Sunday 7 October 2018

82. വഴിതെറ്റിയ പുരോഹിതർ

ബൈബിൾക്കഥകൾ 82

ബാലനായ സാമുവേൽ, അവന്റെ സ്വഭാവവൈശിഷ്ട്യത്താലും പ്രായത്തിൽക്കവിഞ്ഞ ജ്ഞാനത്താലും എല്ലാവരുടേയും പ്രീതിക്കു പാത്രമായി. 

എന്നാൽ പ്രധാനപുരോഹിതനായ ഏലിയുടെ പുത്രന്മാർ, ഹോഫ്നിയും ഫിനെഹാസും ദുർമ്മാർഗ്ഗികളും വഴിപിഴച്ചവരുമായിരുന്നു. ജനങ്ങളില്‍നിന്നു പുരോഹിതന്മാര്‍ക്കു ലഭിക്കേണ്ട വിഹിതത്തെസ്സംബന്ധിക്കുന്ന, മോശയുടെ നിയമം അവര്‍ മാനിച്ചില്ല. ബലികർമ്മകളുടെ വിഹിതത്തിൽ അവർ ജനങ്ങളെ കൊള്ളയടിച്ചു, അതിനേക്കാളുപരിയായി, ജനങ്ങൾ കർത്താവിനു ബലിയർപ്പിക്കാനായി കൊണ്ടുവരുന്ന മാംസം, കർത്താവിനർപ്പിക്കാതെ അവരും കിങ്കരന്മാരും സ്വന്തമാക്കി. 

ദേവാലയത്തിലെ സമാഗമകൂടാരത്തിന്റെ പ്രവേശനകവാടത്തില്‍ ജോലിചെയ്‌തിരുന്ന സ്‌ത്രീകളോടൊത്തു വ്യഭിചരിക്കാനും പരസ്യമായി മദ്യസേവയിലേർപ്പെടാനും അവർക്കു മടിയില്ലാതായി.

തന്റെ പുത്രന്മാര്‍ ഇസ്രായേല്‍ജനത്തോടു ചെയ്‌തിരുന്നതെല്ലാം ഏലി അറിഞ്ഞിരുന്നു. പലപ്പോഴും അദ്ദേഹമവരെ ഉപദേശിക്കുകയും തിരുത്താൻ ശ്രമിക്കുകയുംചെയ്തു. എന്നാലതെല്ലാം ജലത്തിൽ വരച്ച രേഖകൾപോലെയായി. 

ഏലി വാർദ്ധക്യത്തിലെത്തി. ഹോഫ്നിയുടേയും ഫിനെഹാസിന്റെയും ദുർവൃത്തികൾമൂലം ദൈവാലയശുശ്രൂഷകൾ അവതാളത്തിലായി. ബലികൾ മുടങ്ങി. കർത്താവിന്റെ കോപം ആളിക്കത്തി.

ഒരുദിവസം, കര്‍ത്താവയച്ച ഒരു പ്രവാചകൻ ഏലിയുടെയടുത്തു വന്നുപറഞ്ഞു: "കർത്താവു ചോദിക്കുന്നു: എനിക്കര്‍പ്പിക്കണമെന്നു കല്പിച്ചിട്ടുള്ള ബലികളെയും കാഴ്‌ചകളെയും നീ ആര്‍ത്തിയോടെ നോക്കുന്നതെന്ത്?  എന്റെ ജനം, എനിക്കര്‍പ്പിക്കുന്ന സകലബലികളുടെയും വിശിഷ്‌ടഭാഗംതിന്നു നിന്റെ മക്കൾ കൊഴുത്തു. എന്നിട്ടും നീയവരെ തിരുത്തുന്നില്ല... നിന്റെ വാക്കുകൾ അവരനുസരിക്കുന്നുമില്ല... എന്നെക്കാളധികമായി നിന്റെ മക്കളെ നീ ബഹുമാനിക്കുന്നതെന്തേ?

നിന്റെയും നിന്റെ പിതാവിന്റെയും കുടുംബം, നിത്യവുമെനിക്കു ശുശ്രൂഷചെയ്യുമെന്നു ഞാന്‍ വാഗ്‌ദാനംചെയ്‌തിരുന്നു. എന്നാലിപ്പോള്‍, കര്‍ത്താവായ ഞാന്‍ പ്രഖ്യാപിക്കുന്നു: ഇനി അങ്ങനെയായിരിക്കുകയില്ല. എന്നെയാദരിക്കുന്നവരെ ഞാനുമാദരിക്കും; എന്നെ നിന്ദിക്കുന്നവര്‍ നിന്ദിക്കപ്പെടും.

നിന്റെ പുത്രന്മാരായ ഹോഫ്‌നിയും ഫിനെഹാസും ഒരേദിവസംതന്നെ മരിക്കും. ഇതു നിനക്കൊരടയാളമായിരിക്കും. എനിക്കുവേണ്ടി, വിശ്വസ്‌തനായൊരു പുരോഹിതനെ ഞാന്‍ തിരഞ്ഞെടുക്കും. എന്റെ ഹൃദയാഭിലാഷമനുസരിച്ച്‌, അവന്‍ പ്രവര്‍ത്തിക്കും. അവന്റെ കുടുംബം ഞാന്‍ നിലനിറുത്തും. എൻ്റെ അഭിഷിക്തന്റെ സന്നിധിയില്‍ അവന്‍ നിത്യവും ശുശ്രൂഷചെയ്യും.
നിന്റെ കുടുംബത്തിലവശേഷിക്കുന്നവരെല്ലാം ഒരു കഷണം അപ്പം ലഭിക്കേണ്ടതിന്‌, എന്നെ ഏതെങ്കിലുമൊരു പുരോഹിതവൃത്തിക്കു ചേര്‍ക്കണമേയെന്ന്, അവനോടു യാചിക്കും. ഇതു കർത്താവാണു പറയുന്നതു്."

പ്രവാചകന്റെ വാക്കുകൾ ഏലിയുടെ ഹൃദയത്തിൽ അഗ്നിമഴപെയ്യിച്ചു. മക്കളെ തിരുത്തേണ്ട നാളുകളിൽ, അതുചെയ്യാതെപോയതാണു തന്നെ ഇന്നീ ദുരന്തത്തിന്റെ വക്കിലെത്തിച്ചതെന്നു് ആ വൃദ്ധപുരോഹിതൻ തിരിച്ചറിഞ്ഞു. കർത്താവിന്റെ സന്നിധിയിൽ ഏലി ഹൃദയംപൊട്ടുമാറു കരഞ്ഞു.

അന്നു രാത്രിയിൽ,  ദേവാലയത്തോടു ചേർന്നുള്ള  മുറിയില്‍, ഏലി, ഉറങ്ങാൻ കിടന്നു. 

ബാലനായ സാമുവലും ദൈവാലയത്തിൽത്തന്നെയാണുറങ്ങിയിരുന്നത്. ദേവലായത്തില്‍, കർത്താവിന്റെ പേടകം സ്‌ഥിതിചെയ്യുന്നതിനരികേയാണു സാമുവല്‍ കിടന്നിരുന്നത്. അന്ധകാരാവൃതമായ രാത്രിയിൽ, കർത്താവിന്റെ പേടകത്തിന്റെ മുമ്പിലെ മെനോറയിലെ ദീപംമാത്രം അണയാതെ, തെളിഞ്ഞുനിന്നു.

"സാമുവേല്‍! സാമുവേല്‍!"
മൃദുവായ ശബ്ദത്തിൽ ആരോ, തന്നെ വിളിക്കുന്നതു സാമുവേൽ കേട്ടു .

അവനെഴുന്നേറ്റ്, ഏലിയുടെ അടുക്കലേക്കോടി. 
ഏലി മയക്കം തുടങ്ങിയിരുന്നു. "അങ്ങെന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു."  അവൻ മെല്ലെ ഏലിയെ തട്ടിയുണർത്തി. 

"ഞാന്‍ നിന്നെ വിളിച്ചില്ല; നീ പോയിക്കിടന്നുകൊള്ളുക," ഏലി പറഞ്ഞു.

സാമുവല്‍ പോയിക്കിടന്നു.
അല്പസമയത്തിനുള്ളിൽ വീണ്ടുമവൻ അതേ ശബ്ദംകേട്ടു. അവനെഴുന്നേറ്റ്‌, ഏലിയുടെ അടുക്കലേക്കു ചെന്നു പറഞ്ഞു: "അങ്ങെന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു."

ഏലി പറഞ്ഞു: "മകനേ, നിനക്കങ്ങനെ തോന്നിയതാകും. നിന്നെ ഞാന്‍ വിളിച്ചില്ല. പോയിക്കിടന്നുകൊള്ളുക."

മൂന്നാമതും  സാമുവേൽ അതേ ശബ്ദംകേട്ടു. അവന്‍ വീണ്ടുമെഴുന്നേറ്റ്‌ ഏലിയുടെ അടുത്തു ചെന്നു: "അങ്ങെന്നെ  വിളിച്ചല്ലോ...."

ഏലി കിടക്കയിൽനിന്നെഴുന്നേറ്റു. സാമുവേലിന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി. ഇതുവരെ കാണാത്തൊരു ചൈതന്യം ബാലന്റെ മുഖത്തു പ്രസരിച്ചിരുന്നു. അപ്പോൾ കർത്താവയച്ച പ്രവാചകന്റെ വാക്കുകൾ ഏലിയുടെ ഹൃദയത്തിൽ മുഴങ്ങി...

''ഇതു നിനക്കൊരടയാളമായിരിക്കും. എനിക്കുവേണ്ടി, വിശ്വസ്‌തനായ ഒരു പുരോഹിതനെ ഞാന്‍ തിരഞ്ഞെടുക്കും. എന്റെ ഹൃദയാഭിലാഷമനുസരിച്ച്‌, അവന്‍ പ്രവര്‍ത്തിക്കും...."

ഏലി, സാമുവേലിനെ തന്നോടു ചേർത്തുനിറുത്തി. 

"പോയിക്കിടന്നുകൊള്ളുക. നിന്നെ വിളിച്ചതു ഞാനല്ല. ഇനിയും ആരെങ്കിലും നിന്നെ വിളിക്കുന്ന ശബ്ദംകേട്ടാൽ, കര്‍ത്താവേ, അരുളിച്ചെയ്‌താലും, അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു എന്നുപറയണം."

ഏലി ബാലന്റെ മൂർദ്ധാവിൽ ചുംബിച്ചു. സാമുവല്‍ വീണ്ടും പോയിക്കിടന്നു.

No comments:

Post a Comment