Sunday 6 December 2020

125. അബ്‌സലോം

ബൈബിൾക്കഥകൾ

തൻ്റെ സഹോദരിക്കുണ്ടായ ദുരന്തം അവളിൽനിന്നുതന്നെയറിഞ്ഞ അബ്‌സലോം കോപത്താൽ ജ്വലിച്ചു.

എന്നാൽ പെട്ടെന്നുതന്നെ, ഒരു രാജകുമാരനുവേണ്ട ആത്മനിയന്ത്രണത്തോടെ  അവൻ ശാന്തനായി.

അബ്‌സലോം താമാറിനെയാശ്വസിപ്പിക്കാൻശ്രമിച്ചു.

"ഒരു ദുഃസ്വപ്നംപോലെ എല്ലാം മറന്നേക്കൂ. നിനക്കൊന്നും സംഭവിച്ചിട്ടില്ലെന്നു കരുതൂ. ഇസ്രായേൽരാജാവായ ദാവീദിൻ്റെ പുത്രിയും ഗഷൂർരാജാവായ തൽമായിയുടെ പൗത്രിയുമാണു നീ. ഏതു ദുർഘടാവസ്ഥയിലും രാജകുമാരി തലയുയർത്തി നിൽക്കണം. കരയരുത്; ശാന്തയാകൂ. ഇനിമുതൽ നീ ഇവിടെത്താമസിച്ചാൽമതി. നമ്മുടെ അമ്മയേയും നിൻ്റെ തോഴിമാരെയും ഞാൻ ഇവിടേയ്ക്കു വിളിപ്പിക്കാം.

അംനോൻ നമ്മുടെ ജ്യേഷ്ഠനല്ലേ! പിതാവായ ദാവീദ്, അവനെന്തു ശിക്ഷയാണു നല്കുന്നതെന്നറിയാൻ നമുക്കു കാത്തിരിക്കാം.പിതാവവനെ ശിക്ഷിക്കുന്നില്ലെങ്കിൽ അവനെതിരേ പ്രതികാരംചെയ്യാൻ ദൈവം നമുക്കിടവരുത്തും. "

സംഭവിച്ചതെല്ലാം ദാവീദിൻ്റെ ചെവികളിലുമെത്തി. വാർത്തകളറിഞ്ഞ്, രാജാവ് അത്യന്തം കുപിതനായി.

"അവൻ ഇനിയൊരിക്കലും എൻ്റെ കൺമുമ്പിൽ വന്നുപോകരുതെന്നു പറയൂ. അവൻ്റെ മുഖം എനിക്കിനി കാണേണ്ടാ..." 

നാഥാൻപ്രവാചകൻ്റെ ശബ്ദം ദാവീദിൻ്റെ ഹൃദയത്തിൽ വീണ്ടും മുഴങ്ങി.

"കര്‍ത്താവു വ്യക്തമായിപ്പറയുന്നു: നിൻ്റെ ശത്രു, നിൻ്റെ സ്വന്തം ഭവനത്തില്‍നിന്നുതന്നെയായിരിക്കും. നിൻ്റെ സേവകനെ രഹസ്യത്തിൽച്ചതിച്ച്, അവൻ്റെ ഭാര്യയെ നീ സ്വന്തമാക്കി. നീയതു രഹസ്യമായിച്ചെയ്‌തു. ഞാനോ ഇസ്രായേലിൻ്റെ മുഴുവന്‍മുമ്പിൽവച്ച്,‌ പട്ടാപ്പകല്‍, പരസ്യമായിതു ചെയ്യിക്കും."

രാജാവ് തൻ്റെ മേലങ്കി കീറി. അവൻ കർത്താവിൻ്റെ ആലയത്തിലേക്കോടി.

ചാക്കുടുത്തുചാരംപൂശി, ദാവിദുരാജാവ് കർത്താവിൻ്റെ സന്നിധിയിലിരുന്നു കരഞ്ഞു. രണ്ടു ദിവസം അവൻ എന്തെങ്കിലും ഭക്ഷിക്കുകയോ പാനംചെയ്യുകയോചെയ്തില്ല.

എന്നാൽ അംനോനെതിരേ, ദാവീദിൻ്റെ ശിക്ഷാനടപടികളൊന്നുമുണ്ടായില്ലാ. ആ അനീതിയെക്കുറിച്ചോർത്തപ്പോൾ, അബ്‌സലോമിന്റെ ഹൃദയമുറിവിൽ വീണ്ടും രക്തം കിനിഞ്ഞു.

എങ്കിലുമവൻ മുമ്പത്തേക്കാൾ സ്നേഹത്തോടെ അംനോനടക്കമുള്ള തൻ്റെ പതിനെട്ടു സഹോദരന്മാരുമായുമിടപഴകി. അവ എല്ലാവരോടും ശാന്തനും സൗമ്യനുമായിപ്പെരുമാറി. ജറുസലേംനിവാസികൾക്കെല്ലാം അവൻ പ്രിയങ്കരനായിരുന്നു.

അപ്പോഴും ഹൃദയത്തിനുള്ളിൽ അഗ്നികെടാത്തൊരു പ്രതികാരക്കനൽ, തൻ്റെ സുന്ദരമായ മുഖവും ആകർഷകമായ പുഞ്ചിരിയുംകൊണ്ട് അവൻ വിദഗ്ദ്ധമായി മറച്ചുവച്ചിരുന്നു. ആളിക്കത്താൻവേണ്ട അനുകൂലസാഹചര്യംകാത്ത്, പ്രതികാരത്തിൻ്റെ അഗ്നിയും ഇന്ധനവും അവൻ്റെ ഹൃദയത്തിൽ ഒരുക്കിവച്ചിരുന്നു.

കാലം പ്രതിബന്ധങ്ങളില്ലാതെ മുമ്പോട്ടുള്ള പ്രയാണംതുടർന്നു. ദുഃഖിതയും ഏകാകിനിയുമായി താമാർ അബ്സലോമിൻ്റെ കൊട്ടാരത്തിൽത്തന്നെ കഴിഞ്ഞു.

രണ്ടു വർഷങ്ങൾക്കുശേഷം,‌ എഫ്രായിംപട്ടണത്തിനടുത്തുള്ള ബാല്‍ഹസോറില്‍, തൻ്റെ ആടുകളുടെ രോമംകത്രിക്കുന്ന ചടങ്ങിൽപ്പങ്കെടുക്കാൻ അബ്‌സലോം തൻ്റെ സഹോദരന്മാരെയെല്ലാം ക്ഷണിച്ചു. 

ദാവീദു രാജാവിൻ്റെ അനുവാദത്തോടെ രാജകുമാരന്മാർ പത്തൊമ്പതുപേരും ആഘോഷങ്ങൾക്കായി ഒന്നിച്ചുകൂടി.

വിഭവസമൃദ്ധമായ വിരുന്നാണ്, അബ്‌സലോം തൻ്റെ സഹോദരന്മാർക്കും അവരുടെ തോഴന്മാർക്കുമായി ഒരുക്കിയിരുന്നത്. അവർ തിന്നുകുടിച്ചാഹ്ലാദിച്ചു. 

വീര്യമേറിയ വീഞ്ഞുതന്നെ എല്ലാവർക്കും വിളമ്പി. അബ്‌സലോമൊഴികേ മറ്റെല്ലാവരും വീഞ്ഞിൻ്റെ ലഹരിയിലുന്മത്തരായി. അപ്പോൾ അബ്‌സലോമിൻ്റെ സേവകരിൽച്ചിലർ ഊരിയവാളുകളുമായി അവിടെയെത്തി.

പെട്ടെന്ന്, സഹോദരർക്കിടയിൽനിന്ന്, അബ്‌സലോം, അംനോനെ മുടിയിൽപ്പിടിച്ചുവലിച്ചുയർത്തി, അവർക്കു മുമ്പിലേക്കിട്ടുകൊടുത്തു. 



അംനോൻ അപകടംതിരിച്ചറിയുന്നതിനുമുമ്പുതന്നെ, സീൽക്കാരശബ്ദമുയർത്തിക്കൊണ്ട്, വാളുകൾ അവൻ്റെ ശരീരത്തിലൂടെ പാഞ്ഞു. മറ്റുരാജകുമാരന്മാർ ഭയത്തോടെ, അലറിക്കരഞ്ഞുകൊണ്ടു പുറത്തേക്കോടി.

ബഹളങ്ങൾക്കിടയിൽ തട്ടിമറിഞ്ഞുവീണ, തോൽക്കുടങ്ങൾ പൊട്ടിക്കീറി. അവയിൽനിന്നു മുറിയിലാകെപ്പരന്നൊഴുകിയ വീഞ്ഞിൽ, അംനോൻ്റെ രക്തവും കലർന്നു. ഇസ്രായേലിൻ്റെ കിരീടാവകാശിയായ അംനോൻരാജകുമാരൻ കുറേ മാംസക്കഷണങ്ങൾമാത്രമായി ആ മുറിക്കുള്ളിൽച്ചിതറിവീണു. അവൻ്റെ ശിരസ്സുപോലും ഖണ്ഡങ്ങളായിച്ചിതറി.

പുറത്തേക്കോടിയ രാജകുമാരന്മാർ കുതിരകളുടേയും കോവർക്കഴുതകളുടേയുംമേൽക്കയറി, ജറുസലേമിലേക്കു പാഞ്ഞു.

അബ്‌സലോമും അവിടെനിന്നില്ല. അവൻ തൻ്റെ അനുയായികൾക്കൊപ്പം തന്റെ മാതുലനും ഗഷൂറിലെ രാജാവുമായ തൽമായിയുടെയടുത്തേക്കു പലായനംചെയ്തു.

രാജകുമാരന്മാർ ജറുസലേമിലെത്തുന്നതിനുമുമ്പുതന്നെ, പതിനെട്ടു രാജകുമാരന്മാരെയും അബ്‌സലോംരാജകുമാരൻ വധിച്ചുവെന്ന ദുരന്തവാർത്ത കൊട്ടാരത്തിലെത്തി. 

"അബ്‌സലോമും എന്നെച്ചതിച്ചല്ലോ കർത്താവേ...!"

ദാവീദ് രാജാവ് അലറിക്കരഞ്ഞുകൊണ്ടു തൻ്റെ വസ്ത്രംകീറി... തറയിൽക്കിടന്നുരുണ്ടു...

ഊറിയായുടേയും നാഥാൻപ്രവാചകൻ്റെയും മുഖങ്ങൾ ദാവീദിൻ്റെ മനോമുകുരത്തിൽ മിന്നിമറഞ്ഞു.

"കർത്താവിനെ നിരസിച്ച്‌  ഊറിയായുടെ കുടുംബത്തെ നീ തകർത്തതിനാൽ‌ നിന്റെ ഭവനത്തില്‍നിന്നു വാളൊഴിയുകയില്ല. കര്‍ത്താവു വ്യക്തമായിപ്പറയുന്നു: നിൻ്റെ ശത്രു, നിൻ്റെ സ്വന്തം ഭവനത്തില്‍നിന്നുതന്നെയായിരിക്കും. "

നാഥാൻപ്രവാചകൻ്റെ വാക്കുകളിപ്പോളും കൊട്ടാരത്തിൻ്റെ കരിങ്കൽഭിത്തികളിൽത്തട്ടിപ്രതിദ്ധ്വനിക്കുന്നുണ്ടെന്ന് ദാവീദിനുതോന്നി.

No comments:

Post a Comment