Sunday 30 July 2017

22. കിനാവുപോലെ ജീവിതം...

(ബൈബിൾക്കഥകൾ 22)

സാഫ്നത്ത് ഫനായയുടെ വെള്ളിക്കപ്പ്, ബെഞ്ചമിന്റെ ചാക്കില്‍നിന്നുകിട്ടിയതുകണ്ട സഹോദരന്മാര്‍ പതിനൊന്നുപേരും ഭയന്നുവിറച്ചുപോയി. പതിനൊന്നുപേരും തങ്ങളുടെ വസ്ത്രംകീറി.

"കര്‍ത്താവായ യാഹ് വെയെ സാക്ഷിയാക്കി ഞാന്‍പറയുന്നു, സത്യമായും ഇതൊന്നും ഞാനെടുത്തതല്ല." ബെഞ്ചമിന്‍ കരഞ്ഞുകൊണ്ടു പറഞ്ഞു.

"എന്നോടു വിശദീകരിക്കുന്നതില്‍ കാര്യമില്ല, നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്റെ യജമാനനോടു പറയൂ. വിചാരണനടത്തുന്നതും ശിക്ഷാവിധി നിശ്ചയിക്കുന്നതും അദ്ദേഹംതന്നെ!" കാര്യസ്ഥന്‍ പതിനൊന്നുപേരേയും അവരുടെ സാധനങ്ങള്‍ക്കൊപ്പം സാഫ്നത്ത് ഫനായയുടെ കൊട്ടാരത്തിലേക്കു തിരികെക്കൊണ്ടുപോയി.

കൊട്ടാരത്തിലെ ദര്‍ബാര്‍മുറിയില്‍ ജോസഫ് അവരെ കാത്തുനിന്നിരുന്നു. അവനെക്കണ്ടതും സഹോദരന്മാര്‍ പതിനൊന്നുപേരും അവന്റെ കാല്‍ക്കല്‍ കമിഴ്ന്നുവീണു. പടയാളികള്‍ എല്ലാവരെയും പിടിച്ചെഴുന്നേല്പിച്ചു.

"എന്നെപ്പോലൊരുവന് അധികം തലപുകയ്ക്കാതെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍പറ്റുമെന്നു നിങ്ങള്‍ ചിന്തിച്ചില്ലേ?" ജോസഫ് ചോദിച്ചു.

യൂദാ പറഞ്ഞു. "ഞങ്ങളുടെ നിരപരാധിത്തം എങ്ങനെ തെളിയിക്കുമെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. തെളിവുകള്‍ ഞങ്ങള്‍ക്കെതിരാണുതാനും! ദൈവഹിതം ഞങ്ങള്‍ക്കെതിരായതിനാല്‍ ഞങ്ങളെല്ലാവരും ഇന്നുമുതല്‍ അങ്ങയുടെ അടിമകളാണ്."

"ഞാന്‍ ഈജിപ്തിനുമുഴുവന്‍ അധികാരിയാണ്; എനിക്കുമുകളില്‍ ഫറവോയും ദൈവവുംമാത്രമേയുള്ളൂ. അങ്ങനെയുള്ള ഞാന്‍ അനീതി പ്രവര്‍ത്തിക്കുകയില്ല; വെള്ളിക്കപ്പ് ആരുടെ ചാക്കില്‍നിന്നു ലഭിച്ചോ അവന്‍മാത്രം എനിക്കടിമയായിരിക്കുക. ബാക്കിയുള്ളവര്‍ക്കു ധാന്യവുമായി മടങ്ങിപ്പോകാം."

യൂദാ, ജോസഫിനു സമീപത്തുചെന്നു കൈകള്‍ നെഞ്ചോടുചേര്‍ത്തു തലകുനിഞ്ഞുനിന്നുകൊണ്ടു പറഞ്ഞു: "മഹാനായ സാഫ്നത്ത് ഫനായ, ഈജിപ്തില്‍ അങ്ങേയ്ക്കുതുല്യനായി ഫറവോയല്ലാതെ വേറെയാരുമില്ലെന്ന് ഏഴയായ ഞാനറിയുന്നു. അങ്ങയുടെ കല്പനകള്‍ ഫറവോപോലും ചോദ്യംചെയ്യില്ലെന്നും ലോകര്‍ക്കെല്ലാമറിയാം. എങ്കിലും എനിക്കു പറയാനുള്ളതു കേള്‍ക്കാനുള്ള ദയവുണ്ടാകണം."

"കുറ്റാരോപിതര്‍ക്കു സ്വന്തംഭാഗം വിശദമാക്കാനുള്ള അവസരം ഈജിപ്തിലെ ഭരണാധികാരികള്‍ നല്‍കാറുണ്ട്. അതുകൊണ്ടു പറയാനുള്ളതെന്താണെങ്കിലും പറഞ്ഞുകൊള്ളൂ."

ഈജിപ്തിലേക്ക് ആദ്യംവന്നപ്പോള്‍മുതല്‍ രണ്ടാംതവണ ബഞ്ചമിനുമായി പോന്നതുവരെയുള്ള കാര്യങ്ങള്‍ യൂദാ, ജോസഫിനോടു വിശദീകരിച്ചു.

"ഞങ്ങളുടെ ഈ ഇളയസഹോദരന് എന്തെങ്കിലും സംഭവിച്ചാല്‍ വൃദ്ധനായ പിതാവു പിന്നെ ജീവനോടെയുണ്ടാകില്ല. ഞാന്‍ പൂര്‍ണ്ണ ഉത്തരവാദിത്തമെടുത്തുകൊണ്ടാണ് അവനെ ഇങ്ങോട്ടു കൊണ്ടുവന്നത്. അതുകൊണ്ട് എന്നെ അടിമയാക്കിയിട്ട് എന്റെ അനുജനെ മടക്കിയയക്കാന്‍ ദയവുണ്ടാകണം."

സഹോദരങ്ങളുടെ ദൈന്യഭാവവും യൂദായുടെ വാക്കുകളും ജോസഫിനെ വല്ലാതെയുലച്ചു. അവനു വികാരവിക്ഷോഭമടക്കാന്‍കഴിഞ്ഞില്ല. തന്റെ സഹോദരന്മാരൊഴികെ മറ്റെല്ലാവരും മുറിയില്‍നിന്നു പുറത്തുപോകാന്‍ ജോസഫ് ആജ്ഞാപിച്ചു.

സഹോദരന്മാര്‍ മാത്രമായപ്പോള്‍ അവന്‍ യൂദായെ തന്റെ നെഞ്ചോടുചേര്‍ത്തുപിടിച്ചു കരഞ്ഞു. എന്താണു സംഭവിക്കുന്നതെന്നറിയാതെ മറ്റുള്ളവര്‍ പരസ്പരം നോക്കി.

അത്രനേരവും ഈജിപ്ഷ്യൻഭാഷയിൽമാത്രം സംസാരിച്ചിരുന്ന ജോസഫ്, ദ്വിഭാഷിയെക്കൂടാതെ ഹെബ്രായഭാഷയിൽ അവരോടു സംസാരിച്ചുതുടങ്ങി.

"നിങ്ങള്‍ക്കിനിയുമെന്നെ മനസ്സിലായില്ലേ? എന്റെയടുത്തു വരൂ; എന്റെ കണ്ണുകളിലേക്കു നോക്കൂ... ഈജിപ്തില്‍ കച്ചവടംനടത്താനെത്തിയ വണിക്കുകള്‍ക്കു നിങ്ങള്‍വിറ്റ നിങ്ങളുടെ സഹോദരനാണു ഞാന്‍ .."

"ജോസഫ്..."

 "സാഫ്നത്ത് ഫനായ...."

"അതേ, ഈജിപ്തില്‍ സാഫ്നത്ഫനായ എന്നറിയപ്പെടുന്ന ഇസ്രായേല്‍പ്പുത്രനായ ജോസഫ് .... നിങ്ങളെ പരീക്ഷിക്കാനായി, നിങ്ങളുടെ ചാക്കുകളില്‍ പണവും പാനപാത്രവും വച്ചത് എന്റെ ആജ്ഞാനുസരണമാണ്... ഇത്തരത്തില്‍ നിങ്ങളെ വിഷമിപ്പിച്ചതിനു നിങ്ങള്‍ എന്നോടു പൊറുക്കുക..."

സഹോദരങ്ങള്‍ വിസ്മയത്തോടെ ജോസഫിനെ നോക്കി. റൂബന്‍ കരങ്ങള്‍ മുകളിലേക്കുയര്‍ത്തി ദൈവത്തെ പുകഴ്ത്തി. ആര്‍ക്കും കരച്ചിലടക്കാന്‍ കഴിഞ്ഞില്ല...

"അന്നു നിങ്ങള്‍ അങ്ങനെചെയ്തതിനെക്കുറിച്ചോര്‍ത്തു ദുഃഖിക്കേണ്ട. നമ്മുടെ പിതാവായ ഇസ്രായേലിനു ഭൂമിയില്‍ സന്തതികളെ നിലനിര്‍ത്താനും വിസ്മയകരമായരീതിയില്‍ നമുക്കു രക്ഷനല്‍കാനുമായി നമ്മുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്, നിങ്ങള്‍ക്കുമുമ്പേ എന്നെ ഇവിടെയ്ക്കയച്ചതാണ്! നിങ്ങളല്ല, കര്‍ത്താവായ യാഹോവയാണ് എന്നെ ഇങ്ങോട്ടയച്ചത്... ദൈവമെന്നെ ഫറവോയ്ക്കു പിതൃതുല്യനാക്കിയിരിക്കുന്നു. ഞാന്‍ പറയുന്നതിനപ്പുറം അവനു മറ്റൊരു വാക്കില്ല.ദൈവമെന്നെ ഈജിപ്തുമുഴുവന്റെയും അധിപനാക്കിയിരിക്കുന്നു. നിങ്ങള്‍ വേഗംപോയി നമ്മുടെ പിതാവിനെ ഇങ്ങോട്ടു കൊണ്ടുവരണം. ക്ഷാമംതീരാന്‍ ഇനിയും അഞ്ചുവര്‍ഷങ്ങള്‍ ബാക്കിയുണ്ട്. ഈജിപ്തില്‍ നിങ്ങള്‍ക്കൊന്നിനും കുറവുണ്ടാകുകയില്ല. "

പന്ത്രണ്ടുപേരും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു. ബെഞ്ചമിന്‍ ജോസഫിന്റെ തോളില്‍ തലചായ്ച്ചു.

ജോസഫിന്റെ സഹോദരന്മാര്‍ വന്നുവെന്ന വാര്‍ത്തകേട്ടപ്പോള്‍ ഫറവോ അത്യധികം സന്തോഷിച്ചു. അവരുടെ ബഹുമാനത്തിനായി ഫറവോയുടെ കൊട്ടാരത്തില്‍ ഗംഭീരമായ വിരുന്നൊരുങ്ങി. കൊട്ടാരനര്‍ത്തകരും ഗായകരും വിരുന്നിനു മാറ്റുകൂട്ടി.

ഫറവോ ജോസഫിനോടു പറഞ്ഞു:

"ഈജിപ്തിലെ ഏറ്റവും നല്ലതെല്ലാം, സാഫ്നത്ത് ഫനായ, നിനക്കവകാശപ്പെട്ടതാണ്. നിന്റെ പിതാവിനെയും നിന്റെ സഹോദരന്മാരുടെ കുടുംബങ്ങളെയും കൂട്ടിക്കൊണ്ടുവരാന്‍ രഥങ്ങളയയ്കൂ. നിറയെ കാഴ്ചവസ്തുക്കളുമായി ഈജിപ്തിലെ രഥങ്ങള്‍ കാനാന്‍ദേശത്തേക്കു പുറപ്പെടട്ടെ!"

ഈജിപ്തിലെ മികച്ചവസ്തുക്കള്‍ ഇസ്രായേലിനുള്ള സമ്മാനങ്ങളായി ഫറവോ കൊടുത്തയച്ചു. ജോസഫിന്റെ സഹോദരന്മാര്‍ ആര്‍ഭാടപൂര്‍വ്വം സ്വദേശത്തേക്കു യാത്രയായി.

വരേണ്ടസമയം കഴിഞ്ഞിട്ടും മക്കള്‍ തിരിച്ചെത്താത്തതിനാല്‍ ഇസ്രായേല്‍ അസ്വസ്ഥനായിരുന്നു. അയാള്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. ബെഞ്ചമിനെക്കുറിച്ചോര്‍ത്തപ്പോള്‍ അയാളുടെ ഉള്ളുപിടഞ്ഞു, കൂടുതല്‍ തീക്ഷ്ണതയോടെ കര്‍ത്താവിനുമുമ്പില്‍ തന്റെ ഹൃദയംചൊരിഞ്ഞു.

പിറ്റേന്നുപുലര്‍ച്ചേ, കുതിരക്കുളമ്പടികളുടെ ശബ്ദംകേട്ടാണ് ഇസ്രായേല്‍ ഉറക്കമുണര്‍ന്നത്. കൂടാരത്തിനു വെളിയിലിറങ്ങിനോക്കി. പൊടിയുയര്‍ത്തി പാഞ്ഞുവരുന്ന രഥങ്ങള്‍കണ്ട് അയാള്‍ ഭയന്നു.

ആദ്യമെത്തിയ രഥത്തില്‍നിന്നു റൂബന്‍ ചാടിയിറങ്ങി, പിതാവിനടുത്തേക്ക് ഓടിയെത്തി...

"ആബാ, കര്‍ത്താവായ യാഹോവയ്ക്കു മഹത്വമുണ്ടാകട്ടെ! ജോസഫ് ജീവിച്ചിരിക്കുന്നു... ഈജിപ്തിന്റെ അധികാരിയായ സാഫ്നത്ത് ഫനായ നമ്മുടെ ജോസഫാണ്..."

ഒരു നിമിഷം ഇസ്രായേല്‍ സ്തബ്ധനായി...

ഞാനൊരു കിനാവുകാണുകയാണോ? അതോ ഒരു സ്വര്‍ഗ്ഗീയദര്‍ശനമോ? അയാള്‍ അസ്വസ്ഥനായി... ദേഹത്തു നുള്ളിനോക്കി. താനുണര്‍ന്നിരിക്കുന്നു. കാണുന്നതും കേള്‍ക്കുന്നതുമെല്ലാം യാഥാര്‍ത്ഥ്യംതന്നെ!

എങ്കിലും അവനു വിശ്വസിക്കാനായില്ല.

"നോക്കൂ അങ്ങയെയും നമ്മുടെ കുടുംബംമുഴുവനെയും ഈജിപ്തിലേക്കു കൊണ്ടുചെല്ലാന്‍ ജോസഫ് അയച്ചുതന്ന രഥങ്ങളും കുതിരകളും. സമ്പന്നമായ ഈജിപ്തിന്റെ മുഴുവന്‍ അധികാരി നമ്മുടെ ജോസഫാണ്. നമ്മള്‍ നാടോടികളായ ഇടയന്മാര്‍ ... എന്നിട്ടും ഇത്രവലിയ സന്നാഹങ്ങള്‍ നമുക്കായി ഒരുക്കാന്‍  ദൈവം ഞങ്ങളുടെ സഹോദരനെ ഈജിപ്തിന്റെ മുഴുവന്‍ ഉടയവനാക്കി..."

കാണുകയും കേള്‍ക്കുകയുംചെയ്യുന്നതെല്ലാം സത്യമാണെന്നു വിശ്വസിക്കാന്‍ യാക്കോബിനു പിന്നെയുമേറെ സമയം വേണ്ടിവന്നു.

ഒടുവില്‍ അയാള്‍ പറഞ്ഞു: "എന്റെ മകന്‍ ജീവിച്ചിരിപ്പുണ്ട്... ഞാന്‍പോയി അവനെക്കാണും. കര്‍ത്താവായ യാഹോവയ്ക്കു സ്തുതി!"

അന്നുരാത്രി ഒരു ദര്‍ശനത്തില്‍ ദൈവം ഇസ്രായേലിനെ വിളിച്ചു: 

"ഇസ്രായേൽ... ഇസ്രായേൽ..."

"ഇതാ ഞാന്‍" അയാള്‍ പ്രത്യുത്തരംനല്കി. 

"നിന്റെ ദൈവമായ കര്‍ത്താവാണു ഞാന്‍. ഈജിപ്തിലേക്കു പോകാന്‍ നീ ഭയപ്പെടേണ്ട. ഞാന്‍ നിന്നോടുകൂടെ വരും. അവിടെ, നിന്നെ വലിയൊരു ജനതയായി ഞാൻ വളര്‍ത്തും. നിന്നെ തിരികെ ഇവിടേയ്ക്കു കൊണ്ടുവരികയുംചെയ്യും. നിന്റെ മരണസമയത്ത്, ജോസഫ് നിന്നെ ശുശ്രൂഷിക്കും"

ആ രാത്രിയിൽ ഇസ്രായേല്‍ ശാന്തനായുറങ്ങി.

No comments:

Post a Comment