Sunday 5 April 2020

104. മരുഭൂമിയിൽപ്പെയ്ത സങ്കടപ്പെരുമഴ

മരുഭൂമിയിൽപ്പെയ്ത സങ്കടപ്പെരുമഴ

ബൈബിളിലെ കഥകൾ 104

ദാവീദിനെയും അനുയായികളെയും പിടികൂടാൻ സാവൂളും സൈന്യവും അടുത്തുകൊണ്ടിരുന്നു. മാവോൻമലയുടെ ഒരു വശത്തു സാവൂളും സംഘവും ദാവീദിനെത്തിരയുമ്പോൾ, മറുവശത്തുകൂടെ, ദാവീദും അനുചരന്മാരും സുരക്ഷാസ്ഥാനങ്ങൾതേടിയലയുകയായിരുന്നു...

സാവൂൾ വീണ്ടും ദാവീദിനു പിന്നാലെപോയെന്നറിഞ്ഞ ഫിലിസ്ത്യർ, ഇസ്രയേലിനെ ആക്രമിക്കാൻ മടങ്ങിയെത്തി. 

ഇസ്രായേലിൻ്റെ സൈന്യംമുഴുവൻ സാവൂളിനോടൊപ്പം ദാവീദിനെ വേട്ടയാടാനിറങ്ങിയിരുന്നു. വളരെക്കുറച്ചുപേർമാത്രമാണു സൈനികത്താവളത്തിലവശേഷിച്ചിരുന്നത്. ആ ചെറിയഗണം സൈന്യവുമായി, ഫിലിസ്ത്യർക്കെതിരേ പുറപ്പെടാൻ ജോനാഥൻ നിശ്ചയിച്ചു..

അവൻ, തൻ്റെ സഹോദരന്മാരായ അബിനാദാബിനും മല്‍ക്കീഷുവായ്ക്കുമൊപ്പം ഫിലിസ്ത്യരെ നേരിടാനിറങ്ങി.

സാവൂളിനെ ഇക്കാര്യമറിയിക്കാൻ അവനൊരു ദൂതനെയുമയച്ചു.

മാവോൻമലയുടെ മറുവശത്ത്, ദാവീദും അനുയായികളുമൊളിച്ചിരുന്ന ഗിരിശിഖരത്തിനടുത്തേക്ക് സാവൂളിൻ്റെ സംഘം അടുത്തുകൊണ്ടിരുന്നു. അപ്പോളാണ്, ജോനാഥൻ്റെ സന്ദേശവുമായി ദൂതനെത്തിയത്.

ദാവീദിനെ പിന്തുടരുന്നതവസാനിപ്പിച്ച്, സാവൂൾ യുദ്ധമുന്നണിയിലേക്കു കുതിച്ചു.

സാവൂളും സംഘവും പെട്ടെന്നു പിന്തിരിഞ്ഞതു ദാവീദിനാശ്വാസമായി. അവൻ തൻ്റെ അനുയായികൾക്കൊപ്പം സിഫ് മരുഭൂമിയിലേക്കു രക്ഷപ്പെട്ടു. അവിടെ, ജഷിമോന്റെ കിഴക്കുള്ള ഹക്കീലാക്കുന്നിലെ ഗുഹകളിൽ അവർ താവളമടിച്ചു. 

സാവൂളിൻ്റെയും ജോനാഥൻ്റെയും ശക്തമായ ആക്രമണത്തിനുമുമ്പിൽ പിടിച്ചുനില്ക്കാനാകാതെ, ഫിലിസ്ത്യർ തോറ്റോടി.

വിജയലഹരിയിൽ മടങ്ങിവന്ന സാവൂൾ, ദാവീദിനെ പിടികൂടാൻ പുതിയ തന്ത്രങ്ങളൊരുക്കി. ദാവീദിനെ തിരഞ്ഞുപിടിക്കാൻമാത്രമായി മൂവായിരം സൈനികരടങ്ങിയ പ്രത്യേകസൈനികദളം സാവൂൾരാജാവു രൂപീകരിച്ചു.

ദാവീദിനെ പിന്തുടരാൻ പിതാവു  പുതിയ പദ്ധതികളൊരുക്കുന്നതറിഞ്ഞപ്പോൾ, മീഖേൽ സാവൂളിനെച്ചെന്നു കണ്ടു. 


"ഒരു കുറ്റവാളിയെയെന്നപോലെ അങ്ങെന്തിനാണിപ്പോഴും ദാവീദിനെ പിന്തുടരുന്നത്? അദ്ദേഹമെൻ്റെ ഭർത്താവാണ്. അദ്ദേഹം മരുഭൂമിയിലോ വനത്തിലോ ഗിരിനിരകളിലെ ഗുഹകളിലോ എവിടെയായാലും അദ്ദേഹത്തോടൊപ്പമായിരിക്കാൻ എൻ്റെ ഹൃദയം കൊതിക്കുന്നു. ദയവായി അദ്ദേഹത്തെ വെറുതേവിടൂ... ഭൂമിയുടെ ഏതെങ്കിലുമൊരു കോണിൽ സമാധാനത്തോടെ ജീവിക്കാൻ ഞങ്ങളെയനുവദിക്കൂ...!" മിഖാൽ പിതാവിനോടു കേണുപറഞ്ഞു.

"ദാവീദ് എന്തുതിന്മയാണു ചെയ്തത്? രാജ്യത്തിനും രാജാവിനും അവനിൽനിന്ന് നന്മയല്ലാതെയൊന്നുമുണ്ടായിട്ടില്ല. അതൊന്നുമോർത്തില്ലെങ്കിലും അവൻ നമ്മുടെ മിഖാലിൻ്റെ ഭർത്താവാണെന്നെങ്കിലുമോർക്കണ്ടേ?"

ജോനാഥനും അനുജത്തിയെ പിന്തുണച്ചുസംസാരിച്ചു.

"ങ്ഹും... ഭർത്താവ്!" സാവൂൾ പൊട്ടിത്തെറിച്ചു. "നിൻ്റെ വാക്കുകേട്ടു ഞാൻചെയ്തുപോയ ഒരബദ്ധമായിരുന്നു ആ വിവാഹം!  ആ തെറ്റുതിരുത്താൻ ഞാൻ നിശ്ചയിച്ചുകഴിഞ്ഞു. ഈ ബന്ധം ഇന്നുകൊണ്ടവസാനിച്ചിരിക്കുന്നു. ഇസ്രായേൽരാജാവിൻ്റെ പുത്രിയുടെ ഭർത്താവാകാൻ രാജ്യത്തോടുകൂറുള്ള ചെറുപ്പക്കാർ ഇവിടെ വേറെയുണ്ട് അവരിലൊരുവനുമായി എന്റെ പുത്രിയുടെ വിവാഹംനടക്കും! ഇത് ഇസ്രായേൽരാജാവിൻ്റെ നിശ്ചയമാണ്"

സാവൂളിൻ്റെ കണ്ണുകളിലെരിഞ്ഞ അഗ്നിനാളങ്ങൾ മിഖാലിനെ ഭയപ്പെടുത്തി. അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അന്തഃപുരത്തിലേക്കോടി.

ഒരു നിമിഷം സ്തബ്ധനായിനിന്ന ജോനാഥൻ, അനുജത്തിയെ ആശ്വസിപ്പിക്കാനായി അവളുടെ പിന്നാലെ ചെന്നു .

രാജപുരോഹിതന്മാർ കൊട്ടാരത്തിലേക്കാനയിക്കപ്പെട്ടു. രണ്ടുദിവസങ്ങൾക്കപ്പുറം കൊട്ടാരമുറ്റത്തു വീണ്ടുമൊരു വിവാഹപ്പന്തലൊരുങ്ങി. 

ഗല്ലിംകാരനായ, ഫാല്‍ത്തിയെന്ന പ്രഭുകുമാരൻ വരനായെത്തി. 

കരഞ്ഞുതളർന്ന മിഖാൽ, പിതാവിൻ്റെ ഉഗ്രശാസനത്തിനു വഴങ്ങി, ഒരിക്കൽക്കൂടെ വിവാഹവസ്ത്രമണിഞ്ഞു... 

ജോനാഥൻ എല്ലാക്കാര്യങ്ങളിൽനിന്നും വിട്ടുനിന്നു. വിവാഹഘോഷങ്ങൾ അഭംഗുരംനടക്കുമ്പോഴും ജോനാഥൻ തൻ്റെ മുറിക്കുള്ളിൽനിന്നു പുറത്തിറങ്ങിയില്ല.

ഫാൽത്തിയുടെ വധുവായെത്തിയപ്പോഴും മിഖാലിൻ്റെ ഹൃദയത്തിൽ, ഒരിടയച്ചെറുക്കൻ്റെ കിന്നരഗീതങ്ങൾമാത്രമാണു മുഴങ്ങിക്കൊണ്ടിരുന്നത്. ആ കൈകളിലൊരു കിന്നരവീണയായി, പ്രണയസംഗീതംപൊഴിക്കാൻ ഇനിയൊരിക്കലുമാകില്ലല്ലോയെന്ന ചിന്തയിൽ അവളുടെ ഹൃദയം പൊള്ളി. എങ്കിലുമാഹൃദയത്തിൽ, ദാവീദൊഴികെ മറ്റാർക്കുമിടമില്ലായിരുന്നു. 

അന്നുരാത്രിയിൽ, സാമുവൽപ്രവാചകൻ്റെ ദേഹി, നശ്വരമായ ദേഹമുപേക്ഷിച്ചു നിത്യതയിലേക്കു യാത്രയായി.

ഹക്കീലാക്കുന്നുകൾക്കുമപ്പുറത്തുനിന്നുദിച്ചുയർന്ന ബാലസൂര്യനെ,  കാർമേഘങ്ങളുടെ സൈന്യം, വളഞ്ഞാക്രമിച്ചു. അതുകണ്ടു ഭയന്ന പ്രകൃതി, ചെറിയചലനംപോലുമില്ലാതെ ശ്വാസമടക്കിനിന്നു. 

കഴിഞ്ഞ രാത്രിയിൽ ദാവീദിനുറങ്ങാൻകഴിഞ്ഞിരുന്നില്ല. മനസ്സിനുള്ളിൽ അകാരണമായൊരു ഭീതി..  എന്തെന്നറിയാത്ത എന്തൊക്കെയോ അസ്വസ്ഥതകൾ.. കടുത്ത ഉഷ്ണത്തിൽ അവൻ്റെ ശരീരമാകെ വിയർത്തൊലിച്ചിരുന്നു.

പ്രഭാതത്തിലെ ആദ്യപ്രകാശകിരണങ്ങൾ ഭൂമിയിൽ പതിച്ചപ്പോൾത്തന്നെ ദാവീദ് ഗുഹയിൽനിന്നു പുറത്തിറങ്ങി. കാർമേഘങ്ങൾനിറഞ്ഞു മൂകമായി നിൽക്കുകയാണാകാശം. മഴക്കാലമല്ലാതിരുന്നിട്ടും എവിടെനിന്നെത്തിയീ മേഘങ്ങൾ?

അനിലൻ ഏതോ ഗുഹയ്ക്കുള്ളിൽ ശ്വാസമടക്കിക്കിടന്നുറങ്ങുകയാണിപ്പോഴും. കിളികളുടെ ശബ്ദങ്ങളും കേൾക്കാനില്ല. നിശ്ശബ്ദതയെ ഭഞ്ജിച്ച്, ചീവിടുകൾമാത്രം എവിടെയോ മറഞ്ഞിരുന്ന്, ഉറക്കെക്കരയുന്നുണ്ട്...

ദാവീദ് ചുറ്റുമൊന്നു കണ്ണോടിച്ചു. കണ്ണെത്താദൂരത്തോളം ചെറുകുന്നുകളും മലകളും കാണാം. സമൃദ്ധമായിവളർന്ന പുൽമേടുകൾ.. അതിന്നിടയിൽ അങ്ങിങ്ങു ചില കുറ്റിച്ചെടികളല്ലാതെ വലിയ വൃക്ഷങ്ങളൊന്നും ഒരിടത്തും കാണാനില്ല.

അവൻ ഒരു പാറമേലിരുന്നു. അസ്വസ്ഥമായ തൻ്റെ മനസ്സിനെ യാഹ്വേയുടെ സന്നിധിയിലേക്കുയർത്താൻ ദാവീദ് ശ്രമിച്ചു. കണ്ണുകളടച്ച്, ശാന്തമായിരുന്ന ദാവിദിൻ്റെ ഹൃദയത്തിൽനിന്നുയർന്ന പ്രാർത്ഥനകൾ, ചുണ്ടുകളിൽ ഒരു സങ്കീർത്തനമായൊഴുകിയെത്തി.

"*സ്വർഗ്ഗത്തിൽവാഴുന്ന നാഥാ,  ഞാനെൻ്റെ
കണ്ണുകൾ നിൻനേർക്കുയർത്തും..
....................................................
....................................................
സുഖാലസർതൻ പരിഹാസം, 
അഹംഭാവികൾതൻ നിന്ദനങ്ങൾ...
സർവ്വംസഹിച്ചു തളർന്നോ-
രെൻ്റെ ഹൃത്തടംകാണണേ നാഥാ..."

"പ്രഭോ" 

അക്ഷാദെന്ന ചാരൻ്റെ ശബ്ദമാണു ദാവീദിനെ പ്രാർത്ഥനയിൽനിന്നുയർത്തിയത്.

നാട്ടിലെല്ലാം സഞ്ചരിച്ച്, നാട്ടുവാർത്തകളും അപായസൂചനകളുമറിഞ്ഞ്, യഥാസമയം ദാവീദിനെയറിയിക്കുന്ന സേവകരിലൊരാളായിരുന്നു അയാൾ.

അക്ഷാദിൽനിന്നുകേട്ട വർത്തമാനങ്ങൾ ദാവീദിൻ്റെ ഹൃദയം തകർത്തുകളയുന്നവയായിരുന്നു.!

"ഇന്നലെ മിഖാൽ രാജകുമാരി വീണ്ടും വിവാഹിതയായി..."

ദാവീദ് ഞെട്ടിപ്പോയി. ഈ നിമിഷംവരെ എൻ്റെ അത്മാവിൻ്റെ ഭാഗമായിരുന്നവൾ...  ആത്മാവിലും ശരീരത്തിലുമൊന്നായി അലിഞ്ഞുചേർന്നിരുന്നവൾ... ഇന്നിതാ തികച്ചുമൊരന്യയായിരിക്കുന്നുവെന്നോ..? മിഖാൽ.. നിനക്കിതെങ്ങനെ ചെയ്യാൻകഴിഞ്ഞു?!

സാവൂളിൻ്റെ കിങ്കരന്മാരിൽനിന്നു രക്ഷപ്പെട്ട്, മുറിയുടെ ജനാലവഴി, താഴേയ്ക്കിറങ്ങാൻ ദാവീദിനെ സഹായിച്ചത്, അവൻ്റെ ഭാര്യയായ മിഖാലാണ്. 


ദാവീദിനെ നെഞ്ചോടുചേർത്തു പുണർന്നുകൊണ്ട്, മിഖാൽ പറഞ്ഞു. "ഇനിയുമിവിടെ നിൽക്കുന്നതപകടമാണ്. എത്രയുംവേഗം രക്ഷപ്പെടൂ.. അങ്ങു തിരികെവരുന്നതുവരെ പ്രാർത്ഥനയോടെ ഞാനങ്ങയെക്കാത്തിരിക്കും. അങ്ങെവിടെയായാലും എൻ്റെ ഹൃദയം അങ്ങയോടൊപ്പമായിരിക്കും.."

മിഖാലിൻ്റെ ചുണ്ടുകൾ ദാവീദിൻ്റെ ചുണ്ടുകളിലമർന്നു.

ദാവീദ് സ്വയമറിയാതെ തൻ്റെ ചുണ്ടുകളിൽ വിരലോടിച്ചു. അന്നത്തെയാ ചുംബനത്തിൻ്റെ ലഹരി, ഇപ്പോഴുമീ ചുണ്ടുകളിലുണ്ട്...

''മിഖാൽ, നീയെന്നെ തോല്പിച്ചുവെന്നു കരുതണ്ടാ. ഈ നിമിഷംവരെ നീയൊഴികെ വേറൊരു പെണ്ണിനെക്കുറിച്ചു ഞാൻ ചിന്തിച്ചിട്ടില്ല. ഇനിയതു വേണ്ടാ... എൻ്റെയോർമ്മകളിൽപ്പോലും അന്യൻ്റെ ഭാര്യയായിത്തീർന്ന നിൻ്റെ മുഖമുണ്ടായിക്കൂടാ..."

അക്ഷാദിൻ്റെ ശബ്ദം ചിന്തകളെ മുറിച്ചു. "മറ്റൊരു വാർത്തകൂടെയുണ്ടു പ്രഭോ. സാമുവൽപ്രവാചകൻ..."

കാൽമുട്ടുകൾ നിലത്തുകുത്തി, മുന്നോട്ടാഞ്ഞ്, മുഖം മണ്ണോടുചേർത്ത്, ദാവീദ് പൊട്ടിക്കരഞ്ഞു. 

ആടുകളെ മേയിച്ചുനടന്ന ഒരിടയച്ചെറുക്കൻ്റെ ശിരസ്സിൽ അഭിഷേകതൈലംപുരട്ടി വേർതിരിച്ചുനിറുത്തിയ ദൈവപുരുഷൻ...  അന്നുമുതലിന്നുവരെ, പിതാവിനേക്കാൾ കരുതലോടെ ചേർത്തുപിടിച്ചു വഴിനടത്തിയ ഗുരു...

"എൻ്റെ പിതാവേ..." സാമുവലിനെയോർത്ത്, ദാവീദ് ഉറക്കെക്കരഞ്ഞു. 

ഏതു ദുരന്തത്തിലും തണലേകുമെന്നു കരുതിയ രണ്ടു ദുർഗ്ഗങ്ങൾ ഒരേദിവസത്തിൽ തകർന്നടിഞ്ഞിരിക്കുന്നു. 

ഭാര്യയും ഗുരുവും തനിക്കു നഷ്ടപ്പെട്ടിരിക്കുന്നു.

അനുചരന്മാരെല്ലാം ദാവീദിനു ചുറ്റുംകൂടി. ആർക്കുമവനെയാശ്വസിപ്പിക്കാൻ കഴിഞ്ഞില്ല...

ദാവീദിൻ്റെ തീരാസങ്കടംകണ്ട  കാർമേഘങ്ങൾ നൊമ്പരത്തോടെ കണ്ണീർപൊഴിച്ചുതുടങ്ങി... ആർത്തലച്ചു കരഞ്ഞുകൊണ്ട്, മഴത്തുള്ളികൾ ഭൂമിയിൽപതിച്ചു...
----------------------------------------------------

*സങ്കീർത്തനം 123

No comments:

Post a Comment