Sunday 1 July 2018

68. ഗിദയോൻ്റെ യുദ്ധകാഹളം

ബൈബിള്‍ക്കഥകള്‍ 68

ഹാരോദ്‌ നീരുറവയ്ക്കുസമീപം താവളമടിച്ച ഇസ്രായേലുകാര്‍, താഴെ, മോറിയാമലയുടെ താഴ്വരയില്‍ക്കൂടാരമടിച്ച മിദിയാന്‍കാരുടെയും അമലേക്യരുടെയും പൌരസ്ത്യരുടേയും സംയുക്തസൈന്യത്തെ വീക്ഷിച്ചു. അവരുടെ എണ്ണം കടല്‍ത്തീരത്തെ മണല്‍ത്തരികള്‍പോലെ അസംഖ്യമായിരുന്നു. ജെറുബ്ബാലിനൊപ്പം യുദ്ധത്തിനിറങ്ങിയ ഇസ്രായേല്‍ചെറുപ്പക്കാരുടെ എണ്ണമാകട്ടെ വെറും മുപ്പത്തിരണ്ടായിരംമാത്രമായിരുന്നു. താഴ്വരയില്‍ തങ്ങള്‍ക്കെതിരായി യുദ്ധസന്നദ്ധരായിനില്ക്കുന്ന, എണ്ണമറ്റ ശത്രുക്കളെ കണ്ടപ്പോള്‍ അവരില്‍പ്പലരും നഷ്ടധൈര്യരായിത്തീർന്നു.

തന്നോടൊപ്പമുള്ളവരിൽച്ചിലരുടെ ഭയത്തെക്കുറിച്ചറിഞ്ഞപ്പോൾ ഗിദെയോൻ കർത്താവിനുമുമ്പിൽ പ്രാർത്ഥനയോടെ നിന്നു.

അപ്പോള്‍ കര്‍ത്താവു ഗിദയോനോടു സംസാരിച്ചു: “ശത്രുസൈന്യത്തിൻ്റെ എണ്ണം കണ്ടു നീ പരിഭ്രമിക്കേണ്ടാ. നിങ്ങൾ മുപ്പത്തിരണ്ടായിരംപേരുണ്ട്. അതു വളരെയധികമാണ്. അതിനാല്‍ മിദിയാന്‍കാരെ ഞാന്‍ നിങ്ങളുടെ കൈകളിലേല്പിക്കുകയില്ല. ഇപ്പോള്‍ നിങ്ങളവരെ പരാജയപ്പെടുത്തിയാല്‍, സ്വന്തംകരബലംകൊണ്ടാണു ഞങ്ങള്‍ രക്ഷപ്രാപിച്ചതെന്നു നിങ്ങള്‍ വീമ്പടിക്കും. അതുകൊണ്ട്, നിന്നോടൊപ്പമുള്ളവരില്‍, ഈ യുദ്ധത്തില്‍ പരാജയപ്പെടുമെന്നു ഭയമുള്ളവര്‍ തങ്ങളുടെ കുടുംബങ്ങളിലേക്കു മടങ്ങിപ്പോകാന്‍ നീ ആവശ്യപ്പെടണം.”

ഗിദയോനെന്ന ജെറുബ്ബാല്‍ അപ്രകാരംചെയ്തു. മിദിയാന്‍സൈന്യത്തെക്കണ്ടുഭയന്ന ഇരുപത്തിരണ്ടായിരംപേര്‍ തങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി. 

കര്‍ത്താവു ഗിദയോനോടു പറഞ്ഞു: “ഇനിയും പതിനായിരംപേര്‍ നിനക്കൊപ്പമുണ്ട്. ഈ യുദ്ധത്തില്‍ നിനക്കിത്രയും ആള്‍ബലമാവശ്യമില്ല. ഹാരോദ്‌ നീരുറവയ്ക്കുസമീപമുള്ള ജലാശയത്തിലെത്തി, അവിടെനിന്നു വെള്ളംകുടിക്കുവാന്‍ നിൻ്റെ കൂടെയുള്ളവരോട് ആവശ്യപ്പെടുക. കൈകളില്‍ വെള്ളമെടുത്തു വായോടടുപ്പിച്ചു നക്കിക്കുടിക്കുന്നവരെ നീ മാറ്റിനിറുത്തണം. മുട്ടുകുത്തി ജലാശയത്തില്‍നിന്നു നേരിട്ടുകുടിക്കുന്നവരെയും വേര്‍തിരിക്കണം.”

കര്‍ത്താവു പറഞ്ഞതുപോലെ ഗിദയോന്‍ ചെയ്തു. കൈകളില്‍ വെള്ളമെടുത്തു വായോടടുപ്പിച്ചു നക്കിക്കുടിച്ചവര്‍ മുന്നൂറുപേരുണ്ടായിരുന്നു. 

കര്‍ത്താവു വീണ്ടും ഗിദയോനോടു സംസാരിച്ചു. “ഈ മുന്നൂറുപേര്‍ ഒഴികെയുള്ളവരെ അവരുടെ ഭവനങ്ങളിലേക്കു മടക്കിയയയ്ക്കുക. ഈ മുന്നൂറുപേരിലൂടെ, മിദിയാന്‍കാരെ പരാജിതരാക്കി, ദേശംവീണ്ടെടുക്കാന്‍ നിങ്ങളെ ഞാന്‍ സഹായിക്കും.”

കര്‍ത്താവു തിരഞ്ഞെടുത്ത മുന്നൂറുപേരൊഴികെ മറ്റെല്ലാവരെയും താന്താങ്ങളുടെ ഭവനങ്ങളിലേക്കു ഗിദയോന്‍ തിരികെയയച്ചു. എന്നാല്‍ അവരുടെ കൈകളിലുണ്ടായിരുന്ന കാഹളങ്ങളും ഭരണികളും ആയുധങ്ങളും ശേഖരിച്ചു താവളത്തില്‍ വച്ചു. 

എണ്ണിയാലൊടുങ്ങാത്ത മിദിയാന്‍സൈനികരെ നേരിടാന്‍ മുന്നൂറുപേരുമായി പോകുന്ന ഗിദയോൻ്റെ വിഡ്ഢിത്തത്തെ പരിഹസിച്ചുകൊണ്ടാണു് പലരും അവിടെനിന്നു മടങ്ങിയത്. എന്നാൽ ഗിദയോനോടൊപ്പമവശേഷിച്ച മുന്നൂറുപേരും ഇസ്രായേലിൻ്റെ ദൈവമായ കർത്താവിൽ ഉറച്ചുവിശ്വസിക്കുന്നവരും  ഇസ്രായേലിനുവേണ്ടി തങ്ങളുടെ ജീവൻബലി നല്കാൻ തയാറുള്ളവരുമായിരുന്നു.

അന്നുരാത്രിയില്‍ കര്‍ത്താവു ഗിദയോനോടു പറഞ്ഞു: “നീയെഴുന്നേറ്റ്, മിദിയാന്‍കാരുടെ താവളത്തിനടുത്തേക്കു ചെല്ലുക. ഒറ്റയ്ക്കുപോകാന്‍ നിനക്കു ഭയമാണെങ്കില്‍, നിൻ്റെ ഭൃത്യന്മാരിലൊരുവനായ പൂരയെ നിന്നോടൊപ്പം കൂട്ടുക.”

രാത്രിയില്‍, എല്ലാവരും നിദ്രാലസ്യത്തിലേക്കു വഴുതിയപ്പോള്‍, ഭൃത്യനായ പൂരയോടൊപ്പം ഗിദയോന്‍ ശത്രുതാവളത്തിനു സമീപത്തേക്കു നീങ്ങി. പാദപതനത്തിൻ്റെ ശബ്ദംപോലും കേള്‍പ്പിക്കാതെ, ഗിദയോനും പൂരയും മിദിയാന്‍കാരുടെ പുറംതാവളത്തിനടുത്ത്, കാവല്‍ഭടന്മാരുടെ കൂടാരത്തിനടുത്തെത്തി. 

അപ്പോള്‍ കാവല്‍ക്കാരിലൊരുവാന്‍, തൻ്റെ സ്നേഹിതരോടു തനിക്കുണ്ടായ ഒരു സ്വപ്നം വിവരിക്കുകയായിരുന്നു.

 “ഞാനൊരു സ്വപ്നംകണ്ടു. നമ്മുടെ താവളത്തിനുനേരേ, ഭീമാകാരമായ ഒരു ബാര്‍ലിയപ്പം ഉരുണ്ടുവന്നു. അതു നമ്മുടെ താവളത്തിലെ കൂടാരത്തില്‍ വന്നുതട്ടി. അപ്പോള്‍ കൂടാരം കീഴ്മേല്‍മറിഞ്ഞ്, തകര്‍ന്നുപോയി.”

അപ്പോള്‍ മറ്റൊരുവന്‍ ആ  സ്വപ്നത്തിനു വിശദീകരണവുമായെത്തി: “നീ കണ്ട സ്വപ്നത്തിലെ ബാര്‍ലിയപ്പം, ഇസ്രയേല്‍ക്കാരനായ യോവാഷിൻ്റെ പുത്രന്‍ ഗിദയോന്‍തന്നെ! മിദിയാന്‍കാരായ നമ്മളെ ദൈവം അവൻ്റെ കരങ്ങളിലേല്പിച്ചുകൊടുത്തുകഴിഞ്ഞു. അതിനാലാണ് ഇങ്ങനെയൊരു സ്വപ്നദര്‍ശനമുണ്ടായത്. ഗിദയോൻ്റെ വാളില്‍നിന്നു ജീവന്‍ രക്ഷിക്കേണ്ടവര്‍ എത്രയുംവേഗം ഇവിടെനിന്നോടിയോളിക്കണം.”

സ്വപ്നത്തെയും അതിൻ്റെ വ്യാഖ്യാനത്തെയുംകുറിച്ചു മിദിയാന്‍കാരുടെ ചർച്ചകേട്ടപ്പോള്‍, ഗിദയോന്‍ കര്‍ത്താവിനെ താണുവണങ്ങി. വര്‍ദ്ധിതവീര്യത്തോടെ, അവന്‍ പൂരയോടോപ്പം താവളത്തിലേക്കു മടങ്ങി. 

തന്നോടൊപ്പമുള്ള മുന്നൂറുപേരെയും അപ്പോൾത്തന്നെ അവൻ വിളിച്ചുണര്‍ത്തി. അവരെ മൂന്നു ഗണങ്ങളായിത്തിരിച്ചു. മുന്നൂറുപേര്‍ക്കും കാഹളങ്ങളും മണ്‍ഭരണികളും പന്തങ്ങളും  നല്കി.

ശബ്ദമുണ്ടാക്കാതെ നമ്മളെല്ലാവരും മിദിയാന്‍ സൈനികത്താവളത്തിൻ്റെ അതിര്‍ത്തിയിലെത്തണം. ഞാനും എൻ്റെ ഭൃത്യന്മാരും കാഹളംമുഴക്കുന്നതു കേള്‍ക്കുമ്പോള്‍ നിങ്ങളെല്ലാവരും കാഹളങ്ങള്‍മുഴക്കുകയും മണ്‍ഭരണികളുടയ്ക്കുകയുംചെയ്യണം. എൻ്റെ നിര്‍ദ്ദേശം ലഭിക്കാതെ ആരും ശത്രുക്കളുടെ താവളത്തില്‍ക്കടക്കരുത്.”

ഗിദയോനും സൈനികരും മിദിയാന്‍കാരുടെ പാളയത്തിനടുത്തെത്തുമ്പോള്‍ കാവല്‍ഭടന്മാര്‍ ഊഴംമാറുന്ന സമയമായിരുന്നു. മിദിയാന്‍സൈനികരില്‍ ഒരുവന്‍കണ്ട സ്വപ്നവും അതിനു മറ്റൊരു സൈനികന്‍ നല്കിയ വ്യാഖ്യാനവും അതിനിടയില്‍,  കാവല്‍ഭടന്മാര്‍ക്കിടയില്‍ പരന്നുകഴിഞ്ഞിരുന്നു. ഗിദയോൻ്റെ വാള്‍ത്തല, ഇരുളിലെവിടെയോ തങ്ങള്‍ക്കായി പതിയിരിക്കുന്നുവെന്ന ഭീതി, കാവല്‍ഭടന്മാരുടെയെല്ലാം ഹൃദയങ്ങളെ കീഴടക്കി.


ഗിദയോൻ്റെ സൈനികര്‍ നൂറുപേര്‍വീതം,  ഹരോദ് അരുവിയുടെ തീരത്തോടുചേര്‍ന്ന, താഴ്‌വരയുടെ ഭാഗമൊഴികെയുള്ള,  മിദിയാന്‍ താവളത്തിൻ്റെ മൂന്നുവശങ്ങളിലായി നിരന്നു. മിദിയാന്‍ കാവല്‍ഭടന്മാരുടെ ഊഴംമാറി, പുതിയ ആളുകള്‍ നിലയുറപ്പിച്ചുകഴിയുംമുമ്പേ,  ഗിദയോനും ഭൃത്യന്മാരും കാഹളങ്ങള്‍ മുഴക്കി. ഗിദയോന്റെ സൈനികര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന മണ്‍ഭരണികളുടച്ചു. രാത്രിയുടെ നിശബ്ദതയില്‍ ശന്തമായുറങ്ങിയിരുന്ന ഹരോദ് താഴ്വരയിലെങ്ങും ആ ശബ്ദം പ്രതിദ്ധ്വനിച്ചു. അതിനൊപ്പം മുന്നൂറു പന്തങ്ങള്‍ ഒന്നിച്ചുതെളിയുകയും മുന്നൂറു കാഹളങ്ങള്‍ ഒന്നിച്ചു മുഴങ്ങുകയുംചെയ്തു.

No comments:

Post a Comment