Sunday 28 October 2018

85. കർത്താവിന്റെ പേടകം

ബൈബിൾക്കഥകൾ 85.

യുദ്ധരംഗത്തു ജീവനോടെ അവശേഷിച്ച ഇസ്രായേൽക്കാർ കർത്താവിന്റെ പേടകമുപേക്ഷിച്ച്, ഓടി രക്ഷപ്പെട്ടു. ഫിലിസ്ത്യർ വാഗ്ദാനപേടകം കൈവശപ്പെടുത്തി.

ഫിലിസ്ത്യരുടെ പട്ടണമായ ഏഷ്ദോദിലെ ക്ഷേത്രത്തിൽ, ദാഗോന്റെ പ്രതിഷ്ഠയ്ക്കടുത്തായി, കർത്താവിന്റെ വാഗ്ദാനപേടകം സ്ഥാപിച്ചു.

പിറ്റേന്നു രാവിലെ, ക്ഷേത്രനട തുറന്നപ്പോൾ, ദാഗോന്റെ ബിംബം, കര്‍ത്താവിന്റെ പേടകത്തിനു മുമ്പില്‍ മറിഞ്ഞുകിടക്കുന്നതായിക്കണ്ടു. ദാഗോന്റെ പുരോഹിതർ, അതു വീണ്ടും യഥാസ്ഥാനത്തു പ്രതിഷ്ഠിച്ചു. എന്നാൽ അതിനടുത്ത ദിവസവും ദാഗോന്റെ ബിംബം, താഴെ വീണുകിടന്നിരുന്നു. ദാഗോന്റെ തലയും കൈകളുമറ്റ്‌, വാതില്‍പ്പടിയില്‍ കിടന്നിരുന്നു. ഉടല്‍മാത്രം അവശേഷിച്ചിരുന്നു.

ദിവസങ്ങൾ കഴിയുന്തോറും ദാഗോൻക്ഷേത്രത്തിൽ ഒന്നിനുപുറകേ ഒന്നായി പല അശുഭലക്ഷണങ്ങളും പ്രത്യക്ഷപ്പെട്ടു.
മാത്രമല്ലാ, നാട്ടിൽ എലികൾ പെരുകിത്തുടങ്ങി. പട്ടണത്തിലെ ജനങ്ങളുടെയെല്ലാം ശരീരത്തിൽനിറയെ, കുരുക്കൾ പ്രത്യക്ഷപ്പെട്ടു. എഷ്ദോദിലെ ജനങ്ങളുടെ സ്ഥിതി, കൂടുതൽ വഷളായി. കുരുക്കൾ ബാധിച്ചവർ, ജ്വരംബാധിച്ചു മരണത്തിനു കീഴടങ്ങിത്തുടങ്ങി. എലികൾ രാപ്പകൽഭേദമില്ലാതെ, എല്ലായിടങ്ങളിലും ഓടിനടന്നു.

ദാഗോന്റെ പുരോഹിതർ ജനങ്ങളെയെല്ലാം ഒന്നിച്ചു വിളിച്ചുകൂട്ടി.

"ഇസ്രായേലിനെ തോല്പിച്ചോടിക്കാൻ നമ്മളെ സഹായിച്ചതു നമ്മുടെ ദേവനായ ദാഗോനാണ്. എന്നാൽ ഇപ്പോഴിതാ ഇസ്രായേലിന്റെ ദൈവമായ കർത്താവിന്റെ കരം, നമ്മുടെയും നമ്മുടെ ദേവനായ ദാഗോന്റെയുംമേല്‍ പ്രബലപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നമ്മുടെയിടയിലിരിക്കുന്നതു നന്നല്ല." 

ഫലിസ്ത്യദേശത്തിലന്ന്, പ്രബലരായ അഞ്ചു പ്രഭുക്കന്മാരാണുണ്ടായിരുന്നത്. പുരോഹിതന്മാർ അവരെ ആളയച്ചുവരുത്തി.

"യുദ്ധത്തിൽ നമുക്കു ലഭിച്ച ഏറ്റവും വലിയ കൊള്ളമുതലാണ് ഈ പേടകം. ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം, നമ്മുടെ കൈവശമിരിക്കുന്നിടത്തോളം അവർക്കു നമുക്കുമുമ്പിൽ വിജയിക്കാനാകില്ല. ഇവിടെ സംഭവിക്കുന്ന അനർത്ഥങ്ങൾ, ഈ പേടകം മറ്റെവിടേയ്ക്കെങ്കിലും മാറ്റാനുള്ള അടയാളമാകാം. അതിനാൽ നമുക്കീ പേടകം  ഇവിടെനിന്നു്, ഗത്ത് പട്ടണത്തിലേക്കു കൊണ്ടുപോകാം."

പ്രഭുക്കന്മാരുടെ തീരുമാനപ്രകാരം പേടകം ഗത്തിലേക്കു കൊണ്ടുപോയി. എഷ്ദോദിലെ ജനങ്ങളുടെ ദുരിതമവസാനിച്ചു. എന്നാൽ ഗത്തിൽ എലികൾ പെരുകി. ഗത്തിലെ ആബാലവൃദ്ധം ജനങ്ങളും കുരുക്കള്‍മൂലം കഷ്‌ടതയിലായി. ദിവസങ്ങൾകഴിഞ്ഞപ്പോൾ പലരും ജ്വരംബാധിച്ചു മരണാസന്നരായി. ചിലരെല്ലാം മരിച്ചു. അതിനാൽ പേടകം അവിടെനിന്ന് എക്രോൺപട്ടണത്തിലേക്കു കൊണ്ടുപോകാൻ തീരുമാനിച്ചു.
പേടകം എക്രാണിലെത്തിയപ്പോള്‍ തദ്ദേശവാസികള്‍ ഒത്തുചേർന്നു പ്രതിഷേധിച്ചു.

"ഞങ്ങളേയും ഞങ്ങളുടെ പട്ടണത്തേയും നശിപ്പിക്കാനായി ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം ഇവിടേയ്ക്കു കൊണ്ടുവരേണ്ടാ." പേടകം പട്ടണകവാടത്തിനുള്ളിലേക്കു പ്രവേശിപ്പിക്കാൻപോലും ജനങ്ങളനുവദിച്ചില്ല.

ഫിലിസ്ത്യപ്രഭുക്കന്മാർ എക്രോണിലെത്തി. ജനങ്ങൾ അവരോടു പറഞ്ഞു: "ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം വിട്ടുകൊടുക്കുക. നമ്മെയും നമ്മുടെ ജനത്തെയും നശിപ്പിക്കാതിരിക്കാന്‍ അതു തിരിച്ചയയ്‌ക്കുക."

പ്രഭുക്കന്മാര്‍ പുരോഹിതന്മാരെയും ജ്യോത്സ്യന്മാരെയും വിളിച്ചുവരുത്തി: "എക്രോൺനിവാസികളുടെ അഭിപ്രായത്തെക്കുറിച്ച് നിങ്ങളെന്തു പറയുന്നു? കര്‍ത്താവിന്റെ പേടകം നാമെന്തുചെയ്യണം?"

"ഈജിപ്‌തുകാരേയും ഫറവോയേയുംപോലെ നമ്മളെന്തിനു കഠിനഹൃദയരാകണം?  കർത്താവ്, അവരെ പരിഹാസപാത്രമാക്കിയതിനുശേഷമല്ലേ, നാടുവിടാന്‍ ഈജിപ്‌തുകാര്‍ ഇസ്രായേല്യരെ അനുവദിച്ചത്? നമ്മളങ്ങനെ ബുദ്ധിശൂന്യരാകരുത്.
ഒരു പുതിയ വണ്ടിയുണ്ടാക്കി, ഒരിക്കലും നുകംവച്ചിട്ടില്ലാത്ത രണ്ടു കറവപ്പശുക്കളെ അതിൽക്കെട്ടുവിന്‍. കര്‍ത്താവിന്റെ പേടകമെടുത്ത്‌ വണ്ടിയില്‍ വയ്‌ക്കുക. എന്നിട്ടു പശുക്കളെ ഓടിച്ചുവിടുക. നിങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കണം. പേടകമിരുന്ന ബത്‌ഷെമെഷിലേക്കാണ്‌ അവ പോകുന്നതെങ്കില്‍, തീര്‍ച്ചയായും കർത്താവിന്റെ കരങ്ങളാണ്‌, ഈ വലിയ അനര്‍ത്ഥം നമുക്കു വരുത്തിയത്‌. അല്ലെങ്കില്‍,  അവ യാദൃശ്ചികമായി സംഭവിച്ചതാണെന്നു നമുക്കനുമാനിക്കാം." ജ്യോത്സ്യന്മാർ പറഞ്ഞു.

"പൂര്‍വ്വസ്ഥാനത്തേക്കു തിരിച്ചയയ്‌ക്കണമെങ്കിൽ അതോടൊപ്പം പരിഹാരബലിക്കായി നാമെന്താണു കൊടുത്തയയ്‌ക്കേണ്ടത്‌?"

"ഫിലിസ്‌ത്യപ്രഭുക്കന്മാരുടെ സംഖ്യയനുസരിച്ച്‌, സ്വര്‍ണ്ണനിര്‍മ്മിതമായ അഞ്ച്‌ എലികളും അഞ്ചു കുരുക്കളും പ്രായശ്ചിത്തബലിക്കായി പേടകത്തോടൊപ്പം വയ്ക്കുക. അങ്ങനെ ഈ ബാധ നമ്മെ വിട്ടുപോകട്ടെ!"

ജോത്സ്യന്മാരുടെ നിർദ്ദേശമനുസരിച്ച്, രണ്ട്‌ കറവപ്പശുക്കളെക്കെട്ടിയ വണ്ടി തയ്യാറായി. സ്വര്‍ണ്ണനിര്‍മ്മിതമായ കുരുക്കളും എലികളുമുള്ള പെട്ടിയും കര്‍ത്താവിന്റെ പേടകവും വണ്ടിക്കുള്ളില്‍വച്ചു.

കർത്താവിന്റെ പേടകം വണ്ടിക്കുള്ളിൽവച്ചപ്പോൾത്തന്നെ, പശുക്കള്‍ പെരുവഴിയിലൂടെ അമറിക്കൊണ്ടു മുന്നോട്ടോടി. ഫിലിസ്ത്യപ്രഭുക്കന്മാർ ഇരിമ്പുരഥങ്ങളിൽ വണ്ടിയെ പിന്തുടർന്നു.

പശുക്കൾ ഇടംവലംനോക്കാതെ ബത്‌ഷെമെഷിലേക്കുള്ള വഴിയിലൂടെ ഓടി. ഫിലിസ്ത്യരുടെ ദേശംകടന്ന്, വണ്ടി ബത്‌ഷെമെഷുകാരനായ ജോഷ്വയുടെ വയലില്‍ച്ചെന്നുനിന്നു.

ഫിലിസ്‌ത്യപ്രഭുക്കന്മാര്‍ വണ്ടിയെ അനുധാവനംചെയ്‌ത് അവിടെയെത്തി.

കർത്താവിന്റെ പേടകം തിരികെയെത്തിയതുകണ്ടപ്പോൾ ബത്‌ഷെമെഷിലെ ജനങ്ങൾ ആഹ്ലാദാരവം മുഴക്കി. അവർ പുരോഹിതരായ ലേവ്യരെക്കൊണ്ടുവന്നു. ലേവ്യർ കര്‍ത്താവിന്റെ പേടകവും അതോടൊപ്പം സ്വര്‍ണയുരുപ്പടികള്‍വച്ചിരുന്ന പെട്ടിയും താഴെയിറക്കി, അവിടെയുണ്ടായിരുന്ന വലിയ കല്ലിന്മേല്‍വച്ചു.

അന്ന്, ഇസ്രായേലും ഫിലിസ്ത്യരും സമാധാനസന്ധിചെയ്തു.
വണ്ടിവന്നുനിന്ന, ബത്‌ഷെമെഷുകാരനായ ജോഷ്വയുടെ വയലില്‍ ഒരു വലിയ കല്ലുണ്ടായിരുന്നു. വണ്ടിക്കുപയോഗിച്ചിരുന്ന മരം വെട്ടിക്കീറി, ആ കല്ലിൽവച്ച്, വണ്ടിയിൽക്കെട്ടിയിരുന്ന പശുക്കളെ കര്‍ത്താവിനു ദഹനബലിയായി സമര്‍പ്പിച്ചു. ഇസ്രായേലിനുവേണ്ടിയും ഫിലിസ്ത്യർക്കുവേണ്ടിയും ദഹനബലികളും ഇതരബലികളും സമർപ്പിക്കപ്പെട്ടു.

ഇതു കണ്ടതിനുശേഷം ഫിലിസ്‌ത്യപ്രഭുക്ക‍ന്മാർ അഞ്ചുപേരും, അന്നുതന്നെ എക്രാണിലേക്കു മടങ്ങി.

ബെത്ഷെമേഷിലെ ജനങ്ങൾ, കർത്താവിന്റെപേടകം കിരിയാത്ത്‌യയാറീമിലേക്കയച്ചു. കിരിയാത്ത്‌യയാറിമിലെ ആളുകള്‍, കര്‍ത്താവിന്റെ പേടകം, ഗിരിമുകളില്‍ താമസിച്ചിരുന്ന അബിനാദാബിന്റെ ഭവനത്തിലെത്തിച്ചു. അതു സൂക്ഷിക്കുന്നതിന്‌ അബിനാദാബിന്റെ പുത്രന്‍ എലെയാസറിനെ അഭിഷേകംചെയ്‌തു.

ഇസ്രായേലും ഫിലിസ്ത്യരും സമാധാനത്തിലായതോടെ ഇരുകൂട്ടരും അടുത്തിടപഴകിത്തുടങ്ങി. കാലക്രമേണ, ഇസ്രായേലുകാർ ഫിലിസ്ത്യരുടെ ദൈവങ്ങളായ ബാലിനേയും അസ്താർത്തയേയും തങ്ങളുടെ ഹൃദയങ്ങളിലേറ്റി.

ഇസ്രായേൽ,  കർത്താവിനെവെടിഞ്ഞ്, അന്യദേവന്മാരെ ആരാധിച്ചുതുടങ്ങിയപ്പോൾ, ഫിലിസ്ത്യർ വീണ്ടും ഇസ്രായേലിനുമേൽ അധീശത്ത്വം സ്ഥാപിച്ചു. ഇരുപതുവർഷത്തോളം നീണ്ടുനിന്ന സൗഹൃദമവസാനിച്ചു. ഫിലിസ്ത്യരുടെ നുകത്തിനുകീഴിൽ ഇസ്രായേൽ അമർന്നുതുടങ്ങി.

അപ്പോൾ ഇസ്രായേൽജനം ഷീലോയിൽ, സാമുവേൽപ്രവാചകനെ അന്വേഷിച്ചെത്തി.

കർത്താവിന്റെ പേടകം അപ്പോഴും കിരിയാത്ത്‌യയാറിമിലെ
അബിനാദാബിന്റെ പുത്രന്‍ എലെയാസറിന്റെ ഭവനത്തിൽത്തന്നെയായിരുന്നു.

No comments:

Post a Comment