Sunday 1 April 2018

56. ജെറീക്കോയിലെ വിജയകാഹളം

ബൈബിള്‍ക്കഥകള്‍ - 56

"ഇത്രവലിയൊരു സൈന്യത്തിനുമുമ്പിൽ ഊരിയവാളുമായി ഒറ്റയ്ക്കുനില്ക്കുന്ന നീ അസാമാന്യധീരൻതന്നെ! ഒന്നുമാത്രം എന്നോടുപറയുക, നീ ഞങ്ങളുടെ പക്ഷത്തോ, അതോ ശത്രുപക്ഷത്തോ?" 

ജോഷ്വയുടെ ചോദ്യം ആ മനുഷ്യന്റെ മുഖത്തെ നിര്‍വ്വികാരഭാവത്തിന് ഒരുമാറ്റവും വരുത്തിയില്ല. ജോഷ്വായുടെ കണ്ണുകളിലേക്കു നോക്കി അയാള്‍ മറുപടി പറഞ്ഞു: "ഞാന്‍ ദൈവത്തിന്റെ പക്ഷത്താണ്. സൈന്യങ്ങളുടെ കര്‍ത്താവിന്റെ സൈന്യാധിപനാണു ഞാന്‍" 

ജോഷ്വാ അവന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു

കര്‍ത്താവിന്റെ സൈന്യാധിപന്‍ പറഞ്ഞു: നിന്റെ പാദരക്ഷകള്‍ അഴിച്ചു മാറ്റുക. നീ നില്‍ക്കുന്ന ഈ സ്ഥലം വിശുദ്ധമാണ്." ജോഷ്വാ അവനെയനുസരിച്ചു.

അപ്പോൾ കര്‍ത്താവിന്റെ സൈന്യാധിപന്‍ കണ്മുമ്പില്‍നിന്നപ്രത്യക്ഷനായി. അവന്റെ ശബ്ദംമാത്രം ജോഷ്വാ കേട്ടു. " ഇസ്രായേല്‍ജനത്തെ ഭയന്നു ജറീക്കോപ്പട്ടണം അടച്ചുഭദ്രമാക്കിയിരുന്നു. ആരും പുറത്തേക്കുപോവുകയോ അകത്തേക്കുവരുകയോ ചെയ്യുന്നില്ല. എന്നാല്‍ ജറീക്കോപ്പട്ടണത്തെ അതിന്റെ രാജാവിനോടും യുദ്ധവീരന്മാരോടുംകൂടെ കര്‍ത്താവു നിന്റെ കരങ്ങളിലേല്പിച്ചിരിക്കുന്നു. ഇന്നുമുതല്‍ നിങ്ങളുടെ യോദ്ധാക്കള്‍ ദിവസത്തിലൊരിക്കല്‍ പട്ടണത്തിനുചുറ്റും നടക്കണം. യോദ്ധാക്കളുടെമുമ്പില്‍ കര്‍ത്താവിന്റെ വാഗ്ദാനപേടകംവഹിക്കുന്ന ലേവ്യര്‍ പോകണം. ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളവും പിടിച്ച്, ഏഴു പുരോഹിതന്മാര്‍ വാഗ്ദാനപേടകത്തിന്റെ മുമ്പില്‍ നടക്കണം. പുരോഹിതന്മാര്‍ കാഹളംമുഴക്കുന്നതു കേള്‍ക്കുമ്പോള്‍ യോദ്ധാക്കള്‍  ആര്‍ത്തട്ടഹസിക്കണം. തുടര്‍ച്ചയായ ആറുദിവസം ഇങ്ങനെ ചെയ്യണം. ഏഴാംദിവസം, ഇതാവര്‍ത്തിച്ചുകൊണ്ട്, ഏഴു പ്രാവശ്യം നിങ്ങള്‍ പട്ടണത്തിനുചുറ്റും നടക്കണം. പുരോഹിതന്മാരുടെ കാഹളധ്വനികള്‍ക്കു പിന്നാലെ,  യോദ്ധാക്കളും ജനംമുഴുവനും ആര്‍ത്തട്ടഹസിക്കണം. അപ്പോള്‍, ആ ശബ്ദത്തിന്റെ പ്രകമ്പനത്തിൽ പട്ടണത്തിന്റെ മതില്‍ നിലംപതിക്കും. നിങ്ങള്‍, നേരേ ഇരച്ചുകയറി ആക്രമിക്കുക."

കര്‍ത്താവിന്റെ സൈന്യാധിപന്‍ നല്കിയ നിര്‍ദ്ദേശമനുസരിച്ചു ജോഷ്വാ പ്രവര്‍ത്തിച്ചു. കല്പനകിട്ടുന്നതുവരെ അട്ടഹസിക്കുകയോ ശബ്ദിക്കുകയോ അരുതെന്നും കല്പിക്കുമ്പോള്‍ അട്ടഹസിക്കണമെന്നും ജോഷ്വാ  യോദ്ധാക്കളോടു പറഞ്ഞു.

ഒരുദിവസത്തില്‍ ഒരു തവണവീതം ആറുദിവസം, കാഹളധ്വനിമുഴക്കുന്ന പുരോഹിതന്മാര്‍ക്കും കര്‍ത്താവിന്റെ വാഗ്ദാനപേടകത്തിനും പിന്നാലെ, ഇസ്രായേല്‍സൈന്യം ജെറീക്കോകോട്ട വലംവച്ചു. കാഹളധ്വനികള്‍ക്കു പിന്നാലെ, ജോഷ്വയുടെ നിര്‍ദ്ദേശമനുസരിച്ച് അവര്‍ ആര്‍ത്തട്ടഹസിച്ചു.

ഏഴാംദിവസം അതിരാവിലെ ഉണര്‍ന്ന്, ജോഷ്വാ തന്റെ സൈനികര്‍ക്കു നിര്‍ദ്ദേശം നല്കി. "ഇന്നു നിങ്ങള്‍ ഏഴുപ്രാവശ്യം കോട്ടയ്ക്കു പ്രദക്ഷിണംവയ്ക്കുകയും പുരോഹിതന്മാരുടെ കാഹളധ്വനികള്‍ക്കുപിന്നാലെ ആര്‍ത്തട്ടഹസിക്കുകയും ചെയ്യണം. ഏഴാമത്തെ പ്രദക്ഷിണംപൂര്‍ത്തിയാക്കി, നിങ്ങളുടെ അട്ടഹാസം മുഴങ്ങുമ്പോള്‍ ആ പ്രകമ്പനത്തില്‍, ഈ കോട്ട തകര്‍ന്നടിയും. ഈ പട്ടണം കര്‍ത്താവു നിങ്ങള്‍ക്കു നല്‍കിക്കഴിഞ്ഞിരിക്കുന്നു.

ഈ പട്ടണത്തിലുള്ള, വെള്ളിയും സ്വര്‍ണ്ണവും പിച്ചളയും ഇരുമ്പുംകൊണ്ടു നിര്‍മ്മിതമായ പാത്രങ്ങള്‍ കര്‍ത്താവിന്റെ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നതിനായി, നിങ്ങള്‍ക്കെടുക്കാം. മറ്റെല്ലാം നിശ്ശേഷം നശിപ്പിക്കണം. ഈ ദേശം നിരീക്ഷിക്കാനെത്തിയ നമ്മുടെ ദൂതന്മാരെ ഒളിപ്പിച്ചതിനാല്‍ റാഹാബും അവളുടെ കുടുംബത്തിലുള്ളവരും ജീവനോടെയിരിക്കട്ടെ. ഇപ്പറഞ്ഞവയൊഴികെ, മനുഷ്യരും മൃഗങ്ങളും സ്വത്തുവകകളുമായി, ജെറീക്കോയില്‍ ഒന്നുമവശേഷിക്കരുത്. നിങ്ങള്‍ ഒന്നും കവര്‍ന്നെടുക്കുകയുംചെയ്യരുത്. അങ്ങനെചെയ്താല്‍ ഇസ്രായേല്‍പാളയത്തിനു വലിയ നാശവും അനര്‍ത്ഥവും സംഭവിക്കും."

ഇസ്രായേല്‍ക്കാര്‍ ഏഴുവട്ടം ജെറീക്കോക്കോട്ടയെ പ്രദക്ഷിണംചെയ്തു. പലവട്ടം കാഹളം മുഴങ്ങി. ഓരോ കാഹളശബ്ദത്തിനുംപിന്നാലെ അട്ടഹാസശബ്ദമുയര്‍ന്നു. കാഹളധ്വനികളും അട്ടഹാസവുംകേട്ടു ജെറീക്കോനിവാസികള്‍ ഭയന്നുവിറച്ചു. ഏഴാമത്തെ പ്രദക്ഷിണം പൂര്‍ത്തിയായപ്പോള്‍ അത്യുച്ചത്തില്‍മുഴങ്ങിയ കാഹളശബ്ദത്തിന്റെയും അട്ടഹാസത്തിന്റെയും പ്രകമ്പനങ്ങളില്‍ കോട്ടമതിലുകള്‍ തകര്‍ന്നു.

ദേശനിരീക്ഷണത്തിനുപോയ യുവാക്കളോടു ജോഷ്വ പറഞ്ഞു: "നിങ്ങള്‍ റാഹാബിന്റെ വീട്ടില്‍ച്ചെന്ന്, അവളോടു സത്യംചെയ്തിരുന്നതുപോലെ അവളെയും കുടുംബാംഗങ്ങളെയും പുറത്തുകൊണ്ടുവരുവിന്‍. അവളുടെ വീട്ടില്‍ അഭയംതേടിയവരിലൊരാള്‍ക്കുപോലും അപകടമുണ്ടാകാതെ കാക്കേണ്ടതു നിങ്ങളുടെ ചുമതലയാണ്."

 ആ യുവാക്കള്‍ റാഹാബിനെയും അവളുടെ മാതാപിതാക്കളെയും സഹോദരരെയും ബന്ധുജനങ്ങളെയും സുരക്ഷിതരായി കൊണ്ടുവന്ന്, ഇസ്രായേല്‍പാളയത്തിനു സമീപത്തു താമസിപ്പിച്ചു.

ഭീരുവിന്റെ കൈവശമുള്ള ആയുധങ്ങള്‍പോലും സഹായിക്കുന്നതു ശത്രുവിനെയാണ്. ഇസ്രായേലിനെക്കുറിച്ചുള്ള ഭയത്താല്‍ ചകിതരായിരൂന്ന ജെറീക്കോസൈന്യത്തിന് ചെറിയൊരു പ്രതിരോധത്തിനുപോലും കരുത്തുണ്ടായില്ല. ജെറീക്കോസൈന്യത്തിന്റെ ആയുധങ്ങളുപയോഗിച്ചുതന്നെ, ഇസ്രായേല്‍ക്കാർ അവരെ വധിച്ചു. അവര്‍ പൂര്‍ണ്ണമായും ഇസ്രായേലിന്റെ മുമ്പില്‍ അടിയറവു പറഞ്ഞു. ജെറീക്കോരാജാവു വാളിനിരയായി. പട്ടണംമുഴുവന്‍ ഇസ്രായേല്‍ക്കാര്‍ അഗ്നിയിലെരിച്ചു. റാഹാബിന്റെ ഭവനത്തിലുണ്ടായിരുന്നവരൊഴികെ, മനുഷ്യരായോ മൃഗങ്ങളായോ ഒരാള്‍പോലും ജെറീക്കോയില്‍ ജീവനോടെയവശേഷിച്ചില്ല.

കര്‍ത്താവു ജോഷ്വയോടുകൂടെയുണ്ടായിരുന്നു. അവന്റെ കീര്‍ത്തി സമീപനാടുകളിലെങ്ങും വ്യാപിച്ചു. എങ്കിലും പിശാചിന്റെ ദൂതന്‍ ഇസ്രായേലിലൊരുവനെ തനിക്കായി കണ്ടെത്തി. അവനിലൂടെ ഒരു ദുരന്തം ഇസ്രായേലിനെ കാത്തിരിക്കുന്നുണ്ടായിരുന്നു.

No comments:

Post a Comment