Sunday 22 July 2018

71. സാംസൺ

ബൈബിൾക്കഥകൾ 71


ജഫ്തയ്ക്കുശേഷം ഇബ്സാന്‍, ഏലോന്‍, അബ്ദോന്‍ എന്നിവരേയും ഇസ്രായേലിൻ്റെ ന്യായപാലകരായി കര്‍ത്താവുയര്‍ത്തി. എങ്കിലും നന്മകള്‍ക്കായി ദൈവത്തെ വിളിക്കുകയും സമൃദ്ധിയില്‍ അവിടുത്തെ മറക്കുകയുംചെയ്തിരുന്ന തങ്ങളുടെ പൂര്‍വ്വികരുടെ വഴിയിലൂടെതന്നെ ഇസ്രായേലിൻ്റെ പിന്‍തലമുറകളും സഞ്ചരിച്ചു.

അബ്ദോൻ്റെ മരണശേഷം കര്‍ത്താവിനെ മറന്നുജീവിച്ച ഇസ്രയേല്‍ജനതയെ അവിടുന്നു ഫിലിസ്ത്യര്‍ക്ക് ഏല്പിച്ചുകൊടുത്തു. ഫിലിസ്ത്യരുടെകീഴില്‍ ഇസ്രയേല്‍ വലഞ്ഞിരുന്ന നാളുകളില്‍ ഇസ്രയേലുകാര്‍ വീണ്ടും കര്‍ത്താവിനെവിളിച്ചു പ്രാര്‍ത്ഥിച്ചുതുടങ്ങി.

സോറാ എന്ന ഗ്രാമത്തില്‍ ജീവിച്ചിരുന്ന ദാന്‍ഗോത്രജനായ മനോവയും ഭാര്യയും എല്ലായ്പോഴും കര്‍ത്താവിനെമാത്രം ആരാധിച്ചുജീവിച്ചവരായിരുന്നു. മനോവയുടെ ഭാര്യ വന്ധ്യയായിരുന്നതിനാല്‍ അവര്‍ക്കു മക്കളുണ്ടായിരുന്നില്ല.

അനപത്യതാദുഃഖവും അയല്‍ക്കാരുടെയും ബന്ധുക്കളുടെയും *പരിഹാസവും ഏറെ മനോവിഷമങ്ങളുണ്ടാക്കിയിരുന്നെങ്കിലും പരസ്പരസ്നേഹത്തിലും ദൈവവിശ്വാസത്തിലും മനോവയും ഭാര്യയും മറ്റാരെയുംകാള്‍ മുമ്പിലായിരുന്നു.

അങ്ങനെയിരിക്കേ, ഒരുദിവസം, വീടിനുമുന്നില്‍, വിറകുണക്കിക്കൊണ്ടിരിക്കുപ്പോള്‍, ഒരു മനുഷ്യന്‍ തൻ്റെനേരേ നടന്നുവരുന്നതു മനോവയുടെ ഭാര്യ കണ്ടു.

സാധാരണമനുഷ്യര്‍ക്കില്ലാത്ത ഒരഭൗമതേജസ് ആ മനുഷ്യൻ്റെ മുഖത്തു ദൃശ്യമായിരുന്നു. ദൈവപുരുഷനായ ഒരു പ്രവാചകനാകാം തൻ്റെനേരെ നടന്നുവരുന്നതെന്ന് അവൾ കരുതി. അവൾക്കു ഭയംതോന്നി.

അവന്‍, അവളുടെ മുമ്പിലെത്തി, അവളോടുപറഞ്ഞു: "നിന്നെ വന്ധ്യയെന്നു പരിഹസിക്കുന്നവര്‍ക്കുമുമ്പില്‍ കര്‍ത്താവു നിന്നെ അനുഗൃഹീതയാക്കും.

നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അതുകൊണ്ട്, നീ സൂക്ഷിക്കണം. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. നിനക്കു ജനിക്കുന്ന പുത്രൻ്റെ തലയില്‍ ക്ഷൗരക്കത്തി തൊടരുത്. അവന്‍ ആജീവനാന്തം ദൈവത്തിനു *നാസീര്‍വ്രതക്കാരനായിരിക്കണം. അവന്‍ ഫിലിസ്ത്യരുടെ കൈയില്‍നിന്ന് ഇസ്രായേലിനു മോചനംനല്കും."

മുഖവുരകൂടാതെയുള്ള അവൻ്റെ വാക്കുകൾ സന്തോഷമേകുന്നവയായിരുന്നെങ്കിലും അവൻ്റെ മുഖത്തിൻ്റെ അഭൗമതേജസ്സും സ്വർഗ്ഗീയസംഗീതംപൊഴിയുന്നതുപോലുള്ള ശബ്ദവും എന്തുചെയ്യണമെന്നും പറയണമെന്നുമറിയാത്ത സന്നിഗ്ദ്ധാവസ്ഥയിൽ അവളെയെത്തിച്ചു. അവള്‍ പെട്ടെന്നു പിന്തിരിഞ്ഞ്, വീട്ടിനുള്ളിലായിരുന്ന ഭര്‍ത്താവിനടുത്തേക്കോടി.

അവള്‍ ഭർത്താവിനടുത്തു ചെന്നുനിന്നു കിതച്ചു. അവൾ പറഞ്ഞു: "ഒരു ദൈവപുരുഷന്‍ എൻ്റെയടുത്തുവന്നു. അവൻ്റെ മുഖം ദൈവദൂതന്റേതുപോലെയാണു്."

അവന്‍ തന്നോടുപറഞ്ഞെതെല്ലാം അവള്‍ മനോവയോടു പറഞ്ഞു.

"അവനാരാണ്? അവൻ്റെ പേരെന്താണ്? എവിടെനിന്നു വരുന്നു?" മനോവ ചോദിച്ചു.

"ഞാനാകെ ഭയന്നുപോയിരുന്നു. എവിടെനിന്നു വരുന്നുവെന്ന് അവനോടു ഞാന്‍ ചോദിച്ചില്ല; അവന്‍ പേരു പറഞ്ഞതുമില്ല."

മനോവ ഭാര്യയോടൊപ്പം വീടിനു പുറത്തേക്കു വന്നു. എന്നാല്‍ അവിടെയാരെയും കണ്ടില്ല. ചുറ്റുവട്ടത്തെല്ലാം തിരഞ്ഞുവെങ്കിലും ആ മനുഷ്യന്‍ എങ്ങോട്ടുപോയെന്നു കണ്ടെത്താനായില്ല.

തൻ്റെ ഭാര്യ പറഞ്ഞതുപോലെ ഒരുപക്ഷേ, അതൊരു ദൈവപുരുഷനാകാമെന്നു മനോവയ്ക്കു തോന്നി. അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. "കര്‍ത്താവേ, അങ്ങയച്ച ദൈവപുരുഷന്‍, വീണ്ടും ഞങ്ങളുടെയടുക്കല്‍വന്ന്, ജനിക്കാനിരിക്കുന്ന ശിശുവിനുവേണ്ടി ഞങ്ങളെന്താണു ചെയ്യേണ്ടതെന്നറിയിക്കാനിടയാക്കണമേ! "

കുറച്ചുദിവസങ്ങള്‍ക്കുശേഷം വയലിലായിരിക്കുമ്പോള്‍ ദൈവദൂതന്‍ വീണ്ടും ആ സ്ത്രീയുടെ അടുത്തുവന്നു. ഭര്‍ത്താവായ മനോവ അപ്പോഴും അവളോടുകൂടെയുണ്ടായിരുന്നില്ല.

അവള്‍ പറഞ്ഞു. "ദൈവപുരുഷാ, അല്പനേരം അങ്ങെനിക്കായി ഇവിടെ നില്‍ക്കണേ, ഞാനോടിപ്പോയി എൻ്റെ ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുവരാം."

അവളോടിച്ചെന്ന്, ഗോതമ്പുവയലിൻ്റെ മറ്റൊരു‍ഭാഗത്തായിരുന്ന ഭര്‍ത്താവിനോടു പറഞ്ഞു: "കഴിഞ്ഞദിവസം എൻ്റെയടുത്തുവന്നയാള്‍ വീണ്ടും വന്നിരിക്കുന്നു."

മനോവ ഭാര്യയോടൊപ്പംചെന്ന് അവനോടു ചോദിച്ചു: "ഞങ്ങള്‍ക്കൊരു പുത്രനുണ്ടാകുമെന്ന് ഇവളോടു പറഞ്ഞതു താങ്കളാണോ?

"അതേ, അതു ഞാന്‍തന്നെ!"

"അങ്ങയുടെ വാക്കുകള്‍ ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ മാനക്കേടു കര്‍ത്താവു നീക്കിക്കളയട്ടെ!

അങ്ങ് പറഞ്ഞതെല്ലാം ഇവളെന്നോടു പറഞ്ഞിരുന്നു. അങ്ങയുടെ വാക്കുകള്‍ നിറവേറുമ്പോള്‍, ബാലൻ്റെ ജീവിതചര്യ എങ്ങനെയായിരിക്കണം? അവനെന്താണു ചെയ്യേണ്ടത്? "

"ഞാന്‍ നിൻ്റെ ഭാര്യയോടു പറഞ്ഞതെല്ലാം അവള്‍പാലിക്കട്ടെ. മുന്തിരിയില്‍നിന്നുള്ളതൊന്നും അവള്‍ ഭക്ഷിക്കരുത്. വീഞ്ഞോ ലഹരിവസ്തുക്കളോ ഉപയോഗിക്കരുത്. അശുദ്ധമായതൊന്നും തിന്നുകയുമരുത്. നിങ്ങള്‍ക്കുണ്ടാകുന്ന പുത്രന്‍ ആജീവനാന്തം *നാസീര്‍വ്രതക്കാരനായിരിക്കണം. "

മനോവ ആ മനുഷ്യനെ താണുവണങ്ങി. "ഞങ്ങള്‍ നിനക്കായി ഭക്ഷണമൊരുക്കാം. ഒരാട്ടിന്‍കുട്ടിയെ പാകംചെയ്യുന്നതുവരെ അങ്ങു കാത്തുനില്‍ക്കണമേ!"

"നിനക്കുവേണ്ടി ഞാന്‍ കാത്തുനില്ക്കാം, എന്നാല്‍ നിൻ്റെ ഭക്ഷണം ഞാന്‍ കഴിക്കുകയില്ല. ആട്ടിന്‍കുട്ടിയെ നീ പാകംചെയ്യുന്നെങ്കില്‍ അതു കര്‍ത്താവിനു ദഹനബലിയായര്‍പ്പിക്കുക"

"അങ്ങു കല്പിക്കുന്നതുപോലെ ഞാന്‍ ചെയ്യാം. അങ്ങയുടെ പേരെന്താണെന്ന് എന്നോടു പറയാമോ?"

"എൻ്റെ പേര് ഒരദ്ഭുതമാണ്. അതു നീയറിയേണ്ടതില്ല."

മനോവ പിന്നീടൊന്നും ചോദിച്ചില്ല.
അവന്‍ ഒരാട്ടിന്‍കുട്ടിയെ കൊന്നു. ധാന്യബലിയോടൊപ്പം ഒരു ദഹനബലിയായി അവനതിനെ കര്‍ത്താവിനര്‍പ്പിച്ചു. ബലിപീഠത്തില്‍നിന്ന് അഗ്നിജ്വാല ആകാശത്തിലേക്കുയര്‍ന്നു. മനോവയും ഭാര്യയും നോക്കിനില്‍ക്കേ, അവരോടു സംസാരിച്ച മനുഷ്യന്‍ ബലിപീഠത്തിലെ അഗ്നിജ്വാലയിലൂടെ ഉയര്‍ന്നുപോയി. അതു കര്‍ത്താവിൻ്റെ ദൂതനായിരുന്നെന്നു മനോവയ്ക്കു മനസ്സിലായി. അവന്‍ ഭാര്യയോടൊപ്പം നിലത്തു കമിഴ്ന്നുവീണു സാഷ്ടാംഗം നമസ്ക്കരിച്ചു.

അധികംനാളുകള്‍ കഴിയുംമുമ്പേ, അവളുടെ ഉദരത്തിലെ ജീവൻ്റെ തുടിപ്പുകള്‍ അവര്‍ തിരിച്ചറിഞ്ഞു. കാലത്തികവില്‍ അവര്‍ക്കൊരു പുത്രന്‍ ജനിച്ചു. അവരവന് സാംസണ്‍ എന്നു പേരിട്ടു.

അവൻ്റെ അമ്മയോടു കല്പിച്ചിരുന്നതുപോലെ ജീവിതാരംഭംമുതല്‍തന്നെ അവന്‍ നാസീര്‍വ്രതത്തില്‍ പരിശീലിപ്പിക്കപ്പെട്ടു. കര്‍ത്താവിൻ്റെയാത്മാവ് ശൈശവത്തിൽത്തന്നെ അവൻ്റെമേലുണ്ടായിരുന്നു.
--------------------------------------------------------------------------------------------------------------------------

  1. അനപത്യത ദൈവശാപമാണെന്ന വിശ്വാസം ഇസ്രായേലിലുണ്ട്.
  2. ഒരു വ്യക്തി, തന്നെത്തന്നെ കര്‍ത്താവിനു സമര്‍പ്പിക്കുന്നതിനായി എടുക്കുന്ന വ്രതം. നാസീർ വ്രതമനുഷ്ഠിക്കുന്നയാൾ വ്രതകാലത്ത്, മുന്തിരിയോ ലഹരിപദാർത്ഥങ്ങളോ ഉപയോഗിക്കുകയില്ല. തലമുടി മുറിക്കുകയുമില്ല.

No comments:

Post a Comment