Sunday 21 October 2018

84. അടർക്കളം

ബൈബിൾക്കഥകൾ 84

ഇസ്രായേൽപ്പാളയത്തിലെ ആഹ്ലാദാരവങ്ങളുടെ കാരണമന്വേഷിച്ചുപോയ ഫിലിസ്ത്യരുടെ ചാരന്മാർ തിരികെയെത്തി. കർത്താവിന്റെ വാഗ്ദത്തപേടകം ഇസ്രായേൽപ്പാളയത്തിലെത്തിയെന്ന വാർത്ത അവരിൽനിന്നറിഞ്ഞപ്പോൾ ഫിലിസ്ത്യസൈനികർ കൂടുതൽ നഷ്ടധൈര്യരായി.
ശക്തനായ ഫറവോയുടെ കരങ്ങളിൽനിന്നു് ഇസ്രായേലിനെ മോചിപ്പിച്ചതും കാനാൻദേശത്തെ ശക്തരായ രാജാക്കന്മാരെ പരാജയപ്പെടുത്താൻ അവരെ സഹായിച്ചതും അവരുടെ ദൈവമായ കർത്താവാണെന്നു ഫിലിസ്ത്യർ അറിഞ്ഞിരുന്നു. അതേ കർത്താവു് ഇസ്രായേൽത്താവളത്തിലെത്തി യുദ്ധം നയിക്കുമ്പോൾ ഇസ്രായേലിനെതിരെ തങ്ങൾക്കു പിടിച്ചുനില്ക്കാനാകില്ലെന്ന് ഫിലിസ്ത്യസൈനികർക്കുറപ്പായി. യുദ്ധമുപേക്ഷിച്ചു പിൻവാങ്ങുന്നതാണുചിതമെന്നു് എല്ലാവരും അഭിപ്രായപ്പെട്ടു.
തന്റെ സൈനികർ ചകിതരാണെന്നു തിരിച്ചറിഞ്ഞപ്പോൾ ഫിലിസ്ത്യരുടെ സർവ്വസൈന്യാധിപൻ, ആ രാത്രിയിൽത്തന്നെ എല്ലാവരേയും ഒന്നിച്ചുവിളിച്ചുകൂട്ടി.
"ധീരരായ ഫിലിസ്ത്യ സൈനികരേ, നിങ്ങൾ ഇസ്രായേലിനെ ഭയക്കരുത്. അവരുടെ ദൈവമായ കർത്താവു് അവരോടൊത്തുണ്ടായിരുന്നപ്പോഴെല്ലാം അവർ വിജയിച്ചിട്ടുണ്ടെന്നതു സത്യമാകാം. എന്നാൽ കഴിഞ്ഞ നാളുകളിൽ നമ്മുടെ അടിമകളായിരുന്ന ഈ ഹെബ്രായരോടു നമ്മളിന്നു സന്ധിചെയ്താൽ നാളെമുതൽ നമ്മളും നമ്മുടെ സ്ത്രീകളും കുഞ്ഞുങ്ങളും അവർക്കുവേണ്ടി അടിമവേല ചെയ്യേണ്ടതായ് വരും.
ആത്മാഭിമാനവും സ്വാതന്ത്ര്യവും പണയംവച്ചു ജീവിക്കുന്നതിനേക്കാൾ ഭേദമല്ലേ, ധീരമായി പോരാടി മരിക്കുന്നതു്?
നാളത്തെ പകൽ നമുക്കു ധീരമായി പടവെട്ടാം. നമ്മൾ മുഴുവൻപേരും മരിച്ചുവീണാലും അതു ഹെബ്രായസൈന്യത്തെ പൂർണ്ണമായും ഉന്മൂലനംചെയ്തുകൊണ്ടാവട്ടെ! നമ്മളീ ഭൂമുഖത്തില്ലാതെയായാലും നമ്മുടെ സ്ത്രീകളേയും കുഞ്ഞുങ്ങളേയും മറ്റാർക്കുമടിമകളാക്കാൻ വിട്ടുകൊടുക്കില്ലെന്നു് നമ്മുടെ ദൈവമായ ദാഗോന്റെ നാമത്തിൽ നമുക്കു പ്രതിജ്ഞചെയ്യാം. ധീരതയോടെ പൊരുതുക, ദൈവങ്ങളായ ദാഗോനും അഷേറയും ബാലും നിങ്ങളെ സംരക്ഷിക്കും..."
സൈന്യാധിപന്റെ വാക്കുകൾ ഫിലിസ്ത്യസൈനികർക്കു പുതിയൊരൂർജ്ജം നല്കി... അവസാനശ്വാസമുതിരുംവരെ ധീരമായി പോരാടുമെന്ന് എല്ലാ സൈനികരും മനസ്സിലുറപ്പിച്ചു. ദാഗോനു സ്തുതിഗീതങ്ങൾ പാടിക്കൊണ്ടു് ഓരോരുത്തരും താന്താങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങി.
പിറ്റേന്നു പ്രഭാതത്തിൽ യുദ്ധകാഹളം മുഴങ്ങിയപ്പോൾ, ഇരുസൈന്യങ്ങളും യുദ്ധവേദിയിലേക്കെത്തി.
വാഗ്ദാനപേടകം തങ്ങളോടൊപ്പമുള്ളതിനാൽ ഇസ്രായേൽസൈനികർ അമിതമായ ആത്മവിശ്വാസത്തോടെയാണ് അടർക്കളത്തിലെത്തിയത്. ഫിലിസ്ത്യർക്കെതിരേ അനായാസമായ വിജയംനേടാനാകുമെന്ന് അവർക്കുറപ്പായിരുന്നു.
വാഗ്ദാനപേടകവും പുരോഹിതന്മാരും സൈനികപാളയത്തിലുണ്ടായിരുന്നെങ്കിലും കർത്താവു് അവരോടൊപ്പമുണ്ടായിരുന്നില്ല. പ്രവാചകനായ സാമുവലിന്റെ വാക്കുകൾ ധിക്കരിച്ചു്, വാഗ്ദാനപേടകവുമായി ഇസ്രായേൽസൈനികർ സൈനികത്താവളത്തിലേക്കു പുറപ്പെട്ടപ്പോൾത്തന്നെ, കർത്താവവരെ ഫിലിസ്ത്യരുടെ കരങ്ങളിലേല്പിച്ചുകഴിഞ്ഞിരുന്നു.
കടുത്ത യുദ്ധംനടന്നു. ഫിലിസ്ത്യസൈനികർ തങ്ങളുടെ *ശതാധിപന്മാരുടേയോ സഹസ്രാധിപന്മാരുടേയോ നിർദ്ദേശങ്ങൾക്കുവേണ്ടി കാത്തുനിന്നില്ല. അവർ ഇസ്രായേൽപ്പടയാളികൾക്കിടയിലേക്കു് ഇരച്ചുകയറി. സ്വജീവൻ നഷ്ടപ്പെട്ടാലും ഒരിസ്രായേൽസൈനികനെപ്പോലും ജീവനോടെ ബാക്കിവയ്ക്കരുതെന്നുമാത്രമാണ് ഓരോ ഫിലിസ്ത്യസൈനികനും ചിന്തിച്ചതു്.


എന്താണു സംഭവിക്കുന്നതെന്ന് ഇസ്രായേൽസൈനികർ തിരിച്ചറിയുന്നതിനുമുമ്പേ, വലിയ നരവേട്ടനടന്നു. മുപ്പതിനായിരത്തിലധികം ഇസ്രായേൽസൈനികർക്കു ജീവൻ നഷ്ടപ്പെട്ടു.
ഏലിയുടെ മക്കളും പുരോഹിതന്മാരുമായ ഹോഫ്നിയും ഫിനെഹാസും ശിരസ്സറ്റുവീണു. കർത്താവിന്റെ പേടകം ഫിലിസ്ത്യർ കൈയടക്കി. ഇസ്രായേൽക്കാർ പാളയമടിച്ചിരുന്ന എബനേസർ എന്ന പ്രദേശം പൂർണ്ണമായും ഫിലിസ്ത്യരുടെ നിയന്ത്രണത്തിലായി.
ജീവനോടെശേഷിച്ച ഇസ്രായേൽക്കാരിലൊരുവൻ,  യുദ്ധരംഗത്തുനിന്നോടി, ഷീലോയിലെത്തി. അവന്‍ വസ്‌ത്രം വലിച്ചുകീറുകയും തലയില്‍ പൂഴിവിതറുകയുംചെയ്‌തിരുന്നു.
യുദ്ധത്തെക്കുറിച്ചും ദൈവത്തിന്റെ പേടകത്തെക്കുറിച്ചും ആകുലചിത്തനുമായിരുന്ന ഏലി, അപ്പോള്‍, വഴിയിലേക്ക്‌ ഉറ്റുനോക്കിക്കൊണ്ട്‌, ദൈവാലയത്തിനുസമീപം ഒരു പീഠത്തിലിരിക്കുകയായിരുന്നു. ഏലിക്കു തൊണ്ണൂറ്റെട്ടു വയസ്സുണ്ടായിരുന്നു. കണ്ണുകൾക്കു തിമിരംബാധിച്ചിരുന്നതിനാൽ നിഴൽരൂപങ്ങൾപോലെമാത്രമാണ് അയാൾ ചുറ്റുപാടുമുള്ളവയെല്ലാം കണ്ടിരുന്നത്.
യുദ്ധരംഗത്തുനിന്നു പട്ടണത്തിലെത്തിയ ദൂതനറിയിച്ച വാർത്തകേട്ടപ്പോൾ പട്ടണവാസികള്‍ മുറവിളികൂട്ടി. ഏലി അതു കേട്ടു.
"എന്താണീ മുറവിളി?"
അവിടെയിരുന്നുകൊണ്ടുതന്നെ ആരോടെന്നില്ലാതെ ആ വൃദ്ധൻ ചോദിച്ചു. അപ്പോള്‍ ദൂതന്‍ ഏലിയുടെ അടുത്തേക്ക്‌ ഓടിയെത്തി.
"പിതാവേ, ഞാന്‍ പടക്കളത്തില്‍നിന്നു രക്ഷപെട്ടോടി ഇവിടെയെത്തിയതാണ്‌."
"മകനേ, എന്താണു സംഭവിച്ചത്?"
"അതിഭയങ്കരമായ യുദ്ധമാണിന്നുണ്ടായത്. ഇസ്രായേല്‍  തോറ്റോടി. നമ്മളില്‍ ഭൂരിഭാഗവും  വധിക്കപ്പെട്ടു. അങ്ങയുടെ പുത്രന്മാരായ ഹോഫ്‌നിയെയും ഫിനെഹാസിനെയും അവര്‍ വധിച്ചു. കർത്താവിന്റെ പേടകം  കൈവശപ്പെടുത്തുകയും ചെയ്‌തു."
കർത്താവിന്റെ പേടകം എന്നു കേട്ടമാത്രയിൽ ഏലി  പീഠത്തില്‍നിന്നു പിറകോട്ടു മറിഞ്ഞു. ആ വൃദ്ധപുരോഹിതന്റെ കഴുത്തൊടിഞ്ഞു. നാല്പതു വര്‍ഷം ഇസ്രായേലിന്റെ ന്യായാധിപനും പുരോഹിതനുമായിരുന്ന ഏലിയുടെ ശരീരം, തീർത്തുംദുർബ്ബലമായ ഒരു പിടച്ചിലോടെ നിശ്ചലമായി.
ഏലിയുടെ പുത്രനായ ഫിനെഹാസിന്റെ ഭാര്യയ്‌ക്കു പ്രസവ സമയമടുത്തിരുന്നു. ദൈവത്തിന്റെ പേടകം ശത്രുക്കള്‍ പിടിച്ചെടുത്തെന്നും തന്റെ ഭര്‍ത്താവും ഭർത്തൃസഹോദരനും അമ്മായിയപ്പനും മരിച്ചെന്നുംകേട്ടപ്പോള്‍ അവൾക്കു പ്രസവവേദന ശക്തിപ്പെട്ടു. വൈകാതെ അവള്‍ പ്രസവിച്ചെങ്കിലും രക്തംവാർന്നു മരണാസന്നയായി.
അവളെ പരിചരിച്ചിരുന്ന സ്‌ത്രീകള്‍ അവളോടു പറഞ്ഞു: "ഭയപ്പെടേണ്ടാ, നീയൊരു ആണ്‍കുട്ടിയെ പ്രസവിച്ചിരിക്കുന്നു. നിനക്ക് അപകടമൊന്നും സംഭവിക്കുകയില്ല."
അവളവരെ ശ്രദ്ധിച്ചില്ല. കുഞ്ഞിനെ നോക്കിയതുമില്ല.
"കർത്താവിന്റെ പേടകം പിടിക്കപ്പെട്ടിരിക്കുന്നു. അവിടുത്തെ മഹത്വം ഇസ്രായേലിനെ വിട്ടുപോയിരിക്കുന്നു. എനിക്കിനി എന്തു നന്മവരാനാണു്....!" ദുർബ്ബലമായ ശബ്ദത്തിൽ അവൾ പിറുപിറുത്തു...

No comments:

Post a Comment