Sunday 16 July 2017

20. സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും

ബൈബിള്‍ കഥകള്‍ - 20 


ഫറവോ, ജോസഫിന് ¶സാഫ്നത്ത് ഫനായ എന്ന പുതിയപേരു നല്കി. തനിക്കുകീഴില്‍ രണ്ടാമനായി, സകല അധികാരങ്ങളും നല്കി, അവനെ വാഴിച്ചു. ഈജിപ്തിലെ സകലജനങ്ങളും സാഫ്നത്ത് ഫനായയുടെമുമ്പില്‍ മുട്ടുമടക്കി. അവനെക്കാള്‍ ശക്തനായി, ഫറോവയൊഴികെ ഈജിപ്തില്‍ മറ്റൊരുവൻപോലുമില്ലായിരുന്നു. 

ഫറവോയ്ക്കു ദൈവംനല്കിയ സ്വപ്നദര്‍ശനംപോലെ ഈജിപ്തില്‍ സമൃദ്ധിയുടെ നാളുകളെത്തി. വയലുകള്‍ നൂറുമേനിയും അതിലധികവും വിളവുനല്കി. എല്ലാത്തരം വിളവുകളുടെയും പകുതിയിലേറെ എല്ലായിടത്തും മിച്ചമായിരുന്നു. സമ്പന്നതയുടെ നാളുകളില്‍ ജോസഫ് ഈജിപ്തിലെങ്ങും സംഭരണശാലകള്‍ നിർമ്മിച്ചു. അരിയും ഗോതമ്പും മറ്റെല്ലാത്തരം ധാന്യങ്ങളും ജോസഫ് സംഭരിച്ചു. ഈജിപ്തിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും വലിയവലിയ സംഭരണശാലകളിലെല്ലാം ധാന്യങ്ങള്‍ നിറഞ്ഞു. പത്തോ പതിനഞ്ചോവർഷം ഈജിപ്തുകാര്‍ ഭക്ഷിച്ചാലും തീരാത്തത്ര ധാന്യശേഖരം ജോസഫിന്റെ കലവറകളിലെത്തി.

ഈജിപ്തിലെ സമൃദ്ധിയുടെ നാളുകളില്‍ ജോസഫിന്റെയും അസ്നമിന്റെയും ദാമ്പത്യവല്ലരിയില്‍ രണ്ടുപുഷ്പങ്ങള്‍ വിടര്‍ന്നു . കടിഞ്ഞൂല്‍പ്പുത്രനു മനാസ്സെ എന്ന്‍ അവര്‍ പേരുവിളിച്ചു. മനാസ്സെയ്ക്കു മൂന്നുവയസ്സുള്ളപ്പോള്‍, അവരുടെ രണ്ടാമത്തെ പുത്രനായ എഫ്രായിം ജനിച്ചു.

സമൃദ്ധിയുടെ ഏഴുവർഷങ്ങള്‍ അതിവേഗം കടന്നുപോയി. ഉഷ്ണക്കാറ്റിന്റെ അകമ്പടിയോടെ ക്ഷാമത്തിന്റെ വർഷങ്ങള്‍ വരവായി. മഴയില്ലാതെയായി. രൂക്ഷമായ വരൾച്ചയിൽ കൃഷിയിടങ്ങളും വയലുകളും വിളവുനല്കാതെയായി.

ജനങ്ങൾ തങ്ങളുടെ വീടുകളിൽക്കരുതിവച്ചിരുന്ന ധാന്യശേഖരംതീർന്നപ്പോൾ, ജോസഫിന്റെ ധാന്യക്കലവറകള്‍ തുറന്നു. ന്യായമായ വിലയില്‍ ഈജിപ്തിലെ പൗരന്മാര്‍ അവിടെനിന്നു ധാന്യംവാങ്ങി. 


ഈജിപ്തില്‍മാത്രമല്ല, ചുറ്റുവട്ടത്തുള്ള എല്ലാദേശങ്ങളിലും ക്ഷാമം അതിരൂക്ഷമായി. കാനാന്‍ദേശത്തും വറുതിയുടെ നാളുകളായിരുന്നു. ഇസ്രായേലിന്റെ കുടുംബവും ദാരിദ്ര്യത്താല്‍ വലഞ്ഞു. ഈജിപ്തിലൊഴികെ എല്ലാദേശങ്ങളിലും പട്ടിണി കൊടിനാട്ടി. ഈജിപ്തില്‍ ധാന്യശേഖരമുണ്ടെന്നറിഞ്ഞപ്പോള്‍, തന്റെ പുത്രന്മാരെ ഇസ്രായേല്‍ ഈജിപ്തിലേക്കയച്ചു. റാഹേലിന്റെ ഇളയപുത്രനായ ബെഞ്ചമിനെമാത്രം ഇസ്രായേൽ തന്റെയൊപ്പം നിറുത്തി.

ഈജിപ്തിലെ പൗരന്മാര്‍ക്കു ധാന്യം വില്‍ക്കുവാന്‍മാത്രമേ സംഭരണശാലകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക്  അനുവാദമുണ്ടായിരുന്നുള്ളൂ. ധാന്യംവേണ്ട വിദേശികള്‍ ജോസഫിനെ നേരില്‍ക്കണ്ട് അപേക്ഷിക്കേണ്ടിയിരുന്നു. അതുകൊണ്ടു റൂബനും സഹോദരങ്ങളും ജോസഫിന്റെ കൊട്ടാരത്തിലെത്തി. സിംഹാസനത്തില്‍ ഉപവിഷ്ടനായ ജോസഫിനെ അവര്‍ താണുവണങ്ങി. 

ഒരു നിമിഷാര്‍ദ്ധത്തില്‍ ജോസഫ് തന്റെ സഹോദരന്മാരെ തിരിച്ചറിഞ്ഞു. ഇരുപതുവര്‍ഷങ്ങള്‍ക്കുമുമ്പ്, പതിനേഴാംവയസ്സില്‍, ഒരു രാത്രിയില്‍ താന്‍കണ്ട സ്വപ്നം അപ്പോള്‍ അവന്റെ ഓര്‍മ്മയിലെത്തി.

ജോസഫും സഹോദരങ്ങളും വയലില്‍ കൊയ്തുകൊണ്ടിരുന്നു. കൊയ്ത്തുകഴിഞ്ഞു കറ്റകള്‍ കെട്ടിവച്ചപ്പോള്‍ ജോസഫിന്റെ കറ്റകള്‍ എഴുന്നേറ്റുനിന്നു. പതിനൊന്നു സഹോദരന്മാരുടെയും കറ്റകള്‍ ജോസഫിന്റെ കറ്റയെ താണുവണങ്ങി. വീണ്ടുമൊരു സ്വപ്നത്തില്‍ സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും ജോസഫിന്റെ മുമ്പിലെത്തി അവനെ താണുവണങ്ങി.

തന്റെമുമ്പില്‍ സാഷ്ടാംഗംപ്രണമിക്കുന്ന സഹോദരന്മാരെ തിരിച്ചറിഞ്ഞെങ്കിലും ജോസഫ് അതു പ്രകടമാക്കിയില്ല. ഹീബ്രുഭാഷയില്‍ സംസാരിച്ചതുമില്ല. ഹീബ്രു അറിയുന്ന ഒരു ദ്വിഭാഷിയുടെ സഹായത്തോടെ ഈജിപ്ഷ്യൻ ഭാഷയിലാണു ജോസഫ് തന്റെ സഹോദരന്മാരോടു സംസാരിച്ചത്.

“വിദേശികളായ നിങ്ങള്‍ എന്തിനിവിടെ വന്നു? ഈജിപ്തിന്റെ സമൃദ്ധിയെക്കുറിച്ചു കേട്ടറിഞ്ഞ്, ഹെബ്രായരാജാവയച്ച ചാരന്മാരല്ലേ നിങ്ങള്‍? രാജ്യത്തെ ഒറ്റുനോക്കി, ആക്രമിക്കാനുള്ള പഴുതുകണ്ടെത്തുകയല്ലേ നിങ്ങളുടെ ലക്ഷ്യം?”

ജോസഫിന്റെ ചോദ്യംകേട്ടു ഭയത്തോടെ റൂബന്‍ പറഞ്ഞു: “അല്ല, പ്രഭോ. അങ്ങയുടെ ദാസന്മാര്‍മാത്രമാണു ഞങ്ങള്‍. ദാരിദ്ര്യത്താല്‍വലഞ്ഞപ്പോള്‍, ധാന്യംവാങ്ങാനായി ഈ ദേശത്തു വന്നവരാണ്.”  

“നിങ്ങളെ ഞാന്‍ വിശ്വസിക്കുന്നില്ല. എങ്കിലും ഒന്നു ഞാനുറപ്പുതരാം.  നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ നിങ്ങള്‍ക്കൊന്നും സംഭവിക്കുകയില്ല. മറിച്ച്, ഈജിപ്തിനെതിരേ ചാരവൃത്തിക്കു വന്നവരാണെങ്കില്‍, തലയരിഞ്ഞ നിങ്ങളുടെ ശരീരങ്ങള്‍ ഈജിപ്തിലെ കഴുകന്മാര്‍ ഭക്ഷിക്കും.”

“ഞങ്ങള്‍ സത്യസന്ധരാണു പ്രഭോ. ഞങ്ങള്‍ പത്തുപേരും ഒരേ ആളുടെ മക്കളാണ്. ഞങ്ങള്‍ പന്ത്രണ്ടുപുത്രന്മാരാണ്. പതിനൊന്നാമന്‍ ജീവിച്ചിരിപ്പില്ല. ഏറ്റവും ഇളയവന്‍ വൃദ്ധനായ പിതാവിനെ ശുശ്രൂഷിക്കാനായി ഭവനത്തില്‍ത്തന്നെയുണ്ട്‌.”

“നിങ്ങള്‍ പറയുന്നതു സത്യമാണെങ്കില്‍ ഒരാള്‍പോയി നിങ്ങളുടെ ഇളയസഹോദരനെ കൂട്ടിക്കൊണ്ടു വരിക. അതുവരെ മറ്റുള്ളവര്‍ ഇവിടെ നില്ക്കട്ടെ.”

റൂബന്‍ പറഞ്ഞു: “വൃദ്ധനായ പിതാവ് അവനെ ഗാഢമായി സ്നേഹിക്കുന്നു. ഞങ്ങളുടെ ഒരനുജന്‍ മരിച്ചതിനുശേഷം ഇളയവനെ തന്റെയടുത്തുനിന്നു മാറിനില്ക്കാന്‍ പിതാവ് അനുവദിക്കാറേയില്ല.”

“നിങ്ങളുടെ കഥകള്‍കേട്ടിരിക്കാന്‍ എനിക്കു സമയമില്ല. നിങ്ങളുടെ വിധി നിങ്ങളുടെ കൈകളില്‍ത്തന്നെയാണ്. എന്തുവേണമെന്നു നിങ്ങള്‍ തീരുമാനിക്കുക.”

തന്റെ കൊട്ടാരത്തിനോടുചേര്‍ന്നുള്ള വിശ്രമമന്ദിരത്തില്‍ അവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ ജോസഫ് ഉത്തരവിട്ടു. തടവുകാരാണെങ്കിലും അവര്‍ക്ക്  ഏറ്റവും മികച്ച സൗകര്യങ്ങളും പരിചരണവും നല്കണമെന്നും ഒന്നിനും കുറവുണ്ടാകരുതെന്നും അയാള്‍ തന്റെ ദാസന്മാര്‍ക്കു രഹസ്യമായി നിര്‍ദ്ദേശംനല്കി.

എല്ലാദിവസവും വൈകുന്നേരങ്ങളില്‍ ജോസഫ് സഹോദരന്മാരെ സന്ദര്‍ശിച്ചു. അപ്പോഴെല്ലാം ദ്വിഭാഷിയുടെ സഹായത്തോടെമാത്രം അവരുമായി സംസാരിച്ചു. മൂന്നാംദിവസം ജോസഫെത്തുമ്പോള്‍ ഹെബ്രായഭാഷയില്‍ അവര്‍ സംസാരിക്കുന്നത് അവന്‍ കേട്ടു. 

ശിമയോന്‍ പറഞ്ഞു: “ജോസഫിനോടു നമ്മള്‍ചെയ്ത പാപത്തിന്റെ ശിക്ഷയാണിത്. അവനന്നു ഹൃദയംപൊട്ടിക്കരഞ്ഞിട്ടും നമ്മളവനോടു ദയകാട്ടിയില്ല.”

“കുട്ടിയെ ഒന്നുംചെയ്യരുതെന്ന്, ഞാനന്നു പറഞ്ഞതാണ്. മൂത്തവനായ എന്റെ വാക്കുകള്‍ നിങ്ങള്‍ വിലവച്ചില്ല. അവന്റെ രക്തം ഇപ്പോള്‍ നമ്മളോടു പ്രതികാരംചെയ്യുന്നു.” റൂബന്‍ കരഞ്ഞുപോയി.

അപ്പോള്‍ ജോസഫ് അവരുടെ മുന്നിലേക്കു ചെന്നു. 

ജോസഫിന്റെ ഹൃദയം അവരോടുള്ള സ്നേഹത്താല്‍ തുടിച്ചു. ബഞ്ചമിനെയും ആബയേയും കാണാന്‍ അവന്‍ അതിയായി ആഗ്രഹിച്ചു. എങ്കിലും അവന്‍ അവര്‍ക്കുമുമ്പില്‍ സ്വയംവെളിപ്പെടുത്തിയില്ല.

തങ്ങള്‍ പറഞ്ഞത്, സഫ്നാത്ത് ഫനായ കേട്ടുവെന്നു റൂബനും സഹോദരന്മാരുമറിഞ്ഞു. എന്നാല്‍ അവനു ഹീബ്രു മനസ്സിലാകില്ലെന്ന്  അവര്‍ കരുതി.

ശിമയോനെ ബന്ധിക്കാന്‍ ജോസഫ് ഭൃത്യന്മാരോടാജ്ഞാപിച്ചു. എന്താണു സംഭവിക്കാന്‍പോകുന്നതെന്നറിയാതെ എല്ലാവരും വല്ലാതെ ഭയന്നു. 

ജോസഫ് റൂബനോടു പറഞ്ഞു: “നിങ്ങള്‍ കൊണ്ടുവന്ന പൊന്‍നാണയങ്ങളുടെ തൂക്കത്തിനനുസരിച്ചുള്ള ധാന്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു നല്കാം. നിങ്ങള്‍ ചാരന്മാരല്ലെങ്കില്‍ അതുമായി മടങ്ങിപ്പോയി നിങ്ങളുടെ ഇളയസഹോദരനുമായി തിരികേവരുക. അതുവരെ നിങ്ങളുടെ ഈ സഹോദരന്‍ ഈജിപ്തിന്റെ തടവറയില്‍ക്കഴിയും.”

ശിമയോനെ അവരുടെ അടുക്കല്‍നിന്നു മാറ്റി, ബന്ധനമഴിച്ച്, എല്ലാ സൗകര്യങ്ങളുമുള്ള മറ്റൊരു ഗൃഹത്തില്‍ താമസിപ്പിക്കാന്‍ ജോസഫ് രഹസ്യനിര്‍ദ്ദേശംനല്കി.

അവര്‍ കൊണ്ടുവന്ന പണത്തിനുള്ള ധാന്യം ചാക്കുകളില്‍ നിറയ്ക്കാനും അവര്‍തരുന്ന പണംമുഴുവന്‍ കിഴികളിലാക്കി, ഓരോരുത്തരുടെയും ചാക്കിനുള്ളില്‍, ഏറ്റവുംമുകളിലായി തിരികെവയ്ക്കാനും ജോസഫ് ജോലിക്കാരോടു നിര്‍ദ്ദേശിച്ചു.  

ഗത്യന്തരമില്ലാതെ, ശിമയോനെ ഈജിപ്തില്‍വിട്ട്, ധാന്യം കഴുതപ്പുറത്തുകയറ്റി, പിറ്റേന്നുപുലര്‍ച്ചെ, അവര്‍ കാനാന്‍ദേശത്തേക്കു മടങ്ങി. ഒരു പകലിന്റെ യാത്രയ്ക്കുശേഷം രാത്രിയില്‍ത്താമസിക്കാന്‍ അവര്‍ ഒരു സത്രത്തിലെത്തി.  
കഴുതകളെ സത്രത്തിലെ തൊഴുത്തില്‍ കെട്ടിയശേഷം ധാന്യച്ചാക്കുകള്‍ പരിശോധിച്ചപ്പോള്‍ പണംമുഴുവന്‍ ചാക്കുകളിലുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു. അവര്‍ ഭയത്തോടെ പരസ്പരം നോക്കി.

“കര്‍ത്താവെന്താണു നമ്മളോടിങ്ങനെ ചെയ്യുന്നത്? ഇനിയെന്താവും സംഭവിക്കുക? നമുക്കു മടങ്ങിപ്പോയി പണം തിരികെയേല്പിച്ചാലോ?”

“ഇപ്പോള്‍ത്തന്നെ നമ്മള്‍ ഒരുപാടു വൈകിയിരിക്കുന്നു. മടങ്ങിപ്പോയാല്‍ നമ്മളിനിയും രണ്ടുദിവസംകൂടെ വൈകും. നമ്മളെക്കാണാതായാല്‍ ആബാ വിഷമിക്കും. അതുകൊണ്ട്, എന്തുംവരട്ടെ; നമുക്കു നാട്ടിലേക്കുള്ള യാത്രതുടരാം. ബെഞ്ചമിനുമായി തിരികെവരുമ്പോള്‍ പണം സാഫ്നത്ത് ഫനായയ്ക്കു മടക്കിനല്കാം.” റൂബന്റെ നിര്‍ദ്ദേശം മറ്റുള്ളവര്‍ അംഗീകരിച്ചു. 

എങ്കിലും ആ രാത്രിയില്‍ അവരിലൊരാൾക്കുപോലും ഉറങ്ങുവാന്‍ കഴിഞ്ഞില്ല.
_________________________________________________________________

¶ സാഫ്നത്ത് ഫനായ് – ഒരു ഈജിപ്ഷ്യന്‍ നാമം. ‘ദൈവം പറയുന്നു, അവന്‍ ജീവിക്കുന്നു’ എന്നാണ് ഈ പേരിനർത്ഥം.

No comments:

Post a Comment