Sunday 15 April 2018

58. ആയ് രാജാവിന്റെ പതനം

ബൈബിള്‍ക്കഥകള്‍ - 58

ജോഷ്വാ കര്‍ത്താവായ യാഹ്‌വെയ്ക്കുമുമ്പില്‍ ഉപവസിച്ചുപ്രാര്‍ത്ഥിച്ചു. കര്‍ത്താവ് അവനുത്തരം നല്കി.

"എല്ലാ യോദ്ധാക്കളെയുംകൂട്ടി ആയ് രാജ്യത്തേക്കു പോകുക. ഇതാ, ഞാന്‍ ആയ് രാജാവിനെയും അവന്റെ രാജ്യത്തെയും പ്രജകളെയും നിന്റെ കൈകളിലേല്പിച്ചിരിക്കുന്നു. ജറീക്കോയോടും അവിടത്തെ രാജാവിനോടും നീ പ്രവര്‍ത്തിച്ചതു പോലെതന്നെ ആയ് രാജ്യത്തോടും അവിടത്തെ രാജാവിനോടും പ്രവര്‍ത്തിക്കുക. എന്നാല്‍ ജെറീക്കോയില്‍നിന്നു വ്യത്യസ്തമായി അവിടെയുള്ള കന്നുകാലികളെയും കൊള്ളവസ്തുക്കളെയും നിങ്ങള്‍ക്കെടുക്കാം."

ധീരരും ശക്തരുമായ മുപ്പതിനായിരം സൈനികരെ അന്നുരാത്രിയില്‍ ജോഷ്വാ തിരഞ്ഞെടുത്തു. "ഈ രാത്രിയില്‍ത്തന്നെ നിങ്ങള്‍ ആയ് രാജ്യത്തിലേക്കു നീങ്ങണം. നിങ്ങള്‍ രാജ്യാതിര്‍ത്തിക്കു പിന്നിലായി ഒളിച്ചിരിക്കണം. എന്നാല്‍ അധികമകലെയാകരുത്. ഞാന്‍ കുറച്ചു സൈനികരോടൊപ്പം പട്ടണകവാടത്തിനു മുമ്പിലൂടെ ആയ് രാജ്യം ആക്രമിക്കുന്നതായി നടിക്കും. അവരുടെ സൈനികര്‍ ഞങ്ങള്‍ക്കെതിരേ വന്നാല്‍, ഞങ്ങള്‍ തോറ്റൊടുന്നതുപോലെ നടിക്കും. മുമ്പെന്നതുപോലെ അവര്‍ ഞങ്ങളെ തുരത്താനായി പിന്തുടരുമ്പോള്‍, നിങ്ങള്‍ പിന്നില്‍നിന്നാക്രമിച്ചു രാജ്യംകീഴടക്കണം. കര്‍ത്താവു നിങ്ങളോടുകൂടെയുണ്ടാകട്ടെ!"

ജോഷ്വയുടെ നിര്‍ദ്ദേശമനുസരിച്ച്, മുപ്പതിനായിരം ഇസ്രായേല്‍സൈനികര്‍, രാജ്യകവാടത്തിന്റെ വടക്കായി, ആയ് രാജ്യത്തിനും ബഥേലിനുംമദ്ധ്യേ ഒളിച്ചിരുന്നു. അയ്യായിരത്തോളം വരുന്ന മറ്റൊരുഗണം സൈനികരെ രാജ്യകവാടത്തിനു പടിഞ്ഞാറായും ജോഷ്വാ ഒളിപ്പിച്ചു.

പിറ്റേന്ന് അതിരാവിലെതന്നെ ജോഷ്വായും ഇസ്രായേല്‍ശ്രേഷ്ഠരും മൂവായിരത്തോളംവരുന്ന സൈനികരുമായി രാജ്യത്തിന്റെ പ്രധാനകവാടത്തിനുനേരേ നീങ്ങി. ആയ് പട്ടണം ഉയര്‍ന്നസ്ഥലത്തായിരുന്നതിനാല്‍ അകലെവച്ചുതന്നെ തങ്ങളുടെനേരേ വരുന്ന ഇസ്രായേല്‍സൈന്യത്തെ അവര്‍ കണ്ടു. ആയ് രാജ്യത്തിലെ രണ്ടായിരം സൈനികരുമായി രാജാവ് ഇസ്രായേല്‍സൈന്യത്തിനുനേരേ പുറപ്പെട്ടു.

ഇസ്രായേലുമായുള്ള ആദ്യത്തെ യുദ്ധത്തിലെ വിജയംനല്കിയ ആത്മവിശ്വാസവുമായി ആയ് രാജ്യത്തിലെ പുരുഷന്മാരെല്ലാവരും കൈയില്‍ക്കിട്ടിയ ആയുധങ്ങളുമായി തങ്ങളുടെ രാജാവിനും സൈനികര്‍ക്കുംപിന്നാലെ ഇസ്രായേലിനെ നേരിടാന്‍ പുറപ്പെട്ടു.

അവര്‍ തങ്ങളുടെ അടുത്തെത്തുന്നുവെന്നു കണ്ടപ്പോള്‍ ജോഷ്വായും സൈനികരും പരാജിതരെപ്പോലെ പിന്തിരിഞ്ഞോടി. തങ്ങളെ പിന്തുടരുന്ന ആയ് രാജാവും സൈനികരും അവരുടെ പിന്നാലെയുള്ള ജനങ്ങളും രാജ്യകവാടത്തുനിന്നും താന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നത്രയും അകലെയെത്തിയെന്നുകണ്ടപ്പോള്‍ ജോഷ്വാ തിരിഞ്ഞുനിന്നു. ജോഷ്വായോടൊപ്പമുണ്ടായിരുന്ന ഇസ്രായേല്‍ശ്രേഷ്ഠന്മാരും സൈനികരും അയാള്‍ക്കൊപ്പം തങ്ങളെ ഓടിച്ചവര്‍ക്കുനേരേ തിരിഞ്ഞു.

ജോഷ്വാ തന്റെ കൈവശമുണ്ടായിരുന്ന കുന്തമുയര്‍ത്തി ആയ് രാജ്യത്തിനുനേരേ നീട്ടി. ഉയര്‍ന്ന കുന്തം കണ്ടപ്പോള്‍ രാജ്യകവാടത്തിനുപിന്നില്‍ ഒളിച്ചിരുന്ന ഇസ്രായേല്‍സൈന്യം ആ രാജ്യത്തെ വീടുകള്‍ അഗ്നിക്കിരയാക്കിക്കൊണ്ട് ആക്രമണമാരംഭിച്ചു. ജോഷ്വയുടെ ഒപ്പമുണ്ടായിരുന്ന സൈന്യവും ആയ് രാജാവിന്റെ സൈനികര്‍ക്കിടയിലേക്കു കുതിച്ചുകയറി ആക്രമണമാരംഭിച്ചു. തങ്ങളുടെ രാജ്യത്തുനിന്നും തീയും പുകയും ഉയരുന്നതുകാണുകയും സ്ത്രീകളും കുട്ടികളും ആര്‍ത്തുകരയുന്നതു കേള്‍ക്കുകയുംചെയ്തെങ്കിലും ആയ് രാജാവിനോ സൈന്യത്തിനോ മുമ്പോട്ടോ പിമ്പോട്ടോ ഓടാന്‍ സാധിച്ചില്ല.

ആയ് രാജാവിനെ ഇസ്രായേല്‍ ജീവനോടെ പിടികൂടി. സൈനികരും ജനങ്ങളുമായി ആയ് രാജ്യത്ത് ആകെയുണ്ടായിരുന്ന പന്തീരായിരത്തോളംപേര്‍ അന്നു വധിക്കപ്പെട്ടു. ആയ്‌നിവാസികള്‍ പൂര്‍ണ്ണമായി നിഗ്രഹിക്കപ്പെടുന്നതുവരെ കുന്തം നീട്ടിപ്പിടിച്ചിരുന്ന തന്റെ കരങ്ങള്‍, ജോഷ്വ പിന്‍വലിച്ചില്ല. രാജ്യത്ത് ഇനിയാരും ജീവനോടെയവശേഷിക്കുന്നില്ലെന്നു മനസ്സിലാക്കിയശേഷം, ആയ് രാജാവിനെ ഇസ്രായേല്‍ ഒരു വൃക്ഷശാഖയില്‍ തൂക്കിലേറ്റി. പിന്നെ അവന്റെ ശരീരം മരത്തില്‍നിന്നിറക്കി സംസ്കരിക്കുകയും അതിനുമുകളില്‍ ഒരു കല്‍ക്കൂമ്പാരംതീര്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ ആയ് രാജ്യം കൊള്ളയടിച്ചു. അവിടെയുണ്ടായിരുന്ന സമ്പത്തും കന്നുകാലികളും അവര്‍ സ്വന്തമാക്കി. പിന്നെ ആ രാജ്യത്തെ പൂര്‍ണ്ണമായും അഗ്നിയിലെരിച്ചു.

അവിടെ ഏബാല്‍മലയില്‍, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനു ജോഷ്വ ഒരു ബലിപീഠം നിര്‍മ്മിച്ചു. മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരുന്നതുപോലെ, ചെത്തിമിനുക്കാത്ത കല്ലുകള്‍കൊണ്ട്, ഇരുമ്പായുധം സ്പര്‍ശിക്കാതെയാണ്‌ ആ ബലിപീഠം നിര്‍മ്മിച്ചത്. മോശയെഴുതിയ നിയമങ്ങളുടെ ഒരു പകര്‍പ്പ്, ജോഷ്വാ അവിടെ കല്ലുകളില്‍ കൊത്തിവച്ചു. ബലിപീഠത്തില്‍ ഇസ്രായേല്‍ കര്‍ത്താവിനു ബലികളര്‍പ്പിച്ചു.

പിന്നെ ഇസ്രായേല്‍ജനവും അവര്‍ക്കിടയില്‍ വസിക്കുന്ന മറ്റുജനതകളില്‍പ്പെട്ടവരും കേള്‍ക്കുവാനായി ജോഷ്വാ നിയമഗ്രന്ഥം പൂര്‍ണ്ണമായും ഉറക്കെ വായിച്ചു. വായനയവസാനിച്ചപ്പോള്‍ ജനങ്ങള്‍ ഉറക്കെ ദൈവസ്തുതികളാലപിച്ചു.

ഇസ്രായേലിന്റെ ചെയ്തികള്‍ കേട്ടറിഞ്ഞപ്പോള്‍, ജോര്‍ദ്ദാന്റെ മറുകരയില്‍ മലകളിലും താഴ്‌വരകളിലും ലബനോന്‍വരെ നീണ്ടുകിടക്കുന്ന വലിയ കടല്‍ത്തീരത്തും വസിച്ചിരുന്ന ഹിത്യരും അമോര്യരും കാനാന്യരും പെരീസ്യരും ഹിവ്യരും ജബൂസ്യരുമായ രാജാക്കന്മാരെല്ലാവരുംതമ്മിൽ കൂടിയാലോചിച്ചു. എവിടെനിന്നോ കടന്നുവന്ന്, തദ്ദേശീയരെയെല്ലാം കൊന്നൊടുക്കുന്ന നാടോടിക്കൂട്ടത്തെ ഉന്മൂലനംചെയ്യാൻ സംയുക്തമായി മുന്നേറണമെന്നു തീരുമാനിച്ചു.

ജോഷ്വയ്ക്കും ഇസ്രായേലിനുമെതിരേ യുദ്ധംചെയ്യാന്‍ അവരുടെ സൈന്യങ്ങൾ സജ്ജമായി..

No comments:

Post a Comment