Saturday 22 August 2020

121. സർവ്വവുംകാണുന്ന കണ്ണുകൾ

ബൈബിൾക്കഥകൾ  121

രാജസദസ്സു കൂടിക്കൊണ്ടിരുന്നപ്പോളാണ്, നാഥാൻപ്രവാചകൻ ഒരു കൊടുങ്കാറ്റുപോലെ അവിടേയ്ക്കു കടന്നുവന്നത്. അരുതാത്തതെന്തോ സംഭവിച്ചതുപോലെ, പ്രവാചകൻ്റെ മുഖം ക്ഷോഭത്താൽ ചെമന്നുതുടുത്തിരുന്നു.

അമ്പരപ്പോടെ സദസ്യരെല്ലാവരും സ്വസ്ഥാനങ്ങളിൽനിന്നെഴുന്നേറ്റു.
ദാവീദ് രാജാവ് സിംഹാസനത്തിൽനിന്നെഴുന്നേറ്റ് പ്രവാചകനെ വണങ്ങി.

"പ്രവാചകാ, വരണം. അങ്ങു ക്ഷുഭിതനുമസ്വസ്ഥനുമാണല്ലോ! എന്താണങ്ങയുടെ ഹൃദയത്തെ മഥിക്കുന്നത്?"

"ഇസ്രായേലിൽ സംഭവിക്കരുതാത്തതു സംഭവിക്കുന്നു. അക്ഷന്ത്യവ്യമായ ആ തിന്മയെക്കുറിച്ചു് ഇസ്രായേലിൻ്റെ രാജാവിനോടു പരാതിപ്പെടാനാണ്, കർത്താവെന്നെ ഇങ്ങോട്ടയച്ചത്!"

"ദാവീദിൻ്റെ ഭരണത്തിൻകീഴിൽ  ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെടാതിരിക്കില്ല!  എന്തുതന്നെയാണെങ്കിലും അങ്ങതു പറയൂ..":

നാഥാൻപ്രവാചകൻ അല്പനേരം രാജാവിൻ്റെ മുഖത്തേക്കു നോക്കി. പിന്നെ, തന്നെത്തന്നെ ശാന്തനാക്കിയശേഷം സംസാരിച്ചുതുടങ്ങി.

"ഇസ്രായേലിലെ ഒരു നഗരത്തിലുള്ള രണ്ടാളുകൾ, ഒരുവന്‍ ധനവാനും അപരന്‍ ദരിദ്രനുമാണ്.
ധനവാൻ വളരെയധികം ആടുമാടുകളുള്ളവൻ.
ദരിദ്രനോ, അവൻ സ്നേഹിച്ചുപോറ്റിവളർത്തുന്നൊരു പെണ്ണാട്ടിന്‍കുട്ടിമാത്രമാണ്, അവൻ്റെ സമ്പത്ത്. അവന്‍ തൻ്റെ മകളെയെന്നപോലെ അതിനെ വളർത്തി. 

അത്, അവന്റെ ഭക്ഷണത്തില്‍നിന്നു തിന്നുകയും അവൻ്റെ പാനീയത്തില്‍നിന്നു കുടിക്കുകയുംചെയ്തു.;‌ അവൻ്റെ മടിയിലാണതുറങ്ങിയത്; ഒരു മകളെയെന്നതുപോലെ അവനതിനെ സ്നേഹിച്ചു..

തനിക്കു ധാരാളം ആടുകളുണ്ടായിരുന്നപ്പോളും ധനവാൻ്റെ കണ്ണുകൾ, പുഷ്ടിയുമഴകുമുള്ള ആ പെണ്ണാട്ടിൻകുട്ടിയിലുടക്കിയിരുന്നു.
ഒരു ദിവസം, ധനവാന്റെ വീട്ടിൽ ഒരതിഥിയെത്തി. അവനുവേണ്ടി വിരുന്നൊരുക്കാൻ, സ്വന്തം ആടുകളിലൊന്നിനെക്കൊല്ലുന്നതിനുപകരം, ആരുമറിയാതെ. അവനാ ദരിദ്രന്റെ ആട്ടിൻകുട്ടിയെപ്പിടിച്ചുകൊന്നു."

ഇത്രയും കേട്ടപ്പോള്‍ത്തന്നെ ദാവീദിൻ്റെ മുഖം കോപത്തോൽച്ചെമന്നു. അവൻ‌ പറഞ്ഞു: "ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവാണേ, ഇതുചെയ്‌തവന്‍ മരിക്കണം.
അവന്‍ നിര്‍ദ്ദയം ഈ പ്രവൃത്തിചെയ്തതിനാൽ തട്ടിയെടുത്തിയതിൻ്റെ നാലിരട്ടി തിരികെക്കൊടുക്കുകയുംവേണം."

പ്രവാചകൻ്റെ മുഖത്തെ ശാന്തത മാറി. കണ്ണുകളിൽ വീണ്ടും കോപക്കനലുകളെരിഞ്ഞു. രാജാവിൻ്റെ മുഖത്തിനുനേരേ തൻ്റെ വലതുകൈ ചൂണ്ടിപ്പിടിച്ചുകൊണ്ട് ഉയർന്ന ശബ്ദത്തിൽ നാഥാന്‍ പറഞ്ഞു: 

"നിർദ്ദയനായ ആ മനുഷ്യന്‍ നീയാണ്...!"

കൊട്ടാരത്തിൻ്റെ ചുമർക്കെട്ടുകളിൽത്തട്ടി പ്രതിദ്ധ്വനിച്ച
ആ വാക്കുകളിൽ കൊട്ടാരത്തിലുണ്ടായിരുന്നവർ മുഴുവൻ നടുങ്ങി

ദാവീദ് സ്തബ്ധനായിരുന്നുപോയി. രാജസദസ്സിലുണ്ടായിരുന്നവർ കാര്യമെന്തെന്നറിയാതെ പരസ്പരംനോക്കി. നാഥാൻ്റെ കണ്ണുകളിൽനിന്നാളുന്ന കോപാഗ്നിയിൽ താൻ ദഹിച്ചുചാരമായിപ്പോകുമെന്നു ദാവീദിനുതോന്നി. പ്രപഞ്ചംമുഴുവൻ നിശ്ശബ്ദമായിപ്പോയെന്നുതോന്നിച്ച രണ്ടു നിമിഷങ്ങൾക്കപ്പുറം പ്രവാചകൻ്റെ ശബ്ദം വീണ്ടുമുയർന്നു.

"ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവ‌രുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ, ഇസ്രായേലിൻ്റെ രാജാവായഭിഷേകം ചെയ്‌തു. നിൻ്റെ യജമാനനായിരുന്ന സാവൂളിൻ്റെ ഭവനം നിനക്കു നല്കി; അവൻ്റെ വാളിലും കുന്തമുനയിലുംനിന്ന് നിന്നെ ഞാൻ രക്ഷിച്ചു.

നിന്നെ യൂദായുടെയും ഇസ്രായേൽമുഴുവൻ്റെയും രാജാവാക്കി. 

സുന്ദരികളായ എട്ടു പ്രഭുകുമാരിമാരെ നിനക്കു ഞാൻ ഭാര്യമാരായി നല്‌കി.

ഇതുകൊണ്ടൊന്നും നിനക്കു തൃപ്‌തിയായിരുന്നില്ലെങ്കില്‍ ഇനിയുമധികം ഞാൻ നല്കുമായിരുന്നില്ലേ?
.
എന്നിട്ടുമെനിക്കെതിരായി എന്തിനു നീയീ തിന്മചെയ്‌തു? ശത്രുക്കളായ അമ്മോന്യരുടെ വാള്‍കൊണ്ട്‌, ഇസ്രായേൽസൈനികനായ ഊറിയായെ നീ കൊല്ലിച്ചതെന്തിനു്? 

അവൻ്റെ ഭാര്യയെ നീയപഹരിക്കുകയുംചെയ്തു. സിംഹരാജൻ്റെ മുമ്പിൽ മാൻപേടയെന്നപോലെ, അവൾ നിൻ്റെ മുമ്പിൽ വിറങ്ങലിച്ചുനിന്നില്ലേ? നീയവളെ മലിനയാക്കിയതെന്തിനു്?"

നാഥാൻ്റെ വാക്കുകളോരോന്നും കൊട്ടാരത്തിലും കൊട്ടാരത്തിലുണ്ടായിരുന്ന സകലരുടേയുമുള്ളിലും പ്രകമ്പനംകൊണ്ടു...

ദാവീദിനു തൻ്റെ തലചുറ്റുന്നതായിത്തോന്നി. ഊറിയായും അവൻ്റെ ഭാര്യ ബേത്ഷേബയും ശപിക്കപ്പെട്ട ആ ദിനരാത്രങ്ങളിലെ സംഭവങ്ങളും ദാവീദിൻ്റെ മനോദർപ്പണത്തിൽ ചിതറിത്തെറിച്ച ചിത്രങ്ങളായി മിന്നിമാഞ്ഞുകൊണ്ടിരുന്നു.

രാജാവു തൻ്റെ മേൽവസ്ത്രംകീറി! മുകളിലേക്കുയർത്തിയ കരങ്ങളോടെ, നാഥാൻപ്രവാചകൻ്റെ മുമ്പിൽ മുട്ടിൽവീണു കരഞ്ഞു....

"കർത്താവേ, ഞാൻ പാപിയാണ്.. ഒന്നുമറയ്ക്കാൻ മറ്റൊന്നായി ഈ ഹീനകൃത്യങ്ങളെല്ലാം ഞാൻ ചെയ്തുപോയി...  

അവിടുന്നെന്നെ‌ പരിശോധിച്ചറിഞ്ഞിരിക്കുന്നു. കർത്താവേ, എന്നോടു കരുണതോന്നണമേ...

ഞാനിരിക്കുന്നതുമെഴുന്നേല്‍ക്കുന്നതും അവിടുന്ന‌റിയുന്നു; എൻ്റെ നടപ്പും കിടപ്പും അങ്ങുപരിശോധിച്ചറിയുന്നു; എൻ്റെ മാര്‍ഗ്ഗങ്ങള്‍ അങ്ങേയ്ക്കൊരിക്കലുമജ്ഞാതമല്ലാ... എൻ്റെ ഹൃദയവിചാരങ്ങള്‍പോലും അവിടുന്നു‌ മനസ്സിലാക്കുന്നു. ഒരു വാക്ക്,‌ എൻ്റെ നാവിലേയ്ക്കെത്തുന്നതിനു മുമ്പുതന്നെ, കര്‍ത്താവേ, അങ്ങതറിയുന്നു...

കർത്താവേ, അമ്മയുടെ ഉദരത്തിലുരുവായപ്പോൾത്തന്നെ, ഞാൻ പാപിയാണ്...  അങ്ങയുടെ മുമ്പിൽ നിർവ്യാജനെന്നു പറയാൻ ഞാൻ യോഗ്യനല്ല... ഈ ദാസനെ ന്യായവിസ്‌താരത്തിനുവിധേയനാക്കരുതേ!"

തൻ്റെ കുറ്റങ്ങളേറ്റുപറഞ്ഞ്, കൈകളുയർത്തി മുട്ടിൽനിന്നു കരയുന്ന രാജാവിനെക്കണ്ടപ്പോൾ രാജസദസ്യരെല്ലാം കൂടുതലമ്പരന്നു...

നാഥാൻപ്രവാചകൻ തൻ്റെ കരങ്ങൾ രാജാവിൻ്റെ തോളുകളിൽ വച്ചു.

ദാവീദ്, പ്രവാചകനോടു പറഞ്ഞു.

"എൻ്റെയകൃത്യങ്ങൾ ഞാനിനിയും മറച്ചുവയ്ക്കുകയില്ല... എൻ്റെയതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാനേറ്റുപറയും.. അല്ലെങ്കിൽ രാവുംപകലും കരഞ്ഞുതളർന്ന് ഞാനില്ലാതെയാകും..."

നാഥാൻപ്രവാചകൻ, രാജാവിനെ തോളുകളിൽപ്പിടിച്ചെഴുന്നേല്പിച്ചു. 

വിധിയാളനാകേണ്ട രാജാവ്, തൻ്റെ വിധിയെന്തെന്നറിയാതെ സ്വന്തം രാജസദസ്സിനുമുമ്പിൽ ശിരസ്സു താഴ്ത്തി നിന്നു...


ഇസ്രായേലിന്റെ രാജാവെന്നനിലയിൽ ദാവീദ് നടത്തിയ വിധിതീർപ്പ് ദാവീദിന്റെ ശിരസ്സിലേയ്ക്കുതന്നെ പതിയ്ക്കുകയായിരുന്നു...

No comments:

Post a Comment