Sunday 31 December 2017

44. പന്ത്രണ്ടു ചാരന്മാര്‍

ബൈബിള്‍ക്കഥകള്‍ - 44

സ്രയേൽസമൂഹം മുഴുവൻ പശ്ചാത്താപത്തോടെ കര്‍ത്താവിനു മുമ്പില്‍ സാഷ്ടാംഗംവീണ്, കരഞ്ഞുപ്രാർത്ഥിച്ചു. ജനങ്ങൾ മാനസാന്തരപ്പെട്ടെന്നുകണ്ടപ്പോൾ കര്‍ത്താവു മഹാമാരി പിന്‍വലിച്ചു. 

മഹാമാരിയില്‍പ്പെട്ടു മരിച്ചവരെ മരുഭൂമിയില്‍ത്തന്നെ സംസ്കരിച്ചു. അത്യാഗ്രഹികളെ സംസ്കരിച്ച സ്ഥലം എന്നയർത്ഥത്തിൽ ആ സ്ഥലത്തിനു കിബ്രോത്ത് ഹത്താവ എന്നു മോശ പേരിട്ടു. 

മരിച്ചവരെക്കുറിച്ചുള്ള വിലാപകാലംകഴിയുന്നതുവരെ അവർ കിബ്രോത്ത് ഹത്താവയില്‍ത്തന്നെ താമസിച്ചു. മഹാമാരിയിൽനിന്നു സൗഖ്യംപ്രാപിച്ചവർക്ക് അതു നല്ലൊരു വിശ്രമകാലമായി. അവർ യാത്രചെയ്യാനുള്ള ആരോഗ്യം വീണ്ടെടുത്തു.

കര്‍ത്താവിന്റെ മേഘം സമാഗമകൂടാരത്തില്‍നിന്നു വീണ്ടുമുയര്‍ന്നു. ഇസ്രായേല്‍ജനം തങ്ങളുടെ യാത്ര പുനരാരംഭിച്ചു. കുറച്ചുദിവസങ്ങളിലെ തുടർച്ചയായ യാത്ര, അവരെ ഹസറോത്ത് എന്ന സ്ഥലത്തെത്തിച്ചു. ഇസ്രായേൽ അവിടെത്താവളമടിച്ചു.

മോശയ്ക്ക്, സിപ്പോറയെക്കൂടാതെ കുഷ്യവംശജയായ ഒരു ഭാര്യകൂടെയുണ്ടായിരുന്നു. ഹസറോത്തിൽവച്ച്,
അഹറോൻ്റെ സഹോദരിയായ മിരിയാം അവളുമായിപ്പിണങ്ങി. വിജാതീയസ്ത്രീയായ അവളെയും അവളെപ്രതി, മോശയേയും മിരിയാം പരിഹസിച്ചുസംസാരിച്ചു. അഹറോൻ, മിരിയാമിൻ്റെ വാക്കുകൾകേട്ടെങ്കിലും സഹോദരിയെ തടയുകയോ ശാസിക്കുകയോചെയ്തില്ല.

മോശയ്ക്കെതിരായ പരിഹാസവാക്കുകൾ കർത്താവിൻ്റെ സന്നിധിയിലെത്തി.

കര്‍ത്താവു മേഘസ്തംഭത്തിലിറങ്ങിവന്ന്, സമാഗമകൂടാരവാതില്‍ക്കല്‍നിന്നു. അവിടുന്നു മിരിയാമിനെയും അഹറോനെയും വിളിച്ചു. അവര്‍ മുന്നോട്ടുചെന്നപ്പോള്‍ കർത്താവവരോടു സംസാരിച്ചു: 

"നിങ്ങളുടെയിടയില്‍ ഒരു പ്രവാചകനുണ്ടെങ്കില്‍ കര്‍ത്താവായ ഞാൻ, ദര്‍ശനങ്ങളിലൂടെ അവനെന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കും; സ്വപ്നത്തില്‍ അവനോടു സംസാരിക്കുകയുംചെയ്യും. 

എന്നാൽ, എന്‍റെ ദാസനായ മോശയുടെകാര്യത്തില്‍ അങ്ങനെയല്ല. എന്‍റെ ജനത്തിന്‍റെ മുഴുവന്‍ചുമതലയും ഞാൻ അവനെയേല്പിച്ചിരിക്കുന്നു. ദർശനങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയുമല്ലാ,  സ്പഷ്ടമായി, മുഖാഭിമുഖം ഞാനവനുമായി  സംസാരിക്കുന്നു. അവന്‍ എന്‍റെ രൂപം കാണുകയുംചെയ്യുന്നു. എന്നിട്ടും എന്‍റെ ദാസനായ മോശയ്‌ക്കെതിരായി സംസാരിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെട്ടതെങ്ങനെ?"

മിരിയാമും അഹറോനും നിശബ്ദരായി നിന്നു. കര്‍ത്താവിന്‍റെ കോപം, അവര്‍ക്കെതിരേ ജ്വലിച്ചു. അവിടുത്തെ മഹത്വം അവരെവിട്ടുപോയി. കര്‍ത്താവിന്‍റെ മേഘം കൂടാരത്തിനു മുകളില്‍നിന്നു നീങ്ങിയപ്പോള്‍ മിരിയാം കുഷ്ഠംബാധിച്ച്, മഞ്ഞുപോലെ വെളുത്തു. അവളെക്കണ്ട അഹറോന്‍ നടുങ്ങിപ്പോയി.
     
അഹറോന്‍ മോശയുടെ കാല്‍ക്കല്‍വീണു. "പ്രഭോ, ഞങ്ങള്‍ ബുദ്ധിഹീനമായിട്ടാണു പ്രവര്‍ത്തിച്ചത്; ഞങ്ങളോടു ക്ഷമിക്കണേ...! ആ പാപം ഞങ്ങളുടെമേല്‍ ചുമത്തരുതേ! കുഷ്ഠരോഗംബാധിച്ച്, ശരീരം മുഴുവനഴുകി, പാതിജീവനോടെകഴിയുന്ന അവസ്ഥയിലേയ്ക്ക് എന്‍റെ സഹോദരിയെ തള്ളരുതേ...."  

മോശ കര്‍ത്താവിനോടു നിലവിളിച്ചു പ്രാർത്ഥിച്ചു: "കര്‍ത്താവേ, ഞാന്‍ കേണപേക്ഷിക്കുന്നു, അവളെ സുഖപ്പെടുത്തണമേ!"
   
കര്‍ത്താവു മോശയോടു പറഞ്ഞു: "ഏഴുദിവസം അവളെ പാളയത്തിനു പുറത്തു പാര്‍പ്പിക്കുക; അതിനുശേഷം അകത്തു കൊണ്ടുവരാം. അപ്പോള്‍ അവള്‍ സൗഖ്യംപ്രാപിച്ചിരിക്കും."    

മിരിയാമിനെ ഏഴുദിവസത്തേക്കു പാളയത്തില്‍നിന്നു പുറത്താക്കി. പാളയത്തിൽനിന്നകലെയായി അവൾക്കായൊരു കൂടാരമൊരുക്കി. അവളെ, തിരികേ ഇസ്രായേൽപ്പാളയത്തിന്നകത്തു പ്രവേശിപ്പിക്കുന്നതുവരെ, ജനങ്ങളെല്ലാം താന്താങ്ങളുടെ  കൂടാരങ്ങളിൽത്തന്നെ കഴിഞ്ഞു. ഏഴുദിവസങ്ങൾക്കുശേഷം മിരിയാം പൂർണ്ണസൗഖ്യം നേടി

അന്നുതന്നെ, ഇസ്രായേൽ, ഹസേറോത്തില്‍നിന്നു പുറപ്പെട്ടു. അഞ്ചുദിവസങ്ങള്‍നീണ്ട തുടർച്ചയായ യാത്രയ്ക്കൊടുവിൽ, അവർ പാരാന്‍മരുഭൂമിയിലെത്തി, പാളയമടിച്ചു. 

പാരാനിൽവച്ചു കര്‍ത്താവു മോശയോടു പറഞ്ഞു. "നിങ്ങളിതാ,  തേനുംപാലുമൊഴുകുന്ന കാനാന്‍ദേശത്തിനു സമീപമെത്തിക്കഴിഞ്ഞു. ആ ദേശം കീഴടക്കുന്നതിനുള്ള പദ്ധതികളും യുദ്ധമുറകളും നിങ്ങൾതന്നെ തയ്യാറാക്കണം. അതിനുവേണ്ടി, ദേശത്തിൻ്റെ കരുത്തും ദൗർബല്യവും തിരിച്ചറിയുംവിധം, ദേശം *ഒറ്റുനോക്കാന്‍ അവിടേയ്ക്കു ചാരന്മാരെയയയ്ക്കുക."

കര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം,
ജോസഫിൻ്റെയും ലേവിയുടേയും ഗോത്രങ്ങളൊഴികെയുള്ളവയിൽനിന്ന്, ഒരു ഗോത്രത്തില്‍നിന്ന്, ഒരാളെന്നക്രമത്തില്‍  പത്തുപേരെയും ജോസഫിൻ്റെ ഗോത്രത്തിൽനിന്നു രണ്ടുപേരെയും തിരഞ്ഞെടുത്തു. പുരോഹിതഗോത്രമായതിനാൽ, ലേവിഗോത്രത്തിൽനിന്ന് ആരെയും ചാരവൃത്തിക്കായി തിരഞ്ഞെടുത്തില്ല..

റൂബന്‍ഗോത്രത്തില്‍നിന്നു  ഷമ്മുവാ; ശിമയോന്‍ഗോത്രത്തില്‍നിന്നു ഷാഫാത്ത്; യൂദാഗോത്രത്തില്‍നിന്നു കാലെബ്; 
ദാന്‍ഗോത്രത്തില്‍നിന്ന് അമ്മിയേല്‍; 
നഫ്താലിഗോത്രത്തില്‍നിന്നു  നഹ്ബി; ഗാദ് ഗോത്രത്തില്‍നിന്നു ഗവുവേല്‍, ആഷേര്‍ഗോത്രത്തില്‍നിന്നു സെത്തൂര്‍; സെബുലൂണ്‍ഗോത്രത്തില്‍നിന്നു ഗദ്ദീയേല്‍; 
ജോസഫിന്‍റെ അർദ്ധഗോത്രങ്ങളില്‍, മനാസ്സേഗോത്രത്തിൽനിന്നു ഗദ്ദി, എഫ്രായിംഗോത്രത്തില്‍നിന്നു ജോഷ്വാ; 
ബഞ്ചമിന്‍ഗോത്രത്തില്‍നിന്നു പല്‍തി എന്നിവരായിരുന്നൂ കാനാന്‍ദേശം ഒറ്റുനോക്കാനായി മോശ തിരഞ്ഞെടുത്ത ഗോത്രത്തലവന്മാരായ പന്ത്രണ്ടുപേര്‍.

തങ്ങള്‍ക്കായി കര്‍ത്താവു വാഗ്ദാനംചെയ്ത കാനാന്‍ദേശത്തേയ്ക്ക്, ചാരവൃത്തിക്കായി പോകാന്‍ അവര്‍ തയ്യാറെടുത്തു.

പന്ത്രണ്ടുപേരെയും ആശീര്‍വദിച്ചുകൊണ്ടു മോശ പറഞ്ഞു.

"ആ നാട്ടിലെ ജനങ്ങളെങ്ങനെയുള്ളവരാണ്, അവരുടെ രാജാവിനുള്ള സൈനികബലമെത്ര, എന്തൊക്കെയാണു നാടിന്റെ ബലഹീനതകള്‍, നമ്മള്‍ ആ നാടാക്രമിക്കുമ്പോള്‍, രാജ്യത്തിന്റെ ഏതുഭാഗത്തുനിന്നാണു യോദ്ധാക്കള്‍ക്കു കടന്നുചെല്ലാനെളുപ്പം തുടങ്ങിയ കാര്യങ്ങളെല്ലാം സൂക്ഷ്മതയോടെ നിങ്ങള്‍ മനസ്സിലാക്കണം. എല്ലായ്പോഴും കര്‍ത്താവു നിങ്ങളോടൊപ്പമുണ്ടായിരിക്കും. അവിടുത്തെസ്തുതികള്‍ നിങ്ങളുടെ അധരങ്ങളില്‍നിന്ന് ഒരിക്കലുമൊഴിയാതിരിക്കട്ടെ. " 
......................................................

*ഒറ്റുനോക്കുക = രഹസ്യനിരീക്ഷണം നടത്തുക

No comments:

Post a Comment