Sunday 12 August 2018

74. ദലീല

ബൈബിൾക്കഥകൾ - 74

അങ്ങനെയിരിക്കേ ഒരു ദിവസം, സാംസൺ ഗാസപട്ടണത്തിലുള്ള ഒരു വേശ്യാഗൃഹത്തിലെത്തി. കോട്ടകളാൽ ചുറ്റപ്പെട്ട ഗാസയുടെ പട്ടണവാതിൽ സൂര്യാസ്തമയത്തോടെ അടയ്ക്കുമായിരുന്നു. രാത്രി മുഴുവൻ വാതിലടഞ്ഞുകിടക്കുന്നതിനാൽ സൂര്യാസ്തമയത്തിനും ഉദയത്തിനുമിടയിൽ പട്ടണത്തിലുള്ളവർക്കു പുറത്തുപോകാനോ പുറത്തുള്ളവർക്കു പട്ടണത്തിൽ പ്രവേശിക്കാനോ സാദ്ധ്യമായിരുന്നില്ല...

സാംസൺ  വേശ്യാഗൃഹത്തിലുണ്ടെന്നറിഞ്ഞ ഫിലിസ്ത്യർ ഒന്നിച്ചുകൂടി. സ്വജീവൻ വെടിഞ്ഞും സാംസണെ വധിക്കാൻ തയ്യാറായി ആയിരക്കണക്കിനുപേർ ആ സംഘത്തിലുണ്ടായിരുന്നു.

"നേരംപുലരുന്നതിനുമുമ്പു് നമുക്കു പട്ടണവാതിലിനു മുമ്പിലെത്തണം. പട്ടണവാതിൽ തുറന്നാലുടൻ സാംസൺ പുറത്തുവരും. അവനു ചിന്തിക്കാനോ പ്രവർത്തിക്കാനോ പറ്റുന്നതിനുമുമ്പു് അവൻ വധിക്കപ്പെടണം."

ഫിലിസ്ത്യരുടെ കുന്തങ്ങളും വാളുകളും സാംസൺന്റെ രക്തത്തിനായി കൊതിയോടെ കാത്തിരുന്നു...

ആ രാത്രിയിൽ സാംസൺ ആ ഗണികയോടൊപ്പം ശയിച്ചു.
പാതിരാവായപ്പോൾ അവനുണർന്ന്, അവളോടു യാത്രപറഞ്ഞു. അവൻ പട്ടണത്തിന്റെ പടിവാതുക്കലെത്തിയപ്പോൾ അതടച്ചിരിക്കുന്നതായിക്കണ്ടു. പടി കാവൽക്കാർ ആരുമവിടെയുണ്ടായിരുന്നില്ല.
സാംസൺ ആ ഇരുമ്പുകവാടത്തിന്റെ അഴികളിൽപ്പിടിച്ചുലച്ചു. ആയിരം സൈനികരെ, കഴുതയുടെ താടിയെല്ലുമായിനേരിട്ട സാംസൺന്റെ കരുത്തുറ്റ കൈകളെ ഏറെനേരം ചെറുത്തുനിൽക്കാൻ ആ കവാടത്തിനുകഴിഞ്ഞില്ല. കോട്ടയുടെ കരിങ്കൽച്ചുമരുകളോടു ചേർത്തുറപ്പിച്ച പടിവാതിൽ, കട്ടിളക്കാലുകളോടൊപ്പം സാംസൺ ഇളക്കിയെടുത്തു.
പട്ടണപ്പടിപ്പുരയുടെ വാതില്‍ കട്ടിളക്കാലോടുകൂടെ പറിച്ചെടുത്തു തോളിലേറ്റി, ഹെബ്രാനുമപ്പുറത്തുള്ള  മലമുകളിൽക്കൊണ്ടുപോയുപേക്ഷിച്ചു.

പുലർച്ചെ സാംസണെത്തേടിയെത്തിയ ഫിലിസ്ത്യർ പട്ടണപ്പടിവാതിൽ തകർക്കപ്പെട്ടതുകണ്ടമ്പരന്നു.
സാംസൺ രക്ഷപ്പെട്ടതറിഞ്ഞ്, അവർ നിരാശയോടെ മടങ്ങിപ്പോയി.

നാളുകൾ കടന്നുപോയി. ഫിലിസ്ത്യർ എവിടെയെല്ലാം ഹെബ്രായരെ പീഡിപ്പിക്കുവാൻതുനിഞ്ഞുവോ, അവിടെയെല്ലാം സാംസൺ ഓടിയെത്തി. അവന്റെ കായബലം നാൾക്കുനാൾ വർദ്ധിച്ചുവന്നു. ഒപ്പം ഫിലിസ്ത്യർക്കു് അവനോടുള്ള ഭയവും! സാംസൺൻ്റെ തണലിൽ ഇസ്രായേൽക്കാർ ഫിലിസ്ത്യരോടുള്ള ഭീതികൂടാതെയുറങ്ങി

ഒരു സൈന്യത്തെപ്പോലും ഒറ്റയ്ക്കുനേരിടുന്ന സാംസണെ നേരിട്ടുള്ള ഒരേറ്റുമുട്ടലിൽ കീഴ്പ്പെടുത്താനാവില്ലെന്നു ഫിലിസ്ത്യർക്കുറപ്പായിരുന്നു. അതിനാൽ രഹസ്യത്തിൽ അവനെക്കീഴ്പ്പെടുത്താനുള്ള വഴികൾ അവരന്വേഷിച്ചുതുടങ്ങി.

തിംനായിലെ യുവതിയുമായുള്ള വിവാഹബന്ധം വേർപെട്ടശേഷം മറ്റൊരു വിവാഹത്തെക്കുറിച്ചു സാംസൺ ചിന്തിച്ചിട്ടില്ല. എന്നാൽ പലപ്പോഴുമയാൾ വേശ്യാഗൃഹങ്ങൾ സന്ദർശിക്കുന്നതായി ഫിലിസ്ത്യർ മനസ്സിലാക്കി. സാംസണെ കീഴ്പ്പെടുത്തുവാൻ ഏറ്റവുമുചിതമായ മാർഗ്ഗം, അവന്റെ അസാധാരണമായ ശക്തിയുടെ രഹസ്യമെന്തെന്നു കണ്ടെത്താൻ, ഫിലിസ്ത്യജനതയോടു വിശ്വസ്തയായ ഒരു സ്ത്രീയെ നിയോഗിക്കുന്നതാണെന്നു് ഫിലിസ്ത്യ പ്രമുഖർ കരുതി.

അക്കാലത്ത്, സാംസൺ സോറേക്ക് എന്ന ഗ്രാമത്തിലെത്തി. സോറേക്കു താഴ്വരയിൽ, ഒരു ഫിലിസ്ത്യകുടുംബത്തിൽ ദലീലയെന്ന അതിസുന്ദരിയായൊരു യുവതിയുണ്ടായിരുന്നു.
സാംസൺ സോറോക്കിലെത്തിയെന്നറിഞ്ഞപ്പോൾ ഫിലിസ്‌ത്യരുടെ നേതാക്കന്മാര്‍ ദലീലയുടെ അടുത്തുചെന്നു പറഞ്ഞു: "സാംസൺ എന്ന ഹെബ്രായൻ ഫിലിസ്ത്യജനതയ്ക്കു ചെയ്തിട്ടുള്ള ദ്രോഹങ്ങളെക്കുറിച്ചു നിനക്കുമറിവുള്ളതാണല്ലോ. അവനിപ്പോൾ ഈ ഗ്രാമത്തിലുണ്ടു്. നിന്റെ ജനതയുടെ നന്മയ്ക്കുവേണ്ടി, അവനെ നീ വശീകരിക്കണം. അവന്റെ ശക്തി എവിടെ സ്‌ഥിതിചെയ്യുന്നുവെന്നും അവനെ എങ്ങനെ കീഴടക്കിബന്ധിക്കാമെന്നും മനസ്സിലാക്കണം; ഞങ്ങളോരോരുത്തരും നിനക്ക്‌ ആയിരത്തിയൊരുന്നൂറു വെള്ളിനാണയങ്ങൾവീതം തരാം. മാത്രമല്ല, നമ്മുടെ രാജാവിൽനിന്നുള്ള അംഗീകാരവും സമ്മാനങ്ങളും പ്രശസ്തിപത്രവും നിനക്കു സ്വന്തമാക്കാം."

ദലീല ആ ദൗത്യമേറ്റെടുത്തു. അധികംവൈകാതെ സാംസൺ അവളുടെ വീട്ടിലെ നിത്യസന്ദർശകനായി. ദലീല സാംസൺന്റെ ഹൃദയംകവർന്നു. പല രാവുകളിലും അവനവളോടൊത്തുറങ്ങി.



ഒരു രാത്രിയിൽ ദലീല സാംസണോടു പറഞ്ഞു: "നിന്റെ ധൈര്യത്തേയും ശക്തിയേയുംകുറിച്ചു് എന്തെല്ലാം കഥകളാണു നാട്ടിലെങ്ങുംകേൾക്കുന്നതു്! നിന്നെ ബന്ധിച്ചു കീഴ്പ്പെടുത്താൻ ലോകത്തിൽ ഒരു ശക്തിക്കുമാകില്ലേ?... എങ്ങനെയാണു നിനക്കിത്ര അമാനുഷികശക്തി ലഭിച്ചതു്? നീയെന്നെ സത്യമായും സ്നേഹിക്കുന്നെങ്കിൽ നിന്റെ ശക്തിയുടെ രഹസ്യമെന്തെന്ന് എന്നോടു പറയുക..."

സാംസൺ പുഞ്ചിരിച്ചു. അവളുടെ മുടിയിഴകളിലൂടെ വിരലുകളോടിച്ചുകൊണ്ടു പറഞ്ഞു: "ഞാൻ നിന്നെ അത്യഗാധമായി സ്നേഹിക്കുന്നുവെന്നു നിനക്കറിയാമല്ലോ? നിനക്കുമെനിക്കുമിടയിൽ രഹസ്യങ്ങളെന്തിന്? വില്ലിൽക്കെട്ടാനായി തയ്യാറാക്കിയ, ഉണങ്ങാത്ത, ഏഴു പുതിയ ഞാണുകൾകൊണ്ടു് ആരെങ്കിലുമെന്നെ ബന്ധിച്ചാല്‍ എൻ്റെ ശക്തികുറഞ്ഞ്, ഞാന്‍ സാധാരണമനുഷ്യരെപ്പോലെയാകും.
അങ്ങനെയല്ലാത്തിടത്തോളം മനുഷ്യർക്കുമാത്രമല്ലാ ക്രൂരമൃഗങ്ങൾക്കുപോലും എന്നെ കീഴ്പ്പെടുത്താനാകില്ല."

പിറ്റേന്നു പുലർച്ചെ, സാംസൺ വിടുവിട്ടുപോയ ഉടൻതന്നെ, ഫിലിസ്ത്യപ്രഭുക്കൾക്കു ദലീല സന്ദേശമയച്ചു. അവര്‍ ഉണങ്ങാത്ത ഏഴു പുതിയ ഞാണുകൾ അന്നുതന്നെ അവളുടെ വീട്ടിലെത്തിച്ചു. ഞാണുകളാൽ ബന്ധിതനായ സാംസൺൻ്റെ ശക്തിചോരുമ്പോൾ, അവനെ പിടികൂടാനായി    ദലീലയുടെ വീടിൻ്റെ ഉൾമുറികളിലൊന്നിൽ ഫിലിസ്ത്യരായ മല്ലന്മാർ പതിയിരുന്നു.

ഇക്കാര്യങ്ങളൊന്നുമറിയാതെ വൈകുന്നേരം സാംസൺ മടങ്ങിയെത്തി. അവനിഷ്ടപ്പെട്ട രുചിയിൽ  ഭക്ഷണം അവൾ ഒരുക്കിവച്ചിരുന്നു. ഭക്ഷണശേഷം അവളവനെ കിടക്കയിലേക്കു  നയിച്ചു. പ്രണയലീലകൾക്കൊടുവിൽ അവൻ തളർന്നുറങ്ങി..

സാംസൺ ഗാഢനിദ്രയിലാണെന്നുറപ്പായപ്പോൾ , ഫിലിസ്ത്യപ്രഭുക്കന്മാർ കൊടുത്തയച്ച ഞാണുകൾകൊണ്ടു ദലീലയവനെ ബന്ധിച്ചു. പിന്നെ അവളവനെ വിളിച്ചുണർത്തി: "സാംസണ്‍, എഴുന്നേൽക്കൂ...  ഇതാ, ശത്രുക്കളായ ഫിലിസ്‌ത്യര്‍ നിന്നെ വളഞ്ഞിരിക്കുന്നു."

No comments:

Post a Comment