Sunday 16 September 2018

79. റൂത്തിന്റെ പുത്രൻ

ബൈബിൾക്കഥകൾ 79

നേരം പുലർന്നു്, ആളുകൾ പൊതുസ്ഥലങ്ങളിലേക്കും ചന്തസ്ഥലങ്ങളിലേക്കുമിറങ്ങുന്ന സമയമായപ്പോൾ, ബോവാസ്, തന്റെയും *എലിമെലേക്കിന്റെയും ബന്ധുവായ ഏലിയാസറുടെ വീട്ടിലെത്തി. എന്നാൽ അയാൾ അവിടെയുണ്ടായിരുന്നില്ല.
അവൻ നഗരകവാടത്തിനരികിൽ കാണുമെന്നറിഞ്ഞതിനാൽ, യഹൂദശ്രേഷ്ഠരും സമൂഹത്തിൽ ഉന്നതരുമായ പത്തുപേരോടൊപ്പം, നഗരകവാടത്തിലെത്തി. ഏലിയാസർ അവിടെയുണ്ടായിരുന്നു. അവനെ അഭിവാദനംചെയ്തുകൊണ്ടു്, ബോവാസ് പറഞ്ഞു.
"സഹോദരാ, വരൂ... ഈ തോട്ടത്തിൽ ഞങ്ങളോടൊപ്പം അല്പനേരമിരിക്കൂ... എനിക്കു വളരെ പ്രധാനപ്പെട്ട ചിലകാര്യങ്ങൾ നിന്നോടു സംസാരിക്കാനുണ്ടു്."
നഗരകവാടത്തിനരികെ, പൊതുജനങ്ങൾക്കായുള്ള പൂന്തോട്ടത്തിലെ ഇരിപ്പിടങ്ങളിൽ അവരിരുന്നു. 
നമ്മുടെ ബന്ധുവായ എലിമെലെക്കിന്റെ ഭാര്യ നവോമി, മോവാബു ദേശത്തുനിന്നു തിരിച്ചുവന്ന വിവരം നീയറിഞ്ഞിരിക്കുമല്ലോ. അവളുടെ പുത്രന്റെ വിധവയും നവോമിയോടൊപ്പമുണ്ടു്. മരിച്ചവന്‍െറ നാമം അവകാശികളിലൂടെ നിലനിര്‍ത്തുന്നതിനുവേണ്ടി അവന്‍െറ വിധവയും മൊവാബ്യയുമായ റൂത്തിനെ നീ സ്വീകരിക്കണം. ഇസ്രായേലിന്റെ നിയമമനുസരിച്ചു്, അതിനു കടമയുള്ള ഏറ്റവുമടുത്ത ബന്ധു നീയാണല്ലോ. അതിനാൽ നമ്മുടെ ജനത്തിലെ ഈ ശ്രഷ്‌ഠന്‍മാരുടെ സാന്നിധ്യത്തില്‍, നിന്റെ കടമ നിറവേറ്റാൻ നീ തയ്യാറാകണമെന്നു പറയാണു ഞാന്‍ നിന്നെത്തേടിയെത്തിയത്."
ഏലിയാസർ പറഞ്ഞു: "അതു സാദ്ധ്യമല്ല. കാരണം, അതുവഴി എന്‍െറ അവകാശം നഷ്‌ടപ്പെടാനിടയാകും. അവളിൽ എനിക്കു മക്കൾ പിറന്നാൽ, അവർ മരിച്ചവന്റെ തലമുറയായാണറിയപ്പെടുക. എന്റെ നാമംപേറുന്ന തലമുറകളില്ലാതെയാകും. ഞാൻ കഴിഞ്ഞാൽ അവരുടെ ഉറ്റബന്ധു നീയാണ്. ഈ ശ്രേഷ്ഠന്മാരെ സാക്ഷിയാക്കി ഞാൻ പറയുന്നു, വീണ്ടെടുക്കാനുള്ള അവകാശം നീതന്നെ ഉപയോഗിച്ചുകൊള്ളുക. എനിക്കതു സാദ്ധ്യമല്ല. "
ഏലിയാസർ തന്റെ **ചെരുപ്പൂരി, ബോവാസിനെ ഏല്പിച്ചു.
ബോവാസ്‌ ശ്രഷ്‌ഠന്‍മാരോടും അവിടെക്കൂടിയിരുന്ന മറ്റുള്ളവരോടുമായി പറഞ്ഞു: "എലിമെലെക്കിന്റേതും, മഹ്‌ലോന്‍, കിലിയോന്‍ എന്നിവരുടേതുമായ എല്ലാം ഏലിയാസറുടെ അനുമതിയോടെ, നവോമിയില്‍നിന്ന്‌, ഇന്നു ഞാന്‍ സ്വീകരിക്കുന്നുവെന്നതിനു നിങ്ങള്‍ സാക്ഷികളാണ്‌. നവോമിയുടെ പുത്ര ഭാര്യയും വിധവയുമായ റൂത്തിനെ ഭാര്യയായും ഞാന്‍ സ്വീകരിക്കുന്നു. മരിച്ചവന്റെ നാമം, ജന്മദേശത്തുനിന്നു മാഞ്ഞുപോകാതിരിക്കുന്നതിനും അനന്തരാവകാശികളിലൂടെ നിലനിര്‍ത്തുന്നതിനുംവേണ്ടിയാണിത്‌. ഇന്നു നിങ്ങള്‍ അതിനു സാക്ഷികളാണ്‌."
ബോവാസിന്റെ വാക്കുകൾ കേട്ടവരെല്ലാം അവനെ അഭിനന്ദിച്ചു. ശ്രേഷ്ഠന്മാർ പറഞ്ഞു.
"നിന്റെ വാക്കുകൾക്കു ഞങ്ങള്‍ സാക്ഷികളാണ്‌. കര്‍ത്താവ്‌, നിന്റെ ഭവനത്തിലേക്കുവരുന്ന സ്‌ത്രീയെ, *#*ഇസ്രായേല്‍ജനത്തിനു ജന്മംകൊടുത്ത റാഹേല്‍, ലെയാ എന്നിവരെപ്പോലെയാക്കട്ടെ! 
നീ ഐശ്വര്യവാനും പ്രസിദ്ധനുമാകട്ടെ! *#യൂദായ്‌ക്കു താമാറില്‍ ജനിച്ച പേരെസിന്റെ ഭവനംപോലെ, ഈ യുവതിയില്‍ കര്‍ത്താവു നിനക്കുതരുന്ന സന്താനങ്ങളിലൂടെ നിന്റെ ഭവനവുമാകട്ടെ!"
ഇസ്രായേൽശ്രേഷ്ഠന്മാർ നവോമിയുടെ വീട്ടിലെത്തി, ബോവാസിന്റെ തീരുമാനമറിയിച്ചു. നവോമി മരുമകളെ ചേർത്തണച്ചു്, ആനന്ദാശ്രു പൊഴിച്ചു.
"മകളേ, നിന്നേക്കുറിച്ചുള്ള എന്റെ ആശങ്കകൾക്കു വിരാമമായി. അതിയോഗ്യനായ ഒരുവനെത്തന്നെ കർത്താവു നിനക്കായി നല്കി... നിന്നിലൂടെ എന്റെ പുത്രന്റെ നാമം, ഇസ്രായേലിൽ എന്നും നിലനില്ക്കും... നിന്നെയും നിന്റെ തലമുറകളേയും കർത്താവു നിത്യമായി അനുഗ്രഹിക്കട്ടെ..."
ബത് ലേഹമിലുണ്ടായിരുന്ന ഇസ്രായേൽസമൂഹത്തിന്റെ മുഴുവൻ അനുഗ്രഹത്തോടെ, ബോവാസ് റൂത്തിനെ ഭാര്യയായി സ്വീകരിച്ചു.
അധികംവൈകാതെതന്നെ, ആ ദാമ്പത്യവല്ലരിയിലെ കടിഞ്ഞൂൽപ്പൂവു വിടർന്നു.
കുഞ്ഞിനെക്കാണാനെത്തിയ, അയൽപക്കത്തെ സ്‌ത്രീകള്‍ നവോമിയോടു പറഞ്ഞു: "നിനക്ക്‌ ഒരു പിന്തുടര്‍ച്ചാവകാശിയെ നല്കിയ കര്‍ത്താവു വാഴ്‌ത്തപ്പെട്ടവനാകട്ടെ! അവന്‍ വാര്‍ദ്ധക്യത്തില്‍ നിനക്കു താങ്ങായിരിക്കും. നിന്നെ സ്‌നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാള്‍ വിലപ്പെട്ടവളുമായ നിന്റെ മരുമകളാണവനെ പ്രസവിച്ചത്." നവോമി എല്ലാവർക്കും നന്ദി പറഞ്ഞു.

അവൾ കുഞ്ഞിനെ ഓബദ് എന്നു പേരുവിളിച്ചു.
എല്ലാവർക്കും പ്രിയങ്കരനായി റൂത്തിന്റെ ഏകപുത്രനായ ഓബദ് വളർന്നു. അവൻ യൗവനത്തിലെത്തിയപ്പോൾത്തന്നെ, ബത് ലേഹമിലെ ഇസ്രായേൽ സമൂഹത്തിലെ പ്രമുഖരിലൊരുവനായി അവന്റെ നാമവും അറിയപ്പെട്ടു തുടങ്ങി.
നവോമിയുടെ മരണവേളയിൽ അമ്മയായ റൂത്തിനൊപ്പം അമ്മുമ്മയെ പരിചരിക്കാൻ ഓബദുമുണ്ടായിരുന്നു.
കാലാന്തരത്തിൽ, ഓബദിന്റെ പുത്രനായ ജെസ്സെയിൽനിന്നു ജനിച്ച ദാവീദ്, ഇസ്രായേലിന്റെ രാജാവായിത്തീർന്നു...
---------------------
* നവോമിയുടെ ഭർത്താവു്.
**അവകാശക്കൈമാറ്റത്തിന്റെ അടയാളമായി, ഇസ്രായേലില്‍ നിലവിലിരുന്ന നിയമമിതാണ്‌.
*#* ഇസഹാക്കിന്റെ പുത്രനും അബ്രാഹാമിന്റെ പൗത്രനുമായ യാക്കോബിന്റെ മറ്റൊരു പേരായിരുന്നു ഇസ്രായേൽ. ഇസ്രായേലിന്റെ പന്ത്രണ്ടു മക്കളുടെ തലമുറകളാണ്, ഇസ്രായേൽജനതയായത്. ഇസ്രായേലിന്റെ ഭാര്യമാരായിരുന്നു റാഹേലും ലെയയും.
*# യൂദായുടെ പുത്രനായ 'ഏർ'ന്റെ ഭാര്യയായിരുന്നു, താമാർ.  സന്താനങ്ങളില്ലാതെ മരിച്ച ഏറിനുവേണ്ടി, യൂദാതന്നെയാണു താമാറിനെ ഭാര്യയായി സ്വീകരിച്ചത്.

No comments:

Post a Comment