Sunday 19 April 2020

106. ശത്രുപാളയത്തിൽ

ബൈബിൾക്കഥകൾ 106

ദാവീദിനെക്കണ്ടെത്തി വധിക്കുന്നതിനായി, സർവ്വസൈന്യാധിപനായ അബ്നേറിൻ്റെ നേതൃത്വത്തിൽ, മൂവായിരംപേരടങ്ങുന്ന സൈനികർ തയ്യാറായി.

സിഫ് മരുഭൂമിയിൽ, ജഷിമോന്റെ കിഴക്കുള്ള ഹക്കീലാക്കുന്നിലെ ഗുഹകളിൽ ദാവീദും സംഘവുമുണ്ടെന്നറിഞ്ഞ സാവൂൾ, അബിനേറിനോടും സൈനികർക്കുമൊപ്പം അവിടേയ്ക്കു പുറപ്പെട്ടു.

ദാവീദുംസംഘവും താവളമടിച്ചിരുന്ന മലയടിവാരത്തിൽനിന്ന്, നാലുനാഴിക യാത്രാദൂരമുള്ള മറ്റൊരു മലയടിവാരത്തിൽ അവരെത്തിച്ചേർന്നു. അപ്പോൾ സൂര്യനസ്തമിച്ചുകഴിഞ്ഞിരുന്നതിനാൽ, അന്നുരാത്രി അവിടെത്തന്നെ പാളയമടിച്ചുകഴിയാൻ സാവൂൾ തീരുമാനിച്ചു.

നാബാലിൻ്റെ ഭാര്യയായ അബിഗായിൽനല്കിയ സമ്മാനങ്ങളുമായി ദാവീദുംസംഘവും പാളയത്തിൽ തിരികേയെത്തിയപ്പോൾ ഇരുൾപരന്നുകഴിഞ്ഞിരുന്നു. സുഖകരമായ കുളിർമ്മ പകർന്നുകൊണ്ട് മന്ദമാരുതൻ ഭൂമിയെ തഴുകുന്നുണ്ട്. തെളിഞ്ഞ നീലാകാശത്തിൽ ചിരിതൂകിനിന്ന പൂർണ്ണേന്ദുവിൻ്റെ കിരണങ്ങൾ ഹക്കീലാക്കുന്നുകളെ കൂടുതൽ മനോഹരമാക്കി.

ദാവീദ്, പാളയത്തിൽ മടങ്ങിയെത്തിയപ്പോൾത്തന്നെ ചാരന്മാർ അന്നത്തെ നിർണ്ണായകസംഭവത്തെക്കുറിച്ചറിയിച്ചു: "നാലുനാഴികദൂരത്തിനപ്പുറം സാവൂളും അബ്നേറും വലിയൊരുസംഘം സൈനികർക്കൊപ്പം താവളമടിച്ചിരിക്കുന്നു."

വാർത്തകേട്ടപ്പോൾ ദാവീദ് തൻ്റെ അനുചരന്മാരോടു പറഞ്ഞു: "ഞാൻ കർത്താവിലാശ്രയിക്കും. അവിടുന്ന്, നമുക്കൊരു വഴികാണിച്ചുതരും. ജാഗരൂകരായിരിക്കുക, എന്നാൽ ആകുലത വേണ്ടാ. ഇപ്പോൾ നമുക്ക്, ഭക്ഷണംകഴിച്ച്, അല്പനേരം വിശ്രമിക്കാം."

അബിഗായിൽനല്കിയ അപ്പവുമിറച്ചിയും അവർക്കൊരു സദ്യയായി. 

ഭക്ഷണശേഷം ദാവീദ് തൻ്റെ കിന്നരം കൈയിലെടുത്തു. അതിൻ്റെ തന്ത്രികളിൽ അവൻ്റെ വിരലുകൾചലിച്ചു. കിന്നരത്തിൽനിന്നുയർന്ന മധുരസംഗീതത്തിനൊപ്പം, പുതിയൊരു പ്രാർത്ഥനാഗീതം അവൻ്റെ അധരങ്ങളിൽനിന്നുതിർന്നു.

$ "എൻ്റെയിടയൻ കർത്താവല്ലോ;
എനിക്കില്ല, കുറവേതുമതിനാൽ!
പച്ചയായ പുൽത്തകിടികളിൽ,
വിശ്രമമെനിക്കേകുന്നൂ;
ശാന്തശീതളജലാശയത്തിലേയ്-
ക്കവനെന്നെ നയിച്ചിടുന്നൂ!

തൻ്റെ നാമമഹത്വത്തിനായി,
നീതിതൻ വീഥിയിൽമാത്രം
ഉന്മേഷദായകൻ, സ്വർഗ്ഗീയനാഥൻ
എന്നെ നടത്തിടുന്നൂ;

മരണനിഴൽത്താഴ്വരയിൽ, 
ഞാൻ ചരിച്ചീടുമ്പോൾപ്പോലും
ഉടയവനെൻ്റെ സഹായം; ഞാ-
നനർത്ഥങ്ങൾ ഭയപ്പെടുകില്ലാ;
കർത്താവിൻദണ്ഡും ഇടയൻ്റെവടിയും
ഉറപ്പെനിക്കേകിടുന്നൂ...

ശത്രുവിൻ കണ്മുമ്പിൽത്തന്നെ
എനിക്കവൻ വിരുന്നൊരുക്കുന്നു;
പരിമളതൈലത്താലെന്നെ
അഭിഷേകംചെയ്യുന്നു നാഥൻ;
അവിടുത്തെ കൃപയാലെൻപാനപാത്രം,
കവിഞ്ഞൊഴുകീടുന്നൂ..

എൻ്റെ ജീവിതകാലംമുഴുവൻ,
കർത്താവിൻ കരുണയും കൃപയും
പിരിയുകില്ലൊരുനാളുമെന്നെ;
സ്വർഗ്ഗീയഗേഹത്തിൽ 
നാഥനെസ്തുതിച്ചു ഞാൻ, 
നിത്യകാലം വസിക്കും!"

ഏതാനും നാഴികകൾക്കപ്പുറം മരണംപതിയിരിക്കുന്നുണ്ടെന്ന യാഥാർത്ഥ്യംപോലുംമറന്ന്, ദാവീദിൻ്റെ അനുചരന്മാരെല്ലാവരും ആ സംഗീതമാധുരിയിലലിഞ്ഞിരുന്നുപോയി.

കിന്നരം തിരികേവച്ച്, ദാവിദ് തൻ്റെ അനുചരന്മാരിൽ രണ്ടുപേരെ, പേരെടുത്തുവിളിച്ചുകൊണ്ടു ചോദിച്ചു: "അഹിമലെക്ക്, അബിഷായീ, ഈ രാത്രിയിൽ സാവൂൾരാജാവിൻ്റെ പാളയത്തിലേക്ക്‌, എന്നോടുകൂടെ നിങ്ങളിലാരു വരും?"

അബിഷായി ഉടൻതന്നെ പറഞ്ഞു: "ഞാന്‍, ഞാൻ വരാം."

ദാവീദ് അബിഷായിയോടു പറഞ്ഞു: "ശരി, നമുക്കുടൻ പുറപ്പെടാം." 

"എന്തുസംഭവിച്ചാലും. നേരംപുലരുന്നതിനുമുമ്പ്, ഞങ്ങൾ മടങ്ങിയെത്തും, അതുവരെ എല്ലാവരും ശാന്തരായി വിശ്രമിക്കുക. നിദ്രയിൽപ്പോലും ജാഗ്രതയുള്ളവരായിരിക്കുക..." 
തൻ്റെ അനുചരന്മാർക്ക് ദാവീദ് നിർദ്ദേശം നല്കി. പിന്നെ, അബിഷായിയോടൊപ്പം, സാവൂൾരാജാവിൻ്റെ പാളയം ലക്ഷ്യമാക്കി അവൻ നടന്നു.

നാലുനാഴികനീണ്ട യാത്രയ്ക്കൊടുവിൽ അവർ സാവൂളിൻ്റെ പാളയത്തിനടുത്തെത്തി.  

പൗർണ്ണമിച്ചന്ദ്രൻ്റെ ധവളപ്രകാശത്തിൽ, കൂടാരങ്ങളെല്ലാം വ്യക്തമായിക്കാണാം. മദ്ധ്യത്തിൽ രാജാവിൻ്റെ കൂടാരം. അതിനടുത്തായി, സൈന്യാധിപനായ അബ്നേറിൻ്റെ കൂടാരം. ചുറ്റും സൈനികരുടെ കൂടാരങ്ങൾ. രാജാവിന്റെയും സൈന്യാധിപൻ്റേയും കൂടാരങ്ങളൊഴികെയുള്ള കൂടാരങ്ങളിലെല്ലാം പത്തിലധികം സൈനികർവീതം ഉറങ്ങുന്നു. മൃഗക്കൊഴുപ്പു പുരട്ടിയ ഒരു പന്തം, സാവൂളിൻ്റെയും അബ്നേറിൻ്റെയും കൂടാരങ്ങൾക്കിടയിൽ കത്തിനില്ക്കുന്നുണ്ടു്.

സാവൂള്‍ തൻ്റെ കുന്തം, തലയുടെ ഒരുവശത്തായി കുത്തിനിറുത്തിയിരിക്കുന്നു. അതിനടുത്തായി ജലംനിറച്ച ഒരു കൂജയുമിരിക്കുന്നു.

അബിഷായി ദാവീദിനോടു പറഞ്ഞു: "കർത്താവു നമ്മളോടൊത്തുണ്ട്. ഇതാ, നിന്റെ ശത്രുവിനെ ദൈവം നിന്റെ കൈകളിലേക്കെത്തിച്ചിരിക്കുന്നു. രാജാവിൻ്റെ കുന്തം അവൻ്റെ തലയ്ക്കടുത്തുതന്നെയുണ്ട്. ഒറ്റക്കുത്തിനു ഞാനവനെ നിലത്തു തറയ്‌ക്കാം."


ദാവീദ്‌ പറഞ്ഞു: "അരുത്. ഇസ്രായേലിൻ്റെ രാജാവിനെ അഭിഷേകംചെയ്തതു കർത്താവാണ്. കര്‍ത്താവിന്റെ അഭിഷിക്തനെതിരേ കരമുയര്‍ത്തുന്നത്, നമുക്കു നന്മവരുത്തില്ല. അവനെ കർത്താവുതന്നെ ശിക്ഷിച്ചുകൊള്ളും. നമുക്കുപോയി അവന്റെ കുന്തവും അതിനടുത്തിരിക്കുന്ന കൂജയും എടുത്തുകൊണ്ടു പോരാം."

നിശബ്ദരായി അവർ കൂടാരത്തിനടുത്തെത്തി, സാവൂളിന്റെ കുന്തവും കൂജയുമെടുത്ത്‌, കുന്നിൻമുകളിലേക്കു തിരികെക്കയറി. 

കര്‍ത്താവ്‌, സാവൂളിനേയും സൈനികരേയും ഗാഢനിദ്രയിലാഴ്‌ത്തിയിരുന്നതിനാൽ ദാവീദും അബിഷായിയും കൂടാരത്തിനടുത്തെത്തിയതും മടങ്ങിപ്പോയതും ആരുമറിഞ്ഞില്ല.

മലമുകളില്‍, ഒരു പാറക്കല്ലിനു പിന്നിൽ അവർ ഒളിച്ചുനിന്നു. അവിടെനിന്ന്, സൈന്യാധിപനായ അബ്‌നേറിനെ ദാവീദ് ഉറക്കെ വിളിച്ചു, 

"അബ്‌നേര്‍, അബ്‌നേര്‍" പലവട്ടം വിളിച്ചതിനുശേഷമാണ് അബ്നേർ ഉണർന്നത്.

"ശബ്‌ദമുണ്ടാക്കി രാജാവിൻ്റെ സുഖനിദ്രയ്ക്കു ഭംഗംവരുത്തുന്നതാരാണ്‌?" അബ്നേർ വിളിച്ചുചോദിച്ചു.

ശബ്ദംകേട്ട് സാവൂളുമുണർന്നു.

ദാവീദ്‌ അബ്‌നേറിനെ പരിഹസിച്ചു: "ഇസ്രായേലിൻ്റെ സൈന്യാധിപനാണത്രേ! നീയൊരു പുരുഷനാണോ? നിന്റെ യജമാനനായ രാജാവിനെ എന്തുകൊണ്ടു നീ കാത്തില്ല? ഇസ്രായേൽരാജാവിനെക്കൊല്ലാന്‍ അവിടെയൊരുവൻ വന്നതു നീയറിഞ്ഞോ? കര്‍ത്താവിന്റെ അഭിഷിക്തനും നിന്റെ യജമാനനുമായ രാജാവിനെ നീ കാത്തില്ല. അതിനാൽത്തന്നെ വധശിക്ഷയ്ക്കർഹനാണു നീ. ഉറങ്ങിക്കിടന്ന രാജാവിന്റെ തലയ്‌ക്കലിരുന്ന കുന്തവും കൂജയും എവിടെപ്പോയെന്നു നിനക്കറിയാമോ?"

സാവൂള്‍ ദാവീദിന്റെ സ്വരം തിരിച്ചറിഞ്ഞു. "ദാവീദേ, ഇതു നീതന്നെയല്ലേ?" 

"രാജാവേ, ഇതു ഞാൻതന്നെ.
എൻ്റെ യജമാനനായ അങ്ങ്‌ എന്തിനീ ദാസനെ വേട്ടയാടുന്നു? ഞാനെന്തു തെറ്റുചെയ്‌തു? 
യജമാനനായ രാജാവേ, മലകളില്‍ കാട്ടുകോഴിയെ വേട്ടയാടുന്നവനെപ്പോലെ ഇസ്രായേല്‍രാജാവ്‌ എന്തിനെന്റെ ജീവനെത്തേടി വന്നിരിക്കുന്നു? എന്താണെൻ്റെപേരിലുള്ള കുറ്റം?"

ദാവീദ് തൻ്റെ കൂടാരത്തിൽക്കടന്നിരുന്നെന്നും വേണമെങ്കിൽ, അവനു തന്നെ വധിക്കാനാകുമായിരുന്നെന്നും സാവൂളിനു മനസ്സിലായി.

സാവൂള്‍ ഉറക്കെ വിളിച്ചുപറഞ്ഞു: "എന്റെ മകനേ, ദാവീദേ, ഞാന്‍ തെറ്റുചെയ്‌തുപോയി. നീ കൊട്ടാരത്തിലേക്കു തിരിച്ചുവരിക; നിനക്കു ഞാനിനി ഒരുപദ്രവവുംചെയ്യില്ല.. ഇന്നു നിന്റെ കണ്ണില്‍ എൻ്റെ ജീവന്‍, വിലപ്പെട്ടതായിത്തോന്നി. എന്നാൽ ഞാന്‍ നിന്നോടു തെറ്റുചെയ്‌തുപോയി."

ദാവീദു പറഞ്ഞു: 
"ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്‌തതയ്‌ക്കുമൊത്തവണ്ണം കര്‍ത്താവു പ്രതിഫലംനല്കും. കര്‍ത്താവിന്ന്, അങ്ങയെ എന്റെ കൈയിലേല്പിച്ചു. എന്നാല്‍ കർത്താവിൻ്റെ അഭിഷിക്തനെതിരേ എൻ്റെ കരങ്ങളുയരുകയില്ല. അങ്ങയുടെ ജീവന്‍ വിലപ്പെട്ടതായി ഞാനിന്നു കരുതിയെങ്കിൽ, എന്റെ ജീവന്‍ കര്‍ത്താവിന്റെമുമ്പിൽ വിലപ്പെട്ടതായിരിക്കട്ടെ! എല്ലാ കഷ്‌ടതകളിലുംനിന്ന്‌ അവിടുന്നെന്നെ രക്ഷിക്കട്ടെ! കൊട്ടാരത്തിലേക്കു ഞാൻ മടങ്ങിവരുന്നില്ല. അങ്ങയുടെ മനഃസമാധാനം നഷ്ടപ്പെടുത്താൻ ഞാനാഗ്രഹിക്കുന്നില്ല."

സാവൂള്‍ പറഞ്ഞു:
"എന്റെ മകനേ, ദാവീദേ, കർത്താവിനുമുമ്പിൽ നീയെന്നും അനുഗൃഹീതനായിരിക്കട്ടെ! നിൻ്റെ പ്രവൃത്തികളെല്ലാം സഫലങ്ങളാകും."

"രാജാവേ, അങ്ങയുടെ കുന്തവും കൂജയും ഞാനിവിടെ വയ്ക്കുന്നു.. ദാസന്മാരിലൊരുവനെവിട്ട്,  ഇതെടുത്തുകൊള്ളുക." 

ദാവീദും അബിഷായിയും അപ്പോൾത്തന്നെ അവരുടെ താവളത്തിലേക്കു മടങ്ങി. നേരംപുലർന്നപ്പോൾ സാവൂള്‍രാജാവും സംഘവും കൊട്ടാരത്തിലേക്കും മടങ്ങി.

കൊട്ടാരത്തിലെത്തുന്നതുവരെ സാവൂൾ ശാന്തനായിരുന്നു. എന്നാൽ ദുരാത്മാവ് വീണ്ടുമവനെ പീഡിപ്പിച്ചുതുടങ്ങിയപ്പോൾ അവൻ്റെ ഭാവംമാറി..

"ഇസ്രായേൽരാജാവിൻ്റെ ജീവൻ ജെസ്സെയുടെ പുത്രൻ്റെ ദാനമാണെന്നോ? അവൻ്റെ വാക്ചാതുര്യത്തിനുമുമ്പിൽ എൻ്റെ മനസ്സൊന്നു പതറിപ്പോയി... ഇസ്രായേലിൻ്റെ രാജാവിനേക്കാൾ ശ്രേഷ്ഠനാണെന്നു ഭാവിക്കുന്ന ആ രാജദ്രോഹി മരിക്കേണ്ടവൻതന്നെ!"

സാവൂൾ അലറി. 
------------------------------------------------------------
$ സങ്കീർത്തനം 23.

No comments:

Post a Comment