Sunday 14 October 2018

83. പ്രവാചകൻ

ബൈബിൾക്കഥകൾ 83

സാമുവൽ സ്വസ്ഥാനത്തു പോയിക്കിടന്നു. എന്നാൽ അവന്റെ  ചിന്തയിൽ, ഏലിയുടെ വാക്കുകളാണു നിറഞ്ഞുനിന്നത്.
"പോയിക്കിടന്നുകൊള്ളുക. നിന്നെ വിളിച്ചതു ഞാനല്ല. ഇനിയും നിന്നെ വിളിക്കുന്ന ശബ്ദംകേട്ടാൽ, കര്‍ത്താവേ, അരുളിച്ചെയ്‌താലും, അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു എന്നുപറയണം."
അക്കാലത്തു്, വളരെ അപൂർവ്വമായിമാത്രമേ മനുഷ്യർക്കു കർത്താവിൽനിന്നുള്ള അരുളപ്പാടുകൾ ലഭിച്ചിരുന്നുള്ളൂ. അതിനാൽത്തന്നെ, കർത്താവു തന്നോടു പറയുന്നതെന്തെന്നറിയാൻ അവനു് ആകാംക്ഷയേറി.
കണ്ണുകൾ മെല്ലെ കുമ്പിയടഞ്ഞുതുടങ്ങിയപ്പോൾ, വീണ്ടും ആ മൃദുസ്വരം അവന്റെ കർണ്ണങ്ങളിൽപ്പതിച്ചു.
"സാമുവല്‍! സാമുവല്‍!"
സാമുവല്‍ ഉടൻതന്നെ പ്രതിവചിച്ചു: "കർത്താവേ, അരുളിച്ചെയ്‌താലും, അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു."
കര്‍ത്താവവനോടു പറഞ്ഞു: "ഇസ്രായേല്‍ജനതയോടു ഞാന്‍ ചെയ്യാന്‍പോകുന്നതെന്തെന്നറിയുന്നവന്റെ ചെവികൾ തരിച്ചുപോകും. ഏലിയുടെ കുടുംബത്തിനെതിരായി ഞാനെന്റെ പ്രവാചകൻവഴി പറഞ്ഞതെല്ലാം യാഥാർത്ഥ്യമാക്കും. മക്കള്‍ ദൈവദൂഷകരായിട്ടും അവരെത്തിരുത്താൻകഴിയാതിരുന്നതുമൂലം ഞാനവന്റെ കുടുംബത്തിനുമേല്‍ ശിക്ഷാവിധിനടത്താന്‍പോകുന്നെന്നറിഞ്ഞുകൊള്ളുക. ബലികളും കാഴ്‌ചകളും ഏലിക്കുടുംബത്തിന്റെ പാപത്തിനു പരിഹാരമാവുകയില്ലാ... "
വരാനിരിക്കുന്ന കാര്യങ്ങൾ കർത്താവു സാമുവലിനു വെളിപ്പെടുത്തി. അറിഞ്ഞ കാര്യങ്ങൾ സാമുവലിനെ ആകുലനാക്കി. പ്രഭാതംവരെ അവനുറങ്ങാതെ കിടന്നു.
നേരംപുലർന്നപ്പോൾ, അവന്‍ ദൈവാലയത്തിന്റെ വാതിലുകള്‍ തുറന്നു. അപ്പോൾ, ഏലിയവനെ വിളിച്ചു.
തനിക്കുണ്ടായ ദര്‍ശനം ഏലിയോടു പറയാന്‍, സാമുവല്‍ ഭയപ്പെട്ടു. എങ്കിലും അവൻ ഏലിയുടെ ചാരത്തെത്തി.
ഏലി ചോദിച്ചു: "കർത്താവു നിന്നോടു പറഞ്ഞതെന്താണ്? കർത്താവു പറഞ്ഞതിലെന്തെങ്കിലും എന്നില്‍നിന്നു നീ മറച്ചുവച്ചാല്‍ ദൈവം നിന്നെ കഠിനമായി ശിക്ഷിക്കട്ടെ!"
സാമുവല്‍ പിന്നെയൊന്നും മറച്ചുവച്ചില്ല. കർത്താവിൽനിന്നു കേട്ടതെല്ലാം ഏലിയോടവൻ പറഞ്ഞു.
"അതു കര്‍ത്താവുതന്നെയാണ്‌. ഞാൻ വാർദ്ധക്യത്തിലെത്തി. കണ്ണുകളുടെ കാഴ്ചമങ്ങി. എന്നാലും എന്റെ മക്കളെക്കാത്തിരിക്കുന്ന ദുരന്തത്തിൽ ഞാനാകുലനാണ്. കർത്താവെല്ലാമറിയുന്നു... അവിടുത്തേക്കു യുക്തമായതു പ്രവര്‍ത്തിക്കട്ടെ!" ഏലി ദീർഘനിശ്വാസമുതിർത്തു.
കർത്താവിന്റെ ആത്മാവു സാമുവലിനോടൊപ്പമുണ്ടായിരുന്നു. ബാല്യത്തിൽനിന്നു കൗമാരത്തിലേക്കെത്തിയപ്പോൾത്തന്നെ, സാമുവല്‍ കര്‍ത്താവിന്റെ പ്രവാചകനായിത്തീര്‍ന്നിരിക്കുന്നുവെന്ന്‌, ഇസ്രായേല്‍ജനങ്ങളെല്ലാമറിഞ്ഞു. സാമുവലിനെപ്രതി ഹന്നയും എല്ക്കാനയും ഏറെയഭിമാനിച്ചു
ദൈവഹിതമാരായാൻ ഷീലോയിലെ ദൈവാലയത്തിലെത്തിയവരോടു്, സാമുവൽപറഞ്ഞ വാക്കുകളിലൊന്നും വ്യര്‍ത്ഥമാകാന്‍ കർത്താവിടവരുത്തിയില്ല.
സാമുവേൽ യൗവനാരംഭത്തിലെത്തിയ നാളുകളിൽ, ഫിലിസ്ത്യർ ഇസ്രായേലിനെയാക്രമിച്ചു. ആദ്യ ദിവസത്തെ ആക്രമണത്തിൽത്തന്നെ നാലായിരത്തിലധികം ഇസ്രായേൽക്കാർ വധിക്കപ്പെട്ടു. ഇസ്രായേലിന്റെ ചില പ്രദേശങ്ങളും ഫിലിസ്ത്യർ കൈയടക്കി.
ഇസ്രായേൽത്താവളത്തിൽ ശ്രഷ്‌ഠന്മാര്‍ കൂടിയാലോചിച്ചു. "ഫിലിസ്‌ത്യര്‍ ഇന്നു നമ്മെപ്പരാജയപ്പെടുത്താന്‍  കര്‍ത്താവനുവദിച്ചതെന്തേ? നമുക്കു ഷീലോയില്‍നിന്നു കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം യുദ്ധഭൂമിയിലേക്കു കൊണ്ടുവരാം. അവിടുന്നു നമ്മുടെ മദ്ധ്യേവന്ന്, ശത്രുക്കളില്‍നിന്നു നമ്മളെ രക്ഷിക്കും."
അവര്‍ ഷീലോയിലേയ്ക്കാളയച്ചു കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകംകൊണ്ടുപോകാനെത്തിയവരോടു സാമുവൽ പറഞ്ഞു: "അരുത്, ഉടമ്പടിയുടെ പേടകം യുദ്ധഭൂമിയിലേക്കു കൊണ്ടുപോകരുതു്. ഫിലിസ്ത്യർ പേടകം പിടിച്ചെടുക്കും"
ഏലിയുടെ പുത്രന്മാരായ ഹോഫ്‌നിയും ഫിനെഹാസും അവനോടു കോപിച്ചു. "പേടകം കൊണ്ടുപോകരുതെന്നു പറയാൻ നീയാരാണ്? ഞങ്ങളാണു ഷീലോയിലെ കർത്താവിന്റെ പുരോഹിതർ. കർത്താവിന്റെ പേടകത്തോടൊപ്പം ഞങ്ങളും യുദ്ധഭൂമിയിലേക്കു പോകുന്നു. കർത്താവിന്റെ കൃപയാൽ ഫിലിസ്ത്യരെപ്പരാജിതരാക്കി ഞങ്ങൾ മടങ്ങിയെത്തും. നീ പ്രവാചകനായിച്ചമഞ്ഞു ജനങ്ങളെ വഞ്ചിക്കുന്നത് അന്നു ഞങ്ങളവസാനിപ്പിക്കും."
സാമുവലിന്റെ വാക്കുകൾക്ക് ആരും വിലകല്പിച്ചില്ല. കർത്താവിന്റെ പേടകം, അന്നുതന്നെ യുദ്ധഭൂമിയിലേയ്ക്കു കൊണ്ടുപോയി. പേടകത്തോടൊപ്പം ഹോഫ്‌നിയും ഫിനെഹാസും യുദ്ധഭൂമിയിലെത്തി.

കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം പാളയത്തിലെത്തിയപ്പോള്‍ ഇസ്രായേല്യരെല്ലാവരും ആനന്ദംകൊണ്ടാര്‍ത്തുവിളിച്ചു. അതെല്ലായിടത്തും പ്രതിദ്ധ്വനിച്ചു.
പരാജിതരുടെ പാളയത്തിൽനിന്നു് ആർപ്പുവിളികളുയരുന്നതുകേട്ടപ്പോൾ, എന്താണു സംഭവിക്കുന്നതെന്നറിയാതെ ഫിലിസ്ത്യർ ചകിതരായി..

No comments:

Post a Comment