Sunday 28 May 2017

13. യാക്കോബിന്റെ സന്തതികള്‍

 ബൈബിൾക്കഥകൾ - 13


യാക്കോബ് പുലര്‍ച്ചെതന്നെ, പിതൃഭവനത്തില്‍നിന്നു മാതാവിന്റെ നാട്ടിലേക്കു യാത്രയായി. കുറേ ഉണക്കിയ പഴങ്ങളും കുറച്ചെണ്ണയും അപ്പമുണ്ടാക്കാനുള്ള മാവും 

അവന്റെ ഭാണ്ഡത്തിലുണ്ടായിരുന്നു. ഒരു തുകൽസഞ്ചിയിൽ വെള്ളവും അവൻ കൈയിൽ കരുതിയിരുന്നു.

സൂര്യാസ്തമയമായപ്പോള്‍ വഴിയിലൊരിടത്ത്, വിശ്രമിക്കാനുള്ള സ്ഥലംകണ്ടെത്തി. ഒരു സിക്കമൂര്‍ വൃക്ഷച്ചുവട്ടില്‍, വലിയൊരു കല്ലു തലയിണയാക്കി അവന്‍ കിടന്നു. യാത്രാക്ഷീണത്താല്‍, പെട്ടെന്നുറങ്ങിപ്പോകുകയുംചെയ്തു. നിദ്രയില്‍, അവന്റെ മനക്കണ്ണിന്മുമ്പിൽ ഒരു സ്വപ്നദര്‍ശനമുണ്ടായി.

ഭൂമിയില്‍ ചുവടുറപ്പിച്ച ഒരു ഗോവണി. അതു മുകളിലേക്കു മുകളിലേക്കുയര്‍ന്ന്, മേഘമേലാപ്പുംകടന്ന്,  ആകാശത്തിനുമപ്പുറം സ്വര്‍ഗ്ഗത്തിലേക്കു നീണ്ടിരിക്കുന്നൂ,... മാലാഖമാര്‍ അതിലൂടെ കയറുകയുമിറങ്ങുകയുംചെയ്യുന്നു. ആ ഗോവണിയുടെ മുകളറ്റത്ത്, ഒരു തേജോരൂപമായ് കര്‍ത്താവു വന്നു.

"നിന്റെ പിതാവായ ഇസഹാക്കിന്റെയും അബ്രാഹമിന്റെയും ദൈവമായ കര്‍ത്താവാണു ഞാന്‍. നീ കിടക്കുന്ന ഈ മണ്ണ്, നിനക്കും നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ നല്കും. നിന്റെ സന്തതികള്‍ ഭൂമിയിലെ മണൽത്തരികൾപോലെ ലോകമെങ്ങും വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ ജനതകളെല്ലാമനുഗ്രഹിക്കപ്പെടും!. ഇതാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുപാലിക്കും. നിന്നോടു പറഞ്ഞതെല്ലാം നിറവേറുന്നതുവരെ, നിന്നെ ഞാന്‍ കൈവെടിയില്ല, ഈ നാട്ടിലേക്കുതന്നെ, ഞാന്‍ നിന്നെ തിരികെക്കൊണ്ടുവരും."

യാക്കോബ് ഞെട്ടിയുണര്‍ന്നു. ചുറ്റും കൂരിരുട്ടുമാത്രം. രാപ്പാടികളുടെയും ചീവീടുകളുടെയും ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല. അവന്‍ ഭയന്നു. അവന്റെ ശരീരമാകെ വിയർപ്പാൽ നനഞ്ഞിരുന്നു.

"എത്ര ഭയാനകമാണീ സ്ഥലം! തീര്‍ച്ചയായും കര്‍ത്താവിവിടെയുണ്ട്. ഞാനതറിഞ്ഞില്ലെന്നുമാത്രം! ചിലപ്പോള്‍, ഈ സ്ഥലം, സ്വര്‍ഗ്ഗത്തിലേക്കുള്ള കവാടമാകാം.." യാക്കോബ് ആത്മഗതംചെയ്തു. 

ഭയത്തോടെ അവൻ ആ മരത്തിൽ ചാരിയിരുന്നു. ആയിരുപ്പിൽ അവനറിയാതെ, വീണ്ടുമവന്റെ കണ്‍പോളകളെ നിദ്ര തഴുകിയടച്ചു.

പിന്നീടവനുണർന്നപ്പോൾ ബാലസൂര്യന്റെ കിരണങ്ങൾ ഭൂമിയിൽ പതിച്ചുതുടങ്ങിയിരുന്നു.  
അവന്‍ ആ സ്ഥലത്തിനു ബഥേല്‍ എന്നു പേരിട്ടു. രാത്രിയിൽ തലയിണയാക്കിയ കല്ല്‌, ബഥേലിലെ സിക്കമൂർമരച്ചുവട്ടിൽ കുത്തിനിറുത്തി. കല്ലിന്മേല്‍ എണ്ണയൊഴിച്ചു. ആ കല്ലില്‍ കൈതൊട്ട് അവന്‍ പ്രാര്‍ത്ഥിച്ചു. 

"ദൈവമായ കര്‍ത്താവേ, അങ്ങെന്റെകൂടെയുണ്ടായിരിക്കുകയും എന്നെ കാത്തുപരിപാലിക്കുകയും സമാധാനത്തോടെ എന്റെ പിതൃഭവനത്തിലേക്കു തിരികെയെത്തിക്കുകയുംചെയ്‌താല്‍, അങ്ങുമാത്രമായിരിക്കും എന്നുമെന്റെ ദൈവം. അങ്ങെനിക്കു നല്കുന്ന സമ്പത്തിന്റെയെല്ലാം ദശാംശം അവിടുത്തേക്കു ഞാന്‍ സമര്‍പ്പിക്കും."

അവിടെയടുത്തുണ്ടായിരുന്ന ഒരത്തിമരത്തിൽനിന്ന് കുറേ അത്തിക്കായ്കൾ പറിച്ചുതിന്നശേഷം
യാക്കോബ് യാത്രതുടര്‍ന്നു. 

കുറച്ചുദിവസങ്ങളിലെ യാത്രയ്ക്കൊടുവിൽ അവന്‍ തന്റെ അമ്മയായ റബേക്കയുടെ നാട്ടിലെത്തി. വലിയൊരു കല്ലുകൊണ്ടുമൂടിയ ഒരു കിണർ അവൻ കണ്ടു. അബ്രഹാമിന്റെ ദാസൻ റബേക്കയെ കണ്ടുമുട്ടിയ അതേ കിണർ!

കിണറിനുസമീപം മൂന്നുപറ്റം ആട്ടിന്‍കൂട്ടങ്ങളെയും അവയുടെ ഇടയന്മാരെയും അവന്‍ കണ്ടു. 

യാക്കോബ് ഇടയന്മാരോടു ചോദിച്ചു: "സഹോദരന്മാരെ, ഹാരാനിലേക്കിനി ഏറെ ദൂരമുണ്ടോ? ഹാരാനിലുള്ള ബത്തുവേലിന്റെ മകന്‍ ലാബാനെ നിങ്ങളറിയുമോ?"

ഇടയന്മാര്‍ സൗഹൃദപൂര്‍വ്വം ചിരിച്ചു. "ഞങ്ങളും ഹാരാന്‍നിവാസികളാണ്. ലാബാനെയും ബത്തുവേലിനെയും ബത്തുവേലിന്റെ പിതാവു നാഹോറിനെയും ഞങ്ങള്‍ക്കറിയാം. ലാബാന്റെ ആടുകളുമായി അയാളുടെ മകള്‍ റാഹേല്‍ വൈകാതെയിവിടെയെത്തും."

അതു യാക്കോബിനു ശുഭകരമായ വാര്‍ത്തയായിരുന്നു. അവന്റെ ഹൃദയം സന്തോഷത്താല്‍ തുടിച്ചു.

"നാഹോറിന്റെ സഹോദരനായ അബ്രഹാമിന്റെ പേരക്കുട്ടിയാണു ഞാൻ. ലാബാന്റെ സഹോദരിയായ റബേക്കയാണ് എന്റെയമ്മ!"

"അതുശരി. അപ്പോൾ റാഹേലിനോടൊപ്പം നിങ്ങൾക്കു ലാബാന്റെ വീട്ടിലേക്കു പോകാം. റാഹേൽ ആടുകളുമായി വരുന്നതുവരെ നമുക്കു സംസാരിച്ചിരിക്കാം."

"പകല്‍തീരാന്‍ ഇനിയുമൊരുപാടു നേരമുണ്ടു്. ആടുകളെ ആലയിലാക്കാന്‍ സമയമായില്ലല്ലോ. ആടുകള്‍ക്കു വെള്ളംകൊടുത്ത്, നിങ്ങളവയെ മേച്ചില്‍പ്പുറങ്ങളിലേക്കു കൊണ്ടുപോയിക്കൊള്ളൂ. റാഹേല്‍ വരുന്നതുവരെ ഞാനിവിടെ കാത്തിരിക്കാം."

"അങ്ങനെയല്ല," ഇടയന്മാര്‍ പറഞ്ഞു. "ആട്ടിന്‍പറ്റങ്ങളെല്ലാം വന്നെത്തിയത്തിനുശേഷംമാത്രമേ കല്ലുരുട്ടിമാറ്റി ആടുകള്‍ക്കു വെള്ളംകൊടുക്കാറുള്ളൂ. എല്ലാവരുമെത്തുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കും."

യാക്കോബ് ഇടയന്മാരുമായി സംസാരിച്ചുകൊണ്ടിരിക്കേ, റാഹേല്‍ ആടുകളുമായെത്തി. മനോഹരമായൊരു പനിനീർപ്പുവുപോലെ സുന്ദരിയായിരുന്നു റാഹേൽ!

ചെന്നൂലുപോലെ സുന്ദരമായ അധരം...  മാതളപ്പഴപ്പകുതിപോലെ മനോഹരമായ കവിള്‍ത്തടങ്ങള്‍... കവിത നിറയുന്ന തിളക്കമാർന്ന കണ്ണുകൾ... 

ആരെയുമാകര്‍ഷിക്കുന്ന ആ സൗന്ദര്യധാമത്തെ യാക്കോബ് കണ്ണിമചിമ്മാതെ നോക്കിനിന്നുപോയി. 

ആദ്യദര്‍ശനത്തില്‍ത്തന്നെ അവന്റെ ഹൃദയത്തിന്റെ ഏതോ ഉറവയില്‍നിന്ന്, പ്രണയത്തിന്റെയൊരു പുത്തനരുവിയൊഴുകിത്തുടങ്ങി.

യാക്കോബിന്റെ ഹൃദയത്തില്‍‌ ഒരു പ്രണയഗീതമുണര്‍ന്നു.


റാഹേല്‍ കിണറിനടുത്തെത്തിയപ്പോള്‍ യാക്കോബ് ഓടിച്ചെന്ന്, കിണര്‍മൂടിയിരുന്ന കല്ലുരുട്ടിമാറ്റി. റാഹേലിന്റെ ആടുകള്‍ക്കു വെള്ളം കോരിക്കൊടുത്തു.. 

ഇതിനുമുമ്പൊരിക്കലും ആ പ്രദേശത്തൊന്നും കണ്ടിട്ടില്ലാത്ത ആ യുവാവിനു് വലിയ ആകർഷകത്തമുള്ളതായി റാഹേലിനുതോന്നി. ആടുകള്‍ വെള്ളംകുടിച്ചുതീരുംവരെ തേജസ്സുറ്റ മുഖമുള്ള ആ ചെറുപ്പക്കാരനെ റാഹേല്‍ കൗതുകത്തോടെ നോക്കിനിന്നു. അവന്റെ മുഖദര്‍ശനം നവ്യമായ എന്തോ ഒരനുഭൂതി തന്റെ ഹൃദയത്തില്‍ നിറയ്ക്കുന്നതവളറിഞ്ഞു. ആ യുവകോമളന്‍ തന്റെ മുറച്ചെറുക്കനാണെന്ന് അപ്പോള്‍ അവളറിഞ്ഞിരുന്നില്ല. 

പെട്ടെന്നു യാക്കോബ് റാഹേലിന്റെയടുത്തേക്കു വന്നു. അവളുടെ പിതാവിന്റെ സഹോദരിയുടെ പുത്രനായ യാക്കോബാണു താനെന്ന് അവനവളോടു പറഞ്ഞു. അവൾ അദ്ഭുതപ്പെട്ടുപോയി!  അവളുടെ കൈകള്‍ തന്റെ കൈകളിലെടുത്ത്,
അവനവയിൽ ചുംബിച്ചു.

റാഹേലിന്റെ കണ്ണുകള്‍ വിടര്‍ന്നു. അവളുടെയുള്ളില്‍ പുതിയൊരു ലജ്ജയുണര്‍ന്നു. യാക്കോബിന്റെ കൈകള്‍ വിടുവിച്ച്,, അവള്‍ തന്റെ വീട്ടിലേക്കോടി. 

യാക്കോബിനെക്കണ്ട വിവരം അവള്‍ പിതാവിനോടു പറഞ്ഞു. റബേക്കയുടെ മകന്‍വന്നിരിക്കുന്നുവെന്ന വാര്‍ത്ത ലാബാനെ വളരെയേറെ സന്തോഷിപ്പിച്ചു. അയാള്‍ കിണറിന്‍കരയിലേക്കോടി. ലാബാന്‍ യാക്കോബിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. അവനെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. റബേക്കയുടെയും ഇസഹാക്കിന്റെയും എസാവിന്റെയും വിശേഷങ്ങള്‍ ലാബാന്‍ ചോദിച്ചറിഞ്ഞു.

ലാബാനു രണ്ടു പെണ്മക്കളാണുണ്ടായിരുന്നത്. ഇളയവളായിരുന്നു റാഹേല്‍. മൂത്തവള്‍ ലെയാ. ലയയുടെ കണ്ണുകള്‍ മങ്ങിയവയായിരുന്നു. അവള്‍ക്കു സഹോദരിയോളം അഴകുണ്ടായിരുന്നില്ല. റാഹേലാകട്ടെ വടിവൊത്തൊരു സുന്ദരിതന്നെ! 

യാക്കോബ് ഒരുമാസത്തോളം ലാബാന്റെ വീട്ടില്‍ താമസിച്ചു. യാക്കോബും റാഹേലും അനുരാഗബദ്ധരായി. അവരൊരുമിച്ച് ആടുകളെ മേയ്ക്കാന്‍പോയി. 

ഒരുദിവസം ലാബാന്‍ യാക്കോബിനോടു പറഞ്ഞു. "വന്നനാള്‍മുതല്‍ നീയെനിക്കായി ജോലിചെയ്യുന്നു. എന്റെ ആടുകളെ മേയിക്കുകയും കാലികളെ പരിപാലിക്കുകയുംചെയ്യുന്നു. രക്തബന്ധത്തിന്റെപേരില്‍ എന്തിനു കൂലിയില്ലാതെ പണിയെടുക്കുന്നു? നിനക്കെന്തു പ്രതിഫലംവേണമെന്നു പറയൂ. ഞാനതു തരാം."

ഇതു നല്ലൊരവസരമായി യാക്കോബ് കണ്ടു. അവന്‍ പറഞ്ഞു: "അങ്ങയുടെ പുത്രിയായ റാഹേലിനെ ഞാനത്യധികം സ്നേഹിക്കുന്നു. അവള്‍ക്കെന്നെയുമിഷ്ടമാണ്. അവളെയെനിക്കു വിവാഹംചെയ്തുതരണം. അതിനുവേണ്ടി ഏഴുകൊല്ലം അങ്ങയുടെ കീഴില്‍ ഞാന്‍ ജോലിചെയ്യാം."

"അവള്‍ നിനക്കര്‍ഹതപ്പെട്ടവള്‍തന്നെ! അവളെ നിനക്കു വിവാഹംചെയ്തുതരാൻ എനിക്കു സമ്മതമാണ്! നീ എന്റെകൂടെ താമസിച്ചു ജോലിചെയ്തുകൊള്ളുക."

യാക്കോബ് ഏഴുവര്‍ഷം ലാബാനുവേണ്ടി ജോലിചെയ്തു. റാഹേലിനോടുള്ള സ്നേഹംനിമിത്തം ഏഴുവര്‍ഷങ്ങള്‍ കടന്നുപോയത് അവനറിഞ്ഞതേയില്ല.

ഏഴുവർഷങ്ങൾ പൂർത്തിയായപ്പോൾ യാക്കോബ് അമ്മാവനോടു പറഞ്ഞു: "പറഞ്ഞിരുന്ന സമയം പൂര്‍ത്തിയായി. എനിക്കെന്റെ ഭാര്യയെത്തരിക."

കഠിനാദ്ധ്വാനിയായ യാക്കോബിന്റെ കൈകളില്‍ തന്റെ മകള്‍ സുരക്ഷിതയായിരിക്കുമെന്നു ലാബാനുറപ്പുണ്ടായിരുന്നു. അയാള്‍ നാട്ടിലെല്ലാവരെയും വിളിച്ചു വിവാഹവിരുന്നു നടത്തി. എന്നാല്‍ രാത്രിയായപ്പോള്‍ മൂത്തമകളായ ലെയയെയാണു യാക്കോബിന്റെ കൂടാരത്തിലേക്കു വിട്ടത്. ലെയയുടെ പരിചാരികയായി സില്‍ഫയെന്ന അടിമപ്പെണ്ണിനെയും നല്കി.

നേരംപുലര്‍ന്നപ്പോള്‍മാത്രമാണ്, തനിക്കുപറ്റിയ ചതി, യാക്കോബ് തിരിച്ചറിഞ്ഞത്. ലെയയാണു തന്റെ ഭാര്യയായാതെന്നറിഞ്ഞപ്പോള്‍ അവന്‍ കോപത്തോടെ അമ്മാവന്റെയടുത്തു ചെന്നു.

"അങ്ങെന്തിന് എന്നോടീ ചതിചെയ്തു? റാഹേലിനെ വിവാഹംകഴിക്കാന്‍വേണ്ടിയല്ലേ ഏഴുവര്‍ഷങ്ങള്‍ ഞാന്‍ ജോലിചെയ്തത്? എന്നിട്ടിപ്പോള്‍..."

ലാബാന്‍ ചിരിച്ചു. "നീ ദേഷ്യപ്പെടേണ്ടാ. മൂത്തവള്‍ നില്ക്കുമ്പോള്‍ ഇളയവളെ വിവാഹംകഴിപ്പിക്കുന്ന പതിവ് ഈ നാട്ടിലില്ല. നിങ്ങളുടെ വിവാഹവാരം പൂര്‍ത്തിയാകട്ടെ. ഒരാഴ്ചത്തെ വിവാഹാഘോഷങ്ങള്‍ കഴിഞ്ഞാലുടന്‍ റാഹേലിനെയും നിനക്കു വിവാഹംചെയ്തുതരാം. പക്ഷേ ഏഴുവര്‍ഷത്തേക്കുകൂടെ നീ എനിക്കായി പണിയെടുക്കണം."

യാക്കോബ് ജ്യേഷ്ഠനായ എസാവിനെയോര്‍ത്തു. എസാവിനോടുചെയ്ത ചതികള്‍ തനിക്കുനേരെ തിരികെവരുന്നതായി അവനു തോന്നി. മറ്റു നിര്‍വ്വാഹമൊന്നുമില്ലാതിരുന്നതിനാല്‍ അയാള്‍ അമ്മാവന്റെ തീരുമാനമംഗീകരിച്ചു.

ഒരാഴ്ചയ്ക്കുശേഷം ലാബാന്‍ റാഹേലിനെയും യാക്കോബിനു ഭാര്യയായി നല്കി. റാഹേലിന്റെ പരിചാരികയായി, ബില്‍ഹാ എന്ന 
അടിമപ്പെണ്ണിനെയും നല്കി 

റാഹേലും ലെയയും യാക്കോബിനെ അതിയായി സ്നേഹിച്ചു. അവനെ പരിചരിക്കുന്നതില്‍ അവര്‍ പരസ്പരം മത്സരിച്ചുകൊണ്ടിരുന്നു. യാക്കോബാകട്ടെ ലെയയെക്കാളേറെ റാഹേലിനെയാണു സ്നേഹിച്ചതു്. അതു ലെയയെ വളരെയധികം വേദനിപ്പിച്ചു. അവള്‍ തന്റെ ഭര്‍ത്താവിന്റെ ദൈവമായ കര്‍ത്താവിനെവിളിച്ചു പ്രാര്‍ത്ഥിച്ചു.

ലെയ അവഗണിക്കപ്പെടുന്നതു കര്‍ത്താവു കാണാതിരുന്നില്ല. അവിടുന്ന് അവളുടെ പ്രാര്‍ത്ഥനകേട്ടു. ഉദരഫലംനല്കി, അവളെയനുഗ്രഹിച്ചു. റാഹേലിന്റെ ഉദരം അവിടുന്നു വന്ധ്യമാക്കി.

ലെയ തന്റെ കടിഞ്ഞൂല്‍പുത്രനു റൂബന്‍ എന്നു പേരിട്ടു. "എന്റെ കഷ്ടപ്പാടു കര്‍ത്താവു കണ്ടിരിക്കുന്നു. എന്റെ ഭര്‍ത്താവിനു ഞാനൊരു പുത്രനെ നല്കി. ഇനിയവന്‍ എന്നെ സ്നേഹിക്കും." അവള്‍ ആത്മഗതംചെയ്തു. 

ലെയ വീണ്ടും ഗര്‍ഭിണിയായി. അവള്‍ വീണ്ടുമൊരാണ്‍കുട്ടിക്കു ജന്മംനല്കി. അവനു ശിമയോന്‍ എന്നു പേരിട്ടു. തുടര്‍ച്ചയായ നാലുവര്‍ഷങ്ങളിലായി ലെയയ്ക്കു നാലുപുത്രന്മാര്‍ ജനിച്ചു. മൂന്നാമനെ ലേവിയെന്നും നാലാമനെ യൂദായെന്നും അവർ പേരുവിളിച്ചു.

റാഹേലിനു സഹോദരിയോട്‌ അസൂയതോന്നി. അവള്‍ യാക്കോബിന്റെയടുത്തുചെന്നു പറഞ്ഞു: "എനിക്കും മക്കളെത്തരൂ; ഇല്ലെങ്കില്‍ ഞാന്‍ മരിക്കും."

യാക്കോബിനു ദേഷ്യംവന്നു. അയാളവളോടു കയര്‍ത്തു."ഞാന്‍ കര്‍ത്താവിന്റെ സ്ഥാനത്താണോ? കര്‍ത്താവല്ലേ നിനക്കു കുഞ്ഞുങ്ങളെത്തരാത്തത്?"

"എന്നാല്‍, എന്റെ ദാസിയിലൂടെ എനിക്കു സന്താനഭാഗ്യംതരിക. അവള്‍ പ്രസവിക്കുന്ന കുഞ്ഞിനെ ഞാന്‍ വളര്‍ത്തും" തന്റെ പരിചാരികയായ ബില്‍ഹയെ റാഹേല്‍ യാക്കോബിനു നല്കി. ബില്‍ഹ ഗര്‍ഭംധരിച്ചു. യാക്കോബിന് അവളിലൊരു പുത്രന്‍ ജനിച്ചു.

റാഹേല്‍ അത്യധികം സന്തോഷിച്ചു. അവള്‍ കര്‍ത്താവിനു നന്ദിപറഞ്ഞു. "ദൈവം എനിക്കനുകൂലമായി വിധിച്ചിരിക്കുന്നു. എന്റെ പ്രാര്‍ത്ഥനകേട്ട്, എനിക്കൊരു പുത്രനെത്തന്നിരിക്കുന്നു."

അവര്‍ അവനു ദാന്‍ എന്നു പേരുനല്കി. ബില്‍ഹ വീണ്ടും ഗര്‍ഭംധരിച്ചു. അവള്‍ പ്രസവിച്ച രണ്ടാമത്തെ പുത്രനു നഫ്താലി എന്നാണു പേരിട്ടത്.

യൂദായ്ക്കുശേഷം തനിക്കു മക്കള്‍ ജനിക്കാതിരുന്നതിനാലും റാഹേലിന്റെ ദാസിയിലൂടെ യാക്കോബിനു രണ്ടു മക്കള്‍കൂടെ ജനിച്ചതിനാലും ലെയ അസ്വസ്ഥയായി. അവള്‍ തന്റെ ദാസിയായ സില്‍ഫയെ ഭര്‍ത്താവിനു സമര്‍പ്പിച്ചു. സില്‍ഫ ഗര്‍ഭംധരിച്ചു പ്രസവിച്ച പുത്രനു ഗാദ് എന്നു പേരുവിളിച്ചു. സില്‍ഫ വീണ്ടും ഗര്‍ഭിണിയാവുകയും ആഷേര്‍ എന്നൊരു പുത്രനെക്കൂടി യാക്കോബിനു സമ്മാനിക്കുകയും ചെയ്തു.

റൂബന്‍ വളര്‍ന്നു. അവന് എട്ടുവയസ്സുള്ളപ്പോള്‍ ഒരു കൊയ്ത്തുകാലത്ത് അവന്‍ ഗോതമ്പു വയലിലേക്കു പോയി. വയലിനടുത്തുകണ്ട ദൂദായിപ്പഴങ്ങള്‍ അവന്‍ പറിച്ചെടുത്തു. അവന്‍ അവയില്‍ കുറെയെണ്ണം തന്റെ അമ്മയ്ക്കു കൊടുത്തു. ലെയയുടെ കൈയ്യില്‍ ദൂദായിപ്പഴങ്ങള്‍ കണ്ടപ്പോള്‍ റാഹേലിനു കൊതിതോന്നി. 

"നിന്റെ മകന്‍ കൊണ്ടുവന്ന ദൂദായിപ്പഴങ്ങളില്‍നിന്നു കുറച്ചെനിക്കും തരൂ." റാഹേല്‍ ലയയോടു ചോദിച്ചു.

"എന്റെ ഭര്‍ത്താവിനെ കൈയടക്കിവച്ചിരിക്കുന്ന നിനക്ക്, എന്റെ മകന്‍ കൊണ്ടുവന്ന ദൂദായിപ്പഴങ്ങളും വേണോ?"  ലെയ സഹോദരിയോടു കയര്‍ത്തു. 

"നീ ദേഷ്യപ്പെടേണ്ട, നീയെനിക്കുതരുന്ന ദൂദായിപ്പഴങ്ങള്‍ക്കുപകരമായി, ഇന്നുരാത്രി നമ്മുടെ ഭര്‍ത്താവു നിന്നോടൊപ്പം ശയിച്ചുകൊള്ളട്ടെ."

അന്നു വൈകുന്നേരം യാക്കോബു വയലില്‍നിന്നു വന്നപ്പോള്‍ ലെയ പറഞ്ഞു; "ഇന്നു രാത്രി അങ്ങെന്റെ കൂടാരത്തില്‍ കഴിയണം. ഈരാത്രിയിൽ അങ്ങയെ എന്നോടൊപ്പം ലഭിക്കാനായി റൂബന്‍ എനിക്കു സമ്മാനിച്ച ദൂദായിപ്പഴങ്ങള്‍ ഞാന്‍ റാഹേലിനു നല്കി."

അവന്‍ അന്നുരാത്രിയില്‍ ലെയയുടെ കൂടാരത്തിലുറങ്ങി. ലെയ ഗര്‍ഭംധരിച്ചു് ഇസാക്കര്‍ എന്നൊരു പുത്രനെ യാക്കോബിനു നല്കി. ഇസാക്കാറിന്റെ ജനനശേഷം സെബലൂണ്‍ എന്നൊരു പുത്രനെയും ദീന എന്നൊരു പുത്രിയേയും ലെയ പ്രസവിച്ചു.

തന്റെ വന്ധ്യത മാറാനായി റാഹേല്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കര്‍ത്താവു റാഹേലിനെ അനുസ്മരിക്കുകയും അവളുടെ വന്ധ്യത അവസാനിപ്പിക്കുകയും ചെയ്തു. അവള്‍ ഒരു പുത്രനെ പ്രസവിച്ചു. 

"കര്‍ത്താവ്, എന്റെയപമാനം നീക്കിക്കളഞ്ഞിരിക്കുന്നു." അവള്‍ അത്യധികമാഹ്ലാദത്തോടെ മകനു ജോസഫ് എന്നുപേരിട്ടു. 

റൂബന്‍, ശിമയോന്‍, ലേവി, യൂദാ, ദാന്‍, നഫ്താലി, ഗാദ്, ആഷേര്‍, ഇസാക്കര്‍, സെബലൂണ്‍, ജോസഫ് എന്നിങ്ങനെ പതിനൊന്നു പുത്രന്മാരും ദീന എന്ന പുത്രിയും യാക്കോബിനു ജനിച്ചു. 

ഏഴുവര്‍ഷംകൂടെ ജോലിചെയ്യണമെന്ന ഉപാധിയോടെയാണു ലാബാന്‍ തന്റെ പെണ്മക്കളെ യാക്കോബിനു വിവാഹംചെയ്തുകൊടുത്തത്. എന്നാല്‍ പന്ത്രണ്ടുമക്കളുടെ പിതാവായതിനുശേഷവും യാക്കോബിന് അമ്മാവനുവേണ്ടി ജോലിചെയ്യേണ്ടിവന്നു. അക്കാലമത്രയും അവനു സ്വന്തമായൊന്നും സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ല.

യാക്കോബിന്റെ കഥ തുടരും ...

No comments:

Post a Comment