Sunday 26 March 2017

4. മഹാപ്രളയം

ബൈബിൾക്കഥകൾ - 4

കാലത്തിന്റെ പ്രയാണംതുടരവേ, ഭൂമിയിൽ മനുഷ്യര്‍ പെരുകി. മനുഷ്യരുടെ ചിന്തകളും ഭാവനകളും അശുദ്ധിനിറഞ്ഞതും ദുഷിച്ചതുമായി. അഹങ്കാരികളായ അവര്‍ ദൈവത്തെ മറന്നു. കർത്താവിനെവിളിച്ച്, പ്രാര്‍ത്ഥിക്കുന്നവരില്ലാതായി. 

എന്നാല്‍ ജനംമുഴുവന്‍ അശുദ്ധിയില്‍ ജീവിച്ചപ്പോഴും കർത്താവിനെ ആരാധിക്കുകയും നന്മചെയ്യുന്നതിൽ താത്പര്യപ്പെടുകയുംചെയ്ത ഒരു കുടുംബം ഭൂമിയിലുണ്ടായിരുന്നു. ആദമിന്റെ പുത്രനായ സേത്തിന്റെ പരമ്പരയിൽപ്പിറന്ന, നോഹയുടെ കുടുംബമായിരുന്നു അത്‌. 

നോഹയും ഭാര്യയും അവരുടെ മൂന്നു പുത്രന്മാരും പുത്രഭാര്യമാരുമടങ്ങിയതായിരുന്നു നോഹയുടെ കുടുംബം. നോഹ നീതിമാനായിരുന്നു. അന്നു ജീവിച്ചിരുന്ന തലമുറയിൽ കുറ്റമറ്റവനായി ദൈവമവനെക്കണ്ടു. അവന്റെ ഭാര്യയും പുത്രന്മാരും പുത്രഭാര്യമാരും നോഹയുടെ മാതൃകസ്വീകരിച്ചുതന്നെയാണു ജീവിച്ചത്.

ലോകത്തിലെ മുഴുവന്‍ ജനങ്ങളും ദുഷ്ടതയില്‍ ജീവിക്കുകയും, തന്നെയാരാധിക്കുന്നതില്‍ മടുപ്പുകാട്ടുകയുംചെയ്യുന്നത്, കർത്താവിനെ വേദനിപ്പിച്ചു. തന്റെ സൃഷ്ടിയായ മനുഷ്യനെ  ഭൂമുഖത്തുനിന്നില്ലാതാക്കാൻ കര്‍ത്താവു നിശ്ചയിച്ചു. മനുഷ്യനെമാത്രമല്ല, സകലജീവജാലങ്ങളേയും നശിപ്പിക്കാൻ ദൈവമുറച്ചു.

എന്നാല്‍ നോഹയും ഭാര്യയും അവരുടെ പുത്രന്മാരായ ഷേം, ഹാം, യാഫത്ത്‌ എന്നിവരും അവരുടെ ഭാര്യമാരും കര്‍ത്താവിന്റെ പ്രീതിക്കു പാത്രമായി. 

കർത്താവു നോഹയോടു പറഞ്ഞു: "ഭൂമിയിലുള്ള മനുഷ്യരും ജീവജാലങ്ങളുംനിമിത്തം ലോകംമുഴുവന്‍ അധര്‍മ്മംകൊണ്ടു നിറഞ്ഞിരിക്കുന്നതിനാൽ സർവ്വമനുഷ്യരേയും ജീവജാലങ്ങളേയും നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. എന്നാല്‍ നീയുമായി എന്റെ ഉടമ്പടി ഞാനുറപ്പിക്കും. ഞാന്‍ പറയുന്നതുപോലെ, നീയൊരു പെട്ടകമുണ്ടാക്കണം. നിന്റെ ഭാര്യ, പുത്രന്മാര്‍, പുത്രഭാര്യമാര്‍ എന്നിവര്‍ക്കൊപ്പം നീ ആ പെട്ടകത്തിൽക്കയറണം. നിങ്ങള്‍ക്കൊപ്പം എല്ലാ ജീവജാലങ്ങളില്‍നിന്നും ആണും പെണ്ണുമായി രണ്ടെണ്ണത്തിനെവീതം പെട്ടകത്തില്‍ക്കയറ്റണം. എന്നാൽ ശുദ്ധിയുള്ള മൃഗങ്ങളെ ഏഴുജോടിവീതമാണു പെട്ടകത്തിൽക്കയറ്റേണ്ടത്. നിന്റെ കുടുംബത്തിനും മറ്റു ജീവജാലങ്ങള്‍ക്കുമായി എല്ലാത്തരം ഭക്ഷണവും ശേഖരിച്ചുവയ്ക്കുകയുംവേണം.”

നോഹ, തന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും കർത്താവു നല്കിയ കല്പനയെക്കുറിച്ചും വരാനിരിക്കുന്ന പ്രളയത്തെക്കുറിച്ചും സംസാരിച്ചു. പെട്ടകനിർമ്മാണത്തിനു സഹായിക്കാനും അതുവഴി പ്രളയത്തെ ഒന്നിച്ചതിജീവിക്കാനുമായി നോഹ അവരെയും ക്ഷണിച്ചു. 

"കർത്താവു നിന്നോടു സംസാരിച്ചെങ്കിൽ നീതന്നെ പെട്ടകമുണ്ടാക്കിയാൽമതി! ഞങ്ങൾക്കു വേറേ ജോലിയുണ്ടു്. പ്രളയമുണ്ടാകാൻപോകുന്നത്രേ!" ആരും നോഹയുടെ വാക്കുകൾ വിശ്വസിച്ചില്ല.

എങ്കിലും നോഹയും കുടുംബവും ദൈവകല്പനപ്രകാരം പ്രവര്‍ത്തിക്കുവാന്‍തന്നെ നിശ്ചയിച്ചു. കപ്പലിന്റെ അളവുകള്‍ നല്കിക്കൊണ്ടു ദൈവം അവരോടു‌ പറഞ്ഞു:

"ഗോഫേര്‍മരത്തിന്റെ തടികൊണ്ടാണു നിങ്ങള്‍ പെട്ടകം പണിയേണ്ടത്‌. പെട്ടകത്തിന്, മുന്നൂറുമുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവുമുണ്ടാകണം. പലകകൾതമ്മിൽ ചേർക്കുന്ന ഇടങ്ങളില്ലെല്ലാം കീലുതേച്ചു ചോർച്ചയടയ്ക്കണം. പെട്ടകത്തിന്റെ അകത്തും പുറത്തും കീലുതേയ്‌ക്കണം. എല്ലാത്തരം ജീവികൾക്കും സുരക്ഷിതമായി ജീവിക്കാനാകുംവിധം അതില്‍ മുറികള്‍തിരിക്കണം...”

പെട്ടകം നിർമ്മിക്കുന്നതിനുവേണ്ട എല്ലാ നിർദ്ദേശങ്ങളും അളവുകളും കർത്താവു നോഹയ്ക്കു നല്കി.

സാധാരണമായി കടലിനോ പുഴയ്ക്കോ സമീപത്തായാണു പെട്ടകംപണിയാറുള്ളത്. എങ്കിലേ പണിതീരുമ്പോള്‍, എളുപ്പത്തിൽ വെള്ളത്തിലേക്കിറക്കാനാവുകയുള്ളൂ. എന്നാൽ ഗോഫേർ വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്നൊരു കുന്നിലാണ്, നോഹ പെട്ടകനിർമ്മാണത്തിനുള്ള ഇടംകണ്ടെത്തിയത്.

ദൈവംനല്കിയ അളവുകളനുസരിച്ച്‌, ഗോഫേര്‍മരത്തിന്റെ തടിയുപയോഗിച്ച്‌, നോഹയും മക്കളും പെട്ടകംപണിതു തുടങ്ങി.

ഇതുകണ്ടപ്പോൾ, ജനങ്ങളെല്ലാം അവരെ കളിയാക്കിത്തുടങ്ങി. നോഹയുടേയും കുടുംബത്തിന്റേയും വിഡ്ഢിത്തംനിറഞ്ഞ പ്രവൃത്തി നാട്ടിലെങ്ങും സംസാരവിഷയമായി.

"കണ്ടില്ലേ, നോഹയ്ക്കും മക്കള്‍ക്കും ഭ്രാന്തായിപ്പോയെന്നു തോന്നുന്നു. മലയുടെ മുകളിലാണു പെട്ടകം പണിയുന്നത്‌.. പമ്പരവിഡ്ഢികള്‍ ‍..ഹ..ഹ..ഹ.. "

"ഇതു ഭ്രാന്തുതന്നെ. അവന്റെ ദൈവം പറഞ്ഞതാണത്രേ, മലയുടെ മുകളില്‍ പെട്ടകംപണിയാന്‍... "

"അവരും അവരുടെയൊരു ദൈവവും! സ്വബോധമുള്ള ആരെങ്കിലുംചെയ്യുന്ന പ്രവൃത്തിയാണോ ഇത്‌?  വിവരദോഷികള്‍... "

അങ്ങനെപോയി, മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങള്‍ .

ചുറ്റുമുള്ളവരുടെ പരിഹാസവും കുറ്റപ്പെടുത്തലുകളുമെല്ലാം നോഹയേയും കുടുംബത്തേയും ഒരുപാടു വേദനിപ്പിച്ചു. എന്നാല്‍ ആരോടും പരിഭവപ്പെടാതെ, എല്ലാം ദൈവതിരുമുമ്പില്‍ സമര്‍പ്പിച്ച്‌, ദൈവഹിതം നിറവേറാന്‍മാത്രമാണ്‌ ആ കുടുംബം പ്രാര്‍ത്ഥിച്ചത്‌.

പെട്ടകംപണി പൂര്‍ത്തിയായപ്പോള്‍, ദൈവകല്പനപോലെ സകലജീവികളില്‍നിന്നും ആണുംപെണ്ണുമായി, രണ്ടുവീതം പെട്ടകത്തില്‍ക്കയറ്റി. ബലിയർപ്പണത്തിനായെടുക്കുന്ന ശുദ്ധിയുള്ള മൃഗങ്ങളെ ഏഴുജോടിവീതമാണു പെട്ടകത്തിൽക്കയറ്റിയത്. ഒടുവിൽ നോഹയും കുടുംബവും പെട്ടകത്തില്‍ക്കയറിയശേഷം, കർത്താവു പെട്ടകത്തിന്റെ വാതിലടച്ചു. എല്ലാ ജീവജാലങ്ങൾക്കുംവേണ്ട ആഹാരം, പെട്ടകത്തിൽ സംഭരിച്ചിരുന്നു.

പ്രത്യേകതകളൊന്നുമില്ലാത്ത ചില ദിനരാത്രങ്ങൾകൂടെക്കടന്നുപോയി... സൂര്യൻ പതിവുപോലെ പ്രകാശിച്ചു. മഴയുടെ ലാഞ്ചനപോലും ഒരിടത്തുംകണ്ടില്ല. നോഹയുടെ പരിചയക്കാരെല്ലാം അവന്റെ ഭ്രാന്തിനെക്കുറിച്ചു പര്സപരംപറഞ്ഞു ചിരിച്ചു.

ഏഴുദിവസങ്ങൾ കഴിഞ്ഞപ്പോള്‍ പ്രകൃതിയുടെ ഭാവംമാറി, മാനത്തു കാർമേഘങ്ങൾ ഉരുണ്ടുകൂടിനിറഞ്ഞു. 

മഴ പെയ്തുതുടങ്ങി.... 

നോഹയ്ക്ക്, അറുന്നൂറു വയസ്സും രണ്ടുമാസവും പതിനേഴുദിവസവും പ്രായമായ ദിവസമാണു മഴ തുടങ്ങിയത്.

പിന്നീടു നാല്പതുദിവസം, തോരാതെ പെരുമഴപെയ്തു. ദിവസംതോറും ഭൂമിയിലെ ജലനിരപ്പുയര്‍ന്നു. വീടുകളും ജനപദങ്ങളും മുങ്ങി... നാടെല്ലാം പ്രളയജലത്തിൽമുങ്ങി. 

ലോകത്തിലെ സകലപർവ്വതങ്ങളും വെള്ളത്തിനടിയിലായി. നോഹയുടെ പെട്ടകംമാത്രം ജലോപരിതലത്തിലൂടെ ഒഴുകിനടന്നു. പെട്ടകത്തിലുണ്ടായിരുന്നവയൊഴികെ, ഭൂമിയിലെ സകലജീവജാലങ്ങളും മനുഷ്യരും ചത്തൊടുങ്ങി. 

നാല്പതാംനാള്‍ മഴ തോര്‍ന്നു. എങ്കിലും പ്രളയമവസാനിച്ചില്ല. വെള്ളപ്പൊക്കം നൂറ്റിയമ്പതുനാള്‍ നീണ്ടുനിന്നു.

ദിവസങ്ങൾകഴിയവേ, പർവ്വതാഗ്രങ്ങൾ ജലപ്പരപ്പിനുമുകളിൽ കണ്ടുതുടങ്ങി. ഏഴാംമാസം പതിനേഴാംദിവസം നോഹയുടെപെട്ടകം അറാറാത്തു പര്‍വ്വതത്തിലുറച്ചു.

ഒരു മലങ്കാക്കയേയും ഒരു പ്രാവിനേയും നോഹപെട്ടകത്തിൽനിന്നു പുറത്തുവിട്ടു. കാക്ക മടങ്ങിവന്നില്ല.  കാലുകുത്താനിടംകാണാതെ, പ്രാവു പെട്ടകത്തിലേക്കുതന്നെ തിരിച്ചുവന്നു. ഭൂമുഖത്തെല്ലാം അപ്പോഴും വെള്ളമുണ്ടായിരുന്നു. 

ഒരാഴ്ചയ്ക്കുശേഷം നോഹ പ്രാവിനെ, വീണ്ടും പുറത്തുവിട്ടു. അത്, ഒരൊലിവില കൊത്തിക്കൊണ്ടു മടങ്ങിവന്നു. ഭൂമിയിൽ വീണ്ടും ജീവൻ നിറയുന്നതിന്റെ അടയാളമായ ആ ഒലിവില, നോഹ തന്റെ നെഞ്ചോടു ചേർത്തുവച്ചു.

നോഹയ്ക്ക് അറുന്നൂറ്റിയൊന്നു വയസ്സും ഒരു മാസവും ഒരു ദിവസവും പ്രായമായ ദിവസം, വെള്ളമെല്ലാം വറ്റിത്തീര്‍ന്നു. പിന്നെയും ഇരുപത്തിയാറു ദിവസങ്ങള്‍ക്കു ശേഷമാണ്, ഭൂമി പൂര്‍ണ്ണമായുണങ്ങിയത്.

ദൈവം നോഹയോടു പറഞ്ഞു:

"പെട്ടകത്തില്‍നിന്ന് എല്ലാവരേയും പുറത്തിറക്കുക. ജീവജാലങ്ങളെല്ലാം സമൃദ്ധമായിപ്പെരുകി, ഭൂമിയില്‍ നിറയട്ടെ."

അങ്ങനെ ഭാര്യയോടും മക്കളോടും മരുമക്കളോടുമൊപ്പം നോഹ പെട്ടകത്തില്‍നിന്നു പുറത്തുവന്നു. പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും ഇനംതിരിഞ്ഞു പുറത്തുവന്ന്, പല സ്ഥലങ്ങളിലേക്കു പോയി.

ലഭിച്ച അനുഗ്രഹത്തിനു നന്ദിസൂചകമായി, നോഹ ഒരു ബലിപീഠമൊരുക്കി, കര്‍ത്താവിനു ദഹനബലിയര്‍പ്പിച്ചു.

ആ ബലിയുടെ ഹൃദ്യസുഗന്ധമാസ്വദിച്ചുകൊണ്ടു കര്‍ത്താവു പറഞ്ഞു:

“മനുഷ്യന്‍മൂലം ഇനിയൊരിക്കലും ഞാന്‍ ഭൂമിയെ നശിപ്പിക്കില്ല. സർവ്വജീവനും നാശംവിതയ്ക്കുന്നൊരു പ്രളയം ഇനിയൊരിക്കലുമുണ്ടാവുകയില്ല. നിങ്ങളുമായും ഭൂമിയിലുള്ള സകലജീവജാലങ്ങളുമായി, എല്ലാത്തലമുറകള്‍ക്കുവേണ്ടിയും ഞാനുറപ്പിക്കുന്ന എന്റെ ഉടമ്പടിയുടെ അടയാളമിതാണ്. ഞാന്‍ ഭൂമിക്കുമേലെ മഴമേഘങ്ങളയയ്ക്കുമ്പോള്‍ അതില്‍ മഴവില്ലു പ്രത്യക്ഷപ്പെടും. അപ്പോള്‍ ഈ ഉടമ്പടി ഞാനോര്‍ക്കും; ഞാനതു പാലിക്കുകയുംചെയ്യും."

അതിനുശേഷം, അന്തരീക്ഷത്തില്‍ ജലകണങ്ങളുള്ളപ്പോളെല്ലാം അതിലൂടെ കടന്നുപോകുന്ന പ്രകാശം മഴവില്ലായി മാനത്തു വിടർന്നുതുടങ്ങി. 

കർത്താവു വീണ്ടും മോശയോടും മക്കളോടും പറഞ്ഞു: "സന്താനപുഷ്‌ടിയുള്ളവരായിപ്പെരുകി, നിങ്ങൾ ഭൂമിയില്‍ നിറയുവിന്‍.

ഹരിതസസ്യങ്ങള്‍ നിങ്ങൾക്കാഹാരമായി നല്കിയതുപോലെ, ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്കു ഞാൻ ആഹാരമായി നല്കുന്നു. എന്നാല്‍ ജീവനോടുകൂടിയ, അതായത്‌, രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കരുത്‌. 

ജീവരക്തത്തിനു ഞാന്‍ കണക്കുചോദിക്കും. മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തം, മനുഷ്യന്‍തന്നെ ചൊരിയും; കാരണം എന്റെ ഛായയിലാണു മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്..." 

നോഹയുടെ കാലംമുതൽ, മനുഷ്യർ സസ്യഭക്ഷണത്തോടൊപ്പം മാംസഭക്ഷണവും ആഹരിച്ചുതുടങ്ങി.

No comments:

Post a Comment