Sunday 2 September 2018

77. ബോവാസിൻ്റെ വയലിൽ


ബൈബിൾക്കഥകൾ - 77

എലിമലേക്കിൻ്റെ ഭാര്യ നവോമി, മരുമകളായ റൂത്തിനൊപ്പം നാട്ടിലേക്കു മടങ്ങിയെത്തിയെന്നറിഞ്ഞ്, ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലരെല്ലാം അവരെ സന്ദർശിച്ചു. മെലിഞ്ഞു വാർദ്ധക്യബാധിതയായ നവോമിയെക്കണ്ടു് പഴയ പരിചയക്കാർ ആശ്ചര്യപ്പെട്ടു.

"*നവോമിയെന്ന പേരിനുപോലും ഞാനിന്നർഹയല്ല. ഭർത്താവിനും മക്കൾക്കുമൊപ്പം എല്ലാംതികഞ്ഞവളായി ഞാനിവിടെനിന്നു പോയി. ആരോരുമില്ലാത്തൊരഭയാർത്ഥിയായി, ഞാനിന്നു മടങ്ങിയെത്തിയിരിക്കുന്നു..."

എലിമലേക്കിൻ്റെ ചില ബന്ധുക്കളും സുഹൃത്തുക്കളും, ബേത്‌ലെഹേം പട്ടണത്തിൻ്റെ പ്രാന്തത്തിൽ, ദരിദ്രരായ ആളുകൾ താമസിക്കുന്ന ഒരു പ്രദേശത്ത്, നവോമിയ്ക്കും മരുമകൾക്കും പാർക്കാനായി ഒരു കൂടാരമൊരുക്കി...

അപ്പോൾ ബാർലിപ്പാടങ്ങളിൽ കൊയ്ത്തുകാലമായിരുന്നു.
"നമ്മുടെ അയൽപക്കങ്ങളിലുള്ള സ്ത്രീകൾ ബാർലിപ്പാടങ്ങളിൽ *കാലാപെറുക്കാൻ പോകുന്നുണ്ടു്. ഞാനുംപോയി, എന്നെയനുവദിക്കുന്നവരുടെ പാടങ്ങളിൽനിന്നു കാലാപെറുക്കട്ടേ?" റുത്ത്, നവോമിയോടു ചോദിച്ചു.

"പോയ്‌ക്കൊള്ളുക. നമ്മുടെ വിശപ്പടക്കാനുള്ളതെന്തെങ്കിലും കിട്ടിയാൽ, അത്രയും നല്ലതല്ലേ?" റൂത്ത്‌, അമ്മായിയമ്മയുടെ അനുവാദത്തോടെ, കാലാപെറുക്കാനിറങ്ങി. 

അവരുടെ കൂടാരത്തിൽനിന്നു കുറച്ചേറെ അകലെയുള്ളൊരു  വയലില്‍ച്ചെന്നെത്തി, കൊയ്‌ത്തുകാർ കൊയ്തുപോകുന്നതിനു പിന്നാലെ കാലാപെറുക്കിത്തുടങ്ങി.

തൻ്റെ അമ്മായിയപ്പനായ എലിമെലെക്കിൻ്റെ കുടുംബത്തില്‍പ്പെട്ട, ധനികനായ ബോവാസിൻ്റെ വയലിലാണു താനെത്തിച്ചേര്‍ന്നതെന്നു റൂത്ത് അറിഞ്ഞിരുന്നില്ല.

അന്നു്, ബോവാസ്‌ ബേത്‌ലെഹെമില്‍നിന്നു തൻ്റെ വയൽ സന്ദർശിക്കാനെത്തി.
വയലിൽ കാലാപെറുക്കിയിരുന്ന അപരിചിതയായ യുവതിയെ ബോവാസ് ശ്രദ്ധിച്ചു. 

കൊയ്‌ത്തുകാരുടെ മേല്‍നോട്ടംവഹിച്ചിരുന്ന ഭൃത്യനോടു ബോവാസ്‌ ചോദിച്ചു: "ആരാണാ യുവതി? മുമ്പൊരിക്കലും അവളെയിവിടെ കണ്ടിട്ടില്ലല്ലോ? കാഴ്ചയിൽ ഒരു യഹൂദസ്ത്രീയാണെന്നു തോന്നുന്നുമില്ല..."

"നവോമിയോടൊപ്പംവന്ന മൊവാബ്യസ്‌ത്രീയാണവള്‍. വയലില്‍ കാലാപെറുക്കാന്‍ അനുവദിക്കണമേയെന്ന്‌ അവളെന്നോടപേക്ഷിച്ചു. ഞാനനുവദിച്ചു. രാവിലെമുതല്‍ വിശ്രമമില്ലാതെ കാലാപെറുക്കുകയാണവൾ." ഭൃത്യന്‍ മറുപടി പറഞ്ഞു.

"ഓഹോ, അതു ശരി. അവളെ ഒന്നിങ്ങോട്ടു വിളിക്കൂ."

റുത്ത്, അരികിലെത്തിയപ്പോൾ ബോവാസ് പറഞ്ഞു. "ഈ കൊയ്ത്തുകാലം കഴിയുന്നതുവരെ കാലാപെറുക്കാന്‍, ഇവിടംവിട്ടു മറ്റു വയലുകളിലേക്കു നീ പോകേണ്ടാ. ഇവിടെ എൻ്റെ ദാസിമാരോടുകൂടെ ചേര്‍ന്നുകൊള്ളുക. അവര്‍ കൊയ്യുന്നതെവിടെയെന്നു നോക്കി അവരെ പിന്തുടരുക. ഞാനിവിടെയില്ലാത്തപ്പോഴും നിന്നെയാരും ശല്യപ്പെടുത്താനിടയാകരുതെന്ന് ഞാനെൻ്റെ ഭൃത്യന്മാരോടും പറയുന്നുണ്ട്‌."

റൂത്ത്, ബോവാസിനെ താണുവണങ്ങി. "അപരിചിതയും അന്യനാട്ടുകാരിയുമായ എന്നോടിത്ര കരുണതോന്നാൻ ഞാനങ്ങേയ്ക്കെന്തു നന്മചെയ്തു?"

ബോവാസ്‌ പറഞ്ഞു: "നിന്നെക്കുറിച്ചു ഞാൻ കേട്ടിരുന്നു. ഭര്‍ത്താവിൻ്റെ മരണത്തിനുശേഷം, നീ നിൻ്റെ അമ്മായിയമ്മയ്‌ക്കുവേണ്ടിച്ചെയ്‌ത ത്യാഗത്തെക്കുറിച്ചും സ്വന്തംമാതാപിതാക്കളെയും സ്വദേശത്തെയുംവിട്ട്‌ അപരിചിതമായ ഈ ദേശത്തു വന്നതിനെക്കുറിച്ചും ഞാനറിഞ്ഞിരുന്നു. നിൻ്റെ പ്രവൃത്തികള്‍ക്കു കര്‍ത്താവു പ്രതിഫലം നല്കും. നീ അഭയംപ്രാപിച്ചിരിക്കുന്ന, ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവ്‌, നിന്നെ സമൃദ്ധമായനുഗ്രഹിക്കട്ടെ!."

റൂത്ത്, വീണ്ടും വയലിലിറങ്ങി. കൊയ്ത്തുകാർക്കു പിന്നിൽ കാലാപെറുക്കൽ തുടർന്നു.

അവള്‍ വയലിലേക്കു പോയപ്പോള്‍ ബോവാസ്‌ ഭൃത്യന്മാരോടു പറഞ്ഞു:
"അവളെ നിങ്ങൾ ശകാരിക്കരുത്‌. കറ്റകളില്‍നിന്നു കുറേശ്ശെ വലിച്ചൂരി അവള്‍ക്കു പെറുക്കാനായി ഇട്ടുകൊടുക്കണം, അവളതറിയേണ്ടാ."

ഭക്ഷണസമയമായപ്പോൾ, റൂത്തിനായി അപ്പവും മലരും വീഞ്ഞുമായി ബോവാസിൻ്റെ ഭൃത്യന്മാരെത്തി. നവോമിക്കുള്ളതു മാറ്റിവച്ചിട്ടും അവൾക്കു തൃപ്തിയാവോളം ഭക്ഷിക്കുവാനുണ്ടായിരുന്നു.

അന്നു സന്ധ്യവരെ, അവള്‍ ബോവാസിൻ്റെ വയലിൽ കാലാപെറുക്കി. ലഭിച്ചതെല്ലാം മെതിച്ചപ്പോള്‍ ഏകദേശം ഒരു *ഏഫാ ബാര്‍ലിയുണ്ടായിരുന്നു.
----------------------------------------------------------------------------------------------------
*നവോമി - സന്തുഷ്ട
*1 "നിങ്ങള്‍ ധാന്യംകൊയ്യുമ്പോള്‍ വയലിന്റെ അതിര്‍ത്തിതീര്‍ത്തു കൊയ്‌തെടുക്കരുത്‌.
കൊയ്‌ത്തിനുശേഷം കാലാപെറുക്കുകയുമരുത്‌. മുന്തിരിത്തോട്ടത്തിലെ ഫലങ്ങളും തീര്‍ത്തുപറിക്കരുത്‌. വീണുകിടക്കുന്ന പഴം പെറുക്കിയെടുക്കുകയുമരുത്‌. പാവങ്ങള്‍ക്കും പരദേശികള്‍ക്കുമായി അതു നീക്കിവയ്‌ക്കുക." എന്നു മോശവഴി ഇസ്രായേലിനു കർത്താവു നല്കിയ നിയമത്തിൽ പറയുന്നുണ്ടു്.
*ഏഫാ - പറയ്ക്കു തുല്യമായ ഒരളവ്

No comments:

Post a Comment