Sunday 23 July 2017

21. ബഞ്ചമിൻ

(ബൈബിള്‍ക്കഥകള്‍ 21) 

ദിവസങ്ങള്‍നീണ്ട യാത്രയ്ക്കൊടുവില്‍ റൂബനും ശിമയോനൊഴികെയുള്ള സഹോദരങ്ങളും ധാന്യശേഖരവുമായി കാനാന്‍ദേശത്തു തിരികെയെത്തി. സംഭവിച്ചതെല്ലാം അവര്‍ പിതാവിനോടു വിശദമായി വിവരിച്ചുകേള്‍പ്പിച്ചു. 

"ഈജിപ്തിന്‍റെ  അധികാരിയായ സാഫ്നത്ത് ഫാനായ വളരെ പരുഷമായാണു ഞങ്ങളോടു പെരുമാറിയത്. ഞങ്ങള്‍ ചാരന്മാരാണെന്ന് അദ്ദേഹമാരോപിച്ചു. ഞങ്ങള്‍ സത്യാവസ്ഥയെല്ലാം തുറന്നുപറഞ്ഞെങ്കിലും അദ്ദേഹമതൊന്നും വിശ്വസിച്ചില്ല. നിങ്ങള്‍ പറയുന്നതു സത്യമാണെങ്കില്‍, നിങ്ങളുടെ ഇളയസഹോദരനെ ഇവിടേയ്ക്കു കൂട്ടിക്കൊണ്ടുവരിക. അതുവരെ  നിങ്ങളിലൊരാള്‍ ഇവിടെ തടവുകാരനായിക്കഴിയട്ടെയെന്ന്‍ അദ്ദേഹം പറഞ്ഞു. അതിന്‍പ്രകാരം ശിമയോനെ അവിടെ തടവിലാക്കിയതിനുശേഷമാണു ധാന്യവുമായിപ്പോരാന്‍ ഞങ്ങളെയനുവദിച്ചത്.

അവര്‍പറഞ്ഞ വിവരങ്ങളറിഞ്ഞ്, ഇസ്രായേല്‍ ഉറക്കെക്കരഞ്ഞു..

'നിങ്ങളെന്നെ ദുരിതത്തിലാഴ്ത്തുന്നു. പണംകൊടുക്കാതെ, മോഷ്ടിച്ചതുപോലെ, നിങ്ങള്‍ ധാന്യവുമായിവന്നു. ജോസഫിനെ എനിക്കു നഷ്ടമായി. ഇപ്പോള്‍ ശിമയോനുംപോയി! ഇനി നിങ്ങള്‍ക്കു ബെഞ്ചമിനെക്കൂടെ കൊണ്ടുപോകണോ? ഇല്ല, ഞാനവനെ നിങ്ങള്‍ക്കൊപ്പം വിടില്ല."

"ആബാ, പണംകൊടുത്തുതന്നെയാണു ഞങ്ങള്‍ ധാന്യം വാങ്ങിയത്. എന്നാല്‍ ആ പണം, എങ്ങനെ ഞങ്ങളുടെ ചാക്കുകളില്‍ തിരികെവന്നുവെന്നു ഞങ്ങള്‍ക്കറിയില്ല. ചിലപ്പോള്‍ അതവര്‍ക്കുപറ്റിയ ഒരു കൈയബദ്ധമാകാം. എങ്കിലും തിരികെ വീണ്ടും ഈജിപ്തിലെത്തുമ്പോള്‍ ഒന്നുകുറയാതെ മുഴുവന്‍ സ്വര്‍ണ്ണനാണയങ്ങളും  ഞങ്ങള്‍ തിരികെക്കൊടുത്തുകൊള്ളാം. ബെഞ്ചമിനെ എന്നോടൊപ്പം വിടുക. ഞാനവനെ സുരക്ഷിതനായി തിരികെയെത്തിക്കാം. ഇല്ലെങ്കില്‍ എന്റെ രണ്ടുമക്കളെയും അങ്ങു കൊന്നുകളയൂ." റൂബന്‍ പിതാവിനുമുന്നില്‍ വിതുമ്പി.

"വൃദ്ധനായ എന്നെ നിങ്ങള്‍ ദുഃഖത്തോടെ പാതാളത്തിലേക്കു തള്ളിവിടും! നിന്‍റെ മക്കളും എന്‍റെ കുഞ്ഞുങ്ങളല്ലേ? അവര്‍ക്കെന്തെങ്കിലുംസംഭവിച്ചാല്‍ എനിക്കു നോവുകയില്ലേ? കര്‍ത്താവേ, എന്തൊരു ദുരിതമാണിത്" ഇസ്രായേല്‍ ഉറക്കെക്കരഞ്ഞുകൊണ്ടു ബെഞ്ചമിനെ ഇറുകെപ്പുണര്‍ന്നു.

ബെഞ്ചമിനെ ഈജിപ്തിലേക്കു കൊണ്ടുപോകാന്‍ ഇസ്രായേല്‍ സമ്മതിച്ചില്ല. 

ദിവസങ്ങൾ കഴിഞ്ഞുപോകവേ, ക്ഷാമംകൊടുമ്പിരിക്കൊണ്ടു. ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ധാന്യമെല്ലാം തീരാറായി. 

"നിങ്ങള്‍ ഒരിക്കല്‍ക്കൂടെ ഈജിപ്തിലേക്കുപോയി ധാന്യം വാങ്ങണം." ഇസ്രായേല്‍ മക്കളെവിളിച്ചു പറഞ്ഞു.

റൂബന്‍ പിതാവിനോടു പറഞ്ഞു: "ബെഞ്ചമിനെക്കൂടാതെ ചെന്നാല്‍ ഞങ്ങളെക്കാണാന്‍പോലും തയ്യാറാകില്ലെന്നു സാഫ്നാത്ത് ഫനായ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവനെക്കൂടെ ഞങ്ങള്‍ക്കൊപ്പമയയ്ക്കണം."

"നിങ്ങളെന്തിന് അവനെക്കുറിച്ചയളോടു പറഞ്ഞു? അതല്ലേ ഈ ദുരിതത്തിനുകാരണം?"

"നമ്മുടെ കുടുംബകാര്യങ്ങളെല്ലാം അയാള്‍ സൂക്ഷ്മമായി ചോദിച്ചറിഞ്ഞു. ഇങ്ങനെയൊരു ചതിയെക്കുറിച്ചറിയാതെ ഞങ്ങള്‍ എല്ലാക്കാര്യങ്ങളും സത്യസന്ധമായി പറഞ്ഞു." ദാന്‍ പിതാവിനോടു വിശദീകരിച്ചു.

യൂദാ, മുന്നോട്ടുവന്നു പറഞ്ഞു: "നമ്മള്‍ രണ്ടാംവട്ടംപോയി ഈജിപ്തില്‍നിന്നു ധാന്യംകൊണ്ടുവരാനുള്ള സമയംകഴിഞ്ഞു. ഇനിയും പോകാന്‍കഴിയാതെവന്നാല്‍ അങ്ങയും ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളുമെല്ലാം പട്ടിണികിടന്നു മരിച്ചുപോകും. ബെഞ്ചമിനെ ഞങ്ങളോടൊപ്പമയയ്ക്കൂ. അവനെ തിരികെ അങ്ങയുടെപക്കലെത്തിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഞാനേല്ക്കുന്നു. എനിക്കതിനു കഴിഞ്ഞില്ലെങ്കില്‍ കര്‍ത്താവെന്നെ ശിക്ഷിക്കട്ടെ"

ബെഞ്ചമിന്‍ പിതാവിനോടു പറഞ്ഞു. "ആബാ, എന്‍റെ സഹോദരന്മാരുടെ വാക്കുകള്‍ അങ്ങുകേള്‍ക്കണം. ഞാന്‍ അവരോടൊപ്പം പോകാം. ഇല്ലെങ്കില്‍ നമ്മളെല്ലാവരും വിശന്നുമരിക്കും. അങ്ങയുടെയും പിതാക്കന്മാരുടെയും ദൈവമായ കര്‍ത്താവ്, ഈ യാത്രയിലുടനീളം ഞങ്ങളോടൊപ്പമുണ്ടായിരിക്കാനായി ആബാ പ്രാര്‍ത്ഥിക്കുക."

ഒടുവില്‍, മനസ്സില്ലാമനസ്സോടെ ഇസായേല്‍, ബഞ്ചമിനു യാത്രാനുവാദം നല്കി.

"നമ്മുടെ കൈവശം ഇനിയും ബാക്കിയുള്ള മികച്ച പട്ടുതുണികളും സുഗന്ധദ്രവ്യങ്ങളും തേനും സാഫ്നത്ത് ഫനായയ്ക്കു കാഴ്ചനല്കാനായി കൈവശംവയ്ക്കുക. കഴിഞ്ഞതവണ അബദ്ധത്തില്‍ ചാക്കുകളില്‍പ്പെട്ടുപോയ സ്വര്‍ണ്ണനാണയത്തിന്‍റെ ഇരട്ടി മടക്കികൊടുക്കണം. ഇനി വാങ്ങാനുള്ള ധാന്യത്തിനുള്ള പണവും കൈയില്‍ക്കരുതണം. സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപയാല്‍, ബെഞ്ചമിനേയും ശിമയോനെയും അയാള്‍ തിരികെ അയക്കട്ടെ. അതല്ല,ദൈവഹിതം മറിച്ചാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ!"

ഇസ്രായേല്‍, മക്കളെ അനുഗ്രഹിച്ചു യാത്രയാക്കി.


ഇസ്രായേലിന്റെ സന്തതികള്‍, ജോസഫിന്റെ പതിനൊന്നു സഹോദരങ്ങൾ, ഒരിക്കല്‍ക്കൂടെ ജോസഫിനുമുന്നില്‍ താണുവണങ്ങി. ബെഞ്ചമിനെക്കണ്ടപ്പോള്‍ അയാളുടെ ഹൃദയം ആര്‍ദ്രമായി. എങ്കിലും ഒന്നും പുറത്തുകാണിക്കാതെ ജോസഫ് തന്റെ കാര്യസ്ഥനെ വിളിച്ച് ഈജിപ്ഷ്യൻഭാഷയില്‍ പറഞ്ഞു.

"ഇവരെ എന്‍റെ കൊട്ടാരത്തിലേക്കു കൊണ്ടുപോകുക. ഒരു കൊഴുത്ത കാളക്കുട്ടിയെക്കൊന്നു സദ്യയൊരുക്കുക. ഞാനിന്ന് ഇവരോടൊപ്പമാണു ഭക്ഷണംകഴിക്കുന്നത്. എന്നാല്‍ തല്ക്കാലം അവരിതറിയേണ്ട" 

ആജ്ഞാനുസരണം കാര്യസ്ഥന്‍ അവരെ ജോസഫിന്‍റെ കൊട്ടാരത്തിലെത്തിച്ചു. പരിചാരകരെ വിളിച്ച്, അവരുടെ കഴുതകളെ തൊഴുത്തില്‍ക്കെട്ടി, വെള്ളംകൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. എന്താണു സംഭവിക്കുന്നതെന്നറിയാത്തതിനാല്‍ അവര്‍ ഭയന്നു. 

"ഒരുപക്ഷേ, നമ്മളെ ബന്ധിച്ച്, അടിമകളാക്കുകയും നമ്മുടെ പണവും കഴുതകളും തട്ടിയെടുക്കുകയുമാകാം അയാളുടെയുദ്ദ്യേശ്യം." അവര്‍ ഭയത്തോടെ പരസ്പരം പറഞ്ഞു.

റൂബന്‍ കാര്യസ്ഥന്റെ കാല്‍ക്കല്‍വീണു. അയാളവനെ പിടിച്ചെഴുന്നേല്പിച്ചു. പിന്നെ ദ്വിഭാഷിയുടെ സഹായത്തോടെ അവനോടു സംസാരിച്ചു.

റൂബന്‍ പറഞ്ഞു. "യജമാനനേ, മുമ്പൊരിക്കല്‍, ധാന്യംവാങ്ങാന്‍വന്നപ്പോള്‍, ഞങ്ങൾതന്ന പണംമുഴുവന്‍ ഞങ്ങളുടെ ചാക്കുകളില്‍നിന്നുതന്നെ തിരികെക്കിട്ടി. സത്യത്തില്‍ അതെങ്ങനെ സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിയില്ല. ആ പണം ഇരട്ടിയായി ഞങ്ങളിപ്പോള്‍ തിരികെക്കൊണ്ടുവന്നിട്ടുണ്ട്."

കാര്യസ്ഥന്‍ ചിരിച്ചു. "എനിക്കോര്‍മ്മയുണ്ട്; അന്നു ഞാനാണു നിങ്ങളോടു പണംവാങ്ങിയത്. മുഴുവന്‍ പണവും നിങ്ങള്‍ തന്നതാണ്. അതു രാജഭണ്ഡാരത്തിലെത്തുകയുംചെയ്തു. നിങ്ങളുടെ ചാക്കുകളില്‍നിന്നു പണം കിട്ടിയെങ്കിൽ, അതവിടെ നിക്ഷേപിച്ചതു നിങ്ങളുടെ ദൈവമാകും " 
അവരെ സാഫ്നത്ത് ഫനായയുടെ ഭവനത്തോടുചേര്‍ന്നുള്ള വിശ്രമമന്ദിരത്തിലിരുത്തി, കാര്യസ്ഥന്‍ അവിടെനിന്നുപോയി. വീഞ്ഞും അത്തിപ്പഴങ്ങളുമായെത്തിയ പരിചാരകര്‍ അവരെ സല്‍ക്കരിച്ചു. അതിനിടയില്‍ ഒരാള്‍ ശിമയോനെ അവിടേയ്ക്കു കൊണ്ടുവന്നു. സഹോദരന്മാര്‍ ആഹ്ലാദത്തോടെ അവനെപ്പുണര്‍ന്നുചുംബിച്ചു.

അവിടെ തനിക്കുലഭിച്ച സുഖസൗകര്യങ്ങള്‍ ശിമയോന്‍ സഹോദരന്മാരോടു വിവരിച്ചു. " എല്ലാദിവസവും സായന്തനങ്ങളില്‍, കുറേനേരം സാഫ്നത്ത് ഫനായ എന്റെയടുത്തുവന്നു സംസാരിച്ചിരിക്കും. നമ്മുടെ നാട്ടിലേയും വീട്ടിലേയും വിശേഷങ്ങളെല്ലാം അവനെന്നോടു ചോദിച്ചു. എല്ലാക്കാര്യങ്ങളും സത്യസന്ധമായി ഞാനവനോടു പറഞ്ഞു. ജോസഫിനെക്കുറിച്ചുള്ള കാര്യങ്ങള്‍കേട്ടപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞുവെന്നെനിക്കു തോന്നി."

"നമ്മുടെ പിതാക്കന്മാരുടെ ദൈവം അവന്റെ ഹൃദയത്തില്‍ നമ്മെക്കുറിച്ച് അലിവുനിറയ്ക്കുന്നതാകാം." അവര്‍ ഒന്നിച്ചു ദൈവത്തെ സ്തുതിച്ചു. ഒരു പരിചാരകന്‍ അവരുടെ ഭാണ്ഡങ്ങള്‍ അവിടെക്കൊണ്ടുവന്നു. ജോസഫ് വരുന്നതിനുമുമ്പായി അവര്‍ അവനുള്ള സമ്മാനങ്ങള്‍ ഒരുക്കിവച്ചു.

ഉച്ചയോടെ ജോസഫ് വന്നു. സഹോദരന്മാരെല്ലാവരും അവനെ താണുവണങ്ങി. ജോസഫ് ബെഞ്ചമിനെ അടുത്തുവിളിച്ചു തന്നോടുചേര്‍ത്തുനിര്‍ത്തി. 

 "ഇവനാണോ നിങ്ങളുടെ ഇളയസഹോദരന്‍? കുഞ്ഞേ, ദൈവം നിന്നെയനുഗ്രഹിക്കട്ടെ!" ദ്വിഭാഷി ജോസഫിൻ്റെ വാക്കുകൾ ഹെബ്രായഭാഷയിൽ പരിഭാഷപ്പെടുത്തി

തനിക്കു കരയാതിരിക്കാനാകില്ലെന്നുതോന്നിയതിനാല്‍ ജോസഫ് അടുത്തൊരുമുറിയില്‍ക്കയറി കതകടച്ചു. മനസ്സുതുറന്നു കരഞ്ഞു. പിന്നെ മുഖംകഴുകി, സഹോദരന്മാരുടെയടുത്തു വന്നു.

ജോസഫിനും സഹോദരന്മാര്‍ക്കുമായിമാത്രം ഒരു ഭക്ഷണമുറിയൊരുങ്ങി. ജോസഫ് തന്റെ കൈയാല്‍ സഹോദരന്മാര്‍ക്കു ഭക്ഷണം വിളമ്പി. സഹോദരന്മാര്‍ ഒന്നിച്ചിരുന്നു ഭക്ഷണംകഴിച്ചു. എല്ലാവരുടെയും മനസ്സു സന്തോഷത്താല്‍ നിറഞ്ഞു.

അവര്‍ കൊണ്ടുവന്ന പണത്തിനുള്ള ധാന്യം അവരുടെ ചാക്കുകളില്‍ അന്നുതന്നെ നിറച്ചു. 'ആ രാത്രി, അവരവിടെത്തങ്ങി. പിറ്റേന്നു നേരംപുലർന്നപ്പോൾത്തന്നെ ധാന്യംനിറച്ച ചാക്കുകളുമായി അവര്‍ മടക്കയാത്രയാരംഭിച്ചു. അവരെ യാത്രയാക്കാനായി ജോസഫുമെത്തിയിരുന്നു.

സഹോദരന്മാര്‍ സന്തോഷത്തോടെ ദൈവത്തെ സ്തുതിച്ചുകൊണ്ടുനടന്നു. എന്നാല്‍ അവരുടെ സന്തോഷം, അധികനേരം നീണ്ടുനിന്നില്ല. മൂന്നുനാലുനാഴികദൂരത്തെ യാത്രപിന്നിട്ടപ്പോള്‍ ജോസഫിന്റെ കാര്യസ്ഥന്‍റെ നേതൃത്വത്തില്‍ ഒരു സംഘം കുതിരപ്പടയാളികള്‍ അവരുടെയടുത്തെത്തി.

"നിങ്ങള്‍ എന്തിനു നന്മയ്ക്കുപകരം തിന്മചെയ്യുന്നു? നിങ്ങള്‍ മോഷ്ടിച്ച പൊന്‍പണം നിങ്ങള്‍തന്നെ എടുത്തുകൊള്ളൂ, എന്നാല്‍ എന്തിനെന്റെ യജമാനന്റെ വെള്ളിക്കപ്പു മോഷ്ടിച്ചു? അതിലല്ലേ യജമാനന്‍ പാനംചെയ്യുന്നത്? അതുപയോഗിച്ചല്ലേ, അദ്ദേഹം പ്രവചനങ്ങള്‍നടത്തുന്നത്?"

"ഇല്ല, അങ്ങയുടെ ദാസന്മാര്‍ അങ്ങനെ ചെയ്യില്ല. കഴിഞ്ഞതവണ അറിയാതെകിട്ടിയ പണത്തിന്‍റെ ഇരട്ടി, ഞങ്ങള്‍ മടക്കികൊണ്ടുവന്നില്ലേ? ഞങ്ങളെ അങ്ങേയ്ക്കു വിശ്വസിക്കാം."

"ഇവരുടെ ചാക്കുകള്‍ പരിശോധിക്കൂ. ആരുടെ ചാക്കില്‍നിന്നാണോ വെള്ളിക്കപ്പു കിട്ടുന്നത്, അവന്‍ എന്റെ യജമാനന്റെ അടിമയായിരിക്കും." കാര്യസ്ഥന്‍ പടയാളികള്‍ക്കു നിര്‍ദ്ദേശംനല്കി.

പടയാളികള്‍ ചാക്കുകളഴിച്ചുപരിശോധിച്ചു. ധാന്യത്തിനായി അവര്‍നല്കിയ സ്വര്‍ണ്ണനാണയങ്ങള്‍ എല്ലാ ചാക്കുകളിലുമുണ്ടായിരുന്നു. 

എന്താണു സംഭവിക്കുന്നതെന്നു റൂബനും സഹോദരങ്ങള്‍ക്കും മനസ്സിലായില്ല...

ഒടുവില്‍ ബെഞ്ചമിന്റെ ചാക്കഴിച്ചു.

അതിലതാ പൊന്‍പണത്തോടൊപ്പം രത്നങ്ങള്‍പതിച്ച, മനോഹരമായ ഒരു വെള്ളിക്കപ്പ്...

സഹോദരങ്ങള്‍ പതിനൊന്നുപേരും സ്തബ്ധരായി നിന്നുപോയി!

No comments:

Post a Comment