Sunday 14 May 2017

11. റബേക്ക

ബൈബിൾക്കഥകൾ - 11

മരുഭൂമിയിൽ, പ്രകൃതിയോടു മല്ലിട്ട് ഇസ്മായേൽ വളർന്നു. അവന്റെ മനസ്സും ശരീരവും ഒന്നുപോലെ കരുത്താർജ്ജിച്ചു. 

ഇസ്മയേലിനു വിവാഹപ്രായമെത്തിയപ്പോൾ ഹാഗാർ അവനോടൊപ്പം ഈജിപ്തിലേക്കുപോയി. അവൾ തന്റെ ബന്ധുജനങ്ങളെ അന്വേഷിച്ചുകണ്ടെത്തി. അവരിൽനിന്നുതന്നെ, തന്റെ പുത്രനായി ഒരു വധുവിനെ തിരഞ്ഞെടുത്തു നല്കി. 

ശിഷ്ടകാലം ഈജിപ്തിൽത്തന്നെ തുടരണമെന്നു ഹാഗാറാഗ്രഹിച്ചു. അവൾ മകനോടും മരുമകളോടും പറഞ്ഞു: "നമുക്കിനി ഇവിടെത്തന്നെ താമസിക്കാം. ഇവിടെയാകുമ്പോൾ ചുറ്റും നമ്മുടെ ബന്ധുക്കളുണ്ടല്ലോ."

"വേണ്ടാ, ഞാൻ അബ്രഹാമിന്റെ പുത്രനാണ്. നമ്മൾ കാനാൻദേശത്തേക്കു മടങ്ങിപ്പോകും. വെറുംകൈയോടെ മരുഭൂമിയിലേക്കിറങ്ങിയ നാട്ടിൽത്തന്നെ ഞാൻ ജീവിക്കും. പിതാവായ അബ്രാഹാമിനേക്കാൾ സമ്പന്നനായിത്തന്നെ!"

ഇസ്മായേൽ അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം കാനാൻനാട്ടിലേക്കു മടങ്ങി.

കാനാൻദേശത്തുനിന്ന് അസ്സീറിയായിലേക്കുള്ള വഴിയില്‍ ഈജിപ്‌തിന്റെ എതിര്‍വശത്തുള്ള ഷൂര്‍ പട്ടണത്തിൽ അവർ താമസമുറപ്പിച്ചു. കാനാൻദേശത്തേയും ഈജിപ്തിലേയും കച്ചവടക്കാർക്കിടയിൽ ഇസ്മായേൽ മദ്ധ്യവർത്തിയായി. കാലക്രമത്തിൽ അവൻ വലിയ സമ്പന്നനായിത്തീർന്നു.

ഇസ്മായേലിനു പന്ത്രണ്ടു പുത്രന്മാർ ജനിച്ചു. ഹവിലാമുതല്‍ ഷൂര്‍വരെയുള്ള ദേശംമുഴുവൻ ഇസ്മായേലിന്റേയും സന്തതികളുടേയും കൈവശമായി. തന്റെ പുത്രനെക്കുറിച്ചുള്ള വാർത്തകൾ അബ്രഹാം അറിയുന്നുണ്ടായിരുന്നു. ഇസ്മായേലിന്റെ വളർച്ചയിൽ അബ്രഹാം അത്യധികം സന്തോഷിച്ചു.
ഇസഹാക്കിന് മുപ്പത്തിയേഴു വയസ്സുള്ളപ്പോൾ, തന്റെ
നൂറ്റി ഇരുപത്തിയേഴാം വയസ്സിൽ, സാറായുടെ ആത്മാവു ശരീരംവെടിഞ്ഞു. 

കൂടാരവാസിയായിരുന്നതിനാൽ സാറായെ സംസ്കരിക്കാൻ അബ്രഹാമിന്, ഇടമേതുമുണ്ടായിരുന്നില്ല. സാറാ മരിച്ചദിവസം, താൻ താമസിച്ചിരുന്ന മാമ്രേയ്ക്കു കിഴക്കുള്ള, മക്‌പെലായില്‍, ഹിത്യവംശജനായ എഫ്രോണിന്റെ നിലം, അതിലെ ഗുഹയും വൃക്ഷങ്ങളുംസഹിതം നാന്നൂറു ഷെക്കല്‍ വിലയ്ക്ക് അബ്രാഹം വാങ്ങി. ആ ഗുഹയില്‍ അബ്രാഹാമും ഇസഹാക്കുംചർസാന്ന്, സാറായുടെ മൃതദേഹം സംസ്കരിച്ചു.

പിന്നെയും മൂന്നു വസന്തങ്ങൾകൂടെ
കടന്നുപോയി. അബ്രഹാം കൂടുതല്‍ ക്ഷീണിതനായി. തനിക്കിനി അധികകാലമവശേഷിക്കുന്നില്ലെന്ന് അവനു മനസ്സിലാക്കി. 

ഇസഹാക്ക് അപ്പോഴും അവിവാഹിതനായിരുന്നു. തന്‍റെ മരണത്തിനുമുമ്പുതന്നെ മകനുവേണ്ടി ഒരു വധുവിനെക്കണ്ടെത്തണമെന്ന് അബ്രഹാം നിശ്ചയിച്ചു.

തന്റെ എല്ലാ വസ്തുവകകളുടെയും മേല്‍നോട്ടംവഹിക്കുന്ന പ്രധാനദാസനെ അബ്രഹാം തന്‍റെയരികില്‍വിളിച്ചു: 

"എന്റെ നാട്ടില്‍, എന്റെ ചാര്‍ച്ചക്കാരുടെയടുക്കലേക്കു നീ പോകണം. അവരില്‍നിന്ന് ഇസഹാക്കിനായി ഒരു ഭാര്യയെ നീ കണ്ടെത്തണം. ഈ നാട്ടിലെ കാനാന്യരുടെ പെണ്മക്കളില്‍നിന്ന് എന്റെ മകനു ഭാര്യയെ തിരഞ്ഞെടുക്കയില്ലെന്ന്, ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ നീ സത്യംചെയ്യുകയുംവേണം."

"ഞാന്‍ കണ്ടെത്തുന്ന പെണ്‍കുട്ടിക്ക് ഈ നാട്ടിലേക്കുപോരാന്‍ ഇഷ്ടമില്ലെങ്കിലോ? എങ്കിൽ അങ്ങു വിട്ടുപോന്ന നാട്ടിലേക്ക്, ഇസഹാക്കുമായി ഞാന്‍ പോകണോ?" ദാസന്‍ അബ്രാഹമിനോടു ചോദിച്ചു.

"വേണ്ടാ, എന്റെ മകനെ അങ്ങോട്ടുകൊണ്ടുപോകരുത്. എന്റെ തലമുറകള്‍ക്കായി കാനാന്‍ദേശം നല്കുമെന്നു വാഗ്ദാനംചെയ്ത കര്‍ത്താവ്, വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണു്. ഒരുകാര്യം ഉറപ്പുപറയാന്‍ എനിക്കു കഴിയും. എന്റെ പിതാവിന്റെ വീട്ടില്‍നിന്നും ബന്ധുക്കളില്‍‍നിന്നും എന്നെ പുറത്തുകൊണ്ടുവന്നവനും, എന്നോടു സംസാരിച്ചവനും, നിന്റെ സന്തതികള്‍ക്ക് ഈ ഭൂമി ഞാന്‍ തരുമെന്നു വാഗ്ദാനംചെയ്തവനുമായ കര്‍ത്താവ്, തന്റെ ദൂതനെ നിനക്കുമുമ്പേ അയയ്ക്കും; അവിടെനിന്ന് എന്റെ മകനുവേണ്ടി ഒരു ഭാര്യയെക്കണ്ടെത്താന്‍ കര്‍ത്താവുതന്നെ നിന്നെ സഹായിക്കും. നീ കണ്ടെത്തുന്ന പെണ്‍കുട്ടിക്കു നിന്നോടുകൂടെപ്പോരാനിഷ്ടമില്ലെങ്കില്‍ എന്റെയീ ശപഥത്തില്‍നിന്നു നീ വിമുക്തനാണ്. എന്‍റെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ നിന്നോടൊപ്പമയച്ചില്ലെങ്കിലും നീ ശപഥത്തില്‍നിന്നു വിമുക്തനാണ്."

അബ്രഹാം പറഞ്ഞതനുസരിച്ച് ആ ദാസന്‍ ശപഥംചെയ്തു. പത്ത് ഒട്ടകങ്ങളും വിലപിടിപ്പുള്ള ധാരാളം സമ്മാനങ്ങളുമായി, അബ്രാഹമിന്റെ സഹോദരനായ നാഹോര്‍ താമസിക്കുന്ന ഹാരാൻപട്ടണത്തിലേക്ക് അയാള്‍ യാത്രപുറപ്പെട്ടു. സഹായത്തിനായി ഏതാനും ദാസന്മാരും ദാസിമാരും കൂടെയുണ്ടായിരുന്നു.

ദിവസങ്ങള്‍നീണ്ട യാത്രയ്ക്കൊടുവിൽ, ഒരു സായാഹ്നത്തില്‍ അവർ ഹാരാൻപട്ടണത്തിനു പുറത്ത്, വെള്ളമുള്ള ഒരു കിണറിനടുത്തെത്തി. 

കിണറിന്റെ കരയില്‍നിന്ന് അബ്രഹാമിന്റെ ദാസൻ പ്രാര്‍ത്ഥിച്ചു: 

"എന്റെ യജമാനന്റെ ദൈവമായ കര്‍ത്താവേ, എന്റെയീ ദൗത്യം വിജയിപ്പിക്കണമേ! ഇതാ, ഈ കിണറ്റുകരയില്‍ ഇന്നാട്ടിലെ പെണ്‍കുട്ടികള്‍ വെള്ളംകോരാന്‍ വരുന്നുണ്ട്. നിന്റെ കുടത്തിൽനിന്ന് എനിക്കല്പം വെള്ളം കുടിക്കാൻ തരുക, എന്നുപറയുമ്പോള്‍ ഇതാ, കുടിച്ചുകൊള്ളുക; നിങ്ങളുടെ ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിത്തരാമെന്നു മറുപടിതരുന്ന പെണ്‍കുട്ടിയായിരിക്കട്ടേ അങ്ങയുടെ ദാസനായ ഇസഹാക്കിന് അങ്ങു നിശ്ചയിച്ചിരിക്കുന്നവള്‍‍. കര്‍ത്താവേ, അങ്ങയുടെ കൃപയാല്‍ അങ്ങയുടെ ദാസനായ ഇസഹാക്കിനായി അങ്ങു നിശ്ചയിച്ചിരിക്കുന്ന വധുവിനെ എനിക്കുമുമ്പിലെത്തിക്കണമേ!"

അധികംവൈകിയില്ലാ, തോളിലേന്തിയ കുടവുമായി റബേക്കാ വെള്ളംകോരാന്‍ അവിടേയ്ക്കു വന്നു. അവള്‍ അതീവസുന്ദരിയായൊരു യുവതിയായിരുന്നു. കിണറ്റിൽനിന്നു വെള്ളംകോരി, അവൾ തന്റെ കുടംനിറച്ചു.

അബ്രാഹമിന്റെ ഭൃത്യന്‍, അവളുടെയടുത്തേക്കുചെന്നു പറഞ്ഞു: "ദയവായി നിന്റെ കുടത്തില്‍നിന്നു കുറച്ചുവെള്ളം എനിക്കു കുടിക്കാന്‍ തരിക".

റബേക്ക പറഞ്ഞു: "പ്രഭോ, കുടിച്ചാലും."

കുടം താഴ്ത്തിപ്പിടിച്ച് അവള്‍ അവനു കുടിക്കാന്‍കൊടുത്തു. അവന്‍  കുടിച്ചുകഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു: "അങ്ങയുടെ ഒപ്പമുള്ളവർക്കും ഒട്ടകങ്ങള്‍ക്കും ഞാന്‍ വെള്ളം കോരിക്കൊടുക്കാം."

അവള്‍ വേഗം കുടത്തിലെ വെള്ളം തൊട്ടിയിലൊഴിച്ച്, വീണ്ടും വെള്ളംകോരാന്‍ കിണറിനടുത്തേക്കു നടന്നു. എല്ലാ ഭൃത്യന്മാർക്കും ഒട്ടകങ്ങള്‍ക്കും വെള്ളം കോരിക്കൊടുത്തു. 

അബ്രഹാമിന്റെ ദാസന്‍, നിര്‍ന്നിമേഷനായി അവളെ നോക്കിനിന്നു. അവന്‍ കര്‍ത്താവിനു നന്ദിപറഞ്ഞു. ഒട്ടകങ്ങള്‍ വെള്ളംകുടിച്ചുകഴിഞ്ഞപ്പോള്‍ അരഷെക്കല്‍ തൂക്കമുള്ള ഒരു സ്വര്‍ണ്ണമോതിരവും പത്തു ഷെക്കല്‍ തൂക്കമുള്ള രണ്ടു സ്വർണ്ണവളകളും അവനവള്‍ക്കു നല്കി.

" നീ ആരുടെ മകളാണ്? നിന്റെ പിതാവിന്റെ ഭവനത്തില്‍ ഈ രാത്രികഴിക്കാന്‍ എനിക്കിടംകിട്ടുമോ?"

"ബത്തുവേലിന്റെ മകളാണു ഞാന്‍. നഹോറിന്റെയും മില്‍ക്കയുടെയും പേരക്കുട്ടി. താങ്കളുടെ ഒട്ടകങ്ങള്‍ക്കാവശ്യമായ കച്ചി ഞങ്ങളുടെ വീട്ടിലുണ്ട്. താങ്കള്‍ക്കു താമസിക്കാനുള്ള മുറിയും." 

അബ്രാഹമിന്റെ സഹോദരന്‍ നാഹോറിന്റെയും ഭാര്യ മില്‍ക്കായുടെയും മകനായ ബത്തുവേലിന്റെ മകളായിരുന്നു, റബേക്ക.

റബേക്ക അവളുടെ വീട്ടിലേക്കോടി. കിണറിന്‍കരയില്‍ക്കണ്ട അപരിചതനെക്കുറിച്ചു വീട്ടുകാരോടു പറഞ്ഞു. അയാള്‍ നല്കിയ ആഭരണങ്ങള്‍ അവരെക്കാണിച്ചു.

റബേക്ക പറഞ്ഞു. "വെള്ളം കുടിച്ചതിനുശേഷം അയാള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നതു ഞാന്‍ കേട്ടു. -എന്റെ യജമാനനായ അബ്രാഹമിന്റെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെട്ടവന്‍. തന്റെ കാരുണ്യവും വിശ്വസ്തതയും അവിടുന്ന് അവനില്‍നിന്നു പിന്‍വലിച്ചിട്ടില്ല. എന്റെ യജമാനന്റെ ചാര്‍ച്ചക്കാരുടെ വീട്ടിലേക്ക് അവിടുന്നെന്നെ നയിക്കുകയുംചെയ്തിരിക്കുന്നു."

റബേക്കയുടെ സഹോദരനായ ലാബാന്‍, കിണറ്റിന്‍കരയിലേക്കു ചെന്നു. അബ്രാഹമിന്റെ ഭൃത്യനും സഹദാസന്മാരും അപ്പോഴും അവിടെ നില്ക്കുന്നുണ്ടായിരുന്നു.
ലാബാന്‍ അവരെ വീട്ടിലേക്കു ക്ഷണിച്ചു. 

വീട്ടിലെത്തിയപ്പോള്‍ ലാബാന്‍ അതിഥികള്‍ക്കു കാല്‍കഴുകാന്‍ വെള്ളം നല്കി. ഒട്ടകങ്ങളുടെ ജീനിയഴിച്ചുമാറ്റി, തീറ്റയും കച്ചിയുംകൊടുത്ത് അവയെ തൊഴുത്തില്‍ക്കെട്ടി.

ബത്തുവേല്‍ അതിഥികളെ അത്താഴത്തിനു ക്ഷണിച്ചു. 

അബ്രഹാമിന്റെ ഭൃത്യന്‍ പറഞ്ഞു: "വന്നകാര്യം പറയാതെ ഞാന്‍ ഭക്ഷണംകഴിക്കില്ല."

"എന്താണെങ്കിലും പറഞ്ഞുകൊള്ളുക" ലാബാന്‍ അയാളോടു യോജിച്ചു.

അയാള്‍, നടന്നകാര്യങ്ങള്‍ വിശദമായി പറഞ്ഞു.
"അതുകൊണ്ട് എന്റെ യജമാനനോടു നിങ്ങള്‍ കാരുണ്യത്തോടും വിശ്വസ്തതയോടുംകൂടെ പെരുമാറുമെങ്കില്‍, എന്റെ യജമാനന്റെ മകന്,  നിങ്ങളുടെ പെണ്‍കുട്ടിയെ വധുവായിനല്കാന്‍ സമ്മതമാണെങ്കില്‍, പറയുക. മറിച്ചാണെങ്കിലും പറയുക. എനിക്ക് അതനുസരിച്ചു പ്രവര്‍ത്തിക്കാമല്ലോ?"

അപ്പോള്‍ ലാബാനും ബത്തുവേലും പറഞ്ഞു: "കേട്ടിടത്തോളം ഇതു ദൈവത്തിന്റെയിഷ്ടമാണെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇതിനെക്കുറിച്ച് ഞങ്ങള്‍ക്ക് എതിരഭിപ്രായമില്ല. ഇതാ, റബേക്കാ നിന്റെ മുമ്പില്‍ നില്‍ക്കുന്നു. അവളെ കൊണ്ടുപോയ്‌ക്കൊള്ളുക. കര്‍ത്താവു തിരുവുള്ളമായതുപോലെ അവള്‍ നിന്റെ യജമാനന്റെ മകനു ഭാര്യയായിരിക്കട്ടെ."

അബ്രാഹമിന്റെ ഭൃത്യന്‍ സന്തോഷത്തോടെ താണുവീണ്, കര്‍ത്താവിനെയാരാധിച്ചു. അവന്‍ സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമെടുത്തു റബേക്കായ്ക്കു കൊടുത്തു. അവളുടെ സഹോദരനും അമ്മയ്ക്കും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്കി..

എല്ലാവരും സന്തോഷത്തോടെ അത്താഴംകഴിച്ചു.

അബ്രാഹമിന്റെ ഭൃത്യന്‍ പുലര്‍ച്ചെയെഴുന്നേറ്റു ബത്തുവേലിനോടു ചോദിച്ചു. "താങ്കളുടെ പുത്രിയെ എന്നോടൊപ്പം ഇന്നുതന്നെ എന്റെ യജമാനന്റെയടുത്തേക്കയയ്ക്കില്ലേ?"

ലാബാനും അമ്മയും പറഞ്ഞു: "ഇന്നുതന്നെയോ? കുറച്ചുനാള്‍കൂടെ, പത്തു ദിവസമെങ്കിലും, അവളിവിടെ നില്‍ക്കട്ടെ."

ഭൃത്യന്‍ പറഞ്ഞു: "അധികംവൈകാതെ എന്നെ തിരിച്ചയച്ചാല്‍ നന്നായിരുന്നു."

"നമുക്കു പെണ്‍കുട്ടിയെ വിളിച്ചുചോദിക്കാം " ബത്തുവേല്‍ റബേക്കയെ വിളിച്ചു. കർത്താവ്' അവളുടെ ഹൃദയത്തെ പ്രചോദിപ്പിച്ചു. റബേക്ക അബ്രഹാമിന്റെ ഭൃത്യനോടൊപ്പം പോകാന്‍തയ്യാറായി.

ബത്തുവേൽ അവളെ ആശീര്‍വ്വദിച്ചു: "നീ ആയിരങ്ങളുടെയും പതിനായിരങ്ങളുടെയും അമ്മയായിത്തീരുക. തങ്ങളെ വെറുക്കുന്നവരുടെ വാതിലുകള്‍ നിന്റെ സന്തതികള്‍ പിടിച്ചെടുക്കട്ടെ."

റബേക്കയെയും അവളുടെ ദാസിയേയും അവര്‍ അന്നുതന്നെ അബ്രാഹമിന്റെ ഭൃത്യനോടൊപ്പം അയച്ചു. അവര്‍ കാനാന്‍ദേശത്തേക്കു യാത്രയായി.

ഒരു ദിവസം വൈകുന്നേരം ഇസഹാക്ക് ചിന്താമഗ്നനായി വയലിലൂടെ നടക്കുകയായിരുന്നു. അപ്പോൾ ദൂരെനിന്ന് ഒട്ടകങ്ങള്‍ വരുന്നത് അവൻ കണ്ടു. ഹാരാനിലേക്കുപോയ ദാസന്മാർ മടങ്ങിയെത്തിയെന്ന് അവനു മനസ്സിലായി. അവന്‍ ആകാംക്ഷയോടെ അവയ്ക്കുനേരെ നടന്നു.

സുന്ദരനായ ഒരു യുവാവു തങ്ങളുടെനേരേ നടന്നുവരുന്നതു റബേക്ക കണ്ടു. അവള്‍ ഭൃത്യനോടു ചോദിച്ചു: "അങ്ങകലെ, പാടത്തുകൂടെ നമ്മുടെനേരേ നടന്നുവരുന്ന ആ മനുഷ്യനാരാണ്?"

"അവനാണ് എന്റെ യജമാനന്‍റെ മകന്‍."

റബേക്കാ ഒട്ടകപ്പുറത്തുനിന്നു താഴെയിറങ്ങി.  ശിരോവസ്ത്രംകൊണ്ടു മുഖംമറച്ചു.

ഇസഹാക്ക് അടുത്തെത്തിയപ്പോള്‍ ഭൃത്യന്‍ നടന്നതെല്ലാം അവനോടു പറഞ്ഞു. ഇസഹാക്ക്, റബേക്കയുടെ മുഖപടം മെല്ലെ നീക്കി. അവർ കൗതുകപൂർവ്വം പരസ്പരം നോക്കി. റബേക്ക വ്രീളാവതിയായി മുഖംകുനിച്ചു.

ഭൃത്യൻ അവരെ അബ്രഹാമിനു മുമ്പിലേക്കു കൊണ്ടുചെന്നു. അബ്രഹാം റബേക്കയുടെ വലതുകൈപിടിച്ച്, ഇസഹാക്കിന്റെ വലതുകൈയിൽ ചേർത്തു. ഇസഹാക്ക് അവളെ ഭാര്യയായി സ്വീകരിച്ചു. 

തന്റെ പുത്രന് അനുയോജ്യയായ വധുവിനെ ലഭിച്ചതില്‍ അബ്രഹാം അതിയായി സന്തോഷിച്ചു.

ഇസഹാക്ക് തന്റെ വധുവിനെ സാറായുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അവനവളെ അത്യധികം സ്‌നേഹിച്ചു. അമ്മയുടെ വേര്‍പാടില്‍ ദുഃഖിച്ചിരുന്ന ഇസഹാക്കിന്, റബേക്കയുടെ സ്നേഹം സാന്ത്വനംപകര്‍ന്നു.

No comments:

Post a Comment