Sunday 27 May 2018

63. ഒത്ത്നിയേല്‍


ബൈബിള്‍ക്കഥകള്‍ - 63

നാടോടികളായി വര്‍ഷങ്ങളോളമലഞ്ഞ ഇസ്രായേല്‍ജനതയുടെ കൂടാരവാസമവസാനിച്ചു. 
കാനാന്‍ദേശത്ത്, അവര്‍ക്കു പുരയിടവും കൃഷിഭൂമിയും സ്ഥിരഭവനങ്ങളുമൊരുങ്ങി. യുദ്ധങ്ങളുടെയും പിരിമുറുക്കങ്ങളുടെയും ദിനങ്ങള്‍ സമാധാനപൂര്‍ണ്ണമായ പുലരികള്‍ക്കു വഴിമാറി. 

എല്പിക്കപ്പെട്ട നിയോഗം വിജയകരമായി നിറവേറ്റി, നൂറ്റിപ്പത്താം വയസ്സില്‍, ജോഷ്വാ നിത്യനിദ്രയില്‍ നിമഗ്നനായി. ഗാഷ് പര്‍വ്വതത്തിനു വടക്ക്, എഫ്രായിംദേശത്തെ തിമ്നാത്ത് ഹെറസ് എന്ന മലനാട്ടില്‍, ഇസ്രായേല്‍ജനം ജോഷ്വായുടെ അന്ത്യവിശ്രമസ്ഥലമൊരുക്കി. .
ഒരു കാര്യമൊഴികേ, എല്ലാക്കാര്യങ്ങളും ജോഷ്വാ നന്നായിച്ചെയ്തു. എന്നാൽ, തനിക്കുശേഷം ഇസ്രായേലിനെ നയിക്കാന്‍ ഒരു നേതാവിനെ അഭിഷേകംചെയ്യാതെയാണു ജോഷ്വാ വിടവാങ്ങിയത്.

ഇസ്രായേലുമായി ഉടമ്പടിയുണ്ടാക്കിയ ഗിദയോന്‍കാരൊഴികെ, മറ്റെല്ലാജനതകളെയും പൂര്‍ണ്ണമായി ഇല്ലായ്മചെയ്യാന്‍ ജോഷ്വായുടെ സൈനികര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഫിലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാര്‍, കാനാന്യരില്‍ ചിലര്‍, ഹിവ്യരിലെ ചെറിയ ഗണം, സിദോന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ജബൂസ്യര്‍ തുടങ്ങിയ ജനവിഭാഗങ്ങളില്‍ കുറേപ്പേരുമുൾപ്പെട്ട തദ്ദേശവാസികളായ ചിലരെ, ജോഷ്വായുടെ വാള്‍മുനയില്‍നിന്നു കര്‍ത്താവു സംരക്ഷിച്ചുനിറുത്തി. ഇസ്രായേലിന്റെ പിന്‍തലമുറക്കാര്‍ കര്‍ത്താവിന്റെ വഴികളിലൂടെ ചരിക്കുമോ എന്നു പരീക്ഷിച്ചറിയാന്‍വേണ്ടിയായിരുന്നൂ അത്.

ജോഷ്വായിലൂടെ ഇസ്രായേലിനു കര്‍ത്താവുചെയ്ത വന്‍കാര്യങ്ങള്‍ നേരിട്ടുകാണുകയും അനുഭവിച്ചറിയുകയുംചെയ്ത തലമുറ, ജോഷ്വായുടെ മരണശേഷവും പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിനെയാരാധിച്ചു. മോശയുടെ നിയമത്തില്‍ അനുശാസിക്കുന്നതുപോലെ, കര്‍ത്താവിനു ബലികളര്‍പ്പിച്ചു.

വര്‍ഷങ്ങള്‍കഴിഞ്ഞപ്പോള്‍ കാനാന്‍ദേശത്തിനുചുറ്റും വസിച്ചിരുന്ന മറ്റു ജനവിഭാഗങ്ങളുമായി ഇസ്രായേല്‍ക്കാർ  ഇടകലര്‍ന്നുജീവിച്ചുതുടങ്ങി. അവരുടെ പുത്രിമാര്‍ ഇസ്രായേല്‍ഭവനങ്ങളില്‍ വധുക്കളായെത്തി. ഇസ്രായേലിലെ പെണ്‍കുട്ടികളെ ചുറ്റും ജീവിച്ചിരുന്ന മറ്റുജനതകളില്‍പ്പെട്ടവര്‍ക്കു വിവാഹംചെയ്തുനല്കുകയും ചെയ്തു. 

കാലാന്തരത്തില്‍ കര്‍ത്താവിനെയോ, അവിടുന്ന് ഇസ്രായേലിനുചെയ്ത, അദ്ഭുതകരമായ കാര്യങ്ങളെക്കുറിച്ചോ അറിയാത്ത പുതിയ തലമുറകള്‍ വളര്‍ന്നുവന്നു. ചുറ്റുമുള്ള ജനതകളുടെ സംസ്കാരങ്ങളുമായി ഇസ്രായേല്‍ ഇഴുകിച്ചേര്‍ന്നു.
മോശയിലൂടെ കര്‍ത്താവുനല്കിയ പത്തുകല്പനകളില്‍ ഒന്നാമത്തേതുതന്നെ ലംഘിച്ചുകൊണ്ട്, ഇസ്രായേല്‍ കര്‍ത്താവിനുമുമ്പില്‍ തിന്മചെയ്തു. ഈജിപ്തിലെ അടിമത്തത്തില്‍നിന്നു തങ്ങളുടെ പിതാക്കന്മാരെ മോചിപ്പിച്ചുകൊണ്ടുവന്ന കര്‍ത്താവിനെ ആരാധിക്കുന്നവര്‍ ഇസ്രായേലില്‍ വിരളമായി.

തങ്ങളുടെ ചുറ്റുമുള്ള ജനതകളുടെ ആചാരാനുഷ്ഠാനങ്ങള്‍ ഇസ്രായേല്‍ജനത അനുകരിച്ചു. ബാല്‍ദേവനേയും അസ്താര്‍ത്തെ ദേവതയേയും അവർ തങ്ങളുടെ ദൈവങ്ങളായി ആരാധിച്ചുതുടങ്ങി. അഷേരാപ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ഇസ്രായേല്‍ജനം ബലികളര്‍പ്പിച്ചു. അപൂര്‍വ്വം ചിലര്‍മാത്രം അക്കാലത്തും മോശയുടെ നിയമമനുസരിച്ചു ജീവിക്കുകയും കര്‍ത്താവിനെമാത്രമാരാധിക്കുകയുംചെയ്തുപോന്നു.

കര്‍ത്താവുമായി, പൂര്‍വ്വപിതാക്കന്മാര്‍ചെയ്ത ഉടമ്പടിലംഘിച്ച്, മറ്റുദേവന്മാരെ സേവിച്ചും നമസ്കരിച്ചും അവരുടെ പിന്നാലെപോയ ഇസ്രായേലിനുനേരേ കര്‍ത്താവിന്റെ കോപം ജ്വലിച്ചു.

മെസപ്പൊട്ടോമിയാ ഭരിച്ചിരുന്ന കുഷാന്‍ റിഷാത്തായിം രാജാവിനെ കര്‍ത്താവു പ്രബലനാക്കിവളർത്തി. കുഷാന്‍ റിഷാത്തായിമിന്റെ പടയോട്ടത്തില്‍ ചുറ്റുവട്ടത്തുള്ള രാജ്യങ്ങളെല്ലാം മെസപ്പൊട്ടോമിയായുടെ അധീനതയിലായി. ഫലസമൃദ്ധമായ കാനാന്‍ദേശത്തെക്കുറിച്ചു കേട്ടറിഞ്ഞപ്പോള്‍ അവന്‍ തന്റെ സൈനികരെ അവിടേയ്ക്കുമയച്ചു. നയിക്കാനൊരു നേതാവോ, ഭരിക്കാനൊരു രാജാവോ ഇല്ലാതിരുന്ന ഇസ്രായേല്‍, ചെറുത്തുനില്പുകൂടാതെ കീഴടങ്ങി. 

കുടുംബങ്ങളുടെമേല്‍ വലിയ നികുതികള്‍ ചുമത്തിയും നികുതി നല്കാത്തവരെ കഠിനശിക്ഷകള്‍ക്കു വിധിച്ചും മെസപ്പൊട്ടോമിയാ ഇസ്രായേലിനെ ചൂഷണംചെയ്തു. ഇസ്രായേലിന്റെ അദ്ധ്വാനഫലം മെസപ്പൊട്ടോമിയായുടെ ഖജനാവിലേക്കൊഴുകി. കുഷാന്‍ റിഷാത്തായിംരാജാവിനുകീഴില്‍ ജീവിതം ദുസ്സഹമായപ്പോള്‍ ഇസ്രായേല്‍ജനം വീണ്ടും കര്‍ത്താവിന്റെ കരുണയ്ക്കായി പ്രാര്‍ത്ഥിച്ചുതുടങ്ങി.

ഇസ്രായേല്‍ജനം കരഞ്ഞുപ്രാര്‍ത്ഥിച്ചപ്പോള്‍ കര്‍ത്താവിന് അവരുടെമേല്‍ അലിവുതോന്നി. ഇസ്രായേല്‍, മെസപ്പൊട്ടോമിയായുടെ അടിമത്തത്തിലായതിന്റെ എട്ടാം വര്‍ഷത്തില്‍, കാലെബിന്റെ ഏറ്റവുമിളയസഹോദരനായിരുന്ന കെനാസിന്റെ പുത്രന്‍ ഒത്ത്നിയേലിനെ ഒരു ദര്‍ശനത്തില്‍ കര്‍ത്താവു വിളിച്ചു.

അവൻ പ്രത്യുത്തരം നല്കി:
"കർത്താവേ, ഇതാ ഞാൻ നിൻ്റെ വാക്കുകൾക്കായി കാതോർക്കുന്നു..."

“ഒത്ത്നിയേല്‍, അടിമത്തത്തിന്റെ നുകത്തില്‍നിന്ന് ഇസ്രായേലിനെ മോചിപ്പിക്കാന്‍ തയ്യാറെടുക്കുക. ഭയപ്പെടണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും.”
ജനംമുഴുവന്‍ ബാല്‍ദേവന്മാരെയും അസ്താര്‍ത്തെ ദേവതകളേയും അഷേരാദേവിയേയും പൂജിക്കുകയുമാരാധിക്കുകയുംചെയ്തുകൊണ്ടിരുന്നപ്പോള്‍ അവരോടൊപ്പംകൂടാതെ കര്‍ത്താവിനെമാത്രമാരാധിച്ച അപൂര്‍വ്വം കുടുംബങ്ങള്‍ ഇസ്രായേലിലന്നുണ്ടായിരുന്നു. അത്തരം കുടുംബങ്ങളിലെ ചെറുപ്പക്കാരെ ഒത്ത്നിയേല്‍ രഹസ്യമായി വിളിച്ചുകൂട്ടി.

“നിങ്ങളോരോരുത്തരും നിങ്ങളുടെ ചുറ്റുവട്ടത്തുള്ള കുടുംബങ്ങള്‍ സന്ദര്‍ശിക്കണം. ഇതുവരെ അവരാരാധിച്ച ബാല്‍ദേവന്മാരും അസ്താര്‍ത്തെ ദേവതകളും അഷേരാദേവിയും ഇസ്രായേലിനെ വീണ്ടും അടിമത്തത്തിലേക്കു നയിച്ചതെങ്ങനെയെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം. ഇസ്രായേലിനെ രക്ഷിക്കാന്‍ കഴിവില്ലാത്ത അന്യദേവന്മാരെയുപേക്ഷിച്ച്, പൂര്‍ണ്ണമനസ്സോടെയും പൂര്‍ണ്ണഹൃദയത്തോടെയും പൂര്‍ണ്ണാത്മാവോടുംകൂടെ ഇസ്രായേലിന്റെ ദൈവമായ, കര്‍ത്താവിലേക്കു തിരിയാന്‍ മുഴുവന്‍ജനങ്ങളും തയ്യാറായാല്‍ മേസെപ്പൊട്ടോമിയാതീര്‍ത്ത അടിമത്തത്തിന്റെ നുകംതകര്‍ക്കാന്‍, കര്‍ത്താവു നമ്മളെ സഹായിക്കുമെന്ന് ജനങ്ങള്‍ക്കു തിരിച്ചറിവു നല്കണം.”

അന്നവിടെക്കൂടിയ ചെറുപ്പക്കാര്‍ ഇസ്രായേലിലെങ്ങും ഒത്ത്നിയേലിന്റെ നിര്‍ദ്ദേശങ്ങള്‍ രഹസ്യത്തിൽ പ്രാവര്‍ത്തികമാക്കി. ഇസ്രായേലിലെ മുഴുവന്‍ജനങ്ങളും അന്യദേവന്മാരെ വെടിഞ്ഞ്‌, കര്‍ത്താവിലേക്കു മനസ്സുതിരിച്ചു.

യുദ്ധംചെയ്യാന്‍ ആരോഗ്യമുള്ള ഇസ്രായേലിലെ മുഴുവന്‍ചെറുപ്പക്കാരെയും ഒത്ത്നിയേല്‍ സംഘടിപ്പിച്ചു. ഇസ്രായേലിന്റെ വിവിധഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന, മെസപ്പൊട്ടോമിയായുടെ സൈനികത്താവളങ്ങളെല്ലാം ഒരേസമയമാക്രമിക്കുവാന്‍ അവന്‍ പദ്ധതി തയ്യാറാക്കി. 
ഇസ്രായേല്‍പ്പോരാളികളെ പല ഗണങ്ങളായി തിരിച്ചു. ഓരോ സൈനികത്താവളവും ആക്രമിക്കാന്‍ നാലുഗണങ്ങളെന്ന ക്രമത്തില്‍ മെസെപ്പോട്ടോമിയന്‍ സൈനികത്താവാളങ്ങളുടെ നാലിരട്ടി ഇസ്രായേല്‍ പോരാളിക്കൂട്ടങ്ങള്‍ തയ്യാറായി. എന്താണു ചെയ്യേണ്ടതെന്ന വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഒത്ത്നിയേല്‍ എല്ലാവര്‍ക്കും നല്കി.

യുദ്ധത്തിനുപോകുന്ന ചെറുപ്പക്കാര്‍ക്കുവേണ്ടി, ഇസ്രായേല്‍കുടുംബങ്ങളെല്ലാം കര്‍ത്താവിന്റെമുമ്പില്‍ ഉപവാസത്തോടെ പ്രാര്‍ത്ഥിച്ചു.

യുദ്ധത്തിനായി മുന്‍കൂട്ടി തീരുമാനിച്ച ദിവസം, സന്ധ്യമയങ്ങിയപ്പോള്‍ ഇസ്രായേല്‍പ്പോരാളികളുടെ ഓരോ ഗണവും തങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ട സൈനികത്താവളങ്ങള്‍ക്കു ചുറ്റും സുരക്ഷിതരായൊളിച്ചു. 
രാത്രിയുടെ മൂന്നാംയാമത്തിന്റെ തുടക്കത്തില്‍, സൈനികത്താവളങ്ങളിലെല്ലാവരും ഗാഢനിദ്രയിലാണ്ടപ്പോള്‍, ഇസ്രായേല്‍ക്കാരുടെ ഒളിയിടങ്ങളില്‍ തീപ്പന്തങ്ങള്‍ ജ്വലിച്ചു. എന്താണുസംഭവിക്കുന്നതെന്നു കാവല്‍ക്കാര്‍ക്കു മനസ്സിലാക്കാനാകുന്നതിനുമുമ്പേ, നാലുവശത്തുനിന്നും ഇസ്രായേല്‍പ്പോരാളികള്‍ ഇരച്ചുകയറി. 

ഒരാള്‍പോലുമവശേഷിക്കാതെ, ഇസ്രായേലിലുണ്ടായിരുന്ന മെസെപ്പോട്ടോമിയന്‍സൈനികര്‍ എല്ലാവരും വധിക്കപ്പെട്ടു. ഇസ്രായേലിലെങ്ങും വിജയകാഹളദ്ധ്വനികളുയര്‍ന്നു.

പിറ്റേന്നു നേരംപുലര്‍ന്നപ്പോള്‍ ഇസ്രായേല്‍ജനങ്ങള്‍ ഒന്നുചേര്‍ന്നു കര്‍ത്താവിന്റെ ബലിപീഠത്തില്‍ ദഹനബലികളര്‍പ്പിച്ചു. മോശയുടെ നിയമപുസ്തകച്ചുരുള്‍ നിവര്‍ത്തി, ജനങ്ങളെല്ലാം കേള്‍ക്കുന്നത്ര ഉച്ചത്തില്‍ നിയമത്തിലെ ഓരോ വരിയും ഒത്ത്നിയേല്‍ ഉറക്കെ വായിച്ചു. ജനക്കൂട്ടം കര്‍ത്താവിനു സ്തുതികളാലപിച്ചു.

കുറെ ദിവസങ്ങള്‍ക്കുശേഷംമാത്രമാണ് ഇസ്രായേലില്‍ നടന്നെതെന്തെന്നു കുഷാന്‍ റിഷാത്തായിം രാജാവു മനസ്സിലാക്കിയത്. ഒരു സൈനികവ്യൂഹത്തോടൊപ്പം കലാപകാരികളെ അടിച്ചമര്‍ത്താനായി കുഷാന്‍ റിഷാത്തായിം പുറപ്പെട്ടു. അവന്റെ വരവു പ്രതീക്ഷിച്ചിരുന്ന ഒത്ത്നിയേല്‍ ഇസ്രായേല്‍പ്പോരാളികളോടൊപ്പം അവനെക്കാത്തിരിക്കുകയായിരുന്നു. 
താഴ്വരയിലൂടെ കടന്നെത്തിയ മെസപ്പൊട്ടോമിയന്‍സേനയെ ഒത്ത്നിയേലും കൂട്ടരും കുന്നിന്‍മുകളില്‍നിന്നാക്രമിച്ചു. വലിയ പോരാട്ടത്തില്‍ കുഷാന്‍ റിഷാത്തായിമിന്റെ ഭടന്മാരില്‍ ഭൂരിപക്ഷവും വധിക്കപ്പെട്ടു. രാജാവിനെയും മറ്റു ഭടന്മാരെയും ഒത്ത്നിയേല്‍ ജീവനോടെ പിടികൂടി.

കുഷാന്‍ റിഷാത്തായിമിനെ ബന്ധിച്ച്, അവന്റെതന്നെ ഭടന്മാരുടെ മുമ്പില്‍ നിറുത്തി, ഒത്ത്നിയേല്‍ പറഞ്ഞു: 

“നിങ്ങളുടെ രാജാവൊഴികെ മറ്റുള്ളവര്‍ക്കെല്ലാം നിങ്ങളുടെ സ്വദേശത്തെക്കു തിരിച്ചുപോകാം. എന്നിട്ടു നിങ്ങള്‍ക്കു പുതിയ രാജാവിനെ തിരഞ്ഞെടുക്കാം. അവനോടു പറയണം, ഇസ്രായേലിനെതിരെ ചിന്തിക്കുകപോലും ചെയ്യരുതെന്ന്. ഇസ്രായേലിനെതിരെ തിരിഞ്ഞാല്‍ അവനും ഇതുതന്നെയാകും വിധിയെന്ന് അവനെപ്പറഞ്ഞുമനസ്സിലാക്കുകയും വേണം.” 

ഒത്ത്നിയേലിന്റെ വാക്കുകള്‍ അവസാനിക്കുംമുമ്പേ അവന്റെ വാള്‍ കുഷാന്‍ റിഷാത്തായിമിന്റെ ശിരസ്സറുത്തു.
ഇസ്രായേൽജനം ഒത്ത്നിയേലിനെ തങ്ങളുടെ ന്യായപാലകനായി അംഗീകരിച്ചു.
അന്നുമുതൽ, തന്റെ മരണംവരെയുള്ള നാല്പതുവര്‍ഷക്കാലം ഒത്ത്നിയേല്‍ ഇസ്രായേലില്‍ ന്യായപാലനം നടത്തി. അക്കാലമെല്ലാം ഇസ്രായേലിലെങ്ങും സമാധാനം നിലനിന്നു.
ഒത്ത്നിയേല്‍ ജീവിച്ചിരിക്കുമ്പോള്‍ ഇസ്രായേലിലൊരാള്‍പോലും അന്യദേവന്മാരെ ആരാധിച്ചില്ല. 


എന്നാല്‍ അവന്റെ മരണത്തോടെ ഇസ്രയേല്‍ വീണ്ടുമനാഥമായി. തങ്ങളുടെ അവിശ്വസ്തതയുടെ വഴികളിലേക്ക്, അവർ തിരികെപ്പോയിത്തുടങ്ങി.

No comments:

Post a Comment