചൂരി, അവന്റെ കഴുത്തു വെട്ടിമുറിച്ചു. ഗോലിയാത്തിന്റെ ശരീരത്തിൽനിന്നു വേർപെട്ട ശിരസ്സ്, ദാവീദ് ഉയർത്തിപ്പിടിച്ചപ്പോൾ ഫിലിസ്‌ത്യര്‍ തങ്ങളുടെ പാളയങ്ങളിൽനിന്നിറങ്ങി പിന്തിരിഞ്ഞോടി. ഇസ്രായേൽസൈന്യവും ജനതയും അവരെ പിന്തുടർന്നാക്രമിച്ചു. 

ഗോലിയാത്തിനെ വധിച്ചുമടങ്ങിവന്ന ദാവീദിനെ, സൈന്യാധിപനായ അബ്‌നേര്‍ സാവൂളിന്റെയടുത്തേക്കു കൂട്ടിക്കൊണ്ടുവന്നു. ഗോലിയാത്തിന്റെ ശിരസ്സ്, അപ്പോഴുമവന്റെ കൈയിലുണ്ടായിരുന്നു.

സാവൂള്‍ അദ്ഭുതംകൂറുന്ന മിഴികളോടെ ദാവീദിനെ നോക്കി. അവനോടു ചോദിച്ചു: "സത്യത്തിൽ നീയാരാണ്? ആരുടെ മകനാണു നീ?"

"അങ്ങയുടെ ദാസനായ ബേത്‌ലെഹെംകാരന്‍ ജസ്സെയുടെ മകൻ" ദാവീദ്‌ പറഞ്ഞു.

സാവൂൾ, വാത്സല്യത്തോടെ ദാവീദിനെ തന്നോടുചേർത്തു പുണർന്നു.

സാവൂൾ ദാവീദിനോടു സംസാരിക്കുമ്പോൾ സാവൂളിന്റെ പുത്രനായ ജോനാഥനും അവിടെയുണ്ടായിരുന്നു. ജോനാഥനു ദാവീദിനോടു വലിയ സ്നേഹംതോന്നി. അവൻ തന്റെ മേലങ്കി ദാവീദിനെയണിയിച്ചു. തന്റെ പടച്ചട്ടയും വാളും വില്ലും അരക്കച്ചയും ദാവീദിനു സമ്മാനമായിക്കൊടുത്തു.

"ആയുധവിദ്യകളെല്ലാം ഞാൻ നിന്നെയഭ്യസിപ്പിക്കാം. എന്റെ ജീവിതാന്ത്യംവരെ നിയെന്റെ സ്നേഹിതനായിരിക്കും. " ജോനാഥൻ ദാവിദിനോടു പറഞ്ഞു.

ഫിലിസ്ത്യരെത്തോല്പിച്ച്, അവര്‍ സാവൂളിന്റെ കൊട്ടാരത്തിലേക്കു മടങ്ങിവരുമ്പോള്‍ ഇസ്രായേലിലെ എല്ലാ നഗരങ്ങളിലും  വാദ്യഘോഷങ്ങളോടെ, ആടിപ്പാടിയെത്തിയ സ്ത്രീകൾ, സന്തോഷത്തോടെ സാവൂളിനെയെതിരേറ്റു.

അവര്‍ മതിമറന്നു പാടിക്കൊണ്ടിരുന്നു: "സാവൂള്‍ ആയിരങ്ങളെക്കൊന്നു. ദാവീദ്‌ പതിനായിരങ്ങളെയും...." 

എന്നാൽ ആ ഗാനം സാവൂളിനെയസ്വസ്ഥനാക്കി. വെറുമൊരിടയച്ചെറുക്കന് പതിനായിരങ്ങളെ നേരിട്ടു തോല്പിച്ചതിന്റെ ഖ്യാതിനല്കിയിരിക്കുന്നു. ഇസ്രായേലിന്റെ രാജാവിനോ ആയിരങ്ങൾമാത്രം! അവൻ സംശയത്തോടെ ദാവീദിനെ നോക്കി. 

അവന്റെ ഹൃദയത്തിൽ വീണ്ടും ആ ചോദ്യമുയർന്നു. "ഇവനാരാണ്?"

എന്നാൽ ദാവീദാകട്ടെ, തന്റെ ആടുകളെ വേട്ടയാടാനെത്തുന്ന വന്യമൃഗങ്ങളിലൊന്നിനെക്കൊല്ലുന്നതിൽക്കവിഞ്ഞ ഒന്നായി, തന്റെ വിജയത്തെ കണക്കാക്കിയിരുന്നതേയില്ല.

No comments:

Post a Comment