Friday 29 May 2020

111. വേരറ്റുവീണ വടവൃക്ഷം

ബൈബിൾക്കഥകൾ 111

സൂര്യനുദിക്കുന്നതിനുമുമ്പേ, ദാവീദും അനുചരന്മാരും അഫെക്കിൽ ഫിലിസ്ത്യരുടെ സൈനികത്താവളത്തിലെത്തി, അക്കീഷിനെ മുഖംകാണിച്ചു.

അക്കീഷ് സന്തോഷത്തോടെ ദാവീദിനെ സ്വീകരിച്ചു.

നേരംപുലർന്നപ്പോൾ ഫിലിസ്ത്യസൈനികർ യുദ്ധമുഖത്തേക്കുപോകാൻ തയ്യാറെടുത്തു. 

അക്കീഷിനോടൊപ്പം ദാവീദിനെക്കണ്ട ഫിലിസ്ത്യരാജാക്കന്മാർ അസ്വസ്ഥരായി. അവർ അക്കീഷിനെ തങ്ങളുടെയടുത്തേക്കു വിളിപ്പിച്ചു.

"നിന്നോടൊപ്പം ചില ഹെബ്രായരുണ്ടല്ലോ. ഹെബ്രായർക്ക് ഇവിടെയെന്താണു കാര്യം?"

അക്കീഷ്‌ അവരോടു പറഞ്ഞു: "അതു‌ ദാവീദാണ്. മുമ്പു സാവൂളിന്റെ ഭൃത്യനായിരുന്ന ദാവീദ്! ഒരു വര്‍ഷത്തിലധികമായി അവന്‍ എന്നോടുകൂടെയാണ്‌."

"അവൻ നമ്മെ ചതിക്കില്ലെന്ന് എന്താണുറപ്പ്?"

"അവൻ വിശ്വസ്തനാണ്. എന്നെ അഭയംപ്രാപിച്ചനാള്‍മുതല്‍ ഇന്നുവരെ ഒരു കുറ്റവും അവനില്‍ ഞാന്‍ കണ്ടില്ല.'' അക്കീഷ് പറഞ്ഞു.

ഫിലിസ്ത്യരാജാക്കന്മാർ അക്കീഷിനോടു കോപിച്ചു: "സാവൂള്‍ ആയിരങ്ങളെകൊന്നു; ദാവീദ്‌ പതിനായിരങ്ങളെയുമെന്ന് അവർ ആടിപ്പാടുന്നത് ഇവനെപ്പറ്റിയല്ലേ? സാവൂളിൻ്റെ സ്നേഹം പിടിച്ചുപറ്റാൻ അവനിതൊരവസരമാകും. യുദ്ധരംഗത്തെത്തുമ്പോൾ അവൻ നമ്മുടെ ശത്രുവാകില്ലെന്നെന്താണുറപ്പ്? നമ്മുടെയാളുകളുടെ തലകൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ്‌ അവൻ തൻ്റെ യജമാനനെ പ്രസാദിപ്പിക്കുക? അതുകൊണ്ട് അവൻ നമ്മളോടൊപ്പം വരണ്ടാ. അവനെ തിരിച്ചയയ്‌ക്കുക."

അക്കീഷ് എന്തൊക്കെപ്പറഞ്ഞിട്ടും ദാവീദിനെ ഒപ്പംകൂട്ടാൻ ഫിലിസ്ത്യപ്രഭുക്കളും രാജാക്കന്മാരും സമ്മതിച്ചില്ല.

അക്കീഷ് ദാവീദിനടുത്തെത്തി. "നീ എന്റെയൊപ്പം വന്നതുമുതൽ നിൻ്റെ ഓരോ നീക്കവും ഞാൻ നിരീക്ഷിക്കുന്നു. നീ ദൈവദൂതനെപ്പോലെ വിശ്വസ്തനും നിഷ്‌കളങ്കനുമാണ്‌. എന്നാല്‍, മറ്റുരാജാക്കന്മാരും പ്രഭുക്കന്മാരും നിന്നെ വിശ്വസിക്കുന്നില്ല. യുദ്ധമുഖത്തുവച്ച്, നീ നിൻ്റെ പഴയ യജമാനൻ്റെ പക്ഷംചേരുമെന്ന് അവർ ഭയക്കുന്നു. അതിനാൽ നീയും സഹായികളും ഇപ്പോൾത്തന്നെ സിക്‌ലാഗിലേക്കു മടങ്ങിപ്പോയിക്കൊള്ളുക."

അക്കീഷിൻ്റെ വാക്കനുസരിച്ച്,‌ ദാവീദ്‌ അനുചരന്മാരോടൊത്ത്‌ സിക്‌ലാഗിലേക്കു മടങ്ങി. ഫിലിസ്ത്യർക്കൊപ്പംചേർന്ന്, ഇസ്രായേലിനെതിരേ യുദ്ധംചെയ്യുന്നതിൽനിന്നു തങ്ങളെ രക്ഷിച്ച കർത്താവിനെ മടക്കയാത്രയിലുടനീളം അവർ സ്തുതിച്ചുകൊണ്ടിരുന്നു.

ഫിലിസ്‌ത്യസൈന്യം, സാവൂളും സൈന്യവും താവളമടിച്ചിരുന്ന ജസ്രലിനെ ലക്ഷ്യമാക്കി നീങ്ങി.

ജസ്രലിലെ ഗിൽബോവാക്കുന്നിൻ്റെ താഴ്‌വരയിൽ ഇസ്രായേലിൻ്റെയും ഫിലിസ്ത്യരുടേയും സൈന്യങ്ങൾതമ്മിലേറ്റുമുട്ടി. അതിഘോരമായ യുദ്ധം!

ഫിലിസ്ത്യരാജാക്കന്മാരുടെ സംയുക്തസൈന്യത്തിനുമുമ്പിൽ, ഏറെനേരം പിടിച്ചുനില്ക്കാൻ 
ഇസ്രായേൽസൈന്യത്തിനായില്ല. മുൻനിരയിലുണ്ടായിരുന്ന ഇസ്രായേൽസൈനികർ പിന്തിരിഞ്ഞോടി. എന്നാൽ ഗിൽബോവാക്കുന്നു കയറിയിറങ്ങുന്നതിനുമുമ്പേ, ഫിലിസ്ത്യസൈന്യത്തിലെ വില്ലാളികൾ അവരെ എയ്തുവീഴ്ത്തി.

സാവൂളിൻ്റെ പുത്രന്മാരായ ജോനാഥനും  അബിനാദാബും മല്‍ക്കീഷ്വായും വീരോചിതംപോരാടിയെങ്കിലും ഫിലിസ്ത്യർ അവരെ വളഞ്ഞുപിടിച്ചു. മൂന്നുപേരും വധിക്കപ്പെട്ടു.

നേരം സന്ധ്യയോടടുത്തു. ഇസ്രായേൽസൈനികരിലെ ബഹുഭൂരിപക്ഷവും വധിക്കപ്പെട്ടുകഴിഞ്ഞു.
സാവൂളിനുചുറ്റും ഉഗ്രമായ പോരാട്ടമാണു നടന്നത്. ഇസ്രായേൽരാജാവിൻ്റെ രക്ഷാനിരയിൽപ്പെട്ട പടയാളികൾ സാവൂളിനെ രക്ഷിക്കാൻ കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരുന്നു. എങ്കിലും ഫിലിസ്ത്യസൈന്യത്തിലെ വില്ലാളികള്‍  സാവൂളിൻ്റെ രക്ഷാനിരഭേദിച്ച്,‌ അവനെ മാരകമായി മുറിവേല്പിച്ചു.


താൻ പിടിക്കപ്പെടുമെന്ന് സാവൂളിനുറപ്പായി. അവൻ തൻ്റെ ആയുധവാഹകനോടു പറഞ്ഞു:

"അപരിച്ഛേദിതരായ ഈ വിജാതീയർ എന്നെപ്പിടികൂടി അപമാനിക്കുകയും കൊല്ലുകയുംചെയ്യുന്നതിനുമുമ്പ്, നിൻ്റെ വാളൂരി, എന്റെ ശിരസ്സു ഛേദിക്കുക." 

"എൻ്റെ യജമാനനായ രാജാവിനെ വധിക്കാൻ എനിക്കാവില്ല..."
ആയുധവാഹകൻ സാവൂളിനെ വധിക്കാൻ തയ്യാറായില്ല. അതിനാൽ സ്വന്തം വാൾ തറയിൽക്കുത്തി നിറുത്തി, സാവൂള്‍ വാളിന്മേല്‍ വീണു. 

അതുകണ്ട ആയുധവാഹകനും രാജാവിൻ്റെ വഴി പിന്തുടർന്നു.

ഇസ്രായേലിൻ്റെ സൈന്യാധിപനായ അബ്നേർ യുദ്ധക്കളത്തിൽനിന്ന് ഓടി രക്ഷപ്പെട്ടു. അവനു പരുക്കേറ്റിരുന്നില്ല. 

സാവൂളിന്റെ നാലാമത്തെ പുത്രനായ ഇഷ്ബോഷാത്ത് യുദ്ധരംഗത്തുണ്ടായിരുന്നില്ല. അബ്നേർ കൊട്ടാരത്തിലെത്തി, ഇഷ്‌ബോഷെത്തിനെയും മറ്റുകൊട്ടാരവാസികളേയും ഫിലിസ്ത്യരുടെ. കൈകളിൽപ്പെടാതെ രക്ഷപ്പെടുത്തി, മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി

ഇസ്രായേൽസൈന്യം പരാജിതരായെന്നും രാജാവും രാജകുമാരന്മാരും വധിക്കപ്പെട്ടെന്നും കേട്ടപ്പോൾ, 
താഴ്‌വരയുടെ അപ്പുറത്തും ജോര്‍ദ്ദാന്റെ മറുകരയിലും താമസിച്ചിരുന്ന ഇസ്രായേൽക്കാർ, തങ്ങളുടെ ഭവനങ്ങളുപേക്ഷിച്ച്, ഓടിപ്പോയി.

അന്നു രാത്രിതന്നെ ഫിലിസ്‌ത്യര്‍ ആ ഭവനങ്ങൾ പിടിച്ചെടുക്കുകയും സ്വത്തുവകകൾ കൊള്ളയടിക്കുകയുംചെയ്തു. ജസ്രേൽപ്രദേശമെല്ലാം ഫിലിസ്ത്യർ തീവച്ചുനശിപ്പിച്ചു

പിറ്റേന്നു പ്രഭാതത്തിൽ ഇസ്രായേൽസൈനികരുടെ മൃതദേഹങ്ങൾക്കിടയിൽനിന്ന്, സാവൂളിൻ്റെയും പുത്രന്മാരുടേയും മൃതദേഹങ്ങൾ ഫിലിസ്ത്യർ കണ്ടെത്തി. 

വാൾ വയറിൽ തുളഞ്ഞുകയറി, പിൻഭാഗത്തുകൂടെ പുറത്തുവന്ന നിലയിലും ശിരസ്സ് ഛേദിക്കപ്പെട്ടനിലയിലുമാണ് സാവൂളിന്റെ മൃതദേഹം കിടന്നിരുന്നത്. ഫിലിസ്ത്യർ സാവൂളിൻ്റെയും പുത്രന്മാരുടെയും മൃതശരീരങ്ങൾ നാലും വിവസ്ത്രങ്ങളാക്കി. സാവൂളിൻ്റെ പുത്രന്മാരുടെ മൃതദേഹങ്ങളിൽനിന്നു ശിരസ്സുകൾ ഛേദിച്ചെടുത്തു... 

ഇസ്രായേൽരാജാവിന്റേയും പുത്രന്മാരുടേയും ശിരസ്സറ്റ നഗ്നശരീരങ്ങൾ ബത്ഷാൻകോട്ടയുടെ ചുമരിൽത്തൂക്കി. ശിരസ്സുകൾ കുന്തത്തിൽക്കോർത്ത്, കോട്ടയുടെ അങ്കണത്തിലുമുയർത്തിനിറുത്തി.

സാവൂളിൻ്റെ ആയുധങ്ങൾ അസ്താർത്തേദേവിയുടെ ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠയ്ക്കു മുമ്പിൽ സമർപ്പിച്ചു.

ഫിലിസ്‌ത്യര്‍ സാവൂൾരാജാവിന്റേയും രാജകുമാരന്മാരുടെയും മൃതശരീരങ്ങളെ അപമാനിച്ചതിനെക്കുറിച്ചു കേട്ടപ്പോൾ, ‌യാബെഷ്‌ഗിലയാദ്‌നിവാസികളായ ചില യുവാക്കൾ ഒത്തുകൂടി. 

സാഹസികരായ ആ യുവാക്കൾ,  ഫിലിസ്ത്യരുടെ കണ്ണുവെട്ടിച്ച്,, ആ രാത്രിയിൽത്തന്നെ സാവൂളിന്റെയും പുത്രന്മാരുടെയും ശരീരങ്ങളും ശിരസ്സുകളും വീണ്ടെടുത്ത്, ‌യാബെഷ്‌ഗിലയാദിൽക്കൊണ്ടുപോയി. നാലു ചിതകളൊരുക്കി, മൃതദേഹങ്ങൾ അവിടെ ദഹിപ്പിച്ചു.

മരിച്ചവർക്കായി, ഏഴുദിവസം അവര്‍ ഉപവസിച്ചുപ്രാർത്ഥിച്ചു.
പിന്നെ, ചിതയിലെ ചാരത്തിൽനിന്ന് അസ്ഥികള്‍വാരി, യാബെഷിൽത്തന്നെ ഒരു  പിചുളവൃക്ഷത്തിന്റെ ചുവട്ടില്‍ സംസ്‌കരിച്ചു. അതിനുമുകളിൽ, നാലു വലിയകല്ലുകൾ ലംബമായി കുത്തിനിറുത്തി..

No comments:

Post a Comment