Sunday 29 April 2018

60. നിശ്ചലരായ സൂര്യചന്ദ്രന്മാര്‍

ബൈബിള്‍ക്കഥകള്‍ - 60

"ഗിബയോന്‍കാരില്‍ ഒരുവന്‍പോലും ജീവനോടെ അവശേഷിക്കാനിടയകരുത്. അവര്‍ കളവുപറഞ്ഞു നമ്മളെ വഞ്ചിച്ചതിനാല്‍ നമുക്കവരെ ഉന്മൂലനംചെയ്യാം." ഇസ്രായേല്‍ശ്രേഷ്ഠന്മാര്‍ കോപത്തോടെ പറഞ്ഞു. 

എന്നാല്‍ ജോഷ്വാ അവരോടു യോജിച്ചില്ല. "തെറ്റു നമ്മുടെ ഭാഗത്തും സംഭവിച്ചിട്ടുണ്ട്. അവര്‍ ആരെന്നോ എന്തെന്നോ കൂടുതലായി അന്വേഷിച്ചറിയാന്‍ശ്രമിക്കാതെ കര്‍ത്താവിൻ്റെ നാമത്തില്‍ അവരെ രക്ഷിക്കാമെന്നു നമ്മള്‍ ശപഥംചെയ്തു. കര്‍ത്താവിൻ്റെ ഹിതമെന്തെന്നറിയാന്‍ നമ്മള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരുന്നതുമില്ല. കര്‍ത്താവിൻ്റെ നാമത്തില്‍ചെയ്ത ശപഥം നമ്മള്‍ പാലിക്കുന്നില്ലെങ്കില്‍ നമ്മള്‍ അവഹേളിക്കുന്നതു നമ്മുടെ ദൈവമായ കര്‍ത്താവിനെത്തന്നെയാണ്. അതിനാല്‍ നമ്മുടെ ജീവന്‍ നഷ്ടപ്പെടുത്തിയും അവരുടെ ജീവന്‍ രക്ഷിക്കാന്‍ തയ്യാറെടുക്കുക. അവരുടെ ശത്രുക്കളെ നമ്മള്‍ നേരിടും."

ജോഷ്വായുടെ വാക്കുകള്‍കേട്ടു ഗിബയോന്‍കാര്‍ ആശ്വാസംകൊണ്ടു. അപ്പോള്‍ ജോഷ്വാ അവരോടു ചോദിച്ചു: "നിങ്ങളെന്തിനാണു ഞങ്ങളോടു കളവുപറഞ്ഞു ഞങ്ങളെ വഞ്ചിക്കാന്‍ ശ്രമിച്ചത്?"

"നിങ്ങളുടെ ദൈവമായ കര്‍ത്താവ്, കാനാന്‍ദേശം മുഴുവന്‍ നിങ്ങള്‍ക്കവകാശമായി നല്കിയെന്നും തദ്ദേശവാസികളെയെല്ലാം വകവരുത്തി ദേശം പിടിച്ചടക്കാന്‍ ദൈവപുരുഷനായ മോശ നിങ്ങളോടു കല്പിച്ചിട്ടുണ്ടെന്നും ഞങ്ങള്‍ കേട്ടിരുന്നു. ജെറീക്കോയിലും ആയ് പട്ടണത്തിലും നിങ്ങള്‍നടത്തിയ സൈനികനീക്കങ്ങളേയും നിങ്ങളുടെ മുന്നേറ്റത്തെയുംകുറിച്ചറിഞ്ഞപ്പോള്‍, ജീവന്‍ രക്ഷിക്കാനായി ഞങ്ങളങ്ങനെ ചെയ്തുപോയതാണ്. അതല്ലാതെ നിങ്ങളെയോ, ഇപ്പോള്‍ ഞങ്ങളെ ആക്രമിക്കാനെത്തുന്ന അഞ്ചുരാജാക്കന്മാരെയോ വഞ്ചിക്കണമെന്നു ഞങ്ങള്‍ ചിന്തിച്ചിട്ടേയില്ല."

"എന്തുതന്നെയായാലും കര്‍ത്താവിൻ്റെ നാമത്തില്‍ചെയ്ത ശപഥം ഞങ്ങള്‍ പാലിക്കും. ഞങ്ങള്‍ക്കു ജീവനുള്ളിടത്തോളം കാലം, നിങ്ങളുടെ ജീവന്‍ സുരക്ഷിതമായിരിക്കും. എന്നാല്‍ ഞങ്ങളെ വഞ്ചിച്ചതിനാല്‍ നിങ്ങള്‍ ശപിക്കപ്പെട്ടവരാണ്. ജീവിതകാലംമുഴുവന്‍ നിങ്ങള്‍ ഞങ്ങളുടെ അടിമകളായിരിക്കും. ഇസ്രയേല്പാളയത്തില്‍ വെള്ളംകോരുകയും വിറകുവെട്ടുകയുംചെയ്യുന്ന അടിമകള്‍..."

"ജീവന്‍ നിലനിര്‍ത്തുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ല; ജീവിതകാലമത്രയും ഞങ്ങള്‍ നിങ്ങള്‍ക്കു വിധേയരായിരുന്നുകൊള്ളാം" ഗിബയൊന്‍കാര്‍ ജോഷ്വയുടെ മുമ്പില്‍ താണുവണങ്ങി.

ജോഷ്വാ ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിൻ്റെമുമ്പില്‍ പ്രാര്‍ത്ഥനാപൂര്‍വ്വമിരുന്നു. കര്‍ത്താവ് അവനോടു സംസാരിച്ചു. "നീയവരെ ഭയപ്പെടേണ്ട, അവരെ ഞാന്‍ നിൻ്റെ കൈകളില്‍ ഏല്പിച്ചുകഴിഞ്ഞിരിക്കുന്നു."

യുദ്ധനിപുണരും ധീരന്മാരുമായ തൻ്റെ പടയാളികളെ നയിച്ചുകൊണ്ട്, ജോഷ്വാ ഗില്‍ഗാലില്‍നിന്നു പുറപ്പെടാന്‍ തയ്യാറായി. അപ്പോള്‍ സൂര്യന്‍ അസ്തമയത്തിനായി ഒരുങ്ങുകയായിരുന്നു. ആകാശത്തിൻ്റെ മറ്റേക്കോണില്‍ ചന്ദ്രബിംബവും തെളിഞ്ഞുതുടങ്ങിയിരുന്നു. ഇസ്രയേല്യരും ഗിബയോനിലെ പ്രമുഖരുംകേള്‍ക്കേ ജോഷ്വാ ഉറക്കെ വിളിച്ചുപറഞ്ഞു: "സൂര്യാ, നീ ഗിബയോനില്‍ നിശ്ചലമാകുക. ഞങ്ങള്‍ വിജയശ്രീലാളിതരായി എത്തുന്നതുവരെ, ചന്ദ്രാ നീയുമനങ്ങരുത്."

 

ജെറുസലേം, ഹെബ്രോണ്‍, യാര്‍മുത്, ലാഖിഷ്, എബ്രോണ്‍ എന്നീ അഞ്ചുരാജ്യങ്ങള്‍ ഭരിച്ചിരുന്ന അമോര്യവംശജരായ അഞ്ചുരാജാക്കന്മാര്‍, ഗിബയോന്‍കാര്‍ക്കെതിരേ സംയുക്തമായി തങ്ങളുടെ സൈനികരെ നയിച്ചു. അസ്തമയത്തോടടുത്തപ്പോള്‍ അവര്‍ ഗിബയോണിന്റെ അതിര്‍ത്തികളില്‍ താവളമടിച്ചു. പുലര്‍ച്ചെ, നാലതിരുകളിലുംനിന്ന്, ഗിബയോനിലേക്കു കടന്നുകയറി ആക്രമിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഗിബയോന്‍കാരെ സംരക്ഷിക്കാന്‍ ഇസ്രയേല്‍ തയ്യാറാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നതേയില്ല.

യാമങ്ങള്‍ മുന്നോട്ടുപോയെങ്കിലും സൂര്യനസ്തമിക്കുകയോ ചന്ദ്രന്‍ അതിൻ്റെ അയനത്തിലേക്കു കടക്കുകയോ ചെയ്തില്ല. എന്താണു സംഭവിക്കുന്നതെന്നറിയാതെ അമോര്യസൈനികര്‍ അദ്ഭുതപ്പെട്ടു. അന്നുവരെ കേട്ടുകേള്‍വിപോലുമില്ലാതിരുന്ന പ്രകൃതിയുടെ ഭാവമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അവർ മുഴുകി. രാത്രിയുടെ നാലാംയാമമായപ്പോഴും സൂര്യൻ അസ്തമിക്കാതെ നിന്നു. അമോര്യസൈനികർ ഉറക്കത്തിലേക്കു വഴുതിത്തുടങ്ങി..

രാത്രിയുടെ നാലാംയാമത്തില്‍ ഇസ്രയേല്‍സൈനികര്‍ അമോര്യസൈനികത്താവളങ്ങളില്‍ മിന്നലാക്രമണം നടത്തി. ഉറക്കത്തിലേക്കു വഴുതിത്തുടങ്ങിയിരുന്ന അമോര്യ സൈനികര്‍, എന്താണു സംഭവിക്കുന്നതെന്നു തിരിച്ചറിയുന്നതിനുമുമ്പേ, നിരവധിപേര്‍ വധിക്കപ്പെട്ടു. മറ്റുള്ളവര്‍ പ്രാണരക്ഷാര്‍ത്ഥം ഓടി. ബെത്ഹേറോണ്‍ ചുരത്തിലൂടെ ഓടിയ അമോര്യരെ ഇസ്രായേല്‍സൈന്യം പിന്തുടര്‍ന്നു.

അപ്പോള്‍ ആകാശത്തു മിന്നല്‍പ്പിണരുകള്‍ പാഞ്ഞുതുടങ്ങി ഒപ്പം വലിയ കാറ്റും. ബെത്ഹേറോണ്‍ ചുരത്തില്‍നിന്നുള്ള ഇറക്കത്തില്‍ കന്മഴ പെയ്തുതുടങ്ങി. തീജ്വാലകളുടെ അകമ്പടിയോടെ വലിയ കല്ലുകള്‍ ആകാശത്തുനിന്നു ഭൂമിയിലേക്കു പെയ്തിറങ്ങി. ഇസ്രയേലിനെ ഭയന്നോടിയ അമോര്യ സൈനികര്‍ ചുരമിറങ്ങിച്ചെന്നതു കന്മഴയിലെക്കാണ്. ഇസ്രായേലിന്റെ വാളുകള്‍ വധിച്ചതിലുമധികംപേര്‍ കന്മഴയില്‍പ്പെട്ടു മരിച്ചു. ഇസ്രായേലുകാര്‍ ചുരമിറങ്ങിയില്ല.

നേരംപുലരേണ്ടനേരമായപ്പോൾ അമോര്യസൈനികരില്‍ ഒരാള്‍പോലും ജീവനോടെ അവശേഷിച്ചിരുന്നില്ല. ഇസ്രായേലിലോ ഗിബയോനിലോ ഒരാള്‍ക്കുപോലും ജീവന്‍ നഷ്ടപ്പെട്ടതുമില്ല. ഗിബയോനെതിരെ യുദ്ധത്തിനുവന്ന രാജാക്കന്മാര്‍ അഞ്ചുപേരും ഗിബയോന്‍ അതിര്‍ത്തിയില്‍, ഒരു ഗുഹയിലൊളിച്ചിരുന്നു.

പുലര്‍ച്ചേ നടത്തിയ തെരച്ചിലില്‍ ഇസ്രയേല്‍സൈനികര്‍ അവരെപ്പിടികൂടി ജോഷ്വായുടെ മുമ്പില്‍ ഹാജരാക്കി. ജോഷ്വാ അഞ്ചുപേരെയും വധിച്ചു. അന്നു വൈകുന്നേരംവരെ അവരുടെ മൃതദേഹങ്ങള്‍ മരച്ചില്ലകളില്‍ കെട്ടിത്തൂക്കി. സന്ധ്യമയങ്ങിയപ്പോള്‍, എല്ലാമൃതദേഹങ്ങളും മരത്തില്‍നിന്നിറക്കി ഒരു ഗുഹയില്‍ സംസ്കരിച്ചു. ഗുഹാകവാടം വലിയ ഒരു കല്ലിനാല്‍ അടച്ചു. അതിനുമുകളില്‍ വലിയൊരു കല്‍ക്കൂമ്പരവുമുണ്ടാക്കി
ഒരു ദിവസംമുഴുവന്‍ ആകാശത്തു നിശ്ചലമായിനിന്ന സൂര്യന്‍ അപ്പോള്‍ അസ്തമിച്ചു. ചന്ദ്രന്‍ മേഘങ്ങള്‍ക്കിടയിലൂടെ തൻ്റെ യാത്ര പുനരാരംഭിച്ചു.

No comments:

Post a Comment