Sunday 9 July 2017

19. ഈജിപ്തിന്റെ അധിപൻ


ബൈബിൾക്കഥകൾ - 19


ഫറവോ നൈൽനദീതീരത്തു നില്ക്കുകയായിരുന്നു. പെട്ടെന്നു്, തടിച്ചുകൊഴുത്ത ഏഴുപശുക്കള്‍ നദിയില്‍നിന്നു കയറിവന്നു. അവ നദീതടത്തിലെ പുല്‍ത്തകിടിയില്‍ മേയാനിറങ്ങി. ഏഴുപശുക്കളും ലക്ഷണമൊത്തവയായിരുന്നു. ഫറവോ നോക്കിനില്ക്കേ മെലിഞ്ഞതും വിരൂപികളുമായ ഏഴുപശുക്കള്‍കൂടെ നൈലില്‍നിന്നു കയറിവന്നു. നദീതീരത്തുനിന്നിരുന്ന അഴകുള്ള, കൊഴുത്തപശുക്കളെ മെലിഞ്ഞുവിരൂപരായ പശുക്കള്‍ വിഴുങ്ങിക്കളഞ്ഞു.

ഫറവോ ഞെട്ടിയുണര്‍ന്നു.

മുനിഞ്ഞുകത്തുന്ന കിടപ്പറദീപത്തിന്റെ അരണ്ടവെളിച്ചത്തിൽ, താൻ പള്ളിമെത്തയിലാണെന്നും കണ്ടതു് ഒരുകിനാവുമാത്രമാണെന്നും അയാൾ തിരിച്ചറിഞ്ഞു.

ഈ കിനാവിന്റെ അർത്ഥമെന്താകുമെന്നു ചിന്തിച്ചുകിടന്ന്, ഫറവോ വീണ്ടും ഉറക്കത്തിലേക്കു വഴുതി. ഉറങ്ങിയപ്പോള്‍ വേറൊരു സ്വപ്നംകൂടെ അയാളുടെ മനോമുകുരത്തിൽ തെളിഞ്ഞുതുടങ്ങി.

പുഷ്ടിയുമഴകുമുള്ള ഏഴു ധാന്യക്കതിരുകള്‍ ഒരു കോതമ്പുചെടിയിൽ വളര്‍ന്നുപൊങ്ങി. ഇളംകാറ്റിൽ ആ ധാന്യക്കതിരുകൾ ഊയലാടവേ, ഉണങ്ങിക്കരിഞ്ഞ, ശുഷ്കമായ ഏഴു കതിരുകള്‍കൂടെ അതേ ചെടിയിൽനിന്നുയര്‍ന്നുവന്നു.      
ശോഷിച്ചുണങ്ങിയ ആ കതിരുകള്‍ പുഷ്ടിയുമഴകുമുള്ള കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഫറവോ വീണ്ടും ഞെട്ടിയുണർന്നു. വിചിത്രങ്ങളായ രണ്ടു സ്വപ്നങ്ങളും അയാളുടെ മനസ്സിൽ നിറഞ്ഞുനിന്നു. ചിന്താഭാരത്താൽ, ഉറക്കമയാളെ വിട്ടൊഴിഞ്ഞു. ഫറവോ അസ്വസ്ഥനായി.      

പുലർച്ചേതന്നെ ഈജിപ്തിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിപ്പിച്ച്, തന്റെ സ്വപ്നം വ്യാഖ്യാനിക്കാന്‍ ഫറവോ ആവശ്യപ്പെട്ടു. എന്നാൽ ആര്‍ക്കുമതിനു കഴിഞ്ഞില്ല.      

അപ്പോള്‍ പാനപാത്രവാഹകന്‍ ജോസഫിനെക്കുറിച്ചോർത്തു. അവൻ ഫറവോയോടുണർത്തിച്ചു:
       
"അവിടുത്തെ ഹിതത്തിനെതിരായി പ്രവർത്തിച്ചപ്പോൾ അങ്ങ് എന്നെയും പാചകപ്രമാണിയെയും തടവിലിട്ടിരുന്നതോർക്കുന്നില്ലേ? അന്നൊരു രാത്രിയിൽ ഞങ്ങള്‍ക്കു രണ്ടുപേർക്കും ഓരോ സ്വപ്നങ്ങളുണ്ടായി..       
അതിന്റെ അർത്ഥമെന്തെന്നു ഞങ്ങൾക്കു മനസ്സിലായില്ല.

ഞങ്ങളുടെകൂടെ ഒരു ഹെബ്രായയുവാവ് തടവിലുണ്ടായിരുന്നു. ഞങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ചറിഞ്ഞപ്പോള്‍, അവന്‍ ഞങ്ങള്‍ക്കതു വ്യാഖ്യാനിച്ചുതന്നു. അതുപോലെതന്നെ സംഭവിച്ചു. എന്നെ എന്റെ ഉദ്യോഗത്തില്‍ അവിടുന്നു പുനർനിയമിച്ചു. പാചകപ്രമാണിയെ തൂക്കിലിടുകയുംചെയ്തു."
       
പിന്നെ വൈകിയില്ല, ജോസഫിനെ കൊട്ടാരത്തിലെത്തിക്കാൻ ഫറവോ ദൂതനെയയച്ചു. ക്ഷൗരംചെയ്യിച്ചു്, പുതുവസ്ത്രങ്ങളുമണിയിച്ചു്,  അവരവനെ ഫറവോയുടെ മുമ്പിലെത്തിച്ചു. 

ജോസഫ്, ഫറവോയുടെമുമ്പിൽ താണുകുനിഞ്ഞ്, ഉപചാരമർപ്പിച്ചു. കാനാൻദേശത്തെ പൊട്ടക്കിണറിൽക്കിടക്കുമ്പോഴും ഈജിപ്തിലെ അടിമച്ചന്തയിൽ വില്പനച്ചരക്കായി നിൽക്കുമ്പോഴും പോത്തിഫറിന്റെ ഭാര്യയുടെ പ്രലോഭനങ്ങളെ തിരസ്കരിച്ചപ്പോഴും കൂടെയുണ്ടായിരുന്ന കർത്താവു്, അപ്പോഴും ജോസഫിനോടുകൂടെയുണ്ടായിരുന്നു.

"നിനക്കു സ്വപ്നം വ്യാഖ്യാനിക്കാനുള്ള കഴിവുണ്ടെന്നു ഞാനറിഞ്ഞു. എന്റെ സ്വപ്നങ്ങൾ ശരിയായി വ്യാഖ്യാനിച്ചാൽ നിനക്കു ഞാൻ വലിയസമ്മാനങ്ങൾ നല്കും."

"അതെന്റെ കഴിവല്ല; എന്നാല്‍ ദൈവമാണു് അങ്ങേയ്ക്കു സ്വപ്നംനല്കിയതെങ്കിൽ, എന്റെ പിതാക്കന്മാരുടെ ദൈവമായ കർത്താവു്, തൃപ്തികരമായ വ്യാഖ്യാനം എന്നിലൂടെ  അങ്ങേയ്ക്കു നല്കും." ജോസഫ് ആത്മവിശ്വാസത്തോടെ പറഞ്ഞു.
      
ഫറവോ, താൻകണ്ട സ്വപ്നം ജോസഫിനോടു പറഞ്ഞു: "സ്വപ്നമിതാണ്: ഞാന്‍ നൈലിന്റെ തീരത്തു നില്ക്കുകയായിരുന്നു. കൊഴുത്ത്, അഴകുള്ള ഏഴുപശുക്കള്‍ നൈലില്‍നിന്നു കയറിവന്നു. അവ നദീതീരത്തെ പുല്‍ത്തകിടിയില്‍ മേയാൻതുടങ്ങി. അപ്പോൾ മെലിഞ്ഞുവിരൂപരായ ഏഴുപശുക്കൾകൂടെ നദിയിൽനിന്നു കയറിവന്നു. അത്തരം പശുക്കളെ ഈജിപ്തിലെങ്ങും ഞാന്‍ കണ്ടിട്ടില്ല. ശോഷിച്ചുവിരൂപരായ ആ പശുക്കൾ,‍ ആദ്യം ഞാൻകണ്ട ഏഴു കൊഴുത്തപശുക്കളെ വിഴുങ്ങിക്കളഞ്ഞു, എന്നാല്‍ മെലിഞ്ഞ പശുക്കള്‍ മുമ്പെന്നപോലെ, ശോഷിച്ചുതന്നെ കാണപ്പെട്ടു. 

വീണ്ടുമൊരു സ്വപ്നത്തില്‍ പുഷ്ടിയുമഴകുമുള്ള ഏഴുകതിരുകള്‍ ഒരു തണ്ടില്‍ വളര്‍ന്നുനില്ക്കുന്നതു ഞാന്‍ കണ്ടു. അധികംവൈകാതെ ശുഷ്‌കിച്ചതും വാടിക്കരിഞ്ഞതുമായ ഏഴുകതിരുകള്‍കൂടെ ആ തണ്ടിൽ പൊങ്ങിവന്നു. ശുഷ്‌കിച്ച കതിരുകള്‍ നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു.

ഈ സ്വപ്നങ്ങളുടെ വ്യാഖ്യാനത്തിനായി  ഈജിപ്തിലെ മന്ത്രവാദികളെയും ജ്ഞാനികളെയും ഞാൻ വിളിച്ചെങ്കിലും അതു വ്യാഖ്യാനിച്ചുതരുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല."      

പറഞ്ഞു നിറുത്തിയിട്ടു്, ഫറവോ പ്രതീക്ഷയോടെ ജോസഫിന്റെ മുഖത്തേക്കു നോക്കി. 

ജോസഫ് പറഞ്ഞു: "ഈ സ്വപ്നങ്ങൾ അങ്ങേയ്ക്കു നല്കിയ കർത്താവു വാഴ്ത്തപ്പെട്ടവനാകട്ടെ.. രണ്ടുസ്വപ്നങ്ങളുടെയും അര്‍ത്ഥം ഒന്നുതന്നെ! ദൈവം അങ്ങയോടു ഭാവി കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു.       
ഏഴു കൊഴുത്തപശുക്കള്‍ സമൃദ്ധിയുടെ ഏഴുവര്‍ഷങ്ങളാണ്; ഏഴു നല്ല കതിരുകളും സമൃദ്ധിനിറഞ്ഞ ഏഴുവര്‍ഷങ്ങൾതന്നെ; പുറകേവന്ന മെലിഞ്ഞു വിരൂപികളായ ഏഴുപശുക്കളും ഉണങ്ങിവരണ്ട പതിരുനിറഞ്ഞ ഏഴുകതിരുകളും ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങളാണ്.       

ഈജിപ്തുമുഴുവനും സുഭിക്ഷത്തിന്റെ ഏഴുവര്‍ഷങ്ങള്‍ വരാന്‍പോകുന്നു. പിന്നീടുവരുന്ന ഏഴുവർഷങ്ങളോ, കഠിനമായ ക്ഷാമത്തിന്റെ കാലമായിരിക്കും. സമൃദ്ധിയുടെ കാലം ഈജിപ്തുകാർ മറന്നുപോകുംവിധം ക്ഷാമം നാടിനെ കാര്‍ന്നുതിന്നും.       
ആദ്യത്തെ ഏഴുവർഷങ്ങളുടെ സമൃദ്ധി ഈജിപ്തിന്റെ ഓര്‍മ്മയില്‍പ്പോലും നില്ക്കില്ല. അത്രയ്ക്കു രൂക്ഷമായ ക്ഷാമമാണു വരാനിരിക്കുന്നതു്.       

ഇക്കാര്യം ഉടനെതന്നെ ദൈവം നടപ്പിലാക്കുമെന്നതിനാലാണ്, വ്യത്യസ്തരീതികളിൽ സ്വപ്നമാവർത്തിച്ചതു്."     

ഫറവോ അല്പനേരം ആലോചനയിൽ മുഴുകി.

"ക്ഷാമത്തിന്റെ ഏഴുവർഷങ്ങൾ തരണംചെയ്യാൻ ഞാനെന്തു ചെയ്യണമെന്നാണു് നിന്റെ അഭിപ്രായം." അയാൾ ജോസഫിനോടുതന്നെ ഉപദേശമാരാഞ്ഞു.

"വിവേകിയും ബുദ്ധിമാനുമായ ഒരാളെക്കണ്ടുപിടിച്ച്, ഈജിപ്തിന്റെ മുഴുവന്‍ അധിപനായി അങ്ങയാളെ നിയമിക്കണം. അവനുകീഴിൽ എല്ലായിടത്തും ഫറവോയ്ക്കായി സംഭരണശാലകൾ നിർമ്മിക്കണം. സമൃദ്ധിയുടെ ഏഴുവര്‍ഷങ്ങളിലും വിളവിന്റെ അഞ്ചിലൊന്നെങ്കിലും ഈ സംഭരണശാലകളിൽ ശേഖരിക്കണം!     

ഈജിപ്തില്‍ ഏഴുവര്‍ഷം നീണ്ടുനില്ക്കാന്‍പോകുന്ന ക്ഷാമത്തെനേരിടാനുള്ള കരുതല്‍ധാന്യമായിരിക്കുമത്. അങ്ങനെ നാടു പട്ടിണികൊണ്ടു നശിക്കാതിരിക്കും.       

സ്വപ്നങ്ങൾക്കു ജോസഫ് നല്കിയ വ്യാഖ്യാനവും പരിഹാരനിർദ്ദേശവും ഫറവോയ്ക്കിഷ്ടപ്പെട്ടു.
     
ജോസഫിനെ വിശ്രമമുറിയിലിരുത്താൻ  നിർദ്ദേശംനല്കിയശേഷം അയാൾ തന്റെ കാര്യവിചാരകന്മാരുമായി കൂടിയാലോചിച്ചു: "ദൈവത്തിന്റെ ആത്മാവു കുടികൊള്ളുന്ന ഇവനെപ്പോലെ മറ്റൊരു മനുഷ്യനെക്കണ്ടെത്താന്‍ നമുക്കുകഴിയുമോ? ധാന്യശേഖരണത്തിന്റെ ചുമതല, നമുക്ക് ഇവനെത്തന്നെയേല്പിക്കാം." ഫറവോ പറഞ്ഞു. ഫറവോയുടെ നിർദ്ദേശത്തെക്കുറിച്ച്, ഒരാൾക്കുപോലും എതിരഭിപ്രായമില്ലായിരുന്നു.

ഫറവോ ജോസഫിന്റെയടുത്തു മടങ്ങിവന്നു പറഞ്ഞു:       
"ദൈവം ഇക്കാര്യമെല്ലാം നിനക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നതുകൊണ്ടും നിന്നെപ്പോലെ വിവേകിയും ബുദ്ധിമാനുമായ ഒരാള്‍ വേറെയില്ലാത്തതുകൊണ്ടും നീ എന്റെ നാടിനു മേലാളായിരിക്കും. എന്റെ ജനംമുഴുവന്‍ നിന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കും. സിംഹാസനത്തില്‍മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും."

തന്റെ കൈയില്‍നിന്നു മുദ്രമോതിരം ഊരിയെടുത്ത്, അയാൾ ജോസഫിനെ അണിയിച്ചു. അവനെ പട്ടുവസ്ത്രങ്ങളും  സ്വര്‍ണ്ണമാലയും ധരിപ്പിച്ചു. ഫറവോ, ജോസഫിന് ¶സാഫ്നത്ത് ഫനായ എന്ന പുതിയപേരു നല്കി. 
ഈജിപ്തു രാജ്യത്തിനുമുഴുവന്‍ അധിപനായി അവനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ ഫറവോ തുല്യംചാർത്തി. 

ഫറവോ ജോസഫിനോടു പറഞ്ഞു: "ഞാന്‍ ഈജിപ്തിന്റെ ഫറവോയാണ്. ഇനി നിന്റെ സമ്മതംകൂടാതെ ഈജിപ്തുദേശത്തിലെങ്ങും ആരും കൈയോ കാലോ ഉയര്‍ത്തുകയില്ല."  

സാഫ്നത്ത് ഫനായയ്ക്കു സഞ്ചരിക്കാൻ ഫറവോയുടെ രണ്ടാംരഥം വിട്ടുകൊടുത്തു. ഓനിലെ പുരോഹിതനായിരുന്ന പൊത്തിഫെറായുടെ മകള്‍ അസ്‌നത്തുമായി ഫറവോ സാഫ്നത്ത് ഫനായിയുടെ വിവാഹവുംനടത്തി. 
       
ജോസഫ് ഈജിപ്തുമുഴുവന്‍ ചുറ്റിസഞ്ചരിച്ചു. ജോസഫിനെ ജയിലിലടച്ച അവന്റെ പഴയ യജമാനൻ, കാലാൾപ്പടയുടെ നായകനായ പോത്തിഫർ, തന്റെ പടയാളികൾക്കൊപ്പം ജോസഫിന്റെ രഥത്തിനു മുമ്പിലോടി. 

"മുട്ടുമടക്കുവിൻ, ഈജിപ്തിന്റെ സർവ്വാധിപൻ രഥത്തിലെഴുന്നള്ളുന്നു..." പോത്തിഫറും പടയാളികളും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു....

- - - - - - - - - - - - - - - - -

 ¶സാഫ്നത്ത് ഫനായ  - ഒരു ഈജിപ്ഷ്യന്‍ നാമം. ‘ദൈവം പറയുന്നു, അവന്‍ ജീവിക്കുന്നു’ എന്നാണ് ഈ പേരിനർത്ഥം.

No comments:

Post a Comment