Sunday 29 July 2018

72. തിമ്നായിലെ കന്യക

ബൈബിൾക്കഥകൾ 72


സാംസണ്‍ കോമളനായ ഒരു യുവാവായി വളര്‍ന്നുവന്നു. ആറടിയിലധികം ഉയരവും അതിനൊത്ത, ബലിഷ്ഠശരീരവും! കരുത്തു വിളിച്ചറിയിക്കുന്ന ഉറച്ച മാംസപേശികള്‍, ഗോതമ്പുനിറമുള്ള അവന്റെ ശരീരത്തെ കൂടുതലാകര്‍ഷകമാക്കി. നീണ്ടുവളര്‍ന്ന, ഇടതൂര്‍ന്ന മുടി, നന്നായി ചീകിയൊതുക്കി, തുകല്‍നാടകൊണ്ടു കെട്ടിവച്ചിരുന്നു.

അവന്‍റെ മാതാപിതാക്കള്‍ ജനനംമുതലേ *നാസീര്‍വ്രതക്കാരനായി അവനെ വളര്‍ത്തി. അവന്‍റെ ശിരസ്സില്‍ ഒരിക്കല്‍പോലും ക്ഷൌരക്കത്തി സ്പര്‍ശിച്ചില്ല. വീഞ്ഞോ, ലഹരിപാനീയങ്ങളോ അവനുപയോഗിച്ചിരുന്നില്ല. മുന്തിരിയോ മുന്തിരിചേര്‍ത്ത ഭക്ഷണമോ അവന്‍ കഴിച്ചിരുന്നുമില്ല.

നവയൌവനത്തിലെത്തിയപ്പോള്‍, ദേശമെല്ലാമൊന്നു ചുറ്റിക്കാണുവാന്‍ സാംസണ്‍ ആഗ്രഹിച്ചു. മാതാപിതാക്കളുടെ അനുമതിയോടെ അവന്‍ നാടുകാണാനിറങ്ങി. വയലുകളും മുന്തിരിത്തോട്ടങ്ങളും കുന്നുകളും താഴ്വാരങ്ങളും കളകളാരവത്തോടെയൊഴുകുന്ന ജോര്‍ദ്ദാന്‍നദിയുമെല്ലാം അടയാഭരണങ്ങളൊരുക്കിയ കനാന്‍ദേശത്തിന്‍റെ സൗന്ദര്യമാസ്വദിച്ച്, ആഴ്ചകളോളം അവന്‍ സഞ്ചരിച്ചു.

യാത്രയ്ക്കിടെ, ഫിലിസ്ത്യരുടെ ഗ്രാമമായ തിമ്നായില്‍ അവനെത്തി. ഉയരംകുറഞ്ഞ മലയുടെ താഴ്വരയില്‍, വിശാലമായ ഗോതമ്പുവയല്‍ കതിരണിഞ്ഞുനില്ക്കുന്നു. അതിനപ്പുറത്ത് മുന്തിരിത്തോട്ടങ്ങളും ഉരുളക്കിഴങ്ങു പാടങ്ങളും. അവിടവിടെയായി തണല്‍വിരിച്ചു നില്‍ക്കുന്ന അത്തിമരങ്ങള്‍... മലയുടെ ചരിവില്‍ വിശാലമായ പുല്‍ത്തകിടി. ഗോതമ്പുവയലിനും മുന്തിരിത്തോട്ടത്തിനും നടുവിലായി ഒരറ്റയടിപ്പാത. വിളഞ്ഞുപാകമാകാറായ ഗോതമ്പുപാടത്തുനിന്ന് ഒരു കതിര്‍പറിച്ചെടുത്ത്, അതില്‍നിന്ന് ഓരോ കതിര്‍മണികള്‍ ഉതിര്‍ത്തു വായിലിട്ട്, മന്ദമാരുതന്റെ തലോടലേറ്റ്, ആ ഒറ്റയടിപ്പാതയിലൂടെ സാംസണ്‍ നടന്നു.

പെട്ടെന്നാണതു സംഭവിച്ചത് – വഴിയോരത്തെ ഒരത്തിമരത്തിന്‍റെ മറവില്‍നിന്ന്, ഭീമാകാരനായ ഒരു സിംഹം സാംസണുനേരേ ചാടിവീണു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ സാംസണ്‍ പിന്നിലേക്കു മറിഞ്ഞുവീണു. അവന്‍റെമേല്‍ സിംഹം തന്‍റെ മുന്‍കാലുകളമര്‍ത്തി. വായ പിളര്‍ന്ന്, നീണ്ട ദൃംഷ്ടകള്‍ കഴുത്തിനുനേരേ അടുപ്പിക്കുന്ന ആ ജന്തുവിന്‍റെ കീഴ്ത്താടിക്കുതാഴെ സാംസണ്‍ കടന്നുപിടിച്ചു. ജടവലിച്ചു പറിച്ചെടുത്തു. ഒപ്പം മുട്ടുകാലുയര്‍ത്തി, അതിന്‍റെ വയറില്‍ കനത്ത പ്രഹരമേല്പിച്ചു. മല്പിടുത്തത്തിനൊടുവില്‍ സാംസണ്‍ ആ സിംഹത്തെ എടുത്തുയര്‍ത്തി നിലത്തടിച്ചു. പിന്നെ അതിന്‍റെ പിന്‍കാലുകളിലൊന്നില്‍ച്ചവിട്ടി, മറ്റേക്കാല്‍ കൈകൊണ്ടുവലിച്ചുയര്‍ത്തി. സിംഹത്തിന്റെ ശരീരം രണ്ടായി വലിച്ചുകീറി, കുറച്ചകലെയുണ്ടായിരുന്ന പാറക്കൂട്ടത്തിനിടയിലേക്കു വലിച്ചെറിഞ്ഞു.

ഗോതമ്പുവയലിന്‍റെ വശത്തുകൂടെ ഒഴുകിയിരുന്ന അരുവിയിലിറങ്ങി ദേഹശുദ്ധിവരുത്തി. നേരം ഉച്ചയോടടുത്തതിനാല്‍ അത്തിമരത്തില്‍നിന്ന് ഏതാനും പഴങ്ങള്‍ പറിച്ചുതിന്നു. അല്പനേരം അതിനുകീഴില്‍ക്കിടന്നു വിശ്രമിച്ചിട്ടു യാത്രതുടരാമെന്ന് അയാള്‍ കരുതി.

എന്തോ ശബ്ദംകേട്ടാണു സാംസണ്‍ ഉറക്കമുണര്‍ന്നത്. സൂര്യന്‍ പടിഞ്ഞാറേയ്ക്കു താഴ്ന്നുതുടങ്ങിയിരുന്നു. മലഞ്ചരിവിലെ പുല്‍മേട്ടില്‍ തന്‍റെ ആട്ടിന്‍കൂട്ടത്തെ മേയ്ക്കാനെത്തിയ ഒരു ഫിലിസ്ത്യപ്പെണ്‍കുട്ടി അവനെ ശ്രദ്ധിച്ചുകൊണ്ട് അവിടെ നിന്നിരുന്നു.

“നിങ്ങളാരാണ്? മുമ്പിവിടെയൊന്നും കണ്ടിട്ടില്ലല്ലോ! ഒരു ഹെബ്രായനാണെന്നു തോന്നുന്നല്ലോ.” അവളവനോടു ചോദിച്ചു.

സാംസണ്‍ അവളെ സൂക്ഷിച്ചുനോക്കി. വിടര്‍ന്ന വെള്ളാരംകണ്ണുകളുള്ള, കൃശഗാത്രയായ ഒരു ഫിലിസ്ത്യന്‍ സുന്ദരി. ഒറ്റനോട്ടത്തില്‍ത്തന്നെ സാംസണ് അവളെയിഷ്ടപ്പെട്ടു.

“ഞാനൊരു ഹെബ്രായന്‍തന്നെ. ഇവിടെനിന്ന് ഒരുപാടകലെയുള്ള, സോറാ എന്ന ഗ്രാമത്തില്‍നിന്നു വരുന്നു. ദേശങ്ങള്‍ കാണാനായിറങ്ങിയതാണ്. ആഴ്ചകളായി പല ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും സഞ്ചരിച്ചു. എന്നാല്‍ ഇന്നെന്‍റെ യാത്രയിലെ ഏറ്റവും നല്ല ദിവസമാണെന്നുതോന്നുന്നു. ഇതുവരെ ഒരിടത്തും കാണാന്‍കഴിയാത്ത, ഏറ്റവും സുന്ദരമായ ഒന്നു ഞാനിന്നു കണ്ടെത്തി. ഒറ്റനോട്ടത്തില്‍ത്തന്നെ എനിക്കു നിന്നെ ഇഷ്ടമായി. എന്‍റെ വധുവായി, എന്നോടൊപ്പംപോരാന്‍ നിനക്കു സമ്മതമാണോ?”

“ഞാന്‍ ആരുടെ ഭാര്യയാകണമെന്നു തീരുമാനിക്കേണ്ടത് എന്‍റെ പിതാവാണ്. ദാ, അവിടെ മുന്തിരിത്തോട്ടങ്ങള്‍ക്കുമപ്പുറത്താണു ഞങ്ങള്‍ താമസിക്കുന്നത്. വന്ന് എന്‍റെ പിതാവിനോടു ചോദിക്കൂ.”

“ഞാന്‍ പോയി എന്‍റെ മാതാപിതാക്കളെക്കൂട്ടി വരാം. എന്‍റെ പിതാവുതന്നെ നിന്‍റെ പിതാവിനോടു സംസാരിക്കട്ടെ. അതുവരെയും എനിക്കായി നീ കാത്തിരിക്കുക.”

സഞ്ചാരമവസാനിപ്പിച്ച്, അവനന്നുതന്നെ സേറായിലേയ്ക്കുള്ള മടക്കയാത്ര തുടങ്ങി. വീട്ടില്‍ തിരിച്ചെത്തി, മാതാപിതാക്കളെ തന്‍റെ ഇംഗിതമറിയിച്ചു.

“നമ്മുടെ ജനങ്ങളിലോ ബന്ധുക്കളിലോ കന്യകമാരില്ലാഞ്ഞിട്ടാണോ അപരിച്ഛേദിതരായ ഫിലിസ്ത്യരുടെയിടയില്‍ നീ ഭാര്യയെയന്വേഷിക്കുന്നത്?” മാതാപിതാക്കള്‍ അവനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

പക്ഷേ, അവരുടെ വാക്കുകള്‍ സാംസണെ പിന്തിരിപ്പിച്ചില്ല. ആ പെണ്‍കുട്ടിയുടെ ലാവണ്യം അത്രമേല്‍ അവന്‍റെ ഹൃദയം കീഴടക്കിയിരുന്നു.

മാതാപിതാക്കള്‍ പലവിധത്തില്‍ പിന്തിരിപ്പിക്കാന്‍ശ്രമിച്ചെങ്കിലും സാംസണ്‍ തന്റെ തീരുമാനത്തിലുറച്ചുനിന്നു. 

ഒടുവില്‍, തന്‍റെ ഹൃദയംകീഴടക്കിയ തിമ്നക്കാരിയായ പെണ്‍കുട്ടിയെ ജീവിതസഖിയാക്കാന്‍ സാംസണ്‍ന്‍റെ മാതാപിതാക്കള്‍ അവനെയനുവദിച്ചു. തിമ്നായിലെത്തി, തങ്ങളുടെ പുത്രനുവേണ്ടി, അവന്‍റെ പ്രണയിനിയുടെ മാതാപിതാക്കളോടു വിവാഹകാര്യം സംസാരിക്കാനും അവര്‍ തീരുമാനിച്ചു.

മാതാപിതാക്കള്‍ക്കൊപ്പം അവന്‍ വീണ്ടും തിമ്നായിലേക്കു പുറപ്പെട്ടു. താന്‍ സിംഹത്തോട് എതിരിട്ടുജയിച്ച സ്ഥലത്തെത്തിയപ്പോള്‍ സാംസണ്‍ മാതാപിതാക്കളെ വയല്‍വരമ്പില്‍ നിറുത്തിയിട്ടു സിംഹത്തിന്‍റെ ഉടല്‍വലിച്ചെറിഞ്ഞ പാറക്കെട്ടുകള്‍ക്കരികിലേക്കു പോയി. മാംസംമുഴുവന്‍ അഴുകിത്തീര്‍ന്ന, സിംഹത്തിന്‍റെ ഉണങ്ങിയ അസ്ഥികൂടം അപ്പോഴും അവിടെക്കിടന്നിരുന്നു. ആ അസ്ഥികൂടത്തില്‍ ഒരു വലിയ തേനീച്ചക്കൂടുണ്ടായിരുന്നു. അവന്‍ ശ്രദ്ധാപൂര്‍വ്വം അതടര്‍ത്തിയെടുത്തു. പിന്നെ മാതാപിതാക്കള്‍ക്കരികിലെത്തി, അതില്‍നിന്നു തേന്‍പിഴിഞ്ഞ് അവര്‍ക്കു നല്കി. അവനും ഭക്ഷിച്ചു. എന്നാല്‍, താന്‍ സിംഹവുമായി പോരാടി അതിനെ കൊന്നുവെന്നതോ ആ സിംഹത്തിന്‍റെ അസ്ഥകൂടത്തില്‍നിന്നാണു തേനെടുത്തതെന്നോ മാതാപിതാക്കളോടു പറഞ്ഞില്ല.

സാംസണ്‍ മാതാപിതാക്കള്‍ക്കൊപ്പം യുവതിയുടെ വീട്ടിലെത്തി. ഇരുകുടുംബങ്ങളിലെയും മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ സാംസണ്‍ന്‍റെ പ്രണയസാഫല്യത്തിനു വഴിയൊരുങ്ങി.

വധുവിന്‍റെ പിതാവിന്‍റെ ക്ഷണപ്രകാരം, തിമ്നാക്കാരായ മുപ്പതുചെറുപ്പക്കാര്‍ മണവാളനു തോഴന്മാരായി. തിമ്നായിലെ പതിവനുസരിച്ച്, വിവാഹശേഷം സാംസണ്‍ അവിടെയൊരു വിരുന്നുനടത്തി.

വിരുന്നിനിടെ സാംസണ്‍ മണവാളത്തോഴന്മാരോടു പറഞ്ഞു: “ഞാന്‍ നിങ്ങളോടൊരു കടംകഥ പറയാം. ഏഴുദിവസത്തിനകം ഉത്തരംപറഞ്ഞാല്‍ ഓരോരുത്തര്‍ക്കും ഓരോ ചണവസ്ത്രവും വിശേഷവസ്ത്രവും ഞാന്‍ തരാം. ഉത്തരംപറയാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങളോരോരുത്തരും ഒന്നുവീതം, മുപ്പതു ചണവസ്ത്രങ്ങളും അത്രയുംതന്നെ വിശേഷവസ്ത്രങ്ങളും എനിക്കുതരണം.”

“എന്താണു നിന്‍റെ കടംകഥ? കേള്‍ക്കട്ടെ...” മണവാളത്തോഴന്മാര്‍ സാംസണ്‍ന്‍റെ നിബന്ധന സമ്മതിച്ചുകൊണ്ടു ചോദിച്ചു..

താന്‍ കൊലപ്പെടുത്തിയ സിംഹത്തിന്‍റെ അസ്ഥികൂടത്തില്‍നിന്നു തേന്‍ ലഭിച്ചതോര്‍മ്മിച്ചുകൊണ്ടു സാംസണ്‍ ചോദിച്ചു. "ഭോക്താവില്‍നിന്നു ഭോജനവും മല്ലനില്‍നിന്നു മാധുര്യവും പുറപ്പെട്ടു. എന്താണിതെന്നു നിങ്ങളിലാരു പറയും? ആരുത്തരംപറഞ്ഞാലും സമ്മാനം എല്ലാവര്‍ക്കുമുള്ളതാണ്.”

മൂന്നുദിവസമാലോചിച്ചിട്ടും അവര്‍ക്കാര്‍ക്കും സാംസണ്‍ പറഞ്ഞതിന്‍റെ പൊരുളെന്തെന്നു മനസ്സിലായില്ല. നാലാംദിവസം പുലര്‍ച്ചെ, അവര്‍ സാംസണ്‍ന്‍റെ ഭാര്യയെ സമീപിച്ചു പറഞ്ഞു.

“ഒരു പരദേശിയുടെമുമ്പില്‍ ഞങ്ങളെ അപമാനിതരാക്കാനും ദരിദ്രരാക്കാനുമാണോ നിന്‍റെ പിതാവു ഞങ്ങളെ ക്ഷണിച്ചുവരുത്തി, അവന്‍റെ മണവാളത്തോഴന്മാരാക്കിയത്? നിന്‍റെ ഭര്‍ത്താവില്‍നിന്നു കടംകഥയുടെ പൊരുളറിഞ്ഞു ഞങ്ങളോടു പറഞ്ഞില്ലെങ്കില്‍, ഞങ്ങള്‍ നിന്നെ കുടുംബത്തോടെ ചുട്ടെരിക്കും.”

സാംസണ്‍ന്‍റെ ഭാര്യ ഭയന്നുപോയി. എന്നാല്‍ സംഭവിച്ചതെന്തെന്ന് അവളവനോടു പറഞ്ഞില്ല. പകരം കടംകഥയുടെ പൊരുളെന്തെന്നു പറയാന്‍ സാംസണെ നിര്‍ബ്ബന്ധിച്ചു.

അവന്‍റെ മുമ്പില്‍കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു: “നിനക്കെന്നോടു സ്‌നേഹമില്ല. നിന്‍റെ മണവാളത്തോഴന്മാരോടു നീ ഒരു കടംകഥ പറഞ്ഞു. എന്നാല്‍, അതിന്‍റെ പൊരുളെന്തെന്നു നീ എന്നോടിതുവരെ പറഞ്ഞില്ലല്ലോ...”

“എന്‍റെ മാതാപിതാക്കളോടുപോലും ഞാനതു പറഞ്ഞിട്ടില്ല. നിന്നോടും ഞാനതു പറയുന്നില്ല.”

എന്നാല്‍ അവന്‍റെ ഭാര്യ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. സാംസണ്‍ അടുത്തെത്തുമ്പോഴെല്ലാം അവള്‍ കണ്ണീരൊഴുക്കി. കടംകഥയുടെ അര്‍ത്ഥമെന്തെന്നുപറയാന്‍ അവനെ നിര്‍ബ്ബന്ധിച്ചുകൊണ്ടിരുന്നു. ഏഴാംദിവസം പുലരുംമുമ്പേ അവളതില്‍ വിജയിക്കുകയുംചെയ്തു.

അന്നു സൂര്യനസ്തമിക്കുന്നതിനുമുമ്പ്, മണവാളത്തോഴന്മാര്‍ കടംകഥയുടെ പൊരുളെന്തെന്നു സാംസണോടു പറഞ്ഞു.

എവിടെനിന്നാണ് അവര്‍ക്കീ ഉത്തരം ലഭിച്ചതെന്നു സാംസണു മനസ്സിലായി. അവന്‍ കോപിഷ്ഠനായി. അഷ്‌കലോണ്‍ എന്ന പട്ടണത്തില്‍ച്ചെന്നു മുപ്പതുപേരെക്കൊന്നു കൊള്ളയടിച്ച്, കടംകഥയുടെ സാരംപറഞ്ഞവര്‍ക്കു വാഗ്ദാനംചെയ്ത സമ്മാനങ്ങള്‍ നല്കി. കോപാക്രാന്തനായ അവന്‍, ഭാര്യയോടു കയര്‍ത്തുസംസാരിച്ചതിനുശേഷം, അവളെവിട്ടു തന്‍റെ പിതൃഭവനത്തിലേക്കു പോയി.

സാംസണ്‍ എന്തുകൊണ്ടിങ്ങനെചെയ്തുവെന്ന് അയാളുടെ ഭാര്യാപിതാവറിഞ്ഞിരുന്നില്ല. പുത്രിയോടു വഴക്കടിച്ചും അവളെ കൂടെക്കൂട്ടാതെയും തന്‍റെ നാട്ടിലേക്കു മടങ്ങിയ സാംസണ്‍, മാസങ്ങള്‍കഴിഞ്ഞിട്ടും തിരികെ വരാതായപ്പോള്‍ അവന്‍ തന്‍റെ മകളെ ഉപേക്ഷിച്ചുപോയതാകാമെന്ന് അയാള്‍ കരുതി. തങ്ങൾക്കിടയിൽ സംഭവിച്ചതെന്തെന്ന് സാംസൺൻ്റെ ഭാര്യ തൻ്റെ മാതാപിതാക്കളോടു പറഞ്ഞതുമില്ല.

അതിനാലവർ, സാംസണു മണവാളത്തോഴരായി നല്കിയ യുവാക്കളിലൊരുവനുമായി പുത്രിയുടെ പുനര്‍വിവാഹംനടത്തി.

വീണ്ടും ചില മാസങ്ങള്‍ കടന്നുപോയി. സാംസണ്‍ന്‍റെ കോപം പൂര്‍ണ്ണമായടങ്ങി. പ്രിയതമയെയെക്കുറിച്ചുള്ള ചിന്തകളാല്‍ സാംസണ്‍ന്‍റെ ഹൃദയം വീണ്ടും തരളിതമായി. ഭാര്യയ്ക്കായി നല്ലൊരു സമ്മാനവും കരുതിവച്ച് സാംസണ്‍ വീണ്ടും തിമ്നായിലെത്തി...

------------------------------------------------------------------------------
*കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തോടു പറയുക, കര്‍ത്താവിനു സ്വയംസമര്‍പ്പിക്കുന്നതിനു നാസീര്‍വ്രതമെടുക്കുന്നയാള്‍ സ്ത്രീയായാലും പുരുഷനായാലും, ഇപ്രകാരം ചെയ്യണം: വീഞ്ഞും ശക്തിയുള്ള ലഹരിപാനീയങ്ങളും വര്‍ജ്ജിക്കണം. അവയില്‍നിന്നുണ്ടാക്കിയ വിനാഗിരി കുടിക്കരുത്; മുന്തിരിയില്‍നിന്നുണ്ടാക്കിയ ഏതെങ്കിലും പാനീയം കുടിക്കുകയോ പഴുത്തതോ ഉണങ്ങിയതോആയ മുന്തിരിങ്ങ തിന്നുകയോ അരുത്. വ്രതകാലംമുഴുവന്‍ മുന്തിരിയില്‍നിന്നുള്ള ഒന്നും - കുരുവോ തൊലിപോലുമോ – തിന്നരുത്. ക്ഷൗരക്കത്തി വ്രതകാലത്ത് അവന്റെ തലയില്‍ സ്പര്‍ശിക്കരുത്. കര്‍ത്താവിന്റെമുമ്പില്‍ വ്രതമനുഷ്ഠിക്കുന്നകാലമത്രയും വിശുദ്ധി പാലിക്കണം; മുടി വളര്‍ത്തണം. വ്രതകാലം തീരുവോളം ശവശരീരത്തെ സമീപിക്കരുത്. പിതാവോ മാതാവോ സഹോദരനോ സഹോദരിയോ മരിച്ചാല്‍പ്പോലും അവരെ സ്പര്‍ശിച്ച് അവന്‍ സ്വയമശുദ്ധനാകരുത്. എന്തെന്നാല്‍, ദൈവത്തിന്റെ മുമ്പിലെടുത്ത വ്രതത്തിന്റെ ചിഹ്നം അവന്റെ ശിരസ്സിലുണ്ട്. വ്രതകാലംമുഴുവന്‍ അവന്‍ കര്‍ത്താവിനു വിശുദ്ധനാണ്. – സംഖ്യാ പുസ്തകം അദ്ധ്യായം 6, ഒന്നുമുതല്‍ എട്ടുവരെയുള്ള വാക്യങ്ങള്‍

No comments:

Post a Comment