Sunday, 11 April 2010

ബാബേല്‍ ഗോപുരം


"കുട്ടനങ്കിളേ, ഇന്നലെ വൈകിട്ടു ഞങ്ങൾ ബീച്ചിൽപോയപ്പോൾ അവിടെ കുറേ ടൂറിസ്റ്റുകളുണ്ടായിരുന്നു. അവര്‍ പറയുന്ന ഭാഷയൊന്നും മനസ്സിലാകുന്നതേയില്ല. അത് ഇംഗ്ലീഷൊന്നുമല്ല, വേറെന്തോ ഭാഷയാണ്. ഈ സായിപ്പന്‍മാര്‍ ഇംഗ്ലീഷല്ലാതെ വേറെന്തു ഭാഷയാണങ്കിളേ സംസാരിക്കുന്നത്?"

രാവിലെ ചായകുടിക്കുന്നതിനിടയില്‍ രോഷ്നിയാണ് ചോദ്യമുന്നയിച്ചത്.

"അല്ല, ഇന്ത്യയ്ക്ക് പുറത്തുള്ളവരുടെയെല്ലാം ഭാഷ ഇംഗ്ലീഷാണെന്ന് രോഷ്നിയോടാരാ പറഞ്ഞത്? ആയിരക്കണക്കിനു ഭാഷകളാണ് ലോകത്ത് ഇന്ന് നിലവിലുള്ളത്." കുട്ടനങ്കിള്‍ പറഞ്ഞു.

"അതു ശരിയാ കുട്ടനങ്കിളേ, ഭാഷകളുടെ എണ്ണം കൊണ്ടു പ്രശസ്തമായ ഒരു ദ്വീപിനെക്കുറിച്ച്ഞാനെവിടെയോ വായിച്ചതോര്‍ക്കുന്നു. അതിന്‍റെ പേർ......"

നാവിന്‍തുമ്പത്തെത്തി നില്‍ക്കുന്ന ആ ദ്വീപിന്‍റെ പേരു് ഓര്‍മ്മിച്ചെടുക്കുവാനുള്ള ശ്രമത്തിലാണ് ഷിവാനി.

"പാപ്പുവ ന്യൂ ഗനിയ"

കുട്ടനങ്കിളാണതു പൂരിപ്പിച്ചത്.

"ആസ്ട്രേലിയയ്ക്കടുത്തുള്ള പാപ്പുവ ന്യൂ ഗനിയ എന്ന ചെറിയ ദ്വീപില്‍ എണ്ണൂറോളം ഭാഷകളാണ് നിലവിലുള്ളത്"

നമ്മുടെ ഇന്ത്യയില്‍ എത്ര ഭാഷകളുണ്ടു കുട്ടനങ്കിളേ?" കിച്ചു ചോദിച്ചു.

“അഞ്ഞൂറിലധികം ഭാഷകള്‍ ഇന്ത്യയില്‍ സംസാരിക്കപ്പെടുന്നുണ്ട്. അതില്‍ ഇരുപത്തിമൂന്നു ഭാഷകള്‍ ഔദ്യോഗിക ഭാഷകളായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ രാഷ്ട്രഭാഷ, അല്ലെങ്കില്‍ ദേശീയ ഭാഷ ഹിന്ദിയാണ്. നമ്മുടെ മാതൃഭാഷ മലയാളവും.”

"ഭാരത സര്‍ക്കാര്‍ ഔദ്യോഗികഭാഷകളായി അംഗീകരിച്ചിട്ടുള്ളത് ഏതെല്ലാം ഭാഷകളാണെന്നു പറഞ്ഞുതരാമോ?" എയ്ഞ്ചല്‍ ആവശ്യപ്പെട്ടു.

"അതിനെന്താ പറഞ്ഞുതരാമല്ലോ. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തില്‍ത്തന്നെ കേട്ടോളൂ. അസാമീസ്, ബംഗാളി, ബോഡോ, ഡോഗ്രി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, കന്നഡ, കാശ്മീരി, കൊങ്കണി, മലയാളം, മണിപ്പൂരി (മെയ്റ്റേ), മറാത്തി, മിസോ, നേപ്പാളി, ഒറിയ (ഒഡിയ), പഞ്ചാബി, സംസ്കൃതം, സന്താലി, സിന്ധി, തമിഴ്, തെലുങ്ക്, ഉറുദു എന്നിവയാണവ."

"ഓ, ഇത്രയേറെ ഭാഷകള്‍ പഠിച്ചെടുക്കാന്‍ എന്ത് പ്രയാസമാണ്? ലോകത്തില്‍ എല്ലാവര്‍ക്കും കൂടി ഒരു ഭാഷ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ എത്ര നന്നായിരുന്നു, അല്ലേ ചാച്ചാ? എവിടെപ്പോയാലും എല്ലാവരോടും സംസാരിക്കാമായിരുന്നല്ലോ."

ചിക്കുവിന്‍റെ ചിന്തകള്‍ ആ വഴിക്കാണു പോയത്.

ചിക്കു പറഞ്ഞത് കേട്ടപ്പോള്‍ എനിക്കൊരു സംശയം"

രോഹിത് ആണ് സംശയാലു.

"ആദത്തേയും ഹവ്വയേയുമല്ലേ ദൈവം ആദ്യം സൃഷ്ടിച്ചത്‌? പിന്നെ അവരുടെ മക്കളും മക്കളുടെ മക്കളുമൊക്കെയായി നോഹയുടെ കാലമായപ്പോള്‍ ആ ഒരു കുടുംബമൊഴികേയുള്ള മനുഷ്യരെല്ലാം പ്രളയത്തില്‍ മരിച്ചില്ലേ? പിന്നെ നോഹയുടെ സന്തതി പരമ്പരയാണല്ലോ ഇപ്പോഴുള്ള മനുഷ്യര്‍ മുഴുവന്‍. അപ്പോള്‍ ലോകത്തില്‍ എല്ലാ മനുഷ്യര്‍ക്കും കൂടി ഒരൊറ്റ ഭാഷയല്ലേ ഉണ്ടാകേണ്ടത്? പിന്നെങ്ങനെയാണ്‌ ഇത്രയേറെ ഭാഷകളുണ്ടായത്?"

"രോഹിത്തിന്‍റെ ചോദ്യം വളരെ നന്നായി."

കുട്ടനങ്കിള്‍ രോഹിത്തിനെ പ്രശംസിച്ചു.

"ഇന്നുള്ള അറുന്നൂറ്റിയമ്പത് കോടി മനുഷ്യരും നോഹയപ്പുപ്പന്‍റെ സന്തതി പരമ്പര തന്നെ. അപ്പോള്‍ രോഹിത് കരുതുന്നതു പോലെ മനുഷ്യര്‍ക്കെല്ലാം ഒരു ഭാഷ മാത്രമാണ്‌ ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ നിരവധി ഭാഷകള്‍ ഉണ്ടായതിനു പിന്നില്‍ ഒരു ചരിത്രമുണ്ട്."

"എന്നാല്‍ ഞങ്ങള്‍ക്കത് പറഞ്ഞു താ കുട്ടനങ്കിളേ..."

രഹ്‌നയ്ക്കും രോഹിത്തിനും കിച്ചുവിനും ചിക്കുവിനുമെല്ലാം ഇത്രയേറെ ഭാഷകളുണ്ടായതിനു പിന്നിലെ ചരിത്രമറിയാന്‍ ധൃതിയായി.

"കഥ പറച്ചിലൊക്കെ പിന്നെ. ആദ്യം ഭക്ഷണം കഴിച്ചിട്ട് സ്ഥലം കാലിയാക്കാന്‍ നോക്ക്." ലവ്‌ലിയാന്‍റി ഇടപെട്ടു.

"അത് ശരിയാ. എല്ലാവരും വേഗം ഭക്ഷണം കഴിച്ച് തീര്‍ത്ത് സ്വീകരണ മുറിയിലേക്ക് വന്നോളൂ. അവിടിരുന്നാവാം ഇനി കഥകള്‍."

കുട്ടനങ്കിളും ലവ്‌ലിയാന്‍റിയോട് യോജിച്ചു.

കഥ കേള്‍ക്കാനുള്ള ആകാംക്ഷ മൂലം പെട്ടന്ന് കഴിച്ച് തീര്‍ത്ത് കുട്ടികളെല്ലവരും സ്വീകരണ മുറിയിലെത്തി.

“അപ്പോള്‍ ഭൂമിയിൽ വ്യത്യസ്ഥ ഭാഷകളുണ്ടായതെങ്ങനെയെന്ന് നിങ്ങള്‍ക്കറിയണം, അല്ലേ?"
"വേണം, വേണം" എല്ലാവരും ഒരേ ശബ്ദത്തില്‍ പറഞ്ഞു.

"എന്നാല്‍ ശരി കേട്ടോളൂ" കുട്ടനങ്കിള്‍ കഥ പറഞ്ഞു തുടങ്ങി.

ജലപ്രളയത്തിനു ശേഷം നോഹയുടെ മക്കളായ ഷേം, ഹാം, യാഫത്ത് എന്നിവരുടെ സന്തതികളില്‍ നിന്നാണ് ജനതകള്‍ ഭൂമിയിലാകെ വ്യാപിച്ചത്. ആ നാളുകളില്‍ ഭൂമിയിലെല്ലാം ഒരൊറ്റ ഭാഷയും ഒരേ സംസാര രീതിയുമാണുണ്ടായിരുന്നത്. ദൈവത്തിന്‍റെ അനുഗ്രഹാധിക്യത്താല്‍ സമ്പത്തും സമൃദ്ധിയും നിറഞ്ഞ ജീവിതമായിരുന്നൂ ജനങ്ങളെല്ലാം നയിച്ചിരുന്നത്. സമൃദ്ധിയുടെ ആധിക്യം ജനങ്ങളെ ക്രമേണ അഹങ്കാരികളാക്കിത്തീര്‍ത്തു കൊണ്ടിരുന്നു.

ഇതിനിടയില്‍ കളിമണ്ണ് ചുട്ട് ഇഷ്ടികയുണ്ടാക്കുന്ന വിദ്യയും കളിമണ്ണും കുമ്മായവും കുഴച്ച് ഇഷ്ടിക കെട്ടി ക്കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന വിദ്യയും മനുഷ്യന്‍ സ്വായത്തമാക്കി. അവര്‍ വീടുകള്‍ പണിതുയര്‍ത്തി; പട്ടണങ്ങള്‍ രൂപകല്പന ചെയ്തു. എവിടെയും സമ്പത്‌സമൃദ്ധി കളിയാടി, ഒപ്പം ജനങ്ങളുടെ അഹങ്കാരവും ദിനം പ്രതി വര്‍ദ്ധിച്ചു.
അങ്ങനെയിരിക്കേ അഹങ്കാരം മൂത്ത മനുഷ്യര്‍ ഒരിക്കല്‍ ഷീനാര്‍ എന്ന സമതല പ്രദേശത്ത് ഒത്തു കൂടി.

“നമ്മുടെ പ്രശ്സ്തി എക്കാലവും നിലനിര്‍ത്തുന്നതിനു വേണ്ടി, അകാശത്തോളമെത്തുന്ന ഒരു ഗോപുരം നമുക്ക് നിര്‍മ്മിക്കാം. ആകാശ വാതായനങ്ങളെല്ലാം കടന്ന് സ്വര്‍ഗ്ഗത്തിലേക്കെത്തുന്ന ഒരു കൂറ്റന്‍ ഗോപുരമാകണമത്." അവര്‍ തീരുമാനിച്ചു.

എല്ലാ മനുഷ്യര്‍ക്കും ഒരേ ഭാഷയായിരുന്നതിനാല്‍ ഭൂമിയിലുള്ള സകല മനുഷ്യരിലേക്കും ഈ സന്ദേശം പെട്ടന്ന് എത്തിക്കുവാന്‍ കഴിഞ്ഞു.

അധികം വൈകാതെ ഗോപുരത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചു. ചുട്ടെടുത്ത ഇഷ്ടികകളും കളിമണ്ണും കുമ്മായവുമുപയോഗിച്ച് ഗോപുരത്തിന്‍റെ പണി വളരെ വേഗം പുരോഗമിച്ചു.
ഗോപുരം ഉയരുന്നതിനൊപ്പം ജനങ്ങളുടെ അഹങ്കാരവും വാനോളമുയര്‍ന്നു കൊണ്ടിരുന്നു.

"സ്വര്‍ഗ്ഗത്തിനുമുയരെ നമുക്കീ ഗോപുരം പണിതുയര്‍ത്തണം. അങ്ങനെ മനുഷ്യര്‍ ദൈവത്തെക്കാള്‍ മേലെയെത്താനും ലോകമുള്ള കാലത്തോളം നമ്മുടെ പ്രശസ്തി നിലനില്കാനും ഇടയാകട്ടെ."

തങ്ങളുടെ കഴിവുകളില്‍ അഹങ്കരിച്ച മനുഷ്യര്‍ ദുഷിച്ച ചിന്തകളിലും ഒരേ മനസ്സുള്ളവരായിരുന്നു. ഗോപുര നിര്‍മ്മാണം കാണാനെത്തിയ ദൈവം മനുഷ്യരുടെ ചിന്തകളെ തന്‍റെ ജ്ഞാനത്താല്‍ വിവേചിച്ചറിഞ്ഞു. തന്‍റെ കരവേല മാത്രമായ മനുഷ്യന്‍ തന്നെയും കീഴ്പ്പെടുത്താന്‍ ആഗ്രഹിക്കുന്നതറിഞ്ഞ് ദൈവം വേദനിച്ചു. മനുഷ്യരുടെ അഹങ്കാരം അവിടുത്തെ കോപം ജ്വലിപ്പിക്കുകയും ചെയ്തു.

ഗോപുരത്തിലേക്ക് വയ്ക്കുന്ന ഓരോ ഇഷ്ടികയ്ക്കൊപ്പവും മനുഷ്യന്‍റെ അഹങ്കാരവും ഉയര്‍ന്നു കൊണ്ടിരുന്നു. ഒരേ ഭാഷ സംസാരിക്കുന്നവരും ഒരൊറ്റ ജനതയുമായി മനുഷ്യര്‍ ഇനിയും തുടര്‍ന്നാല്‍ അത് സാത്താന്‍റെ സാമ്രാജ്യം വളര്‍ത്താനേ ഉതകൂ എന്ന് ദൈവമറിഞ്ഞു. കാരണം അഹങ്കാരവും ദൂഷണവും സകല തിന്മകളും വരുന്നത് സാത്താനില്‍ നിന്നാണ്.

അതു കൊണ്ട് പരസ്പരം മനസ്സിലാകാനാവാത്ത വിധം അവരുടെ ഭാഷകളെ ഭിന്നിപ്പിക്കാന്‍ അവിടുന്ന് തീരുമാനിച്ചു.

ആ നിമിഷം മുതല്‍ മനുഷ്യര്‍ക്ക് പരസ്പരം പറയുന്നതൊന്നും മനസ്സിലാകാതെയായി. ഗോപുരം പണിക്കാര്‍ക്കും ആശയ വിനിമയം നടത്താനാകാതെയായി. ശില്പികള്‍ പറയുന്നത് മേസ്തരിമാര്‍ക്കും, മേസ്തരിമാര്‍ പറയുന്നത് പണിക്കാര്‍ക്കും മനസ്സിലാകാതെയായപ്പോള്‍ ഗോപുര നിര്‍മ്മാണവും നിലച്ചു. വിവിധ ഭാഷക്കാരായ്‌ത്തീര്‍ന്ന മനുഷ്യരെ കര്‍ത്താവ് ഭൂമിയില്‍ പലയിടത്തായി ചിതറിച്ചു.

അങ്ങനെ ലോകത്ത് പലഭാഷകളും പല സംസ്കാരങ്ങളും നിലവില്‍ വന്നു. - കുട്ടനങ്കിള്‍ പറഞ്ഞു നിര്‍ത്തി.

"മനുഷ്യര്‍ അഹങ്കാരം കാണിച്ചില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! സ്കൂളില്‍ ഒരു ഭാഷ മാത്രം പഠിച്ചാല്‍ മതിയായിരുന്നു. ഇതിപ്പോള്‍ ഇംഗ്ലീഷും ഹിന്ദിയും മലയാളവുമൊക്കെ പഠിക്കേണ്ടേ?"

ഗോപുരം പണിത മനുഷ്യരോടുള്ള തന്‍റെ രോഷം കിച്ചു മറച്ചു വച്ചില്ല.

“അന്ന് ഗോപുരം പണിതവര്‍ മാത്രമല്ല, നമ്മളും അഹങ്കാരത്തിനും മറ്റ് ദുര്‍ഗ്ഗുണങ്ങള്‍ക്കും അടിമപ്പെടരുതെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അതുകൊണ്ട് ദൈവം ആഗ്രഹിക്കുന്ന പോലെ നല്ല കുട്ടികളാവാന്‍ നിങ്ങളെല്ലാവരു പരിശ്രമിക്കണം." കുട്ടനങ്കിള്‍ ഓര്‍മ്മിപ്പിച്ചു.

"ഒരു കാര്യം കൂടി പറയാനുണ്ട്. - ദൈവം ഷീനാറില്‍ വച്ച് ഭാഷകള്‍ ഭിന്നിപ്പിച്ചതിനു ശേഷം പിന്നീട് ആ പട്ടണം ബാബേല്‍ എന്നാണറിയപ്പെട്ടത്. കൂട്ടിക്കുഴയ്ക്കുക, ആശയക്കുഴപ്പം സൃഷ്ടിക്കുക. തുടങ്ങിയ അര്‍ത്ഥങ്ങളുള്ള ബ്‌ലല്‍ എന്ന ഹീബ്രു പദത്തില്‍ നിന്നാണ് ബാബേല്‍ എന്ന വാക്കുണ്ടായത്. അവിടെ അന്നു പണിതു തുടങ്ങിയ ഗോപുരമാണ് പില്‍ക്കാലത്ത് ബാബേല്‍ ഗോപുരം എന്ന പേരില്‍ അറിയപ്പെട്ടത്."

"അങ്ങനെ ഭൂമിയില്‍ പല ഭാഷകള്‍ രൂപം കൊണ്ട കഥ, ബാബേല്‍ ഗോപുരത്തിന്‍റെ കൂടി കഥയാണ്; അല്ലേ അങ്കിളേ?"
ഷിവാനി ചോദിച്ചു.

"അതേ; എല്ലാവരും ഇന്നു തന്നെ വിശുദ്ധ ബൈബിളിലെ ഉത്പത്തി പുസ്തകം പതിനൊന്നാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ബാബേല്‍ ഗോപുരത്തിന്‍റെ ചരിത്രം വായിച്ചു നോക്കാന്‍ മറക്കേണ്ട."