Sunday 19 August 2018

75. ദലീലയൊരുക്കിയ വിരുന്നു്

ബൈബിൾക്കഥകൾ 75

ദലീലയുടെ വിളികേട്ടു സാംസൺ ഉറക്കമുണർന്നു... തന്റെ ശരീരം ഞാണുകളാൽ ബന്ധിതമായിരിക്കുന്നതുകണ്ട സാംസൺ പൊട്ടിച്ചിരിച്ചു. അവൻ കൈകാലുകൾനിവർത്തി, ഒന്നു ഞെളിഞ്ഞപ്പോൾ കരിഞ്ഞചണനൂലെന്നപോലെ ഞാണുകൾ അറ്റുചിതറി. 
ദലീലയിൽനിന്ന് അടയാളം ലഭിക്കാതിരുന്നതിനാൽ ഉൾമുറിയിലൊളിച്ചിരുന്ന മല്ലന്മാർ പുറത്തുവന്നില്ല.

ദലീല സാംസൺന്റെ തോളുകളിൽപ്പിടിച്ചുലച്ചുകൊണ്ടു കരഞ്ഞു: "നിനക്കെന്നോടു സ്നേഹമില്ല. അല്ലെങ്കിൽ നീയെന്നോടു കളവുപറയുമായിരുന്നോ?"
"ദലീലാ, ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. എന്റെ ശക്തിയുടെ രഹസ്യം ഞാൻ നിന്നോടു പറയട്ടേ?"

"നിന്നെക്കുറിച്ചുള്ള സത്യങ്ങളെല്ലാമറിയാൻ എനിക്കവകാശമില്ലേ? എന്നോടു മനസ്സുതുറക്കുന്നില്ലെങ്കിൽ മാറ്റാരെ നിനക്കു വിശ്വസിക്കാനാകും?"

"ഒരിക്കലുമുപയോഗിച്ചിട്ടില്ലാത്ത പുതിയ കയറുകൊണ്ടു്  എന്നെയാരെങ്കിലും ബന്ധിച്ചാല്‍ ഞാന്‍ ദുര്‍ബ്ബലനായി, സാധാരണ മനുഷ്യരെപ്പോലെയാകും. വേണമെങ്കിൽ ഇപ്പോൾത്തന്നെ പരീക്ഷിച്ചുനോക്കിക്കൊള്ളൂ." സാംസൺ ചിരിച്ചുകൊണ്ടു ദലീലയെ തന്നോടു ചേർത്തിരുത്തി...

"എന്നെ വിടൂ, നീ പറഞ്ഞതു സത്യമാണോയെന്നു ഞാനൊന്നു പരീക്ഷിക്കട്ടെ..."
ദലീലാ പുറത്തുപോയി, ചണനൂലുകൾകൊണ്ടു പിരിച്ചെടുത്ത, ബലമേറിയ പുതിയ കയറുമായിവന്ന്‌, അവനെ വരിഞ്ഞുമുറുക്കിക്കെട്ടി. സാംസൺ കൗതുകത്തോടെ അവൾക്കു വിധേയനായി.

''സാംസണ്‍, ഇതാ ഇപ്പോൾ ഫിലിസ്‌ത്യര്‍ നിന്നെപ്പിടികൂടാൻവന്നാൽ നീയെന്തുചെയ്യും?"

"ദാ, ഇതുപോലെചെയ്യും" കെട്ടിയിരുന്ന കയര്‍, നൂലുപോലെ അവന്‍ പൊട്ടിച്ചുകളഞ്ഞു.

"ഇനിയെത്ര ഫിലിസ്ത്യർവേണമെങ്കിലും വന്നുകൊള്ളട്ടെ! അവരിലൊരുവൻപോലും ജീവനോടെ മടങ്ങുകയില്ല."

"ഇല്ല, നിനക്കെന്നോടു് അല്പംപോലും സ്നേഹമില്ല... നീയെന്നെ വിഡ്ഢിയാക്കുകയാണു്..." ദലീല കരഞ്ഞുതുടങ്ങി...

"കരയേണ്ടപൊന്നേ, എനിക്കു സത്യമായും നിന്നെയിഷ്ടമാണ്. പക്ഷേ, സ്ത്രീകളറിയുന്ന രഹസ്യങ്ങൾ ചിലപ്പോൾ അവർപോലുമറിയാതെ അവർ പരസ്യമാക്കും..."

നേരംപുലർന്നപ്പോൾ, സാംസൺ ഹെബ്രായർക്കിടയിൽ ന്യായപാലനംനടത്തുന്നതിനായി ദലീലയുടെ വിട്ടിൽനിന്നിറങ്ങി.
മുറിക്കുള്ളിലൊളിച്ചിരുന്ന മല്ലന്മാരെ ദലീല തിരികെപ്പറഞ്ഞയച്ചു. 

"സാംസൺന്റെ ശക്തിയുടെ രഹസ്യമെന്തെന്നു് ഒരുദിവസം ഞാൻ കണ്ടെത്തും. അന്നു ഞാൻ ഫിലിസ്ത്യശ്രേഷ്ഠരെ വന്നുകാണാമെന്നറിയിക്കൂ..."

സാംസൺന്റെ ശക്തിയുടെ രഹസ്യമെന്തെന്നറിയാൻ, ദലീല നിരന്തരമയാളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.
"എല്ലായ്പ്പോഴും നീയെന്നെ കബളിപ്പിച്ചിക്കുകയാണു്; എന്നോടെപ്പോഴും കളവുപറയുന്നു. നിനക്കെന്നോടു സ്നേഹവുമില്ല, എന്നെ വിശ്വാസവുമില്ലാ... അല്ലെങ്കിൽ,  നിന്നെയെങ്ങനെ ബന്ധിക്കാനാകുമെന്ന്, നീയെന്നോടു പറയാത്തതെന്തേ?"'

"എന്റെ ഏഴു തലമുടിച്ചുരുളുകളെടുത്ത്‌, പാവിനോടുചേര്‍ത്ത്‌ ആണിയിലുറപ്പിച്ചുനെയ്‌താല്‍ ഞാൻ സാധാരണമനുഷ്യരെപ്പോലെയാകും"

അവനുറങ്ങിയപ്പോൾ  അവളവന്റെ ഏഴു തലമുടിച്ചുരുളെടുത്തു പാവിനോടുചേര്‍ത്ത്‌, ആണിയിലുറപ്പിച്ചു നെയ്‌തു. പിന്നെ അവനെ വിളിച്ചുണർത്തി: "സാംസണ്‍, ഫിലിസ്‌ത്യര്‍ നിന്നെയാക്രമിക്കാന്‍വരുന്നു."

അവന്‍ ഉറക്കത്തില്‍നിന്നെഴുന്നേറ്റ്‌ ആണിയും തറിയും പാവും വലിച്ചുപൊളിച്ചു.
ദലീല ചോദിച്ചു: "നിന്റെ ഹൃദയം എന്നോടുകൂടെയല്ലെങ്കില്‍ എന്നെ സ്നേഹിക്കുന്നുവെന്നു നിനക്കെങ്ങനെ പറയാന്‍കഴിയും? എന്നോടു കളവുപറഞ്ഞ മൂന്നുപ്രാവശ്യവും, നീയെന്നെ അവഹേളിക്കുകയല്ലേചെയ്തത്?"

ദലീലയുടെ പരിഭവങ്ങൾക്കുമുമ്പിൽ അധികനാൾ പിടിച്ചുനിൽക്കാൻ സാംസണു കഴിഞ്ഞില്ല. അവളുടെ നിരന്തരമായ അലട്ടലുകൾക്കൊടുവിൽ തന്റെ ജനനത്തെക്കുറിച്ചും ജനനംമുതലുള്ള നാസീർവ്രതാനുഷ്ഠാനത്തെക്കുറിച്ചും സാംസൺ ദലീലയോടു വിശദമായിപ്പറഞ്ഞു.
"ഞാനൊരിക്കലും വീഞ്ഞുകുടിക്കുകയോ മുന്തിരിപ്പഴം ഭക്ഷിക്കുകയോ ചെയ്തിട്ടില്ല. ക്ഷൗരക്കത്തി എന്റെ ശിരസ്സില്‍ സ്പര്‍ശിച്ചിട്ടില്ല. ജനനംമുതലേ ഞാന്‍ ദൈവത്തിനു നാസീര്‍വ്രതക്കാരനാണ്‌. നാസിർവ്രതത്തിന്റെ വ്യവസ്ഥകൾക്കു വിരുദ്ധമായി എന്തുചെയ്താലും അതെന്റെ ശക്തിയില്ലാതാക്കും. മുടിവെട്ടിയാല്‍  ശക്തിനഷ്‌ടപ്പെട്ട്‌, ഞാന്‍ മറ്റു മനുഷ്യരെപ്പോലെയാകും...."
അവന്‍ സത്യംതുറന്നുപറഞ്ഞെന്നു് ദലീലായ്ക്കു മനസ്സിലായി. 

പിറ്റേന്ന്, അവൾ ഫിലിസ്‌ത്യരുടെനേതാക്കളുടെയടുത്തേക്ക് ആളയച്ചുപറഞ്ഞു: "ഈ പ്രാവശ്യംകൂടെ നിങ്ങൾ വരുക; ഇത്തവണ അവനെ ബന്ധിക്കാൻ നിങ്ങൾക്കു സാധിക്കും..."

അപ്പോള്‍ ഫിലിസ്‌ത്യരുടെ നേതാക്കന്മാര്‍, അവർ വാഗ്ദാനംചെയ്ത പണവുമായി അവളുടെയടുത്തെത്തി. മല്ലന്മാർക്കൊപ്പം അവളുടെ വീടിന്റെ ഉൾമുറികളിലൊന്നിൽ അവരൊളിച്ചിരുന്നു.

അന്നു വൈകുന്നേരം സാംസൺ തിരിച്ചെത്തിയപ്പോൾ അവനു പ്രിയപ്പെട്ട ഭക്ഷണങ്ങളാൽ വിഭവസമൃദ്ധമായ ഒരു സദ്യതന്നെ ദലീല അയാൾക്കായി ഒരുക്കിവച്ചിരുന്നു... അവനെ അകലെക്കണ്ടപ്പോൾത്തന്നെ അവൾ വഴിയിലേക്കോടിച്ചെന്നു.

"നീയെന്നെ അത്യഗാധമായി സ്നേഹിക്കുന്നുവെന്നറിയുന്നതിൽ ഞാനെത്ര സന്തോഷിക്കുന്നുവെന്നോ? ഞാൻ നിനക്കു പ്രിയപ്പെട്ടവളായതിനാൽ നിന്നെക്കുറിച്ചുള്ള രഹസ്യങ്ങളെല്ലാം നീയെന്നോടു പറഞ്ഞു. ഇന്നു നമുക്കാനന്ദിക്കാം... പ്രിയനേ വരൂ... ഞാൻ നിനക്കായി എന്തെല്ലാമാണൊരുക്കിയിരിക്കുന്നതെന്നു കാണൂ...." അവളവനെ ഗാഢമായി ആലിംഗനംചെയ്തു...

ദലീലയൊരുക്കിയ രുചികരമായ ഭക്ഷണങ്ങളും അവളുടെ സ്നേഹസല്ലാപങ്ങളൂം സാംസൺന്റെ ഹൃദയത്തെ മദിപ്പിച്ചു. ആ രാത്രിയിൽ ദലീലയുടെ മടിയിൽ തലചായ്ച്ചുറങ്ങിയ സാംസൺ പെട്ടെന്നുതന്നെ ഗാഢനിദ്രയിലാണ്ടു.

അവനുറക്കമായപ്പോൾ ഒളിച്ചിരുന്ന ഫിലിസ്ത്യരിലൊരാളുടെ സഹായത്തോടെ അവന്റെ തലയിലെ മുടിച്ചുരുളുകൾ ക്ഷൗരംചെയ്തു; പിന്നെ അവളവനെ കുലുക്കിവിളിച്ചു. 



"സാംസണ്‍, ഫിലിസ്‌ത്യര്‍ നിന്നെയാക്രമിക്കാനായി‍ വരുന്നു."
അവനുറക്കമുണര്‍ന്നപ്പോൾ തന്റെ മുടിച്ചുരുളുകൾ മുറിച്ചുമാറ്റിയതറിഞ്ഞു.
അവൻ ദലീലയോടു കയർത്തു. 

"നീയെന്തിനിതുചെയ്തു? എങ്കിലും ആരുവന്നാലും എന്നെത്തന്നെ സ്വതന്ത്രനാക്കാൻ എനിക്കറിയാം"

എന്നാൽ കര്‍ത്താവിൻ്റെയാത്മാവ്, തന്നെവിട്ടുപോയകാര്യം അവനറിഞ്ഞില്ല. അവന്റെ ശക്തി, അവനെവിട്ടുപോയിരുന്നു...

സാംസൺ തന്റെ കെണിയിൽപ്പെട്ടുവെന്നു ദലീലയ്ക്കു മനസ്സിലായി. അവൾ ഫിലിസ്ത്യപ്രഭുക്കന്മാർക്കു് അടയാളംനൽകിയപ്പോൾ  അവർ മല്ലന്മാരോടൊപ്പം ഒളിയിടങ്ങളിൽനിന്നു പുറത്തുവന്നു...

കഴുതയുടെ താടിയെല്ലുമാത്രം ആയുധമാക്കി ആയുധധാരികളായ ആയിരം സൈനികരുടെ ജീവനെടുത്ത സാംസൺ, കാര്യമായ ചെറുത്തുനില്പിനുപോലുമാകാതെ ഫിലിസ്ത്യരുടെ കരങ്ങളിൽപ്പിടഞ്ഞു.

ഓട്ടു ചങ്ങലയിൽ അവരവന്റെ കരചരണങ്ങൾ ബന്ധിച്ചു. കോപത്താൽ ചെമന്നുതിളങ്ങിയ അവന്റെ കണ്ണുകൾ അവർ ചൂഴ്ന്നെടുത്തു മണ്ണിലെറിഞ്ഞു. സാംസൺ വേദനയാൽ അലറിക്കരഞ്ഞു.
അവരവനെ വലിച്ചിഴച്ചു്, ഗാസയിലേക്കു പോയി... 

സാംസൺ പിടിക്കപ്പെട്ടുവെന്നറിഞ്ഞപ്പോൾ,  തെരുവുകളിൽ ഫിലിസ്ത്യർ ആഹ്ലാദനൃത്തംചവിട്ടി. ഇസ്രായേൽക്കാർ ഭയന്നുവിറച്ചു.

ഗാസയിൽ, സാംസണെ ഒരു കാരാഗൃഹത്തിലടച്ചു. കാരാഗൃഹത്തിനുള്ളിലും അവന്റെ കൈകാലുകൾ ചങ്ങലകളാൽ ബന്ധിതമായിരുന്നു. തടവറയിൽ അവരവനെ  ഗോതമ്പുപൊടിച്ചു മാവുണ്ടാക്കുന്ന ജോലിയേല്പിച്ചു.

സാംസൺന്റെ മുടി വീണ്ടും വളർന്നുതുടങ്ങി. അവൻ കർത്താവിനെ വിളിച്ചുകരഞ്ഞു... "കർത്താവേ, എന്റെ ജഢികാഭിലാഷങ്ങൾ എനിക്കു വിനയായി... എന്റെ രഹസ്യങ്ങൾ സൂക്ഷിക്കാനെനിക്കായില്ല...  എന്നോടു കരുണതോന്നേണമേ...!"

തങ്ങളുടെ ദേവനായ ദാഗോന്റെ ഉത്സവമാഘോഷിക്കാനും ദാഗോന് ഒരു വലിയ ബലിയർപ്പിക്കാനുമായി ഫിലിസ്ത്യപ്രഭുക്കന്മാര്‍ ഒരുമിച്ചുകൂടി:
"നമ്മുടെ ദേവന്‍, ശത്രുവായ സാംസനെ നമ്മുടെ കൈയിലേല്പിച്ചിരിക്കുന്നു. അവന്റെ രക്തത്താൽ നമുക്കു ദാഗോൻദേവനെ പ്രീതിപ്പെടുത്താം."

ദാഗോൻദേവന്റെ ക്ഷേത്രത്തോടുചേർന്നു വലിയൊരു നൃത്തമണ്ഡപമുണ്ടായിരുന്നു.. ഉത്സവവേളകളിൽ കലാകായികപ്രകടനങ്ങൾനടത്തിയിരുന്നത്, അവിടെയായിരുന്നു. ആയിരക്കണക്കിളുകൾക്കു് ഒന്നിച്ചിരുന്നു കലാകായികപ്രകടനങ്ങൾ വീക്ഷിക്കാനുള്ള സൗകര്യം ആ മണ്ഡപത്തിനുണ്ടായിരുന്നു. കരിങ്കൽപ്പാളികളാൽ പണിതുയർത്തിയ രണ്ടുനിലകളുള്ള ഒരു കെട്ടിടമായിരുന്നു അത്. രണ്ടു നിലകളിലുമിരിക്കുന്നവർക്കു വ്യക്തമായിക്കാണാവുന്നവിധത്തിലാണ് വേദിയൊരുക്കിയിരുന്നത്.

നൃത്തവേദിയുടെ പിന്നറ്റത്ത്,  ഉയർന്നുനിന്നിരുന്ന ഒറ്റക്കല്ലിൽത്തീർത്ത രണ്ടു തൂണുകളായിരുന്നു, കെട്ടിടത്തിന്റെ മേൽക്കൂര താങ്ങിനിറുത്തിയിരുന്നത്. മുറിയുടെ മദ്ധ്യത്തിലും പ്രധാനകവാടത്തിനരികെയും അത്തരത്തിൽത്തന്നെ, രണ്ടുവീതം കൽത്തൂണുകൾ രണ്ടാംനിലയെ താങ്ങിയിരുന്നു., കരിങ്കൽത്തൂണുകളുടെ മുകളിൽ പലകവിരിച്ചാണ് രണ്ടാംനിലയൊരുക്കിയിരുന്നതു്. രണ്ടാംനിലയിൽ, താഴെയുള്ള തൂണുകൾക്കു മുകളിൽത്തന്നെ, മേൽക്കൂര താങ്ങുവാനുള്ള തൂണുകളുമുറപ്പിച്ചിരുന്നു. 

മണ്ഡപത്തിനു ചുറ്റുമായി, ചവിട്ടുപടികൾപോലെ കരിങ്കല്ലിൽത്തീർത്ത ഇരിപ്പിടങ്ങളിലായിരുന്നു, താഴെത്തെ നിലയിലുള്ള കാണികളിരുന്നിരുന്നത്. മുകളിലെ നിലയിലെ ഇരിപ്പിടങ്ങൾ തടിയിൽത്തീർത്ത്, തുകൽകൊണ്ടു പൊതിഞ്ഞവയായിരുന്നു.

കെട്ടിടത്തിൽ തടിച്ചുകൂടിയിരുന്ന ജനങ്ങൾക്കു നടുവിലേക്കു സാംസണെ അവർ കൊണ്ടുവന്നു. അന്ധനായ സാംസണു വഴികാട്ടിയായി, ഒരാൺകുട്ടി, അവന്റെ കൈപിടിച്ചിരുന്നു. 

അവനെക്കണ്ടപ്പോള്‍ ജനങ്ങള്‍ തങ്ങളുടെ ദേവനെ സ്തുതിച്ചുകൊണ്ട് ആർത്തുവിളിച്ചു: "നമ്മുടെ ദേവന്‍ ശത്രുവിനെ നമുക്കേല്പിച്ചുതന്നിരിക്കുന്നു. അവന്‍ നമ്മുടെ ദേശം നശിപ്പിച്ചവനാണ്‌. നമ്മില്‍ അനേകരെ കൊന്നവനുമാണ്‌."

ഫിലിസ്ത്യപ്രഭുക്കന്മാരെല്ലാവരും അവിടെ സന്നിഹിതരായിരുന്നു. കെട്ടിടത്തിന്റെ മേൽത്തട്ടിൽമാത്രം മൂവായിരത്തിലധികം സ്ത്രീപുരുഷന്മാരുണ്ടായിരുന്നു. 

ചില കായികാഭ്യാസപ്രകടനങ്ങൾക്കുശേഷം, ദാഗോൻദേവന്റെ പ്രീതിക്കായി, സാംസണെ ആ കൽമണ്ഡപത്തിൽത്തന്നെ ബലിയർപ്പിക്കുവാൻ ഫിലിസ്ത്യർ തീരുമാനിച്ചിരുന്നു. ഫിലിസ്ത്യരുടെ ആജ്ഞപ്രകാരം, സാംസൺ അവരുടെമുമ്പിൽ കായികാഭ്യാസപ്രകടനങ്ങൾ നടത്തി. 

അഭ്യാസങ്ങളുടെയിടവേളയിൽ സാംസൺ തന്റെ സഹായിയായ കുട്ടിയോടു പറഞ്ഞു: "ഒന്നു ചാരിനില്‍ക്കാനായി, തൂണുകൾക്കടുത്തേക്ക് എന്നെക്കൊണ്ടുപോകൂ"
കെട്ടിടം താങ്ങിനിന്നിരുന്ന രണ്ടു നെടുംതൂണുകൾക്കു നടുവിലായി അവൻ സാംസണെ നിറുത്തി. അവന്റെ വലത്തുകൈ ഒരു തൂണിലും ഇടത്തുകൈ മറ്റതിലും പിടിപ്പിച്ചു.

അപ്പോള്‍ സാംസണ്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു: "ദൈവമായ കര്‍ത്താവേ, എന്നെയോര്‍ക്കണമേ! ഞാന്‍ നിന്നോടു പ്രാര്‍ത്ഥിക്കുന്നു. എന്നെ ശക്തനാക്കണമേ! ഞാന്‍ നിന്നോട് ഒരിക്കൽക്കൂടെ യാചിക്കുന്നു. എന്റെ കണ്ണുകളിന്നിനുവേണ്ടിയെങ്കിലും ഫിലിസ്‌ത്യരോടു പ്രതികാരംചെയ്യാന്‍ എന്നെ ശക്തിപ്പെടുത്തണമേ!"

ഇരുതൂണുകളിലും കൈപിടിച്ച്, അവൻ ശക്തിയോടെ തള്ളി.
" ഫിലിസ്ത്യരോടുകൂടെ ഞാനും മരിക്കട്ടെ."
സര്‍വ്വശക്തിയുമുപയോഗിച്ച്‌ അവന്‍ തുണുകളുലച്ചു. അവ കടപുഴകി. 

മേൽക്കൂരയാക്കിവച്ചിരുന്ന കൂറ്റൻ കരിങ്കൽപ്പാളികൾക്കടിയിൽ കെട്ടിടത്തിനകത്തുണ്ടായിരുന്ന മുഴുവൻപേരും ചതഞ്ഞരഞ്ഞു. 

ദാഗോൻദേവന്റെ ഉത്സവത്തിനർപ്പിക്കപ്പെട്ട രക്തബലികളിൽ ഏറ്റവും വലതു് അന്നത്തേതായിരുന്നു.

മരണസമയത്തു സാംസൺകൊന്ന ഫിലിസ്ത്യരുടെ എണ്ണം, ജീവിച്ചിരിക്കുമ്പോള്‍ അവൻ വധിച്ചവരേക്കാളധികമായിരുന്നു.

-----------------------------------------------------------

No comments:

Post a Comment