Sunday 3 December 2017

40. സ്വര്‍ണ്ണക്കാള

ബൈബിൾക്കഥകൾ 40

കര്‍ത്താവില്‍നിന്നുള്ള സന്ദേശങ്ങള്‍ക്കായി ഉയര്‍ന്ന പര്‍വ്വതശിഖരത്തിലേക്കു കയറിപ്പോയ മോശയെക്കാത്തുനിന്ന ജോഷ്വാ അസ്വസ്ഥനായി. മൂന്നുദിവസങ്ങള്‍കഴിഞ്ഞിട്ടും മോശ മടങ്ങിയെത്തിയിട്ടില്ല. മോശമടങ്ങിയെത്താന്‍ ഇനിയും വൈകുന്നതെന്തേ?

ഇപ്പോഴിതാ, താഴെ, മലയടിവാരത്തില്‍ ഇസ്രായേല്‍ജനം കൂടാരമടിച്ച ഭാഗത്തുനിന്ന് കാഹളധ്വനികളും മനുഷ്യരുടെ അട്ടഹാസങ്ങളുടെ ശബ്ദവും ഉയര്‍ന്നുകേള്‍ക്കുന്നു. ശക്തരായ മറ്റേതെങ്കിലും ജനത ഇസ്രായേല്‍ജനതയെ ആക്രമിക്കാനെത്തിയോ? ഒന്നും വ്യക്തമല്ല. മോശയെ അന്വേഷിച്ചു മുകളിലേക്കു കയറണമോ? അതോ കൂടാരങ്ങളില്‍ എന്താണു സംഭവിക്കുന്നതെന്നറിയാന്‍ താഴേയ്ക്കിറങ്ങണമോ? എന്തുചെയ്യണമെന്ന തീരുമാനത്തിലെത്താന്‍ ജോഷ്വായ്ക്കു കഴിഞ്ഞില്ല.

ഇസ്രായേല്‍ജനത്തിനെതിരേ കര്‍ത്താവിന്റെ കോപം ജ്വലിക്കുന്നതുകണ്ട മോശ ചകിതനായി.

കര്‍ത്താവു പറഞ്ഞു; "അനുസരണമില്ലാത്ത ഈ ജനതയെ ഞാന്‍ പൂര്‍ണ്ണമായും നശിപ്പിക്കും. എന്നാല്‍ നിന്നില്‍നിന്നു ഞാന്‍ വലിയൊരു ജനതയ്ക്കു രൂപംനല്കും."

മോശ കര്‍ത്താവിനുമുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ടു പറഞ്ഞു: "കര്‍ത്താവേ, കരുണതോന്നേണമേ! വലിയ ശക്തിയോടെയും അദ്ഭുതകരമായ മാർഗ്ഗങ്ങളിലൂടെയും അങ്ങുതന്നെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്ന അങ്ങയുടെ ജനത്തിനെതിരേ അവിടുത്തെ ക്രോധം ജ്വലിക്കരുതേ....  മലകളില്‍വച്ചു കൊന്നുകളയുന്നതിനും ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുന്നതിനുമുള്ള ദുരുദ്ദേശ്യത്തോടുകൂടെയാണ് അവനവരെ കൊണ്ടുപോയതെന്ന് ഈജിപ്തുകാര്‍ പറയാനിടവരുത്തരുതേ കർത്താവേ! അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ! അങ്ങയുടെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്നു പിന്മാറണമേയെന്നു ഞാൻ പ്രാർത്ഥിക്കുന്നു!! അവിടുത്തെ ദാസന്മാരായ അബ്രാഹത്തെയും ഇസഹാക്കിനെയും ഇസ്രായേലിനെയുമോര്‍ക്കണമേ! നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഞാന്‍ വര്‍ദ്ധിപ്പിക്കും, ഞാന്‍ വാഗ്ദാനംചെയ്തിട്ടുള്ള ഈ നാടുമുഴുവന്‍ നിങ്ങളുടെ സന്തതികള്‍ക്കു ഞാന്‍ നല്‍കും, അവര്‍ അതെന്നേക്കും കൈവശമാക്കുകയുംചെയ്യുമെന്ന് അവിടുന്നുതന്നെ ശപഥംചെയ്തു പറഞ്ഞതില്‍നിന്നു പിന്മാറരുതേ"

മോശയുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന കര്‍ത്താവിനെ ശാന്തനാക്കി. അവിടുന്നു പറഞ്ഞു' "നീ പോവുക, നിന്റെ ജനത്തെ അവരുടെ തിന്മകളില്‍നിന്നു പിന്തിരിപ്പിക്കുക...."

ഉടമ്പടിപത്രികയെഴുതിയ രണ്ടു കല്പലകകളുമായി, മോശ  താഴേക്കിറങ്ങി, ജോഷ്വയുടെ സമീപമെത്തി. പലകകളുടെ ഇരുവശത്തും എഴുത്തുണ്ടായിരുന്നു.

മോശയെക്കണ്ടപ്പോള്‍ ജോഷ്വായ്ക്ക് ആശ്വാസംതോന്നി. അവനോടിയെത്തി, മോശയുടെ കൈകളില്‍നിന്ന് ഉടമ്പടിപത്രികകള്‍ വാങ്ങാന്‍ശ്രമിച്ചു. എന്നാല്‍ മോശ അവ തന്റെ കൈകളില്‍ത്തന്നെ വഹിച്ചു.

"പാളയത്തില്‍ യുദ്ധത്തിന്റെ ശബ്ദം മുഴങ്ങുന്നുണ്ട്." ജോഷ്വാ പറഞ്ഞു.

"വിജയത്തിന്റെ അട്ടഹാസമോ പരാജയത്തിന്റെ മുറവിളിയോ അല്ല നീ കേള്‍ക്കുന്നത്. ദൈവനിഷേധത്തിന്റെ ഗാനാലാപമാണവിടെ; കര്‍ത്താവിനെ തള്ളിപ്പറയുന്നവരുടെ ആഘോഷോന്മാദ ശബ്ദം." 

ജോഷ്വായ്ക്ക് ഒന്നും മനസ്സിലായില്ല. അവന്‍, മിണ്ടാതെ മോശയ്ക്കൊപ്പം മലയിറങ്ങി.

താഴ്വരയില്‍ പാളയത്തിനടുത്തെത്തുന്നതിനു മുമ്പുതന്നെ  സ്വര്‍ണ്ണനിര്‍മ്മിതമായ കാളക്കുട്ടിയെ ജനങ്ങള്‍ വണങ്ങുന്നതും അതിനുമുമ്പില്‍ അവര്‍ നൃത്തംചെയ്യുന്നതും മോശയും ജോഷ്വായും കണ്ടു; മോശ  കോപംകൊണ്ടു വിറച്ചു. കൈയിലിരുന്ന കല്പലകകള്‍ അവന്‍ വലിച്ചെറിഞ്ഞു. മലയുടെ അടിവാരത്തില്‍വീണ് അവ തകര്‍ന്നുപോയി. 

മോശ അഹറോനോടു കയര്‍ത്തു: "നീ ഈ ജനത്തിന്റെമേല്‍ ഇത്രവലിയൊരു പാപംവരുത്തിവയ്ക്കാന്‍ അവര്‍ നിന്നോടെന്തുചെയ്തു?" 

ഇന്നുവരെ കണ്ടിട്ടില്ലാത്ത, മോശയുടെ കോപംനിറഞ്ഞ മുഖം അഹറോനെ ഭയപ്പെടുത്തി. അയാള്‍ സ്വയം ന്യായീകരിക്കാന്‍ശ്രമിച്ചു.  

അങ്ങയുടെ കോപം എന്റെമേല്‍ ജ്വലിക്കാതിരിക്കട്ടെ. തിന്മയിലേക്ക്, ഈ ജനത്തിനുള്ള ചായ്‌വ് അങ്ങേയ്ക്കറിയാമല്ലോ. ഞങ്ങളെ നയിക്കാന്‍ ദേവന്മാരെയുണ്ടാക്കിത്തരികയെന്ന് അവരെന്നോടാവശ്യപ്പെട്ടു. പോയിട്ടു ദിവസങ്ങളായെങ്കിലും അങ്ങു മലയില്‍നിന്നു മടങ്ങിവന്നതുമില്ല. ജനക്കൂട്ടം എന്റെ ജീവനപഹരിക്കുമെന്നു ഞാന്‍ ഭയന്നു. സ്വര്‍ണ്ണം കൈവശമുള്ളവര്‍ അതു കൊണ്ടുവരട്ടെയെന്നു ഞാന്‍ പറഞ്ഞു. അവര്‍ കൊണ്ടുവന്നു. ഞാനതു തീയിലിട്ടു. അപ്പോള്‍ ഈ കാളക്കുട്ടി പുറത്തുവന്നു."

"സ്വര്‍ണ്ണം തീയിലിട്ടാല്‍ അതു കാളക്കുട്ടിയായി പുറത്തുവരുമോ? ശത്രുക്കളുടെയിടയില്‍ സ്വയം ലജ്ജിതരാകത്തക്കവിധം അഴിഞ്ഞാടുന്നതിന് ഈ ജനത്തെ നീയെന്തിനനുവദിച്ചു?"

ആ സ്വര്‍ണ്ണക്കാളയെ, അതിനു  ദഹനബലിയര്‍പ്പിക്കാനായി ഒരുക്കിയ അഗ്നികുണ്ഡത്തിലേക്കുതന്നെ  മോശ വലിച്ചെറിഞ്ഞു. അതിനെ ഉരുക്കിചാമ്പലാക്കി. അതിന്റെ ചാരം, കുടിനീരില്‍ക്കലര്‍ത്തി ഇസ്രായേല്‍ക്കാരെ കുടിപ്പിച്ചു.

സ്വർണ്ണക്കാളക്കുട്ടിയെ ആരാധിച്ചവരിൽ ഒരുസംഘമാളുകൾ മോശയുടെ പ്രവൃത്തിയെ എതിർത്തു. അവർ വാളുകളും മറ്റായുധങ്ങളുമായി മോശയ്ക്കുനേരെയടുത്തു.

മോശ, ജോഷ്വായോടൊപ്പം പാളയത്തിന്റെ കവാടത്തില്‍നിന്നുകൊണ്ടു പറഞ്ഞു: "കര്‍ത്താവിന്റെ പക്ഷത്തുള്ളവര്‍ എന്റെയടുത്തേക്കു വരട്ടെ. ലേവിയുടെ പുത്രന്മാരെല്ലാവരും അവന്റെയടുക്കല്‍ ഒന്നിച്ചുകൂടി. 

ജോഷ്വായും ലേവിഗോത്രജരും ഊരിയ വാളോടെ കാളക്കുട്ടിയെ ആരാധിച്ചവരെ നേരിട്ടു. ഇസ്രായേല്‍ത്താവളത്തില്‍ അന്നു വലിയ കൂട്ടക്കൊലനടന്നു. മൂവായിരത്തോളംപേര്‍ അന്നു പരലോകംപൂകി.

എല്ലാം ശാന്തമായപ്പോള്‍ മോശ ജനത്തോടു പറഞ്ഞു: "നിങ്ങള്‍ കഠിനപാപം ചെയ്തിരിക്കുന്നു. ഞാന്‍ വീണ്ടും കര്‍ത്താവിന്റെയടുത്തേക്കു കയറിച്ചെല്ലാം; ഒരുപക്ഷേ,  നിങ്ങളുടെ പാപത്തിനു പരിഹാരംചെയ്യാന്‍ എനിക്കു കഴിഞ്ഞേക്കും."
        
മോശ കര്‍ത്താവിന്റെയടുക്കല്‍ തിരിച്ചുചെന്നു പറഞ്ഞു: ഈ ജനം വലിയ പാപംചെയ്തുപോയി. അവര്‍ തങ്ങള്‍ക്കായി സ്വര്‍ണ്ണംകൊണ്ടു ദേവന്മാരെ നിര്‍മ്മിച്ചു. അവിടുന്നവരുടെ പാപം ക്ഷമിക്കണം; അല്ലെങ്കില്‍, അവിടുത്തെ  ജീവന്റെ പുസ്തകത്തില്‍നിന്ന് എന്റെ പേരു മായിച്ചുകളഞ്ഞാലും."       

കര്‍ത്താവു മോശയോടു പറഞ്ഞു: "എനിക്കെതിരായി പാപംചെയ്തവനെയാണ് എന്റെ പുസ്തകത്തില്‍നിന്നു ഞാന്‍ തുടച്ചുനീക്കുക. നീ പോയി ഞാന്‍ നിന്നോടു പറഞ്ഞിട്ടുള്ള സ്ഥലത്തേക്കു ജനത്തെ നയിക്കുക. അവരെ സന്ദര്‍ശിക്കുന്ന ദിവസം അവരുടെ പാപങ്ങളെപ്രതി ഞാനവരെ  ശിക്ഷിക്കും. നീയും ഈജിപ്തില്‍നിന്നു നീ കൂട്ടിക്കൊണ്ടുവന്ന ജനവും ഇവിടെനിന്നു പുറപ്പെട്ട്, അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും അവരുടെ സന്തതികള്‍ക്കായി നല്കുമെന്നു ഞാന്‍ ശപഥംചെയ്തിട്ടുള്ള നാട്ടിലേക്കു പോവുക. എന്റെ ദൂതന്‍ നിന്റെമുമ്പേ പോകും. ആ നാട്ടിലുള്ള കാനാന്‍കാരെയും അമോര്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാനവിടെനിന്നോടിച്ചുകളയും. 

നീ ഇസ്രായേല്‍ക്കാരോടു പറയുക; നിങ്ങള്‍ ദുശ്ശാഠ്യക്കാരായ ഒരു ജനമാണ്. ഒരു നിമിഷത്തേക്കു നിങ്ങളുടെകൂടെ സഞ്ചരിച്ചാല്‍മതി, നിങ്ങളെ ഞാന്‍ നശിപ്പിച്ചുകളയും. എന്നോടുള്ള വിധേയത്തത്തിന്റെ പ്രതീകമായി, നിങ്ങളുടെ ആഭരണങ്ങള്‍ അഴിച്ചുമാറ്റുവിന്‍." 

കര്‍ത്താവു വീണ്ടും  മോശയോടുപറഞ്ഞു: "ആദ്യത്തേതുപോലുള്ള രണ്ടു കല്പലകള്‍ ചെത്തിയെടുക്കുക. നീ ഉടച്ചുകളഞ്ഞ പലകകളിലുണ്ടായിരുന്ന വാക്കുകള്‍തന്നെ ഞാനതിലെഴുതാം."

കർത്താവിന്റെ വാക്കുകൾ ജനത്തെയറിയിക്കാനും കല്പലകകൾ ചെത്തിയൊരുക്കാനുമായി മോശ മലയിൽനിന്നിറങ്ങി. 

മോശ കൊണ്ടുവന്ന അശുഭമായ ഈ വാര്‍ത്തകേട്ടു ജനങ്ങള്‍  വിലപിച്ചു. ഹോറെബുമലയുടെ സമീപത്തുവച്ച് ഇസ്രായേല്‍ജനം തങ്ങളുടെ ആഭരണങ്ങളഴിച്ചുമാറ്റി. ആരും ആഭരങ്ങളണിഞ്ഞില്ല. കര്‍ത്താവിനും  മോശയ്ക്കുമെതിരായ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ചു ജനങ്ങള്‍ പശ്ചാത്തപിച്ചു

No comments:

Post a Comment