Sunday 11 November 2018

87. സാവൂൾ

ബൈബിൾക്കഥകൾ 87


സാവൂള്‍ ഭൃത്യനോടു പറഞ്ഞു:

"നമുക്കിനി തിരികെപ്പോകാം. എവിടെയെല്ലാം നമ്മൾ തിരഞ്ഞു? എഫ്രായിം മലനാട്ടിലും ഷലീഷാദേശത്തുമന്വേഷിച്ചു; കണ്ടെത്തിയില്ല. ഷാലിംദേശത്തും ബഞ്ചമിന്റെ നാട്ടിലുമന്വേഷിച്ചു; എന്നിട്ടും കിട്ടിയില്ല. ഇവിടെ, ഈ സൂഫ്‌നാട്ടിലും കഴുതകളെ കണ്ടെത്താനായില്ല. ഇനിയുമീ കഴുതകളെയന്വേഷിച്ചു സമയംകളഞ്ഞാൽ, അവയുടെ കാര്യംവിട്ട്, *ആബാ നമ്മെപ്പറ്റി ആകുലചിത്തനാകും. അതുകൊണ്ടു്, നമ്മൾ മടങ്ങിപ്പോകുന്നതുതന്നെയാണു നല്ലത്."

ഭൃത്യന്‍ സാവൂളിനോടു യോജിച്ചില്ല. "ഇതിനടുത്ത പട്ടണത്തില്‍ വളരെ പ്രശസ്‌തനായ ഒരു ദൈവപുരുഷനുണ്ട്‌. സാമുവൽ എന്നാണദ്ദേഹത്തിന്റെ പേര്. അദ്ദേഹം പറയുന്നതെല്ലാം അതുപോലെ സംഭവിക്കും. നമുക്കദ്ദേഹത്തെപ്പോയിക്കാണാം. ഒരുപക്ഷേ, നമ്മുടെ കാര്യം സാധിക്കുന്നതിനുള്ള മാര്‍ഗ്ഗം അദ്ദേഹം പറഞ്ഞുതരും."

"അതേയോ? എങ്കിൽ നമുക്കുപോയി അദ്ദേഹത്തെക്കാണാം." സാവുൾ സന്തോഷത്തോടെ പറഞ്ഞു.

എന്നാൽ അടുത്തനിമിഷം അവന്റെ മുഖം മ്ലാനമായി.

"നമ്മള്‍ അദ്ദേഹത്തെ കാണാൻചെല്ലുമ്പോള്‍ എന്താണു ദക്ഷിണയായിക്കൊടുക്കുക? നമ്മുടെ കൈയിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങളെല്ലാം തീര്‍ന്നുപോയല്ലോ..."

ഭൃത്യന്‍ പറഞ്ഞു: "എന്റെ കൈയില്‍ കാല്‍ *ഷെക്കല്‍ വെള്ളി ഇനിയും ബാക്കിയുണ്ട്‌. അതദ്ദേഹത്തിനു കൊടുക്കാം..."

"ഓ, അതു നന്നായി. നമുക്കു പോകാം." സാവൂള്‍ സന്തോഷത്തോടെ പറഞ്ഞു. അവര്‍ ഉടൻതന്നെ സാമുവൽ താമസിക്കുന്ന റാമാപ്പട്ടണം ലക്ഷ്യമാക്കി നടന്നു..

കൗമാരംവിട്ടു, യൗവനത്തിലേക്കെത്തുന്ന സാവൂൾ, ബഞ്ചമിന്‍ഗോത്രജനായ കിഷ്‌ എന്നയാളുടെ പുത്രനായിരുന്നു. അവന്റെ സുന്ദരമായ മുഖം കാണുന്നവരാരും ആ മുഖത്തുനിന്നു പെട്ടെന്നു കണ്ണെടുക്കില്ലാ. അത്രയ്ക്കു കോമളനായിരുന്നൂ ആ യുവാവ്. കുട്ടിക്കാലംമുതലേ മല്ലയുദ്ധത്തിലും വാൾപ്പയറ്റിലും പരിശീലനം നേടിയിരുന്നതിനാൽ, അവന്റെ ശരീരം, ഉറച്ചമാംസപേശികളാൽ അലംകൃതമായിരുന്നു. എല്ലാത്തിലുമുപരി, ഏതു ജനക്കൂട്ടത്തിനിടയിലും ശ്രദ്ധിക്കപ്പെടുന്നത്ര ഉയരവും ഉയരത്തിനൊത്ത വണ്ണവും സാവൂളിനുണ്ടായിരുന്നു. അവന്റെ തോളൊപ്പമുയരമുള്ള ഒരാൾപോലും ഇസ്രായേലിലുണ്ടായിരുന്നില്ല. എവിടെച്ചെന്നാലും ഉയരവും മെയ്ക്കരുത്തും മുഖസൗന്ദര്യവുംകൊണ്ടു്, ആരുടേയും ശ്രദ്ധപിടിച്ചുപറ്റുന്ന യുവാവായിരുന്നു സാവൂൾ...!

മൂന്നു ദിവസങ്ങൾക്കു മുമ്പ്, സാവൂളിന്റെ പിതാവായ കിഷിന്റെ കുറേക്കഴുതകളെ തൊഴുത്തിൽനിന്നു കാണാതായി. പിതാവിന്റെ നിർദ്ദേശപ്രകാരം ഒരു ഭൃത്യനെയുംകൂട്ടി കഴുതകളെയന്വേഷിച്ചിറങ്ങിയതാണു സാവൂൾ. സാമുവലിന്റെ സഹായത്താൽ, കഴുതകളെക്കണ്ടെത്താൻ സാധിക്കുമെന്ന പ്രത്യാശയിൽ സാവൂളും ഭൃത്യനും സാമുവലിന്റെ ഗൃഹത്തിലേക്കുള്ള മാർഗ്ഗമന്വേഷിച്ചു.

സാമുവൽ താമസിച്ചിരുന്ന റാമാപ്പട്ടണം ഒരു കുന്നിൻമുകളിലായിരുന്നു. സാവൂളും ഭൃത്യനും പട്ടണത്തിലേക്കുള്ള വഴിയിലൂടെ കയറ്റംകയറുമ്പോള്‍ വെള്ളംകോരാന്‍വന്ന ചില യുവതികളെക്കണ്ടു.

"*സാമുവൽ ദീര്‍ഘദര്‍ശി എവിടെയാണു താമസിക്കുന്നതെന്നറിയാമോ? അദ്ദേഹം ഇവിടെയടുത്തെങ്ങാനുമുണ്ടോ?" സാവൂൾ അവരോടു ചോദിച്ചു.

"ഉണ്ട്‌" അവര്‍ പറഞ്ഞു. "അതാ അദ്ദേഹമിപ്പോൾ മുകളിലേക്കു കയറിപ്പോയതേയുള്ളൂ, ജനങ്ങള്‍ക്കായി, മലമുകളിൽ അദ്ദേഹമിന്നൊരു ബലിയര്‍പ്പിക്കുന്നുണ്ട്‌."

സാവൂളും ഭൃത്യനും നടപ്പിനു വേഗംകൂട്ടി. അവരിൽനിന്ന് അധികമകലെയല്ലാതെ സാമുവൽ കയറിപ്പോകുന്നുണ്ടായിരുന്നു.
പട്ടണവാതുക്കലെത്തിയപ്പോൾ, കർത്താവിന്റെ ആത്മാവു പ്രേരിപ്പിച്ചതിനാൽ സാമുവൽ പിന്തിരിഞ്ഞുനോക്കി. താഴെനിന്നു കയറിവരുന്ന സാവൂളിനെ അദ്ദേഹം കണ്ടു.

കർത്താവു സാമുവലിനോടു പറഞ്ഞു: "ബഞ്ചമിന്റെ നാട്ടില്‍നിന്നു ഞാന്‍ നിന്റെയടുത്തേക്കു കൊണ്ടുവന്നതാണിവനെ. ഇവനെ, നീ എന്റെ ജനത്തിന്റെ രാജാവായി അഭിഷേകംചെയ്യണം. ഫിലിസ്‌ത്യരുടെ കരങ്ങളില്‍നിന്ന്‌ ഇസ്രായേലിനെ ഇവന്‍ രക്ഷിക്കും."

സാവൂളും ഭൃത്യനും പട്ടണവാതില്‍ക്കല്‍നിൽക്കുന്ന സാമുവലിന്റെ സമീപമെത്തി. സാവൂൾ അദ്ദേഹത്തോടു ചോദിച്ചു: ''ദീര്‍ഘദര്‍ശിയുടെ ഭവനമെവിടെയാണെന്നറിയുമോ?

സാമുവൽ, സാവൂളിന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി.

"ഞാന്‍തന്നെയാണു നിങ്ങൾതേടുന്ന ദീർഘദർശി. എന്റെമുമ്പേ നടന്നുകൊള്ളുക. ഇന്നു നിങ്ങൾ എന്റെകൂടെ ഭക്ഷണംകഴിക്കണം. പ്രഭാതത്തില്‍ മടങ്ങിപ്പോകാം. അപ്പോള്‍ നിങ്ങള്‍ക്കാവശ്യമുള്ളതു ഞാൻ പറഞ്ഞുതരാം."

കഴുതകളെ തിരിച്ചുകിട്ടുമെന്ന സന്തോഷത്തോടെ, സാവൂൾ സാമുവലിനുനേരേ കൈകൂപ്പി. പിന്നെ അദ്ദേഹത്തിനുമുമ്പിൽ മുട്ടുമടക്കി, ശിരസ്സുകുനിച്ചു വണങ്ങി.


ദൈവം തനിക്കായി കരുതിവച്ചിരിക്കുന്നതെന്തെന്നു തിരിച്ചറിയാതെ, നിസ്സാരമായ നേട്ടങ്ങൾക്കായി അദ്ധ്വാനവുമായുസ്സും ചെലവാക്കുന്ന മനുഷ്യരുടെ പ്രതിനിധിതന്നെയാണിവനുമെന്നോർത്തപ്പോൾ സാമുവലിനു ചിരിപൊട്ടി...

സാവൂളിന്റെ തോളിൽത്തട്ടിക്കൊണ്ടു സാമുവൽ പറഞ്ഞു: "മൂന്നുദിവസംമുമ്പു കാണാതായ കഴുതകളെക്കുറിച്ച്‌ ആകുലചിത്തനാകേണ്ടാ. അവയെ കണ്ടുകിട്ടിയിരിക്കുന്നു. ഇല്ലെങ്കിലും നീയെന്തിനാകുലനാകണം? ഇസ്രായേലില്‍ അഭികാമ്യമായതെല്ലാം ആര്‍ക്കുള്ളതാണ്‌? നിനക്കും നിന്റെ പിതൃഭവനത്തിലുള്ളവര്‍ക്കുമല്ലേ?"

സാമുവൽ എന്താണർത്ഥമാക്കിയതെന്നു സാവൂളിനു മനസ്സിലായില്ല.

"അങ്ങെന്താണ് ഇങ്ങനെ പറയുന്നത്? ഇസ്രായേല്‍ഗോത്രങ്ങളില്‍ ഏറ്റവും ചെറിയ ബഞ്ചമിന്‍ഗോത്രത്തില്‍പ്പെട്ടവനാണു ഞാന്‍. അതില്‍ത്തന്നെ ഏറ്റവും എളിയ കുടുംബമാണെന്റേത്‌. പിന്നെന്തുകൊണ്ടാണ്‌ അങ്ങെന്നോടു്, ഇങ്ങനെ സംസാരിക്കുന്നത്‌?"

സാമുവൽ മറുപടി പറഞ്ഞില്ല. മൃദുവായൊരു മന്ദഹാസത്തോടെ മുമ്പേ നടന്നുകൊള്ളാൻ ആംഗ്യംകാണിക്കുകമാത്രം ചെയ്തു. സാവൂളും ഭൃത്യനും പരസ്പരംനോക്കി. പിന്നെ നിശബ്ദരായി മുകളിലേക്കുള്ള നടത്തം തുടർന്നു.

മലമുകളിൽ ബലിവേദിക്കരികെ വലിയൊരു ജനക്കൂട്ടം സാമുവലിനെക്കാത്തു നിന്നിരുന്നു. സാമുവൽ അവർക്കായി പ്രാർത്ഥിക്കുകയും പാപപരിഹാരബലിയും കൃതജ്ഞതാബലിയുമർപ്പിക്കുകയും ചെയ്തു.

ബലിയർപ്പണത്തിനുശേഷം, സാമുവൽ, സാവൂളിനേയും ഭൃത്യനേയും, ബലിവേദിയിൽനിന്ന് ഏറെയകലെയല്ലാതെ സജ്ജീകരിച്ചിരുന്ന ഭക്ഷണശാലയിലേക്കു കൂട്ടിക്കൊണ്ടുപോയി. റാമായിലെ ഏറ്റവും പ്രമുഖരായ മുപ്പതോളംപേർ അന്നവിടെ അത്താഴത്തിനായി ക്ഷണിക്കപ്പെട്ടിരുന്നു. അവർക്കിടയിൽ ഏറ്റവും പ്രധാനസ്ഥാനത്ത്, സാവൂളിനെയിരുത്തി.

സാമുവൽ പാചകക്കാരനെ വിളിച്ചു പറഞ്ഞു. "വിശിഷ്ടാതിഥിക്കായി പ്രത്യേകം തയ്യാറാക്കാൻ ഞാനാവശ്യപ്പെട്ട ഭക്ഷണം, ഇവനു വിളമ്പുക. അതിനുശേഷം എനിക്കും ക്ഷണിക്കപ്പെട്ട ഇസ്രായേൽപ്രമുഖന്മാർക്കുമുള്ള ഭക്ഷണം വിളമ്പുക."

സാവൂളിന്, താനൊരു സ്വപ്നലോകത്താണെന്നു തോന്നി. പിതാവിനെ കൃഷിപ്പണികളിൽ സഹായിച്ചുനടന്നിരുന്ന കൗമാരക്കാരനെയാണ്, ഇസ്രായേലിന്റെ മഹാപുരോഹിതൻ വിശിഷ്ടാതിഥിയായി പരിചയപ്പെടുത്തുന്നത്... അതും റാമാപട്ടണത്തിലെ ശ്രേഷ്ഠന്മാർമാത്രം ക്ഷണിക്കപ്പെട്ടിരിക്കുന്ന ഒരു വേദിയിൽ...

ക്ഷണിക്കപ്പെട്ടിരുന്ന ഇസ്രായേൽശ്രേഷ്ഠന്മാർ സാവൂളിനെ ബഹുമാനത്തോടെയും അദ്ഭുതത്തോടെയും നോക്കി. ഈ വിശിഷ്ടാതിഥിയാരെന്നോ എവിടെനിന്നു വരുന്നെന്നോ കൂടുതൽ വിശദീകരണമൊന്നും സാമുവൽപ്രവാചകൻ നല്കിയില്ല. എങ്കിലും ഇസ്രായേലിന്റെ മഹാപുരോഹിതൻപോലുമാദരിക്കുന്ന ഈ യുവാവ് ഒരു സാധാരണനാവില്ലെന്ന് അവർക്കെല്ലാവർക്കുമുറപ്പായിരുന്നു. മാത്രമല്ലാ, ഇത്രയേറെ സൗന്ദര്യവും ആകാരസൗഷ്ഠവവുമുള്ള ഒരു യുവാവിനെയും അവരാരും ഇതിനുമുമ്പു കണ്ടിരുന്നില്ല.

അത്താഴത്തിനുശേഷം, പ്രവാചകൻ സാവൂളിനെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. വീടിന്റെ മുകളിലെ നിലയിൽ മനോഹരമായി അലങ്കരിച്ച ഒരു മുറിയിൽ, സാവൂളിനായി കിടക്ക തയ്യാറാക്കിയിരുന്നു.

എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കാനാവാതെ സാവൂള്‍ അവിടെക്കിടന്നു. മൂന്നുദിവസത്തെ അലച്ചിൽ വല്ലാതെ തളർത്തിയിരുന്നതിനാൽ കൂടുതലൊന്നും ചിന്തിക്കാതെ അവൻ പെട്ടെന്നുറങ്ങിപ്പോയി.

------------------------------------------------------------------------------
*ആബാ - പിതാവ് (father)
*ഷെക്കൽ - ഭാരം കണക്കാക്കുന്ന ഏകകം ( 1 ഷെക്കൽ = 11.4 ഗ്രാം)
*ദീര്‍ഘദര്‍ശി - പ്രവാചകൻ

No comments:

Post a Comment