Sunday 9 September 2018

78. മെതിക്കളത്തിലെ രാത്രി

ബൈബിൾക്കഥകൾ - 78

കാലാപെറുക്കി, തനിക്കു ലഭിച്ച ബാർലിയുമായി റൂത്ത്, വീട്ടിൽ തിരികെയെത്തി. നവോമി അവളോടു് അന്നത്തെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.

"എവിടെയാണ്‌ ഇന്നു നീ കാലാ പെറുക്കിയത്‌? ധാരാളം ബാർലി നമുക്കു ലഭിച്ചല്ലോ.. നിന്നോടു കരുണകാണിച്ച മനുഷ്യർ അനുഗൃഹീതരാകട്ടെ...!"
ബോവാസ് എന്നൊരു മനുഷ്യന്റെ വയലിലാണു താനിന്നെത്തിച്ചേർന്നതെന്ന് അവള്‍ അമ്മായിയമ്മയോടു പറഞ്ഞു. അവന്റെ ദാസിമാരിൽനിന്ന്, അവനെക്കുറിച്ചു മനസ്സിലാക്കാനായ കാര്യങ്ങളെല്ലാം റൂത്ത് നവോമിയെ അറിയിച്ചു.

നവോമി പറഞ്ഞു: നീ പറഞ്ഞകാര്യങ്ങൾ കേൾക്കുമ്പോൾ, എനിക്കു മനസ്സിലാകുന്നു, അവന്‍ നമ്മുടെ ഉറ്റബന്ധുവായ ബൊവാസ്തന്നെ! ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കാരുണ്യം കാണിക്കുന്ന കര്‍ത്താവ്‌ അവനെ അനുഗ്രഹിക്കട്ടെ! മറ്റു വയലുകളില്‍പോയി ശല്യമേല്ക്കാനിടയാകാതെ, ഈ കൊയ്ത്തുകാലം കഴിയുന്നതുവരെ നീ അവന്റെ ദാസിമാരോടുകൂടെ പോകുന്നതാണു നല്ലത്‌."

റൂത്ത്‌ പറഞ്ഞു: "കൊയ്‌ത്തു മുഴുവന്‍ തീരുവോളം വേലക്കാരോടുകൂടെ ഉണ്ടായിരിക്കണമെന്ന്‌ അവനെന്നോടു പറഞ്ഞിട്ടുണ്ട്‌."
ആ കൊയ്ത്തുകാലംമുഴുവൻ, ബാര്‍ലിയുടെയും ഗോതമ്പിന്റെയും വിളവെടുപ്പു കഴിയുന്നതുവരെ അവള്‍ ബോവാസിന്റെ ദാസിമാരോടുചേര്‍ന്നു കാലാപെറുക്കി; തനിക്കും അമ്മായിയമ്മയ്ക്കും പട്ടിണികൂടാതെ കഴിയാനുള്ള ബാർലിയും ഗോതമ്പും റൂത്തു സമ്പാദിച്ചു.

കൊയ്ത്തുകാലം കഴിഞ്ഞപ്പോൾ, നവോമി റൂത്തിനോടു പറഞ്ഞു:
"മകളേ, നിന്നെ, സന്തുഷ്‌ടമായ കുടുംബജീവിതത്തില്‍ പ്രവേശിപ്പിക്കുവാനുള്ള കടമയെനിക്കുണ്ടു്. ഭർത്താവുമരിച്ച സ്ത്രീയെ വിവാഹംകഴിച്ചു്, സഹോദരന്റെ തലമുറ നിലനിറുത്താനുള്ള കടമ ഭർത്തൃസഹോദരന്റേതാണ്. എനിക്കാകട്ടെ, ജീവിച്ചിരിക്കുന്ന പുത്രന്മാരാരുമില്ല. മോശയുടെ നിയമപ്രകാരം, ഭർത്തൃസഹോദരന്മാരില്ലെങ്കിൽ, സഹോദരതുല്യനായ, ഏറ്റവുമടുത്ത ബന്ധുവാണു വിധവയോടുള്ള കടമ നിർവ്വഹിക്കേണ്ടതു്."

"ഞാനെന്തുചെയ്യണമെന്നാണ് അമ്മ പറയുന്നതു്?"

"ബോവാസ്, നിന്റെ ഭർത്തൃസഹോദരനുതുല്യനായ ഉറ്റ ബന്ധുവാണ്. തന്റെ കടമ നിർവ്വഹിക്കാൻ അവനോടു നീ ആവശ്യപ്പെടണം."

നവോമി തുടർന്നു. "ഇന്നുരാത്രി, മെതിക്കളത്തില്‍ അവന്‍ വരുന്നുണ്ടെന്നു ഞാനറിഞ്ഞു. നീ കുളിച്ചു തൈലംപൂശി, ഏറ്റവും നല്ല വസ്‌ത്രവുംധരിച്ചു മെതിക്കളത്തിലേക്കു ചെല്ലുക. എന്നാൽ നീയവിടെയുണ്ടെന്ന് അവനറിയാനിടയാകരുത്.

അവനുറങ്ങാന്‍കിടക്കുന്ന സ്‌ഥലം നോക്കിവയ്‌ക്കുക, അവനുറക്കമായാൽ, നീ ചെന്ന്‌ അവന്റെ കാലിൽനിന്നു പുതപ്പുമാറ്റി അവിടെ കിടക്കുക. അവനുണരുമ്പോൾ അവന്റെ കടമയെക്കുറിച്ചു് അവനോടു പറയുക. നീതിമാനായ ബോവാസ്, നിന്നെ തള്ളിക്കളയുകയില്ലെന്നു ഞാൻ വിശ്വസിക്കുന്നു..."


റുത്ത്, നവോമിയുടെ വാക്കുകൾ അക്ഷരംപ്രതിയനുസരിച്ചു. അവൾ കുളിച്ചൊരുങ്ങി മെതിക്കളത്തിനടുത്തെത്തി.  ബാർലിയും കോതമ്പും മെതിക്കാനെത്തിയവർ, അന്നത്തെ ജോലിയവസാനിപ്പിച്ചു മടങ്ങിപ്പോയി.
അത്താഴത്തിനുശേഷം, ബോവാസ്‌, മെതിക്കളത്തിലെ ധാന്യക്കൂമ്പാരത്തിന്റെയരികില്‍, വിരിയിട്ടു കിടന്നുറങ്ങി.
അവൻ ഉറക്കമായെന്നറിഞ്ഞപ്പോൾ, അവള്‍ സാവധാനംചെന്ന്‌, അവന്റെ കാലില്‍നിന്നു പുതപ്പുമാറ്റി, അവിടെക്കിടന്നു. ബോവാസ് അതറിഞ്ഞില്ല.

അര്‍ദ്ധരാത്രിയില്‍ അവന്‍ ഞെട്ടിയുണര്‍ന്നു. തന്റെ കാല്‍ക്കല്‍ ആരോ കിടക്കുന്നു. മെതിക്കളത്തിൽ കത്തിനിന്ന പന്തത്തിന്റെ അരണ്ടവെളിച്ചത്തിൽ, അതൊരു സ്‌ത്രീയാണെന്ന് അവൻ തിരിച്ചറിഞ്ഞു!

"ആരാണു നീ? എന്തിനിവിടെ വന്നു?" തെല്ലൊരു ഭയത്തോടെ ബോവാസ് ചോദിച്ചു.

"നവോമിയുടെ പുത്രഭാര്യയായ റൂത്താണു ഞാൻ. എന്റെ മരിച്ചുപോയ ഭർത്താവിനു സഹോദരതുല്യനായ അങ്ങ്, മോശനല്കിയ നിയമപ്രകാരം, മരണമടഞ്ഞ സഹദോരന്റെ ഭാര്യയോടുള്ള കടമ നിർവ്വഹിക്കാൻ തയ്യാറാണോയെന്നാരായാനാണു ഞാൻ വന്നതു്."

ബോവാസ് അല്പനേരം നിശബ്ദനായിരുന്നു. പിന്നെ പറഞ്ഞു. "രണ്ടു കാര്യങ്ങളിൽ ഞാൻ നിന്നോടു നന്ദി പറയുന്നു.
അവിവാഹിതനെങ്കിലും ഞാനിപ്പോൾ മദ്ധ്യവയസ്കനായിരിക്കുന്നു. നീയിപ്പോഴും യൗവനാരംഭത്തിൽത്തന്നെ. ഏതൊരു യുവാവിനെയും ആകർഷിക്കാൻവേണ്ട സൗന്ദര്യവും അംഗവടിവുമുള്ളവളായിരുന്നിട്ടും നിയമത്തോടുള്ള വിശ്വസ്തതയാൽ നീ എന്നെത്തേടി വന്നതിനു ഞാൻ നന്ദി പറയുന്നു.

ഞാൻ ശ്രദ്ധിക്കാതെപോയ എന്റെ കടമയെക്കുറിച്ച്, ഓർമ്മപ്പെടുത്താനും അതുവഴി, കർത്താവിനുമുന്നിൽ എന്നെ തെറ്റുകാരനാക്കാതിരിക്കാനും സഹായിച്ചതിനും ഞാൻ നിന്നോടു നന്ദി പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ എന്നേക്കാൾ കടപ്പാടുള്ള മറ്റൊരു ബന്ധു നമുക്കുണ്ടു്. അവൻ തന്റെ കടമ നിർവ്വഹിക്കാൻ തയ്യാറാണോ എന്നന്വേഷിക്കാൻ എനിക്കല്പം സാവകാശം നല്കണം.

പ്രഭാതംവരെ നീയിവിടെ കിടന്നുറങ്ങിക്കൊള്ളൂ. അതിരാവിലെ, ആളറിയുന്നതിനു മുമ്പേ, നിന്നെ ഞാൻ വീട്ടിൽകൊണ്ടുചെന്നാക്കാം. രാത്രിയിൽ മെതിക്കളത്തില്‍ ഒരു സ്‌ത്രീ വന്നെന്ന്‌ മറ്റാരുമറിയേണ്ട."

നേരം പുലരുന്നതിനുമുമ്പേ ഇരുവരുമുണർന്നു. ആളുകളുണർന്ന്, വീഥികളിലേക്കെത്തുന്നതിനുമുമ്പേ, ബോവാസ് റൂത്തിനെ വീട്ടിൽകൊണ്ടുചെന്നാക്കി.

No comments:

Post a Comment