Sunday 26 August 2018

76. നവോമിയുടെ മരുമക്കൾ

ബൈബിൾക്കഥകൾ - 76

"നിങ്ങൾ ചെറുപ്പമാണ്. വീണ്ടും വിവാഹിതരായി, സന്തോഷകരമായ കുടുംബജീവിതംനയിക്കാൻ ദൈവം നിങ്ങൾക്കിടയാക്കും. നിർഭാഗ്യയായ ഈ അമ്മയോടു നിങ്ങൾകാണിച്ച സ്നേഹത്തിനും വാത്സല്യത്തിനും ദൈവം നിങ്ങളെ അത്യധികമായനുഗ്രഹിക്കും..."  നവോമി തന്റെ മരുമക്കളായ ഓർഫയേയും റൂത്തിനേയും തന്നോടു ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു. 

മൂന്നുപേരുടേയും കവിളുകളിലൂടെ കണ്ണീർച്ചാലുകളൊഴുകിക്കൊണ്ടിരുന്നു.

ഇസ്രായേലിലെ യൂദയാ പട്ടണത്തിൽ, ബേത്‌ലേഹംപ്രദേശത്തുള്ള എലിമലേക്കിന്റെ ഭാര്യയായിരുന്നു നവോമി. ഇസ്രയേലിൽ, ക്ഷാമം രൂക്ഷമായ നാളുകളിൽ, ഭർത്താവിനോടൊത്ത്,  അയൽദേശമായ മൊവാബിലേക്കു കുടിയേറിയതാണവൾ.  

നാലുവയസ്സുകാരൻ മഹലോനും കൈക്കുഞ്ഞായ കിലിയോനും അവരോടൊപ്പമുണ്ടായിരുന്നു. കർത്താവിനോടുള്ള ഭക്തിയിലും മോശയുടെ ന്യായപ്രമാണങ്ങളുടെ പാലനത്തിലും അണുവിട വ്യതിചലിക്കാത്തവരായിരുന്നൂ ഏലിമെലേക്കും നവോമിയും.

മൊവാബിൽ, കാടിനോടുചേർന്നുകിടന്നിരുന്ന ഒരു ചെറുഗ്രാമത്തിൽ, ഒരു കൂടാരമൊരുക്കി, അവരവിടെ താമസമായി. ഭാര്യയും ഭർത്താവും ഒരു മനസ്സോടെ കാട്ടിലേക്കിറങ്ങി, കാടുവെട്ടിത്തെളിച്ചു കൃഷിയിടമൊരുക്കി. അവരുടെ അദ്ധ്വാനം വെറുതെയായില്ല, ഭൂമി  നല്ല വിളവുനല്കി.

അയൽപക്കങ്ങളിൽ എന്താവശ്യമുണ്ടായാലും ഏലിമെലേക്കും നവോമിയും അവിടെയെല്ലാം ഓടിയെത്തിയിരുന്നു. പ്രാർത്ഥനയും പരസ്നേഹവും അദ്ധ്വാനവും മുഖമുദ്രയാക്കിയ ഏലിമലേക്കിന്റെ കുടുംബം അന്നാട്ടുകാരായ മൊവാബ്യർക്കിടയിൽ മാതൃകാകുടുംബമായി അറിയപ്പെട്ടുതുടങ്ങി. പരദേശിയെന്ന മുദ്രമാഞ്ഞ്, ഏലിമലേക്കു് മൊവാബ്യർക്കിടയിൽ ബഹുമാന്യനായിത്തീരാൻ അധികകാലം വേണ്ടിവന്നില്ല.

എന്നാൽ ഏറെനാളുകൾ ആ സന്തോഷം നീണ്ടുനിന്നില്ല. മൂത്തപുത്രനായ മഹലോൻ കൗമാരപ്രായത്തിലേക്കെത്തുന്നതിനു മുമ്പേ, ഏലിമലേക്ക് നിത്യതയിലേക്കു യാത്രയായി.

ഭർത്താവിനെക്കുറിച്ചുള്ള വിലാപത്തിന്റെ ദിനങ്ങളവസാനിച്ചപ്പോൾ നവോമി മക്കളുമായി കൃഷിയിടത്തിലേക്കിറങ്ങി. ബാലന്മാരായ മഹലോനും കിലിയോനും അവർക്കാവുംവിധം അമ്മയെ സഹായിച്ചു. 

മൊവാബുകാർ, തങ്ങളിലൊരു കുടുംബമെന്നതുപോലെയാണ്  ആ കുടുംബത്തെ കരുതിയതു്. നവോമിക്കും മക്കൾക്കും അവരിൽനിന്ന് ഉപദ്രവമൊന്നുമുണ്ടായില്ലാ. ചെറിയ ചെറിയ സഹായങ്ങൾ ലഭിക്കുകയുംചെയ്തിരുന്നു.

കാലചക്രം പിന്നെയുമുരുണ്ടു. മഹലോനും കിലിയോനും യൗവനത്തിലെത്തി. മൊവാബ്യരായ രണ്ടു യുവതികളെ നവോമി അവർക്കായിക്കണ്ടെത്തി. മഹലോന്റെ കരംഗ്രഹിച്ച്, റൂത്തും കിലിയോനൊപ്പം ഓർഫയും നവോമിയുടെ ജീവിതത്തിലേക്കും കുടുംബത്തിലേക്കും കടന്നുവന്നു.
പെണ്മക്കളില്ലാതിരുന്ന നവോമിക്ക്, ഓർഫയും റൂത്തും മക്കളായി. നവോമിയുടെ സ്നേഹവും കരുതലും തിരികെനല്കാൻ മരുമക്കൾ മത്സരിച്ചപ്പോൾ ആ കുടുംബം ഭൂമിയിലെ സ്വർഗ്ഗമായി.

സന്തോഷകരമായ ദിവസങ്ങൾ വേഗത്തിൽക്കടന്നുപോയി. ഒരു ദിവസം, കൃഷിപ്പണികൾക്കുപോയ മഹലോനും കിലിയോനും ജ്വരബാധിതരായാണു വൈകുന്നേരം വയലിൽനിന്നു മടങ്ങിയെത്തിയത്. നാട്ടുവൈദ്യന്മാരുടെ ഔഷധങ്ങൾക്കൊന്നും അവരുടെ ജീവൻ സംരക്ഷിക്കാൻകഴിഞ്ഞില്ല. തങ്ങൾക്കായി പിൻതലമുറകളെ അവശേഷിപ്പിക്കാതെ  മഹലോനും കിലിയോനും ഒരേദിവസംതന്നെ മരണത്തിനു കീഴടങ്ങി.

മഹലോന്റെയും കിലിയോന്റെയും വിലാപദിനങ്ങൾ കഴിഞ്ഞിട്ടും റൂത്തും ഓർഫയും തങ്ങളുടെ പിതൃഭവനങ്ങളിലേക്കു മടങ്ങിപ്പോകാൻ തയ്യാറായില്ല.

"നിങ്ങൾക്കു സന്താനഭാഗ്യം നല്കാതെയാണ് എന്റെ മക്കൾ രണ്ടുപേരും മരണമടഞ്ഞത്. മോശയുടെ നിയമപ്രകാരം, ഒരുവൻ സന്താനമില്ലാതെ മരിച്ചാൽ, മരിച്ചയാളുടെ ഭാര്യയ്ക്കു സന്താനഭാഗ്യം നല്കാൻ അവന്റെ സഹോദരൻ കടപ്പെട്ടിരിക്കുന്നു. എന്നാൽ നിങ്ങൾക്കു ഭർത്താക്കന്മാരായി നല്കാൻ എനിക്കിനി പുത്രന്മാരില്ലല്ലോ... അതുകൊണ്ടു നിങ്ങൾ നിങ്ങളുടെ പിതൃഭവനങ്ങളിലേക്കു മടങ്ങിപ്പോകണം. നിങ്ങളുടെ സമുദായത്തിൽനിന്നുതന്നെ യോഗ്യരായ ചെറുപ്പക്കാരെക്കണ്ടെത്തി വിവാഹിതരാകണം. എനിക്കുള്ള സ്വത്തുക്കളെല്ലാം നിങ്ങൾക്കവകാശമായി ഞാൻ നല്കും"

എത്ര നിർബ്ബന്ധിച്ചാലും അമ്മയെ വിട്ടുപോകില്ലെന്ന് മരുമക്കൾ രണ്ടാളും തീർത്തുപറഞ്ഞു.

കുറച്ചുദിവസങ്ങൾക്കുശേഷം നവോമി മറ്റൊരു തീരുമാനത്തിലേക്കെത്തി. "ഭർത്താവും മക്കളും നഷ്ടപ്പെട്ട ഞാൻ, ഇനിയുമെന്തിനീ അന്യനാട്ടിൽ കഴിയണം? ഞാനെന്റെ ഭർത്താവിന്റെ ബന്ധുജനങ്ങളുടെയടുത്തേക്കു മടങ്ങിപ്പോകുന്നു. ഈ നാട്ടിൽ എനിക്കുള്ള എല്ലാ സമ്പത്തിനും എന്റെ മരുമക്കൾക്കായിരിക്കുമവകാശം."

ഓർഫയും റൂത്തും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നവോമി തന്റെ തീരുമാനത്തിലുറച്ചുനിന്നു. അവർ മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങൾനടത്തി.

യാത്രയ്ക്കുള്ള ദിവസമെത്തിയപ്പോൾ, മരുമക്കൾ തങ്ങളുടെ മാതാപിതാക്കളോടുകൂടെ യൂദായിലേക്കുള്ള വഴിയിൽ മൊവാബിന്റെ അതിർത്തിയോളം നവോമിയെ യാത്രയാക്കാനെത്തി.
അതിർത്തിയിലെത്തിയപ്പോൾ നവോമിയെ കെട്ടിപ്പിടിച്ചുകൊണ്ടു്, മരുമക്കൾ കരഞ്ഞു. 

"ഞങ്ങള്‍ തിരികെപ്പോകുന്നില്ല. അമ്മയുടെ ആളുകളുടെയടുത്തേക്കു ഞങ്ങളും വരുന്നു."

നവോമി രണ്ടുപേരെയും തന്നോടു ചേർത്തുനിർത്തി. "നിങ്ങൾ ചെറുപ്പമാണ്. വീണ്ടും വിവാഹിതരായി, സന്തോഷകരമായ കുടുംബജീവിതംനയിക്കാൻ ദൈവം നിങ്ങൾക്കിടയാക്കും. നിർഭാഗ്യയായ ഈ അമ്മയോടു നിങ്ങൾ കാണിക്കുന്ന സ്നേഹത്തിനും വാത്സല്യത്തിനും ദൈവം നിങ്ങളെ അത്യധികമായി അനുഗ്രഹിക്കും..." '

തന്റെ മാതാപിതാക്കളുടേയും നവോമിയുടെയും വലിയ നിർബ്ബന്ധത്തിനൊടുവിൽ മാതാപിതാക്കൾക്കൊപ്പം പോകാൻ ഓർഫ സമ്മതിച്ചു. 

എന്നാൽ മൂത്തവളായ റൂത്താകട്ടെ നവോമിയെപ്പിരിയാതെനിന്നു.
നവോമി റൂത്തിനോടു പറഞ്ഞു: മകളേ, നിന്റെ സഹോദരി, അവളുടെ ചാര്‍ച്ചക്കാരുടെയും നിങ്ങളുടെ ദേവന്മാരുടെയുമടുത്തേക്ക്‌ മടങ്ങിപ്പോകാൻ തയ്യാറായല്ലോ; അവളെപ്പോലെ നീയും പോകുക. അതാണു നല്ലത്."

റൂത്ത്‌ പറഞ്ഞു: "അമ്മയെ ഉപേക്ഷിക്കാനോ കൂടെപ്പോരാതിരിക്കാനോ എന്നോടു പറയരുത്‌. അമ്മപോകുന്നിടത്തു ഞാനും വരും; വസിക്കുന്നിടത്തു ഞാനും വസിക്കും. അമ്മയുടെ ബന്ധുക്കൾ എന്റെ ബന്ധുക്കളും അമ്മയുടെ ദൈവം എന്റെ ദൈവവുമായിരിക്കും;
അമ്മ മരിക്കുന്നിടത്ത്‌ ഞാനും മരിച്ചടക്കപ്പെടും. മരണംതന്നെ എന്നെ അമ്മയില്‍നിന്നു വേര്‍പെടുത്തിയാല്‍, അതിനുപോലും കര്‍ത്താവ്‌, എന്തു ശിക്ഷയുമെനിക്കു നല്കിക്കൊള്ളട്ടെ."

അവളുടെ ഉറച്ച തീരുമാനമറിഞ്ഞതിനാൽ നവോമിയോ റൂത്തിന്റെ മാതാപിതാക്കളോ പിന്നീടവളെ നിര്‍ബ്ബന്ധിച്ചില്ല.

എല്ലാവരും പരസ്പരം സ്നേഹചുംബനങ്ങൾ നല്കി. നവോമിയും റൂത്തും ബേത്‌ലേഹമിലേക്കും മറ്റുള്ളവർ മൊവാബിലേയ്ക്കും യാത്രയായി.

(റൂത്തിന്റെ കഥ തുടരും)

No comments:

Post a Comment