Sunday 23 September 2018

80. ഹന്ന

ബൈബിൾക്കഥകൾ 80

ഷീലോയിലെ, ദൈവാലയത്തിന്റെ പടിവാതിലിനു പുറത്തിരുന്നിരുന്ന  യുവതിയെ, പ്രധാനപുരോഹിതനായ ഏലി കുറച്ചുനേരമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുറച്ചേറെനേരമായി അവളവിടെയുണ്ടു്. എന്തൊക്കെയോ പിറുപിറുക്കുന്നതുപോലെ ചുണ്ടനക്കുന്നുണ്ടു്. ചിലപ്പോൾ അവൾ സാഷ്ടാംഗം പ്രണമിക്കുന്നു. മറ്റു ചിലപ്പോൾ ഒരുന്മാദിനിയെപ്പോലെ തലയിട്ടിളക്കുന്നു.
"കഷ്ടം! ഇസ്രായേലിന്റെ യുവതലമുറ എങ്ങനെയാണിങ്ങനെ നശിച്ചുപോകാനിടയായതു്? യുവതികൾപോലും മദ്യലഹരിയിലുന്മത്തരാകുന്നു. നേരം പുലർന്നിട്ടു്, മൂന്നാം മണിക്കൂർ ആകുന്നതേയുള്ളൂ, എന്നിട്ടും...."
ഏലി, തന്റെ പുത്രന്മാരെക്കുറിച്ചോർത്തു. അദ്ദേഹത്തിനു ഹോഫ്നിയെന്നും ഫിനഹാസെന്നും പേരായി രണ്ടു പുത്രന്മാരാണുള്ളത്. പുരോഹിതശുശ്രൂഷകളിൽ അദ്ദേഹത്തെ സഹായിക്കുന്നതു യുവാക്കളായ പുത്രന്മാരാണു്. എന്തുകാര്യം? പലപ്പോഴും ദൈവാലയത്തിലായിരിക്കുമ്പോൾപ്പോലും മദ്യലഹരിയിലായിരുന്നു ആ രണ്ടു പുരോഹിതന്മാരും. തന്റെ കാലശേഷം, ഇസ്രായേലിന്റെ പ്രധാന പുരോഹിതന്റെ വിശുദ്ധ വസ്ത്രങ്ങളണിയേണ്ടവർപോലും മദ്യത്തിന്റെ പ്രലോഭനങ്ങളിൽ വഴിതെറ്റിപ്പോകുന്നു... പിന്നെ മറ്റു യുവാക്കളുടെ കാര്യമെന്തിനു പറയുന്നു?!
ഒരു ദീർഘനിശ്വാസത്തോടെ, ഏലി ആ യുവതിയുടെയടുത്തേക്കു നടന്നു. അദ്ദേഹം അവളെ തട്ടിവിളിച്ചു ചോദിച്ചു:

"എത്രനേരം നീയിങ്ങനെ ഉന്മത്തയായിരിക്കും? നേരം പുലർന്നതല്ലേയുള്ളൂ.. നിന്റെ ലഹരിയവസാനിപ്പിച്ച്, ഇവിടെനിന്നു പോകൂ..."
അവൾ തലയുയർത്തി, ഏലിയെ നോക്കി. ദുഃഖഭരിതമായ മുഖവും കരഞ്ഞുകലങ്ങിയ കണ്ണുകളുമായിരുന്നൂ അവളുടേത്. അപ്രതീക്ഷിതമായി, പ്രധാനപുരോഹിതനെ ഇത്രയടുത്തുകണ്ടപ്പോൾ അവളാദ്യമൊന്നു പകച്ചു. എന്നാൽ പെട്ടെന്നുതന്നെ, അദ്ദേഹത്തെ താണുവണങ്ങിക്കൊണ്ടു പറഞ്ഞു:
"എന്റെ ഗുരോ, അങ്ങനെയല്ല, ഈ ദാസിയെ അധഃപതിച്ച ഒരുവളായി വിചാരിക്കരുതേ! വീഞ്ഞോ ലഹരിപാനീയമോ ഞാന്‍ കഴിച്ചിട്ടില്ല.
വളരെയേറെ മനോവേദനയനുഭവിക്കുന്നവളാണു ഞാന്‍. കര്‍ത്താവിന്റെമുമ്പില്‍ ഞാനെന്റെ ഹൃദയവികാരങ്ങള്‍  പകരുകയായിരുന്നു.
അത്യധികമായ ആകുലതയും അസ്വസ്‌ഥതയുംമൂലമാണ്‌, ഞാനിത്രനേരം ഇവിടെയിരുന്നു കർത്താവിനോടു സംസാരിച്ചത്‌."
തനിക്കു തെറ്റുപറ്റിയെന്നു പുരോഹിതനായ ഏലിക്കു മനസ്സിലായി. അദ്ദേഹം, അവളുടെ ശിരസ്സിൽ വലതുകരംവച്ച് അവളെയനുഗ്രഹിച്ചു.
"മകളേ, നീ സമാധാനമായി പോവുക. നിന്റെ പ്രാര്‍ത്ഥനയെന്തായാലും ഇസ്രായേലിന്റെ ദൈവം, അതു നിനക്കു സാധിച്ചുതരട്ടെ!"
"അങ്ങയുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും എന്റെ മനസ്സിനു ശക്തിപകരുന്നു." അവൾ കണ്ണുനീർ തുടച്ചു. ഏലി കണ്ടുനില്ക്കേ, അവളുടെ മുഖത്തെ മ്ലാനത മാറി. ഏലിയെനോക്കി, ഹൃദ്യമായൊരു പുഞ്ചിരിപൊഴിച്ചുകൊണ്ടു്, ആ യുവതി, തന്റെ ഭർത്താവിന്റെ കൂടാരം ലക്ഷ്യമാക്കി നടന്നു.
ഏലി അദ്ഭുതത്തോടെ അവളെ നോക്കിനിന്നു. ഒരു പുരോഹിതന്റെ അനുഗ്രഹവചസ്സുകൾ, തകർന്നൊരു ഹൃദയത്തെ സുഖപ്പെടുത്തുന്നതെങ്ങനെയെന്ന് ആദ്യമായനഭുവച്ചറിയുകയായിരുന്നൂ, ആ മഹാപുരോഹിതൻ....
എഫ്രായിംമലനാട്ടിലെ റാമായെന്ന പട്ടണത്തിൽ താമസിച്ചിരുന്ന, സൂഫ്‌വംശജനായ എല്‌ക്കാനയുടെ ഭാര്യയായിരുന്നൂ ഹന്നയെന്ന ആ യുവതി. ഹന്നയെക്കൂടാതെ പെനീന്ന എന്ന മറ്റൊരു ഭാര്യകൂടെ എല്ക്കാനയ്ക്കുണ്ടായിരുന്നു. എല്ക്കാന ഹന്നയെയാണു കൂടുതൽ സ്നേഹിച്ചിരുന്നതു്. എന്നാൽ ഹന്നയ്ക്കു സന്താനസൗഭാഗ്യം ലഭിച്ചിരുന്നില്ല.
പെനീന്നയ്ക്കാകട്ടെ മക്കളുണ്ടായിരുന്നു.
വന്ധ്യതനിമിത്തം അയൽക്കാരെല്ലാം ഹന്നയെ പരിഹസിച്ചിരുന്നു. അതിനാൽത്തന്നെ അയൽക്കാരിൽനിന്നു് അവളെപ്പോഴും ഒരകലംപാലിച്ചിരുന്നു. എന്നാൽ ഒരേ ഭവനത്തിൽക്കഴിയുന്ന സപത്നിയുടെ കുത്തുവാക്കുകളിൽനിന്ന് രക്ഷപ്പെടാൻ ഹന്നയ്ക്കു കഴിഞ്ഞില്ല. തന്റെ മക്കൾ, ഹന്നയുടെയടുത്തു പോകുന്നതിൽനിന്ന് പെനീന്ന, അവരെ വിലക്കിയിരുന്നു. തക്കംകിട്ടുമ്പോഴെല്ലാം ഹന്നയെ പരിഹസിക്കാനും പ്രകോപിപ്പിക്കാനും അവൾ ശ്രമിച്ചിരുന്നു. കർത്താവിന്റെ ശാപമാണു ഹന്നയെ വന്ധ്യയാക്കിയതെന്നു  പെനീന്ന പരിഹസിച്ചു..
ഹന്ന കരയുകയും ഭക്ഷണംകഴിക്കാതിരിക്കുകയും ചെയ്യുന്നതുകാണുമ്പോൾ എല്ക്കാന അവളോടു പറയും;
"ഹന്നാ, എന്തിനാണു നീ കരയുകയും ഭക്ഷിക്കാതിരിക്കുകയുംചെയ്യുന്നത്‌? നീയെന്തിനു ദുഃഖിക്കുന്നു? ഞാന്‍ നിനക്കു പത്തു പുത്ര‍ന്മാരിലുമുപരിയല്ലേ?"
എന്നാൽ എല്ക്കാനയുടെ വാക്കുകളൊന്നും അവളെ ആശ്വസിപ്പിച്ചിരുന്നില്ല.
എല്ലാവർഷവും കര്‍ത്താവിനെ ആരാധിക്കാനും അവിടുത്തേക്കു ബലിയര്‍പ്പിക്കാനുമായി, എല്‌ക്കാന, തന്‍െറ പട്ടണത്തില്‍നിന്നു ഷീലോയിലേക്കു പോകുമായിരുന്നു. ഹന്നയും പെനീന്നയും പെനീന്നയുടെ മക്കളുമൊത്ത്, കുടുംബസമേതമായിരുന്നൂ യാത്രകളെല്ലാം.
അക്കൊല്ലവും പതിവുപോലെ, എല്ക്കാനയും കുടുംബവും ദൈവാരാധനയ്ക്കായെത്തി. ഷീലോയിലെ ദേവാലയത്തിനുസമീപം അവർ കൂടാരമടിച്ചു.
അന്നു പ്രഭാതഭക്ഷണത്തിനിടയിൽ പെനീന്ന, ഹന്നയോടു വഴക്കുണ്ടാക്കി. ഇരുവർക്കുമിടയിൽ മദ്ധ്യസ്ഥതയ്ക്കെത്തിയ എല്ക്കാന, അതിൽപ്പരാജിതനായി.
"ദൈവാലയനടയിൽപ്പോലും മനസ്സമാധാനത്തോടെയിരിക്കാൻ സമ്മതിക്കില്ലല്ലോ..." സ്വയംപഴിച്ചുകൊണ്ടു്, അയാൾ കൂടാരംവിട്ടിറങ്ങി.
"ദൈവംശപിച്ച ഈ വന്ധ്യയേയുംകൊണ്ടു ദൈവാലയത്തിലേക്കു പോരരുതെന്നു പറഞ്ഞതല്ലേ ഞാൻ? ശപ്തയായ ഈ മച്ചിയേയും ചുമന്നുനടന്നാൽ കുടുംബംമുഴുവൻ നശിക്കും...." പെനീന്നയുടെ ഈ ശാപവാക്കുകൾ കേട്ടാണു ഹന്ന കൂടാരംവിട്ടിറങ്ങി, ദൈവാലയത്തിന്റെ പടിവാതിലിൽവന്നിരുന്നു കരഞ്ഞതു്...
കർത്താവിന്റെ മഹാപുരോഹിതൻ തന്റെയടുത്തെത്തുമെന്നോ തലയിൽ കൈവച്ചനുഗ്രഹിക്കുമെന്നോ അവൾ സ്വപ്നത്തിൽപ്പോലും കരുതിയിരുന്നതല്ല...
ഏലിയുടെ അധരങ്ങളിൽനിന്നുവന്ന അനുഗ്രഹ വചസ്സുകൾ, ഹന്നയ്ക്കു പുതിയൊരാത്മവിശ്വാസം നല്കി. തന്റെ പ്രാർത്ഥനയ്ക്കു മഹാപുരോഹിതനിലൂടെ ദൈവമൊരുത്തരംനല്കിയെന്ന് അവൾ വിശ്വസിച്ചു. മരണംവരെയും മ്ലാനമാകാത്തവിധം അന്നവളുടെ മുഖം തെളിഞ്ഞു.
ദൈവാരാധനയ്ക്കുശേഷം, എല്ക്കാനയും കുടുംബവും പിറ്റേന്നുതന്നെ, റാമായിലുള്ള തങ്ങളുടെ ഭവനത്തിലേക്കു മടങ്ങി.
ചിലദിവസങ്ങൾക്കുശേഷം, ഒരു രാത്രിയിൽ എല്ക്കാന, ഹന്നയുടെ ശയ്യാമുറിയിൽ ഉറങ്ങാനെത്തി.
ആ രാത്രി, അവനവളോടുചേർന്നപ്പോൾ ദൈവമായ കർത്താവവിടെയുണ്ടായിരുന്നു... ഹന്നയുടെ പ്രാർത്ഥനകളും തന്റെ മഹാപുരോഹിതന്റെ അനുഗ്രഹവാക്കുകളും അവിടുന്നപ്പോൾ അനുസ്മരിച്ചു. 'ഉണ്ടാകട്ടെ'യെന്ന വചനത്താൽ സർവ്വവും സൃഷ്ടിച്ചവന്റെ സാന്നിദ്ധ്യം ആ മിഥുനങ്ങളിൽ, അതുവരെയറിയാത്ത പുതിയൊരനുഭൂതിയായി നിറഞ്ഞു...
(ഹന്നയുടെ കഥ അവസാനിക്കുന്നില്ല)

No comments:

Post a Comment