Sunday 16 August 2020

120. ഹാനൂനും ഹദദേസറും

ബൈബിൾക്കഥകൾ 120

അമ്മോന്യരുടെ രാജാവായിരുന്ന നാഹാഷ്‌ മരിച്ചു. പുത്രനായ ഹാനൂൻ അവൻ്റെ പിൻഗാമിയായി അധികാരമേറ്റു.

സാവൂളിൽനിന്നൊളിച്ചുനടന്ന നാളുകളിൽ നാഹാഷ് ദാവീദിനെ സഹായിച്ചിരുന്നു. അതിനാൽ നാഹാഷിൻ്റെ പുത്രനായ ഹാനൂൻരാജാവിന് തന്നാലാവുന്ന സഹായങ്ങളെല്ലാംചെയ്തുകൊടുക്കണമെന്ന് ദാവീദ് നിശ്ചയിച്ചു.

നാഹാഷിൻ്റെ ദേഹവിയോഗത്തിൽ അനുശോചനമറിയിക്കാനും സഹായവാഗ്ദാനമറിയിക്കാനുമായി, രാജദൂതന്മാരുടെ ഒരു സംഘത്തെ,  ദാവീദുരാജാവ്‌, ഹാനൂന്റെയടുത്തേക്കയച്ചു. 

ദാവീദിൻ്റെ ദൂതന്മാർ തങ്ങളുടെ രാജ്യത്തേക്കു പ്രവേശിച്ചതായറിഞ്ഞപ്പോൾ ഹാനൂൻ, തൻ്റെ ഉപദേശകരായ അമ്മോന്യ പ്രഭുക്കളെ വിളിപ്പിച്ചു.

"എൻ്റെ പിതാവ്, ദാവീദിനോടു കരുണയോടെ പെരുമാറി. പിതാവിൻ്റെ മരണമറിഞ്ഞ്, അവൻ തൻ്റെ ദൂതന്മാരെ നമ്മുടെയടുത്തേക്കയച്ചിരിക്കുന്നു. അവരോടു നമ്മൾ എങ്ങനെയാണു പെരുമാറേണ്ടത്? ദാവീദിനെപ്പോലെ കരുത്തനായൊരു രാജാവു നമ്മളോടു സഖ്യത്തിലായിരിക്കുന്നതു നന്നല്ലേ? നിങ്ങൾക്കെന്തു തോന്നുന്നു?"

"പിതാവിൻ്റെ മരണത്തിൽ അങ്ങയോട് ആശ്വാസവാക്കുകൾ പറഞ്ഞുകൊണ്ട്, ദാവീദ് അവൻ്റെ ദൂതന്മാരെയയച്ചത്‌ നാഹാഷ് രാജാവിനോടുള്ള ബഹുമാനംകൊണ്ടാണെന്ന് അങ്ങു വിശ്വസിക്കുന്നുവോ? 

ദാവിദ് അധികാരമേറ്റെടുത്തശേഷം എത്രയുദ്ധങ്ങളാണവൻനടത്തിയത്! ചുറ്റുവട്ടങ്ങളിലുണ്ടായിരുന്ന രാജ്യങ്ങളെയെല്ലാം അവൻ വിഴുങ്ങിക്കഴിഞ്ഞു. ഇസ്രായേലിൻ്റെ അതിർത്തികൾ ദിനംപ്രതി വിസ്തൃതമായിക്കൊണ്ടിരിക്കുന്നു.

ദാവീദിൻ്റെ ദൂതന്മാര്‍ ഒറ്റുകാരാണ്‌. നമ്മുടെ രാജ്യംപിടിച്ചടക്കാനുള്ള വഴികൾതേടിയാണ് അവരിങ്ങോട്ടുവരുന്നത്. നാഹാഷ് രാജാവിൻ്റെ മരണം, തങ്ങൾക്കനുകൂലമായ അവസരമാക്കിത്തീർക്കാൻ ഇസ്രായേൽരാജാവായ ദാവീദ് ശ്രമിക്കുകയാണ്."

ഹാനൂൻ തൻ്റെ ഉപദേശകരുടെ വാക്കുകൾക്കനുസരിച്ചു പ്രവർത്തിച്ചു.

അനുശോചനസന്ദേശവുമായെത്തിയ ദൂതന്മാരെപ്പിടിച്ച്,‌ അവരുടെ മീശയും താടിയും പകുതിവീതം ക്ഷൗരംചെയ്യിച്ചു. അവരുടെ വസ്‌ത്രത്തിൻ്റെ പിന്നിൽ, നടുവിലായി, നിതംബംവരെ കീറുകയുംചെയ്തു. അവർ കൊണ്ടുവന്ന സന്ദേശം ഹാനൂൻ സ്വീകരിച്ചില്ല.

അപമാനിതരായ ദൂതന്മാർ ഇസ്രായേലിലേക്കു മടങ്ങി.

സദുദ്ദേശത്തോടെ താനയച്ച ദൂതന്മാരെ, ഹാനൂൻ അപമാനിച്ചുതിരിച്ചയച്ചെന്നു കേട്ടപ്പോൾ ദാവീദ് കോപത്താൽ ജ്വലിച്ചു. അമ്മോന്യരെ നേരിടാൻ അവൻ തൻ്റെ സൈന്യത്തെയൊരുക്കി.

അപമാനിതരായി മടങ്ങിയെത്തുന്ന ദൂതന്മാർക്കു താമസിക്കാൻ, രാജ്യാതിർത്തിയായ ജറീക്കോയിൽ ദാവീദ് സൗകര്യമൊരുക്കി. താടിയും മീശയും വളർന്നു പൂർവ്വസ്ഥിതിയിലായശേഷംമാത്രം ജറുസലേമിലേക്കു മടങ്ങിയെത്തിയാൽമതിയെന്ന് അവർക്കു നിർദ്ദേശം നല്കി.

സൈന്യാധിപനായ യോവാബിൻ്റേയും സഹോദരൻ അബിഷായിയുടേയും നേതൃത്വത്തിൽ ഇസ്രായേൽസൈന്യം രണ്ടായിപ്പിരിഞ്ഞ്, അമോന്യദേശത്തിനുനേരെ നീങ്ങി.

ഇസ്രായേൽ തങ്ങൾക്കെതിരായി പടനീക്കം നടത്തുന്നുവെന്നറിഞ്ഞപ്പോൾ, ഇരുപതിനായിരം സിറിയൻഭടന്മാരെയും തോബിൽനിന്നുള്ള പന്തീരായിരം ഭടന്മാരെയും മാഖാരാജ്യത്തെ ആയിരം ഭടന്മാരെയും അമ്മോന്യരാജാവായ ഹാനൂൻ കൂലിക്കെടുത്തു.

ഹാനൂൻരാജാവിൻ്റെ കൂലിപ്പടയാളികളും ഇസ്രായേൽസൈന്യവും അമ്മോന്യരുടെ നഗരകവാടത്തിൽവച്ച് ഏറ്റുമുട്ടി. 

യോവാബിൻ്റെയും അബിഷായിയുടേയും യുദ്ധതന്ത്രങ്ങൾക്കും ഇസ്രായേൽസൈന്യത്തിൻ്റെ ധീരതയ്ക്കുംമുമ്പിൽ ഏറെനേരം പിടിച്ചുനില്ക്കാൻ കൂലിപ്പടയാളികൾക്കായില്ല. അവർ പിന്തിരിഞ്ഞോടി.

നാഹാഷ്‌ രാജാവ് തന്നോടുചെയ്ത നന്മകളെപ്രതി, അവൻ്റെ പുത്രനായ ഹാനൂനിനെ വധിക്കരുതെന്നും അവൻ്റെ രാജ്യം  പൂർണ്ണമായി നശിപ്പിക്കരുതെന്നും ദാവീദ് യോവാബിനു നിർദ്ദേശം നല്കിയിരുന്നു.

അതിനാൽ ഇസ്രായേൽ യുദ്ധമവസാനിപ്പിച്ചു.

അമ്മോന്യരാജാവിനു താൻ കൂലിക്കു നല്കിയ പടയാളികളെ ഇസ്രായേൽ തോല്പിച്ചോടിച്ചെന്നുകേട്ടപ്പോൾ, സിറിയാ രാജാവായ ഹദദേസർ തൻ്റെ മുഴുവൻസൈന്യത്തേയുമൊരുക്കി.
സൈന്യാധിപനായ ഷോബക്കിൻ്റെ നേതൃത്വത്തില്‍ സിറിയൻസൈന്യം ജോർദ്ദാൻ നദിക്കു കിഴക്കുള്ള ഇസ്രായേൽപ്രവിശ്യയായ ഹേലാമിലേക്കു പുറപ്പെട്ടു.

സിറിയക്കാരുടെ സൈനികനീക്കത്തെക്കുറിച്ചറിഞ്ഞപ്പോൾ ഇസ്രായേൽ വിണ്ടും യുദ്ധസജ്ജരായി. 

യോവാബിനും അബിഷായിക്കുംമുമ്പിൽനിന്ന്, ദാവിദുതന്നെ തൻ്റെ സൈന്യത്തെ നയിച്ചു. 

ഘോരമായ യുദ്ധംകണ്ട്, ഹേലാം നടുങ്ങി. ആയുധങ്ങൾ തമ്മിലിടയുന്ന ശബ്ദവും അട്ടഹാസങ്ങളും മരണവേദനയോടെയുള്ള ആർത്തനാദങ്ങളും അന്തരീക്ഷത്തെ പ്രകമ്പനംകൊള്ളിച്ചു. 

സിറിയക്കാരുടെ എഴുന്നൂറുതേരുകൾ ഇസ്രായേൽ തകർത്തു. കുതിരകളുടെ കുതിഞരമ്പുകൾ മുറിച്ചു. സിറിയക്കാരുടെ നാല്പതിനായിരത്തിലധികം ഭടന്മാർ വധിക്കപ്പെട്ടു.

യോവാബിൻ്റെ വാൾ, സിറിയൻസൈന്യാധിപനായ ഷോബക്കിന്റെ ഗളം ഛേദിച്ചു. അവശേഷിച്ച സിറിയക്കാർ ജീവനുംകൊണ്ടോടി.

ഇസ്രായേൽസൈന്യത്തിലും ആൾനാശമുണ്ടായി. വാളേറ്റുവീണ, തങ്ങളുടെ സൈനികരുടെ മൃതശരീരങ്ങൾ ഇസ്രായേൽക്കാർ വീണ്ടെടുത്തുകൊണ്ടുപോയി. സിറിയാക്കാരുടെ മൃതദേഹങ്ങൾ കഴുകന്മാർക്കും കുറുക്കന്മാർക്കുമാഹാരമായി.

സിറിയാരാജാവായ ഹദദേസർ യൂഫ്രട്ടീസിനുമപ്പുറത്തേക്കു പിൻവാങ്ങി. ഹദദേസറുടെ സാമന്തന്മാരായിരുന്ന രാജാക്കന്മാർ ദാവിദുമായി സന്ധിചെയ്തു. അവരിൽനിന്നു കപ്പംവാങ്ങി, ദാവീദവരെ ഇസ്രായേലിൻ്റെ സാമന്തന്മാരായംഗീകരിച്ചു.

No comments:

Post a Comment