Sunday 15 July 2018

70. ജഫ്താ


ബൈബിള്‍ക്കഥകള്‍ - 70

ഇസ്രായേൽ വീണ്ടും കർത്താവിനെ പരിത്യജിച്ചു്, അന്യദേവന്മാർക്കു പൂജാഗിരികളൊരുക്കി. ബാൽദേവനും അസ്താർത്തെദേവതകൾക്കുംമുമ്പിൽ ബലിവസ്തുക്കളർപ്പിച്ചു. 

കർത്താവിന്റെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടുന്നവരെ അന്യജനതകൾക്കു വിട്ടുകൊടുത്തു. ഫിലിസ്ത്യരും അമോന്യരും ഇസ്രായേലിനുമേൽ ആധിപത്യംനേടി. അവർ ഇടയ്ക്കിടെ ഇസ്രായേലിനെ ആക്രമിക്കുകയും കൊള്ളയടിക്കുകയുംചെയ്തു. പതിനെട്ടുവർഷം അന്യജനതകൾ ഇസ്രായേലിനെ ഞെരുക്കി. വയലൊരുക്കി വിത്തുവിതയ്ക്കാൻ ഇസ്രായേൽക്കാർ. എന്നാൽ വിളകൊയ്യാൻകാലമാകുമ്പോൾ അന്യജനതകളെത്തും.... 

വിളസമൃദ്ധികണ്ട് ആനന്ദിക്കാനല്ലാതെ അതിന്റെ ഫലമനുഭവിക്കാൻ ഇസ്രായേലുകാർക്കായില്ല. കൊയ്ത്തുകാലമാകുമ്പോൾ ഫിലിസ്ത്യരും അമോന്യരും ആയുധധാരികളായെത്തി, ഇസ്രായേലിലെ വയലുകളെല്ലാം കൊയ്തെടുത്തുകൊണ്ടുപോയി. എതിർക്കാൻ ശ്രമിച്ചവർ വധിക്കപ്പെട്ടു. നിലമുഴുതൊരുക്കി, കട്ടയുടച്ച്, വിത്തുവിതച്ച്, വിതകാത്തുകിടന്നവർ കാലാപെറുക്കി ഉപജീവനംകഴിക്കേണ്ട ഗതികേടിലായി.

തങ്ങൾ കർത്താവിൽനിന്നു മുഖംതിരിച്ചതിനാലാണ്, ഈ അനർത്ഥങ്ങളൊക്കെ വന്നുഭവിച്ചതെന്നു തിരിച്ചറിഞ്ഞപ്പോൾ,
ഇസ്രായേൽ കർത്താവിനുമുമ്പിലേക്കു വീണ്ടുംതിരിഞ്ഞു. 

"ഈജിപ്തിൽനിന്നു ഞങ്ങളുടെ പിതാക്കന്മാരെ മോചിപ്പിച്ചുകൊണ്ടുവന്ന ഞങ്ങളുടെ ദൈവത്തെമറന്ന്, ബാലിനെ സേവിച്ചതിനാൽ, കർത്താവേ അങ്ങേയ്ക്കെതിരായി ഞങ്ങൾ പാപംചെയ്തു. ഞങ്ങളോടു കരുണതോന്നി, ഞങ്ങളുടെ ശത്രുക്കളിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ!" 

ഇസ്രായേല്യർ കർത്താവിനുമുമ്പിൽ വീണ്ടും മുട്ടുമടക്കി.

എന്നാൽ കർത്താവു് അവരുടെ പ്രാർത്ഥന കേട്ടില്ല. അവിടുന്നു പറഞ്ഞു. "നിങ്ങൾ തിരഞ്ഞെടുത്ത ദേവന്മാരുടെ മുമ്പിൽപ്പോയിക്കരയുക. അവർ നിങ്ങളെ മോചിപ്പിക്കട്ടെ."

"കർത്താവേ, ഞങ്ങൾ പാപംചെയ്തുപോയി. അങ്ങേയ്ക്കിഷ്ടമുള്ളതു ഞങ്ങളോടു ചെയ്തുകൊള്ളുക."

ഇസ്രായേൽജനം ബാലിന്റേയും അഷേറയുടേയും അസ്താർത്താദേവതകളുടേയും വിഗ്രഹങ്ങളെല്ലാം നീക്കംചെയ്തു. വീണ്ടും കർത്താവിനെമാത്രമാരാധിച്ചുതുടങ്ങി.

അപ്പോൾ, ഗിലയാദിന്റെ പുത്രനും ഒരു കൊള്ളസംഘത്തിന്റെ തലവനും വലിയ പോരാളിയുമായിരുന്ന ജഫ്തയുടെ ഹൃദയത്തിൽ കർത്താവു ചില പരിവർത്തനങ്ങൾ വരുത്തിത്തുടങ്ങി....

ഗിലയാദിനു് ഒരു വേശ്യയിൽ ജനിച്ച പുത്രനായിരുന്നു ജഫ്ത. അവൻ്റെ അമ്മയ്ക്കവനെ വേണ്ടായിരുന്നു. എന്നാൽ പിതാവ്, അവനെത്തള്ളിക്കളഞ്ഞില്ല.

ഗിലയാദ് അവനെ തന്റെ ഭവനത്തിലേക്കു കൊണ്ടുവന്നു. തന്റെ ഭാര്യയിൽജനിച്ച പുത്രന്മാർക്കൊപ്പം അവനെയും വളർത്തി. എന്നാൽ ഗിലയാദിന്റെ ഭാര്യയും അവളുടെ മക്കളും ജഫ്തയെ വെറുത്തു.
ഗിലയാദ് മരിച്ചപ്പോൾ ജഫ്ത ഒറ്റപ്പെട്ടു. കുടുംബത്തിൽനിന്നും അവൻ പുറംതള്ളപ്പെട്ടു. തന്റെ സഹോദരന്മാരിൽനിന്നു രക്ഷപ്പെടാനായി, തോബ് എന്ന സ്ഥലത്തേക്കു് അവൻ ഓടിപ്പോയി.

അവനെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. തോബിലൂടെ കടന്നുപോകുന്ന വഴിപോക്കരായ പലരുടേയുംമുമ്പിൽ അവൻ കൈനീട്ടിയെങ്കിലും എല്ലാവരുമവനെ ആട്ടിയോടിച്ചു...

ദിവസങ്ങളോളം അവനു പട്ടിണി കിടക്കേണ്ടതായി വന്നു. അപ്പോളവൻ വഴിപോക്കരെക്കൊള്ളയടിച്ചുതുടങ്ങി

മികച്ച കായികാഭ്യാസിയായിരുന്ന ജഫ്തയോടൊത്ത്,  തെമ്മാടികളായ കുറേ ചെറുപ്പക്കാർ കൂട്ടുകൂടിത്തുടങ്ങി.
കാലക്രമത്തിൽ, നീചത്തം കൈമുതലാക്കിയ ഒരു കൊള്ളസംഘമായി അവർ വളർന്നുവന്നു. 

വസന്തവൃഷ്ടിക്കുശേഷം കൊയ്ത്തിനുസമയമായപ്പോൾ അമ്മോന്യർ യുദ്ധത്തിനു തയ്യാറായി വന്നു.

അക്കാലത്ത്, കർത്താവിന്റെ ആത്മാവു് ജഫ്തയിൽവന്നുനിറഞ്ഞു. ജഫ്തയ്ക്കു തന്റെ ജീവിതരീതികൾ മടുത്തുതുടങ്ങി. അവൻ, തന്റെ വീഴ്ചകളേറ്റുപറഞ്ഞ്, കർത്താവിലേക്കു മനസ്സുതിരിച്ചുതുടങ്ങി. 

അമ്മോന്യർ യുദ്ധത്തിനുവരുന്നതറിഞ്ഞ ഇസ്രായേൽക്കാർ കർത്താവിന്റെ സന്നിധിയിൽ ഒന്നിച്ചുചേർന്നു പ്രാർത്ഥിച്ചു.

"ഗിലയാദിന്റെ പുത്രനായ ജഫ്തയെച്ചെന്നു കാണുക. എന്റെ ആത്മാവിനാൽ ഞാനവനെ ശക്തിപ്പെടുത്തും. അവൻ നിങ്ങളെ സംരക്ഷിക്കും."

വലിയ അഭ്യാസിയായ ജഫ്ത്തയ്ക്ക് തങ്ങളെ സംരക്ഷിക്കാനാകുമെന്ന് ഇസ്രായേൽക്കാർക്കുതോന്നി.
കർത്താവിന്റെ കല്പനയനുസരിച്ചു ജഫ്തയെ കൂട്ടിക്കൊണ്ടുവരാനായി, അവർ തോബിലേക്കു പോയി. ജഫ്തയുടെ സഹോദരന്മാരും അവർക്കൊപ്പമുണ്ടായിരുന്നു.

"അമ്മോന്യരുമായുള്ള യുദ്ധത്തിൽ നീ ഞങ്ങളെ നയിക്കണം." ഇസ്രായേലുകാർ ജഫ്തയോടാവശ്യപ്പെട്ടു.

"ഞാൻ വേശ്യാപുത്രനല്ലേ? നിങ്ങളെന്നെ വെറുക്കുകയും എന്റെ പിതാവിന്റെ ഭവനത്തിൽനിന്ന് അടിച്ചിറക്കുകയുംചെയ്തില്ലേ? എന്റെ കഷ്ടതകളിൽ ആരെന്നെ സഹായിച്ചു? ഇപ്പോൾ നിങ്ങളപകടത്തിൽപ്പെട്ടപ്പോൾ എന്നെത്തേടി വന്നതെന്തിനു്?"

"ഞങ്ങളുടെ തെറ്റുകൾ നീ ഞങ്ങളോടു പൊറുക്കണം. ശത്രുക്കൾക്കെതിരായ പോരാട്ടത്തിൽ, നീ മുമ്പിൽനിന്ന് ഇസ്രായേലിനെ നയിക്കണമെന്നാണു ഞങ്ങളാഗ്രഹിക്കുന്നതു്. നിന്നോടു ഞങ്ങൾചെയ്ത തെറ്റുകൾക്കു പരിഹാരമായി നിന്നെ ഞങ്ങളുടെ നേതാവായി ഞങ്ങളംഗീകരിക്കുന്നു.. കർത്താവു നിന്നെ ശക്തിപ്പെടുത്തും. നീ അമ്മോന്യരെ പരാജയപ്പെടുത്തി ഇസ്രായേലിനെ രക്ഷിക്കും."

തന്റെ പാപകരമായ ജീവിതശൈലിയിൽനിന്നു പിന്തിരിയാനാഗ്രഹിച്ചിരുന്ന ജഫ്തയ്ക്ക്, നിനയ്ക്കാതെ കൈവന്ന ഒരവസരമായിരുന്നു അത്.

ജഫ്‌താ ചോദിച്ചു: "കര്‍ത്താവ്‌ അമ്മോന്യരെ എനിക്കേല്പിച്ചുതന്നാല്‍, ഞാന്‍ നിങ്ങളുടെ നേതാവാകുമെന്നതുറപ്പല്ലേ?"

"കര്‍ത്താവു നമുക്കിടയിൽ സാക്ഷിയായിരിക്കട്ടെ; നീ അമ്മോന്യരെക്കീഴടക്കിയാൽ നീ പറയുന്നതുപോലെ ഞങ്ങള്‍ ചെയ്യും, തീര്‍ച്ച."ഇസ്രായേൽക്കാർ ജഫ്തായോടു് ഉടമ്പടിചെയ്തു.

ജഫ്‌താ, അമ്മോന്യരാജാവിന്റെയടുത്തേക്കു തന്റെ സന്ദേശവുമായി ദൂതന്മാരെയയച്ചു ചോദിച്ചു: "ഇസ്രായേൽ, എൻ്റെ രാജ്യമാണ്. എന്റെ ദേശത്തോടു യുദ്ധംചെയ്യാന്‍ നിനക്കെന്നോടെന്താണു വിരോധം?"

അമ്മോന്യരാജാവു ദൂതന്മാർക്കു മറുപടി നല്കി: "ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു വന്നപ്പോള്‍ അര്‍നോണ്‍മുതല്‍ ജാബോക്കും ജോര്‍ദ്ദാനുംവരെയുള്ള എന്റെ സ്‌ഥലം കൈവശപ്പെടുത്തി. അതിപ്പോൾ എനിക്കു തിരികെകിട്ടണം. യുദ്ധമൊഴിവാക്കാൻ ദേശമെനിക്കു വിട്ടുനല്കുക."

ജഫ്ത വീണ്ടും ദൂതന്മാരെയയച്ചു. "ഞാന്‍ നിന്നോട്‌ ഒരപരാധവും ചെയ്‌തിട്ടില്ല. ഇസ്രായേല്‍ജനം, ഹെഷ്‌ബോണിലും അതിന്റെ ഗ്രാമങ്ങളിലും അരോവറിലും അതിന്റെ ഗ്രാമങ്ങളിലും അര്‍നോണ്‍തീരത്തുള്ള എല്ലാപ്പട്ടണങ്ങളിലും മുന്നൂറുവര്‍ഷമായി താമസിക്കുന്നു. എന്തുകൊണ്ടവ നീ നേരത്തേ വീണ്ടെടുത്തില്ല? മോവാബ്യരുടെയോ അമ്മോന്യരുടെയോ ദേശം ഞാൻ കൈയടക്കിയില്ല. പല തലമുറകളായി എൻ്റെ പിതാക്കന്മാർ താമസിച്ചിരുന്ന ദേശത്താണു ഞാൻ താമസിക്കുന്നത് അതിനാൽ, എന്നോടു യുദ്ധംചെയ്യുന്നതു തെറ്റാണ്‌. 

അന്യായമായി നീ യുദ്ധത്തിനുവന്നാൽ, എന്റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവ്‌ ഇസ്രായേല്യര്‍ക്കും അമ്മോന്യര്‍ക്കുമിടയിൽ ഇന്നു ന്യായവിധിനടത്തും."

ജഫ്തയുടെ സന്ദേശത്തിന് അമ്മോന്യരാജാവു മറുപടി നല്കിയില്ല. പകരം, ഇസ്രായേലിനെതിരെ അവൻ തന്റെ സൈന്യത്തെയയച്ചു.

ജഫ്താ കർത്താവിനു ദഹനബലിയർപ്പിച്ചു പ്രാർത്ഥിച്ചു. അവൻ കര്‍ത്താവിനൊരു നേര്‍ച്ചനേര്‍ന്നു. "കർത്താവേ, അങ്ങ്,‌ അമ്മോന്യരെ എന്റെ കൈയിലേല്പിക്കുമെങ്കില്‍ ഞാനവരെത്തോല്പിച്ചു തിരികെവരുമ്പോള്‍ എന്നെയെതിരേല്‍ക്കാന്‍ പട്ടണവാതില്‍ക്കലേക്ക്‌ ആദ്യം വരുന്നതാരായിരുന്നാലും അവന്‍ കര്‍ത്താവിന്റെതായിരിക്കും. ഞാനവനെ ദഹനബലിയായി അവിടുത്തേയ്ക്കര്‍പ്പിക്കും."

കർത്താവു മനുഷ്യരിൽനിന്ന് ഒരു നേർച്ചയും നിർബ്ബന്ധപൂർവ്വമാവശ്യപ്പെടുന്നില്ല. അതിനാൽ നേർച്ചനേർന്നതു വിവേകശൂന്യമായൊരു പ്രവൃത്തിയാണെന്ന് അവനപ്പോൾ ചിന്തിച്ചില്ല.

കർത്താവിന്റെയാത്മാവ് ജഫ്തയിൽ നിറഞ്ഞു. ജഫ്‌താ അമ്മോന്യരുടെ അതിര്‍ത്തികടന്നു; അമ്മോന്യസൈനികരെ കര്‍ത്താവ്,‌ അവന്റെ കൈകളിലേല്പിച്ചു. അരോവര്‍മുതല്‍ മിന്നിത്തിനു സമീപംവരെയും ആബേല്‍കെരാമിംവരെയും ഒന്നിനുപിന്നാലെ ഒന്നായി, അമ്മോന്യരുടെ ഇരുപതു പട്ടണങ്ങളില്‍ ജഫ്തായും സംഘവും ആധിപത്യംസ്ഥാപിച്ചു. അമ്മോന്യസേന പൂർണ്ണമായുമില്ലാതെയായി.

വിജയശ്രീലാളിതനായ ജഫ്താ, തന്റെ നാടായ മിസ്പായിലലേക്കു മടങ്ങിയെത്തി. അവനെ സ്വീകരിക്കാൻ വലിയൊരു ജനക്കൂട്ടം പട്ടണവാതിൽക്കലുണ്ടായിരുന്നു.

അവനെ അകലെക്കണ്ടപ്പോൾത്തന്നെ
ഒരു പെൺകുട്ടി, തപ്പുകൊട്ടി നൃത്തംവച്ചുകൊണ്ട് അവനെയെതിരേല്‍ക്കാന്‍ ആദ്യമോടിയെത്തി. 

തനിക്കുനേരെ ഓടിയെത്തുന്ന പെൺകുട്ടിയെക്കണ്ടപ്പോൾ ജഫ്താ തളർന്നുപോയി. അതുവരെയുണ്ടായിരുന്ന സന്തോഷമെല്ലാമില്ലാതായി...

അവള്‍ ജഫ്തായുടെ ഏകസന്താനമായിരുന്നു. വേറെമകനോ മകളോ അവനില്ലായിരുന്നു. 

കർത്താവിനുനേർന്ന നേർച്ചയെക്കുറിച്ചോർത്ത് അവൻ കരഞ്ഞു. തന്റെ മേലങ്കി കീറി!
കർത്താവിന്റെ നിയമമറിയുന്ന ലേവ്യരോടു് ജഫ്താ തന്റെ നേർച്ചയെക്കുറിച്ചു പറഞ്ഞു.

ലേവ്യർ അവനോടു പറഞ്ഞു: "മോശയുടെ നിയമത്തിൽ ഇങ്ങനെ പറയുന്നു. -നേര്‍ച്ചനേരാതിരുന്നാല്‍ പാപമാകുകയില്ല. എന്നാൽ, നിന്റെ ദൈവമായ കര്‍ത്താവിനുനേരുന്ന നേര്‍ച്ചകള്‍ നിറവേറ്റാന്‍ വൈകരുത്‌; അവിടുന്നു നിശ്‌ചയമായും അതു നിന്നോടാവശ്യപ്പെടും; നീ കുറ്റക്കാരനാവുകയും ചെയ്യും."

ജഫ്താ ഉറക്കെക്കരഞ്ഞു. "അയ്യോ! മകളേ, നീയെന്നെ ദുഃഖത്തിലാഴ്‌ത്തിയല്ലോ. ഞാന്‍ കര്‍ത്താവിനു വാക്കു കൊടുത്തുപോയി. നേര്‍ച്ചയില്‍നിന്നു പിന്മാറാന്‍ എനിക്കു കഴിയില്ലല്ലോ!"


"ആബാ, ധീരനായ ജഫ്തയുടെ മകളാണു ഞാൻ. അങ്ങു കർത്താവിനോടുനേർന്ന നേർച്ച നിറവേറ്റാൻ മടിക്കേണ്ട. നമ്മുടെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരംചെയ്യാൻ അങ്ങയെ കർത്താവു സഹായിച്ചല്ലോ! ഒന്നുമാത്രം അങ്ങെനിക്കു ചെയ്‌തുതരണം. എന്റെ സഖിമാരോടൊത്തു പര്‍വ്വതത്തിന്റെ ശാന്തതയിൽ ധ്യാനിക്കുവാനും എന്റെ കന്യാത്വത്തെപ്രതി വിലപിക്കാനും എനിക്കു രണ്ടുമാസത്തെ സമയംതരണം!"

ജഫ്താ അവളുടെ ആവശ്യമംഗീകരിച്ചു. രണ്ടുമാസങ്ങൾക്കുശേഷം അവൻ തന്റെ നേർച്ച നിറവേറ്റി.

"എന്റെ കൈകളാൽ എന്റെ ഏകപുത്രിയെ ബലിനല്കേണ്ടിവന്നതു് എനിക്കുള്ള ശിക്ഷയായി ഞാൻ സ്വീകരിക്കുന്നു... കൊള്ളസംഘത്തെ നയിച്ചുകൊണ്ടു ഞാൻചെയ്ത പാപങ്ങൾക്കുള്ള ശിക്ഷയാണിത് ..." ജഫ്താ കരഞ്ഞു.

അന്നുമുതൽ എല്ലാവർഷവും നാലുദിവസം ഇസ്രായേലിലെ കന്യകകൾ ജഫ്തയുടെ മകളെയോർത്തു വിലാപദിനങ്ങളാചരിച്ചു തുടങ്ങി.

ആറുവർഷങ്ങൾമാത്രമാണ് 
ജഫ്താ ഇസ്രായേലിൽ ന്യായപാലനം നടത്തിയത്. പുത്രീദുഃഖത്താൽ അവൻ അകാലവാർദ്ധക്യംബാധിച്ചു മരിച്ചു.  

ജഫ്താ മരിക്കുന്നതുവരെ കർത്താവിനെയല്ലാതെ മറ്റൊരു ദൈവത്തേയും ഇസ്രായേൽ ആരാധിച്ചിരുന്നില്ല.

No comments:

Post a Comment