Sunday 9 August 2020

119. മെഫീബോഷത്ത്

ബൈബിൾക്കഥകൾ -119

സാവൂളിൻ്റെ കൊട്ടാരത്തിലെ ഭൃത്യന്മാരിലൊരുവനായിരുന്ന സീബ യാദൃശ്ചികമായാണ് ദാവീദിൻ്റെ സേവകരുടെ കരങ്ങളിലകപ്പെട്ടത്.

അവരവനെ ദാവീദിൻ്റെ മുമ്പിൽക്കൊണ്ടുവന്നു. സാവൂളിനോടുള്ള ശത്രുതമൂലം രാജാവ് തന്നെ വധിച്ചേക്കുമെന്ന്  അവൻ ഭയന്നു. പ്രാണഭയത്തോടെ സീബ ദാവീദിനുമുമ്പിൽ സാഷ്ടാംഗംവീണു വണങ്ങി.

ജോനാഥൻ്റെ മക്കളിലാരെങ്കിലും ജീവനോടെയവശേഷിക്കുന്നുവോയെന്നറിയാൻ ദാവിദ് പലയിടത്തുമന്വേഷിച്ചിരുന്നു. എന്നാൽ ആരെയും കണ്ടെത്താനായിരുന്നില്ല.

ഭയന്നുവിറച്ചു തൻ്റെമുമ്പിൽ വീണുകിടന്നു നമസകരിക്കുന്ന സീബയോടു ദാവീദ് പറഞ്ഞു.

"ഭയപ്പെടേണ്ടാ, എഴുന്നേറ്റു നില്ക്കൂ."

സീബ എഴുന്നേറ്റുനിന്നെങ്കിലും ശരീരമപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന കരങ്ങൾ, അയാൾ പ്രയാസപ്പെട്ടുചേർത്തു കൂപ്പിപ്പിടിച്ചു.

"ജോനാഥൻ എനിക്കു പ്രാണനുതുല്യം പ്രിയങ്കരനാണ്. അവൻ്റെ പ്രിയപ്പെട്ടവരാരെങ്കിലും ജീവനോടെയവശേഷിക്കുന്നുണ്ടെങ്കിൽ, കർത്താവിൻ്റെ നാമത്തിൽ അതെന്നോടു പറയുക. എൻ്റെ കൊട്ടാരത്തിൽ, എല്ലാ സൗകര്യങ്ങളോടുംകൂടെ അവരെ ഞാൻ സംരക്ഷിക്കും."

പ്രസന്നഭാവത്തോടെയുള്ള ദാവീദിൻ്റെ സംസാരം സീബയെ തെല്ലാശ്വാസിപ്പിച്ചു. അയാൾ സാവധാനം മറുപടി പറഞ്ഞു. "ജോനാഥൻ്റെ പുത്രനായ  മെഫിബോഷത്ത് ജീവിച്ചിരിപ്പുണ്ടു്. ഇസ്രായേലിൻ്റെ അതിർത്തി ഗ്രാമമായ ലോദേബാറില്‍, അമ്മിയേലിൻ്റെ പുത്രനായ മാഖീറിൻ്റെ വീട്ടിൽ അവനുണ്ട്‌. ജോനാഥൻ്റെ അനന്തരാവകാശിയായി, അവൻമാത്രമേ ജീവിച്ചിരിപ്പുള്ളൂ.''

അല്പനേരത്തെ ഇടവേളയ്ക്കുശേഷം അയാൾ തുടർന്നു.

"ഒരു കാര്യംകൂടെ ഉണർത്തിക്കാനുണ്ടു്. സാവൂളിനേയും പുത്രന്മാരെയും വധിച്ച്, ഫിലിസ്ത്യർ രാജ്യംകൊള്ളയടിച്ചപ്പോൾ, ദാസിമാരിലൊരുവൾ ബാലനായിരുന്ന മെഫിബോഷത്തിനേയുമെടുത്തുകൊണ്ട് ഓടി രക്ഷപ്പെട്ടതാണ്. ഓട്ടത്തിനിടയിൽ അവൾ തട്ടിവീഴുകയും കുട്ടിയുടെ കാലൊടിയുകയുംചെയ്തിരുന്നു. കാര്യമായ ചികിത്സയൊന്നുംചെയ്യാൻ സാധിക്കാതിരുന്നതിനാൽ അവനൊരു മുടന്തനായി. അവൻ്റെ രണ്ടുകാലിനും മുടന്താണ്."

സീബയുടെ വാക്കുകൾ ഞെട്ടലോടെയാണ് ദാവീദ് കേട്ടത്.

"മുടന്തരേയും കുരുടരേയും ദാവീദു വെറുക്കുന്നു. മുടന്തനും കുരുടനുമായ ഒരുവനേയും ഇസ്രായേലിൽക്കാണരുത്" തൻ്റെതന്നെ കല്പന ദാവീദ് ഓർമ്മിച്ചു. 

ആ രാജകല്പന പരസ്യപ്പെടുത്തിയതോടെ, അംഗവൈകല്യമുള്ളവരെല്ലാം പ്രാണഭയത്താൽ ഇസ്രായേലിൻ്റെ അതിർത്തികൾക്കപ്പുറത്തേക്കു പലായനംചെയ്തിരുന്നു.

"മെഫീബോഷത്തിനെ കണ്ടെത്തുന്നതുവരെ, നീ ജറുസലേം വിട്ടുപോകരുത്." ദാവീദാജ്ഞാപിച്ചു.

ദാവീദിൻ്റെ ഭടന്മാർ മാഖീറിൻ്റെ വീട്ടിലെത്തി. മെഫീബോഷത്ത് ദാവീദുരാജാവിൻ്റെ മുമ്പിൽ ഹാജരാക്കപ്പെട്ടു.

മുടന്തൻമാരെ വെറുക്കുന്ന രാജാവിനു മുമ്പിൽ, തൻ്റെ വിധിയെന്തെന്നറിയാതെ മെഫീബോഷത്ത് താണുവണങ്ങിനിന്നു.

രാജാവ്, സിംഹാസനത്തിൽനിന്ന് താഴെയിറങ്ങി, അവൻ്റെ മുമ്പിൽവന്നു. 

"ഭയപ്പെടേണ്ട. നിൻ്റെ പിതാവായ ജോനാഥാനെപ്രതി നിന്നോടു ഞാൻ കരുണയോടെ പെരുമാറും. നിൻ്റെ പിതാമഹനായ സാവൂളിൻ്റെ സമ്പത്തെല്ലാം ഞാന്‍ നിനക്കു മടക്കിത്തരും. എന്നോടൊപ്പം, രാജാവിൻ്റെ മേശയിൽ നീ ഭക്ഷണംകഴിക്കും."

 മെഫീബോഷത്ത് ദീർഘനിശ്വാസത്തോടെ രാജാവിനെ ഒരിക്കൽക്കൂടെ വണങ്ങി.

"ചത്ത നായയ്ക്കു തുല്യനായ എന്നോടു കരുണകാണിക്കാൻ അങ്ങേയ്ക്കു മനസ്സുതന്ന കർത്താവിനെ ഞാൻ സ്തുതിക്കുന്നു."

ദാവീദ് അവനെ തന്നോടു ചേർത്ത്, മൂർദ്ധാവിൽ ചുംബിച്ചു.

"ജോനാഥാൻ്റെ പുത്രൻ ഏതവസ്ഥയിലും എനിക്കു പുത്രതുല്യൻതന്നെ!"

ദാവീദ് സീബയെ വിളിച്ചുപറഞ്ഞു.

"സാവൂൾരാജാവിൻ്റെ സ്വത്തുക്കളെല്ലാം ഞാൻ  മെഫീബോഷത്തിനെയേല്പിക്കുന്നു. നീയും നിൻ്റെ പുത്രന്മാരും നിങ്ങളുടെ ദാസന്മാരുംചേർന്ന്, അതെല്ലാം നോക്കിനടത്തണം. അതിൽനിന്നുള്ള വരുമാനമെല്ലാം അവനെയേല്പിക്കുകയുംവേണം. നിൻ്റെ യജമാനനായ മെഫീബോഷത്ത്, കൊട്ടാരത്തിൽ എന്നോടൊപ്പം താമസിക്കും."

"തിരുമനസ്സു കല്പിക്കുന്നതുപോലെ അടിയൻ ചെയ്യാം." സീബ, രാജാജ്ഞ ശിരസ്സാവഹിച്ചു. 

മെഫീബോഷത്തിൻ്റെ വളർത്തമ്മയ്ക്കും അവനെ സംരക്ഷിച്ച മാഖീറിനും രാജാവു സമ്മാനങ്ങൾനല്കി.

അന്നുമുതൽ രാജകൊട്ടാരത്തിലെ ഭക്ഷണമേശയിൽ രാജാവിനും രാജകുമാരന്മാർക്കുമൊപ്പം മെഫീബോഷത്ത് ഭക്ഷണംകഴിച്ചുതുടങ്ങി.

ദാവീദുരാജാവിനെ ഭയന്ന്, ഇസ്രായേലിൻ്റെ അതിർത്തിെകൾക്കു പുറത്ത് അഭയംപ്രാപിച്ച മുടന്തരും കുരുടരും തങ്ങളുടെ രാജ്യത്തേക്കു മടങ്ങിവന്നു.


No comments:

Post a Comment