Sunday 8 April 2018

57. ആഖാന്‍ നല്കിയ ആഘാതം

ബൈബിള്‍ക്കഥകള്‍ - 58

ജറീക്കോപ്പട്ടണത്തിലുള്ള, വെള്ളിയും സ്വര്‍ണ്ണവും പിച്ചളയും ഇരുമ്പുംകൊണ്ടു നിര്‍മ്മിതമായ പാത്രങ്ങള്‍ കര്‍ത്താവിന്റെ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നതിനായി, നിങ്ങള്‍ക്കെടുക്കാം. അതല്ലാതെ മറ്റൊന്നും അവിടെനിന്നു കൈവശപ്പെടുത്തരുതെന്ന കര്‍ത്താവിന്റെ കല്പന ഇസ്രായേലില്‍ ഒരാള്‍ ലംഘിച്ചു. യൂദാ ഗോത്രത്തില്‍പ്പെട്ട കാര്‍മിയുടെ പുത്രനായ ആഖാന്‍, സ്വര്‍ണ്ണക്കട്ടികളും വെള്ളിയും മനോഹരമായ തുന്നല്‍പ്പണികള്‍ചെയ്ത ചില മേലങ്കികളും കവര്‍ന്നെടുത്തു. എന്നാല്‍ മറ്റൊരാളും അക്കാര്യമറിഞ്ഞതേയില്ല.

ജെറീക്കോ കീഴടക്കിയതിനുശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ബഥേലിനു കിഴക്ക് ബേഥാവനു സമീപത്തുള്ള ആയ് എന്ന നാട്ടുരാജ്യം നിരീക്ഷിക്കുന്നതിനായി ജോഷ്വ ചില ചാരന്മാരെയയച്ചു. കുറച്ചുദിവസങ്ങള്‍ക്കുശേഷം അവര്‍ തിരിച്ചെത്തി. 

"തീരെ ദുര്‍ബ്ബലമായൊരു രാജ്യമാണത്. രണ്ടായിരത്തിലധികം സൈനികര്‍പോലും അവര്‍ക്കില്ല. വളരെയെളുപ്പത്തില്‍ നമുക്കവരെ കീഴടക്കാം." ആയ് ദേശത്തു നിരീക്ഷണത്തിനുപോയ ചാരന്മാര്‍ക്കെല്ലാം ഒരേ അഭിപ്രായമായിരുന്നു. 

മൂവായിരം സൈനികരെ ജോഷ്വാ ആയ് രാജ്യത്തിലേക്കയച്ചു. എന്നാല്‍ ഇസ്രായേലിന്റെ പ്രതീക്ഷകള്‍പോലെയല്ലായിരുന്നു ആയ് യുദ്ധത്തിന്റെ അന്ത്യം. 

നഗരകവാടത്തില്‍വച്ച് ആയ് സൈനികര്‍ ഇസ്രായേലിനെ തടഞ്ഞു. ഇസ്രായേല്‍സൈനികര്‍ക്ക്, പ്രതികരിക്കാന്‍ അവസരംനല്കാതെ വളരെ ചടുലമായ ആക്രമണമാണ് ആയ് സൈനികര്‍ നടത്തിയത്. ഇസ്രായേല്‍സേന പിന്തിരിഞ്ഞോടി. നഗരകവാടംമുതല്‍ ഷബാറിം എന്ന സ്ഥലംവരെ ആയ് സൈന്യം അവരെ പിന്തുടര്‍ന്നു. ഇസ്രായേല്‍ സൈനികരില്‍ മുപ്പത്തിയാറുപേര്‍ വധിക്കപ്പെട്ടു. 

തോറ്റോടിയെത്തിയ സൈനികരെക്കണ്ട്, ജോഷ്വ തന്റെ മേല്‍വസ്ത്രം കീറി. ഇസ്രായേല്‍ജനം ഭയാകുലരായി. ജോഷ്വയും ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരും ചണവസ്ത്രമണിഞ്ഞു, ശിരസ്സില്‍ ചാരംപൂശി. 

രണ്ടായിരംപേർമാത്രമുള്ള ചെറിയൊരു സൈന്യത്തിനുമുമ്പിൽനിന്ന് ഇസ്രായേലിൻ്റെ മൂവായിരം പടയാളികൾ തോറ്റോടാനിടയായത് കർത്താവു കൈവിട്ടതിനാലാണെന്നു ജോഷ്വായ്ക്കു മനസ്സിലായി. അതിനാലവൻ, ആയ്പട്ടണത്തിലേക്കു കൂടുതൽ സൈനികരെയയച്ചില്ല. ജോഷ്വായും ഇസ്രായേൽശ്രേഷ്ഠന്മാരും
കര്‍ത്താവിന്റെ വാഗ്ദാനപേടകത്തിനു മുമ്പില്‍ സാഷ്ടാംഗംവീണു പ്രാര്‍ത്ഥിച്ചു. 

"കര്‍ത്താവേ, ഇസ്രായേല്‍ക്കാര്‍ ശത്രുക്കളോടു തോറ്റുപിന്‍വാങ്ങിയിരിക്കുന്നു. അമോര്യരുടെ കരങ്ങളിലേല്പിച്ചു നശിപ്പിക്കുന്നതിന് ഈ ജനത്തെയെന്തിനു ജോര്‍ദ്ദാനിക്കരെക്കൊണ്ടുവന്നു? " 

കര്‍ത്താവു ജോഷ്വായ്ക്കുത്തരംനല്കി."നീയെന്തിനിങ്ങനെ സാഷ്ടാംഗംവീണു കിടക്കുന്നു? ഇസ്രായേല്‍ പാപംചെയ്തിരിക്കുന്നു; എന്റെ കല്പന നിങ്ങള്‍ ലംഘിച്ചു. എടുക്കരുതെന്നു ഞാന്‍ വിലക്കിയ ചില വസ്തുക്കള്‍ നിങ്ങള്‍ കൈവശപ്പെടുത്തിയിരിക്കുന്നു. അതു നിങ്ങള്‍ കവര്‍ന്നെടുത്തതാണ്. നശിപ്പിക്കണമെന്നു ഞാനാവശ്യപ്പെട്ടവ കൂടാരങ്ങളിലൊളിച്ചുവച്ചിട്ടു നിങ്ങള്‍ വ്യാജം പറയുന്നു. നിഷിദ്ധവസ്തുക്കള്‍ നിങ്ങളുടെയിടയിലുണ്ട്. അതു നിങ്ങളില്‍നിന്നു നീക്കിക്കളയുക. അതെടുത്തുമാറ്റുന്നതുവരെ നിങ്ങളുടെ ശത്രുക്കളെജയിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല." 

ജോഷ്വാ പിറ്റേന്നു പുലര്‍ച്ചേ എഴുന്നേറ്റു. ഇസ്രായേലിലെ സകലരും ഗോത്രക്രമത്തില്‍ ഒന്നിച്ചുകൂടാന്‍ അവന്‍ കല്പന പുറപ്പെടുവിച്ചു. 

"ഗോത്രക്രമമനുസരിച്ച്, നിങ്ങള്‍ സംഘങ്ങളായി നില്‍ക്കുവിന്‍. കര്‍ത്താവു ചൂണ്ടിക്കാണിക്കുന്ന ഗോത്രംമാത്രം തങ്ങളുടെ കുലമനുസരിച്ചു വേര്‍തിരിയണം. അതില്‍നിന്നു കര്‍ത്താവു വേര്‍തിരിക്കുന്ന കുലം, കുടുംബക്രമത്തില്‍ പിരിയണം. ആ കുടുംബങ്ങളില്‍നിന്നു കര്‍ത്താവ് ചൂണ്ടിക്കാണിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഓരോരുത്തരായി എന്റെ മുമ്പിലേക്കുവരണം. നിഷിദ്ധവസ്തുക്കളോടുകൂടെ പിടിക്കപ്പെടുന്നവനെ അവന്റെ സകലവസ്തുക്കളോടുംകൂടെ അഗ്നിക്കിരയാക്കണമെന്നു ഞാന്‍ കല്പിക്കുന്നു. എന്തെന്നാല്‍, അവന്‍ കര്‍ത്താവിന്റെ ഉടമ്പടി ലംഘിച്ച്, ഇസ്രായേലില്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചിരിക്കുന്നു."

ജോഷ്വായുടെ കല്പനപ്രകാരം ജനങ്ങള്‍ ഗോത്രങ്ങളായി അണിനിരന്നു. അതില്‍ യൂദാഗോത്രം വേര്‍തിരിയാനും മറ്റുള്ളവര്‍ ഒന്നിച്ചുനില്‍ക്കാനും ജോഷാ ആവശ്യപ്പെട്ടു. 

"യൂദാഗോത്രത്തിലെ സേരാകുലത്തില്‍പ്പെട്ടവരൊഴികെയുള്ളവര്‍ മറ്റുള്ളവര്‍ക്കൊപ്പംചേരട്ടെ." 

സേരാകുലംമാത്രം ജോഷ്വയുടെ മുമ്പില്‍ നിന്നു. 

"സേരാകുലത്തിലെ സബ്ദി കുടുംബത്തില്‍പ്പെട്ടവര്‍മാത്രം എന്റെ മുമ്പില്‍ നില്‍ക്കുക." 

സബ്ദി കുടുംബംമാത്രമായപ്പോള്‍ അവരില്‍നിന്നു കാര്‍മ്മിയുടെ പുത്രനായ ആഖാനെ പേരുചൊല്ലിവിളിച്ച്, ജോഷ്വാ ചോദിച്ചു. "മകനേ, ആഖാനേ, പറയുക. നീയെന്താണു ചെയ്തത്?"
 

ആഖാന്‍ അടിമുടി വിയര്‍ത്തു. അവന്റെ ശരീരം വിറച്ചു. വാക്കുകള്‍ പുറത്തേക്കു വന്നില്ല.
 
"നിനക്കിനി ഒന്നും മറച്ചുവയ്ക്കാനാകില്ല. പറയുക, കര്‍ത്താവിന്റെ കല്പനയ്ക്കെതിരായി നീയെന്തു ചെയ്തു?" 

ജോഷ്വയുടെ ശബ്ദം ഒരു പെരുമ്പറമുഴക്കംപോലെ ആഖാന്‍ കേട്ടു. അവന്‍ കൈകള്‍കൂപ്പി, ജോഷ്വായെയും ഇസ്രായേല്‍സമൂഹത്തെയും താണുവണങ്ങി. 

"ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെതിരേ ഞാന്‍ പാപം ചെയ്തിരിക്കുന്നു. ജെറീക്കോ നമുക്കു കീഴടങ്ങിയപ്പോള്‍, അവിടെയൊരു വീട്ടില്‍, അതിവിശിഷ്ടമായൊരു മേലങ്കിയും ഇരുനൂറു ഷെക്കല്‍ വെള്ളിയും അമ്പതു ഷെക്കല്‍ തൂക്കംവരുന്ന സ്വര്‍ണ്ണക്കട്ടിയും ഞാന്‍ കണ്ടു. മോഹംതോന്നിയാതിനാല്‍ ഞാനതെടുത്തു. അവയെല്ലാം എന്റെ കൂടാരത്തിനുള്ളില്‍ കുഴിച്ചിട്ടുണ്ട്"
ജോഷ്വാ അയച്ച ദൂതന്മാര്‍ ആഖാന്റെ കൂടാരത്തില്‍ പരിശോധനനടത്തി. വെള്ളിയും സ്വര്‍ണ്ണവും മേലങ്കിയും അവര്‍ ആ കൂടാരത്തില്‍നിന്നു കണ്ടെത്തി, ജോഷ്വയുടെ മുമ്പില്‍ കൊണ്ടുവന്നു. 

ജോഷ്വ പറഞ്ഞു: "നീ എന്തിനിതുചെയ്തു? എന്തുകൊണ്ടാണു നീ ഞങ്ങളുടെമേല്‍ കഷ്ടതകള്‍ വരുത്തിവച്ചത്? നിൻ്റെ പ്രവൃത്തിമൂലം നിന്റെമേലും ഇന്നു കഷ്ടതകള്‍ വന്നിരിക്കുന്നു." 

ജോഷ്വയുടെ കല്പനപ്രകാരം ആഖാനെയും അവന്റെ പുത്രീപുത്രന്മാരെയും ജനങ്ങള്‍ ആഖോര്‍താഴ്വരയിലേക്കു കൊണ്ടുപോയി, കല്ലെറിഞ്ഞുകൊന്നു. അവരുടെ മൃതദേഹങ്ങള്‍ക്കുമുകളില്‍ അവന്‍ മോഷ്ടിച്ചവയുള്‍പ്പെടെ അവന്റെ എല്ലാ വസ്തുവകകളും കൂട്ടിയിട്ട്, അഗ്നിയിലെരിച്ചു. എല്ലാമെരിഞ്ഞടങ്ങിയ ചാരത്തിനുമുകളില്‍ ഇസ്രായേല്‍ക്കാര്‍ വലിയൊരു കല്‍ക്കൂമ്പാരമുണ്ടാക്കി. ആഖാന്റെ ദുരന്തത്തിന്റെ സ്മരണകളുംപേറി, ആ കല്‍ക്കൂമ്പാരംമാത്രം എന്നേയ്ക്കുമായി അവിടെ ബാക്കിയായി.

No comments:

Post a Comment