Sunday 16 April 2017

7. ഇസ്മായേൽ

ബൈബിൾക്കഥകൾ 7

അബ്രാമും ലോത്തുംതമ്മില്‍ പിരിഞ്ഞതിനുശേഷം കര്‍ത്താവ്, അബ്രാമിനോടു പറഞ്ഞു: “നീ നില്ക്കുന്നേടത്തുനിന്നു നാലുചുറ്റും നോക്കുക. നീ കാണുന്ന പ്രദേശങ്ങളെല്ലാം നിനക്കും നിന്റെ സന്താനപരമ്പരകള്‍ക്കുമായി  ഞാന്‍തരും. ഭൂമിയിലെ മണൽപോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ദ്ധിപ്പിക്കും.”

അബ്രാം അന്നുതന്നെ, ഹെബ്രോണിലുള്ള മാമ്രേയുടെ ഓക്കുമരങ്ങള്‍ക്കുസമീപത്തേയ്ക്കു താമസംമാറ്റി. അവിടെയും അവന്‍ കര്‍ത്താവിനൊരു ബലിപീഠം നിര്‍മ്മിക്കുകയും ബലിയര്‍പ്പിക്കുകയുംചെയ്തു. 

അവിടെവച്ച്, സ്വപ്നദര്‍ശനത്തില്‍ കര്‍ത്താവു വീണ്ടും അബ്രാമിനോടു പറഞ്ഞു; “അബ്രാം, എന്നിൽ വിശ്വാസമർപ്പിച്ച്, പിതൃഭവനത്തെയും ബന്ധുമിത്രങ്ങളെയുമുപേക്ഷിച്ച് നീയെന്നെ പിന്തുടർന്നതിനാൽ നിനക്കു ഞാൻ വലിയപ്രതിഫലം നല്കും!" 

“കര്‍ത്താവേ, സന്താനങ്ങളില്ലാത്ത എനിക്ക്, എന്തുകിട്ടിയിട്ടുമെന്തു കാര്യം? എന്റെ കാലശേഷം എനിക്കുള്ളതെല്ലാം അന്യാധീനപ്പെടില്ലേ..?”

“ഒരിക്കലുമില്ല. നിന്റെ ഭാര്യയിലൂടെ നിനക്കുജനിക്കുന്ന പുത്രന്‍തന്നെയായിരിക്കും നിന്റെയവകാശി. ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ എണ്ണിത്തിട്ടപ്പെടുത്താനാവത്തവിധം അസംഖ്യമായിരിക്കും നിന്റെ സന്താനപരമ്പര.."

അബ്രാമും സാറായിയും വാര്‍ദ്ധക്യത്തിലെത്തിയിരുന്നെങ്കിലും അബ്രാം കര്‍ത്താവില്‍ പൂര്‍ണ്ണമായി വിശ്വസിച്ചു. അബ്രാമിന്റെ വാക്കുകളിൽ സാറായിയും പ്രത്യാശയർപ്പിച്ചു.

എന്നാൽ, പിന്നെയും വര്‍ഷങ്ങൾ പലതു കടന്നുപോയെങ്കിലും സാറായി ഗര്‍ഭംധരിക്കുകയോ പ്രസവിക്കുകയോചെയ്തില്ല. 

സാറായി അബ്രാമിനോടു പറഞ്ഞു: ''നിങ്ങളുടെ കർത്താവു പറയുന്നതുപോലെ, വൃദ്ധയായ എനിക്കിനി മക്കളുണ്ടാകുകയില്ല. എന്റെ ദാസിയായ ഹാഗാറിനെ നിങ്ങള്‍ക്കു ഞാൻ നല്കാം. ഒരുപക്ഷേ, അവളിലൂടെ നമുക്കു സന്താനസൗഭാഗ്യമുണ്ടായേക്കാം. അവൾ പ്രസവിക്കുന്ന കുഞ്ഞിനെ അവളെന്റെ മടിയിൽവച്ചുതരും. എന്റെ കുഞ്ഞായിത്തന്നെ ഞാനവനെ വളർത്തും ..."


സാറായിയുടെ വാക്കുകൾ ശരിയാണെന്ന് അബ്രാമിനുതോന്നി.  
അബ്രാം സാറായിയുടെ ദാസിയായ ഈജിപ്‌തുകാരി ഹാഗാറിനോടൊത്തു ശയിച്ചു. അവള്‍ ഗര്‍ഭംധരിക്കുകയുംചെയ്‌തു. 

താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഹാഗാറിന്റെ ഭാവംമാറി. അവള്‍ സാറായിയെ നിന്ദിക്കുകയും അവളോടു കയർത്തുസംസാരിക്കുകയും ചെയ്തുതുടങ്ങി. മറ്റു ദാസരുടെ മുമ്പിൽവച്ചുപോലും ഹാഗാർ സാറായിയെ പുച്ഛിച്ചു.

തന്റെ പുത്രനെ ഉദരത്തിൽവഹിക്കുന്നതിനാൽ, അബ്രാം ഹാഗാറിനെ കൂടുതൽ സ്നേഹിക്കുന്നതായി സാറായി കരുതി. അതിനാലവൾ ഹാഗാറിന്റെ പ്രവൃത്തികളെല്ലാം നിശബ്ദയായി സഹിച്ചു. സാറായിയുടെ മൗനം ഹാഗാർ കൂടുതൽ മുതലെടുത്തു. മറ്റു ദാസീദാസന്മാരുടെ കാര്യങ്ങളിലും അവളിടപെട്ടുതുടങ്ങി. അവൾ എല്ലാവരുടേയുംമേൽ അധികാരംസ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. 

ജീവിതം കൂടുതൽ ദുസ്സഹമായപ്പോൾ സാറായി അബ്രാമിനുമുമ്പിൽ പരാതിയുമായെത്തി..

"ഈജിപ്തുകാരിയായ ഹാഗാർനിമിത്തം ഞാനെത്ര കഷ്ടപ്പെടുന്നുവെന്നു നിങ്ങളറിയുന്നുണ്ടോ? എന്റെ ദാസിയെ നിങ്ങൾക്കു ഞാൻ വിട്ടുതന്നു. എന്നാൽ അവൾ നിങ്ങളിൽനിന്നു ഗര്‍ഭിണിയായതോടെ ഞാനവള്‍ക്കു നിന്ദാപാത്രമായിരിക്കുന്നു. നിങ്ങൾ രണ്ടാളുംമൂലം എന്റെ ജീവിതം ദുരിതപൂർണ്ണമായി. എനിക്കും നിങ്ങള്‍ക്കുംമദ്ധ്യേ കര്‍ത്താവുതന്നെ വിധിയാളനാകട്ടെ!"

അബ്രാം പറഞ്ഞു: "നീയെന്തിനെന്നോടു പരാതിപ്പെടുന്നു? അവളിപ്പോഴും നിന്റെ ദാസിതന്നെയാണല്ലോ. നിന്റെ ദാസിയോട് എങ്ങനെ പെരുമാറണമെന്നു നീയല്ലേ തീരുമാനിക്കേണ്ടതു്?" 

അബ്രാമിന്റെ മനസ്സിപ്പോഴും തനിക്കൊപ്പംതന്നെയെന്നുറപ്പായപ്പോൾ, സാറായി ഹാഗാറിനോടു പ്രതികരിച്ചുതുടങ്ങി. അവൾ ഹാഗാറിനോടു ക്രൂരമായിപ്പെരുമാറി. 

സഹദാസരിലൊരാൾപോലും ഹാഗാറിനോടു സഹതപിക്കാനുണ്ടായില്ല. അബ്രാമിന്റെ പാളയത്തിൽ താൻ ഒറ്റപ്പെട്ടെന്നു ഹാഗാർ തിരിച്ചറിഞ്ഞു. അവൾ അബ്രാമിനേയും സാറായിയേയുംവിട്ട് പാളയത്തിൽനിന്നോടിപ്പോയി. എവിടേയ്ക്കെന്നറിയാതെ അവൾ മരുഭൂമിയുടെ വന്യതയിൽ അലഞ്ഞുതിരിഞ്ഞു. വിശപ്പും ക്ഷീണവും അവളെയലട്ടി. ദാഹമകറ്റാൻ ഒരിറ്റുവെള്ളംപോലും കിട്ടാതെ താൻ വീണുമരിച്ചുപോകുമെന്ന് അവൾ ഭയന്നു. ഒടുവിലെങ്ങനെയോ ഷൂറിലേക്കുള്ള വഴിയില്‍ മരുഭൂമിയിലുള്ള ഒരു നീരുറവയുടെ യടുത്ത് അവളെത്തി. ആ ഉറവയേക്കാൾ വലുതായി ലോകത്തിൽ മറ്റൊന്നുമില്ലെന്നാണ് അവൾക്കപ്പോൾ തോന്നിയത്! ഉറവയിലെ വെള്ളംകുടിച്ച്, ഒരു മരച്ചുവട്ടിൽ അവൾ തളർന്നിരുന്നു. ക്ഷീണത്താൽ അവൾ പെട്ടെന്നുതന്നെ ഗാഢനിദ്രയിലേക്കു വഴുതിവീണു. 

അപ്പോൾ കർത്താവിന്റെ ദൂതൻ അവളുടെ മുമ്പിൽ പ്രത്യക്ഷനായി. :

"സാറായിയുടെ ദാസിയായ ഹാഗാർ, നീയെവിടെനിന്നു വരുന്നു? എവിടേയ്ക്കു പോകുന്നു?" ദൂതൻ അവളോടു ചോദിച്ചു

"യജമാനത്തിയുടെ ക്രൂരതസഹിക്കാനാകാതെ അവളുടെയടുത്തുനിന്ന് ഓടിപ്പോന്നതാണു ഞാൻ. എവിടേയ്ക്കാണു പോകേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ."

"ഭയപ്പെടേണ്ടാ! കര്‍ത്താവു നിന്റെ വിലാപംകേട്ടിരിക്കുന്നു. നിന്റെ യജമാനത്തിയുടെയടുത്തേക്കുതന്നെ നീ തിരിച്ചുപോകുക, എല്ലാക്കാര്യങ്ങളിലും അവള്‍ക്കു വിധേയയായിരിക്കുക. അപ്പോൾ അവൾ നിന്നെയുപദ്രവിക്കുകയില്ല. നീ പ്രസവിക്കുന്ന കുട്ടിക്ക്, ഇസ്‌മായേല്‍ എന്നു പേരിടണം. 
എണ്ണിയാല്‍ത്തീരാത്തത്രയധികമായി നിന്റെ സന്തതിയെ കർത്താവു വര്‍ദ്ധിപ്പിക്കും. കാട്ടുകഴുതയ്‌ക്കൊത്ത കരുത്തുള്ളവനായി അവൻ വളരും. അവന്‍ സകലർക്കുമെതിരായി തന്റെ കൈയുയർത്തും.എല്ലാവരും അവനെതിരായിത്തീരും. അവന്‍ തന്റെ സഹോദരങ്ങള്‍ക്കെതിരായി വർത്തിക്കുന്നവനായിരിക്കും"

തന്റെ ദൂതനിലൂടെ കർത്താവരുൾചെയ്ത വാക്കുകൾ ഹാഗാറിനെ സന്തുഷ്ടയാക്കി. ദൂതൻ പറഞ്ഞതുപോലെ, അവൾ പാളയത്തിലേക്കു മടങ്ങിപ്പോയി. സാറായി അവളെ തള്ളിക്കളഞ്ഞില്ല. ഗർഭിണിയായ ഹാഗാറിനെ അവൾ തന്റെ കൂടാരത്തിൽ വീണ്ടും സ്വീകരിച്ചു.

സമയത്തിന്റെ തികവിൽ ഹാഗാർ ഒരു പുത്രനെ പ്രസവിച്ചു. അവൻ ജനിക്കുമ്പോൾ അബ്രാമിന് എൺപത്തിയാറു വയസ്സുണ്ടായിരുന്നു. ദൈവദൂതൻ ഹാഗാറിനോടു കല്പിച്ചതനുസരിച്ച്, അബ്രാം തന്റെ പുത്രന് ഇസ്‌മായേല്‍ എന്നുപേരിട്ടു. ഹാഗാറിനോടും പുത്രനോടും സാറായി അനിഷ്ടമൊന്നും കാണിച്ചില്ല. പ്രത്യേകപരിഗണനയൊന്നും നല്കിയതുമില്ല.

കാലം പിന്നെയും കടന്നുപോയി. ഇസ്മായേൽ ശൈശവത്തിൽനിന്നു ബാല്യത്തിലേക്കു കടന്നു. സാറായിയുടെ ഉദരം അപ്പോഴും വന്ധ്യമായിത്തുടർന്നു.

അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവു വീണ്ടുമവനു പ്രത്യക്ഷപ്പെട്ടു. അബ്രാം കർത്താവിനുമുമ്പിൽ സാഷ്‌ടാംഗം പ്രണമിച്ചു. 

"നീയുമായി ഞാനൊരുടമ്പടിചെയ്യും. ഞാന്‍ നിനക്കു നിരവധി സന്താനങ്ങളെ നല്കും..."

കർത്താവ് അവനോടരുളിച്ചെയ്‌തു: ''നീയുമായുള്ള എന്റെ ഉടമ്പടിയിതാണ്. ഇനിമേല്‍ നീ അബ്രാമെന്നു വിളിക്കപ്പെടുകയില്ല. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു. അതിനാൽ നിന്റെ പേര്‌, അബ്രാഹം എന്നായിരിക്കും. നിന്നില്‍നിന്നു ജനതകള്‍ പുറപ്പെടും. നിരവധി രാജവംശങ്ങൾ നിന്നില്‍നിന്നുദ്‌ഭവിക്കും. നീയുമായും നിനക്കുശേഷം തലമുറതലമുറയായി നിന്റെ സന്തതികളുമായും എന്നേയ്ക്കും ഞാനെന്റെയുടമ്പടി നിലനിറുത്തും. നീയും നിന്റെ സന്താനങ്ങളും തലമുറതോറും ഞാനുമായുള്ള ഉടമ്പടിപാലിച്ചാൽ, നീ പരദേശിയായിപ്പാര്‍ക്കുന്ന ഈ കാനാന്‍ദേശം മുഴുവന്‍, നിനക്കും നിനക്കുശേഷം നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ തരും. എന്നെന്നും അതവരുടേതായിരിക്കുകയുംചെയ്യും. 

എന്റെയുടമ്പടി, നിങ്ങളുടെ മാംസത്തില്‍ ശാശ്വതമായ ഒരുടമ്പടിയായി നിലനില്ക്കണം. ഞാനും നിങ്ങളുമായുള്ള ഉടമ്പടിയുടെയടയാളമായി, നിങ്ങളില്‍ പുരുഷന്മാരെല്ലാവരും പരിച്ഛേദനംചെയ്യണം. നിങ്ങള്‍ ലിംഗത്തിന്റെ അഗ്രചര്‍മ്മം ഛേദിക്കണം. നിങ്ങളുടെ വീട്ടില്‍പ്പിറന്നവനോ നിങ്ങൾ വിലയ്‌ക്കുവാങ്ങുന്ന പരദേശിയായ ദാസനോ ആകട്ടെ, തലമുറതോറും എല്ലാ പുരുഷന്മാര്‍ക്കും പരിച്ഛേദനംചെയ്യണം. ഇനിമേലിൽപ്പിറക്കുന്ന ആണ്‍കുട്ടികളെയെല്ലാം എട്ടാം ദിവസത്തിൽ പരിച്ഛേദനംചെയ്യണം. പരിച്ഛേദനംചെയ്യപ്പെടാത്ത പുരുഷനെ സമൂഹത്തില്‍നിന്നു പുറന്തള്ളണം. 

നിന്റെ ഭാര്യ സാറായിയെ ഇനിയും സാറായിയെന്നു വിളിക്കരുത്, ഞാനവളെയനുഗ്രഹിക്കും. അവളില്‍നിന്നു ഞാന്‍ നിനക്കൊരു പുത്രനെ നല്കും. അവള്‍ ജനതകളുടെ മാതാവാകും. അവളില്‍നിന്നു ജനതകളുടെ രാജാക്കന്മാരുദ്‌ഭവിക്കും! അതിനാൽ ഇനിമേൽ അവളുടെ പേര്‌ സാറാ എന്നായിരിക്കും."

അതുകേട്ടപ്പോള്‍ അബ്രാഹം കമിഴ്‌ന്നുവീണു ചിരിച്ചുപോയി! നൂറു വയസ്സു തികഞ്ഞവനു കുഞ്ഞു ജനിക്കുമെന്നോ? തൊണ്ണൂറെത്തിയ സാറാ ഇനി പ്രസവിക്കുമെന്നോ?

ചിരിയടക്കി, അബ്രാഹം ദൈവത്തോടു പറഞ്ഞു: "കർത്താവേ, എനിക്കിനിയുമൊരു കുഞ്ഞുവേണമെന്ന ആഗ്രഹമില്ല. ഇസ്‌മായേല്‍ അങ്ങയുടെ തിരുമുമ്പില്‍ ജീവിച്ചിരുന്നാല്‍മാത്രം മതി."

"നിന്റെ ഭാര്യ സാറാതന്നെ നിന്റെ പുത്രനെ പ്രസവിക്കും. നീയവന്, ഇസഹാക്ക്‌ എന്നു പേരിടണം. അവനുമായും അവന്റെ സന്തതികളുമായും ഞാന്‍ നിത്യമായൊരുടമ്പടി സ്ഥാപിക്കും.
ഇസ്‌മായേലിനുവേണ്ടിയുള്ള നിന്റെ പ്രാര്‍ത്ഥനയും ഞാന്‍ സ്വീകരിക്കുന്നു. അവൻ സന്താനപുഷ്‌ടിയുള്ളവനായിരിക്കും. അവനില്‍നിന്നു ഞാൻ വലിയൊരു ജനതയെ പുറപ്പെടുവിക്കും.
എന്നാല്‍, സാറായില്‍നിന്നു നിനക്കു ജനിക്കാന്‍പോകുന്ന ഇസഹാക്കുമായിട്ടായിരിക്കും എന്റെയുടമ്പടി ശാശ്വതമായുറപ്പിക്കുന്നത്."

കർത്താവിന്റെ വാക്കുകൾ അബ്രാം തന്റെ ഹൃദയത്തിൽ സ്വീകരിച്ചു.

ദൈവകല്പനപോലെ ആ ദിവസംതന്നെ മകന്‍ ഇസ്‌മായേലിനെയും തന്റെ വീട്ടില്‍പിറന്നവരും താന്‍ വിലകൊടുത്തു വാങ്ങിയവരുമായ സകലപുരുഷന്മാരെയും അബ്രാഹം പരിച്ഛേദനംചെയ്‌തു. അബ്രാഹാമും പരിച്ഛേദനംചെയ്യപ്പെട്ടു.

No comments:

Post a Comment