Sunday 17 December 2017

42. കാനേഷുമാരി

ബൈബിള്‍ കഥകള്‍ - 42

സമാഗമകൂടാരത്തെ ആവരണംചെയ്തുനിന്ന മേഘമുയരുമ്പോള്‍മാത്രം ഇസ്രായേല്‍ തങ്ങളുടെ യാത്രതുടര്‍ന്നു. സീനായ് മരുഭൂമിയുടെ ക്രൌര്യഭാവങ്ങളില്‍പ്പോലും കര്‍ത്താവിന്റെ സംരക്ഷണം ഇസ്രായേല്‍ അനുഭവിച്ചറിഞ്ഞു. ഈജിപ്തില്‍നിന്നു യാത്രപുറപ്പെട്ടു രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടു. എന്നാൽ ആ ദിവസംവരെ ഇസ്രായേലില്‍ ഒരാളുടെയും വസ്ത്രംകീറുകയോ തുകല്‍ച്ചെരുപ്പുകള്‍ പൊട്ടുകയോ ചെയ്തിരുന്നില്ല. നിരന്തരമായി കാല്‍നടയാത്രചെയ്തിട്ടും ഒരാളുടെപോലും പാദം നീരുവന്നു വീര്‍ത്തില്ല. 

രണ്ടാംവര്‍ഷം രണ്ടാംമാസം ഒന്നാംദിവസം കര്‍ത്താവു മോശയോടു പറഞ്ഞു: "ഇസ്രായേലിലെ *എല്ലാഗോത്രങ്ങളിലുംപെട്ട, എല്ലാ പുരുഷന്മാരുടെയും കണക്കെടുക്കുക. ഇരുപതും അതിലധികവും പ്രായമുള്ള, യുദ്ധംചെയ്യാന്‍തക്ക ആരോഗ്യമുള്ള സകലരെയും ഗണംതിരിച്ചെണ്ണുക. എല്ലാ ഗോത്രങ്ങളില്‍നിന്നും ഓരോ തലവന്മാര്‍ക്കൊപ്പം  നീയും അഹറോനും ഈ കാനേഷുമാരിയ്ക്കു നേതൃത്വംനല്കുക"

ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളില്‍, ലേവിഗോത്രജരൊഴികേയുള്ളവരില്‍, കാനേഷുമാരിയുടെ ചുമതലയേല്‍പ്പിക്കേണ്ടവര്‍ ആരെല്ലാമാണെന്നു കര്‍ത്താവു മോശയ്ക്കു നിര്‍ദ്ദേശം നല്കി. 

കാനേഷുമാരി ആരംഭിക്കുന്നതിനു മുമ്പായി കര്‍ത്താവ് ഒരിക്കല്‍ക്കൂടെ മോശയോടു സംസാരിച്ചു: "ലേവ്യഗോത്രജര്‍ പുരോഹിതഗോത്രമായതിനാല്‍ അവരെയിപ്പോൾ എണ്ണേണ്ടതില്ല. **സാക്ഷ്യകൂടാരവും അതിലെ ഉപകരണങ്ങളും അതുമായി ബന്ധപ്പെട്ട സകലതും ലേവ്യരുടെ ചുമതലയിലായിരിക്കണം. അവര്‍ കൂടാരത്തില്‍ ശുശ്രൂഷചെയ്യുകയും യാത്രചെയ്യേണ്ടതായിവരുമ്പോള്‍  കൂടാരവും അതിലെ ഉപകരണങ്ങളും വഹിക്കുകയുംചെയ്യണം. എല്ലായ്പോഴും ലേവ്യര്‍ സമാഗമകൂടാരത്തിനുചുറ്റുംമാത്രം തങ്ങളുടെ കൂടാരങ്ങളടിക്കണം. യാത്രപുറപ്പെടുമ്പോള്‍ സമാഗമകൂടാരമഴിച്ചിറക്കുന്നതും പുതിയൊരു സ്ഥലത്തെത്തുമ്പോൾ അതു യഥാസ്ഥാനത്തു സ്ഥാപിക്കുന്നതും ലേവ്യരുടെ ചുമതലയാണ്. മറ്റാരെങ്കിലും അതിനു തുനിഞ്ഞാല്‍ അവന്‍ വധിക്കപ്പെടും."

ഓരോ ഗോത്രത്തിലെയും തലവന്മാര്‍ക്കൊപ്പം ഓരോ ഗോത്രവും ഗണംതിരിഞ്ഞു. കുടുംബക്രമമനുസരിച്ച്, വിശദാംശങ്ങള്‍ പാപ്പിറസ് ചുരുളുകളിലെഴുതി, ഗോത്രത്തലവന്മാര്‍ക്കു സമര്‍പ്പിച്ചു. തലവന്മാര്‍ അവയെല്ലാം ക്രോഡീകരിച്ചു. തലമുറ, വംശം, കുടുംബം, പേര്, ഇവയനുസരിച്ചു കണക്കുകള്‍ തയ്യാറാക്കി. വിശദമായ കണക്കുകളും സംഗ്രഹിച്ച ജനസംഖ്യാക്കണക്കുംരേഖപ്പെടുത്തിയ പാപ്പിറസ് ചുരുളുകള്‍ മോശയുടെ മുമ്പില്‍ സമര്‍പ്പിച്ചു. നിര്‍ദ്ദേശിക്കപ്പെട്ടിരുന്നതുപോലെ, ഇരുപതു ദിവസങ്ങള്‍കൊണ്ടു  കണക്കെടുപ്പു പൂര്‍ത്തിയായി. 

കര്‍ത്താവു പറഞ്ഞു: "ഇനിമേല്‍ ഇസ്രായേല്‍ജനം അവരവരുടെ ഗോത്രമുദ്രകളോടുകൂടിയ പതാകകള്‍ക്കു കീഴില്‍വേണം താവളമടിക്കേണ്ടത്. സമാഗമകൂടാരം എല്ലായ്പോഴും കിഴക്കഭിമുഖമായി സ്ഥാപിക്കണം. സമാഗമകൂടാരത്തിനു മുമ്പില്‍ കിഴക്കുഭാഗത്ത്, മോശയും അഹറോനുമുള്‍പ്പെട്ട ലേവിഗോത്രം താവളമടിക്കണം. മറ്റു ഗോത്രങ്ങള്‍, ഇസ്രായേല്‍സന്തതികളുടെ മൂപ്പിളമയനുസരിച്ച്, ക്രമമായി സമാഗമകൂടാരത്തിനുചുറ്റുമായി താവളമടിക്കണം. "
സമാഗമകൂടാരത്തിനു മുമ്പില്‍ സമൂഹത്തിനുമുഴുവന്‍ സമ്മേളിക്കാനാകുന്ന വിസ്തൃതിയില്‍ സ്ഥലമൊഴിച്ചിട്ടശേഷമാണു കൂടാരങ്ങള്‍ സ്ഥാപിച്ചത്. 

കര്‍ത്താവിന്റെ കല്പനയനുസരിച്ച്, അടിച്ചുപരത്തിയ വെള്ളികൊണ്ട്, മോശ രണ്ടു കാഹളങ്ങള്‍ നിര്‍മ്മിച്ചു. കാഹളങ്ങള്‍ ഒന്നിച്ചു മുഴങ്ങുമ്പോള്‍ സമൂഹംമുഴുവന്‍ സമാഗമകൂടാരത്തിനു മുമ്പില്‍ സമ്മേളിച്ചു. ഒരു കാഹളംമാത്രം മുഴങ്ങിയാല്‍ ഗോത്രത്തലവന്മാര്‍മാത്രം മോശയോടൊപ്പം സമ്മേളിച്ചു. കൂടാരമഴിച്ചു യാത്രതുടരേണ്ട അവസരങ്ങളില്‍ കാഹളങ്ങള്‍ സന്നാഹധ്വനി മുഴക്കി. അഹറോന്റെ പുത്രന്മാരെയായിരുന്നു കാഹളമൂതാന്‍ മോശ ചുമതലപ്പെടുത്തിയിരുന്നത്.

സമാഗമകൂടാരത്തിനു മുകളില്‍ കര്‍ത്താവിന്റെ മേഘം ആവരണംചെയ്തുനിന്നപ്പോഴെല്ലാം ഇസ്രയേല്യര്‍ പാളയങ്ങളില്‍ വസിച്ചു. മേഘം സമാഗമകൂടാരത്തില്‍നിന്നുയര്‍ന്നപ്പോള്‍ അവര്‍ കൂടാരങ്ങളഴിച്ചു യാത്രതുടര്‍ന്നു. മേഘമുയര്‍ന്നാല്‍, മോശയുടെ കാഹളങ്ങളില്‍നിന്നു സന്നാഹദ്ധ്വനിയുയരും. അപ്പോള്‍ ഇസ്രായേല്‍, കൂടാരങ്ങളഴിച്ചു യാത്രപുറപ്പെടും. 

കാനേഷുമാരി പൂര്‍ത്തിയാക്കിയ, രണ്ടാംവര്‍ഷം രണ്ടാംമാസം ഇരുപതാംദിവസം സമാഗമകൂടാരത്തിനുമുകളില്‍നിന്നു കര്‍ത്താവിന്റെ മേഘമുയര്‍ന്നു. ഇസ്രായേല്‍പ്പാളയത്തില്‍, കാഹളങ്ങളുടെ സന്നാഹദ്ധ്വനിയുയര്‍ന്നു. സമാഗമകൂടാരം വഹിച്ചുകൊണ്ട്, ലേവ്യരാണു മുമ്പില്‍ നടന്നിരുന്നത്. സമാഗമകൂടാരത്തിനു കിഴക്കുഭാഗത്ത് കൂടാരമടിച്ചിരുന്ന ലേവ്യര്‍ക്കുപിന്നാലെ, പ്രദക്ഷിണദിശയില്‍ കൂടാരങ്ങളഴിച്ച്, സമൂഹംമുഴുവന്‍ സംഘത്തിലണിചേര്‍ന്നു. 

കാനേഷുമാരിനടക്കുമ്പോള്‍ മോശയുടെ അമ്മായിയപ്പന്‍ ഇസ്രായേല്‍കൂടാരത്തില്‍ മോശയോടോപ്പമുണ്ടായിരുന്നു. ഇസ്രായേല്‍ സീനായ് മരുഭൂമിയില്‍നിന്നു പുറപ്പെട്ടപ്പോള്‍ മോശ അമ്മായിയപ്പനോടു പറഞ്ഞു.

"കര്‍ത്താവു ഞങ്ങള്‍ക്കു നല്‍കുമെന്നുപറഞ്ഞ ദേശത്തേക്കു ഞങ്ങള്‍ പുറപ്പെടുകയാണ്. ഞങ്ങളുടെകൂടെ വരിക, അങ്ങേയ്ക്കു നന്മയുണ്ടാകും. കാരണം, ഇസ്രായേലിനു കര്‍ത്താവു നന്മ വാഗ്ദാനംചെയ്തിട്ടുണ്ട്. മരുഭൂമിയില്‍ പാളയമടിക്കേണ്ടതെങ്ങനെയെന്ന്  അങ്ങേയ്ക്കറിയാം. അതിനാല്‍ അങ്ങു ഞങ്ങള്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശിയുമായിരിക്കും. അങ്ങു ഞങ്ങളോടൊപ്പംവന്നാല്‍ കര്‍ത്താവു ഞങ്ങള്‍ക്കുനല്കുന്ന സമൃദ്ധിയില്‍ അങ്ങയ്ക്കും പങ്കുലഭിക്കും."

എന്നാല്‍ അയാള്‍ പറഞ്ഞു. "ഞാന്‍ നിങ്ങൾക്കൊപ്പം വരുന്നില്ല. എന്റെ ദേശത്തേയ്ക്കും ബന്ധുജനങ്ങള്‍ക്കിടയിലേക്കും ഞാന്‍ മടങ്ങിപ്പോകുന്നു. നിനക്കും എന്റെ മകള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും എന്നുമെന്റെ അനുഗ്രഹവും പ്രാര്‍ത്ഥനയുമുണ്ടായിരിക്കും."

മൂന്നുദിവസം തുടര്‍ച്ചയായി അവര്‍ യാത്രചെയ്തു. ജനങ്ങൾ തളർന്നുതുടങ്ങി. കര്‍ത്താവുനല്കിയ അനുഗ്രഹങ്ങളും വാഗ്ദാനംനല്കിയ സമൃദ്ധിയും മറന്ന്, ജനം വീണ്ടും കര്‍ത്താവിനെതിരായി പിറുപിറുത്തുതുടങ്ങി.

------------------------------------
*അബ്രാഹാമിന്റെ പൗത്രനും ഇസഹാക്കിന്റെ പുത്രനുമായ, ഇസ്രായേല്‍ എന്നു വിളിക്കപ്പെടുന്ന യാക്കോബിനു പന്ത്രണ്ടുപുത്രന്മാരും ഒരു പുത്രിയുമാണുണ്ടായിരുന്നത്. ഇസ്രായേലിന്റെ പന്ത്രണ്ട് ആണ്‍മക്കളുടെ തലമുറകളാണ് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങള്‍.
**സാക്ഷ്യകൂടാരം - സമാഗമകൂടാരം

No comments:

Post a Comment