Sunday 5 August 2018

73. തളരാത്ത പോരാളി

ബൈബിൾക്കഥകൾ - 73


ഭാര്യയ്ക്കു സമ്മാനിക്കാനായി കൊഴുത്ത ഒരാട്ടിന്‍കുട്ടിയുമായി സാംസൺ തിംനയിലെത്തി. പക്ഷേ, അവൻ്റെ ഭാര്യ അവളുടെ വീട്ടിലുണ്ടായിരുന്നില്ല.

ഭാര്യാപിതാവ്‌ അവനോടു പറഞ്ഞു: "ആരോടും ഒന്നും പറയാതെയും അവളെക്കൂടെക്കൂട്ടാതെയുമാണു നീയിവിടെനിന്നുപോയത്. മാസങ്ങൾകഴിഞ്ഞിട്ടും തിരികെവന്നതുമില്ല. നീ അവളെ അതിയായിവെറുക്കുന്നുവെന്നും അതിനാലാണ് അവളെ ഉപേക്ഷിച്ചുപോയതെന്നുംവിചാരിച്ച്‌ ഞാനവളെ നിൻ്റെ കൂട്ടുകാരനു വിവാഹംചെയ്തുകൊടുത്തു. അവളിപ്പോൾ അവൻ്റെ വീട്ടിലാണ്. എൻ്റെ ഇളയമകളെ ഞാൻ നിനക്കു വിവാഹംചെയ്തുതരാം. അവളെ സ്വീകരിച്ചു്, നിൻ്റെ ഭാര്യയാക്കി കൊണ്ടുപോയ്ക്കൊള്ളൂ"

"എൻ്റെ ഭാര്യയെ മറ്റൊരുവനു വിവാഹംകഴിച്ചുനല്കിയ നിങ്ങൾ എന്നെ വീണ്ടും അപമാനിക്കാൻശ്രമിക്കുന്നോ? എനിക്കവളോടുള്ള സ്നേഹത്തെപ്രതി നിങ്ങളെ ഞാൻ വെറുതെവിടുന്നു. എന്നാൽ ഇതിനുകൂട്ടുനിന്ന നിങ്ങളുടെ നാട്ടുകാരായ ഫിലിസ്ത്യരെ ഞാൻ വെറുതേവിടില്ല." സാംസണ്‍ കോപത്തോടെ അവിടെനിന്നു പോയി.

അവൻ കുറെയേറെ കുറുനരികളെ പിടികൂടി. ഈരണ്ടെണ്ണത്തെ വാലോടുവാല്‍ചേര്‍ത്തു ബന്ധിച്ച്‌, അവയ്‌ക്കിടയില്‍ തീപ്പന്തം വച്ചുകെട്ടി. അവന്‍ പന്തങ്ങള്‍ക്കു തീകൊളുത്തി. കുറുനരികളെ ഫിലിസ്‌ത്യരുടെ വയലുകളിലേക്ക്‌ ഓടിച്ചുവിട്ടു.

വയലില്‍ വിളഞ്ഞുനിന്നിരുന്ന ഗോതമ്പുചെടികളും വയൽവരമ്പിൽ കൊയ്‌തുകൂട്ടിവച്ചിരുന്ന കറ്റകളും കത്തിച്ചാമ്പലായി. അഗ്നി പടരുന്നതുകണ്ടു ഫിലിസ്ത്യർ ഓടിയെത്തിയെങ്കിലും അവർക്കൊന്നും ചെയ്യാനായില്ല.

അവർ പരസ്പരം ചോദിച്ചു: "ഇതെങ്ങനെ സംഭവിച്ചു? ആരാണിതുചെയ്തത്?"

ഏറെത്താമസിയാതെ അവരുത്തരംകണ്ടെത്തി. "ആ ‌ തിംനാക്കാരൻ്റെ മരുമകനായ സാംസണ്‍ അവൻ്റെ ഭാര്യയെ അമ്മായിയപ്പന്‍ അവൻ്റെ കൂട്ടുകാരന്‌ കൊടുത്തതുകൊണ്ടു ചെയ്‌തതാണിത്‌."

പിന്നെ വൈകിയില്ല, ഫിലിസ്‌ത്യര്‍ചെന്ന്‌ അവളെയും അവളുടെ പിതാവിനെയും അഗ്നിക്കിരയാക്കി.

തൻ്റെ ഭാര്യ വധിക്കപ്പെട്ടതറിഞ്ഞപ്പോൾ സാംസണ്‍ അത്യന്തം കോപിഷ്ടനായി. തൻ്റെ ഭാര്യയേയും ഭാര്യാപിതാവിനേയും അപായപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന സകലരേയും അവനൊറ്റയ്ക്കുനേരിട്ടു. അവൻ്റെ ബലിഷ്ഠകരങ്ങളിൽനിന്നു രക്ഷപ്പെടാൻ ഒരാൾക്കും കഴിഞ്ഞില്ല. അവന‍വരെ കഠിനമായി പ്രഹരിച്ചു കൊലപ്പെടുത്തി.

തിംനായിൽനിന്നു മടങ്ങിയെങ്കിലും ഭാര്യയെക്കൂടാതെ സ്വന്തംവീട്ടിൽ മാതാപിതാക്കൾക്കു മുമ്പിലേക്കു ചെല്ലാൻ സാംസണു തോന്നിയില്ല. അവൻ യൂദയാനാടിനടുത്തുള്ള ഏത്താമെന്ന സ്ഥലത്തുള്ളൊരു പാറക്കെട്ടില്‍പ്പോയി താമസമായി.

സാംസൺ ഫിലിസ്ത്യരോടുചെയ്ത അതിക്രമങ്ങളറിഞ്ഞ ഫിലിസ്ത്യരാജാവ്, യൂദയായിലേക്കു സൈന്യത്തെയയച്ചു. ആയിരം സൈനികർ ലേഹിപട്ടണത്തിലെത്തി താവളമടിച്ചു.

യൂദയായിലെ ഇസ്രായേൽശ്രേഷ്ഠന്മാർ ഫിലിസ്ത്യസൈനികരോടാരാഞ്ഞു: "എന്തുകൊണ്ടാണു നിങ്ങള്‍ ഞങ്ങള്‍ക്കെതിരായി വന്നത്?" 

അവര്‍ പറഞ്ഞു: നിങ്ങളിലൊരുവനായ സാംസണ്‍ ഫിലിസ്ത്യരോടുചെയ്‌ത അക്രമങ്ങൾക്കു ശിക്ഷനല്കാന്‍, അവനെ ബന്ധനസ്‌ഥനാക്കുന്നതിനുവേണ്ടിയാണു ഞങ്ങള്‍ വന്നിരിക്കുന്നത്‌."

"സാംസൺ തെറ്റുചെയ്തെങ്കിൽ അവനെ ഞങ്ങൾതന്നെ നിങ്ങളുടെ കൈകളിലേല്പിക്കാം. നിങ്ങളുടെ നിയമമനുസരിച്ചു വിചാരണചെയ്തു ശിക്ഷിച്ചുകൊള്ളുക."

ഇസ്രായേൽശ്രേഷ്ഠന്മാരുടെ നേതൃത്വത്തിൽ യൂദായിലെ മൂവായിരത്തോളമാളുകള്‍ ഏത്താംപാറയിടുക്കില്‍, സാംസണെച്ചെന്നു കണ്ടു.

"ഫിലിസ്‌ത്യരാണു നമ്മുടെ ഭരണാധികാരികളെന്നു  നിനക്കറിഞ്ഞുകൂടേ? നീയെന്തിനാണിപ്പോള്‍ അവരെയാക്രമിച്ചത്?"

സംഭവിച്ചതെന്തെന്ന് അവനവരോടു പറഞ്ഞു. "അവരെന്നോടു ചെയ്‌തതുപോലെ ഞാനവരോടും ചെയ്‌തു. അതിനു നിങ്ങൾക്കെന്താണിത്ര ആകുലത?"

"നിന്നെത്തേടി ഫിലിസ്ത്യസൈനികർ വന്നിരിക്കുന്നു. നിന്നെ ബന്ധിച്ച്‌, അവരുടെ കൈയിലേല്പിക്കാനാണു ഞങ്ങൾ വന്നിരിക്കുന്നത്. നിന്നെക്കിട്ടിയില്ലെങ്കിൽ അവർ ഇസ്രായേൽക്കാരെ ഒന്നടങ്കം നശിപ്പിക്കും."

"എനിക്കുവേണ്ടി മറ്റാരും ശിക്ഷിക്കപ്പെടേണ്ട. ഞാൻ നിങ്ങൾക്കൊപ്പം വരാം. നിങ്ങളെന്നെ ബന്ധിച്ചുകൊള്ളൂ." സാംസണ്‍ പറഞ്ഞു.

അവര്‍ പുതിയതും ബലവത്തുമായ രണ്ടു കയറുകൾകൊണ്ട്‌ അവനെ ബന്ധിച്ച്‌, ലേഹിയിലേക്കു കൊണ്ടുവന്നു.
അവർ ലേഹിയിലെത്തിയപ്പോള്‍ ഫിലിസ്‌ത്യസൈനികര്‍ ആര്‍പ്പുവിളികളോടെ അവനെക്കാണാനെത്തി. ആയിരത്തിലധികംവരുന്ന ആയുധധാരികളായ സൈനികർക്കുമുമ്പിൽ ബന്ധനസ്ഥനായ സാംസൺ കൂസലില്ലാതെ നിന്നു.

"ഇവനാണോ തിംനയിൽ ഫിലിസ്ത്യരെ കൂട്ടത്തോടെ കൊന്നൊടുക്കിയ കൊലയാളി? ഫിലിസ്ത്യരുടെമേൽ കൈവയ്ക്കുന്ന ഏതൊരുവനും പാഠമാകുന്ന ശിക്ഷതന്നെയാണു നിന്നെ കാത്തിരിക്കുന്നതു്..." ഫിലിസ്ത്യ സൈന്യത്തിൻ്റെ *സഹസ്രാധിപൻ സാംസൺൻ്റെ മുമ്പിലേക്കു വന്നുനിന്നു പറഞ്ഞു.

"അപരിച്ഛേതിതരായ ഫിലിസ്ത്യരുടെ അടിമത്തത്തിൽനിന്ന്, ഇസ്രായേലിനെ മോചിപ്പിക്കാൻ ഇസ്രായേലിൻ്റെ ദൈവമായ കർത്താവു തിരഞ്ഞെടുത്തവനാണു ഞാനെന്നു നിങ്ങളിന്നറിയും..." സാംസൺ ഉറക്കെ വിളിച്ചുപറഞ്ഞു.

അപ്പോൾ കർത്താവിൻ്റെ ചൈതന്യം അവനിൽ നിറഞ്ഞു. അവനൊന്നു കുതറിയപ്പോൾ, അവനെ ബന്ധിച്ചിരുന്ന കയർ, കരിഞ്ഞ ചണനൂലുപോലെ അറ്റു നിലത്തുവീണു. ഞെട്ടിത്തരിച്ചുനിന്ന സഹസ്രാധിപനെ പെട്ടെന്നവൻ എടുത്തുയർത്തി. സംഭവിക്കുന്നതെന്തെന്നു മനസ്സിലാകാതെ, സ്തബ്ദ്ധരായിനിന്ന ഫിലിസ്ത്യസൈനികർക്കുനേരെ അയാളെ ചുഴറ്റിയെറിഞ്ഞു. സഹസ്രാധിപനൊപ്പം നിരവധി സൈനികരും നിലംപതിച്ചു.

ചത്ത കഴുതയുടെ ഒരു താടിയെല്ല് അവിടെക്കിടന്നിരുന്നു. അതു കൈയിലെടുത്ത്, സാംസൺ സൈനികർക്കിടയിലേക്കു പാഞ്ഞുകയറി.
സാംസൺൻ്റെ വലംകൈയിൽ കഴുതയുടെ താടിയെല്ല്, ശക്തമായ ആയുധമായി. അതിൻ്റെയടിയേറ്റ്, ഫിലിസ്ത്യസൈനികരുടെ തലയോട്ടികൾ പിളർന്നു. ഫിലിസ്ത്യരുടെ മൂർച്ചയേറിയ വാളുകൾ, കഴുതയുടെ താടിയെല്ലിനുമുമ്പിൽ സ്വകർമ്മംമറന്നു പകച്ചുപോയി...

സാംസണെ ബന്ധിച്ചുകൊണ്ടുവന്ന ഇസ്രായേൽക്കാർ തങ്ങളുടെ മുമ്പിൽനടക്കുന്ന പോരാട്ടം അദ്ഭുതംകൂറുന്ന മിഴികളോടെ നോക്കിനിന്നു. ഒരു മനുഷ്യൻ, ആയുധധാരികളായ ആയിരം സൈനികരെ ഒറ്റയ്ക്കു നേരിടുന്നു. അന്നേവരെ കേട്ടുകേൾവിപോലുമില്ലാത്ത ഒരപൂർവ്വയുദ്ധത്തിനു് അവർ സാക്ഷികളായി.

ഫിലിസ്ത്യസൈനികർ, ഒരുവൻപോലുമവശേഷിക്കാതെ മരിച്ചുവീണു...

ഇസ്രായേൽക്കാർ ആർപ്പുവിളിച്ചു. എന്നാൽ ആരും സാംസൺൻ്റെയടുത്തേക്കു ചെന്നില്ല.

സാംസൺ തളർന്നിരുന്നു. അവനു വലിയ ദാഹമുണ്ടായിരുന്നു. അവൻ ചുറ്റുംനോക്കി. ഒരിടത്തും ദാഹനീർ കണ്ടില്ല.

അവന്‍ കർത്താവിനെ വിളിച്ചുപ്രാർത്ഥിച്ചു: "ഇസ്രായേലിൻ്റെ ദൈവമായ കർത്താവേ, അവിടുത്തെ ദാസൻ്റെ കരങ്ങൾക്ക് അവിടുന്നു വലിയ വിജയം നേടിത്തന്നതിനാൽ അങ്ങേയ്ക്കു ഞാൻ നന്ദിപറയുന്നു.  എന്നാൽ ഞാനിപ്പോള്‍ ദാഹംകൊണ്ടു വലയുന്നു. മോശയ്ക്കു പാറപിളർന്നു ദാഹനീർ നല്കിയ കർത്താവേ, ദാഹിച്ചുവലഞ്ഞ്, ഈ അപരിച്ഛേദിതരുടെയിടയിൽ മരിച്ചുവീഴാൻ എനിക്കിടയാകരുതേ...."

അപ്പോൾ അല്പമകലെയായി വരണ്ടഭൂമി ഒരുറവ തുറന്നു... 

സാംസൺ അവിടേയ്ക്കു ചെന്നു. ശുദ്ധജലം ആവോളംകുടിച്ചു്, ഊർജ്ജംവീണ്ടെടുത്തു. ഇസ്രായേൽജനം ദൈവത്തെ സ്തുതിച്ചുകൊണ്ടു സാംസണു ചുറ്റുംകൂടി. അവരവനെ ഇസ്രായേലിൻ്റെ നേതാവും ന്യായാധിപനുമായി അംഗീകരിച്ചു.

എന്നാൽ തിംനയിലും ലേഹിയിലും സാംസൺ ഫിലിസ്ത്യർക്കെതിരേചെയ്ത അതിക്രമങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ ഫിലിസ്ത്യർക്കെല്ലാം അവനോടു കടുത്തപകയായി. സാംസൺ വധിക്കപ്പെടണമെന്ന ആഗ്രഹം ആബാലവൃദ്ധം ഫിലിസ്ത്യരിലുമുണർന്നു.

- - - --- - - --- - - --- - - --- - - --
*സഹസ്രാധിപൻ - ആയിരം സൈനികരടങ്ങുന്ന സൈന്യഗണത്തിന്റെ തലവൻ

No comments:

Post a Comment