Friday, 23 April 2010

വിഗ്രഹങ്ങള്‍"വിഗ്രഹാരാധനയെക്കുറിച്ചു ചില കാര്യങ്ങൾ പറഞ്ഞുതരാമെന്നു പറഞ്ഞിട്ടു കുട്ടനങ്കിൾ ഇതുവരെ പറഞ്ഞുതന്നില്ലല്ലോ.”

വൈകുന്നേരം ചർച്ചകൾക്കായി ഒത്തുകൂടിയപ്പോൾ ഷിവാനി പരാതിപ്പെട്ടു.

“ഇപ്പോൾ പറഞ്ഞുതരാമല്ലോ.” കുട്ടനങ്കിള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. “ഷിവാനിയുടെ സംശയമെന്താണെങ്കിലും ഇപ്പോൾ ചോദിച്ചുകൊള്ളൂ.”

“പുറപ്പാടു പുസ്തകത്തിലെ  20-ാംഅദ്ധ്യായത്തിൽ പത്തുകല്പനകൾ നൽകുമ്പോൾ ഒന്നാം കല്പനയായി കർത്താവ് ഇങ്ങനെ പറയുന്നു: ഞാനാണു നിന്റെ ദൈവമായ കർത്താവ്. ഞാനല്ലാതെ വേറെ ദേവന്മാർ നിനക്കുണ്ടാകരുത്. മുകളിൽ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീയുണ്ടാക്കരുത്. അവയ്ക്കുമുമ്പിൽ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്.

എന്നാൽ നമ്മുടെ ദേവാലയങ്ങളിലും വീടുകളിലും ഈശോയുടേയും മാതാവിന്റെയും മറ്റു വിശുദ്ധന്മാരുടേയും പ്രതിമകളും ചിത്രങ്ങളുംവച്ചു പ്രാർത്ഥിക്കാറുണ്ടല്ലോ. ഇത് ഒന്നാം പ്രമാണത്തിനെതിരല്ലേ?“

“ഷിവാനി വളരെ നല്ലൊരു സംശയമാണു ചോദിച്ചത്. അതിനുള്ള മറുപടി പറയുന്നതിനുമുമ്പായി മറ്റു ചില തിരുവചനങ്ങള്‍ നമുക്കൊന്നു നോക്കാം. പുറപ്പാടു പുസ്തകത്തിലെ 25-ാംഅദ്ധ്യായം 18-ം വചനം ആരെങ്കിലുമൊന്നു വായിക്കൂ.” കുട്ടനങ്കിള്‍ ആവശ്യപ്പെട്ടു.

“കൃപാസനത്തിന്റെ രണ്ടറ്റത്തുമായി അടിച്ചുപരത്തിയ സ്വർണ്ണംകൊണ്ടു രണ്ടു കെരൂബുകളെ നിർമ്മിക്കണം.” രഹ്ന വിശുദ്ധഗ്രന്ഥംതുറന്ന് ഉറക്കെ വായിച്ചു.

“പ്രതിമകൾ ഉണ്ടാക്കരുത് എന്നു പറഞ്ഞ ദൈവംതന്നെയാണ് കെരൂബുകളുടെ സ്വർണ്ണപ്രതിമയുണ്ടാക്കാൻ ആവശ്യപ്പെടുന്നതെന്നു കേട്ടില്ലേ? സംഖ്യാ പുസ്തകത്തിലെ 21-ം അദ്ധ്യായത്തിലെ 6 മുതൽ 9 വരെയുള്ള തിരുവചനങ്ങൾ കൂടിയൊന്നു വായിക്കൂ.”

ചിക്കുവാണ് ഇത്തവണ തിരുവചനഭാഗം കണ്ടെത്തി വായിച്ചത്.

“അപ്പോൾ കർത്താവു ജനങ്ങളുടെയിടയിലേക്ക് ആഗ്നേയ സർപ്പങ്ങളെയയച്ചു. അവയുടെ ദംശനമേറ്റ് ഇസ്രായേലിൽ വളരെപ്പേർ മരിച്ചു. ജനം മോശയുടെ അടുത്തുവന്നു പറഞ്ഞു, അങ്ങേയ്ക്കും കർത്താവിനുമെതിരായി സംസാരിച്ചു ഞങ്ങള്‍ പാപം ചെയ്തു. ഈ സർപ്പങ്ങളെ പിന്‍വലിക്കാന്‍ അങ്ങു കർത്താവിനോടു പ്രാർത്ഥിക്കണമേ.

മോശ ജനത്തിനുവേണ്ടി പ്രാർത്ഥിച്ചു. കർത്താവു മോശയോടരുളിച്ചെയ്തു: ‘ഒരു പിച്ചള സർപ്പത്തെയുണ്ടാക്കി വടിയിൽ ഉയർത്തിനിർത്തുക. ദംശനമേല്ക്കുന്നവർ അതിനെ നോക്കിയാൽ മരിക്കുകയില്ല.’

മോശ, പിച്ചളകൊണ്ട് ഒരു സർപ്പത്തെയുണ്ടാക്കി അതിനെ വടിയിൽ ഉയർത്തിനിർത്തി; ദംശനമേറ്റവർ പിച്ചളസർപ്പത്തെ നോക്കി. അവർ ജീവിച്ചു.“

“ഇതിപ്പോൾ വലിയ കണ്‍ഫ്യൂഷനായല്ലോ കുട്ടനങ്കിളേ!”

കിച്ചു താടിയിൽ കൈവച്ചു.

“ഒരിടത്തു വിഗ്രഹങ്ങൾ ഉണ്ടാക്കരുതെന്നു പറയുന്നു, പിന്നൊരിടത്തു സ്വർണ്ണംകൊണ്ടു കെരൂബുകളെ ഉണ്ടാക്കാൻ പറയുന്നു, പിന്നീടിപ്പോൾ പിച്ചളസർപ്പത്തെയുണ്ടാക്കി അതിനെനോക്കി സൗഖ്യംനേടാന്‍ ആവശ്യപ്പെടുന്നു. ഈ കർത്താവെന്താണിങ്ങനെ?”

 “എല്ലാംകൂടെ കേൾക്കുമ്പോൾ ഒരു ചേർച്ചയില്ലായ്മ തോന്നുന്നുണ്ടെന്നുള്ളതു ശരിയാണ്. പക്ഷേ ദൈവം മനുഷ്യരെപ്പോലെ ഒരേ കാര്യത്തിൽ പല അഭിപ്രായം പറയില്ലെന്നുറപ്പാണ്. അപ്പോൾ നമ്മള്‍ മനസ്സിലാക്കിയതിൽ എന്തോ തെറ്റുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ”

താന്‍ പറഞ്ഞതു ശരിയല്ലേ എന്നമട്ടിൽ എയ്ഞ്ചൽ കുട്ടനങ്കിളിനെ നോക്കി.

“എയ്ഞ്ചൽ ശരിയായിത്തന്നെയാണു ചിന്തിച്ചത്. നമുക്കിപ്പോൾ മറ്റൊരു വചനംകൂടെ നോക്കാം. നിയമാവർത്തനം നാലാമദ്ധ്യായം 15 മുതൽ 19 വരെയുള്ള വചനങ്ങൾ രോഷ്നി വായിക്കൂ.”

“അതിനാൽ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുവിന്‍. ഹോറെബിൽവച്ച്, അഗ്നിയുടെ മദ്ധ്യത്തിൽനിന്ന് കർത്താവു നിങ്ങളോടു സംസാരിച്ചദിവസം നിങ്ങൾ ഒരു രൂപവും കണ്ടില്ല. അതിനാൽ എന്തിന്റെയെങ്കിലും സാദൃശ്യത്തിൽ, പുരുഷന്റെയോ സ്ത്രീയുടേയോ ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയോ, ആകാശത്തിലെ ഏതെങ്കിലും പറവയുടേയോ, നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്റെയോ, ഭൂമിക്കടിയിലെ ജലത്തിൽ വസിക്കുന്ന ഏതെങ്കിലും മത്സ്യത്തിന്റെ‍യോ സാദൃശ്യത്തിൽ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കുവാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍”. രോഷ്നി വായിച്ചുനിർത്തി.

“ഇപ്പോൾ കുറച്ചുകൂടെ വ്യക്തമാകുന്നുണ്ട്.” രോഹിത് പറഞ്ഞു.

“രോഹിതിനു മനസ്സിലായതെന്താണെന്നു മറ്റുള്ളവർക്കുകൂടെ ഒന്നു വിശദമാക്കിക്കൊടുക്കാമോ?”

“ദൈവം അദൃശ്യനായെത്തിയാണു മോശയ്ക്കു സന്ദേശങ്ങൾ നല്കിയത്. അദൃശ്യനായ ദൈവത്തിനു മനുഷ്യന്റെ ഇഷ്ടപ്രകാരമുള്ള ഒരു രൂപം നല്കരുതെന്ന ഉദ്ദ്യേശത്തോടെയാകാം വിഗ്രഹങ്ങളുണ്ടാക്കരുതെന്നു കർത്താവ് ആവശ്യപ്പെട്ടത്. ഒരിക്കലും ഒരുതരത്തിലുമുള്ള പ്രതിമകളും ഉണ്ടാക്കരുതെന്ന് അതിനർത്ഥമില്ലല്ലോ.”

“രോഹിതിന്റെ അഭിപ്രായം ശരിയാണ്, പഴയ നിയമ കാലഘട്ടത്തിൽ ദൈവം അരൂപിയായാണ് ഇസ്രയേൽ ജനതയെ സന്ദർശിച്ചിരുന്നത്. അതുകൊണ്ട് അരൂപിയായ ദൈവത്തിന് ഭാവനാരൂപങ്ങളുണ്ടാക്കരുതെന്ന ഉദ്ദ്യേശത്തോടെ തന്നെയാണ് വിഗ്രഹങ്ങളുണ്ടാക്കരുതെന്ന് അവിടുന്ന് ആവശ്യപ്പെട്ടത്.

പുതിയ നിയമ കാലഘട്ടത്തിൽ ദൈവം യേശുവിന്റെ രൂപത്തിൽ തന്റെ ജനത്തോടൊത്ത് ജീവിച്ചുവെന്ന് നമുക്കറിയാം. അപ്പോൾ ദൈവത്തിന് നിയതമായ ഒരു രൂപം നമ്മൾ കണ്ടു – യേശുവിന്റെ് രൂപം. യേശുവിനെ കണ്ട മനുഷ്യരെല്ലാം സ്വന്തം കണ്ണുകൾ കൊണ്ട് ദൈവത്തെ കണ്ടു.
ഇന്ന് യേശുവിന്റെ പ്രതിമയോ ചിത്രമോ കാണുന്ന വിശ്വാസി യഥാർത്ഥത്തില് ദൈവത്തിന്റെ പ്രതിച്ഛായ തന്നെയാണ് കാണുന്നത്. നമ്മൾ ആരാധന നല്കുന്നത് ആ രൂപത്തിനോ ചിത്രത്തിനോ അല്ല, മറിച്ച് ദൈവത്തിനാണ്. ദൈവം മാത്രമാണ് ആരാധനയ്ക്കർഹന്. ദൈവത്തിനു മാത്രം അർഹമായ ആരാധന കത്തോലിക്കരാരും രൂപങ്ങൾക്കോ ചിത്രങ്ങൾക്കോ നല്കുന്നില്ല.”

കുട്ടനങ്കിൾ വിശദീകരിച്ചു.

“പക്ഷേ ഇപ്പോഴും ചില സംശയങ്ങൾ ബാക്കിയാവുന്നുണ്ടല്ലോ ചാച്ചാ. “ ചിന്നു പറഞ്ഞു.

“എന്താണടുത്ത സംശയം, ചിന്നുമോൾ ചോദിച്ചോളൂ‘’

“ഈശോയുടെ രൂപങ്ങളും ചിത്രവും നമ്മൾ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഇപ്പോൾ മനസ്സിലായി. പക്ഷേ നമ്മൾ വിശുദ്ധരുടെ രൂപങ്ങളും ചിത്രങ്ങളും വച്ച് പ്രാർത്ഥിക്കുന്നതോ? അവർ നമ്മളെപ്പോലെ മനുഷ്യർ തന്നെയാണല്ലോ.”


ചിന്നു ചോദിച്ചു.

“ദൈവഹിതത്തിനു കീഴ്വഴങ്ങി നന്മയിൽ ജീവിച്ച് വളർന്നവരാണ് വിശുദ്ധർ. അവരെ അനുസ്മരിക്കുന്നതിനും അവരുടെ ജീവിത മാതൃക മനസ്സിലാക്കി, വിശുദ്ധിയിൽ വളരുന്നതിനും വേണ്ടിയാണ് വിശുദ്ധരുടെ രൂപങ്ങളും ചിത്രങ്ങളും നാം ഉപയോഗിക്കുന്നത്.

ദൈവത്തിനു പ്രിയങ്കരരായി ജീവിച്ച് മരിച്ച, വിശുദ്ധരായ മനുഷ്യരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോൾ, അവരിലൂടെ പ്രവർത്തിച്ച ദൈവത്തെയാണ് നമ്മൾ ആദരിക്കുന്നതെന്ന ഓർമ്മ നമുക്കുണ്ടാവണം.

ജ്ഞാനത്തിന്റെ പുസ്തകം 16-ം അദ്ധ്യായത്തിലെ ഏഴും എട്ടും വചനങ്ങളിൽ, പിച്ചള സർപ്പത്തെ നോക്കി പ്രാർത്ഥിച്ചവരെ രക്ഷിച്ചത് പിച്ചള സർപ്പമല്ല ദൈവമാണ് എന്ന് വ്യക്തമായി പറയുന്നുണ്ട്.

രാജാക്കന്മാർ 18-ആം അദ്ധ്യായം 4-ആം വാക്യത്തിൽ, ചിലർ പിച്ചള സർപ്പത്തിന് ധൂപം അർപ്പിച്ച് പ്രാർത്ഥിച്ചപ്പോൾ ദൈവം അതിനെ നശിപ്പിച്ചതായും നമുക്ക് കാണാം.”

കുട്ടനങ്കിൾ പറഞ്ഞു.

“അപ്പോൾ പ്രതിമകളും രൂപങ്ങളും ഉണ്ടാക്കുന്നതല്ല, മറിച്ച് അതിനോടുള്ള നമ്മുടെ മനോഭാവമാണ് പാപകരമാകുന്നത്, അല്ലേ ചാച്ചാ?” ചിക്കു ചോദിച്ചു.

“അതേ. ശില്പികൾ പാപികളല്ലെന്നും ശില്പനിർമ്മാണത്തിനുള്ള കഴിവ് ദൈവം നല്കിയതാണെന്നും പുറപ്പാട് 31:3 ലൂടെ വ്യക്തമാക്കുന്നുണ്ട്. പ്രതിമകളേയും ചിത്രങ്ങളേയും ദൈവമായി കണ്ട് ആരാധിച്ചാൽ അത് വിഗ്രഹാരാധനയാണ്. അത് മാത്രമല്ല, നമ്മൾ എല്ലായ്പോഴും ദൈവത്തിന് ഒന്നാം സ്ഥാനം നല്കണം. ദൈവത്തിനു നല്കേണ്ട സ്ഥാനം മറ്റെന്തിനു നല്കിയാലും വിഗ്രഹാരാധനയെന്ന തിന്മയ്ക്ക് അടിമകളാണ് നമ്മൾ.

ചിലർ ജീവിതത്തിൽ ഏറെ പ്രാധാന്യം നല്കുന്നത് പണത്തിനാണ്. മറ്റ് ചിലർ സ്ഥാനമാനങ്ങൾ ദൈവത്തെക്കാൾ വലുതായി കാണുന്നു. കുറേപ്പേർക്ക് സ്വന്തം കഴിവുകളിലാണ് വിശ്വാസം. വേറൊരു കൂട്ടർ സിനിമാ താരങ്ങളേയും ക്രിക്കറ്റ് കളിക്കാരേയും രാഷ്ട്രീയ നേതാക്കളേയും ആരാധിക്കുന്നു. ചില കുട്ടികൾ കാർട്ടൂണ് ചാനലുകൾക്കാണ് ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നത്. ദൈവത്തിനു നല്കേണ്ട ഒന്നാം സ്ഥാനവും ആരാധനയും സൃഷ്ടവസ്തുക്കൾക്ക് നല്കുന്ന ഇത്തരക്കാരെല്ലാം വിഗ്രഹാരാധനയെന്ന പാപത്തിൽ കഴിയുന്നവരാണ്.”

കുട്ടനങ്കിൾ വ്യക്തമാക്കി.

“ഇപ്പോഴാണ് വിഗ്രഹാരാധനയെക്കുറിച്ച് എനിക്ക് വ്യക്തമായി മനസ്സിലായത്. ഇനി മുതൽ എന്നും ജീവിതത്തിൽ ദൈവത്തിന് ഒന്നാം സ്ഥാനം നല്കിക്കൊണ്ട് വിഗ്രഹാരാധനയെന്ന പാപത്തിൽ നിന്ന് ഞാന്‍ അകന്ന് നില്ക്കും.”

ഷിവാനി ഉറപ്പിച്ച് പറഞ്ഞപ്പോൾ മറ്റുള്ളവരെല്ലാം ഒരേശബ്ദത്തിൽ അതേറ്റു പറഞ്ഞു.