Sunday, 11 June 2017

വഴികാട്ടുന്ന സ്വപ്നങ്ങള്‍

ഈജിപ്തിലെ ഭരണാധികാരിയായ ഫറവോയുടെ കാവല്‍പ്പടയുടെ നായകനായിരുന്നു പോത്തിഫര്‍. തന്റെ വീട്ടുജോലികള്‍ചെയ്യുന്നതിനായി ഒരടിമയെ വാങ്ങാന്‍ ചന്തയിലെത്തിയ പോത്തിഫര്‍  വടിവൊത്ത ശരീരമുള്ള, സുമുഖനായ ജോസഫിനെ വില്പനയ്ക്കായി നിറുത്തിയിരിക്കുന്നതു കണ്ടു. അയാളവനെ വിലയ്ക്കുവാങ്ങി.

ജോസഫുമായി പോത്തിഫര്‍ ഭവനത്തിലെത്തിയ നിമിഷത്തില്‍തന്നെ ഫറവോയുടെ കാവല്പടയുടെ നായകന്മാരില്‍ പ്രധാനിയായി പോത്തിഫറിനെ നിയമിച്ചകൊണ്ടുള്ള, ഉത്തരവുമായി ഫറവോയുടെ ഒരു ദൂതനും അവിടെയെത്തി. ജോസഫാണു തനിക്ക് ഈ ഐശ്വര്യംകൊണ്ടുവന്നതെന്നു പോത്തിഫര്‍ കരുതി. അതിനാല്‍ തന്റെ പാനപാത്രവാഹകനും ശുശ്രൂഷകനുമായി ജോസഫിനെ നിറുത്താന്‍ പോത്തിഫര്‍ തീരുമാനിച്ചു.

കര്‍ത്താവു ജോസഫിനോടൊപ്പമുണ്ടായിരുന്നു. എല്ലാകാര്യങ്ങളിലും അവന്‍ തന്റെ യജമാനന്റെ പ്രീതിക്കുപാത്രമായി. ജോസഫിന് അയാള്‍ കൂടുതല്‍ ചുമതലകള്‍ നല്കി. ജോസഫിനു ഭരമേല്പ്പിക്കപ്പെട്ട എല്ലാക്കാര്യങ്ങളിലും കര്‍ത്താവു പോത്തിഫറിനെ സമൃദ്ധമായി അനുഗ്രഹിച്ചു. അധികംവൈകാതെ യജമാനന്റെ ഭവനത്തിന്റെയും എല്ലാസ്വത്തുവകകളുടെയും മേല്‍നോട്ടക്കാരനായീ ജോസഫ്. വീട്ടിലും വയലിലും എല്ലാക്കാര്യങ്ങളിലും ജോസഫ് ഓടിയെത്തി. പിതൃഭവനത്തെക്കുറിച്ചും ജ്യേഷ്ടന്മാര്‍ തന്നോടുചെയ്ത അപരാധത്തെക്കുറിച്ചും ചിന്തിക്കാന്‍പോലും അവനു സമയമില്ലാതെയായി.

എന്നാല്‍ പോത്തിഫറിന്റെ ഭാര്യയുടെ രൂപത്തില്‍ ദൌര്‍ഭാഗ്യം ജോസഫിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവള്‍ ജോസഫില്‍ അനുരക്തയായി. അവന്‍ പോകുന്നിടത്തെല്ലാം അവളുടെ കണ്ണുകള്‍ അവനെ പിന്തുടര്‍ന്നു.

“അദ്ദേഹത്തിനു നിന്നെ വലിയ വിശ്വാസമാണ്. നമ്മളെ ഒരിക്കലും സംശയിക്കില്ല.” അവള്‍ ജോസഫിനോടു പറഞ്ഞു.

“നിങ്ങള്‍ പറഞ്ഞതു സത്യമാണ്. ഞാനുള്ളതുകൊണ്ടു യജമാനന്‍ വീട്ടുകാര്യങ്ങളില്‍ ഒന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല. എന്നെ പൂര്‍ണ്ണമായും വിശ്വസിക്കുന്നതിനാല്‍ എല്ലാക്കാര്യങ്ങളും അദ്ദേഹം എന്റെ മേല്‍നോട്ടത്തില്‍ വിട്ടിരിക്കുന്നു. നിങ്ങളെയൊഴികെ. കാരണം നിങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യയാണ്‌.”

“എന്റെമേല്‍ നിനക്കു ഞാന്‍ അധികാരം തരുന്നു. ഈ വീട്ടിലെ എല്ലാക്കാര്യങ്ങളുമെന്നപോലെ എന്നെയും നീ ഏറ്റെടുത്തുകൊള്ളൂ.”

“നിങ്ങള്‍ക്കെങ്ങനെയിതു പറയാനാകുന്നു? നിങ്ങള്‍ എന്റെ യജമാനന്റെ ഭാര്യയാണ്‌. കര്‍ത്താവിനും യജമാനനുമെതിരായി തിന്മചെയ്യാന്‍ എനിക്കാവില്ല.”

താന്‍ അപമാനിതയായതായി അവള്‍ക്കുതോന്നി. എങ്ങനെയും അവനെ തന്റെ ഇംഗിതത്തിനു വശപ്പെടുത്തണമെന്ന്‍ അവള്‍ നിശ്ചയിച്ചു.

കഴിയുന്നതും അവളുടെ കണ്മുമ്പില്‍ ചെല്ലാതിരിക്കാന്‍ ജോസഫ് ശ്രദ്ധിച്ചു.

ഒരുദിവസം ജോസഫ് വീട്ടിനുള്ളില്‍ ജോലിചെയ്യുമ്പോള്‍ അവള്‍ അവനറിയാതെ അവന്റെ പിന്നിലെത്തി അവനെ തന്റെ നെഞ്ചോടുചേര്‍ത്തു പുണര്‍ന്നു.

“നമ്മള്‍ രണ്ടാളുമല്ലാതെ മറ്റൊരാളും ഇതറിയില്ല.” അവള്‍ പറഞ്ഞു.

“കര്‍ത്താവിന്റെ കണ്ണില്‍ ഒന്നുംപെടാതെ പോകുന്നില്ല.” ജോസഫ് കുതറിയോടി. അവന്റെ മേലങ്കി അവളുടെ കൈകളില്‍ക്കിട്ടി.

അവള്‍ ഉറക്കെ അലറിക്കരഞ്ഞുകൊണ്ടു വിളിച്ചുപറഞ്ഞു:
“എല്ലാവരും കേള്‍ക്കിന്‍ ... എന്നെയും ഈ കുടുംബത്തെയും അപമാനിക്കാനായി ഒരു ഹെബ്രായന്‍ ഈ വീട്ടിലെന്തിന്? അവന്‍ എന്നെ കടന്നുപിടിച്ചു.”

പോത്തിഫര്‍ വീട്ടിലെത്തിയപ്പോള്‍ അവള്‍ പറഞ്ഞു: “നിങ്ങള്‍ കൊണ്ടുവന്ന ഹെബ്രായന്‍ എന്നെ അപമാനിക്കാന്‍ ശ്രമിച്ചു. അവന്‍ എന്നെ കടന്നുപിടിച്ചു. ഞാന്‍ അലറിക്കരഞ്ഞപ്പോള്‍ പുറങ്കുപ്പായമുപേക്ഷിച്ച് അവന്‍ വീടിനു പുറത്തേക്കോടി.”

അപ്രതീക്ഷിതമായ വാര്‍ത്തകേട്ടപ്പോള്‍ പോത്തിഫര്‍ ദേഷ്യംകൊണ്ടു വിറച്ചു. അയാള്‍ അവനെ പിടികൂടി. പോത്തിഫറിന്റെ ചോദ്യങ്ങള്‍ക്ക് അവനുത്തരം പറഞ്ഞില്ല. അവന്റെ മൌനം അയാളുടെ കോപത്തെ വീണ്ടും ജ്വലിപ്പിച്ചു. കഠിനമായി പ്രഹരിച്ചതിനുശേഷം അവനെ കാരാഗൃഹത്തിലടയ്ക്കാന്‍ അയാള്‍ സേവകരോടാജ്ഞാപിച്ചു.

കാരാഗൃഹത്തിന്റെ തറയില്‍ ജോസഫ് മുട്ടുകുത്തി. പിതൃഭവനത്തെക്കുറിച്ച് അവനോര്‍ത്തു . കുഞ്ഞനുജനായ ബഞ്ചമിനെ ഒന്നു കാണണമെന്ന് അവന്‍ തീവ്രമായി ആഗ്രഹിച്ചു. അവന്‍ കര്‍ത്താവിനുമുന്നില്‍ കണ്ണുനീര്‍ ചൊരിഞ്ഞു.

ജോസഫിന്റെ വിശ്വസ്തതയില്‍ കര്‍ത്താവു പ്രീതനായി. കാരാഗൃഹത്തിന്റെ മേലധികാരിയുടെ മനസ്സില്‍ ജോസഫിനോട് അവിടുന്നു പ്രീതി ജനിപ്പിച്ചു. എല്പിച്ച ജോലികളെല്ലാം ജോസഫ് നന്നായിചെയ്യുന്നുവെന്നു മനസ്സിലാക്കിയപ്പോള്‍ കാരാഗൃഹമേലധികാരി തടവുകാരുടെ മേല്‍നോട്ടം ജോസഫിനെയേല്പിച്ചു. ജോസഫ് ചെയ്തിരുന്ന എല്ലാക്കാര്യങ്ങളിലും കര്താവവനെ അനുഗ്രഹിച്ചു. അതിനാല്‍ അവനെയേല്പിച്ച കാര്യങ്ങളിലൊന്നും കാരാഗൃഹമേലധികാരിക്ക് ഇടപെടേണ്ടി വന്നില്ല.

അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി രണ്ടുപേര്‍ കാരാഗൃഹത്തിലെത്തി. ഫറവോയുടെ പ്രധാനപാചകക്കാരനും പാനപാത്രവാഹകനുമായിരുന്നു അവര്‍. ഫറവോയുടെ അപ്രീതിക്കുപാത്രമായ അവരിരുവരെയും ജോസഫ് കഴിഞ്ഞിരുന്ന കാരാഗൃഹത്തിലേക്കാണയച്ചത്..

കാരാഗൃഹമേധാവി അവരെ ജോസഫിന്റെ മേല്‍നോട്ടത്തിലേല്പിച്ചു.

ഒരുദിവസം രാവിലെ, ജോസഫ് പതിവുപോലെ തടവുകാരുടെ മുറികളില്‍ സന്ദര്‍ശനത്തിനായിറങ്ങി. ജോസഫെത്തുമ്പോള്‍ രാജാവിന്റെ പാചകനും പാനപാത്രവാഹകനും വിഷാദത്തോടെ എന്തോ സംസാരിച്ചുകൊണ്ടിരിക്കുന്നതു കണ്ടു.

“എന്താണു രണ്ടാളുടെയും മുഖത്തൊരു വിഷാദം?” ജോസഫ് ചോദിച്ചു.

"കഴിഞ്ഞരാത്രിയില്‍ ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്തങ്ങളായ രണ്ടു സ്വപ്നങ്ങള്‍ കണ്ടു. അതിന്റെ അര്‍ത്ഥമെന്താണെന്നു ഞങ്ങള്‍ക്കു മനസ്സിലാകുന്നില്ല.”

“സ്വപ്നങ്ങളും അവയുടെ വ്യാഖ്യാനങ്ങളും കര്‍ത്താവില്‍നിിന്നല്ലേ വരുന്നത്? സ്വപ്നമെന്താണെന്നു പറയൂ, കേള്‍ക്കട്ടെ.”

പാനപാത്രവാഹകന്‍ പറഞ്ഞു: മൂന്നു ശാഖകളുള്ള ഒരു മുന്തിരിവള്ളിയാണു ഞാന്‍ സ്വപ്നത്തില്‍  കണ്ടത്.  അതു മൊട്ടിട്ടയുടന്‍തന്നെ പുഷ്പിക്കുകയും കുലകളില്‍ മുന്തിരിപ്പഴങ്ങള്‍ പാകമാവുകയും ചെയ്തു.  അപ്പോള്‍ ഫറവോയുടെ പാനപാത്രം എന്റെ കൈയിലുണ്ടായിരുന്നു. ഞാന്‍ മുന്തിരിപ്പഴങ്ങള്‍ എടുത്തുപിഴിഞ്ഞു പാനപാത്രത്തില്‍ ഒഴിച്ചു ഫറവോയ്ക്കു നല്കി.

അല്പനേരം മൌനമായി പ്രാര്‍ത്ഥിച്ചതിനുശേഷം ജോസഫ് അവനോടു പറഞ്ഞു: “മൂന്നു ശാഖകള്‍
മൂന്നു ദിവസങ്ങളാണ്. മൂന്നു ദിവസത്തിനകം ഫറവോ താങ്കളെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കും. സന്തോഷപൂര്‍വ്വം  താങ്കള്‍ ഫറവോയുടെ പാനപാത്രവാഹകനായി ജോലിചെയ്യും.

എനിക്കങ്ങയോട് ഒരഭ്യര്‍ത്ഥനയുണ്ട്. നല്ലകാലം വരുമ്പോള്‍ എന്നെയുമോര്‍ക്കണം, എന്നോടു കാരുണ്യം കാണിക്കണം. എന്റെ കാര്യം ഫറവോയുടെമുമ്പില്‍ ഉണര്‍ത്തിച്ച് ഈ തടവറയില്‍നിന്നെന്നെ മോചിപ്പിക്കണം.  കാനാന്‍ദേശത്തുനിന്നും എന്നെ ബലമായി പിടികൂടി അടിമയാക്കിയതാണ്. ഇവിടെയും കാരാഗൃഹത്തിലടയ്ക്കാന്‍തക്ക തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല.”

പാനപാത്രവാഹകന്‍ സന്തോഷത്തോടെ പറഞ്ഞു. “നിങ്ങള്‍ പറഞ്ഞതുപോലെ സംഭവിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും നിങ്ങളെയോര്‍ക്കും. ഫറവോയോടു പറഞ്ഞു നിങ്ങളെ ഞാന്‍ മോചിപ്പിക്കും.”

പാചകക്കാരനും തന്റെ സ്വപ്നത്തെക്കുറിച്ചു ജോസഫിനോടു വിവരിച്ചു. “ഞാന്‍കണ്ട സ്വപ്നമിതാണ്. എന്റെ തലയില്‍ മൂന്നു കുട്ട നിറയെ അപ്പമുണ്ടായിരുന്നു. ഏറ്റവും മുകളിലെ കുട്ടയില്‍ ഫറവോയ്ക്കുവേണ്ടി പാകംചെയ്ത പലതരം അപ്പങ്ങളാണുണ്ടായിരുന്നത്. പക്ഷികള്‍വന്ന് എന്റെ തലയിലെ കുട്ടയില്‍നിന്ന് അവ കൊത്തിത്തിന്നു കൊണ്ടിരുന്നു.”

ജോസഫ് പറഞ്ഞു: “ഇതു ശുഭകരമായ സ്വപ്നമല്ല. മൂന്നു കുട്ടകള്‍ മൂന്നു ദിവസങ്ങളാണു്. മൂന്നു ദിവസത്തിനകം ഫറവോ താങ്കളെ  കഴുമരത്തിലേറ്റും. പക്ഷികള്‍ താങ്കളുടെ മാംസം തിന്നുകയുംചെയ്യും.” പാചകക്കാരന്‍ ദുഃഖം സഹിക്കാനാകാതെ കരഞ്ഞു. "അങ്ങനെയൊരിക്കലും സംഭാവിക്കാതിരിക്കട്ടെ!"

മൂന്നാംദിവസം ഫറവോയുടെ പിറന്നാളായിരുന്നു. കൊട്ടാരംപരിചാരകര്‍ക്കായി അവനൊരു വിരുന്നൊരുക്കി. പാനപാത്രവാഹകനെയും പാചകപ്രമാണിയെയും കുറിച്ചുള്ള അന്തിമവിധി പുറപ്പെടുവിക്കുകയുംചെയ്തു.

ജോസഫ് പറഞ്ഞതുപോലെതന്നെ പാനപാത്രവാഹകനെ ഉദ്യോഗത്തില്‍ തിരികെ നിയമിച്ചു; പാചകപ്രമാണിയെ തൂക്കിലിടാന്‍ വിധിച്ചു.

ഫറവോയുടെ അരികില്‍നിന്ന്‍, അവനെ പരിചരിക്കുമ്പോള്‍ പാനപാത്രവാഹകന്‍ ജോസഫിനെ ഓര്‍മ്മിച്ചതേയില്ല; അവനെ അയാള്‍ മറന്നുകളഞ്ഞു.