Sunday 30 September 2018

81. സാമുവേൽ

ബൈബിൾക്കഥകൾ 81

ഹന്നയുടെ പ്രാർത്ഥനയ്ക്കു കർത്താവുത്തരം നല്കി. അവളുടെ ഗർഭപാത്രം ഫലമണിഞ്ഞു. അത്യധികമായ സന്തോഷത്തോടെ അവൾ കർത്താവിനെ സ്തുതിച്ചു.
ഷീലോയിലെ ദൈവാലയത്തിൽ വർഷംതോറുമുള്ള ബലിയർപ്പണത്തിനുപോകാനുള്ള നാളുകളാകുന്നതിനുമുമ്പേ, അവളൊരു പുത്രനെ പ്രസവിച്ചു.
''കർത്താവിനോടു ഞാൻ ചോദിച്ചുവാങ്ങിയതാണിവനെ" കുഞ്ഞിനെക്കാണാനെത്തിയവരോടെല്ലാം അവൾ പറഞ്ഞു എല്ക്കാനയും ഹന്നയും തങ്ങളുടെ പുത്രനു *സാമുവേൽ എന്നു പേരിട്ടു.
ഹന്ന, എൽക്കാനയോടു പറഞ്ഞു. "എനിക്കു കർത്താവു നല്കിയ സമ്മാനമാണിവൻ. ഇവനെ ഞാൻ കർത്താവിനുതന്നെ തിരികെ നല്കും. ഈ വർഷവും അടുത്ത രണ്ടു വർഷങ്ങളിലും ഷീലോയിലേക്കു ബലിയർപ്പണത്തിനായി ഞാൻ  വരികയില്ല. സാമുവേലിന്റെ മുലകുടിതീർന്നതിനുശേഷം, മൂന്നാംവർഷം ഞാൻ അങ്ങയോടൊപ്പം ദൈവാലയത്തിൽവന്നു്, ഇവനെ കർത്താവിനു സമർപ്പിക്കാം. കർത്താവിന്റെ ആലയത്തിലായിരുന്നുകൊണ്ടു് ജീവിതകാലം മുഴുവൻ നമ്മുടെ കുഞ്ഞ്, കർത്താവിനു ശുശ്രൂഷചെയ്യട്ടെ!"
എല്ക്കാന ഹന്നയുടെ അഭിപ്രായത്തോടു യോജിച്ചു. "കുഞ്ഞിനു മുലകുടിമാറുന്നതുവരെ ദീർഘയാത്രകളൊഴിവാക്കുന്നതു നല്ലതുതന്നെ! എന്നാൽ കർത്താവിനോടുനേർന്ന നേർച്ച നിറവേറ്റാൻ മടിക്കരുതു്."
കാലം പെട്ടെന്നു കടന്നുപോയി. സാമുവേൽ വളരെ ഊർജ്ജസ്വലനായ ബാലനായി വളർന്നു. പെനീനയുടെ മക്കൾക്കൊപ്പം അവൻ വീട്ടിലെങ്ങും ഓടിനടന്നു കളിച്ചു. സാമുവേലിനു മൂന്നുവയസ്സു തികഞ്ഞ വർഷം എല്കാനയോടും പെനീനയോടുമൊപ്പം ഹന്നയും സാമുവേലും ഷീലായിലെ ദൈവാലയത്തിലെത്തി.
മൂന്നുവയസ്സുള്ള ഊനമറ്റൊരു കാളക്കുട്ടി, ഒരു ഏഫാ മാവ്‌, ഒരുകുടം വീഞ്ഞ്‌ എന്നിവയാൽ അവർ കർത്താവിനു കൃതജ്ഞതാബലിയർപ്പിച്ചു.
പ്രാർത്ഥനകൾക്കുശേഷം, എല്ക്കാനയും ഹന്നയും സാമുവേലിനോടൊപ്പം പ്രധാനപുരോഹിതനായ ഏലിയുടെ സമീപമെത്തി. നാലുവർഷങ്ങൾക്കുമുമ്പ് ഏലിയുമായി കണ്ടതും അദ്ദേഹം തന്റെ തലയിൽക്കൈവച്ചനുഗ്രഹിച്ചതുമെല്ലാം ഹന്ന ഏലിയെ ഓർമ്മപ്പെടുത്തി.
"ഗുരോ, ഈ കുഞ്ഞിനുവേണ്ടിയാണു ഞാന്‍ പ്രാര്‍ത്ഥിച്ചത്‌; എന്‍െറ പ്രാര്‍ത്ഥന കര്‍ത്താവു കേട്ടു. ലോകരുടെയിടയിൽ എനിക്കുണ്ടായിരുന്ന അപമാനം, അവിടുന്നു തുടച്ചുനീക്കി. അതിനാൽ ഞാനിവനെ കർത്താവിനു സമർപ്പിക്കുന്നു."

ഹന്നയെ അദ്ദേഹം മറന്നിരുന്നില്ല. ആദ്യകാഴ്ചയിൽത്തന്നെ അവൾ അദ്ദേഹത്തിനൊരദ്ഭുതമായിരുന്നു... പ്രാർത്ഥിച്ചുനേടിയ സൗഭാഗ്യം കർത്താവിനുതന്നെ സമർപ്പിച്ചുകൊണ്ടു് അവൾ അദ്ദേഹത്തെ വീണ്ടുമദ്ഭുതപ്പെടുത്തി....
ഹന്ന പറഞ്ഞു: പിതാവേ, എന്റെ ഹൃദയം, കര്‍ത്താവിലാനന്ദിക്കുന്നു. എന്‍െറ ശിരസ്സ്‌ കര്‍ത്താവിലിന്നുയര്‍ന്നിരിക്കുന്നു.  അവിടുത്തെ രക്ഷയില്‍ ഞാനിന്നാ‍നന്ദിക്കുന്നു. മനുഷ്യനെ, ദരിദ്രനും ധനികനുമാക്കുന്നതു കര്‍ത്താവാണ്‌. താഴ്‌ത്തുന്നതുമുയര്‍ത്തുന്നതും അവിടുന്നുതന്നെ.
ദരിദ്രനെ ചാരത്തില്‍നിന്നുയര്‍ത്തുന്നതും അഗതിയെ കുപ്പയില്‍നിന്നു സമുദ്ധരിക്കുന്നതും കർത്താവാണ്. അങ്ങനെ അവിടുന്നവരെ പ്രഭുക്കന്മാരോടൊപ്പമിരുത്തി, ഉന്നതസ്‌ഥാനങ്ങള്‍ക്കവകാശികളാക്കുന്നു.
സുഭിക്ഷമനുഭവിച്ചിരുവര്‍ ആഹാരത്തിനായി കൂലിപ്പണിചെയ്യുന്നതും വിശപ്പനുഭവിച്ചിരുവര്‍ സംതൃപ്‌തിയടയുന്നതും ഞാൻ കാണുന്നുണ്ടു്... വന്ധ്യ സന്താന സൗഭാഗ്യമനുഭവിക്കുമ്പോൾ, . സന്താനസമ്പത്തുണ്ടായിരുന്നവർ നിരാലംബരായി വാർദ്ധക്യം കഴിക്കുന്നില്ലേ?
ഞാനെന്റെ കുഞ്ഞിനെ, അങ്ങയുടെ കരങ്ങളിലൂടെ കർത്താവിനു സമർപ്പിക്കുന്നു. അവിടുന്നെന്നെ ലജ്ജിതയാക്കില്ലെന്ന്, ഞാനുറച്ചു വിശ്വസിക്കുന്നു."
"കര്‍ത്താവിനു സമര്‍പ്പിച്ച ഈ കുട്ടിക്കുപകരം ഈ സ്‌ത്രീയില്‍നിന്നുതന്നെ, വേറെ സന്താനങ്ങളെ ദൈവം നല്കട്ടെ!" എല്‍ക്കാനയെയും ഭാര്യയെയും ഏലി തലയിൽ കൈവച്ചനുഗ്രഹിച്ചു.
ബാലനായ സാമുവേലിനെ ഏലിയുടെ കരങ്ങളിലേല്പിച്ചു്, എല്ക്കാനയും ഹന്നയും റാമായിലേക്കു മടങ്ങി.
ബാലനായ സാമുവേൽ പുരോഹിതനായ ഏലിയോടൊപ്പം കര്‍ത്താവിനു ശുശ്രൂഷചെയ്‌തു തുങ്ങി. അവൻ ദൈവഭക്തിയിലും ജ്ഞാനത്തിലും അനുദിനം വളർന്നു.
വര്‍ഷംതോറും  ഭര്‍ത്താവിനോടൊത്തു ബലിയര്‍പ്പിക്കാനായിപ്പോകുമ്പോള്‍ ഹന്ന, സാമുവേലിനായി ഉടുപ്പുകളും ആഹാരസാധനങ്ങളുമുണ്ടാക്കിക്കൊണ്ടുപോയിരുന്നു. വർഷത്തിലൊരിക്കൽമാത്രം മാതാപിതാക്കൾക്കൊപ്പം ഏതാനും ദിവസങ്ങൾ ചെലവഴിച്ചിരുന്നതല്ലാതെ, മൂന്നു വയസ്സിനുശേഷം പിന്നീടൊരിക്കലും സാമുവേൽ തന്റെ ഭവനത്തിലേക്കു പോയിട്ടില്ല.
കര്‍ത്താവു ഹന്നയെ സമൃദ്ധമായനുഗ്രഹിച്ചു. അവള്‍ ഗര്‍ഭംധരിച്ച്‌, മൂന്നു പുത്രന്മാരെയും രണ്ടുപുത്രിമാരെയും പ്രസവിച്ചു.
ബാലനായ സാമുവേൽ, കർത്താവിനും മനുഷ്യർക്കും പ്രീതികരനായി വളർന്നുവന്നപ്പോൾ,  ഏലിയുടെ പുത്രന്മാർ സർവ്വരുടെയും അപ്രീതിക്കു പാത്രമായിക്കൊണ്ടിരുന്നു.
----------------------
*കേട്ടു എന്നർത്ഥംവരുന്ന ഷെമാ, ദൈവം എന്നർത്ഥംവരുന്ന ഏൽ എന്നീ വാക്കുകൾ ചേർന്നുണ്ടായ പേരാണു ഷെമുഏൽ (ദൈവം കേട്ടു). അതിനെ ഇംഗ്ലീഷുകാർ സാമുവേൽ എന്നാക്കി. (ചിലർ മലയാളീകരിച്ചു ശമുവേലെന്നും പറയും)

No comments:

Post a Comment